- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- പ്രസ്ഥാനങ്ങള്‍ പിറക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 47)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
കാശ്മീരില്‍ കാബായിലികളുടെ വേഷത്തില്‍ പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയപ്പോള്‍ ഭാരതീയ സൈന്യത്തോടൊപ്പം സംഘസ്വയംസേവകര്‍ തോളോടുതോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി. അങ്ങനെ സേനയുടെ വിശ്വാസത്തിനും പാത്രീഭൂതരായി. നിര്‍ഭാഗ്യകരമായ ദേശവിഭജനത്തിനുമുമ്പ് ആ പ്രദേശത്തുള്ള ബന്ധുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമല്ല പാകിസ്ഥാന്റെ രാക്ഷസീയ ആക്രമണങ്ങളുടെ പിടിയില്‍നിന്നും ലക്ഷാവധി സഹോദരീസഹോദരന്മാരെ സുരക്ഷിതമായി ഭാരതത്തില്‍ എത്തിക്കാനും അവര്‍ക്ക് ഡഹിയില്‍ എല്ലാവിധ സഹായം ചെയ്യാനും സംഘസ്വയംസേവകര്‍ സജ്ജരായി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പച്ചക്കൊടി ഉയര്‍ത്തി പാകിസ്ഥാന്റെ അതിര്‍ത്തി ഡല്‍ഹിവരെ വ്യാപിപ്പിക്കാനുള്ള ലീഗിന്റെ ഗൂഢാലോചന സ്വന്തം ജീവന്‍ പണയപ്പെടുത്തിയും കണ്ടുപിടിച്ച് സര്‍ക്കാരിന് കൃത്യമായി വിവരംകൊടുത്ത് ദേശത്തെ മഹാവിപത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ സ്വയംസേവകര്‍ക്ക് സാധിച്ചു. മുസ്ലീംലീഗുകാരാല്‍ ഗാന്ധിജിയുടെ ജീവന് അപകടാവസ്ഥയുണ്ടായ സന്ദര്‍ഭത്തില്‍ ധീരതയോടെ അതിനെ പരാജയപ്പെടുത്തുന്ന കര്‍ത്തവ്യവും സ്വയംസേവകര്‍ നിര്‍വഹിച്ചു.
സംഘചരിത്രത്തിലെ ഓരോ ഘട്ടത്തിലും ഇത്തരം സംഭവങ്ങളുടെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. കൂടാതെ സമാജ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവേശിച്ച സംഘസ്വയംസേവകര്‍ തങ്ങളുടെ കര്‍തൃത്വശക്തിയുടെ മികവുകൊണ്ട് അവിടങ്ങളില്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ച് സംഘടനകള്‍ ആരംഭിക്കുകയും അതത് മേഖലകളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഈ നിരോധനകാലഘട്ടത്തിലാണ്. സ്വയംസേവകര്‍ സമാജ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ചെന്ന് നമ്മുടെ പരമമായ ലക്ഷ്യത്തിലേയ്ക്ക് മുന്നേറാന്‍ നേതൃത്വം കൊടുക്കേണ്ട സമയമായെന്ന് സംഘത്തിന് മനസ്സിലായി. അതുകൊണ്ട് സംഘത്തിന്റെ നിയോഗമനുസരിച്ച് കാര്യകര്‍ത്താക്കള്‍ വിഭിന്ന മേഖലകളില്‍ ചെന്ന് ജനകീയ സംഘടനകള്‍ സ്ഥാപിച്ച് അവിടത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്തി. സമാജത്തെ സംഘടിതവും ശക്തിയുക്തവും ആക്കുന്നതോടൊപ്പം ഭാരതത്തെ അതിന്റെ പൂര്‍വ്വിക മഹിമയിലേയ്ക്കുയര്‍ത്തുവാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.
വിദ്യാര്‍ത്ഥിപരിഷത്ത്
അഖിലഭാരതീയ വിദ്യാര്‍ത്ഥിപരിഷത്തിന്റെ പ്രവര്‍ത്തനം നിരോധന കാലഘട്ടത്തില്‍തന്നെ ആരംഭിച്ചു. സത്യഗ്രഹം നിറുത്തിവെയ്ക്കപ്പെട്ട സമയമായിരുന്നു അത്. ജയിലിലായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തുവന്നു തുടങ്ങി. തരുണശക്തി നിഷ്‌ക്രിയമായി, വ്യര്‍ത്ഥമായി പോകാതിരിക്കണമെന്ന് കരുതി അവരെ ഗ്രാമങ്ങളിലേയ്ക്ക് അയയ്ക്കാമെന്ന ചിന്തയുയര്‍ന്നു. സംഘത്തിന്റെ തുറന്നപ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കപ്പെട്ടതിനാല്‍ ദേശീയചിന്തയുടെ ഒഴുക്ക് നിന്നുപോയ അവസ്ഥയിലായിരുന്നു. അതിനാല്‍ നാട്ടിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ ബാഹ്യ ആകര്‍ഷണത്തിനുവിധേയരായി കമ്യൂണിസത്തിലേയ്ക്ക് അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. ദേശത്തിലെ യുവസമൂഹത്തെ ആത്മഹത്യാപരമായ വഴിയില്‍നിന്ന് സംരക്ഷിക്കേണ്ടതാവശ്യമായിരുന്നു. സംഘപ്രവര്‍ത്തനം നിര്‍ബാധം നടന്നിരുന്ന സന്ദര്‍ഭത്തില്‍ ഈ യുവാക്കന്മാര്‍ അതിവേഗത്തില്‍ സംഘത്തിന്റെ ദേശഭക്തിപ്രേരിതമായ ചിന്താധാരയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ മാര്‍ഗ്ഗം അടഞ്ഞുപോയതിനാല്‍ അവര്‍ മറ്റൊരു പോംവഴിയും കാണാതെ കമ്യൂണിസത്തിന്റെ മോഹനമുദ്രാവാക്യങ്ങളുടെ കെണിയില്‍ കുടുങ്ങുന്ന അവസ്ഥയിലായിരുന്നു. ശ്രീഗുരുജി ജയിലില്‍നിന്ന് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളില്‍ ഈ ആപത്തിലേയ്ക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സ്വാര്‍ത്ഥതാത്പര്യത്തിനുപരിയായി ചിന്തിക്കാന്‍ അവര്‍ തയ്യാറായില്ല എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.
തത്ഫലമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ സ്റ്റുഡന്‍സ് ഫെഡറേഷന്റെ സജീവസാന്നിദ്ധ്യം എങ്ങും പ്രകടമായി. ഈ അപകടകരമായ സ്ഥിതിയെ തടയാനും നിരോധനംമൂലം വ്യര്‍ത്ഥമായിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ വിദ്യാര്‍ത്ഥിശക്തിയെ യോഗ്യമായ ദിശയില്‍ ഉപയോഗപ്പെടുത്താനും ഉദ്ദേശിച്ച് വിദ്യാര്‍ത്ഥിപരിഷത്ത് ആരംഭിച്ചു. വിശേഷിച്ച് ഏകനാഥ റാനഡെയുടെ പ്രേരണയായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.
വിദ്യാവിഹീനരായ ഗ്രാമീണജനതയെ സാക്ഷരരാക്കാനുള്ള കര്‍മ്മപരിപാടിയുമായി വിദ്യാര്‍ത്ഥി പരിഷത്തിന്റെ പേരില്‍ കാര്യകര്‍ത്താക്കള്‍ ചെറുസംഘങ്ങളായി ഗ്രാമങ്ങളിലേയ്ക്ക് പോകാനാരംഭിച്ചു. ഇതിനായി ഒരു പുസ്തകവും തയ്യാറാക്കി. നാനാജി ദേശ്മുഖ് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. പ്രയാഗാ ജില്ലയില്‍ അനേകം ഗ്രാമങ്ങളിലേയ്ക്ക് യുവാക്കന്മാരുടെ ചെറുസംഘങ്ങളെ അദ്ദേഹം അയച്ചു.
കാണ്‍പൂരിലെ ചരിത്രം രോമാഞ്ചജനകമാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന ശിവനാരായണ ഠണ്ഡന്‍ കാണ്‍പൂര്‍ നിവാസിയായിരുന്നു. സന്ദര്‍ഭവശാല്‍ ഡോ.രാജേന്ദ്രപ്രസാദ് അന്നവിടെ താമസിക്കാനായെത്തിയിരുന്നു. ഡോക്ടര്‍ രാജേന്ദ്രപ്ര സാദ് ആ സന്ദര്‍ഭത്തില്‍ ഭരണഘടനാ നിര്‍മ്മാണസമിതിയില്‍ അംഗമായിരുന്നു. പിന്നീടാണ് ഭാരത രാഷ്ട്രപതിയായിത്തീര്‍ന്നത്. സംഘത്തിന്റെ പ്രചാരകനായ അനന്തറാവു ഗോഖ്‌ലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പേരില്‍ ഗ്രാമങ്ങളില്‍ സാക്ഷരതാ സംരംഭം ആരംഭിക്കുന്നു എന്ന ഒരു പ്രസ്താവന തയ്യാറാക്കി. അതില്‍ ഗ്രാമങ്ങളില്‍ സാക്ഷരത പ്രചരിപ്പിക്കാനായി യുവാക്കന്മാരെ തയ്യാറാക്കുന്നുവെന്നും മറ്റും വിശദമായി വിവരിച്ചിരുന്നു. കാണ്‍പൂരിലെ അന്നത്തെ വിദ്യാര്‍ത്ഥിപ്രമുഖ് ആയിരുന്ന ഗയാപ്രസാദ് ത്രിവേദി, ഡോ.രജനീകാന്ത് ലഹരി എന്നിവരുടെ നേതൃത്വത്തില്‍ ഒരു ചെറിയ പ്രതിനിധിസംഘത്തെ ഡോ.രാജേന്ദ്രപ്രസാദ്ജിയെ കാണാനായി ഗോഖ്‌ലെജി അയച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ സഹായസഹകരണങ്ങളോടെ ഡോ.രാജേന്ദ്രബാബുവില്‍നിന്ന് ശുഭാശംസയും അനുമോദനസന്ദേശവും എഴുതിവാങ്ങിച്ചു. തുടര്‍ന്ന് സ്വാഭാവികമായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ശിവനാരായണ്‍ ഠണ്ഡന്റെയും അന്നത്തെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും സന്ദേശം നേടാന്‍ സാധിച്ചു. ഈ സന്ദേശത്തോടൊപ്പം ആയിരക്കണക്കിന് പുസ്തകങ്ങളും തയ്യാറാക്കി.
ഈ സന്ദേശവുമായി കാര്യകര്‍ത്താക്കന്മാര്‍ ഗ്രാമങ്ങളില്‍ പോയപ്പോള്‍ ഭാരതസര്‍ക്കാറിന്റെ ഉന്നത കേന്ദ്രാധികാരികളുടെ അനുഗ്രഹ സന്ദേശം കണ്ട് എല്ലാവരും സകലവിധ സഹകരണങ്ങളും നല്‍കാന്‍ സന്നദ്ധരായി. പല സ്ഥലങ്ങളിലും താലൂക്കിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരും ഗ്രാമപ്രമുഖന്മാരുമെല്ലാം സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സ്വയംസേവകരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി. അവര്‍ക്ക് ഭക്ഷണവും താമസവ്യവസ്ഥയും സാക്ഷരതാക്ലാസും പ്രവര്‍ത്തനവും നടത്താന്‍ ആവശ്യമായ കെട്ടിടവുമെല്ലാം അവര്‍ തന്നെ സൗകര്യപ്പെടുത്തിക്കൊടുത്തു.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആരംഭത്തിന്റെയും, പ്രവര്‍ത്തനത്തിന്റെയും ആദ്യത്തെ കാല്‍വെയ്പ്പ് അതായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അനുശാസനാബദ്ധവും സംഘടിതവും പ്രഭാവശാലിയുമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി ഇന്ന് അത് മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥിമേഖലയില്‍ രാഷ്‌ട്രോന്മുഖമായ ചിന്തവളര്‍ത്തുന്ന ഏകപ്രസ്ഥാനം വിദ്യാര്‍ത്ഥിപരിഷത്താണെന്ന് ഇന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
വിദ്യാഭാരതി
ഇതേ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സരസ്വതി ശിശുമന്ദിര്‍ എന്നപേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചുതുടങ്ങി. ഇന്ന് അത് വിദ്യാഭാരതി എന്നപേരില്‍ വിദ്യാഭ്യാസമേഖലയില്‍ ഭാരതീയവിദ്യാഭ്യാസം നല്‍കുന്ന പ്രസ്ഥാനമായി ജനങ്ങളുടെ പ്രതീക്ഷാകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.
രാജനൈതികരംഗം
രാജനൈതികരംഗത്തേക്കും പ്രവേശിച്ച് ആ മേഖലയിലെ പ്രവര്‍ത്തനം ദേശീയതയ്ക്കനുകൂലമായി തിരിക്കേണ്ടതാണെന്ന ചിന്ത പല സ്വയംസേവകരിലും നിരോധനകാലത്തു തന്നെയുണ്ടായിരുന്നു. സംഘത്തിന്റെ നിരോധനം നിയമവിരുദ്ധമാണ്. അന്യായപൂര്‍ണ്ണമാണ്, ദേശീയതാത്പര്യത്തിന് വിരുദ്ധമാണ് എന്നെല്ലാം അഭിപ്രായമുള്ള പ്രമുഖരായ ധാരാളം ആളുകള്‍ അന്നുണ്ടായിരുന്നു. വ്യക്തിപരമായി സംസാരിക്കുമ്പോള്‍ ഈ കാര്യങ്ങളെല്ലാം സമ്മതിച്ച് മനസ്സുകൊണ്ട് ഞാന്‍ നിങ്ങളുടെകൂടെത്തന്നെയാണെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോകസഭയിലും നിയമസഭകളിലുമെല്ലാം സംഘ ത്തിനെതിരായ അസത്യപൂര്‍ണ്ണവും അന്യായവുമായ നടപടികള്‍ക്കെതിരെ ഒരു ചെറുശബ്ദമെങ്കിലുമുയര്‍ത്താനുള്ള ധൈര്യം ഒരാള്‍ക്കുമുണ്ടായിരുന്നില്ല. കൗരവസഭയിലെ ഭീഷ്മര്‍, ദ്രോണര്‍, കൃപാചാര്യര്‍ എന്നിവരുടേതുപോലുള്ള മനഃസ്ഥിതിതന്നെയായിരുന്നു അവരുടേത്. ജനാധിപത്യത്തില്‍ ജനകീയനേതാക്കന്മാര്‍ ഭയം കാരണമായോ സ്വാര്‍ത്ഥതാത്പര്യം കൊണ്ടോ സത്യം തുറന്നുപറയാന്‍ തയ്യാറാകാത്ത അവസ്ഥയില്‍ സ്വാഭാവികമായും അത് ഏകാധിപത്യത്തിലേയ്ക്ക് വഴിതുറക്കുന്നു. അത് ജനാധിപത്യത്തിന് ഏറ്റവും ഹാനികരമായ സ്ഥിതി സംജാതമാക്കുന്നു. രാജനൈതികരംഗവും മഹത്വമാര്‍ന്ന ഒരു മേഖലയാണ്. ആ രംഗത്തും യഥാര്‍ത്ഥ ദിശ നല്‍കേണ്ട ത് അനിവാര്യമായ കാര്യമാണ്. നിരോധനകാലത്തുണ്ടായ അനുഭവങ്ങള്‍ ഈ ധാരണയ്ക്ക് ശക്തി കൂട്ടുകയും ഹിന്ദുജീവിതമൂല്യങ്ങളുടെ അടിസ്ഥാനങ്ങളില്‍ ഒരു രാജനൈതികസംഘടനയുണ്ടാകേണ്ടതാണെന്ന ചിന്തയും ഉയര്‍ന്നുവന്നു. പല സ്വയംസേവകര്‍ക്കും രാജ നൈതികരംഗത്ത് താത്പര്യം വളര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തിനു കീഴില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെപ്പോലെയുള്ള കാര്യകര്‍ത്താക്കളുടെ സഹായസഹകരണങ്ങളോടെ ‘അഖില ഭാരതീയ ജനസംഘം’ സ്ഥാപിതമായി.
(തുടരും)
Comments