- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- വിപ്ലവകാരികളുടെ രാജകുമാരന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 12)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ധിംഗ്രയുടെ പ്രസ്താവന പത്രത്തില്‍ വരാതിരിക്കാന്‍ പോലീസ് ആവതെല്ലാം ചെയ്തു. പക്ഷെ അദ്ദേഹം തൂക്കിലേറ്റപ്പെട്ട ദിവസം ലണ്ടന്‍ പത്രങ്ങളിലെല്ലാം ധിംഗ്രയുടെ പ്രസ്താവന കണ്ട് ജനങ്ങള്‍ അമ്പരന്നു. അതിന്റെ പിന്നിലും വിപ്ലവകാരികളുടെ സമര്‍ത്ഥമായ ആസൂത്രണം ഉണ്ടായിരുന്നു. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയവേ വസ്ത്രങ്ങള്‍ കൈമാറുമ്പോള്‍ പ്രസ്താവനയുടെ പകര്‍പ്പും ധിംഗ്ര പുറത്തേക്കയക്കുകയും വിപ്ലവകാരികള്‍ അതീവ രഹസ്യമായി അത് പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ പത്രങ്ങള്‍ക്കും അത് ലഭിച്ചു.
ബാബാ സാവര്‍ക്കര്‍ക്ക് മനുഷ്യത്വരഹിതമായ ശിക്ഷ നല്‍കിയതാണല്ലോ അങ്ങകലെ ലണ്ടനില്‍ മദന്‍ലാല്‍ ധിംഗ്ര കഴ്‌സന്‍വാലിയെ വധിച്ചതിന് ഇടയാക്കിയത്. അതേസമയം ഭാരതത്തിലെ വിപ്ലവകാരികളും വെറുതെ ഇരുന്നില്ല. ബാബാ സാവര്‍ക്കറോട് ക്രൂരതകാണിച്ച ജാക്‌സനെ പാഠം പഠിപ്പിക്കാന്‍ അവരും തീരുമാനിച്ചു. ഔറംഗാബാദിലെ കലാവിദ്യാലയത്തില്‍ പഠിച്ചിരുന്ന അനന്തലക്ഷ്മണ്‍ കാന്‍ഹരേ എന്ന കലാകാരനാണ് ഈ ദൗത്യം ഏറ്റെടുത്തത്. കൃഷ്ണജി കേശവ കാര്‍വേ, വിനായക് ദേശ്പാണ്ഡെ എന്നിവര്‍ സഹായിക്കാനും തയ്യാറായി.
ജാക്‌സണ്‍ അപ്പോള്‍ നാസിക് കലക്ടറായിരുന്നു. അവിടെ നിന്നു സ്ഥലം മാറി പോകുന്നതു പ്രമാണിച്ച് 1909 ഡിസംബര്‍ 21-ന് വിനായക തിയേറ്ററില്‍ ഒരു യാത്രയയപ്പു പരിപാടി ഏര്‍പ്പെടുത്തിയിരുന്നു. ആയുധധാരികളായി കാന്‍ഹരേയും കൂട്ടരും നേരത്തെ തന്നെ ഹാളില്‍ സ്ഥലം പിടിച്ചു. രാത്രി 9.30 ഓടെ ജാക്‌സണ്‍ തിയേറ്ററിലെത്തി. വൈകിയതിന് ക്ഷമ ചോദിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരുന്നു. പെട്ടെന്നുതന്നെ കാന്‍ഹാരെ ചാടിയെണിറ്റ് ജാക്‌സനെ വെടിവെച്ചു. അയാള്‍ ഉതിര്‍ത്ത ഏഴ് വെടിയുണ്ടകളും ജാക്‌സന്റെ ദേഹത്തു തുളച്ചുകയറി. അയാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. കൃത്യം നിര്‍വഹിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ നോക്കിയെങ്കിലും അതിനു മുമ്പ് കാന്‍ഹാരേ അറസ്റ്റ് ചെയ്യപ്പെട്ടു.
കാന്‍ഹാരേ തന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു. ”ഞാന്‍ എന്റെ ജോലി ചെയ്തു. നിങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഗണേശ് സാവര്‍ക്കര്‍ക്ക് നിസ്സാരമായ കുറ്റമാരോപിച്ച് നാടുകടത്തല്‍ വിധിക്കപ്പെട്ടപ്പോള്‍, ഒരു ഇന്ത്യന്‍ വണ്ടിക്കാരനെ കൊന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വില്യംസിനെ വെറുതെ വിട്ടു. അതിനാണ് ഞാന്‍ ജാക്‌സനെ കൊന്നത്. എനിക്കു രക്ഷപ്പെടാന്‍ താല്പര്യമില്ല.” കാന്‍ഹാരേയും ശ്രമം പരാജയപ്പെട്ടാല്‍ വെടിവെക്കാനായി വിനായകും അയാളും പരാജയപ്പെട്ടാല്‍ വെടിവെക്കാനായി കാര്‍വെയും തോക്കുമായി ഒരുങ്ങിയിരുന്നു.
18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കാന്‍ഹാരേയെ ബോംബെ കോടതിയില്‍ വിചാരണ ചെയ്യുകയും താനെ ജയിലില്‍ 1910 ഏപ്രില്‍ 19ന് തൂക്കിലേറ്റുകയും ചെയ്തു. ഒപ്പം കാര്‍വെയെയും വിനായകിനെയും തൂക്കിലേറ്റി. 37 വിപ്ലവകാരികളെ തെരഞ്ഞുപിടിച്ച് കേസില്‍ കുടുക്കാനും സര്‍ക്കാരിനു സാധിച്ചു.
വിപ്ലവകാരികള്‍ക്ക് തികച്ചും പ്രതികൂലമായ അന്തരീക്ഷമാണ് ഈ സമയത്ത് ലണ്ടനില്‍ രൂപപ്പെട്ടുവന്നത്. അതിനാല്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി സാവര്‍ക്കര്‍ പാരീസിലേക്കുപോയി. ഭാരതത്തിലും ഇംഗ്ലണ്ടിലുമുള്ള വിപ്ലവകാരികള്‍ തൂക്കിലേറ്റപ്പെട്ടതും ജ്യേഷ്ഠനടക്കം നിരവധിപേര്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ടതും സാവര്‍ക്കറുടെ മനസ്സിനെ അസ്വസ്ഥമാക്കി. മാഡം കാമയുടെയും ലാലാ ഹര്‍ദയാലിന്റെയും വിലക്കിനെ ലംഘിച്ചുകൊണ്ട് അദ്ദേഹം ലണ്ടനിലേക്കു തിരിച്ചുപോയി.
ലണ്ടനിലെത്തിയ സാവര്‍ക്കറെ ബ്രിട്ടീഷ് പോലീസുകാര്‍ അറസ്റ്റു ചെയ്ത് തടവിലാക്കി. നാസിക് ഗൂഢാലോചന കേസില്‍ അദ്ദേഹത്തെ പ്രതിയാക്കി ഭാരതത്തിലേക്കു കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നടന്ന ഒരു കുറ്റത്തിന് ഇംഗ്ലണ്ടില്‍ നിന്ന് ഒരാളെ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്ന ക്രമപ്രശ്‌നം ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കനത്ത പോലീസ് സന്നാഹത്തോടെ സാവര്‍ക്കറെ കപ്പലില്‍ ഭാരതത്തിലേക്കു കൊണ്ടുവന്നു.
വിപ്ലവകാരികളുടെ നീക്കങ്ങളെ ഭയപ്പെട്ടിരുന്ന സര്‍ക്കാര്‍ കപ്പല്‍ ഇന്ധനം നിറയ്ക്കാനല്ലാതെ ഒരിടത്തും നിര്‍ത്തരുതെന്ന് കല്പന പുറപ്പെടുവിച്ചിരുന്നു. സാവര്‍ക്കറെ പോലീസുകാര്‍ എപ്പോഴും നിരീക്ഷിച്ചു. കുളിമുറിയിലും കക്കൂസിലുമൊക്കെ കണ്ണാടികള്‍ സ്ഥാപിച്ചിരുന്നു. കപ്പല്‍ പാരീസിനടുത്തുള്ള മെഴ്‌സെയില്‍ തുറമുഖത്തിനടുത്തെത്തി. അവിടെവെച്ചാണ് വിപ്ലവ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ രോമാഞ്ചജനകമായ സംഭവം നടന്നത്. കക്കൂസിലെ കണ്ണാടി ഉടുപ്പ് കൊണ്ട് മറച്ചശേഷം അതിലെ ദ്വാരത്തിലൂടെ സാവര്‍ക്കര്‍ കടലിലേക്ക് എടുത്തുചാടി. കരയെ ലക്ഷ്യമാക്കി ഏതാണ്ട് അരമൈല്‍ അദ്ദേഹം നീന്തി.
കക്കൂസില്‍ പോയ സാവര്‍ക്കര്‍ തിരിച്ചു വരാഞ്ഞപ്പോള്‍ കാവല്‍ക്കാര്‍ വാതില്‍ തള്ളിത്തുറന്നു. അദ്ദേഹത്തെ കാണാഞ്ഞ് ആകെ ബഹളമായി. കടലില്‍ സാവര്‍ക്കര്‍ നീന്തുന്നതു കണ്ട പോലീസുകാര്‍ വെടിവെച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം ഉണ്ടയേല്‍ക്കാത്ത അകലത്തിലെത്തിയിരുന്നു. കരയിലെത്തിയ ശേഷം ഓടിയെങ്കിലും ബ്രിട്ടീഷുദ്യോഗസ്ഥന്മാര്‍ പിന്തുടര്‍ന്ന് വീണ്ടും തടവിലാക്കി.
മുന്നില്‍ കണ്ട ഒരു ഫ്രഞ്ചു പോലീസുകാരനോട് തന്നെ അറസ്റ്റു ചെയ്ത് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കാന്‍ സാവര്‍ക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അപ്പോഴേക്കും നാല്പതോളം ബ്രിട്ടീഷുദ്യോഗസ്ഥര്‍ അവിടെയെത്തി സകല അന്തരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് അദ്ദേഹത്തെ വലിച്ചിഴച്ച് കപ്പലിലേക്കു കൊണ്ടുപോയി. കപ്പലില്‍ വെച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ സാവര്‍ക്കര്‍ അവരോട് ഇങ്ങനെ പറഞ്ഞു. ”എന്റെ ജീവനെ പണയം വെച്ചവനാണ് ഞാന്‍. ഒരു പുല്ലു വില പോലും അതിനു കൊടുക്കുന്നുമില്ല. പക്ഷെ നിങ്ങളുടെ സ്ഥിതി അതല്ല. നിങ്ങള്‍ക്ക് വീടും പ്രിയപ്പെട്ടവരുമുണ്ടെന്ന കാര്യം മറക്കണ്ട. ഇനി എന്നെ മര്‍ദ്ദിക്കാന്‍ വന്നാല്‍ അതിനു മുമ്പ് ഒന്നോ രണ്ടോ പേരെ വകവരുത്താന്‍ ഞാന്‍ വിചാരിച്ചാല്‍ കഴിയും”.
സാവര്‍ക്കറുടെ ഗര്‍ജ്ജനം കേട്ട ബ്രിട്ടീഷ് പോലീസുകാര്‍ ഭയന്നു പിന്മാറി. അദ്ദേഹം സാഹസികമായി കടലില്‍ ചാടി ഫ്രഞ്ച് തീരത്തുവന്നതും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തതും ഒരു അന്താരാഷ്ട്ര പ്രശ്‌നമായിത്തീര്‍ന്നു. ഫ്രഞ്ച് അസംബ്ലി സാവര്‍ക്കറെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്.
ബോംബെയില്‍ കൊണ്ടുവന്ന സാവര്‍ക്കറെ പൂനെയിലെ യെര്‍വാദാ ജയിലിലടച്ചു. സ്‌പെഷ്യല്‍ ട്രൈബ്യൂണലില്‍ വിചാരണ ആരംഭിച്ചു. രണ്ടു കുറ്റങ്ങളാണ് സാവര്‍ക്കറുടെ മേല്‍ ചുമത്തിയത്. നാസിക് കലക്ടര്‍ ജാക്‌സണിന്റെ വധത്തിനു പിന്നിലെ ഗൂഢാലോചനയായിരുന്നു ഒന്നാമത്തെ കുറ്റം. ഇന്ത്യന്‍ പീനല്‍ കോഡിലെ 121-അ വകുപ്പുപ്രകാരം രാജാവിനെതിരെ യുദ്ധം ചെയ്തു എന്നതായിരുന്നു രണ്ടാമത്തെ കുറ്റം. രണ്ട് കുറ്റങ്ങള്‍ക്കും ശിക്ഷയായി ഇരട്ട ജീവപര്യന്തം തടവിന്, അതായത് 50 വര്‍ഷത്തെ കഠിന തടവിന് 1911 മാര്‍ച്ച് 22-ന് ശിക്ഷിക്കപ്പെട്ടു.
ലോകചരിത്രത്തിലെ അസാധാരണ ശിക്ഷയായിരുന്നു സാവര്‍ക്കര്‍ക്കു ലഭിച്ച ഇരട്ട ജീവപര്യന്തം. വിധിക്കുശേഷം കാലാപാനി എന്നു കുപ്രസിദ്ധമായ ആന്തമാനിലേക്ക് അദ്ദേഹത്തെ നാടുകടത്തുകയും നരകയാതനകളുടെ തടവറയായ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. സാവര്‍ക്കര്‍ക്കായി നിശ്ചയിക്കപ്പെട്ട തടവറയുടെ വാതില്‍ തുറക്കവേ അദ്ദേഹത്തിന്റെ കഴുത്തില്‍ തൂക്കിയിരുന്ന ശിക്ഷാഫലകത്തിലെ ‘മോചന ദിവസം 1960 മാര്‍ച്ച് 20’ എന്ന ലിഖിതം കണ്ട ജയിലര്‍ അത്ഭുതത്തോടെ ചോദിച്ചു. ”ദൈവമേ, അന്‍പതു വര്‍ഷമോ?” കവിയും ദാര്‍ശനികനും ലോകം കണ്ട മഹാനായ വിപ്ലവകാരിയുമായ സാവര്‍ക്കര്‍ അക്ഷോഭ്യനായി ഇങ്ങനെ മറുപടി പറഞ്ഞു. ‘എന്റെ കാര്യം അവിടെ നില്‍ക്കട്ടെ, ബ്രിട്ടീഷ് ഭരണം അന്‍പതു കൊല്ലം നിലനില്‍ക്കുമെന്നതിന് എന്താണുറപ്പ്?’ അദ്ദേഹം പ്രവചിച്ചതുപോലെ ബ്രിട്ടീഷ് ഭരണം 50 കൊല്ലം തികച്ചില്ലെന്നു മാത്രമല്ല കാലാവധി പൂര്‍ത്തിയാകും മുമ്പ് സാവര്‍ക്കറെ മോചിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്തു.
വീരസാവര്‍ക്കറുടെ അന്തമാനിലെ ജയില്‍ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഐതിഹാസികമായിരുന്നു. അന്തമാന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച സെല്ലുലാര്‍ ജയില്‍ കൊടുംകുറ്റവാളികളെയും തീവ്രദേശീയവാദികളായ വിപ്ലവകാരികളെയും നാടുകടത്തി ശിക്ഷിക്കാനുള്ളതായിരുന്നു. ലോകത്ത് ഒരിടത്തും തടവുകാര്‍ക്ക് അനുഭവിക്കേണ്ടി വരാത്ത നരകയാതനകളാണ് ഇവിടെ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. സാവര്‍ക്കറുടെ ദീര്‍ഘകാലത്തെ തടവിനിടയിലാണ് അവിടെ നടന്ന ക്രൂരമായ പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഭാരതീയര്‍ക്ക് അറിയാന്‍ സാധിച്ചത്.
ആന്‍ഡമാനിലെ ജയില്‍ ജീവിതത്തെക്കുറിച്ച് സാവര്‍ക്കര്‍ വിശദമായി എഴുതിയിട്ടുണ്ട്. ‘മൈ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫോര്‍ ലൈഫ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു ആധികാരിക രേഖ തന്നെയാണ്. എണ്ണച്ചക്കില്‍ കാളക്കുപകരം മനുഷ്യരെ പൂട്ടിയിടുന്നതായിരുന്നു അവിടത്തെ ഒരു രീതി. മണിക്കൂറുകള്‍ ചക്കിനു ചുറ്റും കാളയെ പോലെ ചുറ്റിത്തിരിഞ്ഞ് നിശ്ചിത അളവ് എണ്ണ അധികൃതര്‍ക്ക് നല്‍കണം. തലചുറ്റി വീണാല്‍ പോലും ജോലിയില്‍ നിന്ന് ഇളവ് നല്‍കില്ല. എണ്ണയുടെ അളവ് കുറഞ്ഞാല്‍ ചാട്ടവാറുകൊണ്ട് ക്രൂരമായ മര്‍ദ്ദനമാണ് തടവുകാര്‍ക്ക് ലഭിച്ചത്. ദേശസ്‌നേഹിയായ വിപ്ലവകാരിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍, ഉന്നത വിദ്യാഭ്യാസം നേടിയ സാവര്‍ക്കറെയും ദിവസങ്ങളോളം ചക്കില്‍ പൂട്ടിയിട്ട് ജോലി ചെയ്യിച്ചു. കൈ പൊട്ടി ചോരയൊലിക്കുന്നതുവരെ കയറുപിരിക്കുന്ന ജോലിയും ചെയ്യിച്ചു. വൃത്തികെട്ട ഭക്ഷണമാണ് നല്‍കിയിരുന്നത്. ആഹാരത്തില്‍ പലപ്പോഴും കാട്ടിലെ അട്ടയും മറ്റു വിഷജീവികളും ഉണ്ടാകുമായിരുന്നു. തടവുകാരാണ് ആഹാരം പാകം ചെയ്തിരുന്നത്. അരി വെന്തോ എന്നറിയാന്‍ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ച് പാത്രത്തിനു മുന്നില്‍ ചരിച്ചു പിടിക്കും. അതില്‍ നിന്ന് മണ്ണെണ്ണ മിക്ക ദിവസവും ചോറിലേക്ക് വീണിട്ടുണ്ടാകും. വായില്‍ വെക്കുന്നതോടെ ഛര്‍ദ്ദി വരും. എന്നാലും കഴിക്കണം. ഇല്ലെങ്കില്‍ അതിനും ക്രൂരമായ മര്‍ദ്ദനമാണ്.
അസുഖം വന്നാല്‍ ഒരു ചികിത്സയും നല്‍കിയിരുന്നില്ല. വയറിളക്കം വന്നാല്‍ പോലും സമയത്തിനല്ലാതെ ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. തടവുമുറിയില്‍ തന്നെ പലര്‍ക്കും വിസര്‍ജ്ജിക്കേണ്ടി വന്നു. അവര്‍ തന്നെ അത് വൃത്തിയാക്കുകയും വേണം. പലതരം ശിക്ഷകള്‍ തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്നു. ബാരി എന്ന ഉദ്യോഗസ്ഥനായിരുന്നു എല്ലാ ക്രൂരതകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. ഹിന്ദുതടവുകാരെ നിയന്ത്രിക്കാന്‍ മുസ്ലിങ്ങളെയാണ് നിയോഗിച്ചിരുന്നത്. അവരും വളരെ ക്രൂരമായാണ് തടവുകാരോട് പെരുമാറിയത്.
സാവര്‍ക്കര്‍ക്ക് ശിക്ഷകളില്‍ ഒരിളവും ലഭിച്ചിരുന്നില്ല. അദ്ദേഹം തടവുകാരുടെ നേതൃത്വം ഏറ്റെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. തടവുകാര്‍ക്ക് തമ്മില്‍ കാണാന്‍ പോലും അവസരം നല്‍കിയിരുന്നില്ല. സാവര്‍ക്കറുടെ ജ്യേഷ്ഠന്‍ ബാബാസാവര്‍ക്കറും അവിടെ തടവുകാരനായി ഉണ്ടായിരുന്നെങ്കിലും അപൂര്‍വ്വമായി മാത്രമാണ് അവര്‍ക്ക് തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഭാരതത്തില്‍ നിന്നുള്ള ഒരു വാര്‍ത്തകളും തടവുകാര്‍ക്ക് ലഭിച്ചിരുന്നില്ല. തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തര പോരാട്ടമാണ് സാവര്‍ക്കര്‍ നടത്തിയത്. എഴുതാന്‍ പേനയോ കടലാസോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കവിതകള്‍ ജയിലറയുടെ ഭിത്തികളില്‍ ആണികൊണ്ടെഴുതുകയും ഹൃദിസ്ഥമാക്കുകയും ചെയ്തു. തടവുകാര്‍ക്കിടയില്‍ രഹസ്യമായി സംഘടന രൂപീകരിക്കുകയും പല പ്രവര്‍ത്തനങ്ങളും രഹസ്യമായി നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി സെല്ലുലാര്‍ ജയിലില്‍ ഒരു ലൈബ്രറി ആരംഭിച്ചു. ഏതാണ്ട് രണ്ടായിരം പുസ്തകങ്ങള്‍ ശേഖരിക്കാന്‍ സാവര്‍ക്കര്‍ക്കും സഹതടവുകാര്‍ക്കും സാധിച്ചിരുന്നു.
ഹിന്ദു തടവുകാരെ മര്‍ദ്ദനത്തിലൂടെയും പ്രലോഭനങ്ങളിലൂടെയും മതം മാറ്റുന്നത് ആന്‍ഡമാനിലെ സ്ഥിരം പരിപാടിയായിരുന്നു. ഇതിനെതിരെ സാവര്‍ക്കര്‍ ശക്തമായ പോരാട്ടം നടത്തുകയും ഒരു ശുദ്ധിപ്രസ്ഥാനം തന്നെ ആരംഭിക്കുകയും ചെയ്തു. തടവറയിലെ കൊടിയ പീഡനം മൂലം പലര്‍ക്കും ഭ്രാന്ത് പിടിപെട്ടു. ചിലര്‍ ആത്മഹത്യയില്‍ അഭയം തേടി.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷം നിരവധി രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയോ വന്‍കരയിലേക്ക് കൊണ്ടു വരികയോ ചെയ്‌തെങ്കിലും സാവര്‍ക്കര്‍ സഹോദരന്മാരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ബ്രിട്ടീഷ് ഭരണകൂടം തയ്യാറായില്ല. സാവര്‍ക്കര്‍ നീതി ലഭിക്കുന്നതിനുവേണ്ടി അധികൃതര്‍ക്ക് നിരന്തരം ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളെയാണ് കമ്മ്യൂണിസ്റ്റുകളും ചില രാജ്യദ്രോഹികളും മാപ്പപേക്ഷകളായി ചിത്രീകരിച്ച് ഇന്നും സാവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. കൊടിയ പീഡനമനുഭവിക്കുമ്പോഴും അത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്ന ഉത്തമബോദ്ധ്യത്തോടെ നിശ്ശബ്ദം സഹിച്ച മഹാനായ വിപ്ലവകാരിയെ അപമാനിക്കുന്നത് ഇക്കൂട്ടരുടെ സ്വന്തം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനാണ്.
നിരവധി ദേശസ്‌നേഹികള്‍ സാവര്‍ക്കറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1921ല്‍ അധികൃതര്‍ സാവര്‍ക്കര്‍ സഹോദരന്മാരെ ഭാരതത്തിലേക്കു കൊണ്ടുവന്ന് ഇവിടത്തെ ജയിലിലാക്കി. 1922ല്‍ ഗണേശ് സാവര്‍ക്കറെയും 1924ല്‍ വീരസാവര്‍ക്കറെയും ജയില്‍ മോചിതരാക്കിയെങ്കിലും രത്‌നഗിരി ജില്ല വിട്ടുപോകാനോ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ അനുവാദമുണ്ടായിരുന്നില്ല.
ആന്‍ഡമാനില്‍ വെച്ച് കാണാതെ പഠിച്ച കമലാ, ഗോമന്തക്, മഹാസാഗര്‍ എന്നീ കൃതികള്‍ രത്‌നഗിരിയില്‍ എത്തിയശേഷം സാവര്‍ക്കര്‍ പ്രസിദ്ധീകരിച്ചു. അയിത്തനിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വിഠലക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം ലഭിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമം വിജയിച്ചു. അതിനുപുറമെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്നതും പൂജ നടത്താവുന്നതുമായ ‘പതിതപാവനമന്ദിര്‍’ അദ്ദേഹം സ്ഥാപിച്ചു. പന്തിഭോജനങ്ങളിലൂടെയും ശുദ്ധിപ്രസ്ഥാനത്തിലൂടെയും ഹിന്ദുസമൂഹത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ‘ഹിന്ദുത്വ’ എന്ന പേരിലെഴുതിയ ഗ്രന്ഥത്തിലൂടെ ഹിന്ദുത്വത്തിന് കാലികമായ നിര്‍വ്വചനം നല്‍കിയതും സാവര്‍ക്കറാണ്.
1937ല്‍ മുംബൈയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതോടെ സാവര്‍ക്കറുടെ മേലുള്ള എല്ലാ വിലക്കുകളും നീക്കി. തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1937, 1938, 1939, 1942 വര്‍ഷങ്ങളില്‍ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനാകുകയും ചെയ്തു. ഭാരതവിഭജനത്തിന് എതിരായിരുന്ന സാവര്‍ക്കര്‍ സ്വാതന്ത്ര്യത്തോടെ പൊതുരംഗത്തുനിന്നു വിടവാങ്ങി. 1948ല്‍ നെഹ്‌റു സര്‍ക്കാര്‍ ഗാന്ധിവധത്തില്‍ അദ്ദേഹത്തെ പ്രതിയാക്കിയെങ്കിലും കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചു. തന്റെ ജീവിതത്തിന്റെ അവസാനകാലത്താണ് സാവര്‍ക്കര്‍ ‘ഭാരതചരിത്രത്തിലെ ആറ് സുവര്‍ണ്ണ കാലഘട്ടങ്ങള്‍’ എഴുതിയത്. ഉപവാസമനുഷ്ഠിച്ചുകൊണ്ട് 1966 ഫെബ്രുവരി 26-ന് ഭാരതാംബയുടെ എക്കാലത്തെയും മഹാനായ വീരപുത്രന്‍ തന്റെ ത്യാഗസുരഭിലമായ ഭൗതികജീവിതം അവസാനിപ്പിച്ചു.
(തുടരും)