- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- വിപ്ലവകാരിയായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 13)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും പ്രശസ്തിയുടെ പാരമ്യത്തില്‍ എത്തുകയും ചെയ്ത പലരും സ്വാതന്ത്ര്യാനന്തരം ജനങ്ങ ളുടെ സവിശേഷശ്രദ്ധയില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. ഒരു ചടങ്ങുപോലെ വര്‍ഷത്തിലൊരിക്കല്‍ ചിലരെ ഓര്‍ക്കാറുണ്ടെങ്കിലും യുവതലമുറയെ ആകര്‍ഷിക്കാനോ സ്വാധീനിക്കാനോ അവരുടെ സ്മരണയ്ക്ക് സാധിക്കുന്നില്ല. ഇവരില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്ന സ്വാതന്ത്ര്യസമരനായകന്‍.
ജീവിച്ചിരിക്കുമ്പോള്‍ മഹാരാഷ്ട്രക്കുപുറത്ത് അത്രയധികം അറിയപ്പെട്ടിരുന്നില്ലെങ്കിലും ദിവംഗതനായി എട്ടു ദശകങ്ങള്‍ കഴിഞ്ഞ ഇക്കാലത്ത് ഡോക്ടര്‍ജിയുടെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. അദ്ദേഹം സ്ഥാപിച്ച രാഷ്ട്രീയ സ്വയംസേവക സംഘം അനുദിനം അതിന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതുകൊണ്ടാണ് ഡോക്ടര്‍ജിക്ക് ഈ മഹത്വം കൈവന്നത്. ‘കേശവഃ സംഘ നിര്‍മാതാ’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ ചം.പ.ഭി ശീകര്‍ ഇങ്ങനെയാണ് ഈ മഹത്വം വെളിപ്പെടുത്തുന്നത്: ”മരണശേഷം കാര്യകര്‍ത്താക്കളില്‍ ലേശംപോലും ചാഞ്ചല്യം വരാത്തതും പ്രവര്‍ത്തനം ചിട്ടയായി നടന്നുകൊണ്ടിരിക്കുന്നതുമായ സംഘടന സ്ഥാപിച്ച ആധുനിക ഭാരതത്തിലെ ഒരേ ഒരു നേതാവ് പൂജനീയ ഡോക്ടര്‍ജിയാണ്.”
തന്റെ ഗവേഷണ പ്രബന്ധത്തില്‍ ശ്രേഷ്ഠന്മാരുടെ ജീവിതത്തോടൊപ്പം ചേര്‍ക്കുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ട ദാമോദര്‍ പന്തിനോട് ഡോക്ടര്‍ജി പറഞ്ഞത് ‘എന്തെങ്കിലും എഴുതണമെങ്കില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തെക്കുറിച്ച് എഴുതൂ’ എന്നാണ്. വ്യക്തിയേക്കാള്‍ സംഘടനക്കു നല്‍കിയ പ്രാധാന്യമാണ് ഡോക്ടര്‍ജിയെ മറ്റു പല സ്വാതന്ത്ര്യ സമരനേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
1889 ഏപ്രില്‍ 1ന് യുഗാദിദിനത്തില്‍ നാഗപ്പൂരിലാണ് കേശവന്‍ ജനിച്ചത്. ബലിറാം പന്ത് ഹെഡ്‌ഗേവാറിന്റെയും രേവതീബായിയുടെയും ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു കേശവന്റെ ജനനം. മഹാദേവന്‍, സീതാരാമന്‍, സരയൂ, രജൂ, രംഗൂ എന്നിവരായിരുന്നു സഹോദരങ്ങള്‍. ഒരു ദരിദ്ര ബ്രാഹ്‌മണ കുടുംബമായിരുന്നു. ബലിറാം പന്തിന്റേത്. പുരോഹിതവൃത്തി നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തിയത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഭാരതത്തില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് രോഗം നാഗപ്പൂരിലും അനവധി ജീവനുകള്‍ കവര്‍ന്നെടുത്തു. 1902ല്‍ ഒരേ സമയത്ത് കേശവന്റെ അച്ഛനും അമ്മയും പ്ലേഗ് ബാധിച്ച് മരിച്ചു. അന്ന് കേശവന് 13 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.
ദേശസ്‌നേഹമെന്ന ഗുണം കുട്ടിക്കാലത്തുതന്നെ ആര്‍ജ്ജിക്കാന്‍ കേശവനു കഴിഞ്ഞിരുന്നു. 1897 ജൂണ്‍ 22-ന് ബ്രിട്ടന്റെ രാഞ്ജിയായ വിക്‌ടോറിയയുടെ കിരീടധാരണത്തിന്റെ 60-ാം വാര്‍ഷികം ഒരു കോളനി രാജ്യമായ ഭാരതത്തിലും വിപുലമായി ആഘോഷിച്ചിരുന്നു. അന്ന് എട്ടു വയസ്സു മാത്രമുണ്ടായിരുന്ന കേശവന്‍ ആഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. ‘നമ്മുടെ ഭോണ്‍സ്ലെ രാജവംശത്തെ ദീവാളി കുളിപ്പിച്ച തട്ടിപ്പറിക്കാരല്ലേ ഈ ബ്രിട്ടീഷുകാര്‍, അവരുടെ ആഘോഷങ്ങളില്‍ നാമെന്തിനു പങ്കെടുക്കണം,? എന്ന ചോദ്യമാണ് അവന്‍ ജ്യേഷ്ഠനോട് ചോദിച്ചത്.
1901ല്‍ എഡ്വേര്‍ഡ് ഏഴാമന്റെ സ്ഥാനാരോഹണത്തിന്റെ സമയത്തും നാഗപ്പൂരില്‍ വലിയ വെടിക്കെട്ടും മറ്റുമുണ്ടായിരുന്നു. നഗരം മുഴുവന്‍ വെടിക്കെട്ട് കാണാന്‍ തിങ്ങിക്കൂടിയപ്പോഴും കേശവന്‍ മാത്രം അതില്‍ നിന്ന് ഒഴിഞ്ഞുനിന്നു. ‘വിദേശരാജാവിന്റെ കിരീടധാരണം കൊണ്ടാടുന്നത് നാണക്കേടാണെന്ന’ ഉറച്ച നിലപാടായിരുന്നു ആ പന്ത്രണ്ടുകാരന് ഉണ്ടായിരുന്നത്.
നാഗപ്പൂരിലെ സീതാബര്‍ഡി കോട്ടയുടെ മുകളില്‍ ഇംഗ്ലീഷുകാരുടെ യൂണിയന്‍ ജാക്ക് എന്ന പതാകയാണ് അക്കാലത്ത് പാറിക്കളിച്ചിരുന്നത്. ഇതിനുപകരം നമ്മുടെ കാവിപതാകയാണ് അവിടെ പാറിക്കളിക്കേണ്ടത് എന്ന ബോദ്ധ്യം കുട്ടിക്കാലത്തുതന്നെ കേശവനുണ്ടായിരുന്നു. അതിനുവേണ്ടി ഒരു ഉപായവും കേശവന്‍ കണ്ടുപിടിച്ചു. കൂട്ടുകാരെ കൂടെ ചേര്‍ത്ത് ഗുരുനാഥനായ വത്സെ അവര്‍ക്ക് പഠിക്കാന്‍ നല്‍കിയ മുറിയില്‍ നിന്ന് ഒരു തുരങ്കം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. രണ്ടുമൂന്നുദിവസം മുറി അടച്ചിരുന്ന് അവര്‍ കുഴിക്കാന്‍ തുടങ്ങിയെങ്കിലും ഗുരുനാഥന്‍ കണ്ടുപിടിച്ചതോടെ വിഫലമായ പരിശ്രമം അവസാനിപ്പിക്കേണ്ടിവന്നു. കേശവന്റെ മനസ്സിലെ ഉല്‍ക്കടമായ ദേശഭക്തിയുടെ പ്രകടീകരണമായിരുന്നു ഈ പ്രവൃത്തി.
ലോകമാന്യ തിലകന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കൊണ്ടാണ് കേശവന്‍ തന്റെ പൊതുജീവിതം ആരംഭിക്കുന്നത്. തിലകനായിരുന്നു കുട്ടിക്കാലം മുതല്‍ കേശവന്റെ ആരാധനാമൂര്‍ത്തി. സ്വദേശി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ തിലകന്‍, കേസരി പത്രം മുഖേന ‘പൈസാ ഫണ്ട്’സ്വരൂപിക്കാന്‍ തുടങ്ങിയപ്പോള്‍ നാഗപ്പൂരില്‍ ഡോ. ബി.കെ. മുഞ്‌ജെയോടൊപ്പം കേശവനും ഇതില്‍ പങ്കാളിയായി. വീടുകള്‍ തോറും കയറിയിറങ്ങി ‘പൈസാ ഫണ്ടി’ലേക്ക് തുക ശേഖരിച്ച് പദ്ധതി വിജയിപ്പിക്കാന്‍ കേശവന്‍ കാര്യമായി പരിശ്രമിച്ചു.
പില്‍ക്കാലത്ത് വിപ്ലവകാരിയായ പാണ്ഡുരംഗറാവു ഖാന്‍ഖോജി സ്വദേശി ഉല്പന്നങ്ങളുടെ വില്പനയ്ക്കുവേണ്ടി ‘ആര്യ ബാന്ധവ വീഥിക’ എന്ന പേരില്‍ സ്റ്റോര്‍ തുടങ്ങി. ഒഴിവുസമയത്തെല്ലാം കേശവന്‍ സ്റ്റോറിലെത്തി അദ്ദേഹത്തെ സഹായിക്കുകയും വില്പനക്കാരനായി നില്‍ക്കുകയും ചെയ്തിരുന്നു.
1905-ലെ ബംഗാള്‍ വിഭജനവും അതിനെതിരെ ‘വന്ദേമാതരം’ ഉരുവിട്ടുകൊണ്ട് ആരംഭിച്ച പ്രക്ഷോഭവും രാജ്യത്താകമാനം ഒരു പുതിയ ഉണര്‍വ്വ് സൃഷ്ടിച്ചു. ‘വന്ദേമാതരം’ ഉണര്‍ന്ന രാഷ്ട്രത്തിന്റെ ഇടിമുഴക്കമായി മാറി. ”ഒറ്റ രാത്രികൊണ്ട് രാജ്യം മുഴുവന്‍ ദേശസ്‌നേഹത്തിന്റെ അലയടിവ്യാപിച്ചത് വന്ദേമാതര മന്ത്രത്തില്‍ കൂടിയായിരുന്നു” എന്ന് അരവിന്ദഘോഷ് എഴുതി.
1907ല്‍ ചെറിയച്ഛനായ ആബാജി ഹെഡ്‌ഗേവാറിനെ കാണാന്‍ രാംപായലില്‍ ചെന്ന കേശവന്‍ അവിടെ നടന്ന ദസറ ആഘോഷത്തിലും പങ്കടുത്തു. മുന്നൂറോളം ആള്‍ക്കാര്‍ വാദ്യഘോഷങ്ങളോടെ ഒരു ഘോഷയാത്ര നടത്തി. ഘോഷയാത്ര ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ കേശവന്‍ തൊണ്ട പൊട്ടുമാറ് ‘വന്ദേമാതരം’ മുഴക്കുകയും ജനങ്ങള്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. കൂടാതെ ‘രാവണവധം’ എന്ന പ്രതീകാത്മകച്ചടങ്ങിന്റെ യഥാര്‍ത്ഥ പൊരുളിനെക്കുറിച്ച് ഒരു ഗംഭീര പ്രസംഗം നടത്തുകയും ചെയ്തു. യുവാക്കളില്‍ ആവേശവും അധികൃതരില്‍ അങ്കലാപ്പും ഉണ്ടാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.
1908ല്‍ തിലകന്റെ നാഗപ്പൂര്‍ സന്ദര്‍ശനം നഗരത്തില്‍ ദേശസ്‌നേഹത്തിന്റെ പ്രകമ്പനം സൃഷ്ടിച്ചു. ആ സമയത്ത് കേശവന്‍ നീല്‍ സിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഒരു ദിവസം സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധനക്കുവേണ്ടി സ്‌കൂളിലെത്തി. നിരോധിക്കപ്പെട്ടിരുന്ന ‘വന്ദേമാതരം’ മുഴക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്‌പെക്ടറെ എതിരേറ്റത്. ഇതിന്റെ പിന്നില്‍ കേശവനാണെന്നു കണ്ടെത്തിയ അധികൃതര്‍ അവനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. മാപ്പു പറഞ്ഞാല്‍ സ്‌കൂളില്‍ തിരിച്ചെടുക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വന്ദേമാതരം ചൊല്ലാന്‍ അനുവാദമില്ലാത്ത സ്‌കൂളില്‍ തനിക്കു പഠിക്കേണ്ട എന്ന നിലപാടില്‍ കേശവന്‍ ഉറച്ചുനിന്നു.
ദേശീയ വിദ്യാഭ്യാസത്തിനുവേണ്ടി ബംഗാളില്‍ അരവിന്ദഘോഷിന്റെയും മറ്റും നേതൃത്വത്തില്‍ ദേശീയ സര്‍വ്വകലാശാലയും ബംഗാള്‍ നാഷണല്‍ കോളേജും സ്ഥാപിച്ചിരുന്നു. അതിന്റെ ഭാഗമായി യവത്മാലില്‍ ‘വിദ്യാഗൃഹ’ എന്ന പേരില്‍ നടന്നിരുന്ന ദേശീയ വിദ്യാലയത്തില്‍ കേശവന്‍ തുടര്‍ന്നു പഠിച്ചു. ആ സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചതു മൂലം അവിടെയും പഠനം തുടരാന്‍ കഴിഞ്ഞില്ല. അദ്ധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം പൂനെയില്‍ പഠനം തുടര്‍ന്നു. രണ്ടുമാസത്തെ പഠനത്തിനുശേഷം അമരാവതി സെന്ററില്‍ നിന്ന് കല്‍ക്കത്താ ദേശീയ വിദ്യാലയത്തിന്റെ പ്രവേശന പരീക്ഷ എഴുതി. അതില്‍ വിജയിച്ചശേഷം വന്ദേമാതരത്തിന്റെ ജന്മഭൂമിയായ ബംഗാളില്‍ ഉപരിപഠനത്തിനു ചേരാനുള്ള അവസരം കേശവനു ലഭിച്ചു.
പത്താം ക്ലാസ് വിജയിച്ചശേഷം ബംഗാളിലേക്കു പോകുന്നതിനുമുമ്പ് നാഗപ്പൂരില്‍ തിരിച്ചെത്തിയ കേശവന്‍ വീണ്ടും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. രാംടേക്കിലെ വാര്‍ഷികോത്സവത്തിന് മധുരപലഹാരമുണ്ടാക്കാന്‍ ജാവയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. അതിനുപകരം നാട്ടില്‍ തന്നെ ലഭിക്കുന്ന ശര്‍ക്കര ഉപയോഗിക്കാന്‍ കേശവന്‍ മുന്‍കൈ എടുത്തു. അങ്ങനെ സ്വദേശി ശീലം ആചരിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണ നല്‍കി.
വിപ്ലവകാരികളുടെ പ്രമുഖ സംഘടനയായ, കല്‍ക്കത്തയിലെ അനുശീലന്‍ സമിതിയുമായി ബന്ധപ്പെട്ട് നാഗപ്പൂരിലും വിപ്ലവകാരികളുടെ സംഘം പ്രവര്‍ത്തിച്ചിരുന്നു. കേശവന് അവരുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. മാധവദാസ് എന്ന വിപ്ലവകാരിയായ ബംഗാളി സന്ന്യാസി ജപ്പാനിലേക്കു പോകുന്നതിനുമുമ്പ് നാഗപ്പൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തത് കേശവനാണ്. ആലിപ്പൂര്‍ ബോംബ് കേസിലെ പ്രതികളെ സഹായിക്കുന്നതിനുവേണ്ടി നാഗപ്പൂരില്‍ നടന്ന നിധിശേഖരണത്തില്‍ കേശവനും സജീവമായി പങ്കെടുത്തു. അതിനിടയിലാണ് കല്‍ക്കത്തയിലെ ദേശീയ വിദ്യാലയത്തിന്റെ പ്രവേശനപരീക്ഷയുടെ ഫലം വന്നതും കേശവന്‍ വിജയിച്ചതും. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്റെ പ്രസിഡന്റായ ഡോക്ടര്‍ റാഷ് ബിഹാരി ബോസ് ഒപ്പിട്ട യോഗ്യതാപത്രമാണ് കേശവന് ലഭിച്ചത്. ‘വിപ്ലവകാരികളുടെ കാശി’ യായ കല്‍ക്കത്തയിലേക്കു പോകാന്‍ കേശവന്‍ വെമ്പല്‍കൊണ്ടു. ഇക്കാര്യത്തില്‍ നാഗപ്പൂരിലെ വിപ്ലവകാരികള്‍ക്കും വലിയ താല്പര്യമുണ്ടായിരുന്നു. കേശവനെ കല്‍ക്കത്തയിലെ നാഷനല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ക്കുന്നതായിരിക്കും അഭികാമ്യമെന്ന് ഡോ. മുഞ്‌ജെയും കരുതി. ഉപരിപഠനത്തേക്കാള്‍ പുലിന്‍ബിഹാരി ബോസിന്റെ നേതൃത്വത്തില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടുകയായിരുന്നു കേശവന്റെ ലക്ഷ്യമെന്ന് രാംലാല്‍ വാജ്‌പേയ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
1910 ന്റെ പകുതിയോടെ കേശവന്‍ നാഗ്പൂരില്‍ നിന്നും 700 മൈല്‍ അകലെയുള്ള കല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. നാഷനല്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യ പഠനത്തിനു ചേര്‍ന്നു. ഒരു മാതൃകാ വിദ്യാര്‍ത്ഥിയായിരുന്ന കേശവന്‍ ഒരു മാതൃകാ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന വിദ്യാര്‍ത്ഥികളെ പരിചയപ്പെടാനും അവര്‍ക്കിടയില്‍ ദേശീയബോധവും സ്വാതന്ത്ര്യബോധവും വളര്‍ത്താനും പരിശ്രമിച്ചു.
കേശവന്‍ കല്‍ക്കത്തയിലായിരുന്നപ്പോള്‍ പ്രസിദ്ധ രാജ്യസ്‌നേഹിയായ മൗലവി ലിയാഖത്ത് ഹുസൈന്റെ അധ്യക്ഷതയില്‍ ഒരു സമ്മേളനം അവിടെ നടന്നു. പ്രസംഗകരിലൊരാള്‍ ലോകമാന്യതിലകനെ പുച്ഛിച്ച് സംസാരിച്ചപ്പോള്‍ കേശവന്‍ വേദിയില്‍ ചാടിക്കയറി അയാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കേശവന്‍ തയ്യാറായിരുന്നില്ല. 1908ല്‍ തിലകനെ മണ്ഡാലെ ജയിലില്‍ തടവിലാക്കിയതിനുശേഷം 1914ല്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നതുവരെ കേശവന്‍ എല്ലാ ഏകാദശി ദിവസവും ഉപവാസമനുഷ്ഠിച്ചു. ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ടിരുന്ന സാവര്‍ക്കര്‍ സഹോദരന്മാരുടെ കാര്യത്തിലും കേശവന് അതീവ ശ്രദ്ധയുണ്ടായിരുന്നു.
നേരത്തെ ആഗ്രഹിച്ചതുപോലെ പുലിന്‍ ബിഹാരി ബോസിന്റെ നേതൃത്വത്തിലുള്ള അനുശീലന്‍ സമിതിയില്‍ അംഗമായി ചേരാനും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാനും കേശവനു കഴിഞ്ഞു. ലഘുലേഖകള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും റിവോള്‍വറുകളും നാഗപ്പൂരില്‍ വിപ്ലവകാരികള്‍ക്ക് കേശവന്‍ മുഖേന ലഭിച്ചിരുന്നു. ‘കോകന്‍’ എന്നായിരുന്നു അനുശീലന്‍ സമിതിയില്‍ കേശവന്റെ രഹസ്യനാമം. സമിതിയുടെ പ്രമുഖ നേതാവായ ത്രൈലോക്യനാഥ ചക്രവര്‍ത്തി ‘ജയിലിലെ 30 വര്‍ഷങ്ങള്‍’ എന്ന തന്റെ പുസ്തകത്തില്‍ അക്കാലത്തെ പ്രധാന അംഗങ്ങളുടെ ഫോട്ടോയില്‍ കേശവനെയും ഉള്‍പ്പെടുത്തിയിരുന്നു.
(തുടരും)