- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 43)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘവും സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ജൂണ്‍ 11 ന് അവസാനിച്ചശേഷം പിന്നീട് കാര്യമായ സംഭവവികാസങ്ങള്‍ ഒന്നുമുണ്ടായില്ല. അത്തരമൊരവസ്ഥയില്‍ കൃത്യം ഒരുമാസം കഴിഞ്ഞ് അപ്രതീക്ഷിതമായി ആകാശവാണിയില്‍ സംഘനിരോധം നീക്കിയെന്നും തടവുകാരെയെല്ലാം വിട്ടയച്ചുവെന്നുമുള്ള വാര്‍ത്ത വന്നത് ജനങ്ങളില്‍ ആശ്ചര്യം ഉളവാക്കി. ഈ പ്രഖ്യാപനം പത്രപ്രവര്‍ത്തകരിലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. കഴിഞ്ഞ നാലഞ്ചുദിവസങ്ങളിലായി മൗലിചന്ദ്രശര്‍മ്മ മുഖേന നടത്തിക്കൊണ്ടിരുന്ന നീക്കങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല. അതിനാല്‍ നിരോധനം നീക്കിയതിനെ സംബന്ധിച്ച് അനവധി കിംവദന്തികള്‍ പരന്നുതുടങ്ങി. കാരണം ആകാശവാണിയില്‍ നിരോധനം നീക്കിയത് സംബന്ധിച്ച് നടത്തിയ പ്രക്ഷേപണവും അടുത്ത ദിവസം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച രീതിയും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലായിരുന്നു. ഗുരുജി ഗോള്‍വല്‍ക്കര്‍ സര്‍ക്കാരിന് ചില ഉറപ്പുകള്‍ നല്‍കിയതിന്റെ ഫലമായാണ് നിരോധനം നീക്കിയതെന്ന ധാരണ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പത്രങ്ങള്‍ ബോധപൂര്‍വ്വം വാര്‍ത്താ പ്രസിദ്ധീകരിച്ചത്. ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത വിവരം സംബന്ധിച്ച് ജൂലൈ 13ന്റെ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചതിങ്ങനെയായിരുന്നു:-
ഡല്‍ഹി ജൂലൈ 12
”കേന്ദ്രഭരണത്തിലുള്ള എല്ലാ പ്രദേശങ്ങളിലും സംഘത്തിനെതിരായ നിരോധനം ഭാരതസര്‍ക്കാര്‍ പിന്‍വലിക്കുകയും തടവുകാരെയെല്ലാം കഴിവതുംവേഗം വിട്ടയയ്ക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനഭരണകൂടങ്ങളോടും ഇതേ നടപടികള്‍ പിന്തുടരാന്‍ ഭാരതസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സംഘം ഒരു സാംസ്‌കാരിക ജനാധിപത്യ സംഘടനയാണെന്നും ദേശീയപതാകയോടും ഭരണഘടനയോടും പൂര്‍ണ്ണമായ ആദരവ് പുലര്‍ത്തുമെന്നും ഭാരതം മതേതര രാഷ്ട്രമാണെന്ന് അംഗീകരിക്കുന്നുവെന്നും സംഘത്തിന്റെ ഉന്നതനേതാവായ ശ്രീ മാധവറാവു ഗോള്‍വല്‍ക്കര്‍ എഴുതി ഉറപ്പുനല്‍കിയിരിക്കുന്നു. ഹിംസയും രഹസ്യസ്വഭാവവും പരിത്യജിക്കുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുന്നു”
വാര്‍ത്തയില്‍ തുടരുന്നു:- ”മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പണ്ഡിറ്റ് ദ്വാരികാപ്രസാദ് മിശ്ര സംഘത്തിന്റെ ഉറപ്പും വിശദീകരണവുമടങ്ങുന്ന കത്തുമായി ഇന്ന് ഡറാഡൂണില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ കണ്ട് ബോദ്ധ്യപ്പെടുത്തിയതായി അറിയിക്കുന്നു.” ആകാശവാണിയെ ഉദ്ധരിച്ച് വാര്‍ത്ത തുടരുന്നു. ”സംഘത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് 1949 ജൂലൈയില്‍ തന്നെ ഭാരതസര്‍ക്കാരിന് കൈമാറി യിരുന്നു. എന്നാല്‍ നിരോധനം നീക്കാനായി സര്‍ക്കാര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു. സംഘം അക്രമവും രഹസ്യസ്വഭാവവും ഉപേക്ഷിക്കണം. എഴുതിക്കൊടുത്ത സംവിധാനമനുസരിച്ച് തുറന്ന പ്രവര്‍ത്തനമായിരിക്കണം, രാഷ്ട്രീയരംഗത്തുനിന്നും മാറിനില്‍ക്കണം, ദേശീയപതാകയെയും ഭരണഘടനയെയും മാനിക്കണം, ഭാരതം മതേതരരാഷ്ട്രമാണെന്നംഗീകരിക്കണം.”
മേല്‍കൊടുത്ത വാര്‍ത്ത വായിക്കുന്നവരുടെ മനസ്സില്‍ ശ്രീഗുരുജി നിശ്ചയമായും സര്‍ക്കാരിന് ചില ഉറപ്പുകള്‍ എഴുതികൊടുത്തിരിക്കുമെന്ന ധാരണയാണ് ഉണ്ടാവുക. അതോടൊപ്പം സംഘം ഇതേവരെ അക്രമത്തിന്റെയും രഹസ്യപ്രവര്‍ത്തനത്തിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നത് എന്ന ധാരണയും ഉണ്ടാകും. അത്തരം കാര്യങ്ങളെയെല്ലാം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് കിട്ടിയശേഷമായിരിക്കും സര്‍ക്കാര്‍ നിരോധനം നീക്കാന്‍ സന്നദ്ധമായത്. എന്നാല്‍ മൗലിചന്ദ്രശര്‍മ്മയ്ക്ക് വ്യക്തിപരമായ കത്ത് അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി എന്ന നിലയ്ക്കാണ് ശ്രീഗുരുജി എഴുതിയത് എന്നതാണ് സത്യം. അതിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ തങ്ങളുടെ മുഖം രക്ഷിക്കാനായി ആകാശവാണിയെ ഉപ യോഗപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്.
എന്നിട്ടും മുഖം രക്ഷിക്കാനായില്ല
മൗലിചന്ദ്രശര്‍മ്മയ്ക്കുള്ള കത്തിലെ ആദ്യത്തെ ഭാഗത്തുതന്നെ ശ്രീഗുരുജി സര്‍ക്കാരിന് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് സ്പഷ്ടമാക്കിരുന്നു. അദ്ദേഹം മൗലിചന്ദ്രശര്‍മ്മയ്‌ക്കെഴുതിയ കത്ത് തുടങ്ങുന്നതുതന്നെ ഇപ്രകാരമാണ്:-
”പ്രിയ പണ്ഡിറ്റ് മൗലിചന്ദ്രജി, ആഭ്യന്തരമന്ത്രാലയവുമായി നടത്തിയ കത്തിടപാടുകള്‍ക്കു ശേഷവും സര്‍ക്കാരിന്റെ വക്താക്കള്‍ അനേകം തവണ ഉന്നയിച്ച ബിന്ദുക്കളോടുള്ള തന്റെ നിലപാടിനെ സംബന്ധിച്ച് വീണ്ടും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്നറിഞ്ഞ് എനിക്ക് ആശ്ചര്യം തോന്നുന്നു. എങ്കിലും നമ്മുടെ രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന വിഷമപരിതഃസ്ഥിതിയില്‍ സമ്പൂര്‍ണ്ണസമാജവും സുസംഘടിതവും ശക്തിശാലിയും സുസ്ഥിരവുമാകാന്‍ സമാനചിന്താഗതിക്കാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം മറന്ന് കൂടുതല്‍ അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘത്തിന്റെ ഉദ്ദേശ്യം, ഭരണഘടന, പ്രവര്‍ത്തനപദ്ധതി എന്നിവയെ സംബന്ധിച്ച് വിവരങ്ങളറിയാന്‍ വളരെ വിഷമം സഹിച്ച് താങ്കള്‍ എത്തിയിരിക്കുന്നു. അതുകൊണ്ട് ജനങ്ങളുടെ എല്ലാ ആശങ്കകളും ദൂരീകരിച്ച് സ്ഥിരമായ ശക്തിയുടെ ദൃഢീകരണങ്ങളുണ്ടാകണമെന്ന ആശയോടെ മനസ്സില്‍ തെല്ലും വൈമുഖ്യമില്ലാതെ അങ്ങുന്നയിച്ച ബിന്ദുക്കളെ സംബന്ധിച്ച സംഘത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കുന്നു.”
ഈ കത്തിന്റെ ആദ്യഭാഗംതന്നെ വ്യക്തമാക്കുന്നത് ശ്രീഗുരുജി, സര്‍ക്കാരിനോ മൗലിചന്ദ്രശര്‍മ്മയ്‌ക്കൊ യാതൊരു ഉറപ്പും നല്‍കുന്നില്ലെന്നതാണ്. അദ്ദേഹം മൗലിചന്ദ്രശര്‍മ്മയ്ക്ക് വ്യക്തിപരമായ കത്താണെഴുതിയത്. അതില്‍തന്നെയും എന്തെങ്കിലും ഉറപ്പോ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചോ പ്രവര്‍ത്തനശൈലിയെ സംബന്ധിച്ചോ പുതിയതായി ഒന്നുംതന്നെ പരാമര്‍ശിക്കുന്നില്ല. എ ന്നാല്‍ സര്‍ക്കാര്‍ സ്വയംസേവകരുടെ മനോവീര്യം കെടുത്താനും ജനങ്ങള്‍ക്ക് സംഘത്തോടുള്ള മതിപ്പും വിശ്വാസവും നശിപ്പിക്കാനുമായി നടത്തിയ കളിയായിരുന്നു ഇത് എന്നതാണ് സത്യം. അതുകൊണ്ടാണ് അവര്‍ വളരെ തന്ത്രപൂര്‍വം സംഘനിരോധനം നീക്കാനുള്ള വാര്‍ത്ത ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഈ പ്രക്ഷേപണം കേട്ട പത്രക്കാരും പ്രമുഖ വ്യക്തികളും സംഘം എന്തെല്ലാം ഉറപ്പുകളാണ് എഴുതിത്തന്നിട്ടുള്ളതെന്ന് സര്‍ക്കാരിനോട് ചോദിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത്രയധികം താത്പര്യം ആരാണെടുക്കാന്‍ തയ്യാറാവുക? സര്‍ക്കാര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതോടൊപ്പം പെട്ടെന്ന് അപ്രതീക്ഷിതമായി സംഘനിരോധനം പിന്‍വലിക്കുന്നതായ പ്രഖ്യാപനവും നടത്തി. അതിനാല്‍ ജനങ്ങള്‍ സ്വാഭാവികമായും സംഘം മാപ്പപേക്ഷിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ഉറപ്പ് നല്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് വിശ്വസിച്ചു. അതിനാല്‍ ഈ കുപ്രചരണങ്ങളെ ഖണ്ഡിച്ച് സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു.
നിരോധനം നീക്കിയശേഷം ശ്രീഗുരുജി ദേശവ്യാപകമായി യാത്ര ആരംഭിച്ചു. എല്ലാ സ്ഥലത്തും വമ്പിച്ച സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ സമ്മേളനങ്ങളിലും ഗുരുജി മറ്റു വിഷയങ്ങള്‍ക്കിടയില്‍ ഇത്തരം വ്യാജപ്രചരണത്തെ ഖണ്ഡിക്കുകയും യുക്തമായ വിശദീകരണം നല്‍കുകയും ചെയ്തു.
ഒരു ഉറപ്പും നല്‍കിയിട്ടില്ല
അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ”വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു. ഞാന്‍ സര്‍ക്കാരിന് ചില ഉറപ്പുകള്‍ എഴുതിക്കൊടുത്തൂ എന്ന പ്രചാരണം നടന്നുകൊണ്ടിരിക്കുന്നതായി അറിയുന്നു. ഞാന്‍ വളരെ വിശ്വാസത്തോടെ ഉറപ്പിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഒരുവിധത്തിലുമുള്ള ഉറപ്പും സര്‍ക്കാരിന് നല്‍കിയിട്ടില്ല. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കിയതെന്ന ചോദ്യം ഉയര്‍ന്നുവരാം. എനിക്ക് അതിനെക്കുറിച്ച് ഇത്രമാത്രമേ പറയാന്‍ സാധിക്കൂ. ഒരു കാര്യത്തെക്കുറിച്ച് ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുമ്പോള്‍ രണ്ടുകൂട്ടരും ഒരടി പിന്നോട്ടുവെയ്‌ക്കേണ്ടി വരാറുണ്ട്. അതനുസരിച്ച് ആദരണീയ വെങ്കടരാമശാസ്ത്രി പറഞ്ഞതനുസരിച്ച് സംഘം കാലങ്ങളായി തുടര്‍ന്നുവരുന്ന സംഘത്തിന്റെ സംവിധാ നം ലിപിബദ്ധമാക്കി നല്‍കാനുള്ള സമ്മതം നല്‍കി എന്നതുമാത്രമാണ് ഞാന്‍ ചെയ്തത്. ശാസ്ത്രിജി എന്റെ വന്ദ്യപിതാവിനെക്കാള്‍ ഒരുവയസ്സിന് മുതിര്‍ന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരം, അദ്ദേഹത്തിന്റെ പാണ്ഡിത്യം, ഏതുവിഷയത്തേയും ശാന്തമായി വിചിന്തനം ചെയ്യുന്ന സമീപനം എന്നിവ എന്നെപ്പോലെയുള്ള യുവാക്കളില്‍ വളരെ കുറവാണെന്നതിനാല്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. വേഗം സംഘനിരോധനം നീങ്ങിക്കിട്ടാനോ എന്റെ ജയില്‍ജീവിതത്തില്‍നിന്ന് മോചനം നേടാനോ ആയിട്ടല്ല മറിച്ച് ഉദാരമനസ്‌കനായ ശാസ്ത്രിജിയുടെ അഭിപ്രായത്തെ ആദരിക്കണമെന്ന നിലയ്ക്കാണ് ഞാന്‍ സമ്മതിച്ചത്. അതിനുശേഷം ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടു എന്നറിഞ്ഞപ്പോഴും എനിക്ക് സന്തോഷമേ ഉണ്ടായുള്ളു. അതിനുശേഷം സംഘനിരോധനം നീക്കിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷവാനായി. ഇതെല്ലാം എങ്ങനെ നടന്നു എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും എനിക്കില്ല. എല്ലാവരും എത്രമാത്രം വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണോ സംഘത്തെ കാണുന്നത്, ആ സംഘത്തിന് അപമാനജനകമായ ഒരു ശബ്ദവും എന്റെ വാക്കില്‍ കൂടി യോ എഴുത്തില്‍ കൂടിയോ ഉണ്ടായിട്ടില്ലെന്ന് ഉറപ്പു പറയുന്നു.”
1949 ജൂലൈ 31ന് നാഗപ്പൂരിലെ പ്രമുഖരായ സജ്ജനങ്ങളുടെ ഒരു സമ്മേളനം ശ്രീഗുരുജിയുടെ ആദരണാര്‍ത്ഥം മൗണ്ട് ഹോട്ടലില്‍ സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയില്‍ ‘ഹിതവാദ’ പത്രത്തിന്റെ പത്രാധിപരായ എ. ടി. മണി, ശ്രീഗുരുജിയോട് ചോദിച്ചു. ”നിരോധനം നീക്കുന്നതായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ താങ്കള്‍ സര്‍ക്കാരുമായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്നും ചില ഉപാധികള്‍ താങ്കള്‍ സ്വീകരിച്ചശേഷമാണ് നിരോധനം നീക്കിയതെന്നും പറയുന്നു. അവ എന്തെല്ലാമാണ്” അതിന് ശ്രീഗുരുജി അസന്നിഗ്ദ്ധമായി ഉത്തരം പറഞ്ഞു:- ”ഒരു തരത്തിലുള്ള കരാറും വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ഒരുതരത്തിലുള്ള ഉറപ്പും ഞാന്‍ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് നടത്തിയ സംഭാഷണങ്ങളിലും ചര്‍ച്ചകളിലുമൊന്നും വ്യക്തിപരമായ താത്പര്യത്തോടെ ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ മഹത്തായ സംഘടനയ്ക്ക് അപമാനമുണ്ടാകുന്ന എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മരണത്തെ ആലിംഗനം ചെയ്യുന്നതാണ് ശ്രേയസ്‌കരം എന്ന് ഞാന്‍ കരുതുന്നു.”
സത്യം പുറത്തുവരുന്നു
”സത്യം തലക്കുമുകളില്‍കയറി വിളിച്ചുപറയുന്നു” എന്നര്‍ത്ഥംവരുന്ന പഴഞ്ചൊല്ലനുസരിച്ച് സംഘത്തിനെതിരായ തെറ്റിദ്ധാരണ നീക്കാന്‍ സര്‍ക്കാര്‍ തന്നെ സത്യം പറയേണ്ട സ്ഥിതി സംജാതമായി. ”സംഘനിരോധനം നീക്കാനായി സംഘത്തിന്റെ നേതൃത്വം സര്‍ക്കാരിന് ചില ഉറപ്പുകള്‍ കൊടുത്തതായി പറയുന്നു. എന്താണുറപ്പുകള്‍?” എന്ന് ബോംബെ നിയമസഭയിലെ ചില അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് ”ആര്‍.എസ്.എസിന്റെ നിരോധനം തുടരുന്നത് അനാവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ട് ഒരുപാധിയും കൂടാതെയാണ് സംഘനിരോധനം നീക്കിയത്. സര്‍സംഘചാലക് ഒരുവിധത്തിലുമുള്ള വാഗ്ദാനമോ ഉറപ്പോ നല്‍കിയിട്ടില്ല.” എന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. (ബോംബെ നിയമസഭ നടപടികള്‍ – 15-10-49 – പേജ് 2126)
വിധാന്‍സഭയില്‍ സര്‍ക്കാര്‍തന്നെ എഴുതി സമ്മതിച്ച കാര്യത്തെക്കുറിച്ച് പിന്നീട് സംശയത്തിനവകാശമില്ല. ഈ മറുപടി സംഘത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു. ഇതിനുശേഷം സംഘവിരോധികള്‍ പുതിയൊരു കഥ ചമച്ച് പ്രചരണമാരംഭിച്ചു. ഗുരുജിയും സര്‍ദാര്‍ പട്ടേലുമായി ഒരു കരാര്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഒപ്പുവെയ്ക്കാനിരിക്കുന്നതേയുള്ളു എന്നതായിരുന്നു അത്. എന്നാല്‍ ഒരു വ്യവസ്ഥയും വെയ്ക്കാതെതന്നെയാണ് സര്‍ക്കാര്‍ സംഘത്തിന്റെ നിരോധനം നീക്കിയതെന്നകാര്യം ഈ സമയത്തിനകംതന്നെ എല്ലാവര്‍ക്കും ബോദ്ധ്യമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെയൊന്നും ജനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.
ഈ മറിമായം എങ്ങനെ, എന്തുകൊണ്ട്?
സംഘത്തിന്റെ നിരോധനം നീക്കുന്നത് അനാവശ്യമാണെന്നാണ് 1949 ജൂണ്‍ 11 വരെ സര്‍ക്കാര്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ട് സംഘവുമായുള്ള സംഭാഷണത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഒരുമാസത്തിനകം സംഘത്തിന്റെ നിരോധനം പെട്ടെന്ന് പിന്‍വലിക്കുക എന്ന മറിമായത്തിലെത്താന്‍ സര്‍ക്കാര്‍ തയ്യാറായത് പണ്ഡിറ്റ് മൗലിചന്ദ്രശര്‍മ്മയിലൂടെ ശ്രീഗുരുജി കൊടുത്തയച്ച കത്തിനെ അടിസ്ഥാനമാക്കി മാത്രമാണോ? അധികാരം ഉപയോഗിച്ച് സംഘത്തിനെതിരായി പോരാടുമെന്ന് പ്രതിജ്ഞചെയ്ത, സംഘത്തെ നിശ്ശേഷം ഉന്മൂലനം ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്ത നെഹ്രു പെട്ടെന്ന് നിരോധനം നീക്കുന്നതിന് അനുകൂലമായതെങ്ങനെ? ആരുംതന്നെ മദ്ധ്യസ്ഥരായി വരുന്നത് ഇഷ്ടപ്പെടാതിരുന്ന സര്‍ക്കാര്‍ പണ്ഡിറ്റ് മൗലിചന്ദ്രശര്‍മ്മയെപ്പോലുള്ള വ്യക്തിയെ അന്വേഷിച്ച് കണ്ടെത്തി മദ്ധ്യസ്ഥനാക്കി ക്കൊണ്ടുവരാന്‍ നിര്‍ബന്ധിതമായ സാഹചര്യം എന്തായിരുന്നു?
വാസ്തവത്തില്‍ ഇതില്‍ എന്തെങ്കിലും രഹസ്യമോ മറിമായമോ ഇല്ല. സംഘത്തിനുമേല്‍ ഗാന്ധിവധമെന്ന ആരോപണം ഉന്നയിച്ച് നിരോധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് സങ്കുചിതരാഷ്ട്രീയസ്വാര്‍ത്ഥം ഒന്നുമാത്രമാണ്. അതേ രാഷ്ട്രീയ സ്വാര്‍ത്ഥതകൊണ്ടുതന്നെയാണ് സംഘനിരോധനം നീട്ടിക്കൊണ്ടുപോയതും. ഇനി നിരോധനം നീട്ടിക്കൊണ്ടുപോകുന്നത് അവരുടെ സ്വാര്‍ത്ഥലാഭത്തിന് ദോഷമായിത്തീരാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയപ്പോഴാണ് സര്‍ക്കാര്‍ നിരോധനം നീക്കാനുള്ള നിര്‍ണ്ണയത്തിലെത്തിച്ചേര്‍ന്നത്. ഭാരതം ഉടന്‍തന്നെ സ്വന്തമായ ജനാധിപത്യ ഭരണഘടനയ്ക്കുകീഴില്‍ വരാന്‍ പോകുന്നു. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘ നിരോധനം നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യത്തിന് ഹാനികരമായേക്കാം എന്ന ചിന്തയും ഒരുപക്ഷെ വന്നിരിക്കാം. തങ്ങള്‍ക്കുനേരെ നടക്കുന്ന അന്യായത്തിനെതിരെ സ്വതന്ത്രനീതി പീഠത്തിനുമുന്നില്‍ സംഘം കേസുമായി ചെന്നാല്‍ വിചാരണസമയത്ത് സര്‍ക്കാരിന്റെ സര്‍വ്വ ദുഷ്‌ചെയ്തികളും പുറത്തുവരുന്നതാണ്. സര്‍ക്കാരിന്റെ നിരങ്കുശമായ സ്വേച്ഛാധിപത്യ മനോഭാവം മറനീക്കി പ്രകടമായേക്കാം. ശ്രീഗുരുജിയും സര്‍ക്കാരും തമ്മിലുണ്ടായ കത്തിടപാടുകള്‍ പ്രസിദ്ധീകരിച്ചു പുറത്തുവന്നാല്‍ നാട്ടിലെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ സര്‍ക്കാരിന്റെ കള്ളക്കളികളും കപടപ്രവൃത്തികളും നീചമനഃസ്ഥിതിയും മനസ്സിലാക്കുന്നതാണ് എന്നീ കാര്യങ്ങളെല്ലാം ഭരണകൂടം ഭയപ്പെട്ടിരുന്നു. സംഘം നടത്തിയ അഭൂതപൂര്‍വ്വമായ സത്യഗ്രഹം ജനമനസ്സില്‍ ആഴത്തില്‍ സഹാനുഭൂതി പിടിച്ചുപറ്റിയിരിക്കുന്നതായും ഭരണാധികാരികളുടെ ദൃഷ്ടിയില്‍ പെട്ടിരുന്നു. അത്തരം സഹാനുഭൂതിയുടെ ഫലമായി സംഘത്തിന്റെ മനോവീര്യം വര്‍ദ്ധിച്ചിരുന്നു. തത്ഫലമായി എല്ലാം സഹിച്ചിരിക്കാന്‍ തയ്യാറല്ലാത്ത സ്ഥിതിയില്‍ അവര്‍ എത്തിയിരുന്നു. സംഘത്തിന്റെ ലക്ഷാവധി സ്വയംസേവകരും അനുഭാവികളും ചേര്‍ന്ന് സര്‍വ്വവേദികളും ഉപയോഗപ്പെടുത്തി ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജനൈതികരംഗത്തും പ്രവേശിച്ച് സര്‍ക്കാരിന് വിഷമം സൃഷ്ടിക്കാന്‍ സാധിക്കുന്ന സ്ഥിതിയില്‍ അവരെത്തിച്ചേര്‍ന്നിരുന്നു. നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളെ തടവുകാരാക്കി വെച്ചിരിക്കുന്നുവെന്ന കാര്യം ജനങ്ങളില്‍ അശാന്തി സൃഷ്ടിച്ചിരിക്കുന്നു. അന്യായത്തിനുമുന്നില്‍ മുട്ടുമടക്കാന്‍ സംഘം ഇനി തയ്യാറല്ലെന്നും സര്‍വ്വശക്തിയുമുപയോഗിച്ച് പ്രത്യാക്രമണ മനോഭാവത്തോടെ സര്‍വ്വവേദികളും പ്രയോജനപ്പെടുത്തി മുന്നേറാന്‍ അവര്‍ തയ്യാറായിരിക്കുകയാണെന്നും മനസ്സിലാക്കിയ ഭരണാധികാരികള്‍ ഒട്ടും താമസിക്കാതെ യാതൊരു ഉപാധിയുമില്ലാതെ സംഘനിരോധനം നീക്കുന്നതായിരിക്കും ബുദ്ധി എന്ന് ചിന്തിച്ചു. അതുകൊണ്ടാണ് മൗലിചന്ദ്രശര്‍മ്മയെ മദ്ധ്യസ്ഥനാക്കി ചര്‍ച്ച നടത്തി സംഘനിരോധനം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സര്‍ക്കാര്‍ ധൃതിപിടിച്ച് നടപടികള്‍ക്ക് തയ്യാറായതിന്റെ രഹസ്യവും മറിമായവും ഇതായിരുന്നു.
(തുടരും)