- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വീണ്ടും മുടന്തന്‍ന്യായങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 41)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘത്തിന്റെ ഭരണഘടന കയ്യില്‍ വന്നപ്പോള്‍ താത്ക്കാലിക മൗനത്തിനുശേഷം അതില്‍ ചില ദോഷങ്ങള്‍ ആരോപിച്ച് ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുജിക്ക് സര്‍ക്കാര്‍ കത്തയച്ചു. സംഘത്തിന്റെ സര്‍വ്വോന്നത അധികാരിയായ സര്‍സംഘചാലകനെ തെരഞ്ഞെടുക്കാനുള്ള വ്യവസ്ഥ സംഘത്തിന്റെ ഭരണഘടനയിലില്ലെ ന്നും ആ പദവിയില്‍ ജീവിതകാലം മുഴുവന്‍ തുടരാം എന്ന വ്യവസ്ഥയുള്ളതുകൊണ്ട് സംഘം ഫാസിസ്റ്റ് സംഘടനയാണ് എന്ന ഭാവമാണ് പ്രകടമാകുന്നതെന്നും അതിനാല്‍ ഈ കാര്യത്തില്‍ മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മറ്റൊരു ആക്ഷേപകരമായ കാര്യം സംഘത്തില്‍ 18 വയസ്സിന് താഴെയുള്ള ബാലന്മാര്‍ക്ക് പ്രവേശനം നല്‍കുന്നു എന്നതായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന നിലയ്ക്ക് ശാസ്ത്രിജി സര്‍ക്കാരിന് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടെഴുതി: ”സംഘത്തിന്റെ ഭരണഘടനയെക്കുറിച്ച് എനിക്ക് പറയാനുള്ളത് അതില്‍ കുറ്റം ചൂണ്ടിക്കാണിക്കത്തക്കതായി ഒന്നും തന്നെയില്ലെന്നതാണ്. സംഘം ഒരു സാംസ്‌കാരിക സംഘടനയാണ്. അതിന്റെ ഉന്നതാധികാരി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാകണമെന്നില്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാവുന്നതാണ്. സംഘത്തിന്റെ സംഘടനാപരമായ (ഭരണപരമായ) കാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന സര്‍കാര്യവാഹിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുണ്ട്. ഒരു നിശ്ചിത കാലയളവില്‍ തെരഞ്ഞെടുപ്പില്‍ കൂടിയാണ് ആ സ്ഥാനത്തേയ്ക്കുള്ള വ്യക്തി ചുമതലയില്‍വരുന്നത് എന്നുമാത്രമല്ല സംഘത്തിന്റെ കാര്യകാരിമണ്ഡലത്തിലേയ്ക്കു കൂടി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വ്യവസ്ഥയാണ് ഭരണഘടനയിലുള്ളത്.
സര്‍ക്കാര്‍ സംഘനിരോധനം നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വിവ രം ക്രമേണ ജനങ്ങള്‍ക്ക് മനസ്സിലായി. ചെന്നായയുടെയും ആടിന്റെ യും കഥപോലെ എന്തെങ്കിലും കൂടുതല്‍ ന്യായങ്ങള്‍ ഉദ്ധരിച്ച് സംഘത്തെ നശിപ്പിക്കാനാണുദ്ദേശ്യമെന്ന് ബോധ്യപ്പെട്ടുതുടങ്ങി. സര്‍ക്കാരിന്റെ പിടിവാശിക്കും അഹന്ത നിറഞ്ഞ പെരുമാറ്റത്തിനുമെതിരെ നാനാഭാഗത്തുനിന്നും എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു. പൊതുസമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തികളും, മുന്‍പന്തിയില്‍ വരാന്‍ സന്നദ്ധരായി. സംഘഭരണഘടന വായിച്ചശേഷം അത് തികച്ചും കുറ്റമറ്റതാണെന്ന് വിവരിച്ചുകൊണ്ട് അഡ്വ. ഇ. ശ്രീനിവാസ് ഠാക്കൂര്‍, രാമചരണ്‍സിങ് പവാര്‍, സി.കെ.ഡി.നായിഡു എന്നിവരെ പോലുള്ള പ്രമുഖ അഭിഭാഷകന്മാര്‍ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ഒരു സംയുക്ത പ്രസ്താവനയിറക്കി. ”രണ്ടുമാസത്തെ കാലാവധിക്കുള്ളില്‍ സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന്റെ മുന്‍കാല ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭങ്ങളെയെല്ലാം നിഷ്പ്രഭമാക്കി, ചരിത്രം സൃഷ്ടിച്ചു. മദ്ധ്യസ്ഥന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് സംഘനേതൃത്വം സത്യഗ്രഹം പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഭരണഘടനയെ സംബന്ധിച്ച അര്‍ത്ഥശൂന്യമായ മുടന്തന്‍വാദങ്ങള്‍ അവസാനിപ്പിക്കണം. ഞങ്ങള്‍ ഭരണഘടന വായിച്ചു. അതില്‍ ദോഷകരമായി ഒന്നുംതന്നെയില്ല. അതിനാല്‍ സംഘത്തിന്റെ മേലുള്ള നിരോധനം ഉടനെ നീക്കേണ്ടതാണ്.” വിഭിന്ന വര്‍ത്തമാനപത്രങ്ങളില്‍ പ്രമുഖ വ്യക്തികളുടെ കത്തുകള്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് നേതാക്കന്മാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടും സംഘത്തിന്റെ നിരോധനം സംബന്ധിച്ച് ഒരു തീരുമാനമെടുക്കാതിരിക്കുക, ആയിരക്കണക്കിന് യുവാക്കന്മാരെ ജയിലില്‍ തടവുകാരാക്കിവെയ്ക്കുക എന്നിവയെല്ലാം സംഘത്തെ സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ ബലിയാടാക്കി മാറ്റിയിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. സംഘത്തിന്റെ ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മനസ്സിലാക്കുന്നു. വാസ്തവത്തില്‍ ജനാധിപത്യ വ്യവസ്ഥയനുസരിച്ച് ഒരു ഭരണകൂടത്തിനും ഏതൊരു സംഘടനയുടെയും ഭരണഘടനയില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാന്‍ അധികാരമില്ല – എന്നെല്ലാമായിരുന്നു അവയില്‍ പറഞ്ഞിരുന്നത്.
കെ.ആര്‍. മല്‍കാനി മെയ് 22ന് എഴുതി:- ”സാംസ്‌കാരികവും സ്വതന്ത്രവുമായ സംഘടനകള്‍ രാജനൈതിക സംഘടനകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവയ്ക്ക് ഭരണഘടനയുടെ ആവശ്യമില്ല. സര്‍വ്വോദയസമാജം അത്തരത്തിലുള്ള സംഘടനയാണ്. അതിന് ലിഖിതമായ ഒരു ഭരണഘടനയില്ല.” നാഗപൂരിലെ ‘യുഗധര്‍മ്മ’ ”സര്‍വ്വോദയസമാജത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു” എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ സര്‍ക്കാര്‍ നയത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
നാഗപ്പൂരിലെ സുപ്രസിദ്ധ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാല്‍ വീര്‍ ഹര്‍ക്കറെ, അഖിലഭാരതീയ ഫോര്‍വേഡ് ബ്ലോക് ജനറല്‍ സെ ക്രട്ടറിയും തൊഴിലാളി നേതാവുമായ രാംഭാവു റൂയിക്കര്‍, ഭാരതസേ വക് സമാജത്തിന്റെ പ്രമുഖാംഗമായ സി.വി.വഞ്ചേ, ‘ഉദയ’ യുടെ (അമര വാണി) പത്രാധിപരും ബറാറിലെ പ്രമുഖ നേതാവുമായ വാമന്‍ഗാവ്ക്കര്‍, മദ്ധ്യപ്രദേശിന്റെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗോമെ തുടങ്ങിയവരെല്ലാം ഈ പ്രശ്‌നത്തോടുള്ള സര്‍ക്കാരിന്റെ മെല്ലെപോക്കുനയത്തെ തങ്ങളുടെ പ്രസ്താവനകളിലൂടെ വിമര്‍ശിച്ചു.
നാലുഭാഗത്തുനിന്നും സംഘനിരോധനം നീക്കാനുള്ള സമ്മര്‍ദ്ദം ശക്തമായപ്പോഴും സര്‍ക്കാര്‍ അത് ചെവിക്കൊള്ളാതെ ജനവികാര ത്തെ കാലുകൊണ്ട് തട്ടിമാറ്റുന്ന സ്ഥിതിയില്‍ ജൂണ്‍ 7 ന് പൂണെയി ലെ ‘കേസരി’ ”സംഘനിരോധനം സ്വേച്ഛാധിപത്യം” എന്ന ശീര്‍ഷകത്തില്‍ വാരാന്ത്യാവലോകന കോളത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടെഴുതി: ”ഹിറ്റ്‌ലര്‍ നടത്തിയത് തുറന്ന സ്വേച്ഛാധിപത്യഭരണമായിരുന്നു. അതിന് മറയില്ലായിരുന്നു. ഇന്ന് സംഘത്തിനെതിരെ സ്വദേശീഭരണകൂടം മൂടുപടം ധരിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യനടപടികള്‍ ഹിറ്റ്‌ലറുടെതിനെക്കാള്‍ ക്രൂരവും പ്രാകൃതവുമാണ്. ഹിറ്റ്‌ലറുടെ ഏകാധിപത്യഭരണത്തിന് അതിന്റേതായ ഒരു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഈ ഭരണകൂടം സംഘമാണ് ഗാന്ധിഹത്യയ്ക്ക് കാരണക്കാര്‍ എന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ സംഘനിരോധനം നിത്യവുമെന്നോണം പുതിയപുതിയ ആരോപണങ്ങളുന്നയിച്ച് ഇപ്പോള്‍ ’18 വയസ്സില്‍ താഴേയുള്ള കുട്ടികളെ സംഘത്തില്‍ പ്രവേശിപ്പിക്കുന്നു’; ‘സംഘത്തില്‍ സര്‍സംഘചാലകന്റെ സ്ഥാനം വഹിക്കുന്ന വ്യക്തി ജീവിതകാലം മുഴുവന്‍ ആ പദവിയില്‍ തുടരുന്നു’ എന്നീ ആക്ഷേപങ്ങളുന്നയിച്ചുകൊണ്ട് സംഘനിരോധനം നീട്ടിക്കൊണ്ടുപോകുന്നു. ഇതില്‍ ഞങ്ങള്‍ ഒരു നീതീകരണവും കാണുന്നില്ല. സാംസ്‌കാരിക കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയുടെ ഭരണഘടന ഒരു പ്രത്യേക രീതിയില്‍ മാറ്റി എഴുതണമെന്ന് അവകാശപ്പെടുന്നതിലൂടെ സര്‍ക്കാര്‍ അധികാരദുരുപയോഗമാണ് നടത്തുന്നത്.”
ഇതെല്ലാമായിട്ടും സര്‍ക്കാര്‍ അതിന്റെ പിടിവാശിയില്‍ ഉറച്ചുനിന്നു. ഈ അവസ്ഥയില്‍ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഗുരുജിക്ക് മനസ്സിലായി. അതുകൊണ്ട് ഈ ഭരണകൂടവുമായുള്ള കത്തിടപാടുകള്‍ നിഷ്പ്രയോജനമാണെന്ന് അദ്ദേഹം ചിന്തിച്ചു. സംഘത്തിനെതിരായ സകല ആക്ഷേപങ്ങള്‍ക്കും യുക്തിയുക്തമായി ഉത്തരം നല്‍കിയശേഷം സത്യത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാറിന് സ്വീകാര്യമല്ലാത്ത സ്ഥിതിക്ക് ഇനിമേല്‍ സര്‍ക്കാറുമായി എഴുത്തുകുത്തുകള്‍ തുടരുന്നത് ഉചിതമല്ലെന്ന് വിശ്വസിക്കുന്നു എന്ന് ജൂണ്‍ 1 ന് അദ്ദേഹം അവസാനമായി എഴുതി. മറുഭാഗത്തുനിന്ന് ജൂണ്‍ 11-ാം തീയതി ആഭ്യന്തരമന്ത്രാലയകാര്യദര്‍ശി അയ്യങ്കാര്‍ സിംലയില്‍നിന്ന് ഗുരുജിക്ക് ഒരു കത്തയച്ചു. അതില്‍ എഴുതിയിരുന്നത് ഭാവിയില്‍ കത്തിടപാടുകള്‍കൊണ്ട് പ്രയോജനമില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം എന്നായിരുന്നു.
ആഭ്യന്തര കാര്യാലയത്തില്‍നിന്നുള്ള ഈ കത്തോടുകൂടി ചര്‍ച്ചയ്ക്കുള്ള എല്ലാ പഴുതുകളും അടഞ്ഞു.
വസ്തുതകളെല്ലാം വിലയിരുത്തുമ്പോള്‍ നടപടികളെല്ലാം നീട്ടിക്കൊണ്ടുപോയി, സംഘപ്രവര്‍ത്തകരുടെ മനസ്സില്‍ നിരാശ സൃഷ്ടിച്ച് സംഘത്തെ പൂര്‍ണ്ണമായും തളര്‍ത്താനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു ഊഹിക്കാവുന്നതാണ്. സത്യഗ്രഹം അവസാനിപ്പിച്ചശേഷവും സംഘനിരോധനം പിന്‍വലിക്കാത്ത കാരണ ത്താല്‍ സ്വയംസേവകര്‍ നിരാശരായിത്തീരുമെന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യോഗ്യമായ മാര്‍ഗ്ഗദര്‍ശനം കിട്ടാതെ വരുമ്പോള്‍ അണികളില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും സംഘടന തകരുകയും ചെയ്യുമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ”സംഘമാകുന്ന ഭൂതത്തെ ഒരുതരത്തില്‍ കുപ്പിക്കുള്ളിലാക്കി കഴിഞ്ഞിരിക്കുന്നു. അത് മരിച്ച ശേഷമേ പുറത്തെടുക്കാവൂ” എന്ന ചിന്തയോടെയാണ് സര്‍ക്കാറിന്റെ നീക്കമെന്ന് പിന്നീടുള്ള ചില സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
കത്തുകള്‍ എത്തേണ്ടിടത്ത് എത്തിച്ചില്ല
ശ്രീഗുരുജി ജയിലില്‍നിന്ന് ബാളാസാഹേബ് ദേവറസ്ജിക്ക് സ്വന്തം കയ്യക്ഷരത്തില്‍ ഒരു കത്തെഴുതി. ആ കത്ത് നിയമാനുസൃതം സിവനിയിലെ കാര്യകര്‍ത്താവായ സേഠ് രാമനാഥജിക്ക് എത്തിച്ചുകൊടുക്കാന്‍ ഏര്‍പ്പാടുചെയ്തു. രണ്ടാംദിവസം കേന്ദ്രആഭ്യന്തരമന്ത്രിക്കയച്ച കത്തുകളുടെ വിവരങ്ങളും വിശദീകരണങ്ങളും അടങ്ങുന്ന കത്തും, അതോടൊപ്പം ഇതെല്ലാം നാഗപ്പൂരില്‍ ഭാവുജിയുടെ (ഗുരുജിയുടെ വന്ദ്യപിതാവ്) കൈകളിലെത്തിക്കണമെന്ന സേഠ് രാമനാഥിനുള്ള കത്തും ജയിലധികൃതരെ ഏല്‍പിച്ചു. എന്നാല്‍ ജയിലധികൃതര്‍ അതെല്ലാംതന്നെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദ്വാരികാപ്രസാദ് മിശ്രയ്ക്ക് എത്തിച്ചുകൊടുക്കുകയാണുണ്ടായത്. അദ്ദേഹം അത് സര്‍ദാര്‍ പട്ടേലിന് അയച്ചുകൊടുത്തു. സര്‍ദാര്‍ പട്ടേല്‍ ആ സാമഗ്രികള്‍ സംഘകാര്യകര്‍ത്താക്കള്‍ക്ക് എത്തിച്ചുകൊടുക്കരുത് എന്ന് നിശ്ചയിച്ചു. അങ്ങനെയുള്ള തീരുമാനമെടുക്കാന്‍ പട്ടേലിനെ പ്രേരിപ്പിച്ചതിന്റെ ഉദ്ദേശ്യം അദ്ദേഹം ജൂണ്‍ 3-ാം തീയതി ദ്വാരികപ്രസാദിനെഴുതിയ കത്തില്‍ പ്രകടമാകുന്നു. ”ഇതൊന്നും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തരുതെന്നാണ് ഈ സാമഗ്രികളെല്ലാം വായിച്ചശേഷം എത്തിച്ചേര്‍ന്ന നിഗമനം. ഈ കത്ത് പ്രമുഖ സംഘപ്രവര്‍ത്തകരുടെ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ അതില്‍ നിര്‍ദ്ദേശിച്ചിരുന്ന കാര്യങ്ങള്‍ ‘ഹൈക്കമാന്‍ഡി’ന്റെ ആജ്ഞയാണെന്ന നിലയ്ക്ക് അവരെല്ലാവരും സ്വീകരിക്കാന്‍ തയ്യാറാകും. മറിച്ച് ഇത് അവര്‍ക്കെത്തിയില്ലെങ്കില്‍ അനുയായികള്‍ ആശയക്കുഴപ്പത്തില്‍പ്പെട്ട് തമ്മില്‍ത്തല്ലി തലകീറാന്‍ തയ്യാറാകും. ആ സമയത്ത് നമുക്ക് ഒരു സംഘടിതശക്തി എന്നതിനുപകരം വിഘടിതപ്രസ്ഥാനത്തെ വളരെ സരളമായി കൈകാര്യം ചെയ്യാന്‍ കഴിയും.” (ലിവിങ് ഏന്‍ ഇറ – പണ്ഡിറ്റ് ജി. മിശ്ര പേജ് 80).
സര്‍ക്കാരിന്റെ ചിന്തയും നടപടികളുടെ ദിശയും ഇതില്‍നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അതിനുശേഷം ശ്രീഗുരുജിയുടെ കത്ത് ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചില്ലെന്നുമാത്രമല്ല അദ്ദേഹത്തെ സിവനിയില്‍നിന്നും ബേത്തൂള്‍ ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു.
സംഘത്തിന്റെ നിരോധനം നീക്കാതിരിക്കാനായി സര്‍ക്കാര്‍ പല കപടതന്ത്രങ്ങളും പ്രയോഗിച്ചിരുന്നു. എന്നാല്‍ ഗുരുജി സര്‍ക്കാരുമായുള്ള കത്തിടപാടുകള്‍ നിറുത്തിവെച്ചതായി പ്രഖ്യാപിക്കുകയും ചര്‍ച്ചകള്‍കൊണ്ടിനി ഒരു പ്രയോജനവുമില്ലെന്ന് ആഭ്യന്തരമന്ത്രാലയം തുടര്‍ന്ന് എഴുതുകയും ചെയ്തതോടെ സര്‍ദാര്‍ പട്ടേല്‍ വിഷമസന്ധിയിലായി. ഒരുപക്ഷെ ഏതെങ്കിലും സമ്മര്‍ദ്ദത്താല്‍ സംഘനിരോധനം നീക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കണക്കാക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ചിന്തിച്ചു. അതിനാല്‍ അദ്ദേഹം മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.
ഇതേ സന്ദര്‍ഭത്തില്‍ 1949 ജൂണ്‍ 4 ന് സര്‍കാര്യവാഹ് ഭയ്യാജി ദാണിയും ബാളാസാഹേബ് ദേവറസും ജയില്‍മുക്തരായി നാഗപ്പൂരിലെത്തി. ഏകനാഥജി തുടങ്ങിയ പ്രമുഖ കാര്യകര്‍ത്താക്കളുമായി ഒരു മിച്ചിരുന്ന് ചര്‍ച്ചചെയ്തശേഷം ഇനി സര്‍ക്കാരുമായി അനുനയത്തിന്റെയും വിനയത്തിന്റേതുമായ സമീപനം കൈക്കൊള്ളുന്നതില്‍ അര്‍ത്ഥമില്ലെന്ന തീരുമാനത്തിലെത്തി. അവരുടെ ആഗ്രഹം സംഘത്തെ തകര്‍ക്കുക എന്നതാണ്. പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഘനിരോധനം നീട്ടിക്കൊണ്ടുപോയി സംഘകാര്യകര്‍ത്താക്കളുടെ മനോവീര്യം കെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ശക്തമായ നിലപാട് സ്വീകരിക്കാനുള്ള തീരുമാനമെടുത്തു.
സംഘനേതൃത്വം ശക്തമായ നിലപാടിലേയ്ക്ക്
പരിതഃസ്ഥിതി പണ്ടത്തെക്കാള്‍ അനുകൂലമാണെന്ന് സംഘനേതൃത്വം വിലയിരുത്തി. സംഘം നിരോധിക്കപ്പെട്ട ആരംഭദിനങ്ങളില്‍ സര്‍ക്കാര്‍ മാത്രമല്ല പൊതുജനങ്ങളും വര്‍ത്തമാനപത്രങ്ങളും നമുക്കെതിരായിരുന്നു. ഗാന്ധിജിയെക്കൊന്നവരെന്ന കളങ്കം നമ്മെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ത്തമാനപത്രങ്ങള്‍ സൃഷ്ടിച്ച തെറ്റിദ്ധാരണയില്‍നിന്ന് ജനങ്ങള്‍ വിമുക്തരായി കഴിഞ്ഞിരിക്കുന്നു. അഭൂതപൂര്‍വമായ ശാന്തതയോടെ അഹിംസാത്മകമായി ദേശവ്യാപകമായി നടത്തിയ സത്യഗ്രഹത്തിലൂടെ സംഘം സ്വന്തം ശക്തി പ്രകടിപ്പിച്ചിരിക്കുന്നു. ‘ഹിംസയുടെ പൂജാരിമാരാണ്’ എന്നും മറ്റും സംഘത്തിനുമേല്‍ ആരോപിക്കപ്പെട്ട കാര്യങ്ങളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് ഇപ്പോള്‍ ശക്തമായ നിലപാടെടുക്കേണ്ടതാണ്. സംഘനേതൃത്വം ഉറച്ച സമീപനത്തിലേയ്ക്ക് നീങ്ങി. ഇനി കത്തിടപാടുകളൊന്നും നടക്കുകയില്ലെന്ന് പുറമേയുള്ള ജനങ്ങള്‍ക്കും ബോധ്യമായി. ഭയ്യാജി ദാണിയും ബാളാസാഹേബ് ദേവറസും അത്യന്തം ശക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കേവലം രാജനൈതിക ക്ഷേത്രത്തില്‍ മാത്രമല്ല സമാജത്തിന്റെ സകലമേഖലകളിലേയ്ക്കും സംഘം പ്രവേശിക്കും എന്ന സൂചന നല്‍കിയിരുന്നു. രാജനൈതികരംഗമെന്നത് സംഘത്തിന് ഇപ്പോള്‍ വര്‍ജ്യമല്ല!
ഒരു ഭാഗത്ത് സംഘാംഗങ്ങള്‍ മുഖേന ജനകീയമായ പുതിയൊരു രാഷ്ട്രീയകക്ഷി ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാല്‍ ഭരണാധികാരശക്തി അസ്വസ്ഥമായി. അതേസമയത്തുതന്നെ ബംഗാളിലെ കമ്യൂണിസ്റ്റുകളുടെ ആക്രമണങ്ങള്‍ ഭരണാധികാരികളുടെ മുന്നില്‍ ഭീഷണിയായിത്തീര്‍ന്നു. ഗുരുജി തന്റെ കത്തുകളിലും നേരി ട്ടുള്ള ചര്‍ച്ചകളിലും ഈ വിഷയം സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ അവരുടെ മുന്നില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു.
സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള, സംഘത്തിന് അനുകൂലമായ ജനാഭിപ്രായത്തിന്റെ അന്തരീക്ഷത്തില്‍ നാട്ടിലെ പ്രമുഖവ്യക്തികള്‍, സംഘത്തിനും സര്‍ക്കാരിനുമിടയില്‍ മദ്ധ്യസ്ഥതയിലേര്‍പ്പെട്ട വെങ്കടരാമശാസ്ത്രിയോട് മൗനംവെടിഞ്ഞ് സര്‍വ്വകാര്യങ്ങളും വെ ളിപ്പെടുത്തുന്ന പ്രസ്താവനകളുമായി രംഗത്തുവരണമെന്നാവശ്യപ്പെട്ടു. ജനങ്ങള്‍ക്കെല്ലാം സത്യസ്ഥിതി മനസ്സിലാക്കാനായി, സംഘ നിരോധനം നീക്കാനായി താന്‍ ചെയ്ത പരിശ്രമങ്ങളും അതിനോട് സര്‍ക്കാര്‍ കാണിച്ച നിഷേധാത്മക സമീപനങ്ങളും സംബന്ധിച്ച് സവിസ്തരമായ പ്രസ്താവന പ്രസിദ്ധീകരിക്കാനായി ശാസ്ത്രിജിയോട് ബാളാസാഹേബ് ദേവറസും ഭയ്യാജി ദാണിയും അഭ്യര്‍ത്ഥിച്ചു.
ഉചിതമായ സന്ദര്‍ഭം വന്നുചേര്‍ന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ശാസ്ത്രിജി വിശദമായ ഒരു പ്രസ്താവന തയ്യാറാക്കി 1949 ജൂലൈ 11 ന് ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന അപേക്ഷയോടെ എല്ലാ വര്‍ത്തമാനപത്രങ്ങള്‍ക്കും എത്തിച്ചുകൊടുത്തു.
ശാസ്ത്രിജിയില്‍ സമ്മര്‍ദ്ദമേറുന്നുണ്ടെന്നും ഏത് സന്ദര്‍ഭത്തിലും അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും സര്‍ദാര്‍ പട്ടേലിന് വിവരം കിട്ടി. ശാസ്ത്രിജിയെപോലെ നൂറുശതമാനവും നീതിനിഷ്ഠനായ വ്യക്തിയുടെ മദ്ധ്യസ്ഥതയെ സംബന്ധിച്ച വിവരം പുറത്തുവന്നാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്ന് പട്ടേല്‍ ചിന്തിച്ചു. പൊതുജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടും. അതിനുശേഷം സര്‍ക്കാരിന്റെ സ്ഥിതി അത്യന്തം പരിതാപകരമാകും. അതിനാല്‍ ശാസ്ത്രിജിയുടെ പ്രസ്താവന പുറത്തുവരുന്നതിനുമുമ്പ് എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് സര്‍ദാര്‍ പട്ടേല്‍ ചിന്തിച്ചു.
(തുടരും)