- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ഒരിക്കല്‍ കാശിരാജാവും കുറേ സൈനികരുംകൂടി ശ്രീരാമനെ കാണാന്‍ അയോധ്യയിലേക്കു പുറപ്പെട്ടു. ശ്രീരാമന്‍ അവിടെ രാജാവായി വാണരുളുന്ന കാലമായിരുന്നു അത്. ശ്രീരാമന്റെ അനുഗ്രഹം വാങ്ങുക എന്നതുമാത്രമായിരുന്നു കാശിരാജാവിന്റെ ആഗമനോദ്ദേശ്യം.
യാത്രയ്ക്കിടയില്‍ അവര്‍ വിഷ്ണുഭക്തനായ നാരദമഹര്‍ഷിയെ കണ്ടുമുട്ടി. മഹര്‍ഷി ചോദിച്ചു: ”രാജാവും സൈനികരുംകൂടി എവിടേയ്ക്കാണ് യാത്ര?”
”ഞങ്ങള്‍ ശ്രീരാമചന്ദ്രനെ കണ്ട് അനുഗ്രഹം തേടാന്‍ പോവുകയാണ്” -കാശിരാജാവ് പറഞ്ഞു.
”കൊള്ളാം നല്ലകാര്യം. ശ്രീരാമനെ അങ്ങ് സാഷ്ടാംഗം കൈവണങ്ങണം, പക്ഷേ അതിനപ്പുറത്ത് കുലഗുരുവായ വസിഷ്ഠമഹര്‍ഷി ധ്യാനത്തില്‍ മുഴുകിയിരിപ്പുണ്ടാകും. അദ്ദേഹത്തെ ഒരു കാരണവശാലും വന്ദിക്കരുത് ” -നാരദമഹര്‍ഷി അവരെ ഓര്‍മ്മപ്പെടുത്തി.
”അതെന്താ മുനീന്ദ്രാ, അങ്ങനെ പറയുന്നത്?” കാശിരാജാവ് ചോദിച്ചു.
”അക്കാര്യമൊന്നും നിങ്ങള്‍ തല്‍ക്കാലം തിരക്കേണ്ട. ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മാത്രം മതി” -നാരദമുനി അറിയിച്ചു.
അതുകേട്ടപ്പോള്‍ കാശിരാജാവിന് വല്ലാത്തൊരു ആശയക്കുഴപ്പമുണ്ടായി. എങ്കിലും നാരദമുനിയെ അനുസരിക്കാതിരിക്കുവാന്‍ പറ്റുമോ?
അയോധ്യയിലെത്തിയ കാശിരാജാവ് വസിഷ്ഠമഹര്‍ഷിയെ കണ്ടഭാവം നടിക്കാതെ ശ്രീരാമനെ മാത്രം ആപാദചൂഢം കൈവണങ്ങി.
ഇതുകണ്ടതോടെ ശ്രീരാമന്‍ കോപിച്ചു: ”എന്റെ കുലഗുരുവായ വസിഷ്ഠനെ നിന്ദിച്ച കാശിരാജാവിനെ ഞാന്‍ വെറുതെ വിടില്ല. ഇതിനു ഞാന്‍ കനത്ത ശിക്ഷ തന്നെ നല്‍കും” -ശ്രീരാമന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ ആവനാഴിയില്‍ നിന്ന് മൂന്ന് കൂരമ്പുകളെടുത്ത് വസിഷ്ഠമഹര്‍ഷിയുടെ കാല്‍ക്കല്‍ വച്ചു.
ഇക്കാര്യങ്ങളെല്ലാം കാശിരാജാവ് യഥാസമയംതന്നെ അറിയുന്നുണ്ടായിരുന്നു. ശ്രീരാമന്‍ തന്നോടു പ്രതികാരത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത കേട്ട് കാശിരാജാവ് നടുങ്ങിത്തെറിച്ചു. അദ്ദേഹം വേഗം നാരദന്റെ പക്കലേക്ക് ഓടിച്ചെന്നു. അപ്പോള്‍ നാരദന്‍ പറഞ്ഞു: ”ആരുപറഞ്ഞിട്ടായാലും രാജാവ് ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യരുത്. ഇനി ഒരാള്‍ക്കുമാത്രമേ അങ്ങയെ രക്ഷിക്കാനാവൂ.”
”ആരാണത്? വേഗം പറഞ്ഞുതീരൂ” -കാശിരാജാവ് കൂപ്പുകൈയോടെ ആരാഞ്ഞു.
”അതു മറ്റാരുമല്ല; വായുപുത്രനായ സാക്ഷാല്‍ ഹനുമാന്‍!” -നാരദമഹര്‍ഷി വ്യക്തമാക്കി.
ഇതുകേട്ട ഉടനെ കാശിരാജാവ് ഓടിക്കിതച്ച് ഹനുമാന്റെ പക്കലെത്തി. ഉണ്ടായ സംഗതികളെല്ലാം അദ്ദേഹം ഹനുമാനെ പറഞ്ഞുകേള്‍പ്പിച്ചു. ഹനുമാന് കാശിരാജാവിനോട് എന്തെന്നില്ലാത്ത ദയവുതോന്നി. എന്തുചെയ്തും കാശി രാജാവിനെ രക്ഷിക്കണമെന്ന് ഹനുമാന്‍ വിചാരിച്ചു. ഹനുമാന്‍ വേഗം ശ്രീരാമന്റെ അരികിലേക്ക് ഓടിച്ചെന്നു. എന്നിട്ടു പറഞ്ഞു:
”പ്രഭോ, അങ്ങ് അടിയനെ എല്ലായ്‌പ്പോഴും അനുഗ്രഹിക്കുന്ന തേജസ്വരൂപനല്ലേ? അടിയന് ഇപ്പോള്‍ അത്യാവശ്യമായി ഒരു വരം കൂടി നല്‍കണം.”
”വത്സാ, എന്താണ് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്?” – ശ്രീരാമന്‍ ചോദിച്ചു.
”രാമനാമം ജപിക്കുന്നവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ഒരു വരമാണ്. അടിയന്തിരമായി അടിയനുനല്‍കേണ്ടത് ” -ഹനുമാന്‍ കൂപ്പുകൈയോടെ അറിയിച്ചു.
”ഓഹോ, അതു നാം സന്തോഷപൂര്‍വ്വം നല്‍കുന്നു” -ശ്രീരാമന്‍ പുഞ്ചിരിയോടെ തന്റെ ഭക്തന് ആവശ്യപ്പെട്ട വരം നല്‍കി.
വരം സമ്പാദിച്ചതിന്റെ ഉന്മേഷം കൈവിടാതെ വീരഹനുമാന്‍ കാശിരാജാവിന്റെ പക്കലേക്ക് ഓടി. അമ്പരന്നു നില്‍ക്കുന്ന രാജാവിനോട് ഹനുമാന്‍ പറഞ്ഞു:
”മഹാരാജന്‍, അങ്ങ് സരയൂനദിയില്‍ ഇറങ്ങിനിന്ന് ഭക്തിപൂര്‍വ്വം രാമനാമം ജപിച്ചോളൂ. ബാക്കികാര്യം ഞാനേറ്റു. രാമബാണങ്ങളില്‍ നിന്ന് ഞാന്‍ അങ്ങയെ രക്ഷിച്ചുകൊള്ളാം” -ഹനുമാന്‍ കാശിരാജാവിന് വാക്കു നല്‍കി.
ഹനുമാന്‍ പറഞ്ഞതുപ്രകാരം കാശിരാജാവ് സരയൂനദിയിലിറങ്ങി നിന്ന് ”രാമ രാമ; രാമരാമ; പാഹിമാം” -എന്ന് ഉച്ചത്തില്‍ രാമനാമം ജപിക്കാന്‍ തുടങ്ങി.
അതിനിടയില്‍ രാമന്‍ വസിഷ്ഠമഹര്‍ഷിയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച മൂന്ന് കൂരമ്പുകളും ഹനുമാന്‍ തന്റെ ഗദകൊണ്ട് തട്ടിത്തെറിപ്പിച്ചു. ഒട്ടും ഉദ്ദേശിക്കാത്ത ഈ രംഗം കണ്ട് ശ്രീരാമന്‍ കോപാകുലനായി സരയൂനദിക്കരയിലെത്തി.
”ഹനുമാന്‍ എന്താണീക്കാട്ടുന്നത്? നാം വസിഷ്ഠമുനിയുടെ രക്ഷയ്ക്കായി സമര്‍പ്പിച്ച ഈ കൂരമ്പുകള്‍ തട്ടിത്തെറിപ്പിക്കാന്‍ ആര്‍ക്കാണധികാരം?”.
ശ്രീരാമചന്ദ്രന്റെ ചോദ്യത്തിനു മുന്നില്‍ രാമഭക്തനായ ഹനുമാന്‍ ചൂളിപ്പോയില്ല. ഹനുമാന്‍ വിനീതപൂര്‍വ്വം ചോദിച്ചു: ”മഹാപ്രഭോ, രാമനാമം ജപിക്കുന്നവരെ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള വരം അങ്ങെനിക്ക് കനിഞ്ഞുനല്‍കിയത് മറന്നുപോയോ?”
-തന്റെ വത്സലഭക്തനായ ഹനുമാന്റെ ചോദ്യംകേട്ട് ശ്രീരാമചന്ദ്രന്റെ മനസ്സില്‍ ജ്വലിച്ചുയര്‍ന്ന കോപം പെട്ടെന്നു ശാന്തമായി. ശ്രീരാമനും ഹനുമാനും തമ്മില്‍ തമ്മില്‍ നോക്കി പുഞ്ചിരിതൂകി.
ഈ രംഗങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ട് കാശിരാജാവ് അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഗുരുനിന്ദയുടെ പേരിലാണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടായതെന്ന സത്യം കാശിരാജാവ് തിരിച്ചറിഞ്ഞു. അദ്ദേഹം അപ്പോള്‍ത്തന്നെ വസിഷ്ഠമഹര്‍ഷിയെ സമീപിക്കുകയും കാലില്‍ കെട്ടി വീണ് ക്ഷമ ചോദിക്കുകയും ചെയ്തു. അതോടെ ശ്രീരാമന്റേയും ഹനുമാന്റേയും മുഖം ഏറെ പ്രസാദാത്മകമായി. കുലഗുരുവായ വസിഷ്ഠമഹര്‍ഷിയ്ക്കും എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. തെറ്റുപറ്റിയ കാശിരാജാവും വല്ലാതെ പശ്ചാത്തപിച്ചു.
വസിഷ്ഠമഹര്‍ഷി പറഞ്ഞു: ”വത്സരേ, ജീവിതത്തില്‍ വലിയവര്‍ക്കും ചെറിയവര്‍ക്കുമൊക്കെ ഒരുപോലെ തെറ്റുകള്‍ സംഭവിച്ചേക്കാം. എന്നാല്‍ അതു മനസ്സിലാക്കി പശ്ചാത്തപിക്കുകയും തിരുത്തുകയും ചെയ്യുമ്പോഴാണ് നമ്മുടെ മനസ്സ് പാര്‍വ്വണേന്ദുവിനെപ്പോലെ പ്രകാശമാനമായിത്തീരുന്നത്.”
സന്തോഷചിത്തനായ വസിഷ്ഠന്‍ കാശിരാജാവിനെ മാത്രമല്ല; ശ്രീരാമചന്ദ്രനേയും ഹനുമാനേയും പ്രത്യേകമായി അനുഗ്രഹിച്ചു.
(തുടരും)