- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- പാതാളരാക്ഷസന്റെ കുതന്ത്രങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 17 )
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ശ്രീരാമന്റെ മുന്നില്‍ നാണംകെട്ടുപോയ രാവണന്‍ തനിക്കുണ്ടായ അനുഭവങ്ങളെല്ലാം അന്നുതന്നെ പാതാളരാവണനെ അറിയിച്ചു. രാവണന്റെ ഏറ്റവുമടുത്ത ചങ്ങാതിയും സഹായിയുമായിരുന്നു പാതാള രാവണന്‍. പാതാളത്തില്‍ താമസിച്ചിരുന്നതുകൊണ്ടാണ് അയാള്‍ക്ക് പാതാളരാവണന്‍ എന്നു പേരുവന്നത്. രാവണന്‍ കഴിഞ്ഞാല്‍ രാക്ഷസവര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവായി രാക്ഷസന്മാര്‍ കരുതിവന്നത് പാതാളരാവണനെയായിരുന്നു.
പാതാളരാവണന് അതിക്രൂരനും തെമ്മാടിയും ഭീമാകാരനുമായ ഒരു അനുജനുണ്ടായിരുന്നു. എന്തുചെയ്യാനും മടിയില്ലാത്ത അയാളുടെ പേര് കുംഭോദരന്‍ എന്നായിരുന്നു. ജ്യേഷ്ഠനായ പാതാളരാവണന് എല്ലാവിധ സഹായങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുകൊണ്ടിരുന്നത് കുംഭോദരന്‍ തന്നെയായിരുന്നു.
”രാമനുമായുണ്ടായ ഏറ്റുമുട്ടലില്‍ അമ്പൊടുങ്ങിപ്പോയ എന്നെ സഹായിക്കാന്‍ നിങ്ങള്‍ എത്രയും വേഗം ലങ്കയിലേക്കു വരണം”
-എന്നെഴുതിയ ഒരു സന്ദേശവുമായി രാവണന്‍ ഒരു ദൂതനെ പാതാളത്തിലേയ്ക്കയച്ചിരുന്നു.
സന്ദേശം കിട്ടിയ ഉടനെ പാതാള രാവണനും കുംഭോദരനും ലങ്കയിലേക്കു കുതിച്ചെത്തി.
അപ്പോള്‍ രാവണന്‍ പറഞ്ഞു: ”രാമലക്ഷ്മണന്മാര്‍ ഹനുമാന്റെ വാല്‍ച്ചുരുളിനകത്ത് ഒളിച്ചു താമസിക്കുകയാണ്. നിങ്ങള്‍ മായാവികളുടെ രൂപത്തില്‍ ആ വാല്‍ ചുരുളിനുള്ളില്‍ പ്രവേശിച്ച് അവരെ തട്ടിയെടുത്ത് പാതാളത്തിലേക്ക് കൊണ്ടുപോകണം. എന്നിട്ട് അവിടെയുള്ള കാളിയ്ക്ക് ബലികൊടുക്കണം”.
”ശരി; ഞങ്ങള്‍ പരമാവധി പരിശ്രമിച്ചുനോക്കാം”
-പാതാളരാവണന്‍ വാക്കുകൊടുത്തു.
അവര്‍ രണ്ടുപേരും കൂടി മായാവികളുടെ രൂപത്തില്‍ ശ്രീരാമന്റെ പാളയത്തില്‍ ചുറ്റിക്കറങ്ങി. പക്ഷേ അവിടെ തങ്ങളുടെ വിളയാട്ടമൊന്നും നടക്കില്ലെന്ന് അവര്‍ക്കു മനസ്സിലായി.
പാതാളരാക്ഷസനും കുംഭോദരനും അപ്പോള്‍ത്തന്നെ പാതാളത്തിലേക്കു തിരിച്ചുപോയി. അവിടെ ചെന്നശേഷം ഇരുവരുംകൂടി പാതാളത്തില്‍ നിന്ന് മേല്‍പ്പോട്ട് ഒരു തുരങ്കം ഉണ്ടാക്കി. ഹനുമാന്റെ വാലുവളച്ചുണ്ടാക്കിയ കോട്ടയ്ക്കകത്ത് എത്തിച്ചേരാവുന്ന വിധത്തിലാണ് അവര്‍ തുരങ്കം നിര്‍മ്മിച്ചത്.
ആ വാല്‍ക്കോട്ടയ്ക്കകത്താണ് ഹനുമാന്‍ തന്റെ ജീവന്റെ ജീവനായ ശ്രീരാമനേയും ലക്ഷ്മണനേയും താമസിപ്പിച്ചിരുന്നത്. ശ്രീരാമനും ലക്ഷ്മണനും അതിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സമയമായിരുന്നു അത്.
രാമലക്ഷ്മണന്മാരുടെ കിടയ്ക്കക്കരികിലാണ് പാതാള രാക്ഷസന്റേയും കുംഭോദരന്റേയും തുരങ്കത്തിന്റെ അറ്റം ചെന്നെത്തിയത്. അവരെ മയക്കിക്കിടത്താനായി രാക്ഷസപ്പരിഷകള്‍ ‘സമ്മോഹനം’ എന്നൊരു മയക്കുമരുന്ന് മണപ്പിച്ചു.
അതോടെ ശ്രീരാമന്റെയും ലക്ഷ്മണന്റേയും ബോധം പെട്ടെന്ന് മറഞ്ഞുപോയി. മയങ്ങിക്കിടക്കുന്ന ആ വീരകുമാരന്മാരെ പാതാളരാക്ഷസനും കുംഭകര്‍ണ്ണനും ചേര്‍ന്ന് തോളില്‍ ചുമന്ന് തുരങ്കം വഴി പാതാളത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ രാക്ഷസന്മാര്‍ ഇരുവരേയും ബലി കൊടുക്കുന്നതിനായി അവിടെയുള്ള കാളീക്ഷേത്രത്തിന്റെ ഇറയത്തുകിടത്തി. താമസിയാതെ നരബലിനടത്താനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിച്ചു.
ഇതിനിടയിലാണ് ഹനുമാന്‍ തന്റെ വാല്‍ക്കോട്ടയ്ക്കുള്ളിലേക്ക് തലയെത്തിച്ചു നോക്കിയത്.
”അമ്മേ, മഹാമായേ! എന്തൊരത്ഭുതമാണിത്.? രാമലക്ഷ്മണന്മാരെ കോട്ടയ്ക്കുള്ളില്‍ കാണുന്നില്ലല്ലൊ. പാതാളരാക്ഷസനും കുംഭോദരനും ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടുപോയതാകും. പെട്ടെന്നുതന്നെ കണ്ടെത്തണം!”
ഹനുമാന്‍ ചാടിയെഴുന്നേറ്റ് ആ നിമിഷംതന്നെ വിഭീഷണനേയും അംഗദനേയും സുഗ്രീവാദികളേയും വിളിച്ചുവരുത്തി വിവരം പറഞ്ഞു. അതുകേട്ട ഉടനെ അവര്‍ തുരങ്കത്തിലൂടെ പാതാളത്തിലേയ്ക്ക് മാര്‍ച്ചുചെയ്തു.
പാതാളത്തില്‍ എത്തിച്ചേര്‍ന്ന വീരഹനുമാനും കൂട്ടരും കണ്ടത് തങ്ങളുടെ പ്രിയങ്കരരായ ശ്രീരാമനേയും ലക്ഷ്്മണനേയും രാക്ഷസപ്പരിഷകള്‍ കാളിയ്ക്കു ബലിയര്‍പ്പിക്കാന്‍ പോകുന്ന കാഴ്ചയാണ്!
ആ കാഴ്ച അവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഹനുമാന്‍ പാതാളരാക്ഷസനേയും അംഗദന്‍ കുംഭോദരനേയും നേരിട്ടു. തുടര്‍ന്നു നടന്ന അതിശക്തമായ ഏറ്റുമുട്ടലില്‍ ഹനുമാന്‍ പാതാളരാവണനെ അടിച്ചുകൊന്നു. അംഗദന്‍ കുംഭോദരനെ പിച്ചിച്ചീന്തി. അതോടെ ശ്രീരാമനും ലക്ഷ്മണനും മോചിതരായി.
ഇതുകണ്ട രാവണന്‍ ഉറക്കെ അലറിക്കൊണ്ട് ശ്രീരാമനോട് യുദ്ധം ചെയ്യുന്നതിനായി രംഗത്തെത്തി. ശ്രീരാമന്‍ അതിശക്തമായതും വജ്രകാഠിന്യമുള്ളതും മഹേന്ദ്രതേജസ്സ് തുടിച്ചുനില്‍ക്കുന്നതുമായ ‘മഹേന്ദ്രബാണം’ ലക്ഷ്യബോധത്തോടെ രാവണന്റെ നേര്‍ക്കു തൊടുത്തുവിട്ടു. എന്തുപറയാന്‍! ലക്ഷ്യം തെറ്റാതെ മൂളിപ്പാഞ്ഞുചെന്ന മഹേന്ദ്രബാണം രാവണന്റെ പത്തുതലകളും ഖണ്ഡിച്ച് താഴെവീഴ്ത്തി! അതോടെ രാവണന്റെ ഭൗതികശരീരം പനത്തടിവെട്ടിയതുപോലെ താഴത്തു നിലംപതിച്ചു: ‘പ്ധും!.’ ആ നിമിഷംതന്നെ രാവണന്റെ ആത്മാവ് ആകാശത്തേക്ക് ഉയര്‍ന്നു പോവുകയും ചെയ്തു.
ഈ മഹാവിജയം കണ്ട് ശ്രീരാമലക്ഷ്മണന്മാരും വാനരപ്പടയും അവരുടെ സഹായികളായി വന്നവരും സന്തോഷംകൊണ്ട് തുള്ളിമറിഞ്ഞു. അതോടെ ലങ്ക അവരുടെ കാല്‍ക്കീഴിലായി.
സന്തുഷ്ടരായ രാമാദികള്‍ അധികം വൈകാതെ അവരുടെ സഹായിയും രാമഭക്തനുമായ വിഭീഷണനെ ലങ്കാധിപതിയായി അവരോധിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.
”ഇനി നമുക്ക് ലങ്കയില്‍ നിന്ന് തിരിച്ചുപോകേണ്ട സമയമായി. എല്ലാവരും പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊള്‍ക”-ശ്രീരാമന്‍ അറിയിച്ചു.
”ശരി; നമുക്ക് ഒരുങ്ങാം. പക്ഷേ അതിനുമുമ്പായി നമുക്കൊരു പ്രത്യേക കാര്യം ചെയ്യാനുണ്ട് ”
– ജാംബവാന്‍ ഓര്‍മ്മപ്പെടുത്തി.
”അതെന്താ?”
-ശ്രീരാമന്‍ ചോദിച്ചു.
”ഹനുമാന്‍ ഹിമാലയത്തില്‍ നിന്നുകൊണ്ടു വന്ന മല അതേപടി ഇവിടെ ഇരിക്കുകയാണ്. അത് ഇവിടെ നിന്നും നീക്കം ചെയ്തുകൊടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. വാ, എല്ലാവരും വാ, ഓരോരുത്തരും ഒരു കൈപിടിച്ചാല്‍ ഇത് നമുക്ക് അക്കാണുന്ന കാട്ടിലേക്കറിയാം” – ജാംബവാന്‍ പറഞ്ഞു:
അതുകേട്ടതോടെ ശ്രീരാമലക്ഷ്ണന്മാരും വാനരന്മാരും കൂടെയുള്ള മറ്റാളുകളും ആ കുഞ്ഞു പര്‍വ്വതത്തിനരികില്‍ വന്നു കൂടി. എല്ലാവരും കൂടി അത് പൊക്കിയെടുത്ത് അങ്ങകലെ പുഴവക്കിലുള്ള കാട്ടിലേക്കെറിഞ്ഞു. അത് കാടിന്റെ നടുവില്‍ വീണ് ഉറച്ചിരുന്നു. അതാണത്രെ പില്‍ക്കാലത്ത് മരുത്വാമല എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
(തുടരും)