- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- മേഘനാദന്റെ മരണം (വീരഹനുമാന്റെ ജൈത്രയാത്ര 16)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ഒരുകയ്യില്‍ ഹരിതാഭമായ മലയും മറുകയ്യില്‍ ഗദയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വീരഹനുമാന്‍ പിറ്റേന്ന് പ്രഭാതത്തിനുമുമ്പുതന്നെ ലങ്കയിലെ പോരാട്ടഭൂമിയില്‍ വന്നിറങ്ങി. അതുകണ്ട് രാവണനും രാക്ഷസസേനാനികളും മറ്റു രാക്ഷസപ്പരിഷകളും അവിടെ നിന്ന് അകന്നുമാറി
പലയിടങ്ങളിലുമായി ഒളിച്ചു.
ജാംബവാനും കൂട്ടരും ഹനുമാനെത്തന്നെ പ്രതീക്ഷിച്ച് ഒരുു തുള്ളിവെള്ളംപോലുമിറക്കാതെ അവിടെ ഒരു മരത്തണലില്‍ കാത്തിരിക്കുകയായിരുന്നു.
ഒരു വലിയ പര്‍വ്വതവും പൊക്കി ഹനുമാന്‍ വന്നിറങ്ങിയപ്പോള്‍ ജാംബവാനും സുഗ്രീവനും മറ്റും വല്ലാതെ അത്ഭുതപ്പെട്ടു. ജാംബവാന്‍ ചോദിച്ചു:
”ആഞ്ജനേയാ, താങ്കളെ ന്തിനാണ് ഈ വലിയ പര്‍വ്വതം ഇങ്ങോട്ടു പൊക്കിക്കൊണ്ടുവന്നത്?”
”എന്തുപറയാനാണ്? ഹിമാലയപ്രാന്തത്തില്‍ ഞാന്‍ വളരെ തത്രപ്പെട്ട് മൃതസഞ്ജീവനി തേടി നടക്കുകയായിരുന്നു. പെട്ടെന്നൊന്നും ആ ദിവൗഷധം കണ്ണില്‍പ്പെട്ടില്ല”
-ഹനുമാന്‍ പറയാന്‍ തുടങ്ങി.
”പിന്നെ എന്തുചെയ്തു?”
-ജാംബവാന്‍ ആരാഞ്ഞു.
”അതുപറയാം. മൃതസഞ്ജീവനി കണ്ടെത്താനാവാതെ ഞാന്‍ വിഷമിക്കുന്നതിനിടയിലാണ് പെട്ടെന്ന് കിഴക്കേ മാനത്ത് സൂര്യോദയത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.”
-ഹനുമാന്‍ വിവരിക്കാന്‍ തുടങ്ങി.
”എന്നിട്ട്?”
”സൂര്യനുദിക്കും മുമ്പേ ഔഷധവുമായി വന്നില്ലെങ്കില്‍ ലക്ഷ്മണകുമാരനേയും വാനരസുഹൃത്തുക്കളേയും രക്ഷിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് നീറിപ്പിടഞ്ഞു. പിന്നെ ഞാന്‍ ഒന്നും ചിന്തിച്ചില്ല; എല്ലാ ഔഷധങ്ങളുടേയും വിളനിലമായ ഈ കൊടുമുടിയും പൊ ക്കിക്കൊണ്ട് ഇവിടേയ്ക്ക് പറന്നു!” -ഹനുമാന്‍ വെളിപ്പെടുത്തി.
”ആഞ്ജനേയാ, താങ്കള്‍ ചെയ്തത് അതിസാഹസികമായ ഒരു കൃത്യംതന്നെയാണ്. എല്ലാ ഔഷധച്ചെടികളും ഈ പര്‍വ്വതശിഖരത്തിലുണ്ട്. ഞാന്‍ താങ്കളെ പ്രത്യേകം വണങ്ങുന്നു” -മഹാമനീഷിയായ ജാംബവാന്‍ ഹനുമാനെ കൈവണങ്ങി.
പിന്നെ അധികമൊന്നും ചിന്തിക്കാന്‍ നിന്നില്ല; ജാംബവാനും ഹനുമാനും സഹായികളും ചേര്‍ന്ന് ആ പര്‍വ്വതത്തില്‍ നിന്ന് മരുന്നുകള്‍ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചെടുക്കാന്‍ തുടങ്ങി. അതിനകത്ത് ശല്യകരണി, വിശല്യകരണി, സന്ധാനകരണി, മൃതസഞ്ജീവനി എന്നിങ്ങനെ നാല് ദിവൗഷധ സസ്യങ്ങള്‍ ഉണ്ടായിരുന്നു.
ജാംബവാന് ഈ ഔഷധച്ചെടികളെപ്പറ്റിയെല്ലാം നന്നായി അറിയാമായിരുന്നു. ജാംബവാന്‍ അക്കൂട്ടത്തില്‍നിന്ന് പെട്ടെന്നുതന്നെ മൃതസഞ്ജീവനി കണ്ടെടുത്തു. അതുപയോഗിച്ചുള്ള മരുന്നുണ്ടാക്കി ജാംബവാന്‍ ലക്ഷ്മണനും കൂടെയുള്ള സുഹൃത്തുക്കള്‍ക്കും പുനര്‍ജ്ജീവന്‍ നല്‍കി.
മൃതസഞ്ജീവനി കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയതോടെ മറ്റു മരുന്നുചെടികളും അവര്‍ക്ക് ഉപകാരപ്രദമായി. ശല്യകരണി എന്ന ഔഷധം അവരുടെ ശരീരത്തിലുണ്ടായ വ്രണങ്ങളെല്ലാം ഉണക്കി. വിശല്യകരണി അവരുടെ ശരീരങ്ങളില്‍ തറച്ചുകേറിയ ശരപ്പാളികളും അസ്ത്രമുനകളുമെല്ലാം നീക്കം ചെയ്തു. സന്ധാനകരണിയുടെ ദിവ്യശക്തികൊണ്ട് സകല മുറിവുകളും മുറികൂടി. അങ്ങനെ ഹനുമാന്‍ കൊണ്ടുവന്ന നാല് ഔഷധ സസ്യങ്ങളും ലക്ഷ്മണാദികളെ പൂര്‍ണ്ണമായും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
അതോടെ രാമ-രാവണ യുദ്ധം വീണ്ടും കൊടുമ്പിരിക്കൊണ്ടു.
”രാമാ, നിന്നെയും നിന്റെ പരിവാരങ്ങളേയും ഞാന്‍ കൊന്നൊടുക്കും!” – കോപാന്ധനായ രാവണന്‍ ഉറക്കെ അലറി. രാക്ഷസരാജാവ് ജ്യേഷ്ഠനെ വെല്ലുവിളിക്കുന്നതുകണ്ട് ലക്ഷ്മണന്‍ മുന്നിലേക്കു ചാടിവീണു. അങ്ങനെ രാക്ഷസരാജാവും ലക്ഷ്മണനുമായുള്ള പോരാട്ടം കനത്തു.
ഇതിന്റെ നടുവിലേക്കാണ് രാവണപുത്രനായ മേഘനാദന്‍ ഉറഞ്ഞുതുള്ളിക്കൊണ്ടുവന്നത്. കള്ളക്കളികളിലൂടെ ജയം ഉറപ്പിക്കാനാണ് മേഘനാദന്‍ ശ്രമിച്ചത്. പക്ഷേ കരുത്തന്മാരായ രാമലക്ഷ്മണന്മാരുടെ മുന്നില്‍ അവന്റെ അടവുകളൊന്നും ഫലിച്ചില്ല. കപടതന്ത്രത്തിലൂടെ ലക്ഷ്മണനെ വകവരുത്താനുള്ള ഒളിയമ്പുകള്‍ പലതും രാവണപുത്രന്‍ പ്രയോഗിച്ചുനോക്കി. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ലക്ഷ്മണന്റെ മൂര്‍ച്ചയുള്ള കൂരമ്പേറ്റ് മേഘനാദന്‍ പടക്കളത്തില്‍ വീണു മരിച്ചു.
മേഘനാദന്റെ മരണം രാവണനെ വല്ലാതെ നടുക്കി. ദശാനനന്‍ രാമലക്ഷ്മണന്മാര്‍ക്കു നേരെ സകല അടവുകളും പയറ്റിനോക്കി. പക്ഷേ ഒന്നും ഫലിച്ചില്ല.
ലക്ഷ്മണനെ ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ രാവണന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ശ്രീരാമന്‍ ആ കുതന്ത്രക്കാരനുമായി നേരിട്ട് ഏറ്റുമുട്ടി.
”നേരും നെറിയും കെട്ട രാവണാ, നിന്റെ അഹങ്കാരത്തിന് ഞാനിപ്പോള്‍ത്തന്നെ അറുതിവരുത്തും” -ശ്രീരാമന്‍ പ്രഖ്യാപിച്ചു.
അതോടെ യുദ്ധക്കളം ഇളകിമറിഞ്ഞു. ശ്രീരാമനും രാവണനും തമ്മില്‍ തീ പാറുന്ന പോരാട്ടം നടന്നു. രാവണന്റെ ജലാസ്ത്രത്തെ ശ്രീരാമന്‍ ആഗ്നേയസ്ത്രം കൊണ്ടുതടഞ്ഞു. ഇതിനിടയില്‍ നൂറുകണക്കായ രാക്ഷസസേനാനികള്‍ യുദ്ധക്കളത്തില്‍ ചത്തുവീണുകഴിഞ്ഞിരുന്നു. എന്നിട്ടും രാവണന്റെ അഹങ്കാരം ശമിച്ചില്ല. അയാള്‍ മുറിവേറ്റ സിംഹത്തെപ്പോലെ വീണ്ടും വീണ്ടും ശ്രീരാമനോട് ഏറ്റുമുട്ടാന്‍ വെമ്പല്‍കൊണ്ടു: ”വില്ലാളിവീരനായ ശ്രീരാമാ, നിന്റെ അഹന്ത ഞാന്‍ അവസാനിപ്പിക്കുകയാണ് ഇതാ കണ്ടോളൂ.”
പിന്നെ നടന്നത് അത്യുഗ്രമായ ഒരാക്രമണമായിരുന്നു. ഈ ആക്രമണത്തിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാത്തവിധം രാവണന്റെ വില്ല് ഒടിഞ്ഞുപോയി! ഇതുകണ്ട് ശ്രീരാമന്റെ പടയാളികള്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിക്കാന്‍ തുടങ്ങി.
”വില്ലൊടിഞ്ഞേ! വില്ലൊടിഞ്ഞേ!
രാവണച്ചാരുടെ എല്ലൊടിഞ്ഞേ!”
ഇതുകേട്ടതോടെ ദശമുഖന്റെ കോപം കടല്‍ത്തിരപോലെ അലറിമറിഞ്ഞു. അതുമനസ്സിലാക്കിയ ശ്രീരാമന്‍ പറഞ്ഞു: ”രാവണാ, എനിക്കിപ്പോള്‍ വേണമെങ്കില്‍ നിന്റെ കഥ കഴിക്കാന്‍ കഴിയും. പക്ഷേ ഞാനതു ചെയ്യുന്നില്ല. വാളും വില്ലുമൊന്നും കയ്യിലില്ലാത്തവനെ കൊല്ലരുതെന്ന് യുദ്ധത്തില്‍ നിയമമുണ്ട്. അതുകൊണ്ട് ഞാനിപ്പോള്‍ ശാന്തനാവുകയാണ്. തല്‍ക്കാലം കൊട്ടാരത്തില്‍ പോയി വിശ്രമിക്കൂ. എന്നിട്ടു വില്ലുമായി നാളെ വരൂ. നമുക്ക് അപ്പോള്‍ യുദ്ധം ചെയ്യാം:” -ശ്രീരാമന്‍ ഉപദേശിച്ചു. അതോടെ രാവണന്‍ തലയും താഴ്ത്തി കൊട്ടാരത്തിനകത്തേക്ക് കയറിപ്പോയി.
(തുടരും)