- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- സദ്യയ്ക്കിടയിലെ കുരങ്ങാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 18)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
രാമ-രാവണ യുദ്ധം കഴിഞ്ഞ് ശ്രീരാമലക്ഷ്മണന്മാരും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരവീരന്മാരും മറ്റു സഹായികളുമെല്ലാം സീതാദേവിയേയുംകൊണ്ട് നാട്ടില്‍ തിരിച്ചെത്തി. എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു.
നാട്ടിലെത്തിയപ്പോള്‍ ശ്രീരാമന്‍ അനുജനോടു പറഞ്ഞു:
”ലക്ഷ്മണാ, രാക്ഷസന്മാരുമായി വലിയൊരു പോരാട്ടം തന്നെയാണ് നാം നടത്തിയത്. എത്രയോ പേരാണ് നമുക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചത്. എത്രവീരന്മാരാണ് അടിയും ഇടിയുമേറ്റ് വലഞ്ഞത്! എത്രയോ പേരാണ് കൂരമ്പേറ്റു പിടഞ്ഞത്! അല്ലെ?”
”അതെയതെ; അതോടൊപ്പം നമ്മുടെ കുരങ്ങന്മാര്‍ ചെയ്ത സഹായങ്ങളും നമുക്കൊരിക്കലും മറക്കാവുന്നതല്ല”
-ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ അഭിപ്രായത്തെ പിന്‍താങ്ങി.
”ഏതായാലും നാം ജയിച്ചുവന്നിരിക്കയല്ലെ? ഈ യുദ്ധത്തില്‍ നമ്മെ സഹായിച്ച എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു വലിയ സദ്യ നടത്തണമെന്നാണ് എന്റെ അഭിപ്രായം” -ശ്രീരാമന്‍ തന്റെ ഇംഗിതം വെളിപ്പെടുത്തി.
”എങ്കില്‍ അതൊരു വലിയ നന്ദിപ്രകടനമാകും. ജ്യേഷ്ഠന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്‌തോളൂ”
– ലക്ഷ്മണന്‍ ജ്യേഷ്ഠനോട് ആവശ്യപ്പെട്ടു.
”എങ്കില്‍ ലക്ഷ്മണന്‍ വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചോളൂ” -ശ്രീരാമന്‍ അനുജനെ ചുമതലപ്പെടുത്തി.
ജ്യേഷ്ഠന്റെ അനുവാദം കിട്ടിയതോടെ ലക്ഷ്മണന്‍ രാമ-രാവണയുദ്ധത്തില്‍ പങ്കെടുത്ത ഓരോരുത്തരേയും അവരുടെ വീടുകളില്‍ ചെന്ന് പ്രത്യേകമായി ക്ഷണിച്ചു.
അതോടൊപ്പം അവരുടെ സ്‌നേഹിതന്മാരും ബന്ധുക്കളുമായ കുറേപ്പേരെക്കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
സദ്യയില്‍ പങ്കെടുക്കാനുള്ള രാമലക്ഷ്ണന്മാരുടെ ക്ഷണം വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് എല്ലാവരും സ്വീകരിച്ചത്.
ഒരാഴ്ചയോളം സമയമെടുത്താണ് സദ്യയ്ക്കുള്ള അലങ്കാരപ്പന്തല്‍ ഒരുങ്ങിയത്. സദ്യവട്ടങ്ങള്‍ തയ്യാറാക്കാന്‍ മികച്ച പാചക വിദ്വാന്മാരേയും ഏര്‍പ്പാടുചെയ്തു.
സദ്യയുടെ ദിവസം വന്നെത്തി. രാവിലെ മുതല്‍ തന്നെ ക്ഷണിതാക്കളെല്ലാം എത്തിച്ചേരാന്‍ തുടങ്ങി. രാജാക്കന്മാരും മന്ത്രിമാരും സേനാനായകന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ശില്പികളും എന്നുവേണ്ട; എല്ലാത്തരം പ്രശസ്ത വ്യക്തികളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പന്തലില്‍ സദ്യ വിളമ്പേണ്ട സമയമായി. അപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു: ”ലക്ഷ്മണാ, ഈ മഹായുദ്ധത്തില്‍ നമ്മളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഹനുമാനാണ്. കടലിനു മീതെ സഞ്ചരിച്ച് ആഞ്ജനേയനാണ് അവിടെ ആദ്യം ചെന്നെത്തിയത്. അതിനുവേണ്ടി ഏതെല്ലാം തരത്തിലുള്ള പീഡനങ്ങളാണ് ആ വാനരശ്രേഷ്ഠന് സഹിക്കേണ്ടിവന്നത്! അല്ലെ?” ശ്രീരാമന്‍ അനുജന്റെ മുഖത്തേക്ക് നോക്കി.
”അതെല്ലാം എനിക്കും നന്നായി അറിവുള്ളതാണ്. അതുകൊണ്ടും തീര്‍ന്നില്ലല്ലൊ. എന്റെ ജീവന്‍ രക്ഷിക്കാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതും ആ വാനരശ്രേഷ്ഠന്‍ തന്നെയല്ലേ?” -ലക്ഷ്മണന്‍ കൂട്ടിച്ചേര്‍ത്തു.
”അതെ; ഹനുമാന്റെ വൈ ശിഷ്ട്യം എത്ര വര്‍ണ്ണിച്ചാലും മതിയാവുകയില്ല. അതുകൊണ്ട് എനിക്ക് പ്രത്യേകമായ ഒരാഗ്രഹമുണ്ട്”
– ശ്രീരാമന്‍ അറിയിച്ചു.
”എന്താണത്? കേള്‍ക്കട്ടെ?”
-ലക്ഷ്മണന് അതറിയാന്‍ ആകാംക്ഷയായി.
”ഹനുമാന്‍ എന്റെ തൊട്ടടുത്തിരുന്ന് സദ്യയുണ്ണണമെന്നാണ് എന്റെ ആഗ്രഹം” -ശ്രീരാമന്‍ വെളിപ്പെടുത്തി.
ശ്രീരാമന്‍ ഇക്കാര്യം പറയുന്നത് പന്തലിന്റെ പിന്നില്‍ നിന്നിരുന്ന ഹനുമാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ സ്വാമിയുടെ ആഗ്രഹംകേട്ട് ഹനുമാന്‍ വല്ലാതെ കോരിത്തരിച്ചു. ആ മഹാവാനരന്‍ ഓടിവന്ന് ശ്രീരാമന്റെ തൊട്ടരികില്‍ത്തന്നെ മുട്ടിയിരുന്നു.
പിന്നെ ഒട്ടും താമസിച്ചില്ല കൊതിയൂറുന്ന വിഭവങ്ങളോടുകൂടിയ ഉഗ്രന്‍ സദ്യ ആരംഭിച്ചു. ഇലയില്‍ വിളമ്പിയ പപ്പടം പഴം പായസവും ഉപ്പേരിയുമൊക്കെ കണ്ടിട്ട് ഹനുമാന് കൊതിയടക്കാന്‍ കഴിഞ്ഞില്ല. ഹനുമാന്റെ മനസ്സില്‍ ശരിയ്ക്കുമുള്ള
‘കുരങ്ങന്‍സ്വഭാവം’ ഉണര്‍ന്നു. തിന്നാനുള്ള ഏതു വിഭവം കണ്ടാലും തട്ടിപ്പറിക്കുക എന്നതാണ് കുരങ്ങന്മാരുടെ കാടന്‍ രീതി.
കൊതിമൂത്ത ഹനുമാന്‍ അവിടെയിരുന്ന് സദ്യയുണ്ണുന്നവരുടെ ഇടയിലേക്ക് കടന്നുചെന്ന് അവരുടെ ഇലകളില്‍ കയ്യിട്ടുവാരാന്‍ തുടങ്ങി. ഓരോരുത്തരുടേയും ഇലയിലുള്ള പപ്പടമൊക്കെ കടന്നെടുത്ത് പൊടിച്ചുകളയുകയും പഴമൊക്കെയെടുത്ത് വലിച്ചെറിയുകയും ചെയ്തു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! ശ്രീരാമഭക്തനായ ഹനുമാന്‍ കുറേനേരത്തേയ്ക്ക് സര്‍വ്വതും മറന്ന് ഒരു കുസൃതിക്കുരങ്ങന്‍ മാത്രമായി മാറി. തീര്‍ന്നില്ല; ഒടുവില്‍ ഹനുമാന്‍ സാക്ഷാല്‍ ശ്രീരാമന്റെ ഇലയിലും കൈയിട്ടുവാരി. അതിനകത്തുണ്ടായിരുന്ന സകല വിഭവങ്ങളും വാരിയെടുത്ത് തന്റെ ഇലയിലാക്കി. എന്നിട്ട് ആ ഇലയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സദ്യയുണ്ണുന്ന അതിഥികളുടെ ഇടയിലൂടെ ഓട്ടമായി. എന്തുപറയാന്‍! പന്തലിലാകെ വല്ലാത്ത ബഹളമായി!
”അയ്യോ! നമ്മുടെ ഹനുമാനെന്തുപറ്റി?” – എല്ലാവരും തമ്മില്‍ തമ്മില്‍ ചോദ്യമായി.
അപ്പോഴേയ്ക്കും ഹനുമാന്‍ തന്റെ കയ്യിലുള്ള വിഭവസമൃദ്ധമായ ഇലയുമായി തൊട്ടടുത്തുള്ള ഒരു ഇലവുമരത്തിന്റെ മുകളിലേക്ക് തത്തിക്കയറി. അവിടെയിരുന്ന് ഇലയിലുണ്ടായിരുന്ന ചോറും കറികളും പായസവുമെല്ലാം ഒരുമിച്ചുകൂട്ടിക്കുഴച്ച് വലിയൊരു ഉരുളയാക്കി. ഒരു പന്തിനോളം വലിപ്പമുള്ള ഉഗ്രന്‍ ഉരുള! അതെടുത്ത് എല്ലാവരും കാണ്‍കെ ഒറ്റ വിഴുങ്ങ്! ‘ഗ്ലും!’
സദ്യയുണ്ണാന്‍ വന്ന ആളുകളെല്ലാം ഈ രംഗംകണ്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ഹനുമാന്റെ ഈ വേഷംകെട്ട് ലക്ഷ്മണന് തീരെ സഹിച്ചില്ല. കുമാരന്‍ ഹനുമാനെ നോക്കി പല്ലുഞെരിച്ചു. അപ്പോള്‍ ശ്രീരാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ”ലക്ഷ്മണാ, നീയെന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്? ഹനുമാന്‍ എന്റെ ഭക്തനാണ്. മാത്രമോ? ധീരനും ശക്തനുമാണ്. പക്ഷേ ജന്മനാ, ഇവനൊരു സാധാരണ കുരങ്ങല്ലേ? അപ്പോള്‍പ്പിന്നെ അതിന്റെ ശരിയായ സ്വഭാവം കാണിക്കാതിരിക്കുമോ? തല്‍ക്കാലം ക്ഷമിക്കൂ” -ശ്രീരാമന്‍ അനുജനെ ഉപദേശിച്ചു.
ജ്യേഷ്ഠന്റെ ഉപദേശം കേട്ടതോടെ ലക്ഷ്മണന്റെ കോപവും വാശിയും പെട്ടെന്ന് കെട്ടടങ്ങി. താമസിയാതെ എല്ലാ ക്ഷണിതാക്കളും സദ്യയുണ്ട് ശാന്തരായി മടങ്ങി.
മടങ്ങിപ്പോകുമ്പോഴും അവരെല്ലാം ഹനുമാന്റെ കുരങ്ങന്‍കളിയെപ്പറ്റി പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
(തുടരും)