സമതലത്തില്‍നിന്ന് പെട്ടെന്നുയര്‍ന്നു വന്നപോലെയാണ് ശേഷാചലപര്‍വ്വതങ്ങള്‍ നിലകൊള്ളുന്നത്. ആദിശേഷന്റെ ഏഴ് തലകളെ പ്രതിനിധീകരിക്കുന്ന ഏഴ് മലകള്‍. ശ്രീ വെങ്കിടാചലേശ്വരന്‍ വിരാജിക്കുന്ന പുണ്യസ്ഥാനം ഏഴാമത്തെ പര്‍വ്വതമായ വെങ്കിടാദ്രിയുടെ നെറുകയിലാണ്.
പൂങ്കാവനം കൊണ്ട് നിബിഡമായ ക്ഷേത്രഭൂമിയില്‍ ആനന്ദസ്പര്‍ശമായി വീശിക്കൊണ്ടിരിക്കുന്ന ഇളംകാറ്റില്‍ വെണ്‍ചാമരങ്ങളായി നൃത്തമാടി നില്ക്കുന്ന വിവിധയിനം വൃക്ഷങ്ങള്‍. നവാഗതരായ തീര്‍ത്ഥാടകരെ വിസ്മയംകൊള്ളിച്ച് സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്നു നല്‍കുകയാണ് ശ്രീവെങ്കിടാചലപതി!
ശ്രീകോവിലിനുള്ളില്‍ അതിപ്രാചീനമായ ദേവവിഗ്രഹം. വൈഖാനസ ഐതിഹ്യമനുസരിച്ച് മൂലദേവതയുള്‍പ്പെടെ അഞ്ച് ദേവതകളെ വെങ്കിടേശ്വരന്‍ പ്രതിനിധീകരിക്കുന്നു. അതിനെ ”പഞ്ച ബെരമുലു”എന്ന് വിളിക്കുന്നു. ധ്രുവദേവത, കൗടുക ദേവത, സ്‌നാപനദേവത, ഉത്സവദേവത, ബലിദേവത.
ആനന്ദനിലയത്തിനു കീഴില്‍, ഗര്‍ഭഗൃഹത്തില്‍ അഞ്ച് ദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ധ്രുവദേവത ഗര്‍ഭഗൃഹത്തിന്റെ മധ്യസ്ഥാനത്ത്. മൂലദേവനായ വെങ്കിടേശ്വരന്‍ പത്മത്തിനു മുകളിലാണ് നിലകൊള്ളുന്നത്. ശംഖചക്രാദികളേന്തിയ ചതുര്‍ഭുജങ്ങളോടെ നില്‍ക്കുന്ന വെങ്കിടാചലപതിയാണ് ക്ഷേത്രത്തിന്റെ മുഖ്യ ഊര്‍ജ്ജകേന്ദ്രം. വജ്രകിരീടവും മകരകുണ്ഡലവും നാഗാഭരണവും മകരകാന്തിയും സാലിഗ്രാമഹാരവും ലക്ഷ്മിഹാരവും ചൂടി ആഭരണഭൂഷിതനായാണ് ഭഗവാന്റെ നില്പ്. മൂലദേവന്റെ മാറിലാണ് ലക്ഷ്മി, വ്യൂഹലക്ഷ്മിയായി സ്ഥിതി ചെയ്യുന്നത്.
പല്ലവരാജ്യത്തെ മഹാറാണിയായ സാമവതി സമ്മാനിച്ച ഭോഗശ്രീനിവാസ അഥവാ കൗടുകദേവന്‍ എന്ന ഒരടി ഉയരമുളള വെള്ളിവിഗ്രഹം മൂലദേവന്റെ ഇടതുവശത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഉഗ്രശ്രീനിവാസയാണ് തൊട്ടരികിലുളള മറ്റൊരു ദേവ പ്രതിഷ്ഠ.
ഓരോ കാലഘട്ടവും ഏതു വിശ്വാസപ്രമാണത്തിനാണോ പ്രാധാന്യം നല്‍കിവരുന്നത് അതിനിണങ്ങുംവിധമുളള ദേവവിഗ്രഹമായിട്ടാണ് വെങ്കിടാചലേശ്വരന്‍ അതതു കാലഘട്ടങ്ങളില്‍ പൂജിക്കപ്പെടുന്നത്. ശരിക്കും ഏത് ദേവനായിരിക്കും ഇവിടുത്തെ വെങ്കിടാചലമൂര്‍ത്തി? മഹാവിഷ്ണുവോ, അതോ ശ്രീപരമേശ്വരനോ? പല വാദമുഖങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ദേശവാസികള്‍ക്കിടയില്‍ പണ്ടേ പ്രബലമായുണ്ട്.
തന്റെ സന്ദര്‍ശനമറിഞ്ഞ്, തിരുപ്പതി നിവാസികള്‍ തങ്ങളുടെ ചിരകാലത്തെ സംശയങ്ങള്‍ക്കുളള സമാധാനം തേടി സമീപത്തേക്ക് വരാന്‍ തുടങ്ങി.
”എന്താ സംശയം? ഇത് ശിവവിഗ്രഹമാണ്! നിങ്ങള്‍ ശിവമൂര്‍ത്തിയായിക്കണ്ട് വെങ്കിടാചലേശ്വരനെ പൂജിക്കുന്നതില്‍ ശങ്ക വേണ്ട.”
വെങ്കിടേശ്വര ദര്‍ശനം കഴിഞ്ഞ് തിരുമലയുടെ വടക്കു പടിഞ്ഞാറുളള വിദര്‍ഭ രാജ്യത്തിലേക്ക് ദിഗ്‌വിജയം നീങ്ങിത്തുടങ്ങി.
ചാലൂക്യവംശത്തില്‍പ്പെട്ട വിജയാദിത്യരാജാവാണ് വിദര്‍ഭയുടെ അധിപതി. വിദര്‍ഭയില്‍ ഭൈരവതന്ത്ര സംഘത്തില്‍പ്പെട്ട നിരവധി ദുഷ്ടന്മാര്‍ താമസമുണ്ടത്രെ. വേദപ്രധാനമായ ക്രിയകളും അനുഷ്ഠാനങ്ങളും തീരെ കുറവായൊരു പ്രദേശം.
വിദര്‍ഭ രാജാവ് ദിഗ്‌വിജയ വാഹിനിയെ രാജ്യകവാടത്തില്‍ സ്വീകരിക്കാനായെത്തി. ഭക്തനായ വിജയാദിത്യന്റെ ആജ്ഞയനുസരിച്ച് വാഹിനിയിലെ എല്ലാ അംഗങ്ങള്‍ക്കും പരിചാരകന്മാര്‍ സൗകര്യങ്ങള്‍ ഒരുക്കാനായി തയ്യാറായി വന്നു. വിദര്‍ഭയിലുടനീളം അദ്വൈതമതം പ്രചരിപ്പിക്കണമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് വിജയാദിത്യരാജാവ് കല്പന പുറപ്പെടുവിച്ചത് പെട്ടെന്നായിരുന്നു. രാജ്യത്തെ അദ്വൈത പ്രചാരണത്തിന് അതൊരനുഗ്രഹമായി.
”ഇവിടത്തെ ഭൈരവതന്ത്രക്കാരുടെ അത്യാചാരത്തെയും അനാചാരത്തെയും നിയന്ത്രിക്കാനായി ആചാര്യര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?”
രാജാവ് വിഷയമെടുത്തിട്ടു.
പത്മപാദനോടാണ് മറുപടി പറഞ്ഞത്:
”വിദര്‍ഭരാജാവിന്റെ അഭിപ്രായം കേട്ടില്ലേ? ഈ രാജ്യത്തെ ഭൈരവതന്ത്രക്കാരുടെ അത്യാചാരത്തെയും അനാചാരത്തെയും കൗശലപൂര്‍വ്വം നിയന്ത്രിക്കുവാന്‍വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. അതിനായി പത്മപാദന്റെയും തോടകന്റെയും നേതൃത്വത്തില്‍ ഒരു സംഘം മുന്നോട്ടിറങ്ങട്ടെ.”
വിജയവാഹിനിയുടെ വരവറിഞ്ഞ് ഭൈരവമതം അനുഷ്ഠിക്കുന്നവര്‍ ചെറുസംഘങ്ങളായി സന്ദര്‍ശിക്കാനായി എത്തിത്തുടങ്ങി. പത്മപാദനും തോടകനും ഭൈരവന്മാരുടെ നേതാക്കളുമായി വളരെനേരം സംവാദങ്ങളിലേര്‍പ്പെട്ടു. അദ്വൈതത്തോടുളള ഭൈരവന്മാരുടെ തെറ്റിദ്ധാരണയുടെ അസ്ഥികള്‍ ക്രമേണ ഒടിഞ്ഞു തുടങ്ങി.
ഉജ്ജയിനിനഗരത്തിനു സമീപം കാപാലികന്മാര്‍ കൂട്ടത്തോടെ താമസമുണ്ടെന്നറിഞ്ഞത് ഭൈരവന്മാരില്‍ നിന്നാണ്. കാപാലികവാസംകൊണ്ട് അവിടെ വൈദിക ധര്‍മ്മം തീരെ നശിച്ചുപോയിരിക്കുന്നുവത്രെ. ഭാരതത്തിലെ കാപാലികന്മാരുടെ കേന്ദ്രമാണവിടം. കാപാലിക നേതാക്കന്മാരെല്ലാം ഒത്തുകൂടി അവരുടെ സാമ്രാജ്യം ഉറപ്പിച്ചിരിക്കുകയാണ്. കാപാലികന്മാരുടെ നേതാവിനെ കാണണമെന്ന് പത്മപാദന് മോഹം. പക്ഷേ, വിദര്‍ഭരാജാവ് അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല. അദ്ദേഹം ഓര്‍മ്മിപ്പിച്ചു:
”ഗുരോ, അങ്ങോട്ട് പോകണ്ട. അവിടേക്കുളള യാത്ര ആപത്ത് ക്ഷണിച്ചു വരുത്തും. കാപാലികന്മാര്‍ വേദവിദ്വേഷികളാണ്. അവിടത്തെ രാജാക്കന്മാരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണവര്‍. നിരവധി കാപാലികഭടന്മാര്‍ അവര്‍ക്കുണ്ട്. എന്തും ചെയ്യാന്‍ ഇക്കൂട്ടര്‍ മടി കാണിക്കില്ല. അവിടെ പോകുന്നത് ഇപ്പോള്‍ ഒട്ടും ഭൂഷണമല്ല.”
ഉജ്ജയിനിയുടെ രാജാവ് വിദര്‍ഭയുടെ രാജാവിന്റെ വാക്കുകള്‍ കേട്ടിരുന്നുവെങ്കിലും ആദ്യം ഒന്നും മിണ്ടിയില്ല. രാജാസുധന്വാവ് ദിഗ്‌വിജയവാഹിനിയുടെ വിജയത്തിന് എവിടെയും ഒപ്പം നില്‍ക്കുകയായിരുന്നുവല്ലോ ഇതുവരെ. പക്ഷേ, സ്വന്തം രാജ്യത്തില്‍ മറ്റൊരു രാജ്യം സൃഷ്ടിച്ചുകൊണ്ട് തെറ്റായ പ്രവര്‍ത്തനങ്ങളും അനാചാരങ്ങളുമായി മുന്നോട്ടുപോകുന്ന കാപാലികന്മാരെ നിലയ്ക്കു നിര്‍ത്താന്‍ സുധന്വാവ് ശ്രമിച്ചില്ല. അതിനു മുതിരാത്തതിന് കാരണമുണ്ട്. കാപാലികന്മാര്‍ കാട്ടിക്കൂട്ടുന്ന ഓരോ ചെയ്തികളും മതത്തിന്റെ പേരിലായിരുന്നു. മതത്തിനെതിരായി രാജശക്തി പ്രയോഗിക്കുന്നത് രാജാക്കന്മാര്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലെന്ന് സുധന്വാവ് വിശ്വസിക്കുന്നു. രാജാവിന്റെ ഈ സംയമനചിന്തയേയും മൗനത്തേയും മുതലെടുത്തുകൊണ്ടാണ് കാപാലികന്മാര്‍ ഉജ്ജയിനിക്കുസമീപമുളള വനാന്തരങ്ങളില്‍ നിര്‍ബാധം തങ്ങളുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.
വിദര്‍ഭരാജാവിന്റെ വാക്കുകള്‍ കേട്ടിരുന്നശേഷം, വളരെ ആലോചിച്ച് സുധന്വാവ് വാക്കുകള്‍ പുറത്തെടുത്തു:
”ഗുരോ, ഞാനുളളപ്പോള്‍ അങ്ങ് ഒട്ടും ഭയപ്പെടേണ്ടതില്ല. ഞങ്ങളുടെ സൈന്യസമേതം കാപാലികഭൂമിയിലേക്ക് ഞാന്‍ അങ്ങയെ അനുഗമിക്കും. നമ്മുടെ സംഘം സുരക്ഷിതമായിരിക്കും.”
അതിനു മറുപടിയൊന്നും തല്ക്കാലം പറഞ്ഞില്ല. ഉദാസീനതയില്‍ അധിഷ്ഠിതമായ തന്റെ മൗനം നിര്‍ഭയത്വത്തിന്റെയും ദാര്‍ഢ്യത്തിന്റെയും അടയാളമായി രാജാവ് കരുതിക്കാണണം. വിദര്‍ഭരാജാവ് പിന്നെയൊന്നും പറഞ്ഞില്ല. സുധന്വാവിന് അല്പം ലജ്ജ പിടിപെട്ടിരിക്കുന്നുവെന്ന് ആ മുഖം കണ്ടപ്പോള്‍ തോന്നി.
”നിങ്ങള്‍ക്ക് കാപാലികന്മാരെ കാണണമെന്നുണ്ടെങ്കില്‍ നമുക്ക് പോകാം.”
സുധന്വാവിന്റെ ലജ്ജയകറ്റാനും പത്മപാദനേയും മറ്റും നിരാശപ്പെടുത്താതിരിക്കാനുമായി ഒടുവില്‍ പറയേണ്ടിവന്നു.
ദിഗ്‌വിജയവാഹിനി കാപാലികഭൂമിയിലേക്ക് പുറപ്പെട്ടെങ്കിലും ഒരുകൂട്ടം ഭക്തന്മാര്‍ യാത്രയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. കാപാലികന്മാരെ ഭയന്നിട്ടായിരുന്നു അത്.
ഉജ്ജയിനിക്കുസമീപം കാപാലികന്മാര്‍ അവരുടേതായ ഒരു ചെറുരാജ്യം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. അത് മനസ്സിലാക്കി, നേരെ കാപാലിക രാജ്യത്തെ ലക്ഷ്യമിട്ട് ദിഗ്‌വിജയ യാത്ര നീങ്ങിക്കൊണ്ടിരുന്നു.
ദിഗ്‌വിജയവാഹിനിയുടെ വരവ് മുന്‍കൂട്ടി മണത്തറിഞ്ഞ കാപാലിക രാജാവായ ക്രകചന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടി സംഘത്തെ കാത്തിരിക്കുകയാണ്. അനുചരന്മാരോടൊപ്പമാണ് ക്രകചന്‍ ഏറ്റുമുട്ടാനായെത്തിയത്. അയാളുടെ ശരീരം പൂര്‍ണ്ണമായി ഭസ്മംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. ഒരു കൈയില്‍ നരകപാലവും മറുകൈയില്‍ നീളമുളള ശൂലവും പിടിച്ചിട്ടുണ്ട്. രക്തവര്‍ണ്ണത്തിലുളള വസ്ത്രമാണ് അയാള്‍ ധരിച്ചിരിക്കുന്നത്. ക്രകചന്റെ രൂപംതന്നെ ഭയാനകം! അനുചരന്മാരും യമകിങ്കരന്മാരെപ്പോലെ. ക്രകചന്റെ സ്വഭാവം അതിക്രൂരമായിരുന്നതുകൊണ്ട് ദിഗ്‌വിജയവാഹിനിയുടെ പ്രശാന്തഭാവത്തിനു മുന്നില്‍പ്പോലും അയാളില്‍ ഒരു മാറ്റവും ദൃശ്യമായില്ല. കാപാലികന്മാരുടെ സാധനാനുഷ്ഠാനങ്ങളില്‍ സിദ്ധനായ ക്രകചന്‍ സ്വന്തം അഭിപ്രായത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ തയ്യാറാകാത്തയാളാണെന്ന് മനസ്സിലായി.
”നിങ്ങള്‍ ഭസ്മം ധരിച്ചിരിക്കുന്നത് വളരെ നല്ല കാര്യം. എന്നാല്‍ പരമപവിത്രമായ നരകപാലത്തിനു പകരം ഈ കമണ്ഡലു വഹിക്കുന്നതെന്തിനാണ്?”
ക്രകചന്റെ ചോദ്യംകേട്ട് ഒന്നും മിണ്ടിയില്ല. അപ്പോള്‍ അദ്ദേഹം ആവേശത്തോടെ തുടര്‍ന്നു:
”നിങ്ങള്‍ പരമദൈവമായ ഭൈരവനെ ഉപാസിക്കുന്നത് എന്ത് നല്‍കിയിട്ടാണ്? നരമുണ്ഡവും മദ്യവും കൊണ്ട് ഭൈരവനെ പൂജിച്ചില്ലെങ്കില്‍ അദ്ദേഹം പ്രസാദിക്കുകയില്ല.”
സുധന്വാവിന് ദേഷ്യം വരുന്നത് ശ്രദ്ധിച്ചു. അദ്ദേഹം ദിഗ്‌വിജയവാഹിനിയിലെ എല്ലാവരോടുമായി ഉറക്കെ വിളിച്ചു പറഞ്ഞു:
”ക്രകചനെ നാമെല്ലം ബഹിഷ്‌ക്കരിക്കുക. അയാള്‍ പറയുന്നതൊന്നും നാം കേള്‍ക്കേണ്ടതില്ല.’
‘
കാപാലികരാജാവിന്റെ ക്രോധം അഹന്തയുടെ തീപ്പൊരിയുണ്ടാക്കിക്കൊണ്ട് പുറത്തുവന്നു. അയാള്‍ ശൂലം ഞൊടിയിടകൊണ്ട് ഉയര്‍ത്തിപ്പിടിച്ച് രാജാസുധന്വാവിനെ ആക്രമിക്കാനൊരുങ്ങി. ഇതുകണ്ട് ഓടിയടുത്ത സുധന്വാവിന്റെ അനുയായികള്‍ രംഗം ഏറ്റെടുത്തു. അതോടെ തോറ്റുപോകുമെന്ന് ഭയന്ന ക്രകചന്‍ ഒന്നുറക്കെ അമറിക്കൊണ്ട് അനുചരന്മാരോടൊപ്പം മടങ്ങിപ്പോയി…
അധികം വൈകാതെ കാപാലികവനം ഇളകുന്നത് കണ്ടു. കാടിനെ മറിച്ചുകൊണ്ട് ക്രകചസൈന്യത്തിന്റെ ആരവം അടുത്തു വന്നു. കാപാലികരാജാവ് യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് കൂടുതല്‍ ഭടന്മാരുമായി പാഞ്ഞടുക്കുകയായിരുന്നു! ഇതിനിടയില്‍ ഉജ്ജയിനിയില്‍നിന്ന് സുധന്വാവിന്റെ സൈന്യവുമെത്തി. കാപാലികന്മാരുമായുളള ഒരു യുദ്ധം ഉജ്ജയിനിയിലെ സൈന്യവും പ്രതീക്ഷിച്ചിരുന്നു.
ഇരുസൈന്യങ്ങളും വാശിയും വീറുമെടുത്ത് പോരാടി. ഇരുപക്ഷത്തും ആളപായത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. നിരവധി ഭടന്മാര്‍ രണ്ടുപക്ഷത്തും കൊല്ലപ്പെട്ടു! കാപാലിക സൈന്യത്തിനാണ് കൂടുതല്‍ ആള്‍നാശമുണ്ടായത്. ഇത് കണ്ട് ക്ഷുഭിതനായ ക്രകചന്‍ തന്റെ സമീപം വന്നുനിന്ന് അലറി: ”എന്റെ ശക്തിയെന്തെന്ന് ഞാന്‍ കാണിച്ചു തരാം. ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് തക്കശിക്ഷ ഞാന്‍ നല്‍കുന്നുണ്ട്…”
കൈയില്‍ നരകപാലവും വഹിച്ചുകൊണ്ട് ഒരു മരച്ചുവട്ടിലേക്ക് ചെന്നിരുന്ന് ക്രകചന്‍ കണ്ണുകളടച്ചു: കാപാലിക രാജാവിന്റെ ധ്യാനം! നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നരകപാലം മദ്യംകൊണ്ട് നിറയാന്‍ തുടങ്ങി… ധ്യാനത്തില്‍ നിന്നുണര്‍ന്ന ക്രകചന്‍ പകുതി മദ്യം സ്വയം കുടിച്ചു. സംഹാരഭൈരവനെ സ്മരിച്ചുകൊണ്ടെന്നോണം എന്തോ ഉറക്കെ പറയാന്‍ തുടങ്ങി. അയാള്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷ. അതില്‍”സംഹാരഭൈരവന്‍” എന്ന വാക്കുമാത്രം വ്യക്തമായി കേട്ടു. ഏതാനും നിമിഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ സംഹാരഭൈരവനായി മാറിക്കഴിഞ്ഞു!
കഴുത്തില്‍ നരകപാലമാലയും ഒരു കൈയില്‍ നരകപാലവും മറു കൈയില്‍ ത്രിശൂലവുമായി വികടാട്ടഹാസത്തോടെ സംഹാരഭൈരവന്‍ തന്റെ മുന്നില്‍ വന്നു നിന്നിട്ട് പറഞ്ഞു:
”ഇയാള്‍ അങ്ങയുടെ ഭക്തദ്വേഷിയാണ്. ഞങ്ങളോട് ദയവുണ്ടായി ഇയാളെ വകവരുത്തിയാലും…”
ക്രകചനിലെ സംഹാരഭൈരവന് കോപം വന്നു. ഭൈരവന്‍ ക്രകചനോടു പറഞ്ഞു:
”ആചാര്യര്‍ക്ക് വിരുദ്ധമായി പെരുമാറുന്നത് എന്നോടു കുറ്റം ചെയ്യുന്നതുപോലെയാണെന്ന് നീ കാണണം. നിനക്ക് രക്ഷവേണമെങ്കില്‍ ആചാര്യരെ ശരണം പ്രാപിക്കുക.”
ഭൈരവന്‍ തന്നോടായി പറഞ്ഞു:
”അങ്ങ് ചെയ്യുന്നതെല്ലാം എന്റെ അഭിലാഷമനുസരിച്ചു തന്നെ! കലിയുടെ ബലം കൊണ്ടാണ് ഇവര്‍ ദുരാചാരത്തിന് അടിമകളായിപ്പോയത്. ഈ കാപാലികന്മാരെ സദാചാര സമ്പന്നരാക്കി മാറ്റാന്‍ അങ്ങേക്ക് കഴിയും.”
ക്രകചന്‍ ബോധംകെട്ട് നിലത്തുവീണു. പെട്ടെന്ന് ചിദ്‌വിലാസനും വിഷ്ണുഗുപ്തനും കാപാലികരാജാവിനു സമീപം ഓടിയെത്തി. അവര്‍ നിലത്ത് കുത്തിയിരുന്ന് ക്രകചനെ നിരീക്ഷിച്ചു. അയാളില്‍ സംഹാരഭൈരവന്‍ അസ്തമിച്ചിരിക്കുന്നു! ഇതിനിടെ പത്മപാദന്‍ തന്റെ കമണ്ഡലുവിലെ ജലം കൊണ്ടുവന്ന് ക്രകചന്റെ മുഖത്ത് മൂന്നുവട്ടം കുടഞ്ഞു.
കാപാലികരാജാവ് മെല്ലെ കണ്ണുകള്‍ ചിമ്മിത്തുറന്നു. അയാള്‍ ചുറ്റും മിഴിച്ചു നോക്കുകയാണ്. ക്രകചന്‍ പുതിയൊരു മനുഷ്യനായി മാറിയിരിക്കുന്നു! ആ മുഖത്തെ വികടലക്ഷണങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. അവിടെ പ്രശാന്തമായൊരു ഭാവം ഉദയം കൊണ്ടിരിക്കുന്നു. തന്റെ ദുഷ്ടകൃത്യങ്ങള്‍ ചിന്തിച്ച് പരിതപിച്ചുകൊണ്ട് അയാള്‍ മെല്ലെ എണീറ്റ് അരികിലേക്ക് വന്നു. ക്ഷമാപണം നടത്താന്‍ തയ്യാറായി നില്‍ക്കുന്ന ക്രകചനെ കണ്ട് പത്മപാദനോടു പറഞ്ഞു:
”ക്രകചനും കൂട്ടര്‍ക്കും വേണ്ട ശുദ്ധിയും പ്രായശ്ചിത്തവും ചെയ്യിക്കൂ. നമുക്ക് വിരുദ്ധമായ ഇവരുടെ തന്ത്രമാര്‍ഗ്ഗത്തെ നാം പുനരുദ്ധരിക്കേണ്ടതുണ്ട്. ഇവര്‍ ഇതുവരെ അജ്ഞതയുടെ ഇരുട്ടില്‍ അകപ്പെട്ടുപോയിരുന്നു.!”