വൈഖാനസരില്‍ പ്രമുഖനായ വ്യാസദാസന്‍ അരികിലെത്തിയിരിക്കുന്നു.
ഒട്ടും ആത്മവിശ്വാസം കൈവെടിയാതെ ആധികാരികമായി അദ്ദേഹം പ്രസ്താവിച്ചു:
”ബ്രഹ്‌മാവിനുപോലും എന്റെ അഭിപ്രായം ഖണ്ഡിക്കുവാന്‍ സാധിക്കുകയില്ല. ഞങ്ങളുടെ മതപ്രകാരം നാരായണന്‍ സര്‍വ്വശ്രേഷ്ഠനും സകലതിനും കാരണഭൂതനുമാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ ആരാധിക്കണം. ശ്രീനാരായണന്റെ ഭക്തനാകണമെങ്കില്‍ ശംഖചക്രാദി ചിഹ്നങ്ങള്‍ ധരിക്കുകയും വേണം.”
വ്യാസദാസനോടു പറഞ്ഞു: ”നിങ്ങള്‍ വിഷ്ണുഭക്തനാണെങ്കില്‍ വിഷ്ണുപ്രീതിക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചക്രം തുടങ്ങിയവ ധരിക്കുന്നതുകൊണ്ട് ഫലം ലഭിക്കുകയില്ല. വേദവിരുദ്ധമായ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ ബ്രാഹ്‌മണ്യം നശിച്ചുപോകും. തത്ത്വജ്ഞാനത്തില്‍നിന്നു ലഭിക്കുന്ന ഫലമാണ് അനശ്വരം.”
വ്യാസദാസന് സംശയം മാറിയില്ല:
”ചിഹ്നധാരണം അനാവശ്യമാണെന്ന് അങ്ങു പറയുന്നു. എന്നാല്‍ ദത്താത്രേയന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ പഞ്ചമുദ്രാചിഹ്നം ധരിച്ചിരുന്നുവല്ലോ. അതിനാല്‍ മുമുക്ഷുക്കളും അങ്ങനെ ധരിക്കേണ്ടതല്ലേ?”
”ദത്താത്രേയനെപ്പറ്റി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. പ്രഹ്ലാദന്‍, വിഭീഷണന്‍, ഗജേന്ദ്രന്‍, ധ്രുവന്‍, ഹനുമാന്‍, ദ്രൗപദി ഇവരാരുംതന്നെ ചിഹ്നങ്ങള്‍ ധരിച്ചിട്ടില്ല. നിങ്ങള്‍ മൂഢബുദ്ധി ഉപേക്ഷിച്ച് ചിഹ്നങ്ങള്‍ ഉപേക്ഷിക്കുക. ബൃഹദാരണ്യകോപനിഷത്തിലെ മഹാവാക്യമായ ”അഹം ബ്രഹ്‌മാസ്മി ”എന്ന ചിന്തയില്‍ മനസ്സിനെ ഉറപ്പിക്കുക.”
വ്യാസദാസന്റെ മനസ്സിലെ മൗഢ്യം അസ്തമിച്ചെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു: ” ഗുരോ, എനിക്ക് ശുദ്ധമായ അദ്വൈത ബ്രഹ്‌മജ്ഞാനം തന്ന് എന്നെ അനുഗ്രഹിച്ചാലും…”
”ഞാന്‍ ബ്രഹ്‌മമാണ്, ഞാന്‍ മുക്തനാണ്” എന്ന് എപ്പോഴും ഭാവനചെയ്തുകൊണ്ടിരിക്കുക. അതിനുകഴിഞ്ഞില്ലെങ്കില്‍ മഹാവാക്യം സദാ ജപിക്കുക. ഇങ്ങനെയുളള ആവര്‍ത്തന മനനത്താല്‍ സുഖ ദു:ഖങ്ങള്‍ സമഭാവനയോടെ കാണാനും, കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നീ ആറ് ദോഷങ്ങളെ അലിയിച്ചു കളയാനുളള ശക്തി ലഭിക്കുകയും ചെയ്യും. അങ്ങനെ ക്രമേണ ആത്മസാക്ഷാത്കാരം സാധ്യമാകും.”
വ്യാസദാസന് ഉളളില്‍ ശാന്തി കൈവന്നിട്ടുണ്ടാകണം. അദ്ദേഹം അദ്വൈത മാര്‍ഗ്ഗത്തെ സ്വീകരിക്കുവാന്‍ തയ്യാറായി മുന്നോട്ടുവന്നു. വ്യാസദാസനോടൊപ്പം നിരവധി വൈഖാനസ വൈഷ്ണവരും അദ്വൈതസിദ്ധാന്തത്തെ പിന്തുടരാന്‍ സന്നദ്ധരായി. കര്‍മ്മഹീന വൈഷ്ണവ സമ്പ്രദായക്കാരും തങ്ങളുടെ വിശ്വാസവും പേറി വാദിക്കാനായി മുന്നോട്ടു വന്നു. അവരുടെ നേതാവായ നാമതീര്‍ത്ഥന്‍ പറഞ്ഞു:
”ആയിരം നാവുളള അനന്തനുപോലും ഞങ്ങളുടെ വിശ്വാസത്തെ ഖണ്ഡിക്കാനാവില്ല. എല്ലാവരും ഞങ്ങളെപ്പോലെ കര്‍മ്മഹീനരാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം….”
അദ്ദേഹം കര്‍മ്മത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് നിര്‍ത്താതെ പ്രസംഗിച്ചുകൊണ്ടേയിരുന്നു. എല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നശേഷം നാമതീര്‍ത്ഥനെ ഖണ്ഡിച്ചു:
”ശരി, കര്‍മ്മത്തിന് അതീതനായി ജീവന്മുക്തിയിലെത്താമെന്നതില്‍ സംശയമില്ല. എന്നാല്‍, യാതൊന്നും ചെയ്യാതെ ജഡനായിരുന്നാല്‍ പിശാചിനെപ്പോലെയായിത്തീരും. അതിനാല്‍ വേദവിഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. അവയുടെ ഫലം ആഗ്രഹിക്കാതെ ഈശ്വരനില്‍ സമര്‍പ്പിക്കുകയും വേണം. ഇതാണ് ജ്ഞാനമാര്‍ഗ്ഗം. അതേസമയം നിങ്ങള്‍ കര്‍മ്മഭ്രഷ്ടനായതുകൊണ്ട് വിഷ്ണുഭക്തനാകുകയില്ല. സ്വധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാതെ ശത്രുക്കളെയും മിത്രങ്ങളെയും സമഭാവനയില്‍ കാണാനുളള മാനസികമായ ഔന്നത്യം ഉണ്ടാകണം. ആരോടും ദേഷ്യം പാടില്ല; ആരെയും കുറ്റം പറയരുത്; മറ്റുളളവരെ വേദനിപ്പിക്കരുത്. ഇങ്ങനെയുളള നിര്‍മ്മലമനസ്സുളളവനാണ് യഥാര്‍ത്ഥ വിഷ്ണുഭക്തന്‍.”
നാമതീര്‍ത്ഥന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതു കണ്ട് തുടര്‍ന്നു:
”ഉപനിഷത്തുക്കളും ഭഗവദ്ഗീതയും എന്റെ ആജ്ഞകളായതിനാല്‍ അവയെ ലംഘിച്ചു ജീവിക്കുന്നവര്‍ എന്നെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും, അവര്‍ എന്റെ ഭക്തനാണെന്ന് ഭാവിച്ചാല്‍പ്പോലും വൈഷ്ണവരല്ലെന്നും അവര്‍ക്ക് ആത്മസാക്ഷാത്ക്കാരം ലഭിക്കില്ലെന്നും ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്. അതിനാല്‍ സ്വന്തം കര്‍മ്മത്തെ ഉപേക്ഷിക്കുന്നത് ഉചിതമല്ല. കര്‍മ്മം കൊണ്ടല്ല ത്യാഗം കൊണ്ടേ മുക്തി ലഭിക്കുകയുളളൂവെന്ന ശാസ്ത്രവാക്യംതന്നെ ആദ്യം കര്‍മ്മം ചെയ്യണം എന്നുവ്യക്തമാക്കുന്നതാണ്. എന്തെന്നാല്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ എങ്ങനെ അതിനെ ത്യജിക്കുവാന്‍ സാധിക്കും? അതിനാല്‍ ആദ്യം സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക; പിന്നെ സംന്യസിച്ച് കര്‍മ്മത്യാഗത്തിന് അധികാരികളായിത്തീരുക.”
നാമതീര്‍ത്ഥന്റെ മനസ്സ് മാറിയിരിക്കുന്നു. അദ്ദേഹം ശിഷ്യനാകാന്‍ മുന്നോട്ടു വന്നു. കര്‍മ്മഹീനസമ്പ്രദായക്കാരെയെല്ലാം നാമതീര്‍ത്ഥന്‍ അദ്വൈത വേദാന്തത്തിലേക്കു ക്ഷണിച്ചു….
ശ്രീരംഗത്ത് വന്നിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. ദിഗ്‌വിജയവാഹിനിയുടെ അടുത്തലക്ഷ്യസ്ഥാനം സുബ്രഹ്‌മണ്യദേശമാണ്. അനന്തസ്വരൂപിയായ കാര്‍ത്തികേയന്‍ വാണരുളുന്ന തീര്‍ത്ഥഭൂമിയിലെത്താന്‍ അഞ്ചു ദിവസമെടുത്തു.
കുമാരധാരാനദിയില്‍ കുളിച്ച് സുബ്രഹ്‌മണ്യസ്വാമിയെ ദര്‍ശിച്ചു. ദീര്‍ഘധ്യാനത്തിനായി വിജനമായ ഒരു ഇടംതേടിയെത്തി. സുധന്വാവും മറ്റു ശിഷ്യരും ധ്യാനത്തെ അലോസരപ്പെടുത്താതിരിക്കാനാണ് ഏകാന്തവാസം ആരംഭിച്ചത്.
കാഷായവസ്ത്രവും ഒരു ദണ്ഡും കമണ്ഡലുവുമായി സ്വസ്ഥമായിരുന്നു. ശരീരത്തില്‍ വിഭൂതിയണിഞ്ഞു. ദീര്‍ഘനേരം നീണ്ട തപസ്സില്‍ എല്ലാം മറന്നു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹിരണ്യഗര്‍ഭോപാസകരും സൂര്യോപാസകരും ധ്യാനഭൂമിതേടി വന്നുതുടങ്ങി. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വര്‍ഷങ്ങളായി മനസ്സിലൂട്ടിയുറപ്പിച്ചു വച്ചിരുന്ന പല വിശ്വാസങ്ങളെയും ഖണ്ഡിക്കേണ്ടിവന്നു. ഒടുവില്‍ എല്ലാവരും തങ്ങളുടെ വിശ്വാസപ്രമാണങ്ങളെ വിട്ട് അദ്വൈത മാര്‍ഗ്ഗത്തിലേക്ക് ചേക്കേറാന്‍ തയ്യാറായി. സുബ്രഹ്‌മണ്യദേശത്തുമാത്രം മൂവായിരത്തിലേറെപ്പേര്‍ ശിഷ്യത്വം സ്വീകരിക്കാനായി മുന്നോട്ടുവന്നിരിക്കുന്നു…
ദിഗ്‌വിജയയാത്ര ശുഭഗണപുരത്ത് എത്തിച്ചേര്‍ന്നപ്പോള്‍ അവിടത്തെ ചില ഭക്തരുടെ കൈയില്‍ ശംഖും മണിയും കരുതിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മറ്റ് ചിലരുടെ കൈയിലാകട്ടെ വെണ്‍ചാമരങ്ങളുമുണ്ട്. പട്ടണത്തിലൂടെയൊഴുകുന്ന കൗമുദിനദിയില്‍ കുളിച്ച് തൊട്ടടുത്തുളള ഗണപതിക്ഷേത്രത്തിന്റെ പടവുകള്‍ കയറി. വിഘ്‌നേശ്വരനെ പൂജിച്ചശേഷം ഒരു വിജനസ്ഥലം തേടി വിശ്രമിച്ചു.
സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ക്ക് പത്മപാദനും ഹസ്താമലകനും തോടകനും അദ്വൈതവേദാന്ത സത്യങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ടിരുന്നു. തങ്ങളുടെ പട്ടണത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത് മഹാപണ്ഡിതന്മാരാണെന്നു കരുതി ജനങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉത്സാഹത്തോടെ മുന്നോട്ടു വന്നു.
”ബ്രഹ്‌മസൂത്രം, ശാരീരകസൂത്രം, വേദാന്തസൂത്രം എന്നൊക്കെ പറയുന്ന ഉത്തരമീമാംസാസൂത്രത്തില്‍ അഞ്ഞൂറ്റിഅമ്പത്തഞ്ച് സൂത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. നാല് അധ്യായങ്ങളുമുണ്ട്. ഓരോ അധ്യായവും പദങ്ങളായി തിരിച്ചിട്ടുണ്ട്. ഉത്തരമീമാംസാസൂത്രത്തിന്റെ കര്‍ത്താവ് ബാദരായണനാണ്. വേദവ്യാസന്‍ തന്നെയാണ് ബാദരായണന്‍. മീമാംസാസൂത്രകാരനായ ജൈമിനി ബാദരായണനെ സ്മരിക്കുന്നുണ്ട്; ബാദരായണന്‍ ജൈമിനിയേയും. രണ്ടുപേരും സമകാലികരായിരിക്കണം.”
”ബ്രഹ്‌മജിജ്ഞാസ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പരമാര്‍ത്ഥമായ സത്തയെ അന്വേഷിക്കുവാന്‍ അധികമാര്‍ക്കും താല്പര്യമുണ്ടാകാറില്ലല്ലോ. ഇനി സാധനചതുഷ്ടയമെന്തെന്നു നോക്കാം. ആദ്യത്തേത്, നിത്യാനിത്യവസ്തു വിവേകം. നിത്യമായതും ഇളകാത്തതുമായ സത്യവും പ്രതിക്ഷണം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചവും തിരിച്ചറിയാനുളള കഴിവും ആഗ്രഹവും സാധകന് അത്യാവശ്യമാണ്. ഇതിനെയാണ് നിത്യാനിത്യവസ്തു വിവേകം എന്ന് പറയുന്നത്. തുടക്കത്തില്‍ ഇതിന് സാമാന്യജ്ഞാനം മതിയാകും.”
”സാധനചതുഷ്ടയത്തില്‍ രണ്ടാമത്തേതാണ്, ഇഹാമുത്രാര്‍ത്ഥഫലവിരാഗം. ഈ ലോകത്തിലും പരലോകത്തിലും കര്‍മ്മഫലത്തിന്റെ അനുഭവം വേണ്ടെന്നു വെയ്ക്കുക. മൂന്നാമത്തേത്, മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കുന്ന ശമദമാദികളാണ്. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധി ഇങ്ങനെ ആറെണ്ണമുണ്ട്. ധ്യാനത്തിലൂടെ നിസ്സംഗമുണ്ടാകുമ്പോള്‍ മനസ്സിന് പക്വത കൈവരികയും രാഗദ്വേഷങ്ങളുടെ ശക്തി കുറയുകയും ചെയ്യുന്നതാണ് ശമം. മനസ്സിനെ നാം ജയിച്ചു കഴിഞ്ഞാല്‍ തത്ത്വചിന്തയിലേക്ക് അതിനെ വ്യാപരിപ്പിക്കുവാന്‍ സാധിക്കും. ഇതാണ് ദമം. വിഷയങ്ങളില്‍നിന്ന് മനസ്സ് വിട്ടൊഴിയുന്നതാണ് ഉപരതി; വിഷയങ്ങള്‍ക്കുപരിയായുളള ആനന്ദം. വിഷയങ്ങള്‍കൊണ്ട് ഉളവാകുന്ന ആഘാതത്തെ തടുക്കുന്നതാണ് തിതിക്ഷ. തത്ത്വത്തിലേക്ക് ഹൃദയം പതിപ്പിക്കുന്നതാണ് ശ്രദ്ധ. സദാജാഗരൂകമായ മനസ്സിന്റെ അവസ്ഥയാണ് സമാധി!” ”സാധനചതുഷ്ടയത്തിലെ നാലാമത്തെ സ്തൂപമാണ് മുമുക്ഷുത്വം.”ആത്മസാക്ഷാത്ക്കാരം നേടാനുളള അതിയായ ഇച്ഛയെയാണ് അത് സൂചിപ്പിക്കുന്നത്. ലൗകികജീവിതം ദു:ഖമാണെന്ന വിശ്വാസം ഇല്ലാത്തവര്‍ക്ക് മോക്ഷത്തിന് ഇച്ഛയുണ്ടാവില്ല.”
”ബ്രഹ്‌മജ്ഞാനത്തിനുവേണ്ട അധികാരം സാധനചതുഷ്ടയം മാത്രമാണ്. ഉപനയനസംസ്‌കാരം കഴിച്ചവര്‍ക്കുമാത്രമെ അതിന് അധികാരമുളളുവെന്ന് ഇവിടെ അര്‍ത്ഥമില്ല. ജന്മനായുളള ബ്രാഹ്‌മണ്യത്തേക്കാള്‍ സാത്വിക സംസ്‌കാരമുളളയാള്‍ക്കാണ് യഥാര്‍ത്ഥ ബ്രാഹ്‌മണ്യമെന്ന് ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥയില്‍നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.”
”പൂര്‍വ്വമീമാംസാപരിചയം കൂടാതെതന്നെ ബ്രഹ്‌മജിജ്ഞാസയ്ക്കുവേണ്ട അര്‍ഹത സാധനചതുഷ്ടയം കൊണ്ടുണ്ടാകുമെന്നാണ് ”അഥാതോബ്രഹ്‌മജിജ്ഞാസാ” എന്ന ആദ്യസൂത്രത്തില്‍ സൂചിപ്പിക്കുന്നത്. അഥശബ്ദം വേദാഭ്യാസത്തെയും മീമാംസപരിചയത്തെയുമല്ല സൂചിപ്പിക്കുന്നത്. മറിച്ച് സാധനചതുഷ്ടയത്തെയാണ്. വര്‍ണ്ണാശ്രമം തുടങ്ങിയ വ്യവസ്ഥകളും ബ്രഹ്‌മാനുഭൂതിയുണ്ടാകുന്നതുവരെ മാത്രമെ ആവശ്യമുളളൂ. ബ്രഹ്‌മജ്ഞാനം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഒരാള്‍ക്ക് യാതൊരു കര്‍ത്തവ്യവുമില്ല”
”സംസാരബന്ധത്തില്‍ നിന്നുളള മുക്തിയാണ് വേദാന്തചിന്ത ലക്ഷ്യമിടുന്നത്. സംസാരബന്ധത്തിനു കാരണം അജ്ഞാനമാണ്. ഉണ്മയ്ക്ക്, അഥവാ ആത്മാവിന് യഥാര്‍ത്ഥത്തില്‍ ഒന്നിനോടും ബന്ധമില്ലല്ലോ. അത് നിത്യമുക്തമാണ്. ആനന്ദസ്വരൂപനാണ്. അജ്ഞാനം ഇല്ലാതാകുന്നതുവരെ നാം ബന്ധത്തില്‍ കുടുങ്ങിക്കിടക്കും. ഭേദമില്ലാത്തിടത്ത് അത് ഉണ്ടെന്ന് തോന്നിപ്പിക്കലാണ് അജ്ഞാനത്തിന്റെ ഫലമായുണ്ടാകുന്ന മായ ചെയ്തുകൊണ്ടിരിക്കുന്നത്. ഭേദബുദ്ധി യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണെന്നറിയുക. വിഷയവും അതറിയുന്നയാളും രണ്ടാണെന്ന് തോന്നുന്നതാണ് അവിദ്യ. അവ തമ്മില്‍ ഒരു ഭേദവുമില്ലെന്നറിയുന്നതാണ് വിവേകം. ഇവിടെ ദൃക്ദൃശ്യവിവേകം നാം അറിയേണ്ടതുണ്ട്. ഈ അറിവാണ് മുക്തിക്കുളള മാര്‍ഗ്ഗം. ജീവാത്മാവ് പരമാത്മാവായ ബ്രഹ്‌മത്തില്‍നിന്ന് ഭിന്നമല്ല എന്നറിയുന്നത് ചിന്മാത്രമായ ഒരനുഭൂതിയാണ്…”
”ബ്രഹ്‌മ സത്യം ജഗന്മിഥ്യാ
ജീവോ ബ്രഹ്‌മൈവ നാപരഃ”
അദ്വൈതപാഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും ശുഭഗണപുരത്ത് ചുറ്റിനടന്നു. ധാരാളം ഗണപതിക്ഷേത്രങ്ങളുളള പട്ടണം. മഹാഗണപതി, ഹരിദ്രാഗണപതി, ഉച്ഛിഷ്ടഗണപതി, നവനീതഗണപതി, ബാലഗണപതി തുടങ്ങി വിവിധ ഗണപതി വിഗ്രഹങ്ങളെ ആരാധിക്കുന്ന നഗരവാസികള്‍. അവരില്‍ പ്രമുഖരായ പണ്ഡിതന്മാര്‍ വാദിച്ചു ജയിക്കാനായെത്തിയെങ്കിലും, അവരുടെ ശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങള്‍ സ്വയം ബോധ്യമായിക്കഴിഞ്ഞപ്പോള്‍ അദ്വൈത ചിന്തയിലേക്ക് വരാന്‍ അവര്‍ തയ്യാറായി…
ശുഭഗണപുരത്തുനിന്ന് കാഞ്ചിപുരത്തേക്ക്…
പല്ലവ വംശരാജാക്കന്മാരാണ് കാഞ്ചിപുരം ഭരിച്ചുകൊണ്ടിരിക്കുന്നത്. ചാലൂക്യരാജാക്കന്മാരുമായുളള ശത്രുതയും കിടമത്സരവുംകൊണ്ട് അവര്‍ വല്ലാത്തൊരു വിഷമവൃത്തത്തില്‍പ്പെട്ടു കഴിയുകയായിരുന്നു. അതുകൊണ്ടാവണം, പ്രാചീന കാലം മുതല്‍ പ്രസിദ്ധമായിരുന്ന ശിവകാഞ്ചിയും വിഷ്ണുകാഞ്ചിയും ഏറെ ശോചനീയമായൊരവസ്ഥയില്‍ പെട്ടുപോയിരിക്കുന്നു. രാജഭരണത്തിന്റെ കനിവ് ലഭിക്കാത്ത പ്രജകള്‍. അവരുടെ ഈശ്വരവിശ്വാസവും കര്‍മ്മാനുഷ്ഠാനങ്ങളുമെല്ലാം മ്ലാനമായിരുന്നു. ബുദ്ധമതം കാഞ്ചിനഗരത്തില്‍ നിഷ്പ്രഭമായിക്കഴിഞ്ഞുവെങ്കിലും ജൈനമതത്തിന് അല്പം ആധിപത്യമുളളതറിഞ്ഞു. കുമാരിലഭട്ടന്റെ പ്രയത്‌നത്തിന്റെ ഫലമായി കര്‍മ്മകാണ്ഡത്തിന് തെല്ലൊരുണര്‍വ്വ് വന്നിട്ടുണ്ടെങ്കിലും പൊതുവെ ജനങ്ങളില്‍ അത് പ്രഭാവം ചെലുത്തിയിരുന്നില്ല. ദിവസം ചെല്ലുന്തോറും പ്രജകളില്‍ മതപ്രതിപത്തിയും ഈശ്വരാരാധനയും കുറഞ്ഞുവന്നു.
കര്‍ണ്ണാടകദേശത്തെ ഉജ്ജയിനിയുടെ രാജാവായ സുധന്വാവിനോടൊപ്പമാണ് ദിഗ്‌വിജയവാഹിനി വരുന്നതെന്നു കേട്ട് കാഞ്ചിരാജാവായ നന്ദിവര്‍മ്മന്‍ എതിരേല്‍ക്കാനായി തയ്യാറായി നില്ക്കുകയായിരുന്നു.
”അങ്ങ് ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് കൊട്ടാരത്തില്‍ കഴിയണം.”
നന്ദിവര്‍മ്മരാജാവ് വിനീതനായി.
”വേണ്ട മഹാരാജന്‍. ഞങ്ങള്‍ നഗരത്തിനുപുറത്തുളള പുരാണപ്രസിദ്ധമായ ഏകാമ്രകാനനത്തില്‍ താമസിച്ചുകൊള്ളാം.”
കാഞ്ചിരാജാവിന്റെ വാക്കുകളില്‍ ഭക്തിപ്രഭാവത്തിന്റെ നിറവറിഞ്ഞു:
”അങ്ങനെയെങ്കില്‍ അങ്ങേക്ക് ആവശ്യമുളളതെല്ലാം അറിയിച്ചു കൊള്ളുക. ഭൃത്യന്മാര്‍ അത് നിറവേറ്റിത്തരും. ദിഗ്‌വിജയവാഹിനിക്ക് എന്റെ രാജ്യത്ത് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
കാഞ്ചിപുരത്ത് താന്ത്രികന്മാര്‍ക്കുളള പ്രാധാന്യം മനസ്സിലാക്കി കാമാക്ഷിദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് വേദാനുമോദിതമായ പൂജ നടത്തി. ഒരു മനോഹരമായ ക്ഷേത്രം അവിടെ നിര്‍മ്മിക്കാന്‍ കാഞ്ചിരാജാവിനോട് നിര്‍ദ്ദേശിച്ചു. പരിശുദ്ധമായ ആചാരം കണ്ടതുകൊണ്ടാവാം, താന്ത്രികന്മാര്‍ എതിര്‍ക്കാനൊന്നും വന്നില്ല. മാത്രവുമല്ല അവര്‍ അനുയായികളാവാന്‍ പെട്ടെന്ന് മുന്നോട്ടു വരികയും ചെയ്തു.
ശിവകാഞ്ചിയിലെ പൃഥിവീമൂര്‍ത്തിയില്‍ ഭവാനീപതിയുടെ പ്രതിഷ്ഠയുണ്ട്. എന്നാല്‍ ക്ഷേത്രമന്ദിരം ഇടിഞ്ഞുപൊളിഞ്ഞ് ദുരവസ്ഥയിലുമായിരുന്നു. അവിടത്തെ പൂജയിലെ വ്യവസ്ഥയില്ലായ്മ കണ്ട് ക്ഷേത്രം പുനരുദ്ധരിക്കാന്‍ കാഞ്ചിരാജാവിനെ ഓര്‍മ്മിപ്പിച്ചു.
ക്രമേണ ക്ഷേത്രത്തിന്റെ നാല് വശത്തും വാസഗൃഹങ്ങള്‍ നിര്‍മ്മിതമായി. ക്ഷേത്രവും പുതുക്കിപ്പണിതു. ശിവകാഞ്ചി ഒരു നഗരമായി വളരുകയായിരുന്നു. ശിവകാഞ്ചിക്ക് സമീപമാണ് വിഷ്ണുകാഞ്ചി. വരദരാജസ്വാമിയായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് അവിടെയുളളത്. ആ ക്ഷേത്രവും ശിവകാഞ്ചിയെപ്പോലെ ദുരവസ്ഥയില്‍ മുങ്ങിക്കിടന്നു. കാഞ്ചിരാജാവിനു ഇക്കാര്യത്തിലൊന്നും ശ്രദ്ധിക്കാനാവുന്നില്ലല്ലോ! വരദരാജക്ഷേത്രത്തിന്റെയും ജീര്‍ണ്ണതയകറ്റി പുനരുദ്ധരിക്കണമെന്ന് രാജാവിനോട് ഓര്‍മ്മിപ്പിക്കേണ്ടിവന്നു…
വിഷ്ണുകാഞ്ചിയും ഒരു നഗരമായി പരിലസിക്കുവാന്‍ തയ്യാറായി. പുതിയൊരു ദര്‍ശനവുമായി ദിഗ്‌വിജയം ചെയ്യുന്ന താന്‍, ഉപാസനയ്ക്കായി ദേവപൂജകള്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കുന്നതുകണ്ട് അദ്വൈതസിദ്ധാന്തത്തെപ്പറ്റി ജനങ്ങള്‍ക്കുണ്ടായിരുന്ന തെറ്റായ ധാരണകളൊക്കെ മായാന്‍ തുടങ്ങി. ദിഗ്‌വിജയവാഹിനിയിലെ എല്ലാവരും വിഗ്രഹപൂജകളെയും മറ്റും നിഷ്പ്രയോജനകരമായി കരുതുമെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. വിഷ്ണുകാഞ്ചിയിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും പൂജാനുഷ്ഠാനങ്ങളോടുളള ശ്രദ്ധയും കണ്ടതോടുകൂടി അവര്‍ക്ക് സമാധാനമായി. അനുയായികളായി മാറണമെന്ന ചിന്ത അവരില്‍ വേഗം വളര്‍ന്നു. അദ്വൈത ദര്‍ശനത്തോടൊപ്പം ദേവീദേവന്മാര്‍ക്കു വേണ്ടിയുള്ള പൂജയിലും ഉപാസനയിലും അവര്‍ ശ്രദ്ധയുളളവരായി.
കാഞ്ചിപുരത്തിനടുത്തുകൂടിയാണ് പരിശുദ്ധമായ പാലാര്‍ ഒഴുകുന്നത്. നദീതീരങ്ങളില്‍ നിരവധി പണ്ഡിതഭവനങ്ങള്‍. എല്ലാവരും ഭേദവാദികള്‍. അവര്‍ ഏകാമ്രകാനനത്തില്‍ വന്നിട്ടു പറഞ്ഞു:
”ഈ ലോകത്ത് എല്ലാ കാര്യങ്ങളിലും ഭേദം പ്രത്യക്ഷമാണല്ലോ. ദേവന്മാരും പലതാണ്. വിശിഷ്ടകര്‍മ്മങ്ങളും ഉപാസനകളുംകൊണ്ട് വിവിധ ലോകങ്ങളില്‍ എത്തുമെന്ന് ശാസ്ത്രവും പറയുന്നു. ആ സ്ഥിതിക്ക് ഭേദം മിഥ്യയാകുന്നതെങ്ങനെയാണ്?!”
പണ്ഡിതന്മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു:
”പരമതത്ത്വം മനസ്സിലാക്കാതെയാണ് നിങ്ങള്‍ ഇത് പറയുന്നത്. വേദം വ്യക്തമായി പറയുന്നുണ്ട്, സകലതും ബോധസ്വരൂപമായിരിക്കുമ്പോള്‍ ആര് ആരെ കാണുന്നു? ആത്മാവ് സൃഷ്ടി നടത്തി സ്വയം അതില്‍ അനുപ്രവേശം ചെയ്തിരിക്കുന്നു. ”ഈ ജീവരൂപത്തില്‍ പ്രവേശിച്ച് ഞാന്‍ നാമരൂപങ്ങള്‍ പ്രകാശിപ്പിക്കണം എന്ന് സങ്കല്പിച്ചു.” ഇങ്ങനെ പറയുന്ന വാക്യങ്ങള്‍ നോക്കുക. എത്ര ദേവതകള്‍ ഉണ്ടെന്നു ചോദിച്ചാല്‍ മൂന്ന് എന്നും മുന്നൂറ് എന്നും മൂവായിരമെന്നും നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ ദേവന്‍ ഒന്നു മാത്രം! അതാണ് നമ്മിലെ ഉണ്മ. ഞാന്‍ അനേകമായി ഭവിക്കും എന്ന് പറഞ്ഞിട്ടുളളതിനാല്‍ ബഹുത്വം ഏകത്വത്തെത്തന്നെ അനുവര്‍ത്തിക്കുന്നു. ഉണ്മ ഒന്നുമാത്രമാണ് സത്യം. അതിനാല്‍ ജീവാത്മാവ്, പരമാത്മാവ്, ദേവത മുതലായവയില്‍ പരമാര്‍ത്ഥമായി വ്യത്യാസമുണ്ടെന്നുളള മൗഢ്യത്തെ ഉപേക്ഷിച്ച് ശുദ്ധമായ അദ്വൈത ബ്രഹ്‌മത്തെ ഉപാസിച്ച് മുക്തി കൈവരുത്തുക.”
അദ്വൈതസിദ്ധാന്തത്തിന്റെ ഉത്ക്കര്‍ഷം ആ പണ്ഡിതന്മാര്‍ മനസ്സിലാക്കിയെന്നു തോന്നുന്നു. അതുകൊണ്ടാവണം കാഞ്ചിയില്‍ എവിടെയും അദ്വൈതസത്യം വേഗത്തില്‍ പ്രചരിക്കാനിടയായി.
മൂന്ന് മാസത്തെ കാഞ്ചിവാസത്തിനുശേഷം തിരുപ്പതിയിലേക്ക്…
(തുടരും)