- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ലങ്കയിലൊരു തീക്കളിയാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 11)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
രാവണന്‍ അന്തഃപുരത്തിലേക്ക് ഓടിക്കയറിയതോടെ ഹനുമാന്‍ തീയാളുന്ന തന്റെ വാലുമുയര്‍ത്തിപ്പിടിച്ചുക്കൊണ്ട് പുറത്തേക്കു ചാടി. ആ വാല്‍പ്പന്തവുമായി ആഞ്ജനേയന്‍ ലങ്കാനഗരിയിലെങ്ങും തലങ്ങും വിലങ്ങും പാഞ്ഞുനടന്നു. നഗരിയിലെ കടകമ്പോളങ്ങളും പ്രഭുമന്ദിരങ്ങളും അലങ്കാരമണ്ഡപങ്ങളും കൊട്ടാരത്തിരശീലകളുമെല്ലാം അഗ്നിയില്‍ വെന്തു വെണ്ണീറായി. എന്തൊരു കഷ്ടം! ലങ്കാനഗരി അല്പസമയത്തിനുള്ളില്‍ വെറുമൊരു അസ്ഥിപഞ്ജരമായി മാറി.
എങ്കിലും സീതാദേവിയെ പാര്‍പ്പിച്ചിട്ടുള്ള അശോകവനിയിലേക്ക് ഹനുമാന്‍ കടന്നുചെല്ലുകയോ അവിടെ ഒരുവിധത്തിലുള്ള ഉപദ്രവമുണ്ടാക്കുകയോ ചെയ്തില്ല.
ഇതിനിടയില്‍ ഹനുമാന്‍ ചാടിയോടി കുറച്ചകലെയുള്ള ഒരു കുന്നിന്‍ ചരിവിലെത്തി. അപ്പോള്‍ ഒരു ഗുഹയ്ക്കുള്ളില്‍ ഒളിച്ചിരുന്ന ഒരു കൂട്ടം വാനരന്മാര്‍ വായുപുത്രന്റെ വാല്‍ ഛേദിക്കാനായി മൂര്‍ച്ചയുള്ള വാളുകളും വെട്ടുകത്തികളുമായി മുന്നിലേക്കു ചാടിവീണു.
”ദുഷ്ട വാനരാ! ഞങ്ങളുടെ ലങ്കാപുരി മുഴുവന്‍ നീ തീകൊളുത്തി നശിപ്പിച്ചു; അല്ലേ? നിന്നെ ഞങ്ങള്‍ വെറുതെ വിടില്ല; നിന്റെ വാല്‍ വെട്ടിയെടുത്ത് ഞങ്ങളിപ്പോള്‍ കഴുകന്മാര്‍ക്ക് എറിഞ്ഞുകൊടുക്കും. അതോടെ നിന്റെ വാലുകൊണ്ടുള്ള തീക്കളിയാട്ടം അവസാനിക്കും” -രാക്ഷസപ്പരിഷകള്‍ കത്തികളുമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ അലറി.
”ജീവന്‍ വേണെങ്കില്‍ വേഗം സ്ഥലം വിട്ടോളു. അല്ലെങ്കില്‍ രാവണനെപ്പോലെ നിങ്ങള്‍ക്കും ഓടിയൊളിക്കേണ്ടതായി വരും”-ഹനുമാന്‍ മുന്നറിയിപ്പുനല്‍കി.
പക്ഷേ രാക്ഷസത്തെമ്മാടികള്‍ ഒരടി പിന്നോക്കംപോകുകയോ, ചെയ്യാന്‍ പോകുന്ന സാഹസത്തില്‍ നിന്ന് പിന്മാറുകയോ ചെയ്തില്ല.
”ഇനി ഒരടിപോലും മുന്നോട്ടു വയ്ക്കരുത്. വീണ്ടും തെമ്മാടിത്തം കാട്ടാനാണ് ഭാവമെങ്കില്‍ ഒരാള്‍പോലും ജീവനോടെ തിരിച്ചുപോകില്ല”-ഹനുമാന്‍ ഒരിക്കല്‍ക്കൂടി മുന്നറിയിപ്പു നല്‍കി. പക്ഷേ രാക്ഷസന്മാര്‍ വീണ്ടും വെട്ടുകത്തികളും വാളുകളുമായി ഹനുമാനെ ആക്രമിക്കാനൊരുങ്ങി.
പെട്ടെന്ന് ഹനുമാന്‍ തന്റെ വാല്‍പ്പന്തം നീട്ടി ആ രാക്ഷസന്മാരെയെല്ലാം ചുരുട്ടിയെടുത്തു. ഹനുമാന്റെ വാല്‍ച്ചുരുളില്‍ കുടുങ്ങിപ്പോയ രാക്ഷസന്മാര്‍ ഒന്നടങ്കം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി: ”രാവണമഹാരാജാ ഓടിവരണേ!” മേഘനാഥാ, ഈ ദുഷ്ടവാനരന്‍ ഞങ്ങളെ കൊല്ലുന്നേ; രക്ഷിക്കണേ!” -എന്നു വിലപിച്ചുകൊണ്ട് രാക്ഷസപ്പരിഷകള്‍ ഹനുമാന്റെ വാല്‍ച്ചുരിളിനകത്തിരുന്ന് തിരിയുകയും വളയുകയും പുളയുകയും ചെയ്തു. പക്ഷേ എന്തുകാര്യം? ഒരാള്‍പോലും അക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെട്ടില്ല. എല്ലാവരും തീപ്പൊള്ളലേറ്റ് വെന്തുമരിച്ചു.
വാലില്‍കുടുങ്ങി ചത്തുപോയ രാക്ഷസന്മാരെ ഹനുമാന്‍ തന്റെ വാല്‍കുടഞ്ഞ് സമുദ്രത്തിലേക്കിട്ടു. അതോടെ പര്‍വ്വതസാനുക്കളില്‍ കണ്ണും നട്ടിരുന്ന കഴുകന്മാര്‍ താണിറങ്ങിവന്ന് രാക്ഷസന്മാരെ ഓരോരുത്തരെയായി റാഞ്ചിക്കൊണ്ടുപോയി.
എന്നാല്‍ ഈ തീക്കളിയ്ക്കിടയില്‍ ഹനുമാന്റെ ശരീരത്തില്‍ ഒരിടത്തും യാതൊരുവിധ പൊള്ളലോ പോറലോ ഏറ്റില്ല. കാരണമെന്തെ ന്നോ? ”എത്രവലിയ തീയ്ക്കുള്ളില്‍ പെട്ടാലും ഹനുമാന് പൊള്ളലേല്‍ക്കുകയില്ലെ”ന്ന് അഗ്നിദേവന്‍ കുഞ്ഞുനാളില്‍ പാതാളത്തില്‍വച്ച് അനുഗ്രഹം നല്‍കിയിരുന്നു.
സര്‍വ്വതും കത്തിച്ചാമ്പലായതോടെ രാവണനും മറ്റു രാക്ഷസന്മാരും വല്ലാതെ സങ്കടപ്പെട്ടു. ഹനുമാനോടുള്ള അവരുടെ പകയും വിദ്വേഷവും മനസ്സിലിരുന്ന് പുകഞ്ഞു.
ലങ്കാദഹനം ഏകദേശം പൂര്‍ത്തിയായെന്നു കണ്ടതോടെ ഹനുമാന്‍ തന്റെ തീക്കളിയാട്ടം അവസാനിപ്പിച്ചു. ഈ സമയത്തിനുള്ളില്‍ നാട്ടിലെ രാക്ഷസന്മാരെല്ലാം പേടിച്ച് അവരവരുടെ സങ്കേതങ്ങളില്‍ ഒളിച്ചുകഴിഞ്ഞിരുന്നു.
ഇനി എത്രയും വേഗം ലങ്കാപുരി വിടുന്നതാണ് നല്ലതെന്ന് ഹനുമാന്‍ മുന്‍കൂട്ടി കണ്ടു. ഏതായാലും സീതാദേവിയോട് ഒരിക്കല്‍ക്കൂടി യാത്രപറയണമെന്ന് ഹനുമാന്റെ മനസ്സ് വിളിച്ചുപറഞ്ഞു. സീതാദേവിയ്ക്കരികിലേക്ക് ചെല്ലും മുമ്പേ വാലിലെ തീ കെടുത്തേണ്ടത് ആവശ്യമാണെന്ന് മാരുതി തീരുമാനിച്ചു.
ഹനുമാന്‍ വേഗം കടലില്‍ വാലടിച്ച് തീ കെടുത്തി. അതിനുശേഷം രാക്ഷസന്മാരുടെ കണ്ണില്‍പെടാത്ത വിധത്തില്‍ ഒളിഞ്ഞും മറഞ്ഞും സീതാദേവിയുടെ സമീപമെത്തി.
”ദേവീ, ഞാന്‍ ലങ്കാനഗരിയൊ ക്കെ ഒന്നു ചുറ്റിക്കണ്ടു. അതിനിടയില്‍ ഇവിടെ വലിയ സംഭവവികാസങ്ങളുണ്ടായി.” -ഹനുമാന്‍ അറിയിച്ചു.
”ങും എന്തു സംഭവമാണ് മാരുതീ ഉണ്ടായത്?” -സീതാദേവി ആകാംക്ഷയോടെ ചോദിച്ചു.
”രാവണന്റെ രാജധാനിക്കു സമീപമെത്തിയ എന്നെ രാക്ഷസന്മാര്‍ പിടികൂടി. മേഘനാദനും എന്നെ ഉപദ്രവിച്ചു. ഒടുവില്‍ അവരെന്നെ പിടിച്ചുകെട്ടി രാവണന്റെ മുന്നില്‍ ഹാജരാക്കി. ഞങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദം നടന്നു. രാവണനും കൂട്ടാളികളും കൂടി എന്നെ പരിഹസിക്കുകയും എന്റെ വാലിനു തീ കൊളുത്തുകയും ചെയ്തു.”
”പിന്നെ എന്തു സംഭവിച്ചു?” -ദേവി ആരാഞ്ഞു.
”അവര്‍ തീകൊളുത്തിയ എന്റെ വാലുകൊണ്ടുതന്നെ ഞാന്‍ ലങ്കാപുരിയുടെ ഭൂരിഭാഗവും ചുട്ടെരിച്ചു. രാവണനടക്കമുള്ള രാക്ഷസന്മാരെ ഞാന്‍ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് -ഹനുമാന്‍ വെളിപ്പെടുത്തി.
”ഹൊ! അങ്ങനെയെങ്കില്‍ ഇനിയും അവരുടെ ആക്രമണമുണ്ടായേക്കും” – സീത മുന്നറിയിപ്പുനല്‍കി.
”അതെ; അതിനുമുമ്പായി തല്‍ക്കാലം എനിക്ക് ഇവിടെനിന്ന് പോകേണ്ടിയിരിക്കുന്നു. ഭയപ്പാടുകൊണ്ടുപോകുന്നതല്ല. ദേവിയുടെ മോചനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യാനുണ്ട്. എത്രയും വേഗം എനിക്ക് ശ്രീരാമദേവന്റെ അരികിലെത്തിയേ പറ്റൂ.” – ഹനുമാന്‍ പറഞ്ഞു.
”എങ്കില്‍ ഇനി യാത്രയായിക്കൊള്ളൂ. ഞാനേല്പിച്ച ചൂഡാരണം രാമചന്ദ്രനെ ഏല്പിക്കാന്‍ മറക്കരുത് ” -ദേവി ഓര്‍മ്മപ്പെടുത്തി.
ഒരിക്കല്‍ക്കൂടി സീതാദേവി ഹനുമാനെ അനുഗ്രഹിച്ചു. അതോടെ ഹനുമാന്‍ അവിടെനിന്നും മറഞ്ഞുപോയി.
(തുടരും)