- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- പത്തുമീശയും നഷ്ടപ്പെട്ട രാവണന്‍ ( വീരഹനുമാന്റെ ജൈത്രയാത്ര 10)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
സീതാദേവിയോടു യാത്രപറഞ്ഞശേഷം ഹനുമാന്‍ നേരെ കയറിച്ചെന്നത് രാവണന്റെ പൂന്തോട്ടത്തിലേക്കാണ്. അകത്തേക്കു പ്രവേശിച്ച ഉടനെ ഹനുമാന്‍ ഉച്ചത്തില്‍ ഒരു സ്വരമുണ്ടാക്കി. ഇടിമുഴക്കംപോലുള്ള ആ സ്വരം കേട്ട് കൊട്ടാരത്തിന്റെ തളത്തിലും
വൃക്ഷച്ചുവടുകളിലും കിടന്നുറങ്ങിയിരുന്ന രാക്ഷസന്മാര്‍ ഞെട്ടിത്തെറിച്ചു. അവര്‍ ചാടിയുണര്‍ന്ന് നാലുപാടും നോക്കി. അപ്പോഴാണ് തോട്ടത്തിന്റെ നടുവില്‍ ഒരു വാനരന്‍ നില്‍ക്കുന്നതു കണ്ടത്.
”ഓടിവരിന്‍! എല്ലാവരും ഓടിവരിന്‍! ഏതോ ഒരു വാനരന്‍ നമ്മുടെ പൂന്തോട്ടത്തില്‍ അതിക്രമിച്ചുകടന്നിരിക്കുന്നു. അവനെ വെറുതെ വിടരുത്. അടിച്ചുകൊല്ലണം; വേഗം വരിന്‍.”
രാക്ഷസന്മാര്‍ ഉച്ചത്തില്‍ അലമുറയിട്ടു. അതോടെ നാലുഭാഗത്തുനിന്നും രാക്ഷസവീരന്മാര്‍ ഓടിക്കൂടി. അവര്‍ കയ്യില്‍കിട്ടിയ മുളന്തണ്ടുകളും വടികളും കൊണ്ട് ഹനുമാനെ തുരുതുരാ അടിക്കാന്‍ തുടങ്ങി.
”ങും എന്ത്? എന്നെ വളഞ്ഞു പിടിച്ചു തല്ലിക്കൊല്ലാനാണോ നിങ്ങളുടെ ഭാവം? മര്യാദയക്ക് അകന്നുമാറിയില്ലെങ്കില്‍ ഞാനെന്റെ തനിനിറം കാണിക്കും” -ഹനുമാന്‍ അലറി.
”എങ്കില്‍ നിന്റെ തനിനിറമൊന്നു കണ്ടിട്ടുതന്നെ കാര്യം!” -രാക്ഷസന്മാര്‍ ഉറക്കെ അലമുറയിട്ടുകൊണ്ട് വീണ്ടും വീണ്ടും ഹനുമാനെ ദേഹോപദ്രവമേല്പിക്കാന്‍ തുടങ്ങി.
”ങും നിറുത്ത്! -കയ്യിലുള്ള വടികളെല്ലാം താഴെയിട്ട് വേഗം ഓടിപ്പൊയ്‌ക്കോളൂ.” ഹനുമാന്‍ ഒരിക്കല്‍ക്കൂടി മുന്നറിയിപ്പു നല്‍കി. പക്ഷേ എന്നിട്ടും അവര്‍ ഉപദ്രവം തുടര്‍ന്നുകൊണ്ടിരുന്നു.
”എന്ത്?, നിറുത്താന്‍ ഭാവമില്ല അല്ലേ?” -ക്രൂദ്ധനായ ഹനുമാന്‍ തോട്ടത്തിന്റെ നടുവില്‍ നിന്നുള്ള വലിയൊരു വാകമരം പിഴുതെടുത്ത് ഒരു വീശുവീശി. അതിന്റെ അടിയേറ്റ രാക്ഷസന്മാര്‍ ”ഛടപടാ”യെന്ന് അവിടെയും ഇവിടെയും കമഴ്ന്നടിച്ചുവീണു!
അവര്‍ ഉച്ചത്തില്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി.
“അയ്യോ! എന്റമ്മേ!… ഓടിവരണേ! മേഘനാദാ, ഞങ്ങളുടെ കഥ തീരുകയാണ്; വേഗം വരണേ!”
രാക്ഷസന്മാരുടെ വാവിട്ടുള്ള നിലവിളിയും നെഞ്ചത്തടിയുംകേട്ട് രാവണപുത്രനായ മേഘനാദന്‍ അവിടേയ്ക്ക് പാഞ്ഞെത്തി. അമ്പും വില്ലുമായിട്ടാണ് അവന്‍ വന്നെത്തിയത്. അവന്റെ കയ്യിലുണ്ടായിരുന്നത് ‘ബ്രഹ്‌മാസ്ത്രം എന്നുപേരുള്ള അതിശക്തമായ ഒരു കൂരമ്പായിരുന്നു.
ക്രൂരനായ മേഘനാദന്‍ ഹനുമാന്റെ നേര്‍ക്ക് ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു. അസ്ത്രമേറ്റ് വീരാധിവീരനായ വായുപുത്രന്‍ താഴെവീണു പിടഞ്ഞു. മേഘനാഥന്‍ ഓടിയെത്തി ഹനുമാന്റെ കരചരണങ്ങള്‍ വലിയ കയറുകൊണ്ട് മുറുക്കിക്കെട്ടി. മേഘനാദനും രാക്ഷസപ്പരിഷകളും ചേര്‍ന്ന് ഹനുമാനെ നിലത്തുകൂടി വലിച്ചിഴച്ച് രാവണന്റെ മുന്നിലെത്തിച്ചു.
രാവണന്റെ മുന്നിലെത്തിയതോടെ ഹനുമാന്‍ തന്റെ ബന്ധനങ്ങളെല്ലാം സ്വയം പൊട്ടിച്ചെറിഞ്ഞു. അതിനുശേഷം ആഞ്ജനേയന്‍ തന്റെ വാല്‍ സ്വയം നീട്ടാന്‍ തുടങ്ങി. കമ്പക്കയറുപോലെ നീണ്ടുവന്ന വാല്‍ ചുറ്റിച്ചുറ്റി വളയങ്ങള്‍ തീര്‍ത്ത് രാവണസിംഹാസനത്തേക്കാള്‍ വലിയ ഒരു പീഠമുണ്ടാക്കി. എന്നിട്ട് അതിനു മുകളില്‍ കയറി ഇരിപ്പായി. അതോടെ ഹനുമാനും രാവണനും തമ്മില്‍ വലിയ വാഗ്‌വാദത്തിലായി. തന്നോട് അനാദരവുകാണിക്കുന്ന ഈ അഹങ്കാരിക്കുരങ്ങനെ വിചാരണ കൂടാതെ കൊലചെയ്യാന്‍ രാവണന്‍ തയ്യാറെടുപ്പുതുടങ്ങി. അപ്പോള്‍ സ്വന്തം സഹോദരനായ വിഭീഷണന്‍ രാവണനെ എതിര്‍ത്തു: ”ജ്യേഷ്ഠാ, രാജധാനിയില്‍ ദൂതുമായി വന്ന ഒരു സന്ദേശവാഹകനെ ചിത്രവധം ചെയ്യാനൊരുങ്ങുന്നത് രാജനീതിക്കു യോജിച്ചതല്ല” -വിഭീഷണന്‍ തീര്‍ത്തുപറഞ്ഞു.
”എന്നാലും നമ്മുടെ രാജധാനിയില്‍ അതിക്രമിച്ചു കടന്ന ഈ ചാരനെ ഞാന്‍ വെറുതെ വിടുമെന്ന് നീ കരുതേണ്ട. ഈ കുരങ്ങന്റെ വാലില്‍ തുണിചുറ്റി തീ കൊളുത്തി ആര്‍ത്തുവിളിച്ച് നാടുകടത്താന്‍ നാം കല്‍പ്പിക്കുന്നു” – രാവണന്‍ ഉത്തരവായി.
അതുകേള്‍ക്കേണ്ട താമസം; രാക്ഷസപ്പരിഷകളെല്ലാം ചേര്‍ന്ന് ഹനുമാന്റെ വാലില്‍ തുണിച്ചുറ്റാന്‍ തുടങ്ങി. എന്തുപറയാന്‍! തുണിചുറ്റുംതോറും ഹനുമാന്റെ വാല്‍ കൂടുതല്‍ കൂടുതല്‍ നീണ്ടും തടിച്ചും വലുതായിക്കൊണ്ടിരുന്നു. എത്രമാത്രം തുണിചുറ്റിയിട്ടും വാല്‍ പൂര്‍ണ്ണമായും പൊതിഞ്ഞുതീര്‍ക്കാന്‍ രാക്ഷസന്മാര്‍ക്കു കഴിഞ്ഞില്ല. കൊട്ടാരത്തില്‍ പലകാര്യങ്ങള്‍ക്കുമായി ശേഖരിച്ചിരുന്ന തുണിക്കെട്ടുകള്‍ മുഴുവന്‍ ഇതിനകം കാലിയായിക്കഴിഞ്ഞിരുന്നു.
ഒടുവില്‍ രാക്ഷസന്മാരെല്ലാം ചേര്‍ന്ന് വാലില്‍ എണ്ണപകര്‍ന്നു. തുണി മുഴുവന്‍ എണ്ണയില്‍ മുങ്ങിക്കുളിച്ചു.
”ഇനി സമയം കളയേണ്ട; വാനരന്റെ വാലിനു തീ കൊടുത്തോളൂ. അവന്‍ പുളഞ്ഞുചാടുന്നതുകണ്ട് നമുക്കു കൈകൊട്ടി ചിരിക്കാം; ങും വേഗമാകട്ടെ” -രാക്ഷസന്മാര്‍ വലിയൊരു തീപ്പന്തം കത്തിച്ചുകൊണ്ടുവന്ന് ഹനുമാന്റെ വാലിന് തീകൊളുത്തി.
തീ ആളിപ്പടരുന്ന കാഴ്ച കണ്ട് രാവണനും മറ്റു രാക്ഷസപ്പരിഷകളും ചേര്‍ന്ന് ഉച്ചത്തില്‍ കൈകൊട്ടിച്ചിരിച്ചു. ഇതോടെ ഹനുമാന്‍ ദേഷ്യപ്പെട്ടു പല്ലുഞെരിച്ചു: ”ങും ഈ ദുഷ്ടരാക്ഷസന്മാരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെകാര്യം” – ഹനുമാന്‍ മനസ്സില്‍ വിചാരിച്ചു.
തീയാളുന്ന വാലുംപൊക്കി ഹനുമാന്‍ കൊട്ടാരത്തിനുള്ളില്‍ ചാടിമറിഞ്ഞു കളിച്ചു. പന്തംപോലെ കത്തിക്കാളുന്ന തന്റെ വാല്‍ വീരഹനുമാന്‍ മേലേയ്ക്കുയര്‍ത്തി. വാലിന്റെ അറ്റം ഹനുമാന്‍ മെല്ലെമെല്ലെ രാവണന്റെ മുഖത്തിനു നേരെ നീട്ടി. അതു ചെന്നെത്തിയത് ദശമുഖന്റെ മീശയ്ക്കു സമീപമായിരുന്നു. ഹനുമാന്‍ ഒരു ചെറുചിരിയോടെ തന്റെ വാല്‍പ്പന്തം കൊണ്ട് രാവണന്റെ മീശയ്ക്കു തീ കൊളുത്തി. അമ്പോ കഷ്ടം! പത്തുമുഖങ്ങളിലുമുള്ള മീശപ്പടര്‍പ്പുകളിലേക്ക് തീ പടര്‍ന്നു കയറി.
”ഹമ്മേ, എന്റെ മീശ! എന്റെ മീശ! ഈ ദുഷ്ടവാനരന്‍ എന്റെ മീശ മുഴുവന്‍ ചുട്ടെരിച്ചു കളഞ്ഞല്ലൊ!
ഹയ്യോ!…. രക്ഷിക്കണേ!”
മീശ മുഴുവന്‍ കത്തിച്ചാമ്പലായിപ്പോയ ദശാനനന്‍ തലയില്‍ കൈവച്ചുകരഞ്ഞുകൊണ്ട് അന്തപ്പുരത്തിനുള്ളിലേക്ക് ഓടെടാ ഓട്ടം! അകത്തേക്ക് ഓടിക്കയറിയ രാവണന്‍ വെപ്രാളത്തോടെ വാതിലടച്ച് കുറ്റിയിട്ടു.
കൊട്ടാരവളപ്പും പരിസരവും തീയും പുകയും കൊണ്ട് നിറഞ്ഞു. അവിടെ ഉണ്ടായിരുന്ന രാക്ഷസപ്പട ചിതറിയോടി അവിടെയും ഇവിടെയും ഒളിച്ചു.
(തുടരും)
Comments