- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- അഹന്തയ്ക്കൊരു കൊട്ട് (വീരഹനുമാന്റെ ജൈത്രയാത്ര 13)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ത്തന്നെ ഹനുമാന്‍ ശ്രീരാമലക്ഷ്മണന്മാരുടെ അരികില്‍ തിരിച്ചെത്തി. ലങ്കയിലെത്തിയപ്പോള്‍ രാവണനുമായി ഏറ്റുമുട്ടിയതിനെക്കുറിച്ചും സീതാദേവിയെകണ്ടതിനെക്കുറിച്ചുമെല്ലാം ഹനുമാന്‍ രാമലക്ഷ്മണന്മാരുമായി സംസാരിച്ചു. സീതാദേവി കൊടുത്തയച്ച ചൂഡാരത്‌നവും ഹനുമാന്‍ ശ്രീരാമനെ ഏല്പിച്ചു. തങ്ങളുടെ വിശ്വസ്തദാസനായ ഹനുമാനോട് രാമലക്ഷ്മണന്മാര്‍ക്ക് എന്തെന്നില്ലാത്ത സ്‌നേഹവും ആദരവും തോന്നി.
”ഹനുമാന്‍ ഞങ്ങളോടു കാണിക്കുന്ന ഈ വിശ്വസ്തതയും ഭക്തി യും ജീവനുള്ളിടത്തോളംകാലം ഞങ്ങള്‍ വിസ്മരിക്കില്ല” -ശ്രീരാമന്‍ പറഞ്ഞു.
”സ്വാമിന്‍, ഇനിയും കാത്തുനില്‍ക്കാന്‍ സമയമില്ല. എത്രയുംവേഗം നമുക്ക് ലങ്കയിലേക്ക് പുറപ്പെടണം. സീതാദേവിയെ വളരെ വേഗം നമുക്ക് ഈ രാക്ഷസവര്‍ഗ്ഗത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കണം” – ഹനുമാന്‍ ആവശ്യപ്പെട്ടു.
”ശരി; എങ്കില്‍ നമുക്ക് നാളെത്തന്നെ യാത്രതിരിക്കാം” -ശ്രീരാമന്‍ സമ്മതം പറഞ്ഞു.
പറഞ്ഞതുപോലെ പിറ്റേദിവസം പ്രഭാതത്തില്‍ത്തന്നെ ശ്രീരാമലക്ഷ്മണന്മാര്‍ യാത്രയ്‌ക്കൊരുങ്ങി. അവരോടൊപ്പം ഹനുമാന്‍, ജാംബവാന്‍, സുഗ്രീവന്‍ തുടങ്ങിയ വാനരശ്രേഷ്ഠന്മാരും നളന്‍, നീലന്‍ തുടങ്ങിയ വിദഗ്ദ്ധശില്പികളും ഉണ്ടായിരുന്നു.
എല്ലാവരുംകൂടി സഞ്ചരിച്ച് രാമേശ്വരം കടല്‍ത്തീരത്തെത്തി. അപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു: ”പ്രിയരേ, കടല്‍കടന്നിട്ടുവേണം നമുക്ക് ലങ്കയിലെത്താന്‍. അതിനായി ഒത്തിരി ത്യാഗങ്ങള്‍ നമുക്ക് സഹിക്കേണ്ടതായിവരും. ഏതായാലും അതിന്റെയെല്ലാം മുന്നോടിയായി നമുക്കിവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്താം. പരമശിവന്റെ അനുഗ്രഹമുണ്ടെങ്കില്‍ നമുക്ക് എളുപ്പത്തില്‍ കടല്‍ കടക്കാ നും യുദ്ധം ജയിക്കാനും കഴിയും.”
”അതെ; ശ്രീരാമദേവന്റെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്: തീര്‍ച്ചയായും നമുക്കിവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചേ തീരൂ.” ഹനുമാനും മറ്റു വാനരന്മാരും ഒരേസ്വരത്തില്‍ താല്പര്യപ്പെട്ടു. അപ്പോള്‍ സുഗ്രീവന്‍ ചോദിച്ചു: ”പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം നമുക്കെവിടെന്നു കിട്ടും?”
”ഹിമാലയത്തിന്റെ മുകളിലുള്ള കൈലാസപര്‍വ്വതത്തില്‍ നല്ല ലക്ഷണമൊത്ത ശിവലിംഗം കിട്ടും. പക്ഷേ അവിടെ നിന്ന് അതാരുകൊണ്ടുവരും?” -ശ്രീരാമന്‍ ചോദിച്ചു.
”അതു ഞാന്‍ കൊണ്ടുവരും; എനിക്കതിനു വിഷമമില്ല; കണ്ണടച്ചുതുറക്കും മുമ്പേ ഞാന്‍ ശിവലിംഗവുമായി കുതിച്ചെത്തും. ഞാന്‍ വായുപുത്രനാണെന്ന് നിങ്ങള്‍ക്കറിയില്ലേ?” -ഹനുമാന്‍ വലിയ ഗര്‍വ്വോടെ എല്ലാവരേയും മാറിമാറി നോക്കി.
”എങ്കില്‍ ശരി; വായുപുത്രന്‍ ശിവലിംഗവുമായി വന്നെത്തുംമുമ്പുതന്നെ അതു പ്രതിഷ്ഠിച്ചു വയ്ക്കാനുള്ള ഒരു ശ്രീകോവില്‍ ഞങ്ങളിവിടെ ഒരുക്കിക്കൊള്ളാം” -ശ്രീരാമന്‍ വാക്കുകൊടുത്തു.
ഇതുകേള്‍ക്കേണ്ട താമസം; ഹനുമാന്‍ ശരവേഗത്തില്‍ കൈലാസത്തിലേക്ക് കുതിച്ചുപാഞ്ഞു.
ഇതിനിടയില്‍ ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരന്മാരും ചേര്‍ന്ന് ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു. കരിങ്കല്ലുകള്‍ ചുമന്നുകൊണ്ടുവന്നും ചന്ദനത്തടികള്‍ വെട്ടിക്കൊണ്ടുവന്നും ക്ഷേത്ര ത്തിന്റെ പണികള്‍ തകൃതിയായി നടന്നു. ശില്പികളായ നളനും നീലനും ക്ഷേത്രം പണിക്കുവേണ്ട വിദഗ്‌ദ്ധോപദേശങ്ങളും നല്‍കി. എന്തിനുപറയുന്നു; ശിവചൈതന്യം കൊണ്ടായിരിക്കാം വളരെ വേഗത്തില്‍ത്തന്നെ സ്വര്‍ഗ്ഗീയലാവണ്യം വഴിഞ്ഞൊഴുകുന്ന ഒരു ശ്രീകോവില്‍ രാമേശ്വരം കടല്‍ത്തീരത്ത് ഉയര്‍ന്നുവന്നു.
ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ശിവലിംഗം കൊണ്ടുവരാന്‍ കൈലാസത്തിലേക്കു പോയ ഹനുമാന്‍ തിരിച്ചെത്തിയില്ല. കാത്തിരുന്ന് കാത്തിരുന്ന് ശിവലിംഗപ്രതിഷ്ഠയ്ക്കുള്ള മുഹൂര്‍ത്തവും അടുത്തെത്തി.
”കൂട്ടരേ, ഇനിയെന്തു ചെയ്യും? ശിവലിംഗപ്രതിഷ്ഠയ്ക്കുള്ള സമയമായിട്ടും ഹനുമാനെ കാണുന്നില്ലല്ലൊ. ബിംബമില്ലാതെ പ്രതിഷ്ഠ നടത്തുന്നതെങ്ങനെയാണ്” -ലക്ഷ്മണന് വേവലാതിയായി.
ഏതായാലും പ്രതിഷ്ഠാകര്‍മ്മം മൂഹൂര്‍ത്തം തെറ്റിക്കാതെതന്നെ നടത്തേണ്ടിയിരിക്കുന്നു. തല്‍ക്കാലം ഞാന്‍ മണ്ണുകൊണ്ടൊരു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠനടത്താം. അല്ലാതെ ഈ അവസാന മുഹൂര്‍ത്തത്തില്‍ നമുക്കൊ ന്നും ചെയ്യാനില്ല” -ശ്രീരാമന്‍ എല്ലാവരേയും അറിയിച്ചു.
എല്ലാവരുടേയും മൗനസമ്മത്തോടെ ശ്രീരാമന്‍ കൃത്യസമയത്തുതന്നെ കൃത്യമായ സ്ഥാനത്ത് ശിവലിംഗപ്രതിഷ്ഠനടത്തി. ആ സമയത്ത് ശ്രീരാമന്റെ കണ്ണുകളിലും മുഖത്തും പ്രത്യേകമായ ശിവചൈതന്യം കളിയാടുന്നത് എല്ലാവരും കണ്ടു. ലക്ഷ്മണനും വാനരസൈന്യവും അവിടെ തിങ്ങിക്കൂടിയ മറ്റു ജനങ്ങളും ശ്രീരാമനേയും ശിവലിംഗത്തേയും സാഷ്ടാംഗം നമസ്‌ക്കരിച്ചു.
ഈ സമയത്താണ് കരിങ്കല്ലുകൊണ്ടുള്ള ലക്ഷണമൊത്ത ഒരു ശിവലിംഗവുമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹനുമാന്‍ വിയര്‍ത്തൊലിച്ച് അവിടേയ്ക്ക് വന്നത്. അപ്പോള്‍ കണ്ടതോ? ക്ഷേത്രത്തിനു നടുവില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിക്കൊണ്ട് അതാ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നില്‍ക്കുന്നു!
ഈ രംഗംകണ്ട് ഹനുമാന് ദേഷ്യവും സങ്കടവും വന്നു. ഹനുമാന്‍ സര്‍വ്വതും മറന്ന് ഉച്ചത്തില്‍ പൊട്ടിത്തെറിച്ചു: ”ങും, ഇതിനാണോ നിങ്ങള്‍ എന്നെ കൈലാസത്തിലേക്ക് പറഞ്ഞുവിട്ടത്? എന്നെ വല്ലാതെ നാണം കെടുത്തിക്കളഞ്ഞല്ലൊ. മണ്ണുകൊണ്ടുള്ള ശിവലിംഗമുണ്ടാക്കി നേരത്തെയങ്ങ് പ്രതിഷ്ഠിച്ചാല്‍ മതിയായിരുന്നില്ലേ?”
”ഹനുമാന്‍, തല്‍ക്കാലം ക്ഷമിക്കൂ; മുഹൂര്‍ത്തം തെറ്റേണ്ട എന്നു കരുതിയാണ് ഞാനീ ശിവലിംഗപ്രതിഷ്ഠനടത്തിയത്. അതു സാരമില്ല; അത് വെറും കളിമണ്ണുകൊണ്ടുള്ളതല്ലേ? വേഗം അതിളക്കി മാറ്റിയിട്ട് ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം അവിടെ സ്ഥാപിച്ചോളൂ” -ശ്രീരാമചന്ദ്രന്‍ അറിയിച്ചു. അതുകേട്ടതോടെ ഹനുമാന്റെ മനസ്സിലെ അഹങ്കാരം ജ്വലിച്ചു. തന്റെ കഴിവൊന്ന് എല്ലാവരേയും മനസ്സിലാക്കിക്കൊടുക്കണമെന്ന് ആ വാനരശ്രേഷ്ഠന്‍ നിശ്ചയിച്ചു.
ഹനുമാന്‍ വേഗം ഓടിച്ചെന്ന് ശ്രീരാമന്‍ പ്രതിഷ്ഠിച്ച കളിമണ്‍ശിവലിംഗം ഇളക്കിമാറ്റാന്‍ നോക്കി. പക്ഷേ സകലശക്തിയുമെടുത്ത് വലിച്ചിട്ടും ശിവലിംഗം അനങ്ങിയില്ല. ഒടുവില്‍ ഹനുമാന്‍ തന്റെ വാല്‍ ശിവലിംഗത്തില്‍ മുറുക്കിചുറ്റി. എന്നിട്ട് മേലോട്ട് ഒരൊറ്റച്ചാട്ടം! ‘ഷ്യും..!’
പക്ഷേ എന്തുചെയ്യാം; ക്ഷേത്രത്തിന്റെ മേല്‍ത്തട്ടില്‍ച്ചെന്ന് തലയിടിച്ച് ഹനുമാന്‍ ബോധംകെട്ട് നിലത്തുവീണു: ‘പ്ധും!’
”ഹയ്യോ! ഹനുമാന്‍ ബോധംകെട്ടു വീണല്ലൊ. ഓടിവരിന്‍!” – ആരോ വിളിച്ചുപറഞ്ഞു. ഇതുകേള്‍ക്കേണ്ട താമസം; ശ്രീരാമന്‍ അവിടേയ്ക്ക് പാഞ്ഞെത്തി. അദ്ദേഹം സ്‌നേഹപൂര്‍വ്വം ഹനുമാന്റെ ശിരസ്സില്‍ തലോടി. അതോടെ ഹനുമാന് ബോധം തെളിഞ്ഞു.
തനിക്കു തെറ്റുപറ്റിയെന്ന് ഹനുമാന് ബോധ്യമായി. തന്റെ അഹന്തയാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന സത്യം ആഞ്ജനേയന്‍ തിരിച്ചറിഞ്ഞു. ഹനുമാന്‍ ആ നിമിഷംതന്നെ ശ്രീരാമന്റെ കാല്‍ക്കല്‍ വീണു: ”സ്വാമിന്‍, ക്ഷമിക്കണം. അങ്ങയുടെ മഹാശക്തിയെ പരീക്ഷിക്കാനാണ് വിഡ്ഢിയായ ഞാന്‍ ശ്രമിച്ചത്. ഇനിമേലില്‍ ഒരിക്കലും ഇതുപോലൊരു തെറ്റ് എന്നില്‍നിന്ന് ഉണ്ടാവുകയില്ല.”
”സാരമില്ല ഹനുമാന്‍; സാരമില്ല; ഹനുമാന്റെ മനോവിഷമം കൊണ്ടാണ് ഇങ്ങനെയെല്ലാമുണ്ടായത്. നാമത് ക്ഷമിച്ചിരിക്കുന്നു. ഇനിയും സധീരം മുന്നോട്ടു പോവുക”. ശ്രീരാമചന്ദ്രന്‍ തലയില്‍ കൈവച്ച് ഹനുമാനെ ഒരിക്കല്‍ക്കൂടി അനുഗ്രഹിച്ചു!