ഒട്ടും പഠിച്ചില്ല മോനേ-
യൊന്നും നീ കണ്ടതില്ലെടോ
ഒന്നുമാത്രം നിനക്കാകാം
കുത്തിക്കുത്തിയിരിക്കുവാന്.
കമ്പ്യൂട്ടറില്‍ കുത്തിനോവി-
ച്ചുണ്മ തേടുന്നു നിത്യവും
മൊബൈലില്‍ കുത്തിനോവിച്ചു-
ണ്ണാനും മറന്നുപോയി നീ.
കണ്ടിട്ടില്ല നീ പ്രഭാത,-
മച്ഛനമ്മമാരെയും നീ
കണ്ടതില്ലയല്ക്കാരന്റെ
ദീനദൈന്യത്വമൊട്ടുമേ.
കാറ്റിന് ഗതിയറിഞ്ഞീടാ
കാലാവസ്ഥാപ്രമാണവും
കാലഗതിക്കൊത്തു ഭൂവിന്
മാറ്റമൊട്ടുമറിഞ്ഞിടാ.
നീയറിയില്ല മനുഷ്യത്വം
നീയറിഞ്ഞില്ല പരദുഃഖവും
പ്രകൃതിഭിദനല്കുന്ന
കതിരും പതിരും സ്വയം.
മുലപ്പാലിന് മഹത്വമോ
മാതൃഭാവവിശുദ്ധിയോ
പിതൃരക്ഷാകരത്വമോ
നീയറിഞ്ഞില്ലിതേവരെ.
ഗുരുത്വംകെട്ടു നില്പൂ നീ
കുരുക്ഷേത്രത്തിന്റെ വക്കിലായ്
അറിയേണ്ടതുകാണാഞ്ഞാല്
ശരശയ്യ ഫലമായ് വരും.
ഇഹത്തെവിട്ടുപരമി-
ല്ലുണര്ത്തൂ തവ ദൃക്കിനെ
അണുതൊട്ടു പരാകാശം
കണ്ടുണരേണമെപ്പൊഴും.
കുത്തുവിട്ടു വരൂ മോനേ-
യുറക്കച്ചടവാറ്റി നീ
ശ്രുതി വൈവിദ്ധ്യവൈഖരീ-
സ്വരം കേട്ടുണര്വേല്ക്കുവാന്.