വിഷ്ണുശര്‍മന്‍ കാലടിയിലെ ഇല്ലക്കാരെ ഓടിനടന്ന് വിവരമറിയിച്ചു:
”ആര്യാംബയമ്മ ദേഹം വെടിഞ്ഞിരിക്ക്ണു!… ശങ്കരനും എത്തിയിട്ടുണ്ട്..!”
”ശിവ ശിവ! പരദേശത്തുനിന്നു വന്ന ശങ്കരന്‍ ശവംതൊട്ടു അശുദ്ധമാക്കി, ല്ല്യേ..?!”
ശങ്കരന്‍ വന്നെന്നു കേട്ടപ്പോള്‍തന്നെ കാലടിദേശത്തെ എല്ലാ ഇല്ലക്കാരും മൂക്കത്തു വിരല്‍വെച്ചു: പരദേശത്തുപോയി വന്നവന്‍! അശുദ്ധന്‍!
സമീപ ഇല്ലങ്ങളില്‍നിന്ന് നാട്ടുവിശേഷ തല്പരരായ നാലഞ്ചുപേര്‍ മാത്രം മരണമന്വേഷിച്ചു ഇല്ലത്തു കയറിവന്നു. അമ്മയെ ഒന്ന് നോക്കിയിട്ട് അവര്‍ വേഗം മടങ്ങിപ്പോയി. കുറെകഴിഞ്ഞ് മറ്റൊരു കൂട്ടര്‍ വന്നു. പക്ഷേ, ആരും കര്‍മങ്ങളില്‍ സഹായിക്കാനോ ഇടപെടാനോ തയ്യാറായില്ല. മടങ്ങിപ്പോവാത്തവര്‍ ഇല്ലപ്പറമ്പിനു പുറത്തു നിന്ന് എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു. അവര്‍ തര്‍ക്കങ്ങളിലും ശാഠ്യങ്ങളിലും മുഴുകി തീണ്ടപ്പാടകലം കാത്തുസൂക്ഷിക്കുകയായിരുന്നു!
”ഹായ്, എന്താ ഇത്! സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞവര്‍ക്ക് സ്വന്തം മാതാവിന്റെ ഔര്‍ധ്വദേഹിക കര്‍മത്തിന് അധികാരമില്ല… അയിത്തവും ആചാരവുമൊക്കെ കളഞ്ഞുകുളിച്ചില്ല്യേ..?!” ആരോ ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു.
അമ്മയുടെ കര്‍മങ്ങള്‍ക്കുവേണ്ടി വിഷ്ണുശര്‍മനോടൊപ്പം വിഷമവൃത്തം രചിച്ചു ശവശരീരത്തിനരികിലിരിക്കുമ്പോള്‍ കാലടിദേശത്തെ ഇല്ലക്കാര്‍ ദൂരക്കാഴ്ചക്കാരായി മാറുകയായിരുന്നു.
”ദഹിപ്പിക്കാന്‍ തീയ് പോലും കൊടുക്കരുത്. എല്ലാം അശുദ്ധമാക്കീല്ല്യേ..!”
വടക്കേ ദേവനാട്ടില്ലത്തെ മൂത്തഭട്ടതിരി ദേശക്കാരോട് കല്പിച്ചു. കല്പനകേട്ട് ഭയന്നും ഭയക്കാതെയും പലരും പിരിഞ്ഞുപോയിത്തുടങ്ങി. തെക്കേമുറ്റത്തു നിന്നിരുന്ന നങ്ങേലിയമ്മയും മകന്‍ കുട്ടിസാധുവും ഇതുകേട്ട് സ്ഥലം വിട്ടിരിക്കുന്നു.
ഒടുവില്‍ അമ്മയ്ക്കു കൂട്ടിനായി താനും വിഷ്ണുവും മാത്രം..!
സൂര്യാസ്തമനത്തിനുമുമ്പ് കുണ്ഡത്തില്‍ ശുഷ്‌ക്കിച്ച ചാണകവരളികള്‍ നിറച്ചു. പടിഞ്ഞാറെപ്പറമ്പില്‍ നിന്ന വാഴയെ വെട്ടിക്കൊണ്ടുവന്ന് പിണ്ഡം മുറിച്ച് വരളികള്‍ക്കു മീതെ താങ്ങായിവെച്ചു. വിഷ്ണുശര്‍മനോടൊപ്പം അമ്മയുടെ ശരീരമെടുത്ത് കുണ്ഡത്തില്‍ കിടത്തി. ശരീരത്തിനുമേല്‍ വിറകുകള്‍കൊണ്ട് മൂടി. ശിലകള്‍ തമ്മിലുരച്ചുണ്ടാക്കിയ അഗ്നിയില്‍ വിറകുജ്വലിപ്പിച്ച് അമ്മയുടെ ചിതയ്ക്കു തീ കൊളുത്തി…
കാലടിദേശത്തെ ബ്രാഹ്‌മണര്‍ക്കു എന്തു പറ്റി?! വേദ വിദ്യാഭ്യാസം കൂടിയതാണോ, അതോ കുറഞ്ഞതാണോ ഇവരുടെ പ്രശ്‌നം? ശുദ്ധിയും അശുദ്ധിയും വേര്‍തിരിക്കാനുപയോഗിക്കുന്ന കാലടി ഇല്ലക്കാരുടെ മാനദണ്ഡക്കോലിനെക്കുറിച്ച് എത്രചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. താന്‍ കാലടി വിട്ട കാലത്തും ഇവരുടെ ചിന്തകള്‍ ഇമ്മാതിരിയായിരുന്നുവോ?! ഏതായാലും ഇവരുടെ മനസ്സില്‍ ഒട്ടിപ്പോയ അത്തരം വികല ജ്ഞാനകാണ്ഡത്തെ കാണാതെ നാടുവിട്ടതു ഭാഗ്യമായി! അത്രയെങ്കിലും തന്റെ മനസ്സ് അശുദ്ധമാകാതെ ഈ നാടുവിടാന്‍ കഴിഞ്ഞുവല്ലോ.
അമ്മയെ സംസ്‌കരിച്ച കുണ്ഡം പ്രദക്ഷിണം വെച്ചു. സാഷ്ടാംഗം നമസ്‌കരിച്ചു. അമ്മയെ സ്തുതിച്ചുകൊണ്ടൊരു പദ്യം പെട്ടെന്ന് മനസ്സിലേക്കൊഴുകി വന്നു. അതിരറ്റ മാതൃഭക്തിയോടെ അത് ചൊല്ലി:
ആസ്താം താവദിയം പ്രസൂതിസമയേ
ദുര്‍വാരശൂലവൃഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ
ക്ലേശസ്യ യസ്യഃ ക്ഷമോ
ദാതും നിഷ്‌കൃതിമുന്നതോƒപി തനയ-
സ്തസൈ്യജനനൈ്യനമഃ
എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ച, സഹിക്കാന്‍ കഴിയാത്ത ആ വേദന! അതിനെപ്പറ്റി ഇതുപോലുളള വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ വേറെയാര്‍ക്കാണ് അറിയാന്‍ കഴിയുക? എന്നെ ഗര്‍ഭത്തില്‍ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പലതരം കഷ്ടപ്പാടുകള്‍: ആഹാരത്തിന് രുചിയില്ലായ്മ, ഛര്‍ദ്ദി, ശരീരം ക്ഷീണിക്കല്‍.. പ്രസവശേഷം ഒരു കൊല്ലക്കാലം എന്റെ മലമൂത്രങ്ങളേറ്റ് അമ്മയുടെ ദേഹം മിക്കപ്പോഴും മലിനപ്പെട്ടുകൊണ്ടിരുന്നു. പലപ്പോഴും രാത്രിയില്‍ ഞാന്‍ മലിനമാക്കിയ കിടക്കയില്‍ കിടന്ന് അമ്മ ഉറങ്ങി. എന്നെ വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയാല്‍ അമ്മയുടെ ഉറക്കം മുറിഞ്ഞുമുറിഞ്ഞുളളതായിരുന്നു… എന്നെ വളര്‍ത്തി വലുതാക്കാന്‍ അമ്മ സഹിച്ച ക്ലേശങ്ങള്‍! പലപ്പോഴും അമ്മ പട്ടിണി കിടന്നുകൊണ്ട് എനിക്ക് ആഹാരം നല്‍കി… ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത വാത്സല്യത്തിന്റെ ഉറവയാണ് എന്റെ അമ്മ! മകന്‍ എത്രയൊക്കെ വലിയവനായിത്തീര്‍ന്നാലും അമ്മ മകനുവേണ്ടി സഹിച്ച ആയിരമായിരം ത്യാഗങ്ങളില്‍ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാന്‍ കഴിയില്ല.
ഞാന്‍ ഇപ്പോള്‍ മറ്റുളളവരുടെ ദൃഷ്ടിയില്‍ ജഗദ്ഗുരുവാണ്. ആചാര്യനാണ്. ലോകപ്രസിദ്ധനാണ്. എല്ലാവരുടെയും ബഹുമാനാദരങ്ങള്‍ക്ക് പാത്രീഭൂതനുമാണ്. അദ്വൈതബ്രഹ്‌മനിഷ്ഠനാണ്. ഇതെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം? ഇപ്രകാരമെല്ലാമുളള ഞാന്‍ വിചാരിച്ചിട്ടുപോലും അമ്മ എനിക്കുവേണ്ടി സഹിച്ച കഷ്ടപ്പാടുകളിലൊന്നിനുപോലും പ്രത്യുപകാരം ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ. അമ്മേ! നിസ്സഹായനായ ഞാന്‍ അമ്മയുടെ കാല്‍ക്കല്‍ ഇതാ ഒന്ന് നമസ്‌ക്കരിക്കുക മാത്രം ചെയ്യുന്നു…
ഗുരുകുലമുപസ്യത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതി സമുചിത വേഷം പ്രാരുരോദ്ധം ത്വമുച്ചൈഃ
ഗുരുകുലമഥ സര്‍വ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്‌തേ മാതുരസ്തു പ്രണാമഃ
ഞാന്‍ ഒരു പഴയ സംഭവം ഓര്‍ത്തുപോവുകയാണ്. ഗുരുകുലത്തില്‍ വിദ്യാഭ്യാസം ചെയ്തു കഴിഞ്ഞിരുന്ന കാലം. ഞാന്‍ സന്ന്യസിക്കാന്‍ പോകുന്നതായി അമ്മ ഒരു സ്വപ്നം കണ്ടു. നേരം പുലര്‍ന്നുടന്‍ അമ്മ ഗുരുകുലത്തിലേക്കോടി വന്നു. ”നീ എന്നെ തനിച്ചാക്കിയിട്ട് സന്ന്യസിക്കാന്‍ പോകുകയാണോ മോനെ?” എന്ന് ചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു. ആ രംഗംകണ്ട് എന്റെ സഹപാഠികളും എന്തിന് ഗുരുനാഥന്‍പോലും കരഞ്ഞുപോയി. അമ്മേ! ആ സ്‌നേഹത്തിനു മുമ്പില്‍ വേറെ യാതൊന്നും സമര്‍പ്പിക്കാനില്ലാത്ത ഞാനിതാ ഒന്നു നമസ്‌ക്കരിക്കുകയെങ്കിലും ചെയ്യട്ടെ.
ന ദത്തം മാതസ്‌തേ മരണസമയേ
തോയമപി വാ
സ്വധാ വാ നോ ദേയാ മരണദിവസേ
ശ്രാദ്ധവിധിനാ
ന ജപ്‌തോ മാതസ്‌തേ മരണസമയേ
താരകമഹം
അകാലേ സംപ്രാപ്‌തേ മയി കുരു ദയാം
മാതുരതുലാം.
അമ്മേ! അവിടുത്തെ മരണസമയത്ത് രണ്ടുതുള്ളി ഗംഗാജലം ആ ചുണ്ടുകളിലുറ്റിച്ചു തരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതിന് എനിക്ക് കഴിഞ്ഞില്ല. ഗംഗാജലത്തിനു പകരം രണ്ടുതുളളി വെറുംജലം തരാനേ കഴിഞ്ഞുളളൂ. മരണദിവസത്തെ തിഥിയെ ഓര്‍മ്മിച്ച് കൊല്ലംതോറും ശ്രാദ്ധമൂട്ടാനും എനിക്ക് നിവൃത്തിയില്ല. ഞാന്‍ സന്ന്യാസിയായിപ്പോയില്ലേ! മരണവേളയില്‍ അമ്മയെ തൊട്ടിരുന്ന് പ്രണവം ജപിക്കാനുളള അവസരംപോലും ഈ ഹതഭാഗ്യന് കിട്ടിയില്ല. ഇങ്ങനെ അമ്മയ്ക്കു വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാത്തവനും വൈകിമാത്രം എത്തിയവനുമായ ഈ മകനില്‍ അമ്മ ദയ ചൊരിയണേ!
മുക്താമണി സ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത! ത്വം
ഇത്യുക്ത വത്യാസ്തവ വാചി മാതര്‍-
ദദാമൃഹം തണ്ഡുലമേവ ശുഷ്‌ക്കാം.
നീയെന്റെ മുത്തല്ലേ! രത്‌നമല്ലേ! എന്റെ കണ്ണിന്റെ കണ്ണല്ലേ! എന്റെ പ്രിയപ്പെട്ട രാജനല്ലേ! നീ ദീര്‍ഘായുസ്സോടെ വളരെക്കാലം ജീവിച്ചിരിക്കണേ!.. ഇങ്ങനെയെല്ലാം ഓമനിച്ചുകൊണ്ടാണ് എന്റെ അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചിരുന്നത്. അങ്ങനെയൊക്കെ എന്നെ കൊഞ്ചിക്കളിപ്പിച്ച് വളര്‍ത്തിയ അമ്മയുടെ വായില്‍ ഈ ഉണക്കലരി മാത്രമാണല്ലോ, മറ്റൊന്നും അമ്മയ്ക്കുവേണ്ടി ചെയ്യാന്‍ കഴിയാത്ത, സുകൃതമില്ലാത്ത ഈ മകന് വായ്ക്കരിയായി സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. ഞാനൊരു നിര്‍ഭാഗ്യവാന്‍!
അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോച മുച്ചൈഃ
കൃഷ്‌ണേതി ഗോവിന്ദ! ഹരേ മുകുന്ദേ-
ത്യഹോ! ജനനൈ്യ രചിതോƒയമഞ്ജലിഃ
എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ച വേദന..!
അമ്മേ..! അച്ഛാ..! ശിവാ..! കൃഷ്ണാ..! ഗോവിന്ദാ..! ഹരേ..! മുകുന്ദാ..! എന്നിങ്ങനെ അച്ഛനെയും അമ്മയേയും ഭഗവാന്റ തിരുനാമങ്ങളെയും ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് ആ വേദന അമ്മ സഹിച്ചതെന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പരമഭക്തയും സ്‌നേഹനിധിയുമായ എന്റെ അമ്മയ്ക്ക് ഈ മകന്‍ ഇതാ ഒരു കൂപ്പുകൈ സമര്‍പ്പിക്കുന്നു. അവിടുന്ന് എന്നെ അനുഗ്രഹിക്കണേ…!
മാതൃപഞ്ചകം ചൊല്ലിക്കഴിഞ്ഞപ്പോള്‍ മനസ്സൊന്ന് ശാന്തമായി! അമ്മയുടെ നിത്യമായ വേര്‍പാടിന്റെ മഹാശൂന്യതയറിഞ്ഞു… ആ ശൂന്യതയില്‍ മനസ്സ് വിലയിക്കുകയാണ്..!
അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ കൂടെനിന്ന വിഷ്ണുശര്‍മനില്‍ മൗനം ഉറഞ്ഞു നില്ക്കുന്നത് ശ്രദ്ധിച്ചു. സ്വന്തം മാതാവായിക്കണ്ട് ഇത്രയുംനാള്‍ അമ്മയെ പരിചരിച്ചു ശുശ്രൂഷിച്ച വിഷ്ണുവിനുമുന്നില്‍ താന്‍ സ്വയം സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
(തുടരും)