- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ശൃംഗേരിയിലേക്ക് (നിര്‍വികല്പം 20)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ഋഷ്യശൃംഗമഹര്‍ഷി തപസനുഷ്ഠിച്ചിരുന്ന ശൃംഗഗിരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ശ്രീവേലിയില്‍ നിന്ന് ശൃംഗഗിരിയിലെത്താന്‍ അധികദൂരം സഞ്ചരിക്കേണ്ടിവന്നില്ല. തുംഗഭദ്രാനദിയുടെ തീരത്തുളള പ്രകൃതിരമണീയമായ ആരണ്യകം കണ്ടപ്പോള്‍ മനസ്സ് കുളിരണിഞ്ഞു. എത്ര ചേതോഹരമായ വനഭൂമി! സന്ന്യാസപര്‍വ്വത്തിലേക്കുളള തന്റെ യാത്ര ഇതുവഴിയായിരുന്നുവല്ലോ. നര്‍മ്മദാ തീരത്തേക്കുളള ആ യാത്രയില്‍ തവളക്കുഞ്ഞുങ്ങളും സര്‍പ്പവും തമ്മിലുളള സൗഹാര്‍ദ്ദം കണ്ട് അന്ന് ആശ്ചര്യപ്പെടുകയുണ്ടായി. വിഭാണ്ഡകമഹര്‍ഷിയുടെ ചരിത്രപ്രസിദ്ധമായ ആശ്രമം സ്ഥിതിചെയ്തിരുന്ന തപോഭൂമിയാണിവിടം. അദ്ദേഹത്തിന്റെ പുത്രനായ ഋഷ്യശൃംഗന്റെ സ്മാരക പര്‍വ്വതത്തില്‍ വീണ്ടുമെത്തിച്ചേരുമ്പോള്‍ പത്മപാദനും സുരേശ്വരനും ഉഭയഭാരതിയും ഹസ്താമലകനും ഒപ്പമുണ്ട്; കൂടെ മറ്റ് ശിഷ്യരും പ്രശിഷ്യരും ചേര്‍ന്ന വലിയൊരു സംഘവും!
ചാലൂക്യവംശത്തില്‍പ്പെട്ട വിക്രമാദിത്യന്റെ സഹോദരനായ ആദിത്യവര്‍മ്മന്റെ രാജധാനിയിലേക്ക് ഇവിടെനിന്ന് അധികദൂരമില്ല. തുംഗഭദ്രാനദിയുടെ ആദിമ സംഗീതത്തില്‍ വൈശാലിയുടെ കാല്‍ച്ചിലമ്പുകളുടെ പ്രണയതാളം കേള്‍ക്കുന്നുണ്ട്; ഒപ്പം ഋഷ്യശൃംഗന്റെ നിഷ്‌ക്കളങ്കമായ മുനിമുഖം നദിയുടെ സ്ഫടികജലത്തില്‍ ഇപ്പോഴും പ്രതിബിംബിക്കുന്ന പോലെ!
തങ്ങളുടെ ശൃംഗേരി സന്ദര്‍ശനമറിഞ്ഞ്, ആവശ്യമായ താമസസൗകര്യങ്ങള്‍ ഒരുക്കിത്തരാന്‍ ആദിത്യവര്‍മ്മരാജാവ് ഉത്തരവിട്ടെന്നുകേട്ടു. അതുകൊണ്ടുതന്നെ ആരണ്യമായിട്ടും ആര്‍ക്കും ഒരസൗകര്യവും അനുഭവപ്പെടുകയുണ്ടായില്ല. ശിഷ്യന്മാര്‍ വനഭൂമിയുടെ സൗന്ദര്യത്തില്‍ വളരെയേറെ ആകൃഷ്ടരായിക്കഴിഞ്ഞിരിക്കുന്നു. സന്ന്യാസിമാരുടെ താമസത്തിന് ഏറ്റവും ഇണങ്ങുന്ന ഭൂമിയായി ഈശ്വരന്‍ ശൃംഗേരിയെ നിശ്ചയിച്ചപോലെ! സര്‍പ്പവും തവളകളും തമ്മില്‍ സൗഹാര്‍ദ്ദം സ്ഥാപിച്ച ഈ തപോഭൂമിയില്‍ കുറേനാള്‍ താമസിക്കണമെന്ന് ശിഷ്യന്മാര്‍ വളരെ മുമ്പേ ആഗ്രഹിച്ചിരുന്നു. നിബിഡമായ വനഭൂമിയുടെ സമീപമെങ്ങും ജനവാസത്തിന്റെ സൂചനയൊന്നും കാണാനായില്ല. തുംഗാനദിയുടെ തെക്കേതീരത്തുളള ഉയര്‍ന്നഭൂമിയില്‍, ആ തമ്പകമരച്ചോട്ടിലായിരുന്നു മുമ്പു വന്നപ്പോള്‍ താമസിച്ചിരുന്നത്. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തമ്പകം അതുപോലെ അവിടെ നില്പുണ്ട്.
”നിങ്ങള്‍ എന്നും കാണാന്‍ കൊതിച്ചിരുന്ന ഭൂമി ഇതുതന്നെയാണ്. എന്റെ ആദ്യ സന്ദര്‍ശനവേളയില്‍ ആ വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു, ജലധാരയ്ക്ക് സമീപം സര്‍പ്പവും തവളകളും മിത്രഭാവത്തില്‍ പെരുമാറുന്നത് കാണാനിടയായത്!”
ശിഷ്യന്മാര്‍ ഏറെ സന്തോഷത്തോടും ആശ്ചര്യത്തോടുംകൂടി ആ ജലധാരയിലേക്ക് നോക്കിയിരിക്കുകയാണ്. മുന്നില്‍ നദിക്കക്കരെ, തളിരണിഞ്ഞു നില്‍ക്കുന്ന വിവിധയിനം ചെറുവൃക്ഷങ്ങളും പുല്‍മേടുകളും. പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ വിശ്രമിക്കുന്ന ഹരിതാഭമായ സമതലഭൂമി. താഴെ, നിര്‍മ്മലമായി ഒഴുകുന്ന തുംഗാനദി. ഇതെല്ലാം കണ്ട് ശിഷ്യന്മാര്‍ ആനന്ദത്തില്‍ ലയിച്ചങ്ങനെ ഇരിക്കുകയാണ്. പ്രകൃതിയുടെ രമണീയമായ കാഴ്ചകള്‍കൊണ്ടും സ്ഥാനമാഹാത്മ്യത്തിന്റെ സ്മരണകള്‍കൊണ്ടും അവര്‍ അത്യധികം ആഹ്ലാദഭരിതരായിരിക്കുന്നു.
”ഗുരോ, നമുക്ക് ഈ സ്ഥലത്ത് ഏറെനാള്‍ കഴിയണം. സാധനയ്ക്ക് ഇത്രയും അനുയോജ്യമായ മറ്റൊരു സ്ഥലം ഞാന്‍ കണ്ടിട്ടില്ല. ഇവിടെ നമുക്ക് ശ്രീയന്ത്രം പ്രതിഷ്ഠിച്ച് മഠം സ്ഥാപിക്കണം.”
പത്മപാദന്‍ പറഞ്ഞു.
ശരിയാണ്. ബ്രഹ്‌മനിഷ്ഠന്മാര്‍ക്ക് നിര്‍വ്വൈരഭാവമാണ് ആദ്യമായി ഉദിക്കുന്നത്. അതുകൊണ്ട് ഇവിടെ മഠം സ്ഥാപിക്കാന്‍ നിശ്ചയിച്ചതില്‍ ആശ്ചര്യമൊന്നുമില്ല. തന്റെ താമസത്തിനായി ഒരു പര്‍ണ്ണകുടീരം നിര്‍മ്മിക്കാന്‍ പത്മപാദന്‍ ഉത്സാഹഭരിതനായി ഓടിനടക്കുന്നുണ്ടായിരുന്നു. ഭക്തരായ ചിലരുടെ സഹായത്താല്‍ അത് വേഗം അദ്ദേഹം പൂര്‍ത്തിയാക്കി. മാത്രവുമല്ല, എല്ലാവര്‍ക്കും താമസിക്കാനുളള കുടീരവും തയ്യാറായിക്കഴിഞ്ഞു.
പരദേവതയായ ശാരദാദേവിയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി ഒരു മഹാക്ഷേത്രം ഇവിടെ നിര്‍മ്മിക്കേണ്ടതുണ്ട്. ശൃംഗേരിയില്‍ കാലെടുത്തുവെച്ചപ്പോള്‍ തന്നെ ഉഭയഭാരതി കൂടുതല്‍ ഉന്മേഷവതിയായി കാണപ്പെട്ടു. സുരേശ്വരന്റെയും ഉഭയഭാരതിയുടെയും യാത്രാപര്‍വ്വം ഇവിടെ സമാപിക്കുകയാണ്. ദക്ഷിണമഠത്തിന്റെ ചുമതലകളുമായി രണ്ടുപേരും ഇവിടെ കഴിയും. സുരേശ്വരാചാര്യന് പിടിപ്പത് ജോലിയാണിനി. കുറേക്കാലം തലയില്‍ പാണ്ഡിത്യത്തിന്റെ ഗര്‍വ്വുംപേറി നടന്നതല്ലേ! ഇനി കര്‍മ്മകാണ്ഡത്തിന്റെ കഷ്ടപ്പാടുകളിലേക്ക് ഇറങ്ങിച്ചെന്ന് സ്വയം ശുദ്ധീകരിക്കട്ടെ!
ശൃംഗേരിയിലെ പരിപാവനമായ അന്തരീക്ഷത്തിലിരുന്ന് ശിഷ്യന്മാര്‍ക്ക് വേദാധ്യയനം നടത്തണം. ജിജ്ഞാസുക്കളായ ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. വിജനമായ ഈ ആരണ്യത്തില്‍ വേദശാസ്ത്രപഠനങ്ങളും തപോനിഷ്ഠകളുമായി കാലം കഴിക്കുന്നത് എല്ലാവര്‍ക്കും ശാന്തിയും ആനന്ദവും പ്രദാനം ചെയ്യും. ബദരികാശ്രമത്തിലെ താമസത്തിനുശേഷം ഇതുപോലെ ആനന്ദത്തോടെ കഴിയാന്‍ ശിഷ്യന്മാര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഒരു കാര്യം സങ്കല്പിച്ചുപോയാല്‍ അത് സഫലമാകുംവരെ ആ വിചാരം ഇടയ്ക്കിടെ മനസ്സിലുദിക്കുന്നു. ബ്രഹ്‌മനിഷ്ഠന്മാര്‍ക്ക് ഒരു സങ്കല്പമുണ്ടായാല്‍, അത് അവരുടെ ഹൃദയത്തിന്റെ ആകാശത്തില്‍ അനുകൂലമായൊരു അവസരം വരുമ്പോള്‍ ഉദിച്ചുയരുകയായി. അതുകൊണ്ടാവണം, പത്മപാദനും സുരേശ്വരനും മഠസ്ഥാപനത്തെപ്പറ്റി ഇടയ്ക്കിടെ ആലോചനയില്‍ മുഴുകുന്നതുകണ്ടു. പക്ഷേ, സന്ന്യാസിമാര്‍ക്ക് ധനമില്ലല്ലോ! ധനവാന്മാരായ ഏതാനും ഭക്തന്മാരും രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥമാരും ശൃംഗേരിമഠം സ്ഥാപിക്കുന്നതിനുവേണ്ടി വാഗ്ദാനവുമായി മുന്നോട്ടുവന്നു. പത്മപാദരാണ് ഈ വിവരം അറിയിച്ചത്. അതുകേട്ടപ്പോള്‍ അദ്ദേഹത്തോടു പറഞ്ഞു:
”പത്മപാദാ, ലൗകിക വിഷയങ്ങളോടുളള ആസക്തി നിങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. സന്ന്യാസിമാര്‍ക്ക് താമസിക്കാന്‍ ഗൃഹം എന്തിന്? ശാരദാദേവിക്കുവേണ്ടി ഒരു ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചാല്‍ മാത്രം മതിയാകും. ക്ഷേത്രത്തിന്റെ നാലുവശവും നിങ്ങള്‍ക്കു താമസിക്കാന്‍ വേണ്ടുന്ന ലളിതമായ സൗകര്യം വല്ലതും ഏര്‍പ്പാടു ചെയ്യുക. നിങ്ങള്‍ക്കുവേണ്ടി പ്രത്യേകം ഗൃഹം ആവശ്യമില്ല. സന്ന്യാസിമാര്‍ക്ക് വൃക്ഷച്ചുവടോ, ഗുഹയോ, ക്ഷേത്രമോ തന്നെയാണ് ആശ്രയസ്ഥാനം. മഠസ്ഥാപനത്തിന്റെ മറവില്‍ ഗൃഹവാസികളായി മാറാതിരിക്കുക. നിങ്ങളുടെ ഒരൊറ്റ ആശ്രയം ഈശ്വരന്‍ മാത്രമാണ്! ആ അഭയത്തില്‍ത്തന്നെ നിങ്ങള്‍ ശരണമടയുക. സന്ന്യാസിക്ക് സ്വന്തമായോ പ്രത്യേകമായോ ഒരു സ്ഥലം ഉണ്ടായിരിക്കുന്നത് അഭിലഷണീയമല്ല.”
ബുദ്ധിമാനായ പത്മപാദന്‍ തന്റെ അഭിപ്രായവും ഇംഗിതവും മനസ്സിലാക്കിയെന്നു തോന്നുന്നു. അതനുസരിച്ച് അദ്ദേഹം ശാരദാദേവീക്ഷേത്രം നിര്‍മ്മിക്കാന്‍ ധനവാന്മാരായ ഭക്തരോട് ആവശ്യപ്പെട്ടു. സന്ന്യാസിമാര്‍ക്ക് വെയിലില്‍നിന്നും മഴയില്‍ നിന്നും മോചനം കിട്ടാന്‍വേണ്ടി മാത്രം ക്ഷേത്രത്തിനു സമീപം അളിന്ദങ്ങള്‍* നിര്‍മ്മിക്കാനും അവരോടു പറഞ്ഞു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സുരേശ്വരന്‍ പറഞ്ഞു:
”ഭക്തന്മാരുടെ പരിശ്രമത്തിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കാലതാമസം കൂടാതെ തന്നെ ക്ഷേത്രവും മറ്റും നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞുവല്ലോ!”
നല്ല ദിവസം നോക്കി ശുഭമുഹൂര്‍ത്തത്തില്‍ ശാരദായന്ത്രം സ്ഥാപിച്ചു. ഹോമാദികര്‍മ്മങ്ങള്‍ പ്രതിഷ്ഠയ്ക്ക് ആവശ്യമുണ്ടെങ്കിലും സന്ന്യാസിമാര്‍ കര്‍മ്മങ്ങളില്‍ ഉള്‍പ്പെടാത്തതുകൊണ്ട് കര്‍മ്മനിഷ്ഠരായ ബ്രാഹ്‌മണരാണ് അതെല്ലാം നിര്‍വ്വഹിച്ചത്. ഭഗവതി പ്രതിഷ്ഠ മംഗളമായി നടന്നു. ഷോഡശോപചാരപൂര്‍വ്വം പൂജ സമര്‍പ്പിച്ചു. ഒരു മനോഹരമായ സ്‌തോത്രം രചിച്ച് വാങ്മയമായും പൂജ ചെയ്തു. തുടര്‍ന്ന് ശിഷ്യന്മാര്‍ നിത്യവും ഈ സ്‌തോത്രം ചൊല്ലി ദേവീപൂജ തുടര്‍ന്നു.
”നിങ്ങള്‍ ഉപാസനയില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ഗുണബ്രഹ്‌മത്തിന്റെ സ്വരൂപം പ്രാപിക്കുകയാണ് ലക്ഷ്യമെങ്കിലും ഉപാസനയെ നിസ്സാരമാക്കരുത്. ദേഹം രക്ഷിക്കാന്‍ ആഗ്രഹം ഉളളിടത്തോളം കാലം ഉപാസനയും അവശ്യം അനുഷ്ഠിക്കണം. നമ്മുടെ ദേഹത്തിലെ ഒരോ അംഗവും ഓരോ ദേവതാസ്ഥാനമാണ്. ദേവന്മാരുടെ അടുക്കല്‍ നമുക്കുളള കടപ്പാട് ലംഘിച്ചാല്‍ ജീവിച്ചിരിക്കാന്‍ സാധിക്കുകയില്ല. രാജാവും പ്രജകളും തമ്മിലുളള ബന്ധം പോലെയാണത്. രാജാവിന് കരം കൊടുക്കുന്നതുപോലെ ദേവന്മാര്‍ക്ക് പൂജ സമര്‍പ്പിക്കണം. അത് അവശ്യകര്‍ത്തവ്യമാണ്. ഉപാസനകൊണ്ട് മനസ്സ് ശുദ്ധമാകും. സംശയവിപര്യയവിസ്മൃതികള്‍ നീങ്ങും. ഉപാസകന് ഏകാഗ്രത സിദ്ധിക്കും. ഏകാഗ്രതതന്നെയാണ് യോഗരാജ്യത്തിന്റെ കവാടം. ഉപാസനമൂലം സഞ്ചിതദുരിതങ്ങള്‍ ക്ഷയിക്കും. ശുഭാദൃഷ്ടങ്ങള്‍ ജനിക്കും. അതിനാല്‍ ബ്രഹ്‌മജ്ഞാനാഭ്യാസത്തോടൊപ്പം ഉപാസനയും നടത്തേണ്ടതുണ്ട്. ഉപാസനയില്‍ ഒരു വിധത്തിലുമുളള ഉപേക്ഷയും പാടില്ല. ശാരദാഭഗവതി വിദ്യയുടെ അധിഷ്ഠാനദേവതയാണ്. ദേവീഉപാസനയാല്‍ വിദ്യാസ്ഫുരണം ഉണ്ടാകും. വിദ്യസ്ഫുരിക്കാതെ എങ്ങനെ അജ്ഞാനം നീങ്ങും! അജ്ഞാനം നശിച്ചാല്‍ മാത്രമെ ജ്ഞാനം ഉദയം കൊള്ളുകയുള്ളൂ. അതിനാല്‍ നിവൃത്തിമാര്‍ഗ്ഗം അവലംബിച്ചിരിക്കുന്ന സന്ന്യാസിമാര്‍ക്കും ശാരദാദേവ്യുപാസന സഹായകമാകും.”
ദേവ്യുപാസനയുടെ പ്രാധാന്യമറിഞ്ഞതുകൊണ്ടാവാം, പത്മപാദനും സുരേശ്വരനും ഹസ്താമലകനും കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെട്ടു. ശൃംഗേരിമഠത്തിന്റെ സ്ഥാപനത്തില്‍ പ്രത്യേക ഉത്സാഹം പത്മപാദര്‍ക്കാണ്. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ മനസ്സിലുദിച്ച ആശയം പത്മപാദനില്‍ സംക്രമിച്ച് ഇപ്പോള്‍ സഫലമായിരിക്കുന്നു.
”ഗുരോ, ഭക്തജനങ്ങളില്‍ ചിലര്‍ തങ്ങള്‍ക്കും മറ്റ് അതിഥികള്‍ക്കും താമസിക്കാനുളള ചെറിയ ചെറിയ മന്ദിരങ്ങള്‍ ഇവിടെ പണിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. അങ്ങയുടെ അഭിപ്രായം അറിയണമെന്നുണ്ട്.”
പത്മപാദനെ നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞു:
”പത്മപാദാ, ഇതുകൊണ്ടാണ് സന്ന്യാസിമാര്‍ പരിവ്രാജകരായി ചുറ്റിസഞ്ചരിക്കുന്നത്. ഈ ഗൃഹസ്ഥരായ ഭക്തന്മാരുടെ ആഗ്രഹത്താല്‍ ക്രമേണ ശൃംഗേരി ഒരു നഗരമായി മാറിയെന്നു വരും. ഏതായാലും ഇവരുടെ ഗൃഹങ്ങള്‍ കുറെ ദൂരെയിരിക്കുന്നതാണ് നല്ലത്.”
ചാലൂക്യ രാജവംശത്തിന്റെ ഒരു സമാന്തരരാജാവാണ് കര്‍ണ്ണാടകയിലെ ഉജ്ജയിനിയിലുളള സുധന്വാവ്. അദ്ദേഹം കുമാരിലഭട്ടന്റെ ശ്രമഫലമായി ജൈനമതം ഉപേക്ഷിച്ച് വേദമാര്‍ഗ്ഗം സ്വീകരിച്ചയാളാണ്. തങ്ങളുടെ സന്ദര്‍ശനമറിഞ്ഞ് സുധന്വാവ് ശൃംഗേരിയിലെത്തി. വേദശാസ്ത്ര പാഠങ്ങള്‍ മനസ്സിലാക്കിയതോടെ അദ്ദേഹത്തിന്റെ ഭക്തിയും വര്‍ദ്ധിച്ചു. സുധന്വാവ് മിക്കസമയവും ശൃംഗേരിയില്‍ത്തന്നെ. ഒരു രാജാവിന് വനത്തിനുള്ളിലുളള മഠത്തിലെ അതിഥിഗൃഹത്തിലോ, മറ്റ് വല്ല ചെറിയ കൂടാരത്തിലോ എന്നും താമസിക്കാന്‍ കഴിയുമോ?! അദ്ദേഹം തന്റെ അനുവാദത്തോടുകൂടി മഠത്തിനടുത്ത് കൂടുതല്‍ താമസസൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ മന്ത്രിയോട് ആജ്ഞാപിച്ചു. ഏതായാലും ശൃംഗേരിയെ എല്ലാവരുംകൂടി ഒരു പട്ടണമാക്കിമാറ്റി! ദൂരദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ശൃംഗേരിയിലേക്ക് വന്നുതുടങ്ങി. ശൃംഗേരി തീര്‍ത്ഥാടന കേന്ദ്രമായി!
പത്മപാദനും സുരേശ്വരനും ഹസ്താമലകനും നിരവധി ശിഷ്യന്മാരെ ഇതിനകം സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. അവരില്‍ ചിലര്‍ ബ്രഹ്‌മചാരികള്‍. മറ്റ് ചിലര്‍ സന്ന്യാസിമാര്‍. എല്ലാവരും ശാസ്ത്രചര്‍ച്ചകളില്‍ കൂടുതല്‍ തല്പരരായി മാറിയിരിക്കുകയാണ്. ഉഷസന്ധ്യാവന്ദനവും മറ്റ് നിത്യാനുഷ്ഠാനങ്ങളും കഴിഞ്ഞ് ഭാഷ്യാദിഗ്രന്ഥങ്ങള്‍ പകര്‍ത്തുന്നതിലും അധ്യാപനത്തിലും അവര്‍ സദാവ്യാപൃതരാണ്. പത്മപാദനും സുരേശ്വരനും ഹസ്താമലകനും തങ്ങളുടെ ശിഷ്യന്മാര്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുത്തെങ്കിലും, പ്രശിഷ്യന്മാര്‍ക്ക് തന്റെ പ്രഭാഷണം കേള്‍ക്കാനാണ് കൂടുതല്‍ താല്പര്യം.
ഗുരോസ്തു മൗനം വ്യാഖ്യാനം
ശിഷ്യാസ്തു ഛിന്ന സംശയാഃ
തന്റെ മൗനവ്യാഖ്യാന സാന്നിദ്ധ്യം മാത്രം മതി അവരുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുകയായി. പ്രശിഷ്യന്മാര്‍ക്കുവേണ്ടി ചെറുഗ്രന്ഥങ്ങളും സ്‌തോത്രങ്ങളും രചിച്ചുതുടങ്ങി. വിവേകചൂഡാമണിയും അപരോക്ഷാനുഭൂതിയും ആത്മബോധവും വേദാന്ത കേസരിയും സര്‍വ്വവേദാന്ത സംഗ്രഹവും രചിക്കപ്പെട്ടു. തുംഗഭദ്രാനദിപോലെ രചനകള്‍ ഒഴുകിയെത്തി! സരസ്വതിദേവി സദാ നാവില്‍ വസിക്കുന്നത് ശൃംഗേരിയില്‍ അനുഭൂതമാകുകയായിരുന്നു!
തുംഗഭദ്രയിലെ ഉഷസന്ധ്യാസ്‌നാനം കഴിഞ്ഞ് ശിഷ്യന്മാരും പ്രശിഷ്യന്മാരും വൃക്ഷച്ചുവട്ടില്‍ അധ്യയനത്തിനായി എല്ലാ ദിവസവും ഒത്തുകൂടി. അവര്‍ക്കുവേണ്ടി ബ്രഹ്‌മസൂത്രഭാഷ്യമെടുത്ത് കുറച്ചൊന്ന് വിസ്തരിച്ചു….
(തുടരും)