അമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നു. അമ്മയെ കണ്ടിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്താണ് പൊടുന്നനെ അമ്മയെക്കുറിച്ചു മാത്രമുളള ഓര്‍മ്മകള്‍കൊണ്ട് മനസ്സ് വിതുമ്പുന്നത്? അന്തരംഗത്തിന്റെ അഗാധതയിലിരുന്നു അമ്മ തന്നെ ഏറെ സ്‌നേഹവായ്‌പോടെ, വാത്സല്യത്തിന്റെ പൂര്‍ണ്ണ നിറവോടെ മാടി വിളിക്കുന്ന പോലെ!
അമ്മയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ എങ്ങനെയുണ്ടാകും? താന്‍ ഇല്ലം വിടുമ്പോള്‍ത്തന്നെ പല അസുഖങ്ങളും അമ്മയെ വിഷമിപ്പിച്ചിരുന്നു. ഇടയ്ക്കിടെ ശല്യപ്പെടുത്താറുളള കലശലായ ആസ്ത്മ കാരണം അമ്മ അസ്വസ്ഥമാകുന്നതു കണ്ടിട്ടുണ്ട്. സഹിക്കവയ്യാതെയുളള കാല്‍മുട്ടുവേദനയെച്ചൊല്ലി വേവലാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. അമ്മയെ തന്റെ കൈയില്‍ ഏല്‍പ്പിച്ചിട്ടാണല്ലോ അച്ഛന്‍ അകാലത്തില്‍ ഇല്ലവും ഇഹലോകവും വിട്ടുപോയത്. അച്ഛന്റെ മരണശേഷവും അമ്മയുടെ കിഴക്കുളള തറവാടില്ലത്തെ ബന്ധുക്കളാരും കാലടിയിലേക്ക് തീരെ വരാതെയായി. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. പിറവത്തെ മേല്‍പ്പാഴൂര്‍മനയില്‍ നിന്ന് കാലടിയിലെത്തണമെങ്കില്‍ നാല്പതോളം നാഴിക സഞ്ചരിക്കേണ്ടതുണ്ട്. അതിന്റെ വിഷമതകള്‍ കൊണ്ടാവാം ഒരുപക്ഷേ അവര്‍ വരാതിരിക്കുന്നത്. എങ്കിലും അമ്മ കാലടിയില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞിട്ടും ആരെങ്കിലും ഇടയ്‌ക്കൊന്നു വന്ന് ക്ഷേമം അന്വേഷിച്ച് പോകേണ്ടതല്ലേ? ഇതിനകം അവരാരെങ്കിലും വരികയുണ്ടായോ?
ഇപ്പോള്‍, അമ്മയുടെ ദീനം അധികരിച്ചിട്ടുണ്ടെങ്കില്‍ ശുശ്രൂഷിക്കാന്‍ ആരെങ്കിലും അടുത്തുണ്ടാവുമോ? സര്‍വ്വേശ്വരന്റെ കൈകളില്‍ അമ്മയെ സുരക്ഷിതമായി സമര്‍പ്പിച്ചിട്ടാണ് താന്‍ കാലടി വിട്ടത്. കരുണാമയനായ ഭഗവാന്‍ അമ്മയെ കാത്തുകൊള്ളുമെന്ന വിശ്വാസം മനസ്സില്‍ ദൃഢമായുണ്ട്. അതുമാത്രമാണ് തന്റെ ആശ്വാസവും ധൈര്യവും…
”മോനെ ശങ്കരാ, നിന്നെ എനിക്ക് ഉടനെ കാണണം. ഉണ്ണീ, നീ വേഗം മടങ്ങി വരൂ.. അമ്മ അവസാനമായി നിന്നെ ഒന്ന് കണ്ടോട്ടെ…”
തന്റെ ഉള്ളിലിരുന്ന് അമ്മ വിലപിക്കുകയാണ്!
”എനിക്ക് ഉടന്‍തന്നെ കേരളനാട്ടിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്. അമ്മയെ ഒന്ന് കണ്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു. കുറച്ചു ദിവസമെങ്കിലും അരികിലിരുന്ന് ശുശ്രൂഷിക്കണം. എന്നെ കാണാനുളള അദമ്യമായ ആഗ്രഹവുമായി അമ്മ ഇല്ലത്തിരുന്നു കരയുന്നപോലെ മനസ്സ് പറയുന്നു. ഞാന്‍ വൈകാതെ മടങ്ങിയെത്തിക്കോളാം. തിരികെ വരുമ്പോള്‍ നിങ്ങള്‍ കുടജാദ്രിയില്‍ ഉണ്ടാവണം…”
ശിഷ്യരോടു യാത്രപറഞ്ഞ് വേഗം കാലടിയിലേക്ക് പുറപ്പെട്ടു… പുറപ്പെട്ടു എന്നു പറയുന്നതു പൂര്‍ണ്ണമാവില്ല… കാലടിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു!… അതാണല്ലോ സത്യത്തില്‍ സംഭവിച്ചത്… മനസ്സിന്റെ വേഗത്തിനൊപ്പം തന്റെ ശരീരം സഞ്ചരിച്ചിരിക്കുന്നു! കൊല്ലൂര്‍ മുതല്‍ കാലടിവരെ സഞ്ചരിക്കാന്‍ വെറും നിമിഷങ്ങള്‍ മാത്രം. ശരീരവും മനസ്സും ഒന്നായി താദാത്മ്യം പ്രാപിക്കുമ്പോള്‍ മനസ്സിന്റെ വേഗത്തിനൊപ്പം ശരീരത്തെ മനസ്സ് കൊണ്ടെത്തിച്ചുകൊള്ളും…!
കാലടിയില്ലത്തെ പൂമുഖത്തിണ്ണമേല്‍ ബാല്യകാല സുഹൃത്തായ വിഷ്ണുശര്‍മന്‍ ഒറ്റയ്ക്കിരിക്കുന്നു. താന്‍ മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഒരു അപരിചിതനെ കണ്ട വീട്ടുകാരനെപ്പോലെ അവന്‍ എണീറ്റു മുന്നോട്ടുവരാനായി ഭാവിച്ചു. വിഷ്ണുശര്‍മന്‍ ആകെ മാറിയിരിക്കുന്നു. താനും മാറിയിട്ടുണ്ടല്ലോ. എങ്കിലും അവന്റെ നീണ്ട് അല്പം വളഞ്ഞ മൂക്കും തിളക്കമുളള വലിയ കണ്ണുകളും വേഗം തിരിച്ചറിഞ്ഞു. വിഷ്ണുശര്‍മന്‍ തന്നെ തിരിച്ചറിയാന്‍ അല്പം വൈകിയെന്നു മാത്രം.
പെട്ടെന്നാണ് ആ മുഖത്ത് സന്തോഷത്തിന്റെ സൂര്യന്‍ ഉദിച്ചുയര്‍ന്നത്. വിഷ്ണു അരികിലേക്കോടിവന്ന് ആലിംഗനം ചെയ്തപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞുപോയി.
”എന്റെ ശങ്കരന്‍…!” വിഷ്ണു കരയുകയായിരുന്നു.
അതെ. ഞാന്‍ വന്നിരിക്കുന്നു, വിഷ്ണു; നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം. ആലിംഗനബദ്ധമായ കരങ്ങള്‍ അയച്ച് അവന്റെ ചുമലില്‍ പിടിച്ചുകൊണ്ട് തിളക്കമാര്‍ന്ന ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. പെട്ടെന്ന്, ഒരുള്‍വിളിയില്‍ നിന്നുണര്‍ന്ന് വിഷ്ണുവിനോട് അന്വേഷിച്ചു:
”എന്റെ അമ്മ എവിടെ…?”
അവന്റെ മുഖമൊന്നു വാടിയോ! തന്റെ കൈപിടിച്ച് വിഷ്ണു പൂമുഖത്തു കയറി അകത്തളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു മൂലയ്ക്കിട്ട മരക്കട്ടിലില്‍ അമ്മ കിടക്കുന്നതു കണ്ടു… അമ്മ വല്ലാതെ ശോഷിച്ചിരിക്കുന്നു. തലമുടിയാകെ നരച്ചിരിക്കുന്നു. മുഖത്ത് വിളര്‍ച്ചയുടെ തണുപ്പ്!
”അമ്മേ, ശങ്കരന്‍ ദാ വന്നിരിക്കുന്നു.” വേഗം കട്ടിലില്‍, കാല്‍ച്ചുവട്ടില്‍ ഇരുന്നു.
”അമ്മയ്ക്കിപ്പോള്‍ തനിയെ എണീറ്റിരിക്കാനാവില്ല; ഒരാളുടെ സഹായം എപ്പോഴും ആവശ്യമുണ്ട്.” വിഷ്ണു പറഞ്ഞു.
അമ്മ തന്റെ മുഖത്തേക്ക് മിഴി നട്ടുകൊണ്ട് മൗനത്തിലേക്ക് പിന്‍വാങ്ങിയതുപോലെ.
”അമ്മേ, ഇത് ശങ്കരനാണ്; അമ്മയുടെ ശങ്കരന്‍!”
ആ കൈകളില്‍ പിടിച്ചുകൊണ്ട് മുഖം താഴ്ത്തി അല്പം ഉച്ചത്തില്‍ പറഞ്ഞു. അമ്മയുടെ കണ്ണുകള്‍ നിറയുകയായിരുന്നു. ആ ചുണ്ടുകള്‍ വിറച്ചു:
”നീ വന്നല്ലോ, ന്റെ കുട്ടീ… ഞാന്‍ എത്ര കാലായി കാക്ക്ണു!”
അമ്മ മെല്ലെ സംസാരിച്ചുതുടങ്ങി. വിറയാര്‍ന്ന ശബ്ദം വല്ലാതെ താണിരിക്കുന്നു. ആ മുഖത്ത് സന്തോഷവും കരച്ചിലും മാറി മാറി മത്സരിക്കുന്നതു കണ്ടു.
”ശങ്കരാ, അമ്മ ഇവിടെ ഒറ്റയ്ക്കാണ്. ഞാന്‍ ഭക്ഷണവുമായി വരും. അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഊട്ടാന്‍ ശ്രമിക്കും. കുറച്ചൊക്കെ കഴിച്ചെന്നിരിക്കും… ഇടയ്ക്ക് പടിഞ്ഞാട്ടെ നങ്ങേലി വന്ന് കുളിപ്പിക്കും..”
വിഷ്ണുശര്‍മന്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.
”ഞാന്‍ മരിക്ക്ണമുമ്പ് നിന്നെ ഒന്നുകാണാന്‍ കഴിഞ്ഞല്ലോ കുട്ടീ… ഭഗവാനേ! ന്റെ വൃഷാചലേശ്വരാ…!”
അമ്മ കരയുകയായിരുന്നു.
”ശങ്കരാ, അമ്മയ്ക്ക് ജലം കൊടുക്കൂ…”
വിഷ്ണുശര്‍മന്‍ ഒരു ചെറിയ മണ്‍പാത്രത്തില്‍ ജലവുമായി വന്നു.
”ശങ്കരന്റെ കൈകൊണ്ട് അവസാനം ഒരുതുള്ളിജലം കുടിക്കാന്‍ കഴിയുമോ എന്ന് അമ്മ ഇടയ്ക്കിടെ ആവലാതിപ്പെടാറുണ്ടായിരുന്നു.” വിഷ്ണു പറഞ്ഞു.
അമ്മയുടെ ചുണ്ടിന്മേല്‍ പാത്രത്തിലെ ജലം തുളസിയിലയില്‍ മുക്കി മെല്ലെ ഇറ്റുവീഴ്ത്തി. അമ്മ അത് നുണഞ്ഞിറക്കുമ്പോള്‍ വിഷ്ണുശര്‍മന്‍ തന്റെ കാതില്‍ സ്വരം താഴ്ത്തി മന്ത്രിച്ചു: ”അമ്മയ്ക്ക് മൃത്യുഭയമുണ്ട്.”
അമ്മയുടെ പാദങ്ങളില്‍ നമസ്‌ക്കരിച്ചിട്ട് ശൈവ വൈഷ്ണവ സ്വരൂപങ്ങള്‍ ഉപദേശിച്ചു. നിര്‍ഗുണവും സനാതനവുമായ പരബ്രഹ്‌മത്തെപ്പറ്റി ഉപദേശിക്കുവാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു:
”ശങ്കരാ, നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. എന്റെ തലയില്‍ കയറുന്ന എന്തെങ്കിലും പറഞ്ഞു തരൂ..”
ഇപ്പോള്‍ അമ്മയുടെ ശബ്ദത്തിന് കുറച്ചൊരു ഊര്‍ജ്ജം കൈവന്ന പോലെ.
”ശരി. ശിവഭുജംഗസ്‌തോത്രവും വിഷ്ണുഭുജംഗസ്‌തോത്രവും ഞാന്‍ ചൊല്ലാം. അമ്മ കേട്ടോളൂ…”
ജഗന്നാഥ മന്നാഥ ഗൗരീസനാഥ
പ്രപന്നാനുകമ്പിന്‍
വിപന്നാര്‍ത്തിഹാരിന്‍
മഹസ്‌തോമമൂര്‍ത്തേ
സമസ്‌തൈകബന്ധോ
നമസ്‌തേ നമസ്‌തേ പുനസ്‌തേ നമോƒസ്തു…
ഇദാനീമിദാനീം മൃതിര്‍മേ ഭവിത്രീ-
ത്യഹോ സന്തതം ചിന്തയാ പീഡിതാസ്മി
കഥം നാമ മാഭ്രൂന്മ്യതൗ ഭീതിരേഷാ
നമസ്‌തേ ഗതീനാം ഗതേ നീലകണ്ഠ.
ഇത് ശിവഭുജംഗസ്‌തോത്രമാണമ്മേ. ഇനി വിഷ്ണുഭുജംഗസ്‌തോത്രം ചൊല്ലട്ടെ:
വിദംശം വിഭും നിര്‍മലം നിര്‍വികല്പം
നിരീഹം നിരാകാരമോംകാര ഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരം ബ്രഹ്‌മയം വേദതസ്‌മൈ നമസ്‌തേ…
സുനാസാപുടം സുന്ദരഭ്രൂലലാടം
കിരീടോചിതാകുഞ്ചിതസ്‌നിഗ്ദ്ധകോശം
സ്ഫുരത്പുണ്ഡരീകാഭിരാമായതാക്ഷം
സമുത്ഫുല്ല രത്‌നപ്രസൂനാവതംസം.
സൂരത്‌നാംഗദൈരന്വിതം ബാഹുദണ്ഡൈ-
ശ്ചതുര്‍ഭിശ്ചലത് കങ്കണാലംകൃതാഗ്രൈഃ-
ഉദാരോദരാലംകൃതം പീതവസ്ത്രം
പദദ്വന്ദ്വനിര്‍ധൂത പദ്മാഭിരാമം…
അമ്മയുടെ മരണഭയം മാറിയിരിക്കുന്നു. അമ്മ പറഞ്ഞു:
”നീ ഓര്‍ക്കുന്നുണ്ടോ, കുട്ടിക്കാലത്ത് അമ്പലത്തില്‍വെച്ച് ചൊല്ലാറുളള ഗോവിന്ദാഷ്ടകം. നീ അതൊന്നു പാടൂ, കുട്ടീ. ഞാന്‍ കേട്ട് തൃപ്തിയടയട്ടെ!”
അമ്മയ്ക്കുവേണ്ടി ഗോവിന്ദാഷ്ടകം പാടി:
”സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണ ലോലമനായാസം പരമായാസം
മായാ കല്പിത നാനാകാരമനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം…”
”ഗോപാലം പ്രഭുലീലാവിഗ്രഹഗോപാലം കുലഗോപാലം
ഗോപീഖേലനഗോവര്‍ധനധൃതിലീലാ ലാളിതഗോപാലം
ഗോഭിര്‍ന്നിഗദിത ഗോവിന്ദ സ്ഫുടനാമാനംബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത ഗോവിന്ദം പരമാനന്ദം.”
അമ്മയുടെ മുഖം പ്രസന്നമായിരിക്കുന്നു. ആ കണ്ണുകള്‍ എന്തിനോവേണ്ടി ദാഹിക്കുന്നതു കണ്ടു. സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ അമ്മയ്ക്ക് ദൃഷ്ടിഗോചരനാകുവാന്‍ വേണ്ടി കൃഷ്ണാഷ്ടക സ്‌തോത്രം ഉണ്ടാക്കി ചൊല്ലി കേള്‍പ്പിച്ചു:
ശ്രീയാശ്ലിഷ്‌ടോ വിഷ്ണുഃ സ്ഥിരചരഗുരുര്‍ വേദ വിഷയോ
ധിയാം സാക്ഷീ ശുദ്ധോഹരിര സുരഹന്താബ്ജനയനഃ
ഗദീ ശംഖീ ചക്രീ വിമല വനമാലീ സ്ഥിരരുചിഃ
ശരണ്യോലോകേശസ്തവഭവതു കൃഷ്‌ണോƒക്ഷി വിഷയഃ
യതഃസര്‍വം ജാതം വിയദനിലമുഖ്യം ജഗദിദം
സ്ഥിതൗ നിശ്ശേഷം യോƒവതി നിജസുഖാംശേന മധുഹാ
ലയേ സര്‍വം സ്വസ്മിന്‍ ഹരതികലയാ യസ്തുസവിഭുഃ
ശരണ്യോ ലോകേശസ്തവഭവതു കൃഷ്‌ണോƒക്ഷി വിഷയഃ
കൃഷ്ണാഷ്ടകം കേട്ട് സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ ശംഖുചക്രാബ്ജഹസ്തനായി തന്റെ അരികില്‍ പ്രത്യക്ഷപ്പെട്ട് അമ്മയ്ക്കു ദര്‍ശനംനല്‍കി. ശ്രീകൃഷ്ണനെ കണ്ടുകൊണ്ട് അമ്മയുടെ ശരീരം ചേതനയറ്റു! നിത്യതയില്‍ ശാന്തമായി വിശ്രമിക്കുന്ന അമ്മയെനോക്കി ആ കാല്‍ചുവട്ടിലെ ശൂന്യതയോടൊപ്പമിരുന്നു.