- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- പത്മപാദന്റെ ഗുരുഭക്തി (നിര്‍വികല്പം 16)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
”ഇത് ക്രകചന്റെ പണിയാണ്.”പത്മപാദന്‍ പറഞ്ഞു.
”ആരാണീ ക്രകചന്‍?” സുരേശ്വരന്‍ ചോദിച്ചു.
”കര്‍ണ്ണാടകദേശത്തെ കാപാലികന്മാരുടെ രാജാവ്. അയാളാണ് ഉഗ്രഭൈരവനെന്ന ഈ സാധുവേഷധാരിയെ ഗുരുവിന്റെ തലകൊയ്യാനായി പറഞ്ഞുവിട്ടത്. ശ്രീശൈലത്തിലെ കാപാലികന്മാരുടെ നേതാവാണ് മരണപ്പെട്ട ഉഗ്രഭൈരവന്‍.”
”എന്തിനുവേണ്ടിയായിരുന്നു അയാള്‍ ഈ നീചമായ പാതകത്തിനു മുതിര്‍ന്നത്?”
ഉഭയഭാരതിയുടെ സംശയത്തിന് പത്മപാദന്‍ മറുപടി പറഞ്ഞു:
”നമ്മുടെ ആചാര്യരുമായി മുമ്പൊരിക്കല്‍ വാദത്തില്‍ തര്‍ക്കിച്ചു തോറ്റുപോയ കാപാലികനാണ് ക്രകചരാജാവ്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഗുരുവിനെ വകവരുത്താന്‍ അയാള്‍ തീരുമാനിച്ചിട്ടുണ്ടാകും. അതിനുവേണ്ടി അയാള്‍ കണ്ട ഉപായമാണ് ഈ ചതി. അയാളുടെ ഈ പദ്ധതിയെക്കുറിച്ച് എനിക്ക് നേരത്തെതന്നെ നേരിയ സൂചന ലഭിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു ഏറ്റുമുട്ടല്‍ ഏതുനിമിഷവും നേരിടാന്‍ തയ്യാറെടുത്തുകൊണ്ട് ഏറെ ജാഗ്രതയോടെയാണ് ഞാന്‍ ഗുരുവിനെ പിന്തുടര്‍ന്നിരുന്നത്.”
പത്മപാദന്‍ ആശ്വാസത്തിന്റെ ഒരു ദീര്‍ഘശ്വാസമെടുത്തുകൊണ്ട് മൗനത്തിലേക്ക് പിന്‍വാങ്ങി. അദ്ദേഹം ധ്യാനത്തിലേക്ക് പോകാനായി ഉളളിലേക്കെടുത്ത ശ്വാസം മെല്ലെ പുറത്തേക്കു വിടുമ്പോള്‍ സുരേശ്വരന്‍ ചോദിച്ചു:
”ആട്ടെ. താങ്കള്‍ക്കെങ്ങനെയാണ് ഇത്രവേഗം നരസിംഹഭാവം ആര്‍ജ്ജിക്കാനായത്? മുമ്പൊരിക്കലും താങ്കളില്‍ ഇങ്ങനെയൊരു ഭാവമാറ്റം ഞങ്ങളാരും കണ്ടിട്ടില്ല…”
പത്മപാദന്‍ പറഞ്ഞു:
”കുട്ടിക്കാലത്ത് നരസിംഹമൂര്‍ത്തിയെ ഞാന്‍ ഏറെ ആരാധിച്ചിരുന്നു. ആരാധന അതിരുവിട്ടപ്പോള്‍ ആരുമറിയാതെ ഏകനായി നാലഞ്ചു നാഴിക അകലെയുളള അഹോബല എന്നു പേരുളള ഒരു മലയുടെ താഴ്‌വരയിലേക്കു നടന്നു. അവിടെ കൊടുംകാട്ടില്‍ നരസിംഹമൂര്‍ത്തിയെ ധ്യാനിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം അതുവഴി നടന്നുവന്ന ഒരു വേടന്‍ ഞാന്‍ തപസ്സിരിക്കുന്നത് കാണാനിടയായി. ”എന്തിനാണ് ഈ കാട്ടില്‍ നീ ഒറ്റയ്ക്ക് താമസിക്കുന്നത്?” വേടന്‍ ചോദിച്ചു. ”ഇവിടെ കഴുത്തുവരെ മനുഷ്യരൂപവും കഴുത്തിനുമുകളില്‍ സിംഹരൂപവുമുളള ഒരു മൃഗം ജീവിക്കുന്നുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ആ മൃഗത്തെ കാണാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടേക്ക് വന്നത്.” വേടനോട് എന്റെ ആഗ്രഹം പറഞ്ഞതും പൊട്ടിച്ചിരിച്ചുകൊണ്ട് വനാന്തരത്തിലേക്ക് അയാള്‍ വേഗം ഓടിപ്പോയി. കുറെക്കഴിഞ്ഞപ്പോള്‍ കാട്ടുവള്ളികള്‍കൊണ്ട് ഒരു മൃഗത്തെ ബന്ധിച്ച് വേടന്‍ എന്റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ഞാന്‍ അത്ഭുതപ്പെട്ടുപോയി! ഏറെ ഭക്തിയോടെ സ്മരിച്ചുകൊണ്ട് ഞാന്‍ എന്നും ധ്യാനിച്ചിരുന്ന നരസിംഹമൂര്‍ത്തിയായിരുന്നു അത്. എന്റെ മനസ്സില്‍ ആഹ്ലാദം നിറഞ്ഞുപൊന്തി. ആ വേടനോട് ഞാന്‍ ചോദിച്ചു:
”മഹര്‍ഷിമാര്‍ക്കുപോലും ഒന്ന് കാണാന്‍കഴിയാത്ത നരസിംഹമൂര്‍ത്തിയെ നിങ്ങള്‍ക്കെങ്ങനെ ഇത്രവേഗം ലഭിച്ചു?”
അപ്പോള്‍ വേടനല്ല അതിന് ഉത്തരംനല്‍കിയത്. പകരം നരസിംഹമൂര്‍ത്തിയുടെ വാക്കുകളാണ് ഞാന്‍ കേട്ടത്:
”ഏകാഗ്രചിത്തനായ ഈ വേടനെപ്പോലെ ആരും എന്നെ ധ്യാനിച്ചിട്ടില്ല!”
പത്മപാദന്‍ പറഞ്ഞവസാനിപ്പിച്ചു:
”ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ട പാഠം ഇതാണ്: ഏകാഗ്രമായ മനസ്സോടെ, തീവ്രമായ ഇച്ഛാശക്തിയോടെ ഒരുകാര്യം ധ്യാനിച്ചാല്‍ നാം അതിനെ സാക്ഷാത്കരിക്കുന്നു; അതിനര്‍ത്ഥം നാം അതായി മാറുന്നു!”
പത്മപാദന്റെ കഥകേട്ട് എല്ലാവരും അത്ഭുതസ്തബ്ധരായി. തങ്ങളുടെ സഹശിഷ്യന് ഇങ്ങനെയൊരു കുട്ടിക്കാലമുണ്ടായിരുന്നതായി ആരും നിനച്ചിരുന്നില്ല. വിവേകത്തിന്റെ പാതയില്‍ വിഘ്‌നങ്ങള്‍ നിരവധിയുണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതെല്ലാം നേരിടാനുളള തയ്യാറെടുപ്പുകളോടെയാണ് ഓരോ ചുവടും അദ്ദേഹം മുന്നോട്ടുവച്ചിരുന്നത്. ജലപ്പരപ്പിനുമുകളിലൂടെ ഒരിക്കല്‍ അദ്ദേഹം പാദങ്ങള്‍വച്ച് നദികടക്കുമ്പോള്‍, ജാഗരൂകതയുടെ പത്മങ്ങള്‍ ആ കാല്‍പ്പാദങ്ങള്‍ക്കു ചുവടെ കരുതലോടെ ഒരു താങ്ങായി ഉയര്‍ന്നുവന്നതാണല്ലോ!
പത്മപാദന്റെ ഗുരുഭക്തിയില്‍ മതിപ്പു തോന്നിയെങ്കിലും ഉഗ്രഭൈരവന്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ മനസ്സ് അസ്വസ്ഥമാകുന്നു. ആ കാപാലികന്റെ അഭിലാക്ഷം നിറവേറ്റുന്നതിന് തന്റെ തല കൊടുക്കാന്‍ തയ്യാറായതായിരുന്നു. പക്ഷേ, പകരം അയാളുടെ തലയാണ് ഛിന്നഭിന്നമായത്. വിധിവൈപരീത്യം എന്നല്ലാതെ എന്തുപറയാന്‍! ശിഷ്യനെ ശാസിച്ചു:
”പത്മപാദന്‍, നിങ്ങളുടെ പ്രഹരമേറ്റ് ഉഗ്രഭൈരവന്‍ മരിക്കാന്‍ പാടില്ലാത്തതായിരുന്നു.”
ആചാര്യനില്‍നിന്ന് ഇങ്ങനെയൊരു വിമര്‍ശനം പത്മപാദന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
”ഗുരോ, ഞാന്‍ സ്വപ്നത്തില്‍കണ്ട ഒരു ദാരുണമായ രംഗം ഇന്നും എന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു കാപാലികന്‍ അങ്ങയുടെ ശിരസ്സ് ഛേദിക്കുന്നതായി ദിവസങ്ങള്‍ക്കുമുമ്പ് ഞാന്‍ കിനാവില്‍ കണ്ടിരുന്നു. ഇത് യാഥാര്‍ത്ഥ്യമായി ഭവിക്കുമോയെന്ന് ചിന്തിച്ച് എന്റെ മനസ്സ് ഉത്കണ്ഠപ്പെട്ടിരുന്നു. എന്തുചെയ്യണമെന്നറിയാതെ എന്റെ ഇഷ്ടദേവതയായ നരസിംഹമൂര്‍ത്തിയെ സ്മരിച്ച് അങ്ങയുടെ ജീവിത രക്ഷയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.”
പത്മപാദന്റെ ധര്‍മ്മസങ്കടം കണ്ട് അദ്ദേഹത്തോടുളള വാത്സല്യവും ആദരവും പ്രകാശിപ്പിക്കാനായി പറഞ്ഞു:
ശരി. കഴിഞ്ഞതു കഴിഞ്ഞു. അതിനെച്ചൊല്ലി കുറ്റബോധം പാടില്ല. കിഴക്കുദേശത്തുളള ജഗന്നാഥപുരിയില്‍ നമുക്കൊരു മഠം സ്ഥാപിക്കേണ്ടതുണ്ട്. അതിനെ ഗോവര്‍ദ്ധനമഠം എന്ന് നാമകരണം ചെയ്യാം. അവിടത്തെ ചുമതല പത്മപാദനായിരിക്കും. പുരിയിലെ സന്ന്യാസിമാരുടെ പേരിനോടൊപ്പം ”വന”അല്ലെങ്കില്‍ ”അരണ്യ”എന്ന സ്ഥാനപ്പേരുകൂടി ചേര്‍ക്കണം. അവിടത്തെ ബ്രഹ്‌മചാരികള്‍ക്ക് ”പ്രകാശം”എന്ന ബിരുദം നല്‍കാം. ഋഗ്വേദമായിരിക്കും അവരുടെ മുഖ്യവേദം. ”പ്രജ്ഞാനം ബ്രഹ്‌മ”എന്ന മഹാവാക്യമാണ് അനുസന്ധാന വാക്യം. പൂര്‍വ്വഭാരതത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ശ്രേയസ്സിനും അഭിവൃദ്ധിക്കുമായി അവിടുത്തെ സന്ന്യാസിപരമ്പര പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക…”
പത്മപാദന്റെ മുഖത്ത് പ്രകാശം പരക്കുന്നതുകണ്ടപ്പോള്‍ ഉളളില്‍ സാത്വികമായ രണ്ട് സങ്കല്പങ്ങള്‍ ദൃഢമായി വേരോടുകയായിരുന്നു: ശൃംഗേരിയും പുരിയും!
ശിഷ്യവൃന്ദങ്ങളോടൊപ്പമുളള തീര്‍ത്ഥയാത്ര ഗോകര്‍ണ്ണത്തെത്തി. അവിടെ, പ്രകൃതിരമണീയമായ സമുദ്രതീരത്ത് മഹാബലേശ്വരക്ഷേത്രം പൗരാണികമായ പ്രൗഢിയോടെ തലയുയര്‍ത്തിനില്ക്കുന്നത് കണ്ടു. ഐതിഹ്യങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ശിവലിംഗവിഗ്രഹം കണ്ട് എല്ലാവരും വിസ്മയംകൊണ്ടു. സമുദ്രതീരത്തിരുന്ന് ശിഷ്യരോട് ആ കഥ പറഞ്ഞുകൊടുത്തു:
”പണ്ട്, പരമേശ്വരനെ പ്രീതിപ്പെടുത്താനായി രാവണന്‍ ഹിമാലയത്തില്‍ ചെന്ന് കഠിനതപസ്സ് അനുഷ്ഠിക്കുകയുണ്ടായി. തന്റെ ശിരസ്സ്‌പോലും ഛേദിച്ചെടുത്ത് രാവണന്‍ അഗ്നിയില്‍ ഹോമിച്ച് ശിവനെ പ്രസാദിപ്പിക്കാന്‍ നോക്കിയത്രെ. ആ കഠിന തപസ്സുകണ്ട് ശിവന്‍ പ്രത്യക്ഷപ്പെട്ട് ഒരു ശിവലിംഗം രാവണന് നിത്യപൂജയ്ക്കായി വരദാനമായി നല്‍കി. ശിവലിംഗവുമായി ലങ്കയിലേക്കു മടങ്ങുംവഴി ഇവിടെ ഗോകര്‍ണ്ണത്തിറങ്ങി വിശ്രമിക്കണമെന്ന് രാവണന് തോന്നി. രാവണന്‍ വിശ്രമിക്കുന്നതറിഞ്ഞ് മായാവിഘ്‌നേശ്വരന്‍ ഞൊടിയിടയില്‍ അദ്ദേഹത്തിന്റെ സമീപമെത്തി. ഗോകര്‍ണ്ണക്കടലില്‍ കുളിക്കാനൊരുങ്ങിയ രാവണന്‍ ശിവലിംഗത്തെ മായാവിഘ്‌നേശ്വരന്റെ കൈയില്‍ ഏല്‍പ്പിച്ചു. ലങ്കയില്‍ എത്തുന്നതുവരെ ശിവലിംഗം നിലത്തു വെയ്ക്കാന്‍ പാടില്ലെന്ന് ശിവന്‍ രാവണനോടു നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, കുളികഴിഞ്ഞ് മടങ്ങിവരുമ്പോഴേക്കും മായാവിഘ്‌നേശ്വരന്‍ ശിവലിംഗത്തെ ഭൂമിയില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. തന്നെക്കണ്ട് ഭയന്നോടിയ ഗണേശനെ രാവണന്‍ പിന്തുടര്‍ന്ന് പിടികൂടി. മായാവിഘ്‌നേശ്വരന്റെ മസ്തിഷ്‌ക്കത്തില്‍ കൈമടക്കി രാവണന്‍ നല്ലൊരു ഇടിവെച്ചു കൊടുത്തു. അതിന്റെ പാട് ഇന്നും ഗണേശന്റെ വിഗ്രഹത്തില്‍ കാണുന്നുണ്ട്.”
ഭൂമിയിലുറച്ചുപോയ ശിവലിംഗത്തെ രാവണന്‍ പുഴക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലത്തുവച്ചാല്‍ പിന്നെ ഒരിക്കലും എടുക്കാനാവാത്തവിധം അവിടെ ഉറച്ചു പോകുമെന്ന് ശിവന് അറിയാമായിരുന്നു. ശിവലിംഗത്തെ പുഴക്കിയെടുക്കാന്‍ രാവണന്‍ വീണ്ടും ശ്രമിക്കുമ്പോള്‍ ആകാശത്തുനിന്ന് ഒരു അശരീരി കേള്‍ക്കുകയുണ്ടായത്രെ: ”ആ ലിംഗം അവിടെ ഇരിക്കട്ടെ രാവണാ…. നീ ലങ്കയിലേക്കു മടങ്ങുക.”
”രാവണന്‍ നിരാശനായി ലങ്കയിലേക്ക് മടങ്ങിയെന്നാണ് കഥ.”
ഗോകര്‍ണ്ണക്കടലില്‍ എല്ലാവരും ഇറങ്ങി വിസ്തരിച്ചു കുളിച്ചു. കോടി തീര്‍ത്ഥമാടി. ഈറനായി ക്ഷേത്രനടയിലേക്ക് ചുവടുവെച്ച് മഹാബലേശ്വരനെ തൊഴുതു. ശിഷ്യഗണങ്ങള്‍ കൂടുതല്‍ പ്രസന്നവദനരായി മാറിയിരിക്കുന്നു.
മൂന്നുദിവസം ഗോകര്‍ണ്ണത്ത്. നാലാംദിവസം പുലര്‍ച്ചെ ഹരിശങ്കരത്തേക്ക് പുറപ്പെട്ടു….
ഹരിശങ്കരത്തെ ശിവപ്രതിഷ്ഠയേയും വൈഷ്ണവപ്രതിഷ്ഠയേയും വണങ്ങി. സ്‌തോത്രങ്ങള്‍ രചിച്ചു ചൊല്ലി:
ബ്രഹ്‌മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം
ജന്മജദുഃഖ വിനാശക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം
ഇനി യാത്ര അമ്മയുടെ സന്നിധിയിലേക്ക്. മൂകാംബികയിലേക്കുളള യാത്ര സാഹസികമായിരുന്നു. കാട്ടുമൃഗങ്ങളുടെ സഞ്ചാരവഴികളിലൂടെയാണ് നടന്നത്. എങ്കിലും യാത്ര ആനന്ദകരമാണ്. അമ്മയോടുളള സമര്‍പ്പണഭാവം കൂടിയാകുമ്പോള്‍ അത് അനുഭൂതിദായകവുമാണ്!