- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- കാമശാസ്ത്ര പഠനം (നിര്‍വികല്പം 13)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
അമരുകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകണ്ട് അത്ഭുതസ്തബ്ധരായ ഭൃത്യന്മാര്‍ ഉടന്‍ തന്നെ ദിവാനെ വിവരമറിയിച്ചു. വിലാപവേദിയിലേക്ക് ദിവാന്‍ പ്രവേശിക്കുമ്പോള്‍ കിടക്കയില്‍ ഒന്നുമറിയാത്തപോലെ ഉണര്‍ന്നെണീറ്റ് ഇരിക്കുകയായിരുന്നു മഹാരാജാവ്. ദിവാന്‍ അതുകണ്ട് ഒരു പ്രതിമപോലെ നിശ്ചലമായി!
”എവിടെ കൊട്ടാരം വൈദ്യന്‍?”
സമനില വീണ്ടെടുത്ത ദിവാന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.
”കൊട്ടാരം വൈദ്യനെ കൊണ്ടുവരൂ….”
പത്മപാദനും മറ്റ് ശിഷ്യന്മാരും ചേര്‍ന്ന് ഗുഹാമുഖത്തിരുന്ന് മോഹമുദ്ഗരം ചൊല്ലാന്‍ തുടങ്ങി:
ഭജഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
സംപ്രാപ്‌തേ സന്നിഹിതേ കാലേ നഹി നഹി രക്ഷതി ഡുകൃഞ്കരണേ.
മൂഢ ജഹീഹി ധനാഗമതൃഷ്ണാം കുരുസദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകര്‍മ്മോപാത്തം വിത്തം തേന വിനോദയ ചിത്തം…
അമരുകരാജാവിന്റെ ശരീരം സ്വീകരിച്ച് രാജ്യഭരണം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. രാജധാനിയിലെ പരമോന്നത സിംഹാസനത്തിലിരുന്ന് പതിനൊന്നു മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചര്‍ച്ചകളില്‍ ചിലപ്പോള്‍ നാവ് തെറ്റി ഉപനിഷത്ത് മന്ത്രങ്ങള്‍ കയറിവരാന്‍ തുടങ്ങി. മറ്റു ചിലപ്പോള്‍ ബ്രഹ്‌മസൂത്രത്തിന്റെ ഭാഷ്യഭാഗങ്ങള്‍ സംഭാഷണമധ്യേ ഇടംപിടിച്ചു. ഇടയ്ക്ക് ഭഗവദ്ഗീതാശ്ലോകങ്ങള്‍ വ്യാഖ്യാനിക്കാനായി വെറുതെ തുനിഞ്ഞു. തങ്ങളുടെ രാജാവിന്റെ സംഭാഷണത്തില്‍ കടന്നുവന്ന ഭാഷാവ്യതിയാനം മന്ത്രിമാര്‍ ശ്രദ്ധിച്ചു. ഇതുവരെ കേട്ടിട്ടില്ലാത്ത ശ്രുതികളും സ്മൃതികളും സൂത്രങ്ങളും രാജാവിന്റെ നാവില്‍നിന്ന് ഉതിര്‍ന്നുവീണപ്പോള്‍ അവര്‍ സംശയത്തോടെ നെറ്റി ചുളിച്ചു. പരസ്പരം നോക്കി കണ്ണുമിഴിച്ചു. എന്തൊക്കെയോ തമ്മില്‍ തമ്മില്‍ പിറുപിറുത്തു…
പത്മപാദന്റെയും മറ്റും മോഹമുദ്ഗര പാരായണം ഗുഹാമുഖത്ത് പുതിയ സ്പന്ദനങ്ങള്‍ സൃഷ്ടിച്ചു:
നാരീസ്തനഭര നാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം മനസി വിചിന്തയ വാരം വാരം.
നളിനീദളഗതജലമതിതരളം തദ്വത് ജീവിതമതിശയ ചപലം
വിദ്ധി വ്യാധ്യഭിമാനഗ്രസ്തം ലോകം ശോകഹതം ച സമസ്തം
യാവദ്വിത്തോപാര്‍ജ്ജന സക്തഃ താവന്നിജപരിവാരോ രക്തഃ
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ വാര്‍ത്താം കോപി ന പൃച്ഛതി ഗേഹേ.
മന്ത്രിമാര്‍ തന്നെ സംശയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജാഗരൂകതയോടെ രാജഭാഷയിലേക്ക് മടങ്ങിവന്നു. പക്ഷേ, മന്ത്രിമാരുടെയും മറ്റും സംശയങ്ങള്‍ ദിവസം ചെല്ലുന്തോറും ഏറിവരികയായിരുന്നു.
”ദിവ്യനും മഹാത്മാവുമായ ഏതോ ഒരു യോഗിയുടെ ആത്മാവ് നമ്മുടെ രാജാവിന്റെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നു! ആ യോഗിയുടെ ജ്ഞാനമാണ് രാജാവിന്റെ സംഭാഷണങ്ങളില്‍ ഇടയ്ക്കിടെ കടന്നുവരുന്നത്. മഹാരാജാവ് ഒരിക്കലും ഉപനിഷത്ത് വാക്യങ്ങള്‍ ഉച്ചരിച്ചു നാം കേട്ടിട്ടില്ല. അദ്ദേഹത്തിന് വേദത്തിലോ വേദാന്തത്തിലോ കാര്യമായ പരിജ്ഞാനമൊന്നും ഇല്ലായിരുന്നുവല്ലോ.”
ഒരു മന്ത്രി തന്റെ സംശയം വ്യക്തമായി പ്രകടിപ്പിച്ചു. അതുകേട്ട് രണ്ടാമത്തെ മന്ത്രി പറഞ്ഞു:
”അങ്ങനെയെങ്കില്‍ നാം കൂടുതല്‍ ജാഗ്രതയോടെ ഇനിയുളള ദിവസങ്ങളില്‍ രാജാവിനെ നിരീക്ഷിക്കേണ്ടതുണ്ട്. ആ യോഗി ഈ ശരീരം വിട്ട് പൂര്‍വ്വദേഹം സ്വീകരിക്കാനിടയുണ്ട്. ഈ ശരീരത്തില്‍ ഒരു സന്ന്യാസിയുടെ ആത്മാവ് അധികനാള്‍ തുടരാനിടയില്ല. ഒരു യോഗിക്കും സമ്പൂര്‍ണ്ണമായ ലൗകികജീവിതം നയിക്കുന്ന ഒരു രാജാവായി ഇവിടെ കഴിയാനാവില്ല. അങ്ങനെ ഭവിച്ചാല്‍ മഹാരാജാവ് വീണ്ടും മരണത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവരും.”
”അതിനൊരു പ്രതിവിധിയുണ്ട്.”
”എന്താണത്?”
”നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും ഒരു യോഗിയുടെ മൃതശരീരം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ അത് കണ്ടുപിടിച്ച് നശിപ്പിച്ചു കളയുക!”’
”എങ്കില്‍, രാജകിങ്കരന്മാരെ ഉടനെ അതിനുവേണ്ടി ഏര്‍പ്പാടു ചെയ്യേണ്ടിയിരിക്കുന്നു. ആ ശരീരം കണ്ടുപിടിച്ച് എത്രയും വേഗം നശിപ്പിക്കുക…”
അമരുകരാജാവ് ഇതൊന്നും ശ്രദ്ധിക്കാതെ അന്തഃപുരത്തില്‍ പ്രവേശിച്ചു.
യാവത് പവനോ നിവസതി ദേഹേ താവത് പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ ഭാര്യാ ബിഭൃതി തസ്മിന്‍ കായേ.
സുന്ദരിമാരായ റാണിമാര്‍ക്കു തന്നോടു സംശയമൊന്നുമില്ല. അവരോടൊപ്പമുളള പ്രേമസല്ലാപങ്ങളിലും രതികേളികളിലും ഒരു സംശയവും ധ്വനിപ്പിക്കാത്തവിധം മുഴുകുകതന്നെ. കാമശാസ്ത്രത്തിലെ വൈവിധ്യമാര്‍ന്നതും പ്രേമാസക്തിയുടെ ആവര്‍ത്തനങ്ങളിലൂടെ പുളകിതമായതും ആനന്ദപൂരിതവുമായ അനുഭൂതിതലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതൊന്നും മനസ്സിനെ ബന്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന്റേതു മാത്രമായ കര്‍മ്മമായി കാമമോഹങ്ങളെ ക്ലിപ്തപ്പെടുത്തി…
പത്മപാദനും കൂട്ടരും ഗുഹാമുഖം ജാഗരൂകതയോടെ കാത്തു സൂക്ഷിച്ചുകൊണ്ട് മോഹമുദ്ഗരം തുടര്‍ന്നു:
ബാലസ്താവത് ക്രീഡാസക്ത: തരുണസ്താവത്തരുണീരക്തഃ
വൃദ്ധസ്താവത് ചിന്താമഗ്നഃ പരമേ ബ്രഹ്‌മണി കോപി ന ലഗ്നഃ
കാതേ കാന്താ കസ്‌തേ പുത്രഃ സംസാരോയമതീവ വിചിത്രഃ
കസ്യത്വം കഃ കുത ആയാതഃ തത്ത്വം ചിന്തയ തദിഹഭ്രാതഃ
വാത്സ്യായനന്റെ കാമസൂത്രത്തില്‍ വര്‍ണ്ണിക്കുന്ന വിവിധ കലകളിലൂടെ രതി പാഠങ്ങള്‍ അഭ്യസിച്ചു. ഉഭയഭാരതിയുടെ മുന്നില്‍ തോറ്റു കൊടുത്തുകൂടാ. രതിയുടെ നൂതനമായ അനുഭൂതിതലങ്ങളെ പരിചയപ്പെടുമ്പോള്‍ അവ മനസ്സിനെ ബന്ധിക്കാതിരിക്കാന്‍ ജാഗരൂകതമുറുകെപ്പിടിച്ചു. വിവിധ വിതാനങ്ങളില്‍ ഗവേഷണം തുടരവേ അവ മനസ്സിനെ സ്പര്‍ശിക്കുമോയെന്ന് ചില നിമിഷമെങ്കിലും ഭയന്നു. ഇല്ല, തന്നെ ഇതൊന്നും ബന്ധിക്കുന്നില്ല. ഇതെല്ലാം ശരീരത്തിന്റെ വെറും കേളികള്‍ മാത്രം. അമരുകരാജാവിന്റെ സ്ഥൂലശരീരം ഉപരിതലത്തില്‍ അനുഭവിക്കുന്ന രതിക്രീഢയുടെ സംവേദനാനുഭൂതികള്‍ താന്‍ അറിയാന്‍ ശ്രമിക്കുന്നുവെന്നു മാത്രം; ഒരു വിദ്യാര്‍ത്ഥിയെപ്പോലെ!
സത്‌സംഗത്വേ നിസ്സംഗത്വം നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചലതത്വം നിശ്ചലതത്വേ ജീവന്മുക്തിഃ
വയസിഗതേ കഃ കാമവികാരഃ ശുഷ്‌കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ ജ്ഞാതേ തത്ത്വേ കഃ സംസാരഃ
മാ കുരു ധനജനയൗവഭനഗര്‍വ്വം ഹരതി നിമേഷാത് കാലഃ സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ ബ്രഹ്‌മപദം ത്വം പ്രവിശ വിദിത്വാ.
കാമശാസ്ത്രത്തില്‍ പ്രഗത്ഭരായ കൊട്ടാരപണ്ഡിതരെ ക്ഷണിച്ചു വരുത്തി. ഓരോ പണ്ഡിതനുമായി വാത്സ്യായന ശാസ്ത്രം ദീര്‍ഘനേരം ചര്‍ച്ചചെയ്തു. ഗ്രന്ഥങ്ങള്‍ പഠിച്ചു. കാമശാസ്ത്രത്തിന് പുതിയൊരു ഗ്രന്ഥം രചിക്കാനായി അന്തഃപുരത്തില്‍ കരുതലോടെ കരുക്കള്‍ നീക്കി.
ദിനയാമിന്യൗ സായം പ്രാതഃ ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛത്യായുഃ തദപി ന മുഞ്ചത്യാശാവായുഃ
കാതേ കാന്താ ധനഗതചിന്താ വാതുല കിം തവ നാസ്തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ ഭവതി ഭവാര്‍ണ്ണവതരണേ നൗകാ
ജടിലോ മുണ്ഡീ ലുഞ്ച്ഛിതകേശഃ കാഷായാംബര ബഹുകൃതവേഷഃ
പശ്യന്നപി ച ന പശ്യതി മൂഢഃ ഉദരനിമിത്തം ബഹുകൃതവേഷഃ
അംഗം ഗളിതം പലിതം മുണ്ഢം ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം തദപി ന മുഞ്ചത്യാശാപിണ്ഡം.
ആന്തഃപുരിക പ്രകരണ വിശേഷങ്ങള്‍ പണ്ഡിതരില്‍നിന്ന് ചികഞ്ഞെടുത്തു. അന്തഃപുരസ്ത്രീകള്‍ ദാസിമാര്‍ മുഖേന രാജാവിന് പുഷ്പമാല, കുറിക്കൂട്ട്, വസ്ത്രം മുതലായവ കൊടുത്തയക്കുന്ന ഒരു സമ്പ്രദായമുണ്ടെന്ന് പണ്ഡിതര്‍ പറഞ്ഞു. രാജാവിനെ പ്രീതിപ്പെടുത്താനായി അന്തഃപുരസ്ത്രീകള്‍ ചെയ്യുന്ന ഒരു ചടങ്ങാണത്രെ അത്. ദേവിമാര്‍ തിരുമനസ്സിനായി തന്നയച്ചതാണ് എന്നു പറഞ്ഞുവേണം ദാസിമാര്‍ അത് രാജാവിന് സമര്‍പ്പിക്കേണ്ടത്. അതുപോലെ രാജാവ് ധരിച്ചിരിക്കുന്ന മാലയും കുറിക്കൂട്ടും വസ്ത്രവും, നിര്‍മ്മാല്യമായി അന്തഃപുരസ്ത്രീകള്‍ക്ക് തിരികെ കൊടുത്തയക്കുകയും വേണം.
അഗ്രേ വഹ്നിഃ പൃഷ്‌ഠേ ഭാനുഃ രാത്രൗ ചുബുക സമര്‍പ്പിത ജാനുഃ
കരതലഭിക്ഷ സ്തരുതല വാസഃ തദപി നമുഞ്ചത്യാശാപാശഃ
കുരുതേ ഗംഗാസാഗരഗമനം വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീനഃ സര്‍വ്വമതേന മുക്തിം ഭജതി ന ജന്മശതേന
സുരമന്ദിരതരുമൂല നിവാസഃ ശയ്യാഭൂതലമജിനം വാസഃ
സര്‍വ്വ പരിഗ്രഹഭോഗത്യാഗഃ കസ്യ സുഖം ന കരോതി വിരാഗഃ
യോഗരതോ വാ ഭോഗരതോ വാ സംഗരതോ വാ സംഗവിഹീനഃ
യസ്യ ബ്രഹ്‌മണി രമതേ ചിത്തം നന്ദതി നന്ദതി നന്ദത്യേവ.
രാത്രിയാകുമ്പോള്‍ സര്‍വ്വാഭരണ ഭൂഷിതനായ രാജാവ് അണിഞ്ഞൊരുങ്ങി നില്ക്കുന്ന അന്തഃപുര സ്ത്രീകളെ ഒരുമിച്ച് കാണണം. റാണിമാരുടെ കുലം, പ്രായം, പക്വത, അറിവ്, അഭിരുചി എന്നിവയ്ക്ക് അനുയോജ്യമാവുംവിധമാണ് അവരോടൊപ്പം ഇടപെടേണ്ടത്. രമിച്ചുകഴിഞ്ഞാല്‍ റാണിമാര്‍ക്ക് സന്തോഷത്തോടെ സമ്മാനങ്ങള്‍ നല്‍കണം. രസമൂറുന്ന കഥകള്‍ അവരെ പറഞ്ഞുകേള്‍പ്പിക്കണം. യഥാവിധി വിവാഹംചെയ്ത അന്തഃപുരസ്ത്രീകളോട് രാജാവ് ചെയ്യേണ്ട ധര്‍മ്മം ഇതാണ്. പുനര്‍ഭൂക്കളായ* അന്തഃപുരസ്ത്രീകളെ കാണേണ്ടത് അതിനുശേഷമാണ്. പരിണയം ചെയ്ത രാജ്ഞിമാരോട് പെരുമാറുന്നതുപോലെവേണം പുനര്‍ഭൂക്കളോടും ഇടപഴകേണ്ടത്. അടുത്ത ഊഴം നര്‍ത്തകിമാരോടാണ്.
ഭഗവദ്ഗീതാ കിഞ്ചിദ ധീതാ ഗംഗാജലലവകണികാ പീതാ
സകൃദപിയേന മുരാരി സമര്‍ച്ചാ ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ
പുനരപി ജനനം പുനരപിമരണം പുനരപിജനനീജഠരേ ശയനം
ഇഹ സംസാരേ ബഹുദുസ്താരേ കൃപയാപാരേ പാഹി മുരാരേ.
എല്ലാവിഭാഗം അന്തഃപുരസ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം അന്തഃപുരങ്ങളാണുളളത്. വിധിപ്രകാരം വിവാഹംചെയ്ത ദേവിമാര്‍ക്കുളള അന്തഃപുരങ്ങളുടെ സ്ഥാനം രാജധാനിയുടെ മധ്യഭാഗത്തായാണ് ഒരുക്കിയിരിക്കുന്നത്. അതിനുപുറത്താണ് പുനര്‍ഭൂക്കളുടെ അന്തഃപുരങ്ങളുടെ സ്ഥാനം. നര്‍ത്തകികളുടേത് അതിനുമപ്പുറത്താണ്.
രഥ്യാചര്‍പ്പടവിരചിത കന്ഥഃ പുണ്യാപുണ്യവിവര്‍ജിത പന്ഥഃ
യോഗീയോഗനിയോജിത ചിത്തഃ രമതേ ബാലോന്മത്തവദേവ
കസ്ത്വം കോഹം കുത ആയാതഃ കാ മേ ജനനി കോ മേ താതഃ
ഇതിപരിഭാവയ സര്‍വ്വമസാരം വിശ്വം തൃക്ത്വാ സ്വപ്നവിചാരം.
രാജധാനിയിലെ വാസകപാലികമാര്‍** അന്തഃപുരസ്ത്രീകളുടെ പരിചാരികമാരോടൊപ്പം പള്ളിയുറക്കംകഴിഞ്ഞ രാജാവിന്റെ സമീപത്തു വന്നുനിന്ന് പറയുകയായി: ”ഇന്ന് ഈ പരിചാരികമാരുടെ ദേവിയുടെ വാസകമാണ്***. ഇന്നലെ ആ റാണിയായിരുന്നുവല്ലോ രാജാവിനോടൊപ്പം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ മറ്റേ റാണിയ്ക്ക് ഋതുകാലമാണ്… ഇങ്ങനെയൊക്കെ അവര്‍ രാജാവിനോട് ഉണര്‍ത്തിക്കുന്നു. തുടര്‍ന്ന്, പരിചാരികമാര്‍ കൊണ്ടുവന്നിട്ടുളള, റാണിമാര്‍ കൊടുത്തയച്ച അംഗുലീയവും അനുലേപനവും രാജാവിന് സമര്‍പ്പിക്കുന്നു. ആരുടെ അംഗുലീയത്തേയും അനുലേപനത്തേയുമാണോ രാജാവ് സ്വീകരിക്കുന്നത് അവളുടെ ഊഴമാണ് അന്നത്തെ രാത്രി.
ത്വയിമയിചാന്യത്രൈകോവിഷ്ണുഃ വ്യര്‍ത്ഥം കുപ്യസിമയ്യ സഹിഷ്ണുഃ
ഭവ സമചിത്തഃ സര്‍വ്വത്രത്വം വാഞ്ച്ഛസ്യചിരാദ്യദി വിഷ്ണുത്വം.
ശത്രൗമിത്രേ പുത്രേ ബന്ധൌ മാ കുരു യത്‌നം വിഗ്രഹസന്ധൌ
സര്‍വ്വസ്മിന്നപി പശ്യാത്മാനം സര്‍വ്വത്രോ ത്സ്രുജഭേദാജ്ഞാനം.
അന്തഃപുരത്തിലെ ഉത്സവകാലങ്ങളില്‍ എല്ലാ റാണിമാരോടുമൊപ്പം മദിപ്പിക്കുന്ന പാനീയ സല്‍ക്കാരങ്ങളിലേര്‍പ്പെടണം. സംഗീത സഭകളിലും റാണിമാരെയെല്ലാം ഒരുപോലെ മാനിക്കണം. അന്തഃപുരത്തിലെ പരിചാരികമാര്‍ അവിടെനിന്ന് പുറത്തു പോകാനോ, പുറമെയുളളവര്‍ അന്തഃപുരത്തില്‍ പ്രവേശിക്കാനോ പാടുളളതല്ല. രാജ്ഞിമാരുമായുളള രാജാവിന്റെ പ്രേമസല്ലാപവും മറ്റും ക്ലേശകരമാകുംവിധം കഠിനമാകാതേയും നോക്കണം.
കാമം ക്രോധം ലോഭം മോഹം ത്യക്ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാനവിഹീനാഃ മൂഢാഃ സ്‌തേ പച്യന്തേ നരകനിഗൂഢാഃ
ഗേയം ഗീതാനാമസഹസ്രം ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം ദേയം ദീനജനായ ച വിത്തം
സുഖതഃ ക്രിയതേ രാമാഭോഗഃ പശ്ചാത് ഹന്ത ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം തദപിന മുഞ്ചതി പാപാചരണം
രാജാവ് അനേകം റാണിമാരെ പരിഗ്രഹണം ചെയ്താല്‍ അവരില്‍ സമഭാവനയോടെ വേണം വര്‍ത്തിക്കേണ്ടത്. ഒരാളെ കൂടുതലായി സ്‌നേഹിക്കുകയോ ലാളിക്കുകയോ അരുത്. ഒരാളോടും ഒരുതരത്തിലുമുള്ള അവഗണനയും പ്രകടിപ്പിക്കാന്‍ പാടുള്ളതല്ല. അപരാധങ്ങളില്‍ എല്ലാവരേയും ഒരേരീതിയില്‍തന്നെ ശാസിക്കുകയും വേണം. ഒരു റാണിയോടു കാണിച്ച പ്രേമത്തിന്റെയും രതിയുടെയും രഹസ്യസ്വഭാവം, അവള്‍ വിശ്വാസപൂര്‍വ്വം പറഞ്ഞ രഹസ്യസല്ലാപം ഇവ മറ്റുള്ള റാണിമാരോടു പറയുകയുമരുത്. അങ്ങനെ ചെയ്താല്‍ അത് അന്തഃപുരസ്ത്രീകള്‍ തമ്മില്‍ പിണക്കത്തിനും മാത്സര്യത്തിനും പിന്നെ വൈരാഗ്യത്തിനും കാരണമായേക്കും.
പത്മപാദനും കൂട്ടരും മോഹമുദ്ഗരം പൂര്‍ത്തിയാക്കി:
അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം നാസ്തി തതഃ സുഖലേശഃ സത്യം
പുത്രാദപി ധനഭാജാം ഭീതിഃ സര്‍വ്വത്രൈഷാ വിഹിതാരീതിഃ
പ്രാണായാമം പ്രത്യാഹാരം നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം കുര്‍വവധാനം മഹദവധാനം
ഗുരുചരണാംബുജ നിര്‍ഭരഭക്തഃ സംസാരാദചിരാത്ഭവ മുക്തഃ
സേന്ദ്രിയമാനസ നിയമാദേവം ദ്രക്ഷ്യസി നിജഹൃദയസ്ഥം ദേവം.
രാജാവിന്റെ കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ റാണിമാര്‍ക്ക് അവസരം കൊടുക്കാതെ ശ്രദ്ധിക്കണം. ഏതെങ്കിലും കാരണവശാല്‍ ഒരുവള്‍ അത് പ്രകടിപ്പിച്ചാല്‍ ആ പറഞ്ഞ ദോഷങ്ങള്‍ അവളില്‍ത്തന്നെ ആരോപിച്ച് തോല്‍പ്പിക്കുകയും വേണം. ചില സ്ത്രീകള്‍ക്ക് വിശ്വാസമാണ് വേണ്ടത്. ചിലരെ പ്രത്യക്ഷമായി ആരാധിക്കുന്നതാണിഷ്ടം. മറ്റു ചിലരെ ബഹുമാനത്തിലൂടെ രഞ്ജിപ്പിക്കേണ്ടതായി വരും. ഇതു മനസ്സിലാക്കി വേണം കരുതലോടെ അവരെ അനുനയിപ്പിക്കേണ്ടത്.
ഓരോ റാണിമാരുടെയും അഭിലാഷത്തിനനുസരിച്ച് അവരുടെ ഇംഗിതങ്ങള്‍ സാധ്യമാക്കണം. ചിലര്‍ക്കു ഉദ്യാന സന്ദര്‍ശനമാണിഷ്ടം. മറ്റു ചിലര്‍ക്ക് ധനാഭരണ സമ്മാനം. വേറെ ചിലര്‍ക്ക് അവരുടെ ബന്ധുക്കളെ സല്‍ക്കരിക്കല്‍. മറ്റൊരു കൂട്ടര്‍ക്ക് ഏകാന്തത്തിലുള്ള രതിവിനോദങ്ങള്‍….ഇവ സൂക്ഷ്മമായി ഗ്രഹിക്കാനുള്ള നൈപുണ്യമാണാവശ്യം. റാണിമാരുടെ സ്‌നേഹം ആര്‍ജ്ജിച്ചെടുക്കേണ്ട രീതി മനസ്സില്‍ക്കരുതി പെരുമാറുന്നപക്ഷം അവരുടെ ക്രോധം ശമിപ്പിക്കാനും സപത്‌നിമാരുടെ പ്രീതി നേടിയെടുക്കാനും രാജാവിന് കഴിയുന്നു.
കൊട്ടാരപണ്ഡിതന്റെ പാഠങ്ങള്‍ കേട്ടുകൊണ്ടാണ് ഓരോ ദിവസവും അന്തഃപുരത്തിലേക്ക് പ്രവേശിച്ചത്. രാജ്ഞിമാര്‍ ഏറെ സന്തുഷ്ടരായി കാണപ്പെട്ടപ്പോള്‍ താനൊരു ഗന്ധര്‍വ്വരാജാവായി ശരിക്കും മാറിയോയെന്ന് ഒരുനിമിഷം സംശയിച്ചുപോയി. സുന്ദരിമാരായ രാജ്ഞിമാരുടെ മുഖത്ത് പ്രേമത്തിന്റെ തിരയിളക്കം. തങ്ങള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പ്രിയതമന്‍ ഇതാ സചേതനമായി മുന്നില്‍ വന്നു നില്‍ക്കുന്നു!
* പുനര്‍ഭൂക്കള്‍ – വീണ്ടും വിവാഹിതരായ വിധവകള്‍.
** ഊഴം അറിയിക്കുന്ന സ്ത്രീകള്‍.
*** ശയന ഊഴം.