- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ബോധമറ്റു കിടക്കുന്ന പത്മപാദന്റെ തലയ്ക്കുസമീപം മുട്ടുകുത്തിയിരുന്നു. അപ്പോഴേക്കും ഗരുഡാചലന്‍ എവിടെനിന്നോ ഇലക്കുമ്പിളില്‍ ജലവുമായി ധൃതിപിടിച്ച് വരികയായിരുന്നു. അയാളുടെ കൈയില്‍നിന്ന് വേഗം ജലംവാങ്ങി പത്മപാദന്റെ മുഖത്ത് മൂന്നുവട്ടം കുടഞ്ഞു.
”പത്മപാദന്‍….പത്മപാദന്‍…..”കവിളില്‍തട്ടി വിളിച്ചു. പത്മപാദന്‍ കണ്ണുകള്‍ മെല്ലെ ചിമ്മിത്തുറന്നു. ചുറ്റുപാടും അദ്ദേഹം പകച്ചുനോക്കുകയാണ്. തന്നെ തിരിച്ചറിഞ്ഞപ്പോള്‍ പത്മപാദന്റെ മുഖം വിടര്‍ന്നു. അദ്ദേഹത്തെ കൈയില്‍താങ്ങി പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് ചോദിച്ചു:
”ശരീരത്തിന് എന്തെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടോ?”
”ഇല്ല ഗുരോ. എനിക്ക് കുഴപ്പമൊന്നുമില്ല. അങ്ങയെ ജീവനോടെ തിരികെ കിട്ടിയല്ലോ!”
”അതെ. ഞാന്‍ നിങ്ങളുടെ അരികിലേക്ക് മടങ്ങിവന്നിരിക്കുന്നു! നരഹരിയുടെ കൃപയാല്‍ അഗ്നിയില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടെന്നുമാത്രം!”
മണ്ഡനമിശ്രന്റെ വാദസഭയിലേക്ക് വാദം തുടരാനായി യാത്ര തുടര്‍ന്നു. പത്മപാദനും വൈഷ്ണവഭട്ടും ഗരുഡാചലനും ഭാനുമരീചിയും ശുദ്ധകീര്‍ത്തിയും ഒപ്പമുണ്ട്.
മണ്ഡനന്റെ വസതിക്കു മുന്നിലെത്തുമ്പോള്‍ പടിപ്പുരയില്‍ ഉഭയഭാരതിയെ കണ്ടു. ചില പണ്ഡിതന്മാരോടു കുശലം പറഞ്ഞുകൊണ്ട് മണ്ഡനനും അടുത്തു നില്പുണ്ട്. അവര്‍ ഞങ്ങളെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് മനസ്സിലായി. വാദം തുടരാന്‍ എത്തുന്ന വിവരം ദൂതന്‍ യഥാസമയം മണ്ഡനമിശ്രനെ അറിയിച്ചിരിക്കുന്നു.
പടിപ്പുരയില്‍നിന്ന് ആചാരനിറവോടെയാണ് വാദസഭയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയത്.
പണ്ഡിതശിരോമണികളെക്കൊണ്ട് വാദസഭ നിറഞ്ഞിരിക്കുന്നു. മണ്ഡനമിശ്രന്‍ കൂടുതല്‍ വിനയാന്വിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മുഖത്ത് മുമ്പത്തെപ്പോലെ അറിവിന്റെ ഗര്‍വ്വൊന്നും കാണ്മാനില്ല. മണ്ഡനമിശ്രന് ഇതിനകം എന്താണ് സംഭവിച്ചിരിക്കുക? ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ആ മുഖത്തും ശരീരചലനങ്ങളിലും അദ്ദേഹത്തിന്റെ ചടുലമായ വാക്കുകളിലും അഹംഭാവം പ്രകടമായിരുന്നു. ഇപ്പോള്‍ അതിനൊരു അയവു വന്നിരിക്കുന്നു. വിനയത്തിന്റെ തരളമായ ഭാഷ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും വാക്കുകളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
പീഠത്തിലേക്ക് സ്വീകരിച്ചാനയിക്കുമ്പോള്‍ മണ്ഡനന്‍ തലകുമ്പിട്ട് തന്റെ മുമ്പില്‍ വണങ്ങി. ഉഭയഭാരതി രണ്ടാംഘട്ടം വാദത്തിനുവേണ്ടി വമ്പിച്ച വാക്‌ശേഖരങ്ങളുടെ ആയുധവുമായി കാത്തിരിക്കുകയായിരിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയൊരു പുറപ്പാടിന്റെ ലക്ഷണമൊന്നും ഉഭയഭാരതിയുടെ മുഖത്ത് ദൃശ്യമായിരുന്നില്ല. അവരുടെ മുഖം കൂടുതല്‍ പ്രശോഭിതമായാണ് കാണപ്പെട്ടത്. ഒരു ചെറുപുഞ്ചിരിയോടെ ഉഭയഭാരതി തന്റെ മുന്നില്‍ വന്നുനിന്ന് വണങ്ങിയിട്ടു പറഞ്ഞു:
”അവിടുത്തേക്ക് എന്നെ ജയിക്കുവാന്‍ ഇനി എളുപ്പമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാമശാസ്ത്രം പഠിക്കാന്‍ സമയം വേണമെന്ന് അങ്ങ് പറയുകയുണ്ടായല്ലോ. അത് വെറും മനുഷ്യഭാവത്തെ കാണിക്കാന്‍വേണ്ടി മാത്രമാണ് അങ്ങ് പറഞ്ഞതെന്ന് ഞാനറിയുന്നു.”
തെല്ലുനേരം ആദരവോടെ, ആരാധനയോടെ, അതിലേറെ സ്‌നേഹ വായ്‌പ്പോടെ തന്റെ മുഖത്തുതന്നെ ഇമവെട്ടാതെ നോക്കിനിന്നിട്ട് ഉഭയഭാരതി തുടര്‍ന്നു:
”അങ്ങ് സാക്ഷാല്‍ പരമേശ്വരന്റെ അവതാരപുരുഷനാണെന്ന് ഞാനറിയുന്നു. അവിടുന്ന് ഞങ്ങളെ വാദത്തില്‍ തോല്‍പ്പിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് അപമാനമൊന്നും സംഭവിക്കില്ല. മറിച്ച് ഞങ്ങള്‍ അനുഗൃഹീതരായി മാറുക എന്ന പുണ്യം കൈവരിക്കുകയേയുള്ളൂ. അതിനാല്‍ വാദത്തില്‍നിന്നും പിന്തിരിയാന്‍ എനിക്ക് അനുവാദം തന്നാലും….”
ഉഭയഭാരതിയുടെ മനംമാറ്റംകണ്ട് ആശ്ചര്യമാണ് തോന്നിയത്. തനിക്ക് തികച്ചും അപരിചിതമായ ഒരു വിഷയമെടുത്തിട്ട് അതില്‍പിടിച്ച് തന്നെ കരുതിക്കൂട്ടി തോല്പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഉഭയഭാരതി ഇപ്പോള്‍ തോല്‍വി സമ്മതിച്ചുകൊണ്ട് വാദത്തില്‍നിന്ന് പിന്തിരിയാന്‍ അനുവാദം ചോദിക്കുന്നു. ഒരുമാസത്തിലേറെക്കാലം അജ്ഞാതവാസം നടത്തി, അതിസാഹസികമായ നിരവധി കടമ്പകള്‍ കടന്ന് നേടിയെടുത്ത പുതിയ അനുഭവങ്ങളും അറിവുകളും വൃഥാവിലായിരിക്കുന്നു! അവ തന്നെ സംബന്ധിച്ച് അറിയാനുള്ള അറിവുകളായിരുന്നില്ലല്ലോ. തിരിച്ചറിവുകളുടെ പിന്നില്‍ എന്നും മറഞ്ഞു നില്‍ക്കാന്‍മാത്രം യോഗ്യതയുള്ള അത്തരം സുഖലോലുപതയുടെ അറിവുകള്‍ ജ്ഞാനത്തിന്റെ നിഘണ്ടുവില്‍ ഒരിക്കലും ഇടം നേടിയിട്ടില്ല. ഇനിയും ഇടംനേടാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍, ഉഭയഭാരതിയേയും മണ്ഡനമിശ്രനേയും ജയിക്കുക എന്നത് തന്റെ കര്‍മ്മമണ്ഡലത്തിലെ ഒരാവശ്യമായിരുന്നു. മണ്ഡനമിശ്രനെ അദ്വൈതവേദാന്തത്തിലേക്ക് കൈ പിടിച്ചാനയിക്കണമെങ്കില്‍ വാദസഭയില്‍ അയാളെയും ഉഭയഭാരതിയേയും തനിക്ക് ജയിച്ചേ മതിയാകൂ. ഉഭയഭാരതി സഭ ഒന്നടങ്കം കേള്‍ക്കെ വെല്ലുവിളിച്ചപ്പോള്‍ അത് സ്വീകരിക്കേണ്ടി വന്നു.
ഉഭയഭാരതിയോടു പറഞ്ഞു:
”പഴയ ഉഭയഭാരതിയല്ല ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത്. വാക്‌ദേവതയുടെ അവതാരമായ സാക്ഷാല്‍ സരസ്വതീദേവിയായി ഭവതി മുന്നില്‍ നില്‍ക്കുന്നത് ഞാനറിയുന്നു. ഞങ്ങള്‍ ദക്ഷിണദേശത്തുള്ള ശൃംഗേരിയില്‍ ഒരു സരസ്വതീക്ഷേത്രം നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ട്. അവിടത്തെ പൂര്‍ണ ചുമതല ഉഭയഭാരതിക്കു നല്‍കണമെന്ന് ഞാനാഗ്രഹിക്കുന്നു. ലോകത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ധര്‍മ്മകേന്ദ്രമായി ശൃംഗേരി മാറേണ്ടതുണ്ട്…”
ഇതെല്ലാം കേട്ടുകൊണ്ട് തൊട്ടരികില്‍ മണ്ഡനമിശ്രന്‍ മൗനിയായി നിന്നു. തന്റെ ശിഷ്യത്വത്തിനായി കൈകൂപ്പി നില്‍ക്കുന്ന മണ്ഡനന്റെ ഭാവമാറ്റം കണ്ടപ്പോള്‍ ഉള്ളില്‍ ചിരി നിറഞ്ഞു.
”സദയം സന്ന്യാസദീക്ഷ നല്‍കി അങ്ങ് എന്നെ അനുഗ്രഹിക്കണം.”
മണ്ഡനമിശ്രന്‍ പാദങ്ങളിലേക്ക് വീണിരിക്കുന്നു! അദ്ദേഹത്തെ മെല്ലെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് ചെവിയില്‍ മന്ത്രിച്ചു:
”താങ്കളെ ഞാന്‍ സുരേശ്വരാചാര്യര്‍ എന്ന് നാമകരണം ചെയ്ത് വിളിക്കും. ശൃംഗേരിമഠത്തിന്റെ ചുമതല താങ്കള്‍ക്കായിരിക്കും. ഉഭയഭാരതിയോടൊപ്പം താങ്കള്‍ അവിടെ പ്രവര്‍ത്തിക്കണം. ദക്ഷിണഭാരതത്തിന്റെ ശ്രേയസ്സായിരിക്കണം താങ്കളുടെ സങ്കല്‍പ്പവും ലക്ഷ്യവും. തുംഗഭദ്രാനദിയുടെ തീരത്തുള്ള ഈ മഠത്തിലെ സന്ന്യാസിമാരുടെ പരമ്പരയ്ക്ക്, പേരിനോടൊപ്പം ”സരസ്വതി” യെന്നോ, ”ഭാരതി”യെന്നോ ബിരുദമുണ്ടാകും. ബ്രഹ്‌മചാരികള്‍ക്ക് ”ചൈതന്യ” ബിരുദവും. യജുര്‍വേദമാണ് ഇവരുടെ മുഖ്യവേദം. ”അഹംബ്രഹ്‌മാസ്മി” എന്ന മഹാവാക്യം അനുസന്ധാനവാക്യമായിരിക്കും!”
മണ്ഡനമിശ്രനെ ശിഷ്യനായി ലഭിച്ചിരിക്കുന്നു. വാദത്തിനു മുമ്പുള്ള കരാര്‍ പ്രകാരം മടിയൊന്നും കൂടാതെ മണ്ഡനന്‍ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു. അങ്ങനെ അതിപ്രശസ്തനായ മീമാംസാ തത്ത്വചിന്തകനായ കുമാരിലഭട്ടന്റെ ശിഷ്യന്‍ തന്റെ ശിഷ്യനായി, സുരേശ്വരാചാര്യരായി അദ്വൈതവേദാന്തത്തെ വരവേറ്റുകഴിഞ്ഞു. മണ്ഡനമിശ്രന്‍ എന്ന മീമാംസാപണ്ഡിതന്‍ സുരേശ്വരാചാര്യരില്‍ അസ്തമിച്ചു!
പുതിയ ശിഷ്യഗണങ്ങളെയും ചേര്‍ത്ത് ദക്ഷിണഭാരതത്തിലേക്കുള്ള ജൈത്രയാത്ര ആരംഭിച്ചു. അദ്വൈതസിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുക. വഴിമദ്ധ്യേ, ശ്രീശൈലപര്‍വതത്തിന്റെ പ്രാന്തങ്ങളിലെത്തി. മലയുടെ അടിവാരത്തിലൂടെ, ഹരിതാഭയാര്‍ന്ന കാനനഭൂമിക്ക് കുളിരേകിക്കൊണ്ട് നര്‍മ്മദാനദി ഒഴുകിക്കൊണ്ടിരുന്നു.
നദിയുടെ സ്‌നാനഘട്ടത്തിലിറങ്ങി. വെള്ളത്തിന് മഞ്ഞുകട്ടയുടെ തണുപ്പുണ്ട്. എങ്കിലും മൂന്നു പ്രാവശ്യം മുങ്ങി നിവര്‍ന്നു. കുളികഴിഞ്ഞ് എല്ലാവരും മല മുകളിലേക്ക് കയറിത്തുടങ്ങി. മലയുടെ ശ്യംഗത്തില്‍ ഒരു ക്ഷേത്രം. ക്ഷേത്രത്തെ ലക്ഷ്യമാക്കിയാണ് പടവുകള്‍ കയറിയത്. തൊട്ടരികിലൂടെ ഒഴുകുന്ന നീര്‍ച്ചാലിലെ ജലം വഴിതെറ്റിവീണ് ശിലാപടവുകള്‍ക്ക് വഴുവഴുപ്പുണ്ടായിരിക്കുന്നു. നിലതെറ്റാതിരിക്കാന്‍ ഊന്നുവടി മുറുകെപ്പിടിച്ചു. കാനന പാതയിലൂടെ സഞ്ചരിച്ചവേളയില്‍ കരുതലോടെ വടി തയ്യാറാക്കി കൈയില്‍ വച്ചതു നന്നായി.
മലമുകളിലെത്തിയപ്പോള്‍ എല്ലാവരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. ഉഭയഭാരതി സുരേശ്വരാചാര്യരുടെ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ട്. ഗരുഡാചലന്‍ കിതച്ചുകൊണ്ട് പടവുകളിലൊന്നില്‍ ഇരുന്നു. പത്മപാദനോടൊപ്പം ചുറ്റമ്പലത്തിലേക്ക് നടന്നു…
ശ്രീകോവിലിനുള്ളില്‍ ശിവലിംഗ പ്രതിഷ്ഠ. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാ ശിഷ്യരും ചുറ്റമ്പലത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു.
”ഇതാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം!”
ശിഷ്യരോടൊപ്പം തിരുനടയില്‍ സാഷ്ടാംഗം നമസ്‌കരിച്ചു.
അദ്വൈതവേദാന്തത്തെ ആക്ഷേപിച്ചിരുന്ന ഒരുകൂട്ടം വീരശൈവ പണ്ഡിതന്മാരെ ക്ഷേത്രപരിസരത്ത് കണ്ടുമുട്ടി. സുരേശ്വരന്റെ നേതൃത്വത്തില്‍ മറ്റ് ശിഷ്യര്‍ ഒരാല്‍ചുവട്ടില്‍ കൂടിയിരുന്ന് ആ പണ്ഡിതരെ വാദത്തിനായി ക്ഷണിച്ചു വരുത്തി. വീരശൈവ പണ്ഡിതരെ വാദത്തില്‍ തോല്പിക്കുന്നതുകണ്ടുകൊണ്ട് അമ്പലത്തിന്റെ മുഖമണ്ഡപപ്പുരയിലെ ഇരിപ്പിടത്തില്‍ചെന്ന് കുറേനേരമിരുന്നു. ഇടയ്‌ക്കെപ്പോഴോ ധ്യാനത്തിലേക്ക് വഴുതി വീണു…
കണ്ണുതുറന്ന് നോക്കുമ്പോള്‍ വാദത്തില്‍ തോറ്റ വീരശൈവ പണ്ഡിതന്മാരുടെ വീര്യമെല്ലാം ചോര്‍ന്നു പോയപോലെ! അവര്‍ ശിഷ്യത്വത്തിനായി തന്റെ അരികിലേക്ക് നടന്നുവരികയാണ്. താഴ്‌വരയിലെ അഗാധഗര്‍ത്തത്തിലൂടെ പതഞ്ഞൊഴുകുന്ന നര്‍മ്മദയുടെ നേര്‍ക്ക് തിരിഞ്ഞുനോക്കി. യൗവ്വനത്തിന്റെ ഉശിരും തുടിപ്പുമായി നദി ഒഴുകുന്നതു കണ്ടപ്പോള്‍ മനസ്സില്‍ ആഹ്ലാദം നിറഞ്ഞു.
ന ഭൂമിര്‍ ന തോയം ന
തേജോന വായുഃ
ന ഖം നേന്ദ്രിയം വാ ന
തേഷാം സമൂഹഃ
അനേകാന്തി കത്വാത്
സുഷുപ്‌ത്യേക സിദ്ദഃ
തദേകോങ്കവശിഷ്ടഃ ശിവഃ
കേവലോങ്കഹം
ഞാന്‍ ഭൂമിയല്ല; ഞാന്‍ ജലമല്ല; അഗ്നിയല്ല; വായുവല്ല; ആകാശമല്ല; ഇന്ദ്രിയങ്ങളോ മനസ്സോ അല്ല. യാതൊരുവിധ മാറ്റത്തിനും വിധേയമാകാത്ത, എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക സുഖദു:ഖങ്ങള്‍ക്കെല്ലാം അതീതമായ മംഗള സ്വരൂപമാണ് ഞാന്‍!
അദ്വൈതസിദ്ധാന്തം നാട്ടില്‍ പ്രബലമായി ശോഭിക്കാന്‍ തുടങ്ങിയതോടെ സാംഖ്യന്മാര്‍ക്കും പാശുപതന്മാര്‍ക്കും ശാക്തന്മാര്‍ക്കും ശൈവന്മാര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ വടക്കേചെരുവില്‍ ഒഴിഞ്ഞു കിടന്ന ഒരു വള്ളിക്കുടില്‍ താമസത്തിനായി സജ്ജമാക്കി. ഉഭയഭാരതിയും സുരേശ്വരനും തൊട്ടടുത്തുളള മറ്റൊരു വള്ളിക്കുടില്‍ അവര്‍ക്കായി തെരഞ്ഞെടുത്ത് വിശ്രമിക്കാനായിപോയി. എല്ലാവരും യാത്രാക്ഷീണംകൊണ്ട് അവശരായിക്കഴിഞ്ഞിരുന്നു…
രണ്ടാംദിവസം പുലര്‍ന്നപ്പോള്‍ അപരിചിതനായ ഒരു സാധു കല്പടവുകള്‍ കയറി വരുന്നതു കണ്ടു. വള്ളിക്കുടിലിന്റെ മുറ്റത്തുളള ഔഷധത്തട്ടില്‍ കിളികളുടെ ഗാനങ്ങള്‍ കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു അപ്പോള്‍. വിനീതനായി മുന്നില്‍ വന്നുനിന്ന് കൈകൂപ്പിയിട്ട് സാധു പറഞ്ഞു:
”സര്‍വ്വജ്ഞ ഉത്തമാ, അങ്ങയെ കാണാന്‍വേണ്ടി മാത്രമാണ് ഞാനിവിടെ വരെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന കഠിനമായ യാത്രയുടെ ഒടുവിലാണ് അങ്ങ് ഇവിടെയുണ്ടെന്ന് അറിയുന്നത്. മറ്റൊരു ദിക്കിലേക്ക് അങ്ങ് യാത്രയാകുന്നതിനുമുമ്പ് വന്ന് കാണണമെന്നു തോന്നി.”
എന്താണാവോ ഈ സാധുവിന്റെ മനസ്സിലുളളത്?!
”ശരി. പറയൂ, എന്താണ് ഞാന്‍ താങ്കള്‍ക്കുവേണ്ടി ചെയ്യേണ്ടത്?”
”അങ്ങ് അദ്വൈതസിദ്ധാന്തത്തിന്റെ വക്താവാണല്ലോ. അങ്ങയുടെ കീര്‍ത്തി ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു.”
ഒരു നിമിഷം നിറുത്തിയിട്ട് അയാള്‍ തുടര്‍ന്നു:
”എനിക്ക് ഉടലോടെ കൈലാസത്തില്‍ ചെന്ന് പരമേശ്വരനോടൊപ്പം കഴിയുവാന്‍ വലിയ ആഗ്രഹമുണ്ട്. അതിനുവേണ്ടി ഞാന്‍ ഘോരമായ തപസ്സ് ചെയ്തു. അപ്പോള്‍ മൃത്യുഞ്ജയനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്നോടു പറഞ്ഞത് ഇതാണ്: ”സര്‍വ്വജ്ഞനായ ഒരു ശ്രേഷ്ഠ സന്ന്യാസിയുടെ ശിരസ്സോ, അല്ലെങ്കില്‍ ഒരു രാജാവിന്റെ ശിരസ്സോ കൊണ്ടുവന്ന് അഗ്നിയില്‍ ഹോമിച്ചാല്‍ നിന്റെ ആഗ്രഹം സഫലമാകും.” അങ്ങനെയൊരു ശിരസ്സു ലഭിക്കാനായി ഞാന്‍ അലഞ്ഞുനടന്നു. ആകെ ക്ഷീണിതനായി. ഒരിടത്തുനിന്നും എനിക്ക് ശിരസ്സ് ലഭിച്ചില്ല. ഇപ്പോഴിതാ ഭാഗ്യവശാല്‍ സര്‍വ്വജ്ഞനായ അങ്ങയെ കണ്ടുമുട്ടിയിരിക്കുന്നു..”
അയാള്‍ നിലത്തേക്ക് കുനിഞ്ഞ് പാദം കൊണ്ട് ഭൂമിയില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി. പിന്നെ മുഖമുയര്‍ത്തിക്കൊണ്ടു പറഞ്ഞു:
”ഒരു രാജാവിന്റെ തല കിട്ടുക എന്നത് അത്ര എളുപ്പമല്ലല്ലോ. അതിനാല്‍ അങ്ങയുടെ ഈ അനുഗൃഹീതമായ ശിരസ്സ് തന്ന് എന്നെ അനുഗ്രഹിക്കണം. അങ്ങ് പരോപകാര തല്പരനാണെന്ന് എനിക്കറിയാം.”
സാധു തന്റെ കാല്‍ച്ചുവട്ടില്‍ കമിഴ്ന്നു വീണിരിക്കുന്നു. അയാളോട് കരുണയല്ലാതെ എന്ത് തോന്നാന്‍!
”ശരി. എന്റെ തല നിങ്ങള്‍ക്കു തരാം, പോരെ?!”
ഇത്രപെട്ടെന്ന് താന്‍ സമ്മതം നല്‍കുമെന്ന് അയാള്‍ കരുതിയിരുന്നില്ല. അയാളുടെ മുഖത്ത് വികൃതമായ ഒരു ചിരി പടര്‍ന്നു പിടിച്ചു.
”പക്ഷേ, ഞാന്‍ പരസ്യമായി എന്റെ തല നിങ്ങള്‍ക്ക് തരില്ല. ഞാനിപ്പോള്‍ ധ്യാനത്തിലേക്ക് പോകുകയാണ്. എന്റെ ശിഷ്യന്മാര്‍ ഈ വിവരമറിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും എന്റെ തല കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് അവരില്ലാത്ത സമയം വരിക.”
”ശരി. അങ്ങയുടെ ശിഷ്യന്മാര്‍ കുളിക്കാന്‍ പോകുന്ന സമയം നോക്കി ഞാന്‍ എത്തിക്കൊള്ളാം.”
പത്മപാദനും കൂട്ടരും നര്‍മ്മദയിലെ സ്‌നാനഘട്ടത്തിലേക്കിറങ്ങിക്കഴിയവെ, ആ സാധു വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ അയാളുടെ ഇടതു കൈയില്‍ പരശുയുക്തമായ ശൂലവും, മറുകൈയില്‍ നരകപാലവും പിടിച്ചിട്ടുണ്ട്. കഴുത്തില്‍ കങ്കാളമാലയണിഞ്ഞിരിക്കുന്നു. ഉടുത്തിരുന്ന വസ്ത്രം തനി രക്തവര്‍ണ്ണം!
തല കൊയ്യാനായി തന്റെ നേര്‍ക്ക് ശൂലം ഉയര്‍ന്നപ്പോഴേയ്ക്കും ഇടിമുഴക്കം പോലൊരു നരസിംഹഗര്‍ജ്ജനം കാതുകളില്‍ വീണു! ധ്യാനനേത്രങ്ങള്‍ പൊടുന്നനെ തുറന്നു. ധ്യാനം മുറിഞ്ഞു. പത്മപാദന്‍ നരസിംഹകോപത്തോടെ ഓടിയടുക്കുന്ന കാഴ്ചയാണ് കണ്ടത്!… സാധുവിന്റെ നെഞ്ചകം നോക്കിയാണ് പത്മപാദന്‍ ആഞ്ഞു ചവിട്ടിയത്. ഉയര്‍ത്തിയ ശൂലവുമായി സാധു മലര്‍ന്നടിച്ച് പാറമേല്‍ പതിച്ചു! കലിയടങ്ങാത്ത പത്മപാദന്‍ അയാളുടെ കൈയിലിരുന്ന ശൂലം വലിച്ചെടുത്ത്, ആ മാറില്‍ കയറിനിന്ന് നൃത്തച്ചുവട് വെയ്ക്കാന്‍ തുടങ്ങി. പത്മപാദന്റെ അട്ടഹാസം കേട്ട് ഓടിയടുത്ത മറ്റ് ശിഷ്യന്മാര്‍ ആ രംഗം കണ്ട് അദ്ഭുതസ്തബ്ധരായി!
പത്മപാദനെ ശാന്തനാക്കാനായി പറഞ്ഞു:
”ശത്രു മരിച്ചു! ഇനി കോപമടക്കുക, പത്മപാദന്‍. നിങ്ങളുടെ ശക്തമായ തൊഴിയേറ്റ് നിലംപതിച്ച് തലപിളര്‍ന്ന ഈ കപടസാധുവായ കാപാലികന് മോക്ഷം ലഭിക്കട്ടെ.”
കോപമടങ്ങിയ പത്മപാദന്റെ നരസിംഹഭാവം പൊടുന്നനെ ശമിച്ചു. അദ്ദേഹം ശാന്തസ്വരൂപനായി.