- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ഉഭയഭാരതിയുമായി സംവാദം (നിര്‍വികല്പം 12)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ആകാശകോണില്‍ ആഴ്ചകള്‍ക്കുമുമ്പ് ബാദരായണനോടൊപ്പം അപ്രത്യക്ഷനായ ജൈമിനി വാദസഭയിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. മഹര്‍ഷിയുടെ സാന്നിധ്യമറിഞ്ഞ് മണ്ഡനമിശ്രന്‍ ധ്യാനത്തില്‍നിന്നുണര്‍ന്നു. മണ്ഡനന്റെ മുഖം പൊടുന്നനെ പ്രസന്നമായി. അദ്ദേഹം ജൈമിനിയെ സഭാമധ്യത്തിലുളള ഗുരുപീഠത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
മഹര്‍ഷിക്ക് പാദപൂജ ചെയ്യാനുളള തയ്യാറെടുപ്പിലായി മണ്ഡനമിശ്രന്‍. ജൈമിനിയോടുളള ആദരവ് പ്രകാശിപ്പിച്ചുകൊണ്ട് സഭ ഒന്നടങ്കം എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.
പാദപൂജ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ജൈമിനി മണ്ഡനനോടു പറഞ്ഞു:
”നമ്മുടെയെല്ലാം അതിഥിയായെത്തിയ ഈ ഭാഷ്യകാരനെ ഒട്ടും നിങ്ങള്‍ സംശയിക്കേണ്ടതില്ല. ഞാന്‍ രചിച്ച സൂത്രങ്ങളുടെ ഭാവാര്‍ത്ഥം ഇദ്ദേഹം ഇവിടെ പറഞ്ഞതു ശരിതന്നെയാണ്. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും അര്‍ത്ഥം ശരിയായി അറിയാവുന്ന ഒരു പണ്ഡിതനാണ് ഈ യുവസന്ന്യാസി. വേദവ്യാസനായ ബാദരായണന്‍ എന്റെ ഗുരുനാഥനാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സര്‍വ്വജ്ഞനായ അദ്ദേഹം രചിച്ച ബ്രഹ്‌മസൂത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ഞാന്‍ സൂത്രം രചിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഘോരമായ ഈ സംസാരസാഗരത്തില്‍ ആണ്ടുപോയ സാമാന്യജനങ്ങളെ രക്ഷിക്കുവാന്‍ മനുഷ്യനായി പിറന്ന മഹാത്മാവാണ് ഈ യതീശ്വരന്‍ എന്ന് സങ്കല്പിച്ചുകൊള്‍ക. കൃതയുഗത്തില്‍ കപിലനും ത്രേതായുഗത്തില്‍ ദത്താത്രേയനും ദ്വാപരയുഗത്തില്‍ ബാദരായണനും ഈ ലോകത്തെ സുകൃതികളായ ജനങ്ങള്‍ക്ക് ജ്ഞാനം നല്‍കുവാനായി അവതരിച്ചതുപോലെ കലിയുഗത്തില്‍ പരമേശ്വരന്‍ അവതരിക്കുമെന്ന് പ്രവചനമുണ്ട്. ഈ യുവസന്ന്യാസിയെ ഒരവതാരമായിത്തന്നെ കാണുക.””
ജൈമിനിയുടെ വാക്കുകള്‍ കേട്ട് മണ്ഡനമിശ്രന്റെ അഹമൊന്ന് അയഞ്ഞു. അദ്ദേഹം ആദ്യമായി തന്റെ മുന്നില്‍ വിനയാന്വിതനായി:
”എന്റെ സംശയങ്ങളെല്ലാം ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. അപൂര്‍ണ്ണമായ എന്റെ അറിവില്‍ ഞാന്‍ സ്വയം പൂര്‍ണ്ണത കണ്ടെത്താന്‍ ശ്രമിച്ചതില്‍ എന്നോടു ക്ഷമിക്കുക. സംസാരമാകുന്ന കിണറ്റില്‍നിന്ന് ഞാനിപ്പോള്‍ കരകയറിയതുപോലെ അനുഭവപ്പെടുന്നു. കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്ത പുണ്യത്തിന്റെ ഫലമായാണ് അങ്ങയെ ഇപ്പോള്‍ എനിക്ക് കണ്ടുമുട്ടുവാന്‍ ഭാഗ്യമുണ്ടായത്. ഇനി എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. എന്റെ ഇനിയുളള ദൗത്യം അങ്ങുതന്നെ നിശ്ചയിക്കുക.””
മണ്ഡനമിശ്രന്റെ പെട്ടെന്നുളള മനംമാറ്റംകണ്ട് ഉഭയഭാരതിയുടെ നേര്‍ക്ക് തിരിഞ്ഞുനോക്കി. സഭാനായികയുടെ മുഖത്ത് വിവിധ വികാരങ്ങള്‍ മിന്നിമറയുന്നതാണ് കാണാനായത്. അവര്‍ പറഞ്ഞു:
”വിവാഹിതനായ ഒരു പുരുഷനെ സംബന്ധിച്ച് അയാളുടെ പകുതി തന്റെ പത്‌നിയാണ്. അതിനാല്‍ മണ്ഡനമിശ്രന്റെ ഭാര്യയായ എന്നെക്കൂടി താങ്കള്‍ ജയിച്ചാല്‍ മാത്രമെ എന്റെ ഭര്‍ത്താവിനെ മുഴുവനായി ജയിച്ചുവെന്ന് ഞാന്‍ സമ്മതിക്കുകയുളളൂ.””
മണ്ഡനനെ തോല്‍വിക്കു മുന്നില്‍ വിട്ടുകൊടുക്കാന്‍ ഉഭയഭാരതി എന്ന ഭാര്യ തയ്യാറാകാത്തതുകണ്ട് വിസ്മയം തോന്നിയില്ല. ഒരു ഭാര്യയുടെ ആത്മാഭിമാനവും വികാരവും മനസ്സിലാക്കാവുന്നതേയുളളൂ. പക്ഷേ, ഔപചാരികമായി മണ്ഡനന്‍ വാദത്തില്‍ തോറ്റെന്ന് സഭാനായിക പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. എന്നിട്ടും ഒരു യുവ സന്ന്യാസിയുടെ മുന്നില്‍ ഭര്‍ത്താവ് സമര്‍പ്പണം ചെയ്യാനായി തയ്യാറാകുന്നത് ഉഭയഭാരതിയെ അസ്വസ്ഥയാക്കുന്നു.
ഉഭയഭാരതി തുടര്‍ന്നു:
”താങ്കള്‍ സര്‍വ്വജ്ഞനും മഹാത്മാവുമാണെന്ന് അറിയാം. എങ്കിലും താങ്കളോടു വാദിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.””
സഭാനായികയുടെ പെട്ടെന്നുളള മലക്കം മറിച്ചില്‍ മനസ്സിലാക്കിയശേഷം പറഞ്ഞു:
”ഉഭയഭാരതി പറയുന്നതു ശരിയല്ല. പണ്ഡിതന്മാര്‍ സ്ത്രീകളോട് വാദിക്കാറില്ല. അതാണ് നമ്മുടെ പാരമ്പര്യമെന്നു ദേവിക്കറിയാമല്ലോ.””
ഉഭയഭാരതി വിടുന്ന മട്ടില്ല:
”സ്വന്തം മതം സ്ഥാപിക്കണമെങ്കില്‍ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ തോല്പിക്കുകതന്നെ വേണം. യാജ്ഞവല്ക്യന്‍ ഗാര്‍ഗ്ഗിയോടും ജനകന്‍ സുലഭയോടും വാദിച്ചിരുന്നതിനെപ്പറ്റി അങ്ങ് കേട്ടിട്ടില്ലേ!”
”ശരി. നിങ്ങളുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെയാകാം.””സദസ്സിലുളളവര്‍ക്ക് ഉത്സാഹവും വിസ്മയവും വളര്‍ന്നു. പതിനേഴുദിവസം ഉഭയഭാരതിയുമായി വാദം നീണ്ടുപോയി. വേദ വേദാംഗങ്ങളിലും ശാസ്ത്രങ്ങളിലും ഒന്നുംതന്നെ ജയിക്കുവാന്‍ ഒരു പഴുതും കാണാതെ ഉഭയഭാരതി വിഷമിച്ചു തുടങ്ങി. ഒടുവില്‍ അവര്‍ തുറുപ്പുചീട്ടായി കാമശാസ്ത്ര വിഷയമെടുത്തിട്ടു. അതിന് ശരിയായി ഉത്തരം പറഞ്ഞില്ലെങ്കില്‍ തോറ്റെന്ന് സമ്മതിക്കേണ്ടിവരും. ശരിക്കുളള ഉത്തരം പറഞ്ഞാല്‍ ധര്‍മ്മക്ഷയം സുനിശ്ചിതം! എന്തുചെയ്യണമെന്നറിയാതെ കുറെനേരം ആലോചനയിലാണ്ടിരുന്നു. ഒടുവില്‍ സഭാങ്കണത്തില്‍ നിറഞ്ഞു നിന്നിരുന്ന മൗനത്തെ ഭഞ്ജിച്ചുകൊണ്ട് ഉറച്ച സ്വരത്തില്‍ ഉഭയഭാരതിയോടു പറഞ്ഞു:
”ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ കുറഞ്ഞത് ഒരു മാസത്തെ സമയം എനിക്കു തരണം.””
”ശരി. ഒരു മാസത്തെ സമയം എടുത്തുകൊളളൂ…”” ഉഭയഭാരതി സമ്മതിച്ചു.
വാദസഭയില്‍നിന്ന് എല്ലാവരും പിരിഞ്ഞു. ഉഭയഭാരതിയുടെ നിബന്ധനകള്‍കേട്ട് സഭ ആദ്യം ഒന്ന് നടുങ്ങിയതാണ്. എങ്ങനെ നടുങ്ങാതിരിക്കും? കാമശാസ്ത്രമെന്ന ആയുധമെടുത്ത് തന്നെ തോല്പിക്കാനായി ഒരു സ്ത്രീ മുതിരുമെന്ന് സഭ ചിന്തിച്ചിട്ടുകൂടിയുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാടുകൂടി കേട്ടപ്പോള്‍ അവര്‍ പരസ്പരം എന്തൊക്കെയോ പറയുന്നതിന്റെ ശബ്ദവീചികള്‍ സഭയുടെ അന്തരീക്ഷത്തില്‍ ഒഴുകി നടന്നു.
* * *
രേവാനദിയുടെ തീരത്തുകൂടിയുളള യാത്രയില്‍ ശിഷ്യന്മാരും അനുഗമിക്കുന്നുണ്ടായിരുന്നു. യാത്ര ക്രമേണ കാടിന്റെ വന്യതയിലേക്കു നീണ്ടു. ഒരു പകല്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍, ആകാശത്തേക്ക് ചൂണ്ടിനില്‍ക്കുന്ന ഏതോ കൊട്ടാരസമുച്ചയത്തിന്റെ ഗോപുരങ്ങള്‍ വിദൂരതയിലെ മലമുകളില്‍ ദൃശ്യമായിത്തുടങ്ങി. ചുവന്നസൂര്യന്റെ കിരണങ്ങളേറ്റ് ആ ഗോപുരങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. നദീതീരത്തുനിന്ന് പിരിഞ്ഞുപോകുന്ന പ്രധാനപാതയിലൂടെ ഗോപുരക്കാഴ്ചയെ ലക്ഷ്യമാക്കി നടന്നു.
”ഈ രാജ്യം ഭരിക്കുന്നത് അമരുകന്‍ എന്നു പേരുളള രാജാവാണെന്നു കേട്ടു. ഒരു പക്ഷേ, അദ്ദേഹത്തിന്റെ രാജധാനിയാകാം അവിടെ കാണുന്നത്.””
പത്മപാദനോടു പറഞ്ഞു. പരിവ്രാജകയാത്രയുടെ ഒരുഘട്ടം ഒറ്റയ്ക്കു പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പത്മപാദന്‍ ശിഷ്യരുടെ നേതൃസ്ഥാനമേറ്റുകൊണ്ട് തന്റെ പിന്നാലെയുണ്ട്.
”അങ്ങ് എന്താണ് മനസ്സില്‍ കാണുന്നത്?””
ഇപ്പോഴത്തെ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവുമറിയാന്‍ പത്മപാദന് ആകാംക്ഷയായി.
”ഗഹനമായ കാമസൂത്രപാഠങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഉഭയഭാരതിയോടു നമുക്കു തോല്‍ക്കേണ്ടിവരും. കാമശാസ്ത്രത്തില്‍ അനുഭവവും അറിവും നേടാനായി എന്റെ ഈ ശരീരത്തെ ഉപയോഗിക്കുവാന്‍ ധര്‍മ്മം അനുവദിക്കുന്നില്ല.””
”അപ്പോള്‍ എന്ത് ചെയ്യും?””
”മറ്റൊരു ശരീരം സ്വീകരിക്കുകതന്നെ. അങ്ങനെ ആ വിഷയത്തില്‍ അനുഭവവും അറിവും സമ്പാദിക്കണം. അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും കാണുന്നില്ല.””
പത്മപാദന്റെ മുഖത്ത് പെട്ടെന്നുണ്ടായ ഭാവത്തിന്റെ നിഴലാട്ടം ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു:
”സുന്ദരനായ അമരുകന്‍ ഇപ്പോള്‍ മരണപ്പെട്ടിരിക്കുന്നു! യുവരാജാവായ അദ്ദേഹത്തിന്റെ അതിസുന്ദരിമാരായ നൂറ്റിയെട്ട് രാജ്ഞിമാര്‍ ആ ചേതനയറ്റ ശരീരത്തിനു ചുറ്റുമിരുന്ന് അലമുറയിടുകയാണിപ്പോള്‍. എന്റെ മനസ്സിന്റെ ആകാശത്തില്‍ കൊട്ടാരാങ്കണവും അവിടത്തെ ശോകരംഗങ്ങളും വ്യക്തമായി കാണുന്നുണ്ട്.””
രാത്രിയിലേക്ക് ചേക്കേറാനായി സന്ധ്യ കൂടുതല്‍ ഇരുണ്ടു. ഒരു മലഞ്ചെരിവിലെ പാറക്കൂട്ടങ്ങള്‍ക്കു മുന്നില്‍ വിശ്രമിക്കാനായി യാത്ര അവസാനിപ്പിച്ചു.
”പരകായപ്രവേശവിദ്യ ഉപയോഗിച്ച് അമരുകരാജാവിന്റെ ദേഹം വേഗം സ്വീകരിക്കണം. രാജാവായി മാറിയാല്‍ സുന്ദരിമാരായ അദ്ദേഹത്തിന്റെ രാജ്ഞിമാരോടൊത്ത് രതികേളികളിലേര്‍പ്പെട്ട് കാമശാസ്ത്രതത്ത്വങ്ങള്‍ മനസ്സിലാക്കാനാവും.”
പത്മപാദന്‍ മൗനംവിട്ട് പുറത്തു വന്നു: ”സര്‍വ്വജ്ഞനായ അവിടുത്തേക്ക് അറിഞ്ഞുകൂടാത്തതായി ഒന്നുംതന്നെയില്ല. വിഷയാനുരാഗം മഹാന്മാരെപ്പോലും നേര്‍വഴിയില്‍നിന്ന് പിന്തിരിപ്പിക്കും. ഇതില്‍ ഒരു സംശയവും വേണ്ട. മാത്രവുമല്ല, അവിടുത്തെ ബ്രഹ്‌മചര്യവ്രതത്തിന് ഭംഗം വരുന്നത് പാപമല്ലേ? കാമശാസ്ത്രപഠനവും അതിന്റെ പ്രായോഗികതലമന്വേഷിക്കുന്ന രതിക്രീഡകളും മറ്റും സന്ന്യാസിമാര്‍ക്ക് ചേര്‍ന്നതാണോ?””
”പത്മപാദന്‍ പറയുന്നത് സത്യമാണ്. പക്ഷേ, ആസക്തിയില്ലാത്തവരെ കാമം ബാധിക്കില്ലെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ? ഇക്കാര്യത്തില്‍ ഗോപികാവല്ലഭനായ ശ്രീകൃഷ്ണന്‍തന്നെ ഉത്തമ ഉദാഹരണമല്ലേ! ഭഗവാന്‍ കൃഷ്ണനെ ഒന്നും ബന്ധിച്ചില്ല. എന്റെ വ്രതത്തിന് ഭംഗം വരുമെന്നുകരുതി നിങ്ങള്‍ പരിഭ്രമിക്കണ്ട. ഇക്കാര്യത്തില്‍ ഒട്ടും തന്നെ സംശയം മനസ്സില്‍ വയ്‌ക്കേണ്ടതില്ല.””
ഒരു നിമിഷം ആലോചിച്ചശേഷം പത്മപാദനോടു തുടര്‍ന്നു:
”യഥാര്‍ത്ഥ ജ്ഞാനം സിദ്ധിച്ചവരെ കര്‍മ്മഫലം ബന്ധിക്കില്ല. അനേകം അശ്വമേധയാഗങ്ങള്‍ ചെയ്താലും കര്‍ത്താവ് ഞാനാണ്, അതായത് ഇതൊക്കെ ചെയ്തയാള്‍ ഞാനാണ്” എന്ന വിചാരമില്ലെങ്കില്‍ പുണ്യപാപങ്ങള്‍ നമ്മെ ബാധിക്കുകയില്ല.”
പത്മപാദന്‍ ഒന്നും മിണ്ടുന്നില്ല. പാറക്കെട്ടിന്റെ അടിഭാഗത്ത് ഒരു ചെറിയ ഗുഹ ശ്രദ്ധയില്‍പ്പെട്ടു. ഗുഹയ്ക്കുള്ളില്‍ കയറിയിരുന്നിട്ട് ശിഷ്യരോടു പറഞ്ഞു:
”ധ്യാനത്തിലേക്ക് ഞാന്‍ പ്രവേശിക്കാന്‍ പോകുകയാണ്. അല്പസമയത്തിനുള്ളില്‍ പരകായപ്രവേശം ചെയ്ത് ഞാന്‍ കൊട്ടാരത്തില്‍ താമസമാക്കും. അമരുകരാജാവിന്റെ പുത്രനെ രാജാവായി അവരോധിച്ചശേഷമെ ഞാന്‍ ഇവിടേയ്ക്ക് മടങ്ങിവരികയുളളു. അതുവരെ എന്റെ ഈ ശരീരം ഇവിടെത്തന്നെ സൂക്ഷിച്ച് നിങ്ങള്‍ ഗുഹയ്ക്ക് കാവലിരിക്കണം…”
ധ്യാനത്തിനായി കണ്ണുകള്‍ അടയ്ക്കുന്നതിനുമുമ്പ് ശിഷ്യഗണങ്ങളെ ഒന്നു കൂടി നോക്കി. എല്ലാവരും ഉത്കണ്ഠാഭരിതരാണ്. പത്മപാദന്റെ മുഖത്ത് നേരിയ ഭയത്തിന്റെ നിഴലാട്ടം കണ്ടു.
കണ്ണുകള്‍ മെല്ലെയടഞ്ഞു. ധ്യാനത്തിന്റെ പരകോടിയിലേക്ക് ബോധമുയര്‍ന്നു വ്യാപിക്കാന്‍ തുടങ്ങി. ശരീരബോധത്തില്‍നിന്ന് പ്രകാശബോധത്തിലേക്ക് സഞ്ചാരം തുടര്‍ന്നു… അകംപുറങ്ങളില്ലാത്ത ആകാശവ്യാപ്തിയിലേക്ക് ഉയര്‍ന്ന പ്രകാശ ബോധം, വിടര്‍ന്ന് പരിലസിക്കാന്‍ തുടങ്ങി. ശരീരമുപേക്ഷിച്ച ബോധസ്വരൂപം അമരുകന്റെ രാജകൊട്ടാരത്തിലേക്ക് ഒരു ചെറിയ പ്രകാശഗോളമായി സഞ്ചരിച്ചു!
കൊട്ടാരക്കോട്ട കടന്ന് പ്രധാനവാതിലിലൂടെ അന്തഃപുരത്തിന് മുന്നിലുളള വിശാലമായ അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍, അന്ത്യവിശ്രമത്തിലാണ്ടു കിടക്കുന്ന അമരുകരാജാവിനെ കണ്ടു. ചുറ്റുമായി വളഞ്ഞിരിക്കുന്ന സുന്ദരിമാരായ രാജ്ഞിമാരുടെ വിലാപം കൊട്ടാരച്ചുമരുകളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പുഷ്പാലംകൃതമായ കിടക്കയില്‍ നിത്യനിദ്രയില്‍ മുഴുകിക്കിടക്കുന്ന രാജാവിന്റെ മുഖത്ത് ഇപ്പോഴും ചൈതന്യം തങ്ങിനില്‍പ്പുണ്ട്.
നാടുനീങ്ങിയ രാജാവിന്റെ കൈകാലുകള്‍ മെല്ലെ അനങ്ങിത്തുടങ്ങി! രാജ്ഞിമാര്‍ അതുകണ്ട് അമ്പരന്നു. അവരുടെ വിലാപത്തിന് വിരാമമായി. രാജപത്‌നിമാര്‍ പുറം കൈയാല്‍ കണ്ണീര്‍ തുടച്ചപ്പോള്‍ ആ മുഖങ്ങളില്‍ പുഞ്ചിരി പ്രകാശിക്കാന്‍ തുടങ്ങി. അവര്‍ വേഗം പുഞ്ചിരിയില്‍നിന്ന് ആഹ്ലാദത്തിലേക്കുയര്‍ന്നു മെല്ലെ ചിരിക്കാന്‍ തുടങ്ങി. അപ്പോഴും അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ക്കണങ്ങള്‍ കവിളുകളിലൂടെ ഒഴുകിയിറങ്ങുകയായിരുന്നു…
(തുടരും)