കോണ്‍ഗ്രസ്സില്‍ എവിടെ തൊട്ടാലും വിവാദമാണ്. ഒരു വിവാദത്തിനും പരിഹാരമില്ലെന്നതാണ് കോണ്‍ഗ്രസ്സിന്റെ ഗുണം. ഇപ്പോഴത്തെ വിവാദം ഐ. എന്‍.ടി.യു.സിയുടെ ഡി.എന്‍.എ സംബന്ധിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശമാണ്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ്സിന്റെ ചോരയല്ലെന്ന് അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്കാണ് കുഴപ്പങ്ങള്‍ക്കൊക്കെ കാരണം. കോണ്‍ഗ്രസ്സിന് പണിമുടക്കിനെ പിന്തുണച്ചാല്‍ പണിതീര്‍ന്നു. പണിമുടക്ക് വിജയിപ്പിക്കാന്‍ ഐ.എന്‍.ടി.യു.സിക്കാര്‍ വേണമല്ലോ തലേക്കെട്ടുമായി രംഗത്തിറങ്ങാന്‍. പണിയെടുക്കുന്നവരെ മര്‍ദ്ദിക്കുക, വാഹനത്തിന്റെ കാറ്റഴിച്ചു വിടുക, രോഗികളെ വഴിയില്‍ തടയുക എന്നീ കലാപരിപാടികള്‍ സി.ഐ.ടി.യുക്കാരെക്കാള് ആവേശത്തില്‍ നടത്തിയത് ഐ. എന്‍.ടി.യു.സി. ‘സഖാക്കളാ’ണ്. അതു ശക്തമായ പൊതുജനരോഷത്തിന് കാരണമായി. വി.ഡി. സതീശന് സമരരീതിയെ മാത്രമല്ല ഐ.എന്‍.ടി.യു. സിയേയും തള്ളിപ്പറഞ്ഞു. തൊഴിലാളി സംഘടനകളുടെ ജനദ്രോഹ കൈക്രിയകളെ വിമര്‍ശിച്ച സതീശന് കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയല്ല ഐ.എന്‍. ടി.യു.സി എന്നും തീര്‍ത്തു പറഞ്ഞു. സതീശനെതിരെ പ്രകടനവും പ്രതിഷേധവുമായി ആ സംഘടന രംഗത്തെത്തി. ഒടുവില്‍ കെ.പി.സി.സി. പ്രസിഡന്റിന് മുമ്പില്‍ പരാതിയെത്തി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് സതീശനെയും തള്ളാന്‍ പറ്റില്ല; ഐ.എന്‍.ടി.യു.സിയേയും തഴയാന്‍ പറ്റില്ല. ‘ഉണ്ടില്ല’ എന്ന നിലക്കായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരുകൂട്ടര്‍ പറഞ്ഞതിനും സുധാകരന് തലകുലുക്കി. സതീശന് തന്റെ പ്രസ്താവന പിന്‍വലിച്ചിട്ടില്ല. അതിനും സുധാകരന് ഓക്കെ പറഞ്ഞു. ഐ.എന്‍.ടി. യു.സി കോണ്‍ഗ്രസ്സിന്റെ കുട്ടിയല്ലേ എന്ന ചോദ്യത്തിനും തല കുലുക്കി. ഫലത്തില്‍ ഐ.എന്‍.ടിയു.സി. കയ്യാലപ്പുറത്തായി.