കൗശാംബി രാജ്യത്തിലൂടെ നിരവധി നാഴികകള്‍ താണ്ടി വീണ്ടും പ്രയാഗയില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ചാണ് ആ ജനസംസാരം കേട്ടത്. നീറുന്ന വാര്‍ത്തയായി അത് കാതുകളില്‍ വന്നെരിഞ്ഞു. പ്രസിദ്ധ വേദജ്ഞനായ കുമാരിലഭട്ടന്റെ ആശ്രമത്തില്‍ നിന്നെത്തിയ വാര്‍ത്ത. ശരീരത്തിനു ചുറ്റും ഉമികൊണ്ട് ഒരു ചെറുകുന്നുണ്ടാക്കി അതിന്മേല്‍ തീയ് കോരിയിട്ടുകൊണ്ട് കുമാരിലഭട്ടന്‍ സ്വന്തം ശരീരം ദഹിപ്പിക്കാന്‍ തയ്യാറാവുന്നു!
”എന്താണ് കാരണം?” ഗംഗാതീരത്ത് സ്‌നാനം ചെയ്യാനായി തയ്യാറാവുന്ന ഒരു സന്ന്യാസിയുടെ അടുത്തുചെന്ന് പത്മപാദന്‍ അന്വേഷിച്ചു.
”ഗുരുവിനെ ദ്വേഷിച്ചതുകൊണ്ടുണ്ടായ ദു:ഖം. വേദങ്ങള്‍ക്കുപരി മറ്റൊരു ദര്‍ശനം സ്വീകരിക്കേണ്ടതില്ലെന്ന് കുമാരിലഭട്ടന്‍ വാദിച്ചുകൊണ്ടിരുന്നു. എന്നാല്‍ ബൗദ്ധന്മാരെ വാദത്തില്‍ തോല്പിക്കാന്‍ വേണ്ടി പലതവണ അദ്ദേഹം ശ്രമിച്ചിട്ടും അത് നടക്കാതെ പോയി. ബൗദ്ധന്മാരുടെ സിദ്ധാന്തരഹസ്യങ്ങളെല്ലാം മനസ്സിലാക്കാന്‍ വേണ്ടി കുമാരിലഭട്ടന്‍ വേഷംമാറി ഒരു ബൗദ്ധാചാര്യന്റെ ശിഷ്യനായി. അങ്ങനെ ബുദ്ധമത തത്ത്വങ്ങള്‍ പഠിക്കുവാന്‍ തുടങ്ങി.”
”എന്നിട്ടെന്തുപറ്റി?” പത്മപാദന് ആകാംക്ഷയായി.
”ഒരു ദിവസം വേദമാര്‍ഗ്ഗത്തെ വിമര്‍ശിച്ചുകൊണ്ട് ബൗദ്ധാചാര്യന്‍ പാഠശാലയില്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ കുമാരിലഭട്ടന്റെ കണ്ണുകള്‍ നിറഞ്ഞു. കണ്ണീര്‍ കവിളുകളിലൂടെ ഒഴുകിയിറങ്ങി. അടുത്തിരുന്ന സഹപാഠി അത് കണ്ടു. വേദങ്ങളെയും വേദാന്തങ്ങളെയുംപറ്റി ആചാര്യന്‍ വിമര്‍ശിക്കുമ്പോള്‍ ഇയാളെന്തിനു കരയുന്നു?! സഹപാഠിക്ക് സംശയമായി. ബൗദ്ധമത സിദ്ധാന്തത്തോടുളള വിരോധം കൊണ്ട് ഏതെങ്കിലും ബ്രാഹ്‌മണന്‍ തങ്ങളുടെ ശാസ്ത്രാര്‍ത്ഥം വേഷംമാറി വന്ന് മനസ്സിലാക്കിയാല്‍ അത് തങ്ങള്‍ക്കു ദോഷം ചെയ്യുമെന്ന് അയാള്‍ ഭയന്നു. മറ്റ് ബൗദ്ധന്മാരുടെ സഹായത്തോടുകൂടി കുമാരിലഭട്ടനെ വകവരുത്താന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം പാഠശാലയുടെ മുകളില്‍ നിന്ന് കോണിപ്പടി വാതിലിലൂടെ പുറത്തു കൊണ്ടുവന്ന് കുമാരിലഭട്ടനെ അവര്‍ താഴേക്കു തളളിയിട്ടു!””
പത്മപാദന്‍ ഞെട്ടി. സന്ന്യാസി തുടര്‍ന്നു:
എന്നാല്‍ ആ വീഴ്ചയില്‍, വേദങ്ങള്‍ സത്യമാണെങ്കില്‍ താന്‍ ഇനിയും ജീവിക്കുമെന്നും, ഈ വീഴ്ചയില്‍ തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്നും കുമാരിലഭട്ടന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, ഇരുപതടിയോളം താഴ്ചയുളള ആ വീഴ്ചയില്‍, കുമാരിലഭട്ടന് ജീവഹാനി സംഭവിച്ചില്ലെങ്കിലും മരക്കുറ്റിയില്‍ തട്ടി ഒരു കണ്ണ് നഷ്ടപ്പെട്ടു!
വേദത്തില്‍ അദ്ദേഹത്തിന് അത്ര കണ്ട് വിശ്വാസമുണ്ടായിട്ടും ഒരു കണ്ണ് നഷ്ടപ്പെട്ടതെന്തുകൊണ്ടാണ്?” പത്മപാദന്‍ സംശയം പ്രകടിപ്പിച്ചു.
സന്ന്യാസി വ്യക്തമാക്കി: ”കുമാരിലഭട്ടന്റെ വാക്കുകളില്‍ കേട്ട വേദം സത്യമാണെങ്കില്‍, അതില്‍ ‘എങ്കില്‍’ എന്ന് നേരിയ സംശയത്തിന്റെ ഒരു ധ്വനിയുണ്ടായിരുന്നുവല്ലോ. മാത്രവുമല്ല, വിദ്യ പഠിക്കുവാന്‍ വേണ്ടിയാണെങ്കിലും പ്രച്ഛന്നവേഷത്തില്‍ കപടത കാണിച്ച് പാഠശാലയില്‍ കടന്നുകയറി ഇരുന്നില്ലേ! ഈ കാപട്യം വേദശാസ്ത്രപ്രകാരം ഒരിക്കലും അനുവദിക്കാവുന്നതല്ലല്ലോ. ഇതിന്റെ പാപം കൂടി ഏറ്റതുകൊണ്ടാവും അദ്ദേഹത്തിന് വീഴ്ചയില്‍ ഒരു കണ്ണ് നഷ്ടമായത്.” അപ്പോള്‍ അതിന്റെ ഫലം കിട്ടിക്കഴിഞ്ഞു. പിന്നെ അദ്ദേഹം ആത്മാഹൂതിക്ക് തയ്യാറാകുന്നതെന്തിന്?”” പത്മപാദന്‍ വീണ്ടും സംശയമെടുത്തിട്ടു.
”ഗുരുനാഥനില്‍നിന്ന് വിദ്യപഠിച്ചശേഷം ഗുരുകുലത്തെ വാദത്തില്‍ തോല്പിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുദ്രോഹമായി അദ്ദേഹം കണ്ടു. അതിനുളള പ്രായശ്ചിത്തമായാണ് ഉമിത്തീയില്‍ വെന്തുനീറി മരിക്കാനായി അദ്ദേഹം തുനിയുന്നത്.”
പത്മപാദനില്‍നിന്ന് കൂടുതല്‍ സംശയങ്ങളൊന്നും കേള്‍ക്കാന്‍ നില്ക്കാതെ സന്ന്യാസി സ്‌നാനഘട്ടത്തില്‍ മുങ്ങാനായി പടവുകളിറങ്ങിപ്പോയി.
തന്റെ ബ്രഹ്‌മസൂത്രഭാഷ്യത്തിന് പ്രസിദ്ധ മീമാംസാ പണ്ഡിതന്‍ കൂടിയായ കുമാരിലഭട്ടനെക്കൊണ്ട് ഒരു വാര്‍ത്തികം എഴുതിക്കണമെന്ന് വിചാരിച്ചതാണ്. ബദര്യാശ്രമത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇങ്ങനെയൊരു ഉദ്ദേശ്യംകൂടി മനസ്സില്‍ കരുതിവച്ചിരുന്നു.
ത്രിവേണിയിലെ സ്‌നാനഘട്ടത്തില്‍ മുങ്ങിക്കുളിച്ചശേഷം ഗംഗയേയും യമുനയേയും സ്തുതിച്ചുകൊണ്ട് ഏതാനും പദ്യങ്ങള്‍ എഴുതി ചൊല്ലി നടന്നു.
മുരാരികായ കാളിമാലലാമ വാരിധാരിണീ
തൃണീകൃതത്രിവിഷ്ടപാത്രിലോക ശോകഹാരിണീ
മനോനുകൂലകൂലകുഞ്ജപുഞ്ജധൂതദുര്‍മദോ
ധുനാതു നോമനോമലം കളിന്ദനന്ദിനീ സദാ….
കുമാരിലഭട്ടന്റെ ആശ്രമത്തിലെത്തുമ്പോള്‍, ചുറ്റും ഉയരത്തില്‍ കൂട്ടിയിട്ട ഉമിത്തിട്ടയുടെ മധ്യത്തിലിരുന്ന്അദ്ദേഹം അഗ്നിയേറ്റ് നീറിക്കൊണ്ടിരുന്നു. ഉമിയുടെ മുകളറ്റത്ത് കുമാരിലഭട്ടന്റെ തലമാത്രം പുറത്തു കണ്ടു. അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഉമിത്തീയ് മെല്ലെമെല്ലെ നീറി അടുക്കുകയായിരുന്നു.
കുമാരിലഭട്ടനേയും, കണ്ണീര്‍ പൊഴിച്ചുകൊണ്ട് അടുത്തു നില്ക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും കണ്ടപ്പോള്‍ മനസ്സൊന്നു വിങ്ങി. തന്നെ മുമ്പു കണ്ടിട്ടില്ലെങ്കിലും തന്നെക്കുറിച്ച് കേട്ടറിവുളള കുമാരിലഭട്ടന്‍ ശിഷ്യരോടു പറഞ്ഞു:
”നിങ്ങള്‍ വെറുതെ നോക്കി നില്ക്കാതെ ഈ യതിവര്യന് അതിഥിപൂജ ചെയ്യൂ…””
ശിഷ്യന്മാര്‍ ഒരു ജലകുംഭവും നിലവിളക്കും, ഒരു മരപ്പലകയില്‍ നിരത്തിയ താമരയിലയില്‍ മൂന്ന് താമരപ്പൂക്കളും മുമ്പില്‍ കൊണ്ടുവന്നു വെച്ചു.
അതിഥിപൂജ കഴിഞ്ഞ് ഭിക്ഷ സ്വീകരിച്ചതിനുശേഷം പത്മപാദന്റെ കൈയില്‍ കരുതിയിരുന്ന ബ്രഹ്‌മസൂത്രഭാഷ്യമെടുത്ത് കുമാരിലഭട്ടനെ കാണിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
”അങ്ങയെക്കാണുവാന്‍ കുറേക്കാലമായി ഞാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും അതിന് ഭാഗ്യമുണ്ടായല്ലോ!””
തന്റെ കൈയില്‍ നിന്ന് ബ്രഹ്‌മസൂത്രഭാഷ്യം വാങ്ങി ഉമിത്തീയുടെ ആവിക്കു നടുവിലിരുന്ന് മറിച്ച് നോക്കിയശേഷം അദ്ദേഹം തുടര്‍ന്നു: ”അങ്ങ് ബ്രഹ്‌മസൂത്രത്തിന് ഭാഷ്യം രചിച്ചിട്ടുണ്ടെന്ന് കേട്ട് അതിന് വിസ്തരിച്ചൊരു വാര്‍ത്തികം എഴുതുവാന്‍ ഞാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം? അതിനുളള ഭാഗ്യം എനിക്കില്ലാതായിപ്പോയി.””
ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്ക് ശബരിസ്വാമി എഴുതിയ ഭാഷ്യം വിസ്തരിച്ചു വ്യാഖ്യാനിച്ചുകൊണ്ട് ശ്ലോകവാര്‍ത്തികവും തന്ത്രവാര്‍ത്തികവും രചിച്ച കുമാരിലഭട്ടന്‍. ഇപ്പോള്‍ ഇതാ ഉമിത്തീയില്‍…!
കുമാരിലഭട്ടന്‍ വീണ്ടും ഏതോ ആലോചനയില്‍ മുഴുകുന്നതു കണ്ടു. പിന്നെ മുഖമുയര്‍ത്തി തന്റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തോടു പറഞ്ഞു:
”വേദങ്ങളെ നിന്ദിക്കുന്ന ബൗദ്ധവിഭാഗങ്ങളെ തോല്പിക്കാനായി ഭൂമിയില്‍ അവതരിച്ച സുബ്രഹ്‌മണ്യസ്വാമിയാണ് അവിടുന്ന് എന്ന് ഞാന്‍ ധരിച്ചു വെച്ചിട്ടുണ്ട്. വാസ്തവത്തില്‍ പാപം ഒരിക്കലും അങ്ങയെ ബാധിക്കുകയില്ല. ഞാന്‍ എന്റെ കമണ്ഡലുവിലെ ജലം തളിച്ച് അങ്ങയെ ഈ ഉമിത്തീയില്‍നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരട്ടെ?””
കുമാരിലഭട്ടന്‍ പെട്ടെന്ന് അത് വിലക്കിക്കൊണ്ടു പറഞ്ഞു:
”പാപമില്ലെങ്കില്‍പ്പോലും ലൗകിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതു ശരിയല്ല. തുടങ്ങിയ കാര്യം ഇടയ്ക്കുവച്ചു മുടക്കുവാന്‍ ഞാന്‍ തയ്യാറല്ല. ദയവുചെയ്ത് അങ്ങ് എനിക്ക് താരകമന്ത്രം ഉപദേശിച്ചു തന്നാലും. ഭൂമി മുഴുവന്‍ അദ്വൈതമതം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന അങ്ങ് എന്റെ ശിഷ്യരില്‍ പ്രധാനിയായ മണ്ഡനാചാര്യരെക്കണ്ട് അദ്ദേഹത്തെ വാദത്തിനായി ക്ഷണിക്കണം; വാദത്തില്‍ ജയിക്കണം. ദിഗന്ത വിശ്രാന്ത യശസ്സായ മണ്ഡനന്‍ കര്‍മ്മയോഗത്തെ മാത്രം മുറുകെപ്പിടിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോടു വാദത്തില്‍ ജയിക്കുവാന്‍ കഴിഞ്ഞാല്‍ ലോകം മുഴുവന്‍ ജയിച്ചപോലെയായി. പ്രവൃത്തി മാര്‍ഗ്ഗത്തില്‍ നിരതനായ അദ്ദേഹത്തിന് നിവൃത്തിമാര്‍ഗ്ഗമായ സന്ന്യാസത്തില്‍ വിശ്വാസമില്ല. മണ്ഡനന്റെ പത്‌നി ഉഭയഭാരതി സരസ്വതീദേവിയുടെ ഗുണഗണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു മിടുക്കിയാണ്. പണ്ട് ദുര്‍വ്വാസ്സാവു മഹര്‍ഷി ശപിച്ചതിന്റെ ഫലമായി ഭൂമിയില്‍ പിറന്നതാണ് ഉഭയഭാരതി എന്നൊരു വിശ്വാസവും ജനങ്ങള്‍ക്കിടയിലുണ്ട്. അവരെ സാക്ഷിയാക്കി നിങ്ങള്‍ രണ്ടുപേരും വാദപ്രതിവാദം ചെയ്യണം. വാദത്തില്‍ ജയിക്കുവാന്‍ കഴിഞ്ഞാല്‍ മണ്ഡനന്‍ എന്ന വിശ്വരൂപന്‍ അങ്ങയുടെ ശിഷ്യനാകും. ഉറപ്പ്. ഭാഷ്യത്തിന് വാര്‍ത്തികം രചിക്കുവാനും അയാള്‍ തികച്ചും കഴിവുളളവനാണ്.”
കുമാരിലഭട്ടന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന് താരകമന്ത്രം ഉപദേശിച്ചു. മന്ത്രം കേട്ടുകൊണ്ട്, മന്ത്രധ്വനിയില്‍ മനസ്സ് വിലയിപ്പിച്ചുകൊണ്ട് കുമാരിലഭട്ടന്‍ ഉമിത്തീയിലിരുന്ന് പരമപദത്തിലേക്ക് യാത്രയായി!
(തുടരും)