- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ബ്രഹ്‌മസൂത്ര ഭാഷ്യം (നിര്‍വികല്പം 7)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ഭാഷ്യങ്ങളും തന്റെ സ്വതന്ത്രകൃതികളും ഗൗഡപാദര്‍ വിസ്തരിച്ച് പരിശോധിക്കുകയാണ്. ആ മുഖത്ത് പ്രകാശം പരക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹം ഇനിയും മൗനം വിട്ട് ഉണര്‍ന്നിട്ടില്ല.
കൃതികളുടെ പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഗൗഡപാദര്‍ മൗനത്തില്‍നിന്ന് പുറത്തു വന്നു.
പതിനാറ് വയസ്സ് തികയുന്നതിനുമുമ്പുതന്നെ നീ ഭാഷ്യനിര്‍മ്മാണമെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞാന്‍ ഏറെ സന്തോഷിക്കുന്നു. എന്റെ പ്രശിഷ്യന്‍ ഇത്ര കണ്ട് മിടുക്കനാണെന്ന് കരുതിയില്ല.” തന്നില്‍ സംപ്രീതനായ ഗൗഡപാദര്‍ പറഞ്ഞു.
ഗൗഡപാദരുടെ വലതു കൈപ്പത്തി തന്റെ തലയില്‍ വിശ്രമിക്കുന്നതറിഞ്ഞു; ഒരു തൂവല്‍ സ്പര്‍ശം പോലെ! അദ്ദേഹത്തിനു മുന്നില്‍ കണ്ണുകള്‍ പൂട്ടി കൈകള്‍ കൂപ്പി കുറെനേരം അനങ്ങാതെ ഇരുന്നു. പ്രപഞ്ചമെന്നറിയപ്പെടുന്ന നിലനില്പിന്റെ എല്ലാ തലങ്ങളിലുമുളള രഹസ്യം പ്രസ്ഥാനത്രയത്തിലൂടെ മനുഷ്യരാശിക്ക് ബാദരായണന്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു. ശ്രുതിയായ ഉപനിഷത്തുക്കളാണ് എല്ലാത്തിന്റെയും അടിത്തറ. ഈ അടിത്തറയില്‍ പണിതുയര്‍ത്തിയിരിക്കുന്ന രണ്ട് മണിമന്ദിരങ്ങളാണ് ബ്രഹ്‌മസൂത്രവും ഭഗവദ്ഗീതയും. അതേസമയം പ്രപഞ്ചത്തിന്റെ പരമകാരണമാണ് ഉപനിഷത്തുക്കളിലെ അന്വേഷണം. ഉപനിഷത്തുക്കള്‍ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപരിതലത്തില്‍ ഉപനിഷത്തുക്കള്‍ തമ്മിലും അതുപോലെ മറ്റ് ദര്‍ശനങ്ങളുമായും അവയ്ക്ക് അഭിപ്രായഭിന്നതകളുണ്ടെന്ന് തോന്നിയേക്കാം. ഈ അഭിപ്രായഭിന്നതകളൊക്കെ പരിഹരിച്ച്, എല്ലാം പരമകാരണമായ ബ്രഹ്‌മത്തോടു സമന്വയിക്കുന്നവയാണെന്ന് തെളിയിക്കാന്‍ രചിക്കപ്പെട്ടവയാണല്ലോ ബ്രഹ്‌മസൂത്രങ്ങള്‍. വിപുലമായ അര്‍ത്ഥമുള്‍ക്കൊള്ളുന്നതും പരിമിതപദങ്ങളോടു കൂടിയതുമായ ചെറുവാക്യങ്ങള്‍. ഭാരതീയദര്‍ശനങ്ങള്‍ എല്ലാം അംഗീകരിച്ചിട്ടുളള ഒരു പ്രസ്ഥാനം.
അല്പാക്ഷരമസന്ദിഗ്ദ്ധം
സാരവദ്‌വിശ്വതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോവിദുഃ
ബ്രഹ്‌മസൂത്രം. പരിമിതാക്ഷരങ്ങളില്‍ ഒതുങ്ങുന്നത്. സംശയരഹിതമായത്. സാരം മാത്രം ഉള്‍ക്കൊളളുന്നത്. പൂര്‍ണ്ണമായത്. ഹൃദിസ്ഥമാക്കിവയ്ക്കാന്‍ മാത്രം ലളിതമായത്.
താന്‍ പൂര്‍ത്തിയാക്കിയ ഭാഷ്യങ്ങള്‍ ശിഷ്യന്മാരെ ഇനി പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രധാനശിഷ്യനായ സനന്ദനന്റെ മഹത്വം കൂടുമെന്ന് മനസ്സിലാക്കിയ മറ്റ് ശിഷ്യന്മാര്‍ക്ക് അയാളോടുളള അസൂയയും ദേഷ്യവും വളര്‍ന്നു വന്നു. എന്നാല്‍ സനന്ദനന്റെ ഭക്തിക്കുതുല്യം മറ്റൊന്നില്ല.
…ഹേയ്, എല്ലാവരും ഇക്കരയ്ക്ക് വരിക.”
ഗംഗാനദിയുടെ മറുകരയില്‍ നില്ക്കുകയായിരുന്ന ശിഷ്യരോട് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോള്‍ ഗംഗ നിറഞ്ഞൊഴുകുകയായിരുന്നു.
നദി കടക്കുക എന്നത് അതിസാഹസം തന്നെ. സംസാരലോകത്തെ വിഘ്‌നങ്ങളെല്ലാം തരണം ചെയ്യുന്നതിന് സഹായമരുളുന്ന ഗുരുഭക്തിക്ക് ഈ പുഴ കടക്കുവാന്‍ എങ്ങനെയാണ് കഴിവില്ലാതാകുന്നത്!
സനന്ദനന്‍ ഗംഗാനദിപ്പരപ്പിലൂടെ ഒരു സംശയവും കൂടാതെ ചുവടുവയ്ക്കാന്‍ തുടങ്ങി. ഗുരുഭക്തി അയാളില്‍ നിറഞ്ഞുനില്ക്കുന്നുവെന്ന് ആ ചലനങ്ങളില്‍ നിന്നറിഞ്ഞു. ഓരോ കാലടി വയ്ക്കുമ്പോഴും കാല്‍പ്പാദങ്ങളെ താങ്ങാനായി ഓരോ താമരപ്പൂവു വീതം ജലപ്പരപ്പില്‍ പൊന്തിവന്നുകൊണ്ടിരുന്നു!
താമരപ്പൂവിനുമേല്‍ പാദങ്ങള്‍വച്ച് സനന്ദനന്‍ പുഴ കടന്നു. ഗംഗയുടെ ഇക്കരെ വിശ്രമിക്കുകയായിരുന്ന തന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ കൃതജ്ഞതാസ്വരൂപനായ സനന്ദനോടു പറഞ്ഞു:
പത്മങ്ങളില്‍ പാദം വെച്ച് പുഴ കടന്നതിനാല്‍ ഇനിമുതല്‍ നിങ്ങള്‍ പത്മപാദന്‍!”
സനന്ദനന്‍ ഒന്നും മിണ്ടുന്നില്ല. പകരം ആ മുഖത്ത് പ്രകാശിതമായിരുന്ന പുഞ്ചിരി ഒന്നുകൂടി ജ്വലിച്ചു. ഇതിനിടെ വഞ്ചിക്കടവിലൂടെ ചുറ്റിക്കറങ്ങി മറ്റ് ശിഷ്യരും വന്നെത്തി. പത്മപാദനോടൊപ്പം കൂടാന്‍ അവര്‍ കുറച്ചുനേരം മടിച്ചു നിന്നു. ഒടുവില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ബ്രഹ്‌മസൂത്ര ഭാഷ്യങ്ങള്‍ കേള്‍ക്കാനായി തയ്യാറാവണമെന്ന് നിര്‍ദേശിച്ചു.
ജിജ്ഞാസാധികരണം. സൂത്രം ഒന്നിന്റെ ഭാഷ്യം നോക്കാം. നിങ്ങളെല്ലാം തയ്യാറല്ലേ?” തയ്യാറാണെന്ന് എല്ലാവരും തലകുലുക്കുന്നുണ്ട്.
അഥാതോ ബ്രഹ്‌മജിജ്ഞാസാ. ഇനി അതുകൊണ്ട് ബ്രഹ്‌മത്തെ അറിയാനാഗ്രഹിക്കാം എന്നാണര്‍ത്ഥം. സാധനചതുഷ്ടയ സമ്പന്നനായാല്‍ ഇനി കര്‍മ്മം കൊണ്ട് ജീവിതസാഫല്യം നേടാന്‍ കഴിയുകയില്ലെന്നുളളതുകൊണ്ട് ബ്രഹ്‌മത്തെ അറിയാനാഗ്രഹിക്കാം. ചില തയാറെടുപ്പുകള്‍ കഴിഞ്ഞാല്‍ ബ്രഹ്‌മസ്വരൂപത്തെ ആര്‍ക്കും അന്വേഷിക്കാം…”
പത്മപാദന്‍ ഒഴികെയുളള ശിഷ്യരുടെ കണ്ണുകളില്‍ ഉറക്കം ഉണരുന്നതറിഞ്ഞു. യാത്രചെയ്തുവന്നതിന്റെ ക്ഷീണമാകാം. അവരെക്കൂടി ഉണര്‍ത്താനായി ശബ്ദമുയര്‍ത്തി പറയേണ്ടിവന്നു.
അശരീരംശരീരേഷ്വ-
നവസ്ഥേഷ്വവസ്ഥിതം
മഹാന്തം വിഭുമാത്മാനം
മത്വാധീ രോ ന ശോചതി.”
കഠോപനിഷത്തില്‍ പറയുന്നുണ്ട്: ശരീരങ്ങളില്‍ ശരീരമില്ലാത്തവനും സ്ഥിരമല്ലാത്തതില്‍ സ്ഥിരമായുളളവനും സര്‍വ്വവ്യാപിയുമായ ആ ഒന്നിനെ വിചാരം ചെയ്തുറപ്പിക്കുന്ന ധീരനായ വ്യക്തി ഒരിക്കലും ദുഃഖിക്കുന്നില്ല.”
യദ്‌വാചാനഭ്യുദിതം
യേനവാഗഭ്യുദ്യതേ
തദേവബ്രഹ്‌മ ത്വം വിദ്ധി
നേദം യദിദമുപാസതേ.”
കേനോപനിഷത്ത് പറയുന്നതു നോക്കു. ഏതാണോ വാക്കുകൊണ്ട് വര്‍ണ്ണിക്കപ്പെടാന്‍ കഴിയാത്തത്, ഏതില്‍ നിന്നാണോ വാക്ക് ഉദയം ചെയ്യുന്നത് അതാണ് ബ്രഹ്‌മം. അതിനെ മനനം ചെയ്യപ്പെടാവുന്നതല്ലെന്ന് അറിയുന്നയാള്‍ അതിനെ അറിയുന്നു. എന്നാല്‍ മനനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നയാള്‍ അതിനെ അറിയുന്നേയില്ല. വ്യക്തമായി അറിയുന്നുവെന്നു കരുതുന്നയാളും അറിയുന്നില്ല. അതേസമയം വ്യക്തമായി അറിയുന്നില്ല എന്ന് കരുതുന്നയാള്‍ അറിയുന്നു.”
യസ്യാമതം തസ്യമതം
മതം യസ്യന വേദസഃ
അവിജ്ഞാം വിജാനതാം
വിജ്ഞാതമവിജാനതാം.”
ബ്രഹ്‌മസൂത്രപഠനം ഉപനിഷത്തുക്കളിലൂടെ കുറച്ചൊക്കെ ചര്‍ച്ചചെയ്തു കഴിഞ്ഞു. ശിഷ്യന്മാര്‍ അനുവാദം വാങ്ങി എഴുന്നേല്‍ക്കാനൊരുങ്ങി. നേരം മധ്യാഹ്നത്തോടു അടുക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധന്‍ അപ്രതീക്ഷിതമായി പാഠശാലയിലേക്ക് കയറിവന്നത്.
നിങ്ങള്‍ ആരാണ്?” വൃദ്ധന്‍ വന്നപാടെ ചോദ്യമെടുത്തിട്ടു.
എന്താണ് നിങ്ങള്‍ ഇവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്?”
ശിഷ്യന്മാരാണ് ഉത്തരം പറഞ്ഞത്:
ഇത് ഞങ്ങളുടെ ഗുരുനാഥനാണ്. ബ്രഹ്‌മസൂത്രത്തിന്റെ ഭാഷ്യം രചിച്ച ഞങ്ങളുടെ ഗുരു. ഭേദവാദം നിഷ്‌ക്കാസനം ചെയ്ത ഞങ്ങളുടെ ഗുരു. അദ്വൈതം സ്ഥാപിച്ച തത്ത്വജ്ഞാനിയാണ് ഞങ്ങളുടെ ഗുരുനാഥന്‍.”
ഇതു കേട്ടതും വൃദ്ധന്‍ തുടര്‍ന്നു:
ശരി. നിങ്ങള്‍ക്ക് സൂത്രവും അര്‍ത്ഥവും അറിയാമെങ്കില്‍ ഏതെങ്കിലും ഒരു സൂത്രം വ്യാഖ്യാനിക്കുക – ഞാനത് കേള്‍ക്കട്ടെ.”
വൃദ്ധനോടു പറഞ്ഞു: ”സൂത്രാര്‍ത്ഥം തികച്ചും അറിയാമെന്ന് എനിക്കഭിമാനമില്ല. സൂത്രപ്പൊരുള്‍ അറിഞ്ഞവരെ ഞാന്‍ നമസ്‌ക്കരിക്കുന്നു.”
അതുകേട്ട് വൃദ്ധന്‍ പറഞ്ഞു: ”മൂന്നാമധ്യായത്തിന്റെ തുടക്കത്തിലുളള ‘തദന്തര പ്രതിപത്തൗരംഹതി സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാം’ എന്ന സൂത്രത്തിന് എന്തര്‍ത്ഥമാണ് നിങ്ങള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്?”
അദ്ദേഹത്തോടു പറഞ്ഞു:
കരണങ്ങളെല്ലാം തളരുന്ന, മരണം നേരിടുന്ന സമയത്ത് ജീവന്‍ മറ്റൊരു ശരീരം പ്രാപിക്കുവാന്‍ സൂക്ഷ്മങ്ങളായ ഭൂതങ്ങളാല്‍ പരിഷ്വക്തനായി ഗമിക്കുന്നു എന്നാണ് ഗൗതമന്റെ ചോദ്യവും ജൈമിനിയുടെ മറുപടിയും വ്യക്തമാക്കുന്നത്.”
ഈ അര്‍ത്ഥം ശരിയല്ല. തനിക്ക് സൂത്രാര്‍ത്ഥം അറിഞ്ഞുകൂടാ.”
വൃദ്ധന്‍ വാദത്തിനായി ആരംഭമിട്ടു. കുറെയധികം വാദ പ്രതിവാദങ്ങള്‍ കഴിഞ്ഞപ്പോള്‍ അടുത്തുനിന്നിരുന്ന പത്മപാദന്‍ തന്നോട് രഹസ്യമായി കാതില്‍ ഉരുവിട്ടു:
ഈ വൃദ്ധന്‍ ആരാണെന്ന് അങ്ങയ്ക്ക് മനസ്സിലായില്ലേ? ഇത് സാക്ഷാല്‍ വേദവ്യാസന്‍ തന്നെയാണ്. സംശയമില്ല. നിങ്ങള്‍ തമ്മിലുളള വാദം അവസാനിക്കുവാന്‍ പ്രയാസമാണ്.”
വൃദ്ധനെ കൈകൂപ്പി നമസ്‌ക്കരിച്ചുകൊണ്ട് പറഞ്ഞു:
”ഞാന്‍ ബ്രഹ്‌മസൂത്രത്തിന് ഭാഷ്യമെഴുതിയതില്‍ സാഹസമുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം. നമോ ഭഗവതേ സൂത്രകാരായ…” ഇമയൊന്ന് അടഞ്ഞു തുറന്നതും വൃദ്ധന്‍ സാക്ഷാല്‍ വേദവ്യാസന്റെ രൂപം കൈക്കൊണ്ട് മുന്നില്‍ നില്ക്കുന്നതാണ് കണ്ടത്. മഹര്‍ഷിയെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു:
വേദങ്ങള്‍ പങ്കിട്ടതും മഹാഭാരതം രചിച്ചതും ബ്രഹ്‌മസൂത്രം സൃഷ്ടിച്ചതും ലോകാനുഗ്രഹം മാത്രം ലക്ഷ്യമിട്ട അവിടുന്നാണ്. അവിടുത്തെ ബ്രഹ്‌മസൂത്രമാകുന്ന സൂര്യന് എന്റെ ഭാഷ്യമാകുന്ന പ്രദീപം ആവശ്യമില്ല എന്ന് എനിക്ക് തോന്നുന്നു. എങ്കിലും അവിടുന്ന് പിഴ തീര്‍ത്തുതന്നാല്‍ ഞാന്‍ അനുഗൃഹീതനായി.” വ്യാസന്‍ പറഞ്ഞു:
എനിക്ക് ശുകനെപ്പോലെ പ്രിയനാണ് നീയും. സൂത്രങ്ങള്‍ രചിക്കുന്നതുപോലെ പ്രയാസപ്പെട്ടതാണ് അവയുടെ അര്‍ത്ഥം വ്യക്തമാക്കിത്തരുന്ന ഭാഷ്യം നിര്‍മ്മിക്കുന്നതും. സൂത്രങ്ങള്‍ക്ക് പല വ്യാഖ്യാനങ്ങളും ഉണ്ടായേക്കാം പക്ഷേ, എനിക്കേറ്റവും തൃപ്തികരമായത് നിന്റെ ഭാഷ്യമാണ്.”
വ്യാസമഹര്‍ഷിയുടെ കൈപ്പത്തി തന്റെ ശിരസ്സിനു മുകളില്‍ കുടചൂടുന്നതറിഞ്ഞു. ഒരു നിമിഷം കണ്ണുകള്‍ അടഞ്ഞുപോയി. കണ്ണുതുറന്നു നോക്കുമ്പോള്‍ അദ്ദേഹം തിരിഞ്ഞു നടന്നുപോകുന്നതാണ് കണ്ടത്. തന്റെ പ്രായം പതിനാറു കടക്കുമെന്നും അത് ഇരട്ടിയാകുമെന്നും മഹര്‍ഷി പറയുന്നുണ്ടായിരുന്നു.
വൃദ്ധവേഷത്തില്‍ വന്ന് തന്റെ മേല്‍ എല്ലാ അനുഗ്രഹങ്ങളും വര്‍ഷിച്ചശേഷം വ്യാസമഹര്‍ഷി അനന്തതയിലേക്ക് നടന്നുനീങ്ങിക്കൊണ്ടിരുന്നു. അദ്ദേഹം അങ്ങകലെ ചക്രവാളത്തില്‍ അപ്രത്യക്ഷമാകുന്നതു നോക്കി കുറച്ചുനേരം അങ്ങനെ നിന്നു പോയി…
എല്ലാമറിഞ്ഞുകൊണ്ട് അദ്ദേഹം വന്നതാകണം. ബ്രഹ്‌മസൂത്രത്തിന് ‘ഭാഷ്യമെഴുതിയതിനാല്‍ തന്നെ നേരിട്ട് കാണണമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.
വിവൃതാഖില സൂത്രാര്‍ത്ഥം വിദ്വജ്ജനമനോഹരം
ഈ ഭാഷ്യമേറ്റമദ്വൈതവാദികള്‍ക്കു ഹിതപ്രദം.
ഞാനീ ഭാഷ്യനിബന്ധത്താലേറ്റം സന്തുഷ്ടനായിനേന്‍
ആകയാലിതു ശിഷ്യന്മാര്‍ക്കുപദേശിച്ചു കൊളളുക.
(തുടരും)