- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- മണ്ഡനമിശ്രനെ കാണുന്നു (നിര്‍വികല്പം 9)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
പ്രയാഗയില്‍നിന്ന് യാത്ര പുറപ്പെട്ടു. മണ്ഡനമിശ്രന്റെ മന്ദിരമാണ് അടുത്ത ലക്ഷ്യസ്ഥാനം. കുമാരിലഭട്ടന്‍ പറഞ്ഞതുപോലെ മണ്ഡനമിശ്രനോട് വാദിച്ചു ജയിക്കേണ്ടതുണ്ട്.
യാത്രാമധ്യേ, ചരിത്രപ്രധാനമായൊരു രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെത്തി. മാഹിഷ്മതിയെന്ന പുരാതനവും മനോഹരവുമായ പട്ടണം കണ്ട് മനസ്സ് വിസ്മയം കൊണ്ടു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും വീരകഥകള്‍ രചിച്ച നഗരം. വാസ്തുശില്പനൈപുണ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന നിരവധി പകിട്ടേറിയ സൗധങ്ങള്‍കൊണ്ട് കവിത രചിച്ചിരിക്കുന്ന മാഹിഷ്മതി. അവിടുത്തെ ചരിത്രാവശേഷിപ്പുകള്‍ കണ്ടശേഷം സമീപത്തുള്ളൊരു ചെറുവനത്തില്‍ക്കൂടി സഞ്ചാരം തുടര്‍ന്നു.
വനഭൂമിയുടെ കുളിര്‍മ്മയില്‍ ലയിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്ന രേവാനദി. അതിന്റെ സൗന്ദര്യത്തില്‍ തെല്ലുനേരം കണ്ണുകളുടക്കി. നദിയുടെ തീരത്തുകൂടിയാണ് ഇനി യാത്ര. നദിപ്പരപ്പിനെ തഴുകി വരുന്ന സംവേദനസുഖമുളള കുളിര്‍ക്കാറ്റേറ്റ് ആനന്ദത്തിന്റെ ചിറകിലേറി എവിടെയൊക്കെയോ പറന്നുപോകുന്നപോലെ…
രേവാ നദിയിലിറങ്ങി കുളിച്ചു. ഈറന്‍ വസ്ത്രം നദിക്കരയിലെ വെയില്‍ തുരുത്തിലുളള പുല്‍പ്പടര്‍പ്പിനുമേല്‍ ഉണങ്ങാനിട്ടു. കുറച്ചുനേരം വിശ്രമിക്കാനായി ഒരു വടവൃക്ഷത്തിന്റെ ചുവട്ടിലേക്കു നടന്നു. അവിടെക്കണ്ട നിരപ്പായ പാറമേല്‍കയറി പത്മാസനത്തിലിരുന്നു. മൂന്നുവട്ടം പ്രാണായാമം ചെയ്തുകഴിഞ്ഞപ്പോള്‍ മനസ്സും ശരീരവും മെല്ലെ ധ്യാനത്തിലേക്കു സഞ്ചരിക്കുവാന്‍ തുടങ്ങി….
നദിയൊഴുക്കിന്റെ ആരവത്തിനിടയില്‍ ഉയര്‍ന്നുവരുന്ന ചിലമ്പൊലി കേട്ടാണ് ധ്യാനത്തില്‍നിന്നുണര്‍ന്നത്. കണ്ണ് തുറന്നു നോക്കുമ്പോള്‍, നാലഞ്ചുയുവതികള്‍ മണ്‍പാത്രങ്ങളില്‍ രേവാനദിയിലെ ജലം നിറച്ച് ഒക്കത്തുവെച്ചുകൊണ്ട് വളകളും പാദസരങ്ങളും കിലുക്കി നടന്നു പോകുന്നു. അവര്‍ എന്തൊക്കെയോ പറഞ്ഞ് കുലുങ്ങിച്ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ തന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട്. താന്‍ ധരിച്ചിരിക്കുന്ന അല്പവസ്ത്രം കണ്ടാവും അവര്‍ ചിരിക്കുന്നതെന്നു മനസ്സിലായി. ഒരു കൗപീനം മാത്രമായിരുന്നുവല്ലോ തന്റെ വേഷം!
മണ്ഡനമിശ്രന്റെ മന്ദിരത്തിലേക്കു നടക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ കൗതുകത്തോടെ കുറച്ചുദുരം പിന്നാലെ കൂടി. രണ്ടു നാഴിക നടന്നുകഴിഞ്ഞപ്പോള്‍ മുന്നില്‍ വഴി പിരിഞ്ഞു പോകുന്നതു കണ്ടു. അതില്‍ വലതുഭാഗത്തുളള വഴിയിലൂടെ പിന്നാലെ കൂടിയിരുന്ന കുട്ടികള്‍ കടന്നു പോയി.
”മണ്ഡനമിശ്രന്റെ ഗൃഹത്തിലേക്കുളള വഴി ഏതാണ്?”
എതിരെ നടന്നുവന്ന ഒരു വൃദ്ധനോട് വഴി ചോദിക്കേണ്ടിവന്നു. അയാളുടെ കൈവശം ഒരു നീണ്ട മരക്കമ്പും ഒരു ജലപാത്രവും കണ്ടു. അയാളുടെ നരച്ച തലമുടി വളര്‍ന്ന് ചുരുണ്ട് ചുമലുവരെ നീണ്ടുകിടന്നു. അയാള്‍ ഇടത്തേക്കു തിരിയുന്ന വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
”ഈ വഴി മുന്നോട്ടുതന്നെ പോകുക. കുറെ നടന്നുകഴിയുമ്പോള്‍ വേദങ്ങളുടെ പ്രാമാണ്യത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്ന തത്തകള്‍ ഏത് ഗൃഹത്തിന്റെ പടിവാതില്‍ക്കല്‍ തൂക്കിയിട്ട പക്ഷിക്കൂടുകളില്‍ കാണപ്പെടുന്നുവോ ആ വീടാണ് മണ്ഡനമിശ്രന്റെ മന്ദിരമെന്നു കരുതികൊള്‍ക.”
വൃദ്ധന്‍ വേഗം നടന്നുപോയി. പിന്നീടുളള യാത്രയില്‍ വഴിയരികില്‍ കാണപ്പെട്ട എല്ലാ വീടുകളുടെയും പടിവാതില്‍ക്കലേക്ക് ആകാംക്ഷയോടെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. പക്ഷേ, ഒരു ഗൃഹത്തിനു മുന്നിലും വേദങ്ങള്‍ ചൊല്ലുന്ന തത്തകളെ കണ്ടില്ല.
ഏതാനും നാഴികകൂടി പിന്നിട്ട് കഴിഞ്ഞപ്പോഴാണ് മണ്ഡനമിശ്രന്റെ ഗൃഹം തിരിച്ചറിഞ്ഞത്. ഒരു പേരാല്‍ മരത്തിന്റെ തണല്‍പറ്റി നില്‍ക്കുന്ന, ചാരനിറത്തിലുളള ഓടുമേഞ്ഞ ഇരുനില മാളികയുടെ പടിവാതില്‍ക്കല്‍, തൂക്കിയിട്ട പക്ഷിക്കുടില്‍, വേദങ്ങള്‍ ചൊല്ലുന്ന തത്തകളെ കണ്ടു. മണ്ഡനമിശ്രന്റെ മന്ദിരം! ഗൃഹത്തിന്റെ പടിപ്പുര അടഞ്ഞു കിടക്കുന്നു. കുറച്ചുനേരം പടിപ്പുരയുടെ മുന്നില്‍ വെറുതെ നിന്നു.
ഒരു നിമിഷം കണ്ണൊന്നു ചിമ്മി തുറന്നതേയുളളൂ, പടിവാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. പക്ഷേ, വാതില്‍ക്കല്‍ ആരെയും കാണാനില്ല. മെല്ലെ വാതില്‍ കടന്ന് മന്ദിരത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. വിസ്തൃതിയേറിയ മാളികമുറ്റത്തിന്റെ മധ്യത്തില്‍ വെട്ടുകല്ലില്‍ തീര്‍ത്ത ഒരു തുളസിത്തറ. മുറ്റത്തിന്റെ പടിഞ്ഞാറുഭാഗത്തു നില്‍ക്കുന്ന ആര്യവേപ്പ് കാറ്റില്‍ ശിഖരങ്ങള്‍ കുലുക്കി ഇലയാട്ടിക്കളിക്കുന്നു.
മനോഹരമായ മാളികയാണ് മണ്ഡനമിശ്രന്റേത്. പ്രധാന വാതിലിലൂടെ മാളികയ്ക്കുള്ളില്‍ പ്രവേശിച്ചു. വിശാലമായ അകത്തളം. പിന്നെ നടുമുറ്റം. അവിടെയുമുണ്ട് ഒരു ചെറിയ തുളസിത്തറ. നടുമുറ്റത്തേക്ക് ഇറങ്ങാനായി ചുറ്റുവരാന്തയില്‍ നിന്ന് നാലുവശത്തേക്കും കല്പടവുകള്‍.
അകത്തളത്തില്‍നിന്ന് വരാന്തയില്‍ ഇറങ്ങിയപ്പോള്‍ എതിര്‍വശത്തുളള വലിയ അറയില്‍ മണ്ഡനമിശ്രന്‍ നില്ക്കുന്നു. ഒപ്പം രണ്ടു സന്ന്യാസിമാരും. മണ്ഡനമിശ്രന്‍ ഗൃഹസ്ഥാശ്രമിയാണെന്നറിയാം. അതുകൊണ്ട് വേഗം തിരിച്ചറിഞ്ഞു.
അപ്രതീക്ഷിതമായി തന്റെ സാന്നിദ്ധ്യം അറിഞ്ഞതും മണ്ഡനമിശ്രന്‍ ആശ്ചര്യം പൂണ്ട് കണ്ണുമിഴിച്ചു. അതുകണ്ട് കൈകൂപ്പിക്കൊണ്ട് സ്വയം പരിചയപ്പെടുത്തി:
”ഞാന്‍ ശങ്കരന്‍. താങ്കളെ കാണാനും പരിചയപ്പെടാനുമാണ് ഇതുവരെ യാത്ര ചെയ്‌തെത്തിയത്.””
അപ്പോള്‍ മണ്ഡനമിശ്രനും സ്വയം പരിചയപ്പെടുത്തി:
”ഞാന്‍ താങ്കള്‍ അന്വേഷിച്ചു നടന്ന മണ്ഡനമിശ്രന്‍.””
കൂടെയുളള സന്ന്യാസിമാരെ നോക്കി മണ്ഡനമിശ്രന്‍ പറഞ്ഞു: ”തപോബലം കൊണ്ട് ഞാന്‍ വരുത്തിയ ജൈമിനിയും ബാദരായണനുമാണ് ഇവര്‍. ശ്രാദ്ധത്തിനു വേണ്ടിയാണ് ഈ മഹാത്മാക്കളെ ഇവിടേക്ക് ക്ഷണിച്ചുവരുത്തിയത്.”
തെല്ലിട കണ്ണടച്ച് മൗനത്തിലേക്കു പോയശേഷം മണ്ഡനമിശ്രന്‍ തുടര്‍ന്നു:
”ഞാന്‍ ഈ അതിഥികളുടെ കാല്‍പ്പാദങ്ങള്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് താങ്കളുടെ വരവ്.”
പൊടുന്നനെ ഏതോ ആലോചനയില്‍ കുടുങ്ങിയതുപോലെ മണ്ഡനമിശ്രന്റെ മുഖം കറുക്കുന്നതു കണ്ടു.
”ശ്രാദ്ധസമയത്തുതന്നെ കയറിവന്നിരിക്കുന്നു!”” മണ്ഡനമിശ്രന്‍ പിറുപിറുത്തു. ഈ സമയത്ത് താന്‍ കയറിവന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് ആ മുഖത്തെ മൂടിയ നീരസത്തില്‍ നിന്നു മനസ്സിലായി.
”കുതോ മുണ്ഡീ?”
മണ്ഡനമിശ്രന്‍ പരിഹാസത്തോടെ ചോദിച്ചു. മൊട്ട എവിടെ നിന്നാണ്?” തന്റെ തല മൊട്ടയടിച്ചിരിക്കുന്നതുകണ്ടാണ് മണ്ഡനന്റെ ചോദ്യം. മൊട്ടത്തലയാ, നീ എവിടെ നിന്നു വന്നു? എന്നാണ് ചോദ്യത്തിന്റെ പൊരുള്‍.
”ഗളപര്യന്തം മുണ്ഡീ…”” അങ്ങനെ ഉത്തരം പറയാനാണ് തോന്നിയത്. മണ്ഡനമിശ്രനുമായുളള ആദ്യത്തെ ഏറ്റുമുട്ടല്‍. ”കഴുത്തുവരെ തലമൊട്ടയടിച്ചിട്ടുണ്ട്”എന്ന മറുപടികൊണ്ടാണ് ഏറ്റുമുട്ടിയത്. എത്രത്തോളം തല മുണ്ഡനം ചെയ്തിട്ടുണ്ട് എന്ന ചോദ്യമായി കല്പിച്ചു കൊണ്ടായിരുന്നു ഉത്തരം.
മണ്ഡനമിശ്രന്റെ ഒച്ച വീണ്ടുംമുഴങ്ങി:
”എന്റെ ചോദ്യം അതല്ല, മയാ പന്ഥാഃ പൃച്ഛ്യതേ.””
ഞാന്‍ വഴിയാണ് ചോദിക്കുന്നതെന്നും, ഞാന്‍ വഴിയോടാണ് ചോദിക്കുന്നതെന്നും മണ്ഡനന്റെ വാക്കുകള്‍ക്ക് അര്‍ത്ഥം കണ്ടെത്താം. രണ്ടാമത്തെ അര്‍ത്ഥത്തിനു മറുപടി കണക്കാക്കി ഒരു ചോദ്യമെടുത്തിട്ടു:
”വഴി നിങ്ങളോടെന്ത് മറുപടി പറഞ്ഞു?”മണ്ഡനന്‍ ഉദ്ദേശിച്ചത് ആദ്യത്തെ അര്‍ത്ഥമാണെന്നു മനസ്സിലാക്കിയിട്ടു തന്നെയാണ് അങ്ങനെ ചോദിച്ചത്. ചോദ്യം മണ്ഡനമിശ്രനെ ചൊടിപ്പിച്ചു. മണ്ഡനമിശ്രന്‍ പറഞ്ഞു:
”നിന്റെ അമ്മ വിധവയാണ് എന്ന് പറഞ്ഞു.”
”വഴിക്കു നിങ്ങളുടെ അമ്മയെ നല്ലവണ്ണം അറിയാമെന്നു തോന്നുന്നു.” വിട്ടുകൊടുത്തില്ല. ഇതുകേട്ട് മണ്ഡനന് വീണ്ടും കോപം വന്നു:
”കിമു സുരാ പീതാ?””
”കള്ളു കുടിച്ചിട്ടുണ്ടോ നീ?” എന്നൊരു അര്‍ത്ഥവും, സുര മഞ്ഞനിറത്തിലുള്ളതാണോ?”എന്ന് മറ്റൊരര്‍ത്ഥവുമുണ്ട് മണ്ഡനന്റെ ചോദ്യത്തിന്.
”സുരയുടെ നിറം മഞ്ഞയല്ല, വെള്ളയാണ്.” ഇങ്ങനെ മറുപടി കൊടുത്തു. പക്ഷേ, മണ്ഡനന്‍ വിടുന്നമട്ടില്ല.
സന്ന്യാസിയായ നിനക്ക് സുരയുടെ നിറമറിയാമോ?”
കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് മണ്ഡനനെ അവിടെ നിറുത്തി:
”എനിക്ക് നിറം അറിയാം, താങ്കള്‍ക്ക് സ്വാദും!”
പ്രജ്ഞയുടെ ഉയര്‍ന്ന പരിണാമത്തില്‍ എത്തിയവരും ക്രാന്തദര്‍ശികളുമായ പണ്ഡിതര്‍ ഇത്തരം നിസ്സാരമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടുവല്ലോയെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. ശരിക്കും കുരുട്ട് വാദപ്രതിവാദങ്ങളാണോ ഇവ?
ഏതായാലും തങ്ങളുടെ വാദ പ്രതിവാദങ്ങള്‍ കേട്ട് ജൈമിനി പുറത്തു കടക്കുന്നതു കണ്ടു. അപ്പോള്‍ ബാദരായണന്‍ മണ്ഡനനോടു പറഞ്ഞു:
”മണ്ഡനമിശ്രാ, ഈ സന്ന്യാസിയുടെ പ്രായക്കുറവ് കണക്കാക്കണ്ട. ഇദ്ദേഹം ഒരു മഹാത്മാവാണെന്നു കണ്ടുവേണം സംസാരിക്കുവാന്‍. ദുര്‍വാക്യങ്ങള്‍ ഇദ്ദേഹത്തോടു പറയുന്നത് ഉചിതമാകില്ല. വേണ്ടവിധത്തില്‍ അതിഥിയെ സല്‍ക്കരിക്കൂ.””
പെട്ടെന്ന് മണ്ഡനന്റെ മുഖഭാവം തണുത്തു. അത് തീരെ പ്രതീക്ഷിച്ചില്ല. ബാദരായണനെ നമിച്ചശേഷം മണ്ഡനമിശ്രന്‍ തനിക്കുനേരെ വീണ്ടും തിരിഞ്ഞു:
”ശരി. സന്ന്യാസിയായ അങ്ങ് എന്നില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചാലും…””
അതിനുളള മറുപടി മണ്ഡനന് കൊടുത്തു:
”ഞാന്‍ വാദഭിക്ഷ ലക്ഷ്യമിട്ടാണ് വന്നിരിക്കുന്നത്. അല്ലാതെ താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെ ഭക്ഷ്യ ഭിക്ഷയല്ല എനിക്കു വേണ്ടത്. വാദത്തില്‍ ഞാന്‍ തോറ്റാല്‍ അങ്ങയുടെ ശിഷ്യത്വം ഞാന്‍ സ്വീകരിക്കാം. എന്നാല്‍ അങ്ങാണ് തോല്‍ക്കുന്നതെങ്കില്‍ എന്റെ ശിഷ്യനാകണം.”
മണ്ഡനന്‍ ഒന്നും മിണ്ടുന്നില്ല.
”വേദമാര്‍ഗ്ഗം വിസ്തൃതമാക്കണം എന്നതല്ലാതെ എനിക്ക് മറ്റൊരു ഉദ്ദേശ്യവുമില്ല. ഒന്നുകില്‍ താങ്കള്‍ വേദാന്തസത്യത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അംഗീകരിക്കുക. അല്ലെങ്കില്‍ വാദത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുക. വാദപ്രതിവാദങ്ങള്‍ക്കു താല്പര്യമില്ലെങ്കില്‍ തോറ്റെന്നുസമ്മതിച്ച് ഇപ്പോള്‍ത്തന്നെ ശിഷ്യത്വം സ്വീകരിക്കുക.””
മണ്ഡനമിശ്രന്‍ തന്നില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ മുഖത്തെ ഭാവചലനങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
”ശരി. വാദത്തിനു ഞാന്‍ തയ്യാറാണ്.””
ഒടുവില്‍ മണ്ഡനന്‍ സമ്മതം മൂളി. വേദ സമ്മതമായ കര്‍മ്മമാര്‍ഗ്ഗം ഉപേക്ഷിച്ച് മറ്റൊന്നും സ്വീകരിക്കുവാന്‍ തയ്യാറായിരുന്നില്ലല്ലോ അദ്ദേഹം. നല്ലൊരു പണ്ഡിതനുമായി വാദത്തില്‍ ഏര്‍പ്പെടുന്നതില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ കാലമിത്രയായിട്ടും ആരും മണ്ഡനമിശ്രനെ വാദത്തിനു വിളിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
”ഞാനൊരു ഗൃഹസ്ഥാശ്രമിയാണ്. താങ്കള്‍ ഒരു സന്ന്യാസിയും. പന്തയം താങ്കള്‍തന്നെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് സന്തോഷത്തോടെ പിണങ്ങാതെ നമുക്കു വാദത്തിനു വേണ്ടി തയ്യാറാകാം.”” മണ്ഡനമിശ്രന്‍ പറഞ്ഞു.
”എന്നാല്‍ വാദത്തില്‍ ആരാണ് ജയിച്ചത്, ആരാണ് തോറ്റത് എന്ന് വിധി കല്പിക്കുവാന്‍ ഒരു മധ്യസ്ഥന്‍ വേണ്ടേ?”
ഇതിനിടെ പുറത്തുപോയ ജൈമിനി അകത്തേക്കു കടന്നു വന്നു. ഒരു നിമിഷം ഏതോ ആലോചനയിലേക്കു പോയിട്ട് പെട്ടെന്നു തിരികെ വന്ന മണ്ഡനന്‍ ഒരു അഭിപ്രായമെടുത്ത് അവതരിപ്പിച്ചു:
”ജൈമിനിയും ബാദരായണനും നമ്മുടെ വാദത്തിന് സാക്ഷിയായി സ്ഥാനം അലങ്കരിക്കട്ടെ!””
ജൈമിനി ഇടപെട്ടു: ”അങ്ങയുടെ ഭാര്യ ഉഭയഭാരതി സാക്ഷിയാകുന്നതാണ് ഏറെ ഉത്തമം.””
”ശരിയാണ്. അതാണ് കൂടുതല്‍ അഭികാമ്യമെന്നു എനിക്കും തോന്നുന്നു.”” ബാദരായണനും അതിനോടു യോജിച്ചു…
ണിം…ണിം…ണിം…”
ശ്രാദ്ധചടങ്ങുകള്‍ക്ക് വിരാമം കുറിക്കുമ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമറിയിച്ചുകൊണ്ടുളള മണിയൊച്ച മണ്ഡനന്റെ അന്നപൂര്‍ണ്ണപ്പുരയില്‍ നിന്ന് മുഴങ്ങിക്കേട്ടു.
”നമുക്ക് ശ്രാദ്ധപ്രസാദം കഴിക്കാം”
അതിഥികളെ ആദരവോടെ മണ്ഡനമിശ്രന്‍ പ്രസാദമൂട്ടാനായി ക്ഷണിക്കുമ്പോള്‍ ബാദരായണനും ജൈമിനിയും ജനാലപ്പഴുതിലൂടെ ആകാശത്തേക്ക് നോക്കി നില്ക്കുകയായിരുന്നു. അവിടെ രണ്ടു പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നതു കണ്ടു.
(തുടരും)