കാശിവിശ്വനാഥ ക്ഷേത്രം പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തെ 1991 ലെ ആരാധനാലയ നിയമം മുന്‍നിര്‍ത്തി നിരാകരിക്കുന്നവര്‍ തങ്ങളുടെ വാദഗതിക്ക് ശക്തി പകരാന്‍ അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയെയും കൂട്ടുപിടിക്കുകയുണ്ടായി. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു പര്യവേഷണത്തിന് ഉത്തരവിട്ട വാരാണസി ജില്ലാ കോടതിയുടെ നടപടി അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കും എതിരാണെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്ത 2019 ലെ സുപ്രീംകോടതി വിധിയെ പൂര്‍ണ മനസ്സോടെ അംഗീകരിക്കാതിരുന്നവര്‍ കാശി ക്ഷേത്രത്തിന്റെ കാര്യം വരുമ്പോള്‍ ആ വിധിയുടെ വക്താക്കളായി മാറുന്നത് വളരെ വിചിത്രമാണ്.
അയോധ്യാ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആരാധനാലയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട 1991 ലെ നിയമത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ”ഭരണഘടനയ്ക്കു കീഴിലെ മതേതരത്വത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പ്രാവര്‍ത്തികമാക്കാനുള്ള ബാധ്യത ആരാധനാലയ നിയമം നിര്‍ബന്ധിക്കുന്നു. പുരോഗാമിത്വം എന്നത് നമ്മുടെ മതേതരമൂല്യങ്ങളുടെ അവിഭാജ്യ ഘടകമായി അത് നിലനിര്‍ത്തുന്നു” എന്നതാണ് ഇതിലൊന്ന്. കോടതി ഈ നിയമത്തെ അംഗീകരിക്കുന്നതായും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ ഈ നിയമം തടയുമെന്ന് കോടതി കരുതുന്നതായും ധരിക്കാന്‍ ഇതിടയാക്കി. യഥാര്‍ത്ഥത്തില്‍ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിയമവ്യവഹാരത്തെ ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്. അയോധ്യാവിധി ന്യായത്തിലെ 80-ാം ഖണ്ഡിക ഇക്കാര്യം അംഗീകരിക്കുന്നുമുണ്ട്. അതിനാല്‍ അയോധ്യാ കേസില്‍ വിധി പറയുമ്പോള്‍ ഈ നിയമം പരാമര്‍ശിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും പത്തിലേറെ പേജുകളിലായാണ് കോടതി ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്. ‘മതേതരത്വത്തോടുള്ള ഭരണഘടനയുടെ പ്രതിജ്ഞാബദ്ധത’ എന്ന നിലയ്ക്കാണത്രേ ഇത്.
ആരാധനാലയ നിയമത്തിന്റെ അസാംഗത്യവും, രാമജന്മഭൂമി കേസില്‍ അതിന്റെ പ്രസക്തിയില്ലായ്മയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ക്ക് നിയമപരമായ ബാധ്യത കല്‍പ്പിക്കാനാവില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 141 പ്രകാരം കോടതിക്കു മുന്നിലെത്തുന്ന കേസില്‍ പരിഗണനയ്ക്കു വരുന്ന വിഷയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കുമാത്രമേ നിയമപരമായ ബാധ്യതയുടെ സ്വഭാവമുള്ളൂ. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ ആരാധനാലയ സ്ഥലങ്ങളുടെ നിയമത്തെക്കുറിച്ചുള്ള അയോധ്യാവിധിയിലെ ചര്‍ച്ച കേസിന്റെ മുഖ്യ തര്‍ക്കം തീര്‍പ്പാക്കുന്നതില്‍ പ്രസക്തമേയല്ല. ഈ പരാമര്‍ശങ്ങളുടെ സ്വഭാവം വിധിന്യായത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതുമായിരുന്നില്ല.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു ഉല്‍ഖനനം നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവ് ആരാധനാലയ നിയമത്തിന് വിരുദ്ധമാണെന്ന് കരുതുന്നവരുണ്ട്. നിലവിലെ നിര്‍മിതിക്കു കീഴില്‍ ഉല്‍ഖനനം നടത്താന്‍ മാത്രമാണ് കോടതിക്ക് പറഞ്ഞിട്ടുള്ളത്. ഇതൊരിക്കലും കെട്ടിടത്തിന്റെ തല്‍സ്ഥിതിക്ക് മാറ്റം വരുത്തുന്നതല്ല. അതുകൊണ്ടുതന്നെ ആരാധനാലയ നിയമത്തെ ബാധിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ കാശിയില്‍ ഇങ്ങനെയൊരു ഉല്‍ഖനനത്തിന്റെ പോലും ആവശ്യമില്ല. കാരണം മസ്ജിദ് നില്‍ക്കുന്ന അടിത്തറ ഇപ്പോള്‍തന്നെ ക്ഷേത്രത്തിന്റെതാണെന്ന് അത് നേരില്‍ കാണുന്ന ആര്‍ക്കും ബോധ്യമാവും. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍വശത്താണ് മസ്ജിദ്. മാത്രമല്ല തര്‍ക്ക കെട്ടിടത്തിലേക്കു നോക്കിയുള്ള ശിവഭഗവാന്റെ വാഹനമായ നന്ദിയുടെ വിഗ്രഹവും കാണാം. ഇസ്ലാമിക പാരമ്പര്യത്തിലൊരിടത്തും മസ്ജിദിനു പുറത്ത് നന്ദി നില്‍ക്കുന്നതായി കേട്ടുകേള്‍വി പോലുമില്ല. അതിനാല്‍ ഹിന്ദുക്കളുടെ പുണ്യഭൂമിയായ കാശി കയ്യേറിയതാണെന്ന് വ്യക്തം. അവിടെ ക്ഷേത്രമാണുണ്ടായിരുന്നത് എന്ന വസ്തുത ശക്തിപ്പെടുത്താന്‍ പുരാവസ്തു ഉല്‍ഖനനത്തിലൂടെ കഴിയും.
കാശിയിലേതുപോലുള്ള ഉല്‍ഖനനങ്ങള്‍ അനുവദിച്ചാല്‍ അത് വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കില്ലേ എന്നാണ് ചിലര്‍ കരുതുന്നത്. കാരണം ഇത്തരം തര്‍ക്കപ്രദേശങ്ങള്‍ ആയിരക്കണക്കിനുണ്ടല്ലോ. പലപ്പോഴും ഏകപക്ഷീയമായാണ് ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കപ്പെടുന്നത്. അയോധ്യാ കേസ് പരിഗണിച്ചിരുന്ന കാലത്തുടനീളവും ചിലയാളുകള്‍ ഇങ്ങനെയൊരു സാങ്കല്‍പിക പ്രശ്‌നമുന്നയിച്ച് ഭീതിപരത്തുകയായിരുന്നു. തര്‍ക്ക മന്ദിരം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെക്കുറിച്ചും ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ചരിത്രപരമായ നീതിയോട് പൊരുത്തപ്പെടാന്‍ ഭാരതത്തിന് കഴിയുമെന്ന് അയോധ്യാ കേസിലെ വിധിക്കുശേഷവും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷവും തെളിയിക്കപ്പെട്ടു. അതിനാല്‍ ജനതയില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുകയും, ഭയമോ പക്ഷപാതമോ കൂടാതെ ഇത്തരം കാര്യങ്ങളില്‍ ഭരണചുമതല നിര്‍വഹിക്കാന്‍ കോടതികളെ അനുവദിക്കുകയുമാണ് വേണ്ടത്.
ആരാധനാലയ നിയമം ഏതെങ്കിലുമൊരു സമുദായത്തെ ലക്ഷ്യംവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ലെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. ഉദാസീനമായ ഭാഷയാണ് നിയമത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ നിയമം മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന പക്ഷം ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്കുമേല്‍ അഹിന്ദുക്കള്‍, പ്രത്യേകിച്ചും മുസ്ലിങ്ങളും ക്രൈസ്തവരും അവകാശവാദമുന്നയിക്കുമെന്ന് നമ്മള്‍ ആശങ്കപ്പെടാത്തത് എന്തുകൊണ്ടാണ്? ഹിന്ദുക്കളുടെ കയ്യേറിയ പുണ്യ സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിനെ എതിര്‍ക്കുന്നവരും ചരിത്ര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവാന്മാരാണ് എന്നര്‍ത്ഥം.
നാഗരികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമായ നിലപാട് എടുക്കേണ്ടിവരും. അയോധ്യ പ്രക്ഷോഭത്തെ അനുകൂലിച്ചവര്‍ക്കും അതില്‍ പങ്കെടുത്തവര്‍ക്കും കാശിയുടെയും മഥുരയുടെയും കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് എടുക്കാനാവില്ല. നാഗരികമായ താല്‍പ്പര്യം സംരക്ഷിക്കേണ്ടിവരുന്ന കേസുകളില്‍ പരമോന്നത നീതിപീഠത്തിന് അതനുസരിച്ച് പെരുമാറാന്‍ കഴിയണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാപാര സംബന്ധമായ കേസുകളുടെ അപ്പീലുകള്‍ കേള്‍ക്കുന്ന വേദിയായി കോടതികള്‍ക്ക് ചുരുങ്ങാനാവില്ല. സുപ്രീംകോടതി അപ്പീല്‍ കോടതിയായി കണക്കാക്കപ്പെടുന്ന ഒരേയൊരു രാജ്യം ഭാരതമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച സംവിധാനം ഉണ്ടാകുന്നതുവരെ സുപ്രീംകോടതിയെ ഉള്‍പ്പെടെ സമീപിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് ഉണ്ടാവണം. നിത്യേനയെന്നോണം നൂറുകണക്കിന് പൊതുതാല്‍പ്പര്യഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ശ്രദ്ധ പതിയേണ്ട പ്രശ്‌നം തന്നെയാണിത്.
ഈ രീതി തുടര്‍ന്നാല്‍ തങ്ങള്‍ ഈ രാജ്യത്തിന് അനഭിമതരാണെന്നോ തങ്ങളുടെ മതത്തെ ലക്ഷ്യമിടുകയാണെന്നോ ഒരു വിഭാഗത്തിന് തോന്നില്ലേ എന്ന ചോദ്യമുയരാം. ഇത് ചില അവ്യക്തതകള്‍ക്ക് ഇടയാക്കിയേക്കാം. എന്നാല്‍ തങ്ങള്‍ ഇരകളാണെന്ന മനോഭാവം പുറമെ നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ അതിന് ചികിത്സയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അത് ഉള്ളില്‍നിന്നാണ് വരേണ്ടത്. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ഇത് ബാധകമാണ്. തങ്ങളെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് ആര്‍ക്കും തോന്നാം. വികാരങ്ങളാല്‍ നയിക്കപ്പെടുന്നതിനു പകരം വസ്തുതകളെയും തെളിവുകളെയും സ്വയം സംസാരിക്കാന്‍ അനുവദിക്കണം. ചരിത്രപരമായ ആത്മപരിശോധന നടത്തി ശരിയായി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതില്‍നിന്ന് ഗുണം ലഭിക്കുന്നു. ഇതിന് തയ്യാറല്ലാത്തവര്‍ കാലത്തോട് മറുപടി പറയേണ്ടിവരും.
പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആരാധനാലയ സ്ഥലങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്തുന്ന നിയമം കൊണ്ടുവന്നത് ആ നിയമം ബാധകമാകുന്ന സമുദായങ്ങളോട് ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ്. ഈ നിയമം പാസ്സാക്കുന്നതിനു മുന്‍പ് സര്‍ക്കാരിനു വേണ്ടി നിയമ കമ്മീഷന്‍ ഒരു തരത്തിലുള്ള പഠനവും നടത്തുകയുണ്ടായില്ല. അന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷമായിരുന്ന ബിജെപിക്ക് ചര്‍ച്ച നടത്താന്‍ മതിയായ സമയം അനുവദിക്കാതെയാണ് ഹിന്ദുക്കള്‍ക്കുമേല്‍ ഈ നിയമം അടിച്ചേല്‍പ്പിച്ചത്. ഭാരത ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് ഈ നിയമം നടപ്പാക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ശരിയായ ചര്‍ച്ച നടക്കുകയുണ്ടായില്ല. ചരിത്രപരമായ അനീതികള്‍ക്ക് പരിഹാരം തേടി ഹിന്ദു സമൂഹത്തിന് കോടതിയെ സമീപിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ആരാധനാലയ നിയമം ചെയ്തത്. അതിനാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്, റദ്ദാക്കപ്പെടേണ്ടതുമാണ്.
വസ്തുതര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പുരാവസ്തു തെളിവ് ആവശ്യമില്ലായിരിക്കാം. എന്നാല്‍ കാശിയിലെ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ച പ്രശ്‌നം 1991 ലെ ആരാധനാലയ നിയമംകൊണ്ട് കുഴിച്ചുമൂടാനാവില്ല. നിയമപരമായ തര്‍ക്കങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണം നടത്തുന്നതുതന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്വതന്ത്രമായ ഒരുരാജ്യത്ത് ആരെങ്കിലും തര്‍ക്ക പ്രശ്‌നം ഉന്നയിക്കുന്നത് തടയാനാവില്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കാശിയും മഥുരയുമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നശീകരണം നിശ്ശബ്ദമായി കുഴിച്ചുമൂടാവുന്ന ചരിത്രത്തിന്റെ ബാക്കിപത്രമല്ല. ഏതെങ്കിലുമൊരു ഹിന്ദു അതിനു തയ്യാറായാല്‍ തന്നെ മുസ്ലിം മതമൗലിക വാദികളുടെ മനോഭാവം ബാബറിന്റെയും ഔറംഗസേബിന്റെയും കാലത്തെ മനോഭാവത്തില്‍നിന്ന് മാറ്റാനാവില്ല. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും പ്രദേശങ്ങളില്‍ മാത്രമല്ല, ഭാരതത്തിനകത്തും ഹിന്ദുക്ഷേത്രങ്ങള്‍ ഇപ്പോഴും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലുകളും ബലാത്സംഗങ്ങളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭീകരവാദം ശക്തമായിരുന്ന രണ്ട് പതിറ്റാണ്ടിനിടെ കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മാത്രം 208 ക്ഷേത്രങ്ങള്‍ ആക്രമിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് 2012 ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതാണ്. അതിനാല്‍ ബാബറിന്റെയും ഔറംഗസീബിന്റെയും കാലത്തെ മതപരമായ ധ്വംസനങ്ങളെക്കുറിച്ച് മാത്രമല്ല നമുക്ക് സംസാരിക്കേണ്ടി വരിക. ഇപ്പോഴും യാതൊരു കുറവുമില്ലാത്ത മുസ്ലിം മതമൗലികവാദികളുടെ ചെയ്തികളെക്കുറിച്ചുമാണ്. 2019 ലും 2020 ലുമായി പൗരത്വ നിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായല്ലോ.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പുതിയ കേസുകള്‍ കീഴ്‌ക്കോടതികള്‍ നിരുത്സാഹപ്പെടുത്തുമെന്ന് കരുതിയാണ് അയോധ്യാ വിധിന്യായത്തില്‍ ആരാധനാലയ നിയമത്തെക്കുറിച്ച് സുപ്രീംകോടതി പരാമര്‍ശിച്ചതെന്നാണ് പല നിയമവിദഗ്ദ്ധരും വിലയിരുത്തുന്നത്. പരമോന്നത നീതിപീഠത്തിന്റെ ഈ ധാരണയ്‌ക്കേറ്റ ആദ്യ തിരിച്ചടിയാണ് ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു ഉല്‍ഖനനം നടത്താനുള്ള വാരാണസി കോടതിയുടെ വിധി. എന്നാല്‍ ഇതിനു മുന്‍പു തന്നെ 1991 ലെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. അപ്പീല്‍ ഫയലില്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ചില മുസ്ലിം നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് നിരാകരിച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് കോടതി ചെയ്തത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുഷ്ടലാക്കോടെ കൊണ്ടുവന്ന ആരാധനാലയ നിയമത്തെ മതമൗലികവാദികളായ മുസ്ലിം നേതാക്കള്‍ ചാടിക്കേറി സ്വാഗതം ചെയ്യുകയുണ്ടായി. ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിയമമാണിതെന്നാണ് അവര്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ ഈ നിയമത്തിലെ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധവും, ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതേതരത്വം, സമത്വം എന്നീ തത്വങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ഈ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ തന്നെ എതിര്‍പ്പ് ഉയരുകയുണ്ടായി. ഏതെങ്കിലും നിയമത്തിലെ വകുപ്പുകള്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവില്ലെന്നു പറയുന്നതുതന്നെ യുക്തിരഹിതമാണല്ലോ. വൈദേശിക കടന്നാക്രമണകാരികള്‍ നടത്തിയ വിധ്വംസനങ്ങളെ തുടര്‍ന്ന് കാശിയും കൃഷ്ണ ജന്മഭൂമിയും മറ്റ് ആരാധനാ കേന്ദ്രങ്ങളും ചിലര്‍ ബലമായി കയ്യടക്കിവച്ചിരിക്കുന്നതിനെ സര്‍ക്കാര്‍ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണിത്. ഏകപക്ഷീയമായ ഈ നിയമം ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും സിഖുകാരുടെയും ആരാധനാസ്വാതന്ത്ര്യവും, സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവരുടെ അവകാശവും കവരുന്നതാണ്. തര്‍ക്കമുള്ള മറ്റ് ആരാധനാലയങ്ങളെയെല്ലാം നിയമത്തില്‍ ഉള്‍പ്പെടുത്തുകയും, അയോധ്യയെ മാത്രം ഒഴിവാക്കുകയും ചെയ്തതുതന്നെ സാമാന്യ നീതിക്ക് നിരക്കുന്നതല്ല. രാമനും കൃഷ്ണനും ഹിന്ദുക്കളുടെ അവതാര പുരുഷന്മാരാണ്. ഇവര്‍ക്കു തമ്മില്‍ വിവേചനം കല്‍പ്പിക്കുന്നതാണ് ഈ നിയമം. ഒരേ സാഹചര്യത്തിലുള്ള ഒരേ പ്രവൃത്തികള്‍ക്ക് രണ്ട് തരം നിയമം പാടില്ല. കോടതിയുടെ വാതിലുകള്‍ പൗരന്മാര്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കാനും പാടില്ല. ഇത്തരം വിചാരങ്ങളൊന്നും ഹിന്ദുവിരുദ്ധമായി ചിന്തിച്ച് ശീലമുള്ള കോണ്‍ഗ്രസ്സുകാര്‍ നിയമനിര്‍മാണ വേളയില്‍ കണക്കിലെടുത്തില്ല. മതേതരത്വം നിലനിര്‍ത്താനുള്ള ബാധ്യത ഹിന്ദുക്കള്‍ക്ക് മാത്രമാണുള്ളതെന്ന നെഹ്‌റൂവിയന്‍ സമീപനത്തിന്റെ സൃഷ്ടിയാണ് ഈ നിയമവും.
1991 ലെ ആരാധനാലയ നിയമത്തിന് ഭരണഘടനാപരമായ സാധുത നല്‍കാന്‍ അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്ക് കഴിയില്ലെന്ന സുചിന്തിതമായ നിലപാടാണ് പല നിയമജ്ഞര്‍ക്കുമുള്ളത്. അയോധ്യയിലെ അന്നത്തെ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ നിയമത്തിനെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. അതേസമയം, 1945 ആഗസ്റ്റ് 17 ലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിര്‍ത്താനും, ഇതിന് മാറ്റം വരുത്തുന്നത് തടയാനും ലക്ഷ്യമിടുന്നതാണ് 1991 ലെ നിയമം. കാശി വിശ്വനാഥ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ സാധൂകരിക്കാനോ, അവിടുത്തെ അനീതിക്കുനേരെ കണ്ണടച്ച് ഹിന്ദു ജനതയുടെ വിശ്വാസത്തിന് നിരന്തരം ക്ഷതമേല്‍പ്പിക്കാനോ ആരാധനാലയ നിയമത്തിനും, ഇതുസംബന്ധിച്ച അയോധ്യാ കേസിലെ വിധിയിലെ പരാമര്‍ശങ്ങള്‍ക്കും കഴിയില്ലെന്നും ചുരുക്കം.
അടുത്തത്: ചരിത്രത്തെക്കാള്‍ പഴക്കവും സംസ്‌കാരത്തെക്കാള്‍ തിളക്കവും