- നിയമപരമായി മസ്ജിദ് ഇപ്പോഴും മഹാക്ഷേത്രം (15)
- മഹാക്ഷേത്രത്തിന്റെ ഭാഗമായ മസ്ജിദ് (14)
- വിമോചനത്തിന്റെ അനിവാര്യത (13)
- ചരിത്രത്തെക്കാള്‍ പഴക്കം സംസ്‌കാരത്തെക്കാള്‍ തിളക്കം (6)
- സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രശ്‌നങ്ങള്‍ (12)
- ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണകാന്തി (11)
- പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം (10)
കാശി യുഗങ്ങളായി ഹിന്ദുക്കളുടെ തീര്‍ത്ഥസ്ഥാനമാണ്. പുണ്യനദിയായ ഗംഗയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് തീര്‍ത്ഥാടകരെയാണ് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രാചീന നഗരമായ കാശി പരമശിവന്‍ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്റെ വാസസ്ഥാനമായി കരുതപ്പെടുന്ന ഇവിടം ആത്യന്തികമായ അഭയകേന്ദ്രമായാണ് ഹിന്ദുക്കള്‍ കരുതുന്നത്. ശിവന്റെ ജഡയില്‍നിന്ന് ഉത്ഭവിക്കുന്ന നിരന്തരമായ ഗംഗാപ്രവാഹത്താല്‍ അനുദിനം വിശുദ്ധി വര്‍ധിക്കുന്ന കാശിയിലേക്ക് വര്‍ഷംതോറും അഞ്ച് ദശലക്ഷം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കാശിയിലെത്തി മരണമടഞ്ഞാല്‍ ജനനമരണ ചക്രങ്ങളില്‍നിന്ന് മോചനം നേടി മോക്ഷപ്രാപ്തി കൈവരിക്കാനാവുമെന്ന് ആസ്തികരായ ഓരോ ഹിന്ദുവും വിശ്വസിക്കുന്നു. ഐഹിക ജീവിതത്തിലെ പാപങ്ങള്‍ കഴുകിക്കളയാനുള്ള ശക്തി കാശിയിലെ ഗംഗയ്ക്കുണ്ടെന്ന് സഹസ്രാബ്ദങ്ങളായി അവര്‍ കരുതുന്നു. ‘കാശി കെ കങ്കാര്‍ ശങ്കര്‍ സമാന്‍’ എന്നാണ് പറയാറുള്ളത്. കാശിയുടെ ഓരോ തരി മണലും ശിവനു തുല്യമാണ് എന്നര്‍ത്ഥം. കാശിയിലെത്തി പുണ്യസ്‌നാനം നടത്തി വിശ്വനാഥനായ ശിവനെ വണങ്ങിയില്ലെങ്കില്‍ ജീവിതം അപൂര്‍ണവും അര്‍ത്ഥശൂന്യവുമാകുമെന്ന് ഭക്തര്‍ കരുതുന്നു. അതിനാല്‍ ജീവിതത്തിലൊരിക്കലെങ്കിലും കാശിയിലെത്താന്‍ അവര്‍ ശ്രമിക്കുന്നു.
മഹാപണ്ഡിതനും ഇന്‍ഡോളജിസ്റ്റുമായിരുന്ന പി.വി. കാനെ (1880-1963) കാശിയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ”കാശിയെപ്പോലെ പ്രാചീനവും തുടര്‍ച്ചയുള്ളതും ആരാധ്യവുമായ മറ്റൊരു നഗരം ലോകത്തിന് അവകാശപ്പെടാനില്ല. കുറഞ്ഞപക്ഷം പതിമൂന്നു നൂറ്റാണ്ടെങ്കിലുമായി കാശി ഒരു പുണ്യ നഗരമാണ്. ഭാരതത്തിലെ മറ്റൊരു നഗരത്തിനും കാശിയെക്കാള്‍ ഹിന്ദുക്കളുടെ മതവികാരമുണര്‍ത്താന്‍ കഴിയില്ല.” ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് സഹസ്രാബ്ദങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്ന ഈ നഗരത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തും. ഇത് ആത്മീയമായ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ ആന്തരികശേഷിയുള്ള ഹിന്ദുമതത്തിന്റെ ചരിത്രം തന്നെയാണ്.
ഏഥന്‍സ് നഗരം മഹത്വത്തിന്റെ അസ്ഥിവാരമിടുന്നതിനും മുന്‍പ് കാശി നിലവിലുണ്ടായിരുന്നു. ഈജിപ്റ്റ് രൂപംകൊള്ളുന്നതിനു മുന്‍പും, റോം വെറുമൊരു നഗരമായിരുന്നപ്പോഴും കാശി സംസ്‌കാരത്തിന്റെ ഉന്നതമായ പടവുകള്‍ താണ്ടിയിരുന്നു. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ടാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഭാരതം സന്ദര്‍ശിച്ച അമേരിക്കക്കാരനും വിഖ്യാത സാഹിത്യകാരനുമായ മാര്‍ക് ട്വയ്ന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്: ”കാശിക്ക് ചരിത്രത്തെക്കാളും പാരമ്പര്യത്തെക്കാളും എന്തിനേറെ ഇതിഹാസത്തെക്കാളും ഇവയെല്ലാം കൂടിച്ചേര്‍ന്നതിന്റെ ഇരട്ടിയോളവും പഴക്കമുണ്ട്.” പ്രൊട്ടസ്റ്റന്റ് മിഷണറിയായിരുന്ന എം.എ.ഷെറിങ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ”കുറഞ്ഞത് 25 നൂറ്റാണ്ട് മുന്‍പെങ്കിലും കാശി പ്രസിദ്ധമാണ്. ബാബിലോണ്‍ മേധാവിത്വത്തിനുവേണ്ടി നിവേയുമായി പോരടിക്കുമ്പോള്‍, ടൈര്‍ നഗരം കോളനികള്‍ സ്ഥാപിക്കാന്‍ ആലോചിക്കുമ്പോള്‍, ഏഥന്‍സ് അതിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, റോം അറിയപ്പെടുന്നതിനു മുന്‍പോ ഗ്രീസ് പേര്‍ഷ്യയുമായി ഏറ്റുമുട്ടുന്നതിനു മുന്‍പോ, അതല്ലെങ്കില്‍ സൈറസ് പേര്‍ഷ്യന്‍ രാജവംശത്തിന് ലസ്റ്റര്‍ വിട്ടുകൊടുക്കുന്നതിനും, നെബുചാദ്‌നെസ്സാര്‍ ജെറുസലേം കീഴടക്കുന്നതിനും മുന്‍പേ, ജൂദായിലെ ജനങ്ങള്‍ തടങ്കലിലാവുന്നതിനു മുന്‍പേ കാശി, അവള്‍ മഹത്വത്തിലേക്ക് ഉയര്‍ന്നിരുന്നു.” കാശിയുടെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മാര്‍ക് ട്വയ്‌നും ഷെറിങ്ങും പറയുന്നതില്‍ അതിശയോക്തി തോന്നില്ല.
ലോകത്തിലെ ഏറ്റവും പ്രാചീന കൃതിയായി കരുതപ്പെടുന്ന ഋഗ്വേദത്തില്‍ കാശിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന സംസ്‌കൃത പണ്ഡിതനും ഗണിതജ്ഞനുമായ കാത്യായനന്‍ തന്റെ കൃതിയായ ‘വേദാനുക്രമണിക’യില്‍ ഋഗ്വേദത്തിലെ ഭരതന്‍ തന്റെ പേരിലുള്ള മന്ത്രം സമര്‍പ്പിക്കുന്നത് പൂര്‍വികനും കാശി രാജാവുമായിരുന്ന പ്രതാര്‍ത്ഥനാണ്. കാശി ഭരിച്ചിരുന്ന ദിവോദാസന്റെ മകനാണ് ഈ രാജാവ്. ഇന്ദ്രനെ സ്തുതിക്കുന്ന മറ്റൊരു ഋഗ്വേദമന്ത്രത്തില്‍ യയാതിയുടെ മകള്‍ മാധവിയുടെ മൂന്നു മക്കളെക്കുറിച്ച് പറയുന്നുണ്ട്. ഇതിലെ രണ്ടാമനാണ് കാശി ഭരിച്ച പ്രതാര്‍ത്ഥന്‍. ആദ്യത്തെയാള്‍ ശിബിയും മൂന്നാമന്‍ രൗഹിതാശ്വനും.
അഥര്‍വവേദത്തിലെ പിപ്പിലാദ സംഹിതയില്‍ കാശിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. കോസലം, വിദേഹം എന്നീ രാജ്യങ്ങളിലുള്ളവരുമായി കാശി നിവാസികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇതില്‍ പറയുന്നത്. വാരാണസിയിലെ ജലത്തിന് വിഷബാധയകറ്റാനുള്ള മാന്ത്രിക ശക്തിയുണ്ടെന്നും അഥര്‍വവേദം പരാമര്‍ശിക്കുന്നു. കാശി മുന്‍പ് വാരണാവതിയെന്നും അറിയപ്പെട്ടിരുന്നു. ബ്രാഹ്‌മണങ്ങളിലെത്തുമ്പോള്‍ കാശിയെക്കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ കാണാം. കാശിയിലെ രാജാവായ ധൃതരാഷ്ട്രനെ ഭാരത രാജാവ് ശതനിക പരാജയപ്പെടുത്തിയതായി പറയുന്നു. പരാജിതനായ രാജാവില്‍നിന്ന് ശതനിക കുതിരകളെ സ്വന്തമാക്കി യജ്ഞം നടത്തിയതായും വര്‍ണിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കാശി രാജാവായ കാശ്യയും യജ്ഞം നടത്തിയതായി പറയുന്നു. ശംഖായന ശ്രൗതസൂത്രത്തിലും കാശിയിലെ രാജാവായ കാശ്യയെക്കുറിച്ച് പരാമര്‍ശമുണ്ട്. ബാഹുധായന സൂത്രം കാശിയും വിദേഹവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു പറയുന്നു. ഗോപഥ ബ്രാഹ്‌മണത്തില്‍ പറയുന്നത് ഈ രണ്ട് രാജ്യങ്ങള്‍ക്കുമായി കാശി-കൗസല്യ എന്ന പേരുണ്ടായിരുന്നതായാണ്. ഉപനിഷത്തുകളിലും കാശിയെക്കുറിച്ചുള്ള സമൃദ്ധമായ പരാമര്‍ശങ്ങള്‍ കാണാം. ദാര്‍ശനികമായ ചര്‍ച്ചകള്‍ക്ക് മുഖ്യമായും വേദിയൊരുക്കിയത് കാശിയും വിദേഹവുമായിരുന്നുവെന്ന് ഉപനിഷത്തുകളിലുണ്ട്. കാശിയിലെ അജാത ശത്രുവിന്റെ കൊട്ടാരത്തിലും വിദേഹത്തിലെ ജനകന്റെ കൊട്ടാരത്തിലും ഇത്തരം അനേകം ചര്‍ച്ചകള്‍ നടന്നതായാണ് ബൃഹദാരണ്യകോപനിഷത്തും കൗശിതകി ഉപനിഷത്തും രേഖപ്പെടുത്തുന്നത്.
രാമായണകാലത്ത് കാശി പ്രശസ്തമായ സാമ്രാജ്യമാണ്. ദശരഥന്റെ ഭാര്യയായ സുമിത്രയുടെ നാട് കാശിയായിരുന്നു. കാശി രാജാവ് ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കാന്‍ വസിഷ്ഠ മഹര്‍ഷി മന്ത്രിയായ സുമന്ത്രരോട് പറയുന്നുണ്ട്. രാവണന്‍ അപഹരിച്ച സീതയെ കണ്ടുപിടിക്കുന്നതിനായി കാശിയിലും തെരച്ചില്‍ നടത്താന്‍ സംഘത്തലവനായ വിനിതനോട് സുഗ്രീവന്‍ പറയുന്നതായും രാമായണത്തില്‍ കാണുന്നു. മഹാഭാരതം കാശിക്ക് വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്. നാലു തലമുറയില്‍പ്പെട്ട കാശി രാജാക്കന്മാരെക്കുറിച്ച് മഹാഭാരതം വിവരിക്കുന്നു. ഹര്യാശ്വന്‍, സുദേവന്‍, ദിവോദാസന്‍, പ്രതാര്‍ഥന എന്നിവരാണിവര്‍. ഈ രാജാക്കന്മാര്‍ കാശിയുടെ അധികാരം നിലനിര്‍ത്തുന്നതിനായി അയല്‍രാജ്യങ്ങളുമായി പടവെട്ടി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, വലിയൊരു വ്യാപാരകേന്ദ്രമായ കാശിയെ ദിവോദാസന്‍ പുനര്‍നിര്‍മിച്ചതായും മഹാഭാരതത്തില്‍ പറയുന്നു. കാശിയെ ഇന്ദ്രന്റെ വാസഗേഹമായ അമരാവതിയോട് ഉപമിച്ചശേഷം ഗംഗയുടെ പടിഞ്ഞാറെ തീരത്തും ഗോമതിക്ക് തെക്കുമായാണ് അത് സ്ഥിതിചെയ്യുന്നതെന്ന് വിവരിക്കുന്നു. അനുജനായ വിചിത്രവീര്യനുവേണ്ടി ഭീഷ്മര്‍ ബലമായി പിടിച്ചുകൊണ്ടുവന്ന അംബയും അംബികയും അംബാലികയും കാശിയിലെ രാജകുമാരിമാരായിരുന്നുവല്ലോ. കുരുരാജാവായ പരീക്ഷിത്തിന്റെ മൂത്ത മകന്‍ ജനമേജയന്റെ ഭാര്യ വപുഷ്ടാമ കാശി രാജാവ് സുവര്‍ണ വര്‍മന്റെ മകളായിരുന്നു. കാശിരാജാവായിരുന്ന സര്‍വസേനന്റെ മകള്‍ സുനന്ദയെ വിവാഹം ചെയ്തത് ദുഷ്യന്തന്റെയും ശകുന്തളുടെയും മകന്‍ ഭരതനാണ്. കാശി രാജ്യത്തെക്കുറിച്ചും, പലകാലങ്ങളില്‍ അവിടെ ഭരണം നടത്തിയ രാജാക്കന്മാരെക്കുറിച്ചും വേറെയും പരാമര്‍ശങ്ങള്‍ മഹാഭാരതത്തിലുണ്ട്.
അസുരനായിരുന്ന ക്ഷേമകനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് പാഞ്ചാല രാജാവായ ദിവോദാസന്‍ കാശിയുടെയും രാജാവായത്. പിന്നീട് ഹര്യാശ്വനും സുദേവനും കാശി ഭരിച്ചു. തുടര്‍ന്ന് കുരുവംശത്തിന്റെ ഭരണം തുടര്‍ന്നു. അധികം വൈകാതെ കാശിയില്‍ അധികാരമേറ്റ സേനബിന്ദു പാഞ്ചാല രാജ്യത്തെ സൃഞ്ജയ ഗോത്രത്തില്‍പ്പെടുന്ന ഗോത്രവാഹന്റെ മകള്‍ സ്വര്‍ഗന്ധിനിയെ വിവാഹം ചെയ്തു. ഇവരിലുണ്ടായതാണ് അംബയും അംബികയും അംബാലികയും. സേനബിന്ദുവിന്റെ അതേ പേരിലുള്ള മകനുണ്ടായ ഗന്ധിനിയെ ശ്വഫാലകന്‍ വിവാഹം ചെയ്തു. മറ്റു മക്കള്‍ മഗധയിലെ രാജാക്കന്മാരെ വരിച്ചു. സേനബിന്ദു രണ്ടാമന്റെ ഒരേയൊരു മകന്‍ കാശി രാജാവ് എന്ന പേരില്‍ തന്നെ ഭരണം നടത്തി. ഹസ്തിനപുരിയുടെ രാജാവായി യുധിഷ്ഠിരന്‍ അഭിഷേകം ചെയ്യപ്പെട്ടതോടെ അര്‍ജുനന്‍ കാശി കീഴടക്കി. ഈ ചരിത്രം പിന്നെയും നീളുകയാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവപക്ഷം ചേര്‍ന്ന് കാശിരാജാവായ അഭിനന്ദനും മകനായ പ്രകാണ്ഡും വിഭുവും പോരാടുന്നുണ്ട്. ഇങ്ങനെ മഹാഭാരത കഥയിലും കാശി നിറഞ്ഞുനില്‍ക്കുന്നു.
പുരാണങ്ങളിലും പുണ്യ നഗരമാണ് കാശി. കാശിക്ക് പല പേരുകളുണ്ട്. അവിമുക്തം, ആനന്ദകാനനം, മഹാശ്മശാനം, വാരാണസി, ബ്രഹ്‌മാവര്‍ത്ത, സുദര്‍ശന, സുരന്ദന, രമ്യ. ഓരോ പേരുകളുമായി ബന്ധപ്പെട്ട കഥകളുമുണ്ട്. ശോഭിക്കുന്നത് എന്നതാണ് കാശിയുടെ അര്‍ത്ഥം. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേത് കാശിയിലാണ്. സ്‌കന്ദ പുരാണത്തിലെ കഥ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വയംഭൂവായ ശിവലിംഗം കാശിയുടെ മണ്ണില്‍ ആവിര്‍ഭവിച്ചപ്പോള്‍ അതിന്റെ പ്രകാശം സ്വര്‍ഗത്തിലേക്കു പരന്നു. ഇതാണ് കാശിക്ക് ‘പ്രകാശിക്കുന്ന നഗരം’ എന്ന പേരുവരാന്‍ കാരണമത്രേ. പരമശിവന്‍ ഒരിക്കലും ഉപേക്ഷിച്ചുപോകാത്ത നഗരമായതിനാലാണ് ‘അവിമുക്തം’ എന്ന പേരു വന്നത്. ശിവന് അവിമുക്തേശ്വരന്‍ എന്നും പേരുണ്ട്. ഈശ്വരാനുഭൂതി നല്‍കുന്ന പ്രദേശം എന്ന നിലയ്ക്കാണ് ആനന്ദകാനനം. കാശിയില്‍ ഗംഗയുടെ തീരത്തെ മഹാശ്മശാനങ്ങളാണ് മണികര്‍ണികാ ഘട്ടും ഹരിശ്ചന്ദ്ര ഘട്ടും. മരണശേഷം ഇവിടെ സംസ്‌കരിക്കപ്പെടുമ്പോള്‍ മനുഷ്യശരീരമാകുന്ന പഞ്ചഭൂതങ്ങളഴിഞ്ഞില്ലാതായി പുനര്‍ജന്മങ്ങളില്ലാത്ത മോക്ഷം ലഭിക്കുമെന്നതിനാലാണ് മഹാശ്മശാനം എന്ന പേരു വന്നത്. ഗംഗയുടെ കൈവഴികളായ വാരണ, അസി എന്നീ നദികള്‍ക്കിടയില്‍ കിടക്കുന്ന പ്രദേശമായതിനാലാണ് വാരാണസി എന്നറിയപ്പെട്ടത്.
സ്‌കന്ദ പുരാണത്തില്‍ ദിലീപന്റെ പിന്മുറക്കാരനാണ് ഗംഗയെ കാശിയിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. കാശിയില്‍ മൃതിയടയുന്ന മനുഷ്യന്റെ ആത്മാവ് പ്രയത്‌നമേതുമില്ലാതെ മോക്ഷം പ്രാപിക്കുന്നു എന്നും സ്‌കന്ദ പുരാണത്തിലുണ്ട്. കാശിയില്‍ മരിക്കുന്നയാള്‍ കര്‍മ്മബന്ധങ്ങളില്‍നിന്ന് വിടുതല്‍ നേടുന്നതിനെക്കുറിച്ചുള്ള അറിവില്ലാതെതന്നെ ചന്ദ്രകലാധരനായ ഭഗവാന്റെ അനുഗ്രഹത്താല്‍ അനശ്വരനാവുന്നു എന്നാണ് അഗസ്ത്യനോട് സ്‌കന്ദന്‍ പറയുന്നത്.
മഹാജനപഥങ്ങളിലൊന്നായ കാശി ഭാരതത്തില്‍ രൂപംകൊണ്ട മതങ്ങള്‍ക്കൊക്കെയും പ്രിയമുള്ളതായിരുന്നു. ഗൗതമബുദ്ധന്റെ ജീവിതത്തില്‍ കാശി നിര്‍ണായക പങ്കു വഹിച്ചു. അന്നത്തെ കാശിയുടെ പ്രാന്തപ്രദേശമായ സാരനാഥിലായിരുന്നു ബുദ്ധന്റെ ആദ്യ ഉല്‍ബോധനം. ഗയയില്‍ നിന്ന് ഓരോരോ നാടുകള്‍ താണ്ടി ഏഴ് ആഴ്ചകൊണ്ട് ബുദ്ധന്‍ കാശിയിലെത്തി. ഈ യാത്രക്കിടെ ഒരു സന്ന്യാസി ബുദ്ധനോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. ”ധര്‍മത്തിന്റെ ചക്രം തിരിക്കാന്‍ കാശിയിലേക്ക്” എന്നായിരുന്നു മറുപടി. ഗംഗ കടന്ന് കാശിയിലെത്തിച്ചേര്‍ന്ന ഗൗതമന്‍ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്ന അഞ്ച് തപസ്വികളെ സാരനാഥില്‍ കണ്ടുമുട്ടി. കാശി രാജ്യത്തോട് ചേര്‍ന്നുകിടക്കുന്ന സാരനാഥിന് അന്ന് ഋഷിപട്ടണം എന്നും പേരുണ്ടായിരുന്നു. തഥാഗതനെ തപസ്വികള്‍ സന്തോഷത്തോടെ സ്വീകരിച്ചു. അതിഗംഭീരമായ പെരുമാറ്റത്തില്‍നിന്ന് ബുദ്ധന് ബോധോദയം വന്നുവോ എന്നോര്‍ത്ത് അവര്‍ അത്ഭുതപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ തന്റെ ഉദ്‌ബോധനങ്ങള്‍ ശ്രവിക്കാന്‍ അവരോട് പറഞ്ഞു. ദുഃഖത്തെക്കുറിച്ചും അതില്‍നിന്നുള്ള മോചനത്തെക്കുറിച്ചുമാണ് താന്‍ പഠിപ്പിക്കുന്നതെന്ന് ബുദ്ധന്‍ അറിയിച്ചു. അവിടെ ബുദ്ധമതം പിറക്കുകയായിരുന്നു. ബുദ്ധന്‍ മാനവകുലത്തിന്റെ വിമോചകനായി മാറിയപ്പോള്‍ കാശിക്കും ആ മഹത്വത്തില്‍ ഒരു പങ്കുണ്ട്.
ബുദ്ധഭഗവാന്റെ അവതാര മഹിമയെക്കുറിച്ച് പറയുന്ന ജാതകകഥകളില്‍ സമൃദ്ധിയുടെയും ഏഴ് രത്‌നങ്ങളുടെയുമൊക്കെ നഗരമായി കാശിയെ വര്‍ണിക്കുന്നുണ്ട്. ഗംഗയുടെ കരയില്‍ പന്ത്രണ്ട് യോജന പരന്നുകിടക്കുന്ന കാശിയിലെ വിവിധഘട്ടുകളെക്കുറിച്ചും, ഭക്തരുടെ പുണ്യസ്‌നാനത്തെക്കുറിച്ചും, മരിച്ചവരെ സംസ്‌കരിക്കുന്നതിനെക്കുറിച്ചുമൊക്കെ വിവരിക്കുകയും ചെയ്യുന്നു. ഭാരതത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കാശിക്കുള്ള പ്രാമുഖ്യത്തെക്കുറിച്ചും അവിടുത്തെ വൈജ്ഞാനിക സമ്പത്തിനെക്കുറിച്ചും ജാതകകഥകളില്‍ വിവരണമുണ്ട്. കാശിയിലെ ജ്ഞാനികളായ ആളുകളെ ഭയന്ന് ഋഷിഗണങ്ങള്‍പോലും അവിടേക്കു പോകാന്‍ മടിക്കുകയായിരുന്നുവത്രേ. കാശി നിവാസികള്‍ പാവങ്ങളെയും താന്തോന്നികളെയും ഭിക്ഷക്കാരെയും സഹായിക്കാന്‍ മനസ്സുള്ളവരും, താപസന്മാര്‍ക്കും പരിവ്രാജകരായ സംന്യാസിമാര്‍ക്കും ഭയഭക്തിയോടെ ഭക്ഷണം നല്‍കുന്നവരുമാണ്. നീതിയും സമത്വവും പുലര്‍ന്നിരുന്ന കാശിയിലെ രാജസേവകര്‍ സത്യസന്ധരായിരുന്നു. തര്‍ക്കങ്ങളും പരാതികളുമൊന്നും രാജാവില്‍ എത്താറില്ല. ഇതുകൊണ്ടാവണം രാജാവ് നീതിബോധത്തോടെയാണ് ഭരിക്കുന്നതെങ്കില്‍ പ്രകൃതി സന്തുലിത ഭാവം പ്രകടിപ്പിക്കുമെന്നും, രാജാവ് നീതിമാനല്ലെങ്കില്‍ പ്രകൃതിക്ക് താളംതെറ്റുമെന്നുമുള്ള വിശ്വാസം കാശി നിവാസികളില്‍ വേരുറച്ചത്. പ്രകൃതിക്ക് താളം തെറ്റിയാല്‍ എണ്ണയ്ക്കും തേനിനും മധുരഫലങ്ങള്‍ക്കും സ്വാദും നിറവുമൊക്കെ നഷ്ടപ്പെടുമത്രേ. തന്റെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമറിയാന്‍ കാശിയിലെ രാജാവ് രാത്രികാലങ്ങളില്‍ വേഷപ്രച്ഛന്നനായി നടക്കുക പതിവാണ്. കാശിയിലെ മരപ്പണിക്കാരെക്കുറിച്ചും മന്ത്രിവാദിനികളെക്കുറിച്ചും മദിരോത്സവത്തെക്കുറിച്ചും മല്ലയുദ്ധത്തെക്കുറിച്ചും മറ്റും ജാതകകഥകളില്‍ വിവരണമുണ്ട്. വിവിധതരം കൃഷിക്കാര്‍, നായാട്ടുകാര്‍, പാമ്പാട്ടികള്‍, ആനയെ മെരുക്കുന്നവര്‍ സിന്ധില്‍ (ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെടുന്ന പ്രദേശം)നിന്ന് കാറ്റിന്റെ വേഗതയില്‍ പറക്കുന്ന കുതിരകളെ ഇറക്കുമതി ചെയ്യുന്നവര്‍, ശില്‍പവേലക്കാര്‍, കച്ചവടക്കാര്‍ എന്നിവരൊക്കെയുള്ള സ്വയം സമ്പൂര്‍ണമായ നഗരമായിരുന്നു കാശി. വിദൂരഭൂതകാലത്തുപോലും പട്ടുടയാടകള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും കുപ്പിവളകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമൊക്കെ കാശി പ്രസിദ്ധമായിരുന്നു. സ്വര്‍ണക്കസവു തുന്നിപ്പിടിപ്പിച്ച ചുവപ്പും മഞ്ഞയും നീലയും നിറങ്ങളിലുള്ള പട്ടുചേലകള്‍ കാശിയുടെ പ്രത്യേകതകളിലൊന്നായിരുന്നു.
വിദ്യയുടെ കേന്ദ്രമായി പരിലസിച്ച നഗരമായിരുന്നു കാശി. കാശിയിലെ ആശ്രമങ്ങളിലും ആരണ്യകേന്ദ്രങ്ങളിലും വേദങ്ങളെയും ഉപനിഷത്തുകളെയും മറ്റു ദര്‍ശനങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. 2000 കിലോമീറ്റര്‍ അകലെയുള്ള ഇന്നത്തെ പാകിസ്ഥാനില്‍പ്പെടുന്ന തക്ഷശിലയുമായി കാശിക്കുള്ള അടുത്തബന്ധത്തെക്കുറിച്ചും, വിശ്വപ്രസിദ്ധമായ ആ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോയിരുന്നതിനെക്കുറിച്ചും ജാതകകഥകളില്‍ പറയുന്നുണ്ട്. വടക്ക് കോസലം, കിഴക്ക് മഗധ, പടിഞ്ഞാറ് വത്സ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെറുരാജ്യമായ കാശി പതിനാറ് മഹാജനപദങ്ങളില്‍ ഏറ്റവും ശക്തമായിരുന്നുവത്രേ. കോസലവും മഗധയും കാശി പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. ഇതിനാല്‍ കാശിയിലെ രാജാക്കന്മാര്‍ക്ക് നിരന്തരം പോരാടുകയും ചെയ്യേണ്ടിയിരുന്നു. ബുദ്ധന്റെ കാലത്ത് കോസല രാജ്യത്തിന്റെ ഭാഗമായിരുന്നു കാശി. പിന്നീട് കാശിയും കോസലവും മഗധയുടെ ഭാഗമായി. കോസല രാജാവായിരുന്ന മഹാകോസലന്റെ മകള്‍ കോസല ദേവിയെ മഗധ ഭരിച്ചിരുന്ന ബിംബിസാരന് വിവാഹം ചെയ്തു കൊടുത്തപ്പോള്‍ അവള്‍ക്ക് കുളിക്കാനും സുഗന്ധദ്രവ്യങ്ങള്‍ക്കുമായുള്ള ചെലവിന് കാശിയിലെ ഏറെ വരുമാനമുള്ള ഒരു നഗരം സമ്മാനിച്ചുവെന്നാണ് കഥ. ഇതൊക്കെ കാശിയുടെ ചരിത്രപ്രാധാന്യത്തിന് തെളിവാണ്.
ജൈനമതത്തിന്റെ ആത്മീയ പൈതൃകവും കാശിയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുറഞ്ഞത് നാല് തീര്‍ത്ഥങ്കരന്മാരെങ്കിലും ജനിച്ചതും വളര്‍ന്നതും കാശിയിലാണ്. ഏഴാമത്തെ തീര്‍ത്ഥങ്കരനായ സുപാര്‍ശ്വനാഥ്, എട്ടാമത്തെ തീര്‍ത്ഥങ്കരനായ ചന്ദ്രപ്രഭു, പതിനൊന്നാമത്തെ തീര്‍ത്ഥങ്കരനായ ശ്രേയാംശനാഥ്, ഇരുപത്തിമൂന്നാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥ് എന്നിവരാണിവര്‍. ഇതിനാല്‍ കാശി ജൈനമതക്കാരുടെയും തീര്‍ത്ഥാടന കേന്ദ്രമായി. സുപാര്‍ശ്വനാഥ്, പാര്‍ശ്വനാഥ് എന്നിവര്‍ ജനിച്ചതും ദീക്ഷ സ്വീകരിച്ചതും കേവലജ്ഞാനം നേടിയതും കാശിയുടെ മണ്ണിലാണ്. പാര്‍ശ്വനാഥന്റെ ജീവിതംകൊണ്ട് കാശിയുടെ മണ്ണ് പവിത്രമായെന്നും പറയപ്പെടുന്നു. ഇതുകൊണ്ടാവാം ഇരുപത്തിയഞ്ച് ദിഗംബര-ശ്വേതാംബര ക്ഷേത്രങ്ങള്‍ കാശിയില്‍ കണ്ടെത്താനാവും. ജൈനമതത്തിന്റെ സിരാകേന്ദ്രമായിരുന്നു കാശി എന്നര്‍ത്ഥം. ഇതുകൊണ്ട് ജൈനസാഹിത്യത്തില്‍ കാശിയെ വിശേഷിപ്പിക്കുന്നത് ‘ജൈന തീര്‍ത്ഥം’ എന്നാണ്.
സിഖ് മതവിശ്വാസികള്‍ക്കും കാശി പരിപാവനമായ ഇടമാണ്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 1506 ല്‍ വാരാണസി സന്ദര്‍ശിച്ച് കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയുണ്ടായി. തന്റെ മതദര്‍ശനങ്ങളെക്കുറിച്ച് കാശിയിലെ പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയ ഗുരുനാനാക്ക് സന്ത് കബീറിന്റെയും മറ്റും സാരോപദേശങ്ങള്‍ സമാഹരിക്കുകയുണ്ടായി. ആറാമത്തെ സിഖ് ഗുരുവായ ഹര്‍ഗോവിന്ദ് തന്റെ മതദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ കാശിയിലേക്ക് ഒരു പ്രധാന ശിഷ്യനെ അയച്ചു. ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി ജീവത്യാഗം ചെയ്ത ഒന്‍പതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂര്‍ രണ്ട് പ്രാവശ്യമാണ് കാശി സന്ദര്‍ശിച്ചിട്ടുള്ളത്. തേജ് ബഹാദൂറിന്റെ മകനും പത്താമത്തെ സിഖ് ഗുരുവുമായ ഗോവിന്ദ് റായും മാതാവുമൊത്ത് കാശി സന്ദര്‍ശിക്കുകയുണ്ടായി. സിഖ് മതം പ്രചരിപ്പിക്കുന്നതിനായി സംസ്‌കൃത ഭാഷ പഠിച്ച് അറിവുനേടുന്നതിനായി തന്റെ അഞ്ച് അനുയായികളെ ഗോവിന്ദ് കാശിയിലയച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ കാശിയില്‍ വസിച്ചിരുന്ന സന്ത് രാമാനന്ദിന്റെ വചനങ്ങള്‍ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബില്‍ ഉള്‍പ്പെടുത്തിയതായും പറയപ്പെടുന്നു. വൈഷ്ണവ മതാനുയായി ആയിരുന്ന രാമാനന്ദ തമിഴ്‌നാട്ടിലെ രാമാനുജന്റെ (1017-1137)ശിഷ്യനും കബീറിന്റെ ആത്മീയാചാര്യനുമായിരുന്നു. രാമാനന്ദ-കബീര്‍ പന്തികള്‍ക്ക് ഉത്തരഭാരതത്തില്‍ വലിയ പ്രചാരം ലഭിച്ചു.
അദ്വൈതാചാര്യനായ ആദിശങ്കരനും കാശി സന്ദര്‍ശിക്കുകയുണ്ടായി. ചണ്ഡാലന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട പരമശിവന്‍ ആത്മാവിന് ഉച്ചനീച ഭേദമില്ലെന്ന് ആദിശങ്കരനെ പഠിപ്പിച്ചത് കാശിയില്‍ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കല്‍ ബ്രഹ്‌മാവ് കാശിയും സ്വര്‍ഗവും തൂക്കിനോക്കി. ഏറെ കനമുള്ള കാശിയുടെ തട്ട് താഴുകയും ദൈവങ്ങളെല്ലാം വസിക്കുന്ന സ്വര്‍ഗത്തിന്റെ തട്ട് ഉയരുകയുമാണ് ചെയ്തതെന്ന് മണികര്‍ണികാ സ്‌തോത്രത്തില്‍ ആദിശങ്കരന്‍ പറയുന്നു. കവികുലഗുരുവായ കാളിദാസന്‍ കാശി സന്ദര്‍ശിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ സന്ത് കബീറിന്റെ ജന്മനഗരംതന്നെ കാശിയാണ്. പതിനാറാം നൂറ്റാണ്ടില്‍ ഗോസ്വാമി തുളസീദാസ് രാമചരിതമാനസവും ഹനുമാന്‍ ചാലിസയും രചിച്ചത് കാശിയില്‍ താമസിച്ചായിരുന്നു. കര്‍ണാടക സംഗീതത്തിന്റെ കുലപതികളിലൊരാളായ മുത്തുസ്വാമി ദീക്ഷിതര്‍(1775-1835) ഹിന്ദുസ്ഥാനി രാഗങ്ങള്‍ പഠിക്കുന്നതിനായി ഗുരുവുമൊത്ത് കാശിയില്‍ വരികയുണ്ടായി. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംസ്‌കൃത പണ്ഡിതനും വ്യാകരണ ഗ്രന്ഥമായ അഷ്ടാധ്യായിയുടെ രചയിതാവുമായ പാണിനി, വൈഷ്ണവ മതാചാര്യനായിരുന്ന രാമാനുജന്‍, ദ്വൈതചിന്ത അവതരിപ്പിച്ച മാധവാചാര്യന്‍, കര്‍ണാടകയിലെ വീരശൈവ മതസ്ഥാപകനായ ബസവണ്ണ തുടങ്ങിയവരുടെ ജീവിതവും കാശിയുടെ ചരിത്രവുമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭക്തിപ്രസ്ഥാനകാലത്തെ ആചാര്യന്മാരില്‍ ഒരാളായിരുന്ന രവിദാസ് ജനിച്ചതും കാശിയിലാണ്. ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയും മത-സാമൂഹ്യ പരിഷ്‌കരണങ്ങളുടെ ഭാഗമായി കാശിയിലെത്തിയിരുന്നു. ”ഗ്രന്ഥങ്ങള്‍ വായിച്ചാലല്ലാതെ ദൈവത്തെക്കുറിച്ച് അറിയാനാവില്ലെന്ന് പലരും കരുതുന്നു. പക്ഷേ വായിക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കുന്നതാണ്. കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കാണുന്നതും. കാശിയെക്കുറിച്ച് കേള്‍ക്കുന്നത് വായിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണ്. കാശി നേരില്‍ കാണുന്നതാകട്ടെ കേള്‍ക്കുന്നതില്‍നിന്നും വായിക്കുന്നതില്‍നിന്നും വ്യത്യസ്തമാണ്” എന്നാണ് രാമകൃഷ്ണപരമഹംസര്‍ പറഞ്ഞിട്ടുള്ളത്. സ്‌കൂള്‍ പഠന കാലത്ത് പാഠപുസ്തകത്തില്‍ കാശിയുടെ ഒരു ചിത്രം കണ്ട് മാക്‌സ്മുള്ളര്‍ക്ക് ഭാരതീയസംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ പ്രചോദനമുണ്ടായതായി പറയപ്പെടുന്നു. കാശിയിലെ സാംസ്‌കാരികമായ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ആശയങ്ങള്‍ അനുസ്യൂതവും അതിഗംഭീരവുമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്ന കവിയും കഥാകാരനുമൊക്കെയായ ബേതാബ് വാരാണസിയുടെ രസകരമായ വരികള്‍ കടമെടുത്ത് പറഞ്ഞാല്‍ ”മടിയന്മാര്‍ ഒരിക്കലും കാശിയെ വിട്ടുപോകില്ല. കാരണം മരിച്ചാല്‍ മോക്ഷം ലഭിക്കും, ജീവിച്ചിരുന്നാല്‍ ഇഷ്ടമുള്ള മാമ്പഴം വേണ്ടുവോളം കഴിക്കാം.”
കാശിക്ക് ചരിത്രത്തെക്കാളും പാരമ്പര്യത്തെക്കാളുമൊക്കെ പലമടങ്ങ് പഴക്കമുണ്ടെന്ന് മാര്‍ക്ക്ട്വയ്ന്‍ പറഞ്ഞതിനു കാരണമുണ്ട്. ഖൊരഖ്പൂര്‍ ഐഐടി ജിപിഎസ് സംവിധാനം ഉപയോഗിച്ച് നടത്തിയ ഭൗമ പര്യവേഷണ പഠനത്തില്‍ വ്യക്തമായത് കാശി നഗരത്തിന് സൈന്ധവ നാഗരികതയുടെ കാലംതൊട്ടുള്ള 6000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്. വെറുതെയല്ല ഫ്രഞ്ച് ചരിത്രകാരനും പിന്നീട് ശിവഭക്തനുമായിത്തീര്‍ന്ന അലന്‍ ഡാനില്യൂ ഇങ്ങനെ പറഞ്ഞത്: ”കാശി സ്ഫുടം ചെയ്‌തെടുത്ത നഗരമാണ്. പൗരാണിക ഭാരതത്തിന്റെ ആത്മീയ-സാംസ്‌കാരിക തലസ്ഥാനം എന്നതാണ് അതിന്റെ ഭംഗി. കാശി എല്ലായിപ്പോഴും വിശുദ്ധ നഗരമാണ്. ജ്ഞാനത്തിന്റെയും കലയുടെയും ആനന്ദത്തിന്റെയും നഗരം. ഭാരതീയ നാഗരികതയുടെ ഹൃദയം. അതിന്റെ തുടക്കമാകട്ടെ പുരാതനത്വത്തിന്റെ മൂടല്‍മഞ്ഞില്‍ മറഞ്ഞിരിക്കുകയും ചെയ്യുന്നു.”
ഏഴാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് കാശിയിലെത്തുകയുണ്ടായി. ഗംഗയുടെ പടിഞ്ഞാറെ കരയില്‍ അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന അന്നത്തെ കാശിയില്‍ കണ്ട കാഴ്ചകള്‍ ഹുയാന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധഭിക്ഷുക്കളുടെ കൂട്ടത്തെയും നൂറു കണക്കിന് ക്ഷേത്രങ്ങളും, ദേഹമാകെ ഭസ്മം ധരിച്ചവരും കുടുമവച്ചവരും തലമുണ്ഡനം ചെയ്തവരുമായ ആയിരക്കണക്കിന് പൂജാരിമാരെയും താന്‍ കാശിയില്‍ കാണുകയുണ്ടായെന്ന് ഹുയാന്‍ സാങ് പറയുന്നു.
അടുത്തത്: പൗരാണികമായ കാശിവിശ്വനാഥ ക്ഷേത്രം