കമ്മ്യൂണിസം എന്നത് കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും ഒരു മുഴുത്ത തമാശയായി മാറിയിട്ട് കാലങ്ങളായി. എന്നാല്‍ കേരളത്തിലത് മനുഷ്യന്റെ യുക്തിബോധത്തെയും ചരിത്രബോധത്തെയും ഒക്കെ പരിഹസിക്കുന്ന ഒരു കറുത്ത ഫലിതമായി പൊതുമണ്ഡലത്തില്‍ നിറയുന്നു. മനുഷ്യന്റെ സാമാന്യ ബോധത്തെ തന്നെ കാല്‍പ്പനിക മണ്ടത്തരങ്ങള്‍കൊണ്ട് മയക്കി കിടത്തുന്നതില്‍ കമ്മ്യൂണിസം വിജയിച്ച ഭൂമിയിലെ ഏക ഭൂപ്രദേശമെന്ന ഖ്യാതിയാണ് ഇന്ന് കേരളത്തിനുള്ളത്. തെമ്മാടിത്തരങ്ങള്‍ ചെയ്യുകയും അതിനെ ചരിത്ര സംഭവമായി മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ എല്ലാ കാലത്തും മുന്നിലായിരുന്നു. എസ്.എഫ്.ഐ.ക്കാരിയായിരുന്ന പത്തൊമ്പത് വയസ്സുകാരിക്ക് ഇരട്ടി പ്രായമുള്ള ഡി.വൈ.എഫ്.ഐ.ക്കാരനില്‍ നിന്നും വിവാഹപൂര്‍വ്വ ബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ അവകാശ വിചാരണ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി തങ്ങളെല്ലാം മനുഷ്യപക്ഷത്ത് നിലനില്‍ക്കുന്ന പുരോഗമന വാദികളാണ് എന്ന് മേനി നടിക്കുന്ന മലയാളികളെക്കുറിച്ച് സഹതപിക്കാന്‍ പോലും കഴിയുന്നില്ല. അമ്മയുടെ അവകാശങ്ങളെക്കുറിച്ചും പൈതൃക മഹത്വത്തെക്കുറിച്ചും ഒക്കെ വാചാലരാകുന്ന ഇടതുപക്ഷ മന്ത്രിമാരെ വരെ നാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കാണുകയാണ്. ഇതുവരെ അമ്മയുടെയും കുഞ്ഞിന്റെയും മനുഷ്യാവകാശങ്ങള്‍ ആസൂത്രിതമായി നിഷേധിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് സി.പി.എം. പേരൂര്‍ക്കട ലോക്കല്‍ കമ്മറ്റി ഓഫീസ് വരെ വഹിച്ച പങ്കുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിരി പൊട്ടാത്ത മലയാളി ഉണ്ടാവില്ല. അതുകൊണ്ടാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും കമ്മ്യൂണിസം ഒരു മുഴുത്ത ഫലിതമാണ് എന്ന് ആദ്യമെ പറഞ്ഞത്.
കുടുംബം, സദാചാരം തുടങ്ങിയ എസ്റ്റാബ്ലിഷ്‌മെന്റുകളിലൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു കാലത്തും വിശ്വാസമുണ്ടായിരുന്നിട്ടില്ല. എന്നു മാത്രമല്ല ഇത്തരം മൂല്യബോധങ്ങളെ തകര്‍ക്കാന്‍ എല്ലാ കാലത്തും അവര്‍ പരിശ്രമിച്ചിട്ടും ഉണ്ട്. സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്റെ കാലത്ത് നിലവില്‍ വന്ന കളക്ടീവ് ഫാമുകള്‍ ഇതിനുദാഹരണമാണ്. ലൈംഗിക വികാരം ഒരു മൃഗവാസനയാണെന്നും അതിനെ വിവാഹമെന്ന സ്ഥാപനവല്‍ക്കരണത്തില്‍ കുടുക്കരുതെന്നും നിര്‍ബന്ധമുണ്ടായിരുന്ന സ്റ്റാലിന്‍ സ്ഥാപിച്ച കളക്ടീവ് ഫാമുകളില്‍ അച്ഛനാരെന്നറിയാത്ത നിരവധി കുഞ്ഞുങ്ങള്‍ പിറന്നു. കേരളത്തിലടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളെ ഏറെ സ്വാധീനിച്ച ഈ കൃഷി എ.കെ.ജിയെപ്പോലുള്ള ഉന്നത നേതാക്കന്മാരില്‍ വരെ ദുഷ്‌പ്പേരുണ്ടാക്കാന്‍ കാരണമായി.പാര്‍ട്ടി സഖാക്കളുടെ ഒളിവുകാല ജീവിത കഥകള്‍ പലതും പുറത്ത് പറയാന്‍ പറ്റാത്ത അപസര്‍പ്പക കഥകളായി മാറുന്നതില്‍ ഈ കളക്ടീവ് ഫാം സ്വാധീനം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. മലയാളികളില്‍ കുറെപ്പേരെങ്കിലും ഇപ്പോഴും കമ്മ്യൂണിസ്റ്റ് പുരോഗമന ചിന്തകളിലേയ്ക്ക് എത്തിച്ചേരാത്തതുകൊണ്ടാണ് ഇടയ്ക്ക് പാര്‍ട്ടി ഓഫീസുകളില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ തീവ്രത അളക്കുവാന്‍ പാര്‍ട്ടിക്കോടതി കൂടേണ്ടി വരുന്നത്. ശശി എന്നത് കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഒരു പേരല്ല-പ്രതിഭാസമാണെന്ന് ഇനി എന്നാണ് പ്രബുദ്ധ മലയാളി മനസ്സിലാക്കുക.
പറഞ്ഞുവന്നത് പേരൂര്‍ക്കടയിലെ എസ്.എഫ്.ഐ.പ്രവര്‍ത്തക അനുപമയ്ക്ക് ഡി.വൈ.എഫ്.ഐക്കാരനായ സഹപ്രവര്‍ത്തകനില്‍ നിന്നും വിവാഹപൂര്‍വ്വ ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ മാതാവിന്റെ അനുമതി ഇല്ലാതെ ദത്തു നല്‍കിയ വിഷയമാണ്. സ്ത്രീ സുരക്ഷക്കെന്ന പേരില്‍ നവോത്ഥാന മതില്‍ പണിഞ്ഞ സി.പി.എം എക്കാലത്തും ലിംഗനീതിയെക്കുറിച്ച് വാചാലരാകാറുണ്ട്. സദാചാരപോലീസ് ചമയുന്നവര്‍ക്കെതിരെ ചുംബന സമരവും ആലിംഗന സമരവും ആര്‍ത്തവ സമരവുമൊക്കെ നടത്തിയ പാരമ്പര്യമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സഖാക്കള്‍ നടത്തുന്ന സ്ത്രീ പീഡനങ്ങളോടും സ്ത്രീവിരുദ്ധ നിലപാടുകളോടും എന്നും മൃദുസമീപനമാണ് പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇക്കാര്യത്തിലൊക്കെ പത്തരമാറ്റ് സവര്‍ണ്ണ മാടമ്പി മനോഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകളെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല.
എം.ജി.സര്‍വ്വകലാശാലയില്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന തെറ്റിന് എസ്.എഫ്.ഐ ഗുണ്ടകളില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയ എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് കമ്മ്യൂണിസ്റ്റ് കുട്ടിനേതാക്കള്‍ പറഞ്ഞത് ‘മാറി നിക്കെടി പുലച്ചി എന്നാണ്.’ നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ എസ്.സി. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് ‘പുലയക്കുടി’ എന്നു പേരിട്ട എസ്.എഫ്.ഐക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ല. എന്നു മാത്രമല്ല എസ്.എഫ്.ക്ക് എതിരെ നിന്നാല്‍ അച്ഛനില്ലാത്ത കുട്ടി ഉണ്ടാകും എന്നും ഭീഷണി മുഴക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥായിയായ മനോഭാവം വ്യക്തമാക്കുന്ന തിരുവായ് മൊഴികളാണ്. പേരൂര്‍ക്കട സ്വദേശിനി അനുപമ എസ്.എഫ്.ഐ ക്ക് ഒപ്പം നിന്നിട്ടും വിവാഹത്തിനു മുമ്പുതന്നെ കുട്ടി ഉണ്ടായി എന്നതാണ് ഇന്നത്തെ കേരളത്തിലെ ചര്‍ച്ചാ വിഷയം. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐ യിലും പ്രവര്‍ത്തിക്കാന്‍ പെണ്‍മക്കളെ അയക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നു മാത്രം പറയട്ടെ. ഇനി ഈ പൈതൃക ചര്‍ച്ചയുടെ ധാര്‍മ്മികതയിലേയ്ക്ക് വന്നാല്‍ കമ്മ്യൂണിസ്റ്റ് ജീര്‍ണ്ണതയുടെ ആഴങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. മറ്റൊരുവന്റെ ഭാര്യയെ തട്ടി എടുത്ത ഡി.വൈ.എഫ്.ഐ.നേതാവ്, മകളാകാന്‍ പ്രായമുള്ള എസ്.എഫ്.ഐക്കാരിയില്‍ കുട്ടിയെ ജനിപ്പിക്കുകയും പെണ്‍കുട്ടിയുടെ പിതാവ് തന്റെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ദുരഭിമാന ചിന്തയാല്‍ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി വഴി നാടുകടത്തുകയും ചെയ്തു എന്നതാണ് കഥ.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ.സംസ്ഥാന സമിതി അംഗവുമായ ഷിജുഖാനാണ് ശിശുക്ഷേമ സമിതിയുടെ സെക്രട്ടറി. എന്നു പറഞ്ഞാല്‍ പാര്‍ട്ടി അറിഞ്ഞു നടത്തിയ നാടകമാണ് ഇതെല്ലാം എന്നു വരുന്നു. തന്റെ കുഞ്ഞിനെ ദുരഭിമാന ഭയത്താല്‍ വീട്ടുകാര്‍ നാടുകടത്തിയിട്ട് മാസങ്ങളോളം അനുപമ നിശബ്ദത പാലിക്കുകയും ഗര്‍ഭത്തിന് ഉത്തരവാദിയായവന്‍ മുന്‍ ഭാര്യയെ മൊഴിചൊല്ലി വരാന്‍ തയ്യാറായപ്പോള്‍ അവരിലെ മാതൃത്വം സടകുടഞ്ഞ് എഴുന്നേല്‍ക്കുകയും ആണ് ഉണ്ടായതെന്ന് അടക്കം പറയുന്നവരും ഉണ്ട്. എന്തായാലും മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ടും ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ സര്‍ട്ടിഫിക്കറ്റ് ‘ചൈല്‍ഡ് വെല്‍ഫെയര്‍’ കമ്മറ്റി വഴി ശിശുക്ഷേമ സമിതി സംഘടിപ്പിച്ചതില്‍ നിന്നു തന്നെ ഉന്നതമായ രാഷ്ട്രീയ ഗൂഢാലോചന ഈ കേസില്‍ ഉണ്ടെന്ന് തെളിയുകയാണ്. കുഞ്ഞിന്റെയും അമ്മയുടെയും മനുഷ്യാവകാശങ്ങള്‍ അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ, മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു ജീര്‍ണ്ണതയുടെ മുഖമാണ് ഈ കേസിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിയ നവോത്ഥാന മതിലിനുള്ളിലെ ചീഞ്ഞ് നാറുന്ന ‘ഫ്യൂഡലിസം’ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തെ എത്രത്തോളം മലീമസമാക്കുന്നു എന്നതിന്റെ തെളിവാണ് കുഞ്ഞിനെത്തേടിയുള്ള അനുപമയുടെ സെക്രട്ടറിയേറ്റ് പടിക്കലുള്ള നിരാഹാര സമരം. ആവശ്യം ന്യായമാണെങ്കിലും സമരത്തില്‍ ധാര്‍മ്മികതയുടെ തരിമ്പുമില്ലെന്ന് പറയാതെ വയ്യ.