ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടി എന്ന മുദ്രാവാക്യത്തോടെ ലോകത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ പ്രസ്ഥാനം കേരളത്തിലിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കറവപ്പശുവായി മാറിയിരിക്കുകയാണ്. ലോകത്തെല്ലായിടത്തും സഹകരണസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും ഉപകാരിയായി മാറിയതിന്റെ ചരിത്രമാണ് പറയാനുള്ളത്. ഭാരതത്തിലും വ്യത്യസ്തമല്ല ചരിത്രം. എന്നാല്‍ കേരളത്തില്‍ മാത്രം എന്തുനന്മയേയും ‘പട്ടി മുള്ളിയ പുണ്യാഹം പോലെ’ കമ്മ്യൂണിസം തൊട്ട് വെടക്കാക്കിയിട്ടുണ്ടാവും. കേരളത്തിലെ സഹകരണമേഖലയും ഇതിനപവാദമല്ലാതായി മാറിയിരിക്കുന്നു.
ഒരുകാലത്ത് രാജ്യത്തിനുതന്നെ മാതൃകയായിരുന്നു കേരളത്തിലെ സഹകരണ പ്രസ്ഥാനം. സാഹിത്യകാരന്മാര്‍ക്കും അവരുടെ പുസ്തകപ്രകാശനത്തിനും വരെ ഉപകാരപ്രദമാകുംവിധം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വരെ സമാരംഭിച്ച കേരളത്തിലെ സഹകരണ മേഖലയെ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും പണാപഹരണ പ്രവര്‍ത്തനങ്ങളുടെയുംപുതിയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളെ പിടിച്ചടക്കാനും അവയെ പാര്‍ട്ടിസ്ഥാപനങ്ങളാക്കി മാറ്റാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു കുതന്ത്രങ്ങളും പയറ്റുമെന്നത് ചരിത്രമാണ്.
വലിയ സാമ്പത്തിക തിരിമറികള്‍ നടത്താനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനുമെല്ലാം കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കാലങ്ങളായി ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് സ്വാധീനമുള്ള സഹകരണ സ്ഥാപനങ്ങളെയാണ്. പാര്‍ട്ടിയുടെ അറിവും ഒത്താശയും ഉള്ള ഈ പകല്‍ക്കൊള്ള ചിലപ്പോള്‍ അതിരുവിടുകയും ബാങ്കും സഹകാരിയും പൊളിഞ്ഞ് പാപ്പരായിപ്പോകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത് ലോകം അറിയാറ്. അത്തരം നിരവധി സംഭവങ്ങളില്‍ പുറംലോകമറിഞ്ഞ അവസാനത്തെ സംഭവമാണ് തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാത്തട്ടിപ്പ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇന്ന് കേരളത്തില്‍ ഒരു കൊള്ളസംഘമായി മാറിയിരിക്കുകയാണ്. കള്ളപ്പണം, കള്ളനോട്ട്, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിവയെല്ലാം രാജ്യത്തിനെതിരെയുള്ള പ്രച്ഛന്നയുദ്ധമാണ് എന്നതുകൊണ്ട് ആ കാര്യത്തില്‍ മേല്‍ക്കൈയുള്ള ചില സംഘടിത മതഭീകരവാദി സംഘങ്ങളുമായി കേരളത്തിലെ സി. പി.എം എന്നും സജീവബന്ധത്തിലാണെന്നത് ഏത് കൊച്ചു കുട്ടിയ്ക്കുമറിയുന്ന സംഗതിയാണ്. അത്തരം രാജ്യവിരുദ്ധ ശക്തികളുടെ സഹായത്തോടെ അധികാരത്തില്‍ വന്നിരിക്കുന്ന ഇടതുസര്‍ക്കാര്‍ അവിഹിത സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ മാറ്റിയിരിക്കുകയാണ്.
കരുവന്നൂര്‍ സഹകരണബാങ്ക് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി സി.പി.എം ആണ് ഭരിക്കുന്നത്. 2016 ല്‍ ഈ സ്ഥാപനത്തിനെതിരെ സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു മാറ്റുകയും പരാതിക്കാരനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കുകയുമാണ് ഉണ്ടായത്. ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ സി. പി.എമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്കുവരെ പങ്കുണ്ടെന്നാണ്. ഇടതുപക്ഷ സര്‍ക്കാരിലെ മുന്‍ മന്ത്രിയും സി.പി.എം.സംസ്ഥാന കമ്മറ്റി അംഗവുമായ എ.സി.മൊയ്തീന്റെ അടുത്ത ബന്ധുവാണ് തട്ടിപ്പിന് സൂത്രധാരകത്വം വഹിച്ച മുന്‍ മാനേജര്‍ ബിജുകരിം. വായ്പാത്തട്ടിപ്പിലൂടെ പ്രതികള്‍ സ്വരൂപിച്ച കോടികള്‍ ഉപയോഗിച്ച് ആരംഭിച്ച തേക്കടി റിസോര്‍ട്ട്‌സ് കള്ളപ്പണ ഇടപാടിന്റെ കേന്ദ്രമായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. അതുപോലെ പ്രതികള്‍ ഇടക്കിടെ നടത്തിയിരുന്ന ഗള്‍ഫ് യാത്രകളും സംശയത്തിന്റെ നിഴലിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട് എന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേന്ദ്രങ്ങളായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകനും മുതിര്‍ന്ന നേതാക്കളുടെ അരുമയുമായിരുന്ന അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ പിടിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംശയങ്ങള്‍ ന്യായമാണ്. സ്വര്‍ണ്ണക്കടത്തിന്റെ മൂന്നിലൊരു പങ്ക് പാര്‍ട്ടിക്കുള്ളതാണ് എന്ന കള്ളക്കടത്ത് സംഘത്തിന്റെ ഫോണ്‍ സംഭാഷണം ഈ വഴിക്കുള്ള ശക്തമായ തെളിവാണ്. കള്ളപ്പണം വെളുപ്പിച്ചതിനും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയായതിനും പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും പി.ബി.അംഗവുമായ ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് ബംഗളൂരുവില്‍ ജയിലിലാണെന്നതും ഈ സംഭവങ്ങളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഒരു സഹകരണ ബാങ്കില്‍ നിന്നു മാത്രം നൂറ്റിനാല്‌കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ സി.പി.എം ഭരിക്കുന്ന നൂറുകണക്കിന് ബാങ്കുകളില്‍ നടക്കുന്ന കൊള്ളകള്‍ എത്ര കോടികളുടേതാവും എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ ഇടപാടുകാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണവര്‍ നരേന്ദ്രമോദി നോട്ടു നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ ഇത്രയേറെ രോഷംകൊണ്ടത്. പാര്‍ട്ടി ഓഫീസിന്റെ തിണ്ണയില്‍ കെട്ടിയ കുറെയേറെ സ്വയം പ്രഖ്യാപിത സാംസ്‌കാരികനായകന്മാര്‍ ഇത്രയേറെ ഉച്ചത്തില്‍ ബഹളം കൂട്ടിയതിന്റെ കാര്യവും ഇപ്പോള്‍ ഊഹിക്കാവുന്നതേ ഉള്ളു.
ഇക്കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കേന്ദ്രസഹകരണ വകുപ്പ് രൂപീകരിച്ചതിലും ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ അതിന്റെ ചുമതലയില്‍ നിയുക്തനായതിലും ഏറ്റവും കൂടുതല്‍ രോഷംകൊണ്ടത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ പോറ്റുന്ന ബുദ്ധിജീവികളുമായിരുന്നു. വര്‍ഷങ്ങളായി സഹകരണമേഖലയില്‍ തങ്ങള്‍ നടത്തിപ്പോന്ന പകല്‍ കൊള്ളയ്ക്ക് പിടി വീഴാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയിട്ടുണ്ടായ അങ്കലാപ്പില്‍നിന്നുമുയര്‍ന്ന നിലവിളികളായിരുന്നു ആ കേട്ടതെല്ലാം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണാപഹരണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം എത്രത്തോളം ഉചിതസമയത്തുള്ള ഒന്നായിരുന്നു എന്ന് ചിന്തിച്ചുപോകുകയാണ്. നൂറ് കോടിയിലേറെ വ്യാജവായ്പകള്‍ എഴുതി എടുക്കുകയും ഇരുനൂറ് കോടിയിലേറെ കള്ളപ്പണം വെളുപ്പിക്കലും കരുവന്നൂര്‍ സഹകരണബാങ്കില്‍ മാത്രം നടന്നിരിക്കുകയാണ്. സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിന്റ പല ഭാഗത്തു നിന്നായി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്നു. കൊല്ലത്ത് സി.പി.എം ഭരിക്കുന്ന പരവൂര്‍ നെടുങ്ങോലം സഹകരണബാങ്ക്, ഇരിങ്ങാലക്കുട കാറളം സഹകരണ ബാങ്ക് എന്നിവിടങ്ങളിലൊക്കെ കരുവന്നൂര്‍ മോഡല്‍ വായ്പാത്തട്ടിപ്പുകള്‍ നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വലിയൊരു കൊള്ളസംഘത്തിന്റ കൈകളിലാണ് മലയാളികള്‍ കേരളത്തിന്റ ഭരണം ഏല്‍പ്പിച്ച് കൊടുത്തിരിക്കുന്നത് എന്നതിനാല്‍ ഇത്തരം ബാങ്ക് തട്ടിപ്പുകളെ ഒക്കെ വെള്ള പൂശുന്ന മാധ്യമ പി.ആര്‍.പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കരുതാം. മലയാളി സ്വന്തം ശവക്കുഴി തോണ്ടാന്‍ കമ്മ്യൂണിസ്റ്റുകാരന്റ കൈയില്‍ കൂന്താലി ഏല്‍പ്പിച്ച ഒരു സമൂഹമായിപ്പോയതില്‍ സഹതപിക്കാനെ കഴിയുന്നുള്ളു.