ഒരു മാധ്യമ മുതലാളിയ്ക്ക് ഇയ്യിടെയായി ഉറക്കംവരുന്നില്ലത്രെ. രാത്രി കണ്ണടയ്ക്കുമ്പോള്‍ താമര വിരിഞ്ഞു നില്ക്കുന്ന ചിത്രം മുമ്പിലെത്തുന്നു. ഒന്നല്ല; കേരളം മുഴുവന്‍ താമര വിരിഞ്ഞു പരിലസിക്കുന്ന ചിത്രം കാണുമ്പോള്‍ മുതലാളി ഞെട്ടുന്നു. ഇതിനുപരിഹാരം തേടി അദ്ദേഹം മുഖ്യമന്ത്രി വിജയന് സഖാവിന്റെയും പ്രതിപക്ഷനേതാവ് രമേശന്റെയും ഉപദേശം തേടി എന്നാണ് ജനസംസാരം. നേമത്തെ താമര പറച്ചുകളയാന് പറ്റിയ ശക്തനെയും തേടിയലഞ്ഞ് അവര്‍ വാര്‍ത്തയില്‍ നിറഞ്ഞപ്പോള്‍ പത്രമുതലാളിയുടെ മാത്രമല്ല ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ഉറക്കത്തില്‍ താമര വിരിയാന്‍ തുടങ്ങി. നേമം നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യശ്രദ്ധാകേന്ദ്രമായി. ഒപ്പം ബി.ജെ.പി ഭരണം പിടിക്കുമോ എന്ന ഭയവും അവര്‍ക്ക് കലശലായി.
അപ്പോഴാണ് ചില ഉത്തരേന്ത്യന്‍ ചാനല്‍ വീരന്മാരുടെ ഉപദേശം കിട്ടിയത്. അഭിപ്രായ സര്‍വ്വേ എന്ന ബി.ജെ.പി സംഹാര പ്രയോഗം നടത്തുക. മുതലാളിയുടെ നിയമസഭാ സീറ്റ് ഉറപ്പിക്കാന്‍ സ്വന്തം ചാനല്‍ അതു സ്വയം ഏറ്റെടുത്തു. വലിയ ആധികാരികതയോടെ അവര്‍ സര്‍വ്വേയില്‍ ചോദിച്ച ചോദ്യം ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടി ഏതെന്നായിരുന്നു. സംശയമില്ല അവര്‍ക്കു കിട്ടിയ ഉത്തരം ബിജെപി എന്നുതന്നെ. ബി.ജെ.പി. യ്ക്ക് രണ്ടു ശതമാനത്തിലധികം വോട്ടുകൂടില്ലെന്നും കൂടിയാന് രണ്ടു സീറ്റേ കിട്ടൂ എന്നും സര്‍വ്വേയിലൂടെ ചാനല്‍ പ്രഖ്യാപിച്ചു. അതോടെ മുതലാളിയുടെ ഉറക്കം നേരെയായി എന്നാണ് വാര്‍ത്ത. ഇത്തരം സര്‍വ്വേകള്‍ മു മ്പും നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ കെട്ടിയിറക്കിയിരുന്നു. ബി.ജെ. പി. കേരളത്തില്‍ നിലംതൊട്ടില്ല എന്നായിരുന്നു അന്നത്തെ സര്‍വ്വേഫലം. അതിന്റെ ഫലം ബി.ജെ.പിയ്ക്ക് നിയമസഭാപ്രവേശനത്തിനുള്ള ശകുനദോഷം നീങ്ങി എന്നതാണ്. പുതിയ സര്‍വ്വേ വഴി അവര്‍ ബി.ജെ.പി.യ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാനുള്ള ശകുനദോഷം മാറ്റിത്തരുമെന്നു പ്രതീക്ഷിക്കാം.