ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പോരാട്ടത്തിന്റെയും പരാക്രമത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ്ചന്ദ്ര ബോസ്. വിസ്മൃതിയിലാഴ്ന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ സ്മൃതികളെ പുനരുജ്ജീവിപ്പിച്ച് ദേശീയബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ നേതാജിയുടെ 125-ാം ജന്മദിനമായ ജനുവരി 23-ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഒരു പരിപാടി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചു. അതിഥിയായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ക്ഷണിച്ചിരുന്നു. തികച്ചും ഭവ്യമായ പരിപാടിയില്‍ മമതാ ബാനര്‍ജിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചതും സദസ്സില്‍ നിന്നും ചിലര്‍ ‘ജയ് ശ്രീരാം’ ഘോഷം മുഴക്കി. ഉടന്‍തന്നെ നാരായണ നാമം കേട്ട ഹിരണ്യകശിപുവിനെപ്പോലെ അസ്വസ്ഥയായി മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട മമതാ ബാനര്‍ജി രൂക്ഷമായ ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് താന്‍ ഇനി ഈ വേദിയില്‍ ഒന്നും സംസാരിക്കുന്നില്ലെന്ന് പറഞ്ഞു സെക്കന്റുകള്‍ക്കകം വാക്കുകള്‍ നിര്‍ത്തി പ്രതിഷേധം പ്രകടിപ്പിച്ചു. നേതാജിയുടെ ദീപ്തസ്മരണകളില്‍ മുഴുകിയിരുന്ന ജനസഞ്ചയത്തെ അപ്രതീക്ഷിതമായി ഞെട്ടിത്തരിപ്പിച്ചുകൊണ്ട് പരിപാടിയുടെ അന്തരീക്ഷത്തെ നശിപ്പിച്ച മമതാ ബാനര്‍ജിയുടെ പ്രവൃത്തിയെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങള്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചകളിലാണ്. മുഖ്യമന്ത്രി ഇത്രയ്ക്ക് പ്രകോപിതയാകാന്‍ എന്തെങ്കിലും അവിടെ സംഭവിച്ചിരുന്നോ? മമതയ്ക്ക് ജയ് ശ്രീറാം ഹറാം ആണോ? എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത?
മുസ്ലിം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യാ മജ്ലിസ് ഇ ഇറ്റെഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയും ബംഗാളില്‍ സ്വന്തമായി 2200 മുസ്ലിം പള്ളികള്‍ ഉള്ള ഫുര്‍ഫുറ ഷെരീഫിലെ പീര്‍സാദ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും മുസ്ലീങ്ങള്‍ക്കിടയില്‍ പച്ചയായ വര്‍ഗ്ഗീയ വാദമുയര്‍ത്തി മുസ്ലിം വോട്ട്ബാങ്ക് ഉറപ്പിക്കുമ്പോള്‍ ഇതുവരെയായി ബംഗാളി മുസ്ലീങ്ങളുടെ രക്ഷകയായി സ്വയം അവരോധിച്ച മമതയ്ക്ക് കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാന്‍ അവരെക്കാള്‍ വലിയ വര്‍ഗ്ഗീയവാദം പറഞ്ഞെ മതിയാകൂ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് മമതയ്ക്ക് വോട്ട് സമാഹരണത്തിനായുള്ള തന്ത്രങ്ങള്‍ ഒരുക്കുന്നത്. ജയ് ശ്രീരാം വിവാദത്തിന് പിന്നിലും ഈ മുസ്ലിം വോട്ട്ബാങ്കിന്റെ സൃഷ്ടി തന്നെയാണ് ഉദ്ദേശിക്കുന്നത്. അയോദ്ധ്യാ രാമക്ഷേത്ര നിര്‍മ്മാണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമയത്ത് ജയ് ശ്രീരാം ഘോഷത്തെ എതിര്‍ത്തു ശ്രീരാമനെതിരെ കലാപം ഉയര്‍ത്തിയാല്‍ അത് തനിക്ക് വോട്ടായി മാറുമെന്ന് മമത പ്രതീക്ഷിക്കുന്നു.
2019 മുതലാണ് മമതാ ബാനര്‍ജി പരസ്യമായി ശ്രീരാമനെതിരെ തിരിയാന്‍ തുടങ്ങിയത്. ആദ്യത്തെ സംഭവം 2019 മെയ് മാസം 5-ന് അവസാന നിമിഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെ മേദിനിപ്പൂര്‍ (മിഡ്നാപൂര്‍) ജില്ലയിലെ അരാംബാഗ് ലോകസഭാ മണ്ഡലത്തിലെ ചന്ദ്രകോനാ ടൗണില്‍ എത്തിയപ്പോഴാണ്. ചന്ദ്രകോനാ ടൗണില്‍ വാഹനവ്യൂഹവുമായി കടന്നുപോകുകയായിരുന്ന മമതാ ബാനര്‍ജിയെ നോക്കി സ്ഥലത്തെ ജനക്കൂട്ടത്തിലെ ചിലര്‍ ‘ജയ് ശ്രീരാം’ വിളിച്ചു. സാധാരണ ഗതിയില്‍ അവഗണിക്കേണ്ട വിഷയമായിരുന്നു അത്. കാരണം ജനക്കൂട്ടം അവര്‍ക്കിഷ്ടമുള്ള ഘോഷം മുഴക്കും. നേതാക്കള്‍ പ്രകോപിതരായി അതിനെയൊക്കെ നേരിടാന്‍ പോയാല്‍ അതൊരു രാഷ്ട്രീയ അപക്വത എന്നേ കരുതാനാകൂ. മമതയ്ക്ക് അടിപതറിയതും അവിടെയാണ്. ‘ജയ് ശ്രീരാം’ കേട്ട് പ്രകോപിതയായ അവര്‍ വാഹനവ്യൂഹം നിര്‍ത്തിച്ചു ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു. ശാപവാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് ജനക്കൂട്ടത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മമത ചന്ദ്രകോനയില്‍ നിന്നും മടങ്ങിയത്.

മമത ‘ജയ് ശ്രീരാം’ ഘോഷം കേട്ടാല്‍ പ്രകോപിതയാകുമെന്ന വാര്‍ത്ത വാര്‍ത്താമാധ്യമങ്ങള്‍ വഴി തീപിടിച്ചപോലെ പടര്‍ന്നപ്പോള്‍ പിന്നീട് എവിടെപ്പോയാലും മമതയെ ‘ജയ് ശ്രീരാം’ എന്ന് വിളിച്ചു പ്രകോപിപ്പിക്കാന്‍ ജനങ്ങള്‍ക്കും ഉത്സാഹമായി. അടുത്ത സംഭവം 2019 മെയ് മാസം 30-ന് നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ‘ജയ് ശ്രീരാം’ ഘോഷം മുഴക്കിയ ജനക്കൂട്ടത്തെ പച്ചത്തെറി പറഞ്ഞുകൊണ്ടാണ് മമത നേരിട്ടത്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മമത പറഞ്ഞ വാക്ക് നിശബ്ദമാക്കി പ്രസ്തുത ദൃശ്യം വാര്‍ത്തയില്‍ കൊടുക്കേണ്ടിവന്നു. ‘ജയ് ശ്രീരാം’ വിളിച്ചവര്‍ വരത്തന്മാരാണെന്നും, ബംഗാളികളല്ലെന്നും പറഞ്ഞ മമത ജനക്കൂട്ടത്തിലെ 7 പേരെ ഗുണ്ടകളെന്ന് പറഞ്ഞു പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു ജയിലിലടച്ചു. പിന്നീട് ബി.ജെ.പിയുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കേണ്ടിവന്നു. എന്നാല്‍ 2019 ജൂണ്‍ 5-ന് നടന്ന ഈദ് സമ്മേളനത്തില്‍ ‘ഇന്‍ഷാ അള്ളാ’ ‘ഇന്‍ഷാ അള്ളാ’ മുദ്രാവാക്യം മുഴക്കാന്‍ മമതയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അതോടെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഹിന്ദുക്കള്‍ സംഘടിച്ചു മമതയ ്ക്കെതിരെ തിരിഞ്ഞു. ‘ജയ് ശ്രീരാം’ എന്ന് മുഴക്കുന്നത് നമ്മുടെ സംസ്‌കാരമല്ലെന്നും, നമ്മള്‍ ‘ജയ് ഹിന്ദ്’ എന്നും, ‘ജയ് ബംഗ്ളാ’ എന്നുമാണ് മുദ്രാവാക്യം മുഴക്കേണ്ടത് എന്നും അവര്‍ ബംഗാളികളെ ഉദ്‌ബോധിപ്പിക്കാന്‍ തുടങ്ങി. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ‘ജയ് ശ്രീരാം’ വിളി കേട്ടാലുടന്‍ സഞ്ചരിക്കുന്ന വാഹനം നിര്‍ത്തിച്ചു ഇറങ്ങിവന്ന് ജയ് ശ്രീറാം വിളിക്കുന്നവരോട് തര്‍ക്കിക്കുന്നത് മമത ശീലമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാകട്ടെ ഒരു പടികൂടി മുന്നില്‍ കടന്ന് ‘ജയ് ശ്രീരാം’ മുഴക്കുന്നവരെ ആക്ഷേപിക്കുന്നതിനോടൊപ്പം ഭഗവാന്‍ ശ്രീരാമനെയും ആക്ഷേപിക്കുവാന്‍ തുടങ്ങി. ഭഗവാന്‍ ശ്രീരാമന്റെ ടി.ആര്‍.പി കുറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ശ്രീരാമന്റെ ടി.ആര്‍.പി കൂട്ടാനായി ബിജെപിക്കാര്‍ ‘ജയ് ശ്രീരാം’ മുഴക്കുന്നതെന്നും, നമ്മുടെ മുദ്രാവാക്യം ‘ജയ് ഹിന്ദ് ജയ് ബംഗ്ളാ’ എന്നാണെന്നും കൂടി തൃണമൂല്‍ കോണ്‍ഗ്രസ്സ് എംപിയും, മമതാ ബാനര്‍ജിയുടെ സഹോദര പുത്രനുമായ അഭിഷേക് ബാനര്‍ജി എം.പി. പറഞ്ഞുവെച്ചു. മമതയുടെ ഹിന്ദു വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജയ് ശ്രീറാം വിളിയില്‍ പ്രകോപിതയായ മമതയ്ക്ക് ബംഗാള്‍ ബിജെപി ഘടകത്തിന്റെ നേതൃത്വത്തില്‍ ജയ് ശ്രീരാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് ബംഗാളിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും അയച്ചുകൊടുത്തത്. ഈ പോസ്റ്റ് കാര്‍ഡ് യജ്ഞത്തില്‍ നിരവധി മുസ്ലീങ്ങളടക്കം പങ്കെടുത്തു എന്നുള്ളതാണ് ശ്രദ്ധേയം.
ജയ് ശ്രീറാം മുഴക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്ന മമതയ്ക്ക് ഈദ് ആഘോഷങ്ങളുടെ അവസരത്തില്‍ മുസ്ലീങ്ങളെപ്പോലെ തല മൂടി ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ, ‘ലാ ഇലാഹാ ഇല്ലള്ളാ’ മുഴക്കുന്നതിനോ യാതൊരു മടിയുമില്ല. കൊല്‍ക്കത്തയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സംഘടനകളെ അണിനിരത്തിക്കൊണ്ട് മമതാ ബാനര്‍ജി സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യാ റാലിയില്‍ മമത മുഴക്കിയ മുദ്രാവാക്യം ‘ഈമാന്‍ കാ നാം ഹേ മുസല്‍മാന്‍’ എന്നായിരുന്നു. അതുപോലെത്തന്നെ 2019 ജൂണ്‍ 5-ന് ഈദ് സമ്മേളനത്തില്‍ ‘ജോ മുസല്‍മാന്‍ സെ ഠക്കരായേഗാ, വഹ് ചുര്‍ ചുര്‍ ഹോ ജായേഗാ’ എന്നായിരുന്നു മമതയുടെ സന്ദേശം. ‘ജയ് ശ്രീരാം’ വിളിയില്‍ വര്‍ഗീയതയും അസഹിഷ്ണുതയും കാണുന്ന മമത, ‘ലാ ഇലാഹാ ഇല്ലള്ളാ’, ‘നാരാ ഹേ തക്ബീര്‍ അല്ലാഹു അക്ബര്‍’, ‘ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ’ എന്നിങ്ങനെയുള്ള മുസ്‌ലിം ഘോഷങ്ങളില്‍ യാതൊരു വര്‍ഗീയതയും കാണുന്നില്ല. മാത്രമല്ല ആ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ മുന്നോട്ട് വരുന്നു എന്നുള്ളതാണ് ചിന്തനീയം.
അധികാരം നിലനില്‍ക്കുന്നതല്ലെന്ന് അറിയുമ്പോഴെല്ലാം, അധികാരം തനിക്ക് പുല്ലാണ് എന്ന് പറഞ്ഞു അധികാരം വിട്ടിറങ്ങുന്ന മമതയ്ക്ക് അധികാരം എന്നും ഒരു ലഹരിയായിരുന്നു. അധികാരം മാത്രമായിരുന്നു എന്നും ദീദിയുടെ ലക്ഷ്യം. അതിനായി എന്തും ചെയ്യാനും, ഏതു വേഷവും കെട്ടാനും, ഏതറ്റം വരെ പോകാനും ദീദിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല… സമൂഹത്തിന് മുന്നില്‍ ഹവായ് ചെരുപ്പും, കൈത്തറി സാരിയുമുടുത്തു ലാളിത്യത്തിന്റെയും, സഹനശക്തിയുടെയും ആള്‍ രൂപമായി പകര്‍ന്നാടുന്ന മമതയ്ക്ക് യഥാര്‍ത്ഥത്തില്‍ പേരുപോലെ ആരോടും മമതയൊന്നുമില്ല. ഉണ്ടെങ്കില്‍ അത് കേവലം അധികാരത്തോട് മാത്രമാണ്.
1970 കളില്‍ വെറുമൊരു സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ മമതയ്ക്ക് 1975-ല്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ ലോക് നായക് ജയപ്രകാശ് നാരായണനോട് പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന്റെ കാറിന് മുകളില്‍ നൃത്തം ചവിട്ടിയതോടെയാണ് ജനശ്രദ്ധ കിട്ടുന്നത്. പിന്നീട് അധികാരത്തിന്റെ ഇടനാഴികളില്‍ കാലുറപ്പിക്കാന്‍ കിട്ടിയ ഒരവസരവും ദീദി ഒഴിവാക്കിയിട്ടില്ല. ഇന്ന് ബംഗാളില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചു വരുന്നതും, ബംഗാളിലെ സാധാരണ ഹിന്ദുക്കള്‍ ബിജെപിയോട് അടുക്കുന്നതും മനസ്സിലാക്കിയ മമതയ്ക്ക് ഇനി അധികാരം നിലനിര്‍ത്തണമെങ്കില്‍ മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിച്ചേ മതിയാകൂ. ബിജെപിയോട് വിരോധമുള്ള എല്ലാവരുടെയും വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്ന അവര്‍ അതിന് മാധ്യമമായിക്കാണുന്നത് ശ്രീരാമനെ ആക്ഷേപിച്ചുകൊണ്ട് മുസ്ലിം, കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് വോട്ടുകളുടെ സമാഹരണമാണ്.
ശത്രുവാണെങ്കില്‍ പോലും സ്ഥിരമായി രാമന്റെ ഓര്‍മ്മകളില്‍ മുഴുകിയതുകൊണ്ട് രാമന്റെ പരമശത്രുവായ രാക്ഷസരാജാവ് ലങ്കാപതി രാവണന് പോലും മോക്ഷം സിദ്ധിച്ച നാടാണ് ഭാരതം. അതുകൊണ്ട് ‘ജയ് ശ്രീരാം’ എന്ന മുദ്രാവാക്യം എപ്പോഴും വെറുപ്പോടുകൂടിയാണെങ്കിലും ഉരുവിട്ട് നടക്കുന്നതുകൊണ്ട് മമതയ്ക്കും ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ നിന്നും മുക്തി ലഭിക്കുമെന്ന് ബംഗാളിലെ ഹിന്ദുക്കള്‍ പ്രതീക്ഷിക്കുന്നതുപോലെ നമുക്കും പ്രതീക്ഷിക്കാം.