Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചെങ്ങോടുമല: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഭരണകൂടം

ജയപ്രകാശ് കായണ്ണജയപ്രകാശ് കായണ്ണ
14 August 2020

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ അവരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവരുടെ ദേശത്തിന്റെ നട്ടെല്ലായ ചെങ്ങോടുമലയെ ക്വാറി മാഫിയയില്‍ നിന്നും സംരക്ഷിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ഒരു നാട് മുഴുവനും. എന്നാല്‍ ഒരു ഭാഗത്ത് ഇവരുടെ സമരത്തിന് ഒപ്പം നിന്നും മറുഭാഗത്ത് ക്വാറി മുതലാളിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തും ഭരണകൂടങ്ങള്‍ അവരുടെ തനി സ്വഭാവം പുറത്തെടുത്തിരിക്കുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

2015 ലാണ് ക്വാറി കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു സെന്റ് സ്ഥലത്തിന് 10000 രൂപ പോലും ലഭിക്കാത്ത പ്രദേശമായിരുന്നു ചെങ്ങോടുമല. എന്നാല്‍ ക്വാറി കമ്പനി സെന്റിറ് 40000 മുതല്‍ 55000 വരെ വില കൊടുത്താണ് വിവിധ ആളുകളില്‍ നിന്ന് സ്ഥലം സ്വന്തമാക്കിയത്. ലോകബാങ്കിന്റെ സഹായത്തോടെ മഞ്ഞള്‍ കൃഷി തുടങ്ങാനാണ് സ്ഥലം വാങ്ങിയതെന്ന് കമ്പനിയുടെ ആളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 200 ഓളം ആളുകള്‍ക്ക് മലയില്‍ കൃഷി പണി നല്‍കുകയും ചെയ്തു. മഞ്ഞള്‍ കൃഷിയുടെ മറവില്‍ ക്വാറി തുടങ്ങാനാണ് നീക്കം നടത്തുന്നതെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി.

ക്വാറി കമ്പനിയുടെ മാഫിയ പ്രവര്‍ത്തനവും ചെങ്ങോടുമലയിലും പരിസര പ്രദേശങ്ങളിലും മുറപോലെ നടക്കുന്നുണ്ടായിരുന്നു. ചെങ്ങോടുമലയില്‍ കരിമ്പാല സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 1997-98 സാമ്പത്തിക വര്‍ഷം നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ക്കുകയായിരുന്നു ഇവര്‍ ആദ്യം ചെയ്ത നിയമ വിരുദ്ധ പ്രവര്‍ത്തനം. 2006ല്‍ ഈ പദ്ധതി പ്രവര്‍ത്തനക്ഷമമായെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി മുടങ്ങി. ഈ തക്കത്തിന് ക്വാറി കമ്പനി ടാങ്ക് രൂപഭേദം വരുത്തി തേങ്ങാ കൂടയാക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പറും സംഘടിപ്പിച്ചു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ ഒരു ദിവസം രാത്രി ടാങ്ക് മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് പൂര്‍ണമായും തകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ച സംഘത്തിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസ് ഡെല്‍റ്റ റോക്‌സ് പ്രൊഡക്ട് ഉടമ തോമസ് ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

ചെങ്ങോടുമല ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ഗ്രാമസഭ ക്വാറി മുതലാളിയുടെ ആളുകള്‍ കയ്യേറിയതായിരുന്നു രണ്ടാമത്തെ സംഭവം. 400ല്‍ പരം ആളുകള്‍ പങ്കെടുത്ത ഗ്രാമസഭയാണ് അലങ്കോലമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ മുന്നില്‍ നിന്നാണ് ഒരു സംഘം ആളുകള്‍ മിനുട്‌സ് തട്ടിപ്പറിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമമുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ല.

സമരത്തിന്റെ തുടക്കം
ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരെ ആദ്യഘട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനര്‍ നിര്‍ദ്ദിഷ്ട ക്വാറിയുടെ ഗെയ്റ്റിനു സമീപം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മുതലാളി നേതാക്കളെ വേണ്ട വിധത്തില്‍ കണ്ടതോടെ ബാനറുകളും ബോര്‍ഡുകളും അപ്രത്യക്ഷമായി. എന്നാല്‍ 2018 ന് ഫെബ്രുവരി 12 ന് നരയംകുളം എരഞ്ഞോളി താഴെ മംഗള്‍പാണ്ഡെ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചു. കൊളക്കണ്ടി ബിജുവിന്റേയും എരഞ്ഞോളി ബാലന്‍ നായരുടേയും നേതൃത്വത്തിലുള്ള ഈ കമ്മറ്റിയെ തകര്‍ക്കാന്‍ പലവിധ പ്രലോഭനങ്ങളുമായി ക്വാറി മാഫിയ കിണഞ്ഞു ശ്രമിച്ചു. കമ്മറ്റിയിലെ ചിലരെല്ലാം അവരുടെ വലയില്‍ അകപ്പെടുകയും ചെയ്തു. എങ്കിലും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ചെങ്ങോടുമലക്ക് ചുറ്റും ആക്ഷന്‍ കൗണ്‍സിലുകള്‍ നിലവില്‍ വന്നു. നരയംകുളത്തിനു പുറമെ കൂട്ടാലിട, ചെടിക്കുളം, മൂലാട്, പുളിയോട്ട് മുക്ക്, പാലോളി, കോളിക്കടവ് ഭാഗങ്ങളിലും കമ്മറ്റികള്‍ നിലവില്‍വന്നു. ഈ കമ്മറ്റികളെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ സുരേഷ് ചീനിക്കല്‍ കണ്‍വീനറായി കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയും നിലവില്‍ വന്നു. പിന്നീട് ചെങ്ങോടുമലയുടെ താഴ്‌വാരത്ത് സമരത്തിന്റെ വേലിയേറ്റമായിരുന്നു. കവി വീരാന്‍ കുട്ടിയും നോവലിസ്റ്റ് ടി.പി. രാജീവനും സമരത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. വീരാന്‍ കുട്ടിയുടെ ബാലസാഹിത്യ കൃതിയില്‍ ചെങ്ങോടുമല സമരം സ്ഥാനം പിടിച്ചപ്പോള്‍ രാജീവന്റെ ‘ചെങ്ങോടുമല’ എന്ന കവിത പ്രമുഖ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. കൂട്ടാലിടയില്‍ നടത്തിയ രാപ്പകല്‍ സമരം, കലക്‌ട്രേറ്റില്‍ നടത്തിയ ചെങ്ങോടുമല സംരക്ഷണ സദസ്സ്, കേസു നടത്താന്‍ പണം കണ്ടെത്തുന്നതിനു വേണ്ടി കളിച്ച നാടകം എന്നിവക്കെല്ലാം വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. നരയംകുളത്ത് നടത്തിയ ചെങ്ങോടുമല സംരക്ഷണമതിലും ചരിത്രമായി.

പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ക്വാറിക്കെതിരെ പ്രമേയം പാസ്സാക്കുന്ന സമരമാര്‍ഗവും ആക്ഷന്‍ കൗണ്‍സില്‍ പരീക്ഷിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 4, 17, 16 വാര്‍ഡുകളിലും കായണ്ണ ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡിലും ക്വാറിക്കെതിരായ പ്രമേയം ഒറ്റക്കെട്ടായി അംഗീകരിച്ചു. സാധാരണ ഗ്രാമസഭക്ക് 150- 200 ആളുകള്‍ വരുന്ന സ്ഥാനത്ത് സ്‌പെഷ്യല്‍ ഗ്രാമസഭകളില്‍ 550 ഓളം ആളുകള്‍ പങ്കെടുത്ത് ക്വാറിക്കെതിരെ നിലപാട് വ്യക്തമാക്കി.

പാരിസ്ഥിതികാനുമതി മാനദണ്ഡങ്ങള്‍ മറികടന്ന് ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി സംഘടിപ്പിച്ചത് നേരായ വഴികളിലൂടെ അല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. 2017 നവംബര്‍ 29 നാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയ സമിതി ചെങ്ങോടുമല ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ തീരുമാനിക്കുന്നത്. 2018 ജനുവരിയില്‍ കമ്പനിക്ക് പാരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്തു. ജില്ലാ വിദഗ്ധ ഉപദേശ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഖനനാനുമതി നല്‍കുന്നതിനു മുമ്പ് ഏതൊരു പ്രദേശത്തിന്റേയും പരിസ്ഥിതി പ്രാധാന്യങ്ങള്‍ സൂക്ഷ്മായി പരിശോധിക്കുന്നതിനാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഡി.ഇ.എ.സി രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിയമം വിഭാവനം ചെയ്ത പോലുള്ള ഒരു പരിശോധനയും ചെങ്ങോടുമലയില്‍ നടത്തിയില്ലെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാണ്. 12 അംഗങ്ങളുള്ള സമിതിയില്‍ ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗവും പാരിസ്ഥിതിക വിദഗ്ദ്ധനും മാത്രമാണ് ചെങ്ങോടുമല സന്ദര്‍ശിച്ചത്. സമിതിയില്‍ അംഗമായ വിദഗ്ദ്ധന്‍ സത്യന്‍ മേപ്പയ്യൂര്‍ വിദഗ്ദ്ധ പഠനം നടത്താതെ അനുമതി നല്‍കരുതെന്ന് കുറിപ്പെഴുതിയിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് പേര്‍ അനുകൂലിച്ചതോടെ DEAC പാരിസ്ഥിതികാനുമതി നല്‍കാന്‍ DEIAAക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. ഈ സമിതിയില്‍ ജില്ലാ കലക്ടര്‍ക്ക് പുറമെ ആര്‍.ഡി. ഒ, ഡി.എഫ്.ഒ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പാരിസ്ഥിതിക വിദഗ്ദ്ധന്‍ എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ പാരിസ്ഥിതികാനുമതി നല്‍കുന്ന യോഗത്തില്‍ പാരിസ്ഥിതിക വിദഗ്ദ്ധന്‍ ഉണ്ടായിരുന്നില്ല. യു. സത്യനാഥന്‍ എന്ന വിദഗ്ദ്ധ അംഗത്തെ ഹൈക്കോടതി ഈ സമിതിയില്‍ നിന്നും അയോഗ്യനാക്കിയതാണ്. വിദഗ്ദ്ധനില്ലാതെ എടുത്ത തീരുമാനത്തിന് നിയമ പ്രാബല്യമില്ല. സമിതി അംഗമായ അന്നത്തെ കോഴിക്കോട് ഡി.എഫ്.ഒ, പാരിസ്ഥിതികാനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ യു.വി. ജോസിന് 2018 ഏപ്രില്‍ 10ന് കത്തയച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡി. എഫ്.ഒ സ്ഥലം സന്ദര്‍ശിച്ച് കണ്ടെത്തിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുന:പരിശോധന ആവശ്യപ്പെടുന്നത്. DEAC അംഗങ്ങളായ കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM) സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ZSI) എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരോ ജലസംരക്ഷണം, വനസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവരോ ഇല്ലാതെയാണ് ചെങ്ങോടുമലയില്‍ പരിശോധന നടത്തിയതെന്ന് ഡി.എഫ്.ഒ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ചെങ്ങോടുമല സ്ഥിതി ചെയ്യുന്നത്. സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ക്വാറി തുടങ്ങാനും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനും കേന്ദ്ര വന്യ ജീവി സംരക്ഷണവകുപ്പിന്റെ അനുമതി ലഭിക്കണം. ചെങ്ങോടുമലയുടെ കാര്യത്തില്‍ ഇത് പരിഗണിച്ചിട്ടില്ലെന്നും ഡി.എഫ്.ഒ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ വിശദമാക്കുന്നുണ്ട്. എന്നാല്‍ സമിതി അംഗമായ ഡി.എഫ്.ഒയുടെ വാക്ക് പോലും മുഖവിലക്കെടുക്കാന്‍ കലക്ടര്‍ യു. വി. ജോസ് തയ്യാറായില്ല.

ഡി. ആന്റ്. ഒ ലൈസന്‍സിന് വേണ്ടിയും വഴിവിട്ട നീക്കം.
പാരിസ്ഥിതികാനുമതി ലഭിച്ചാലും ക്വാറി തുടങ്ങണമെങ്കില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് ഡി. ആന്റ്. ഒ ലൈസന്‍സ് ലഭിക്കണം. ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യം ഡി. ആന്റ്. ഒ ലൈസന്‍സിന് ജില്ലാ ഏകജാലക ബോര്‍ഡ് (ജില്ലാ വ്യവസായ കേന്ദ്രം) വഴിയാണ് അപേക്ഷിച്ചത്. എന്നാല്‍ ഈ അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതു കൊണ്ട് ഗ്രാമപഞ്ചായത്ത് അപേക്ഷ തിരിച്ചയച്ചു. ഇതിനെതിരെ കമ്പനി ജില്ലാ വ്യവസായ വകുപ്പിനെ പ്രതിചേര്‍ത്ത് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാത്തതു കൊണ്ട് കല്‍പ്പിത ലൈസന്‍സ് (deemed licence) നല്‍കണമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ കേസില്‍ ഗ്രാമ പഞ്ചായത്ത് കക്ഷി ചേരുകയും ലൈസന്‍സിന് അപേക്ഷിച്ചതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. വിചാരണ നീണ്ടു പോയതോടെ കമ്പനി കേസ് സ്വമേധയാ പിന്‍വലിക്കുകയും തെറ്റുകള്‍ തിരുത്തി പുതിയ അപേക്ഷ നല്‍കാമെന്ന് കോടതിയില്‍ പറയുകയും ചെയ്തു. പിന്നീട് കമ്പനി ചീഫ് സെക്രട്ടറിക്ക് ഡി.ആന്റ്.ഒ ലൈസന്‍സ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. ഈ കത്ത് കിട്ടിയ ഉടനെ ചീഫ് സെക്രട്ടറി ടോം ജോസ് 2019 മെയ് 7ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജില്ലാ കലക്ടറെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും ബന്ധപ്പെട്ട് 2019 മെയ് 17ന് ജില്ലാ ഏകജാലക ബോര്‍ഡ് ചേര്‍ന്ന് കമ്പനിക്ക് ഡി. ആന്റ്.ഒ ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനു ശേഷം കമ്പനി ഡി.ആന്റ്.ഒ ലൈസന്‍സിന്റെ പുതിയ അപേക്ഷ ജില്ലാ ഏക ജാലക ബോര്‍ഡില്‍ സമര്‍പ്പിക്കുകയും ചെയ്തു. സ്വാധീനമുപയോഗിച്ച് ആദ്യം ചീഫ് സെക്രട്ടറിയെക്കൊണ്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ച ശേഷമാണ് പുതിയ അപേക്ഷ നല്‍കിയത്. ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചതിന്റെ പിറ്റേ ദിവസം മെയ് 8 ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും യൂറോപ്യന്‍ പര്യടനത്തിന് പോവുകയും ചെയ്തു.

പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജി തീര്‍പ്പാകുന്നതുവരെ ഡി.ആന്റ്.ഒ ലൈസന്‍സ് നല്‍കാനുള്ള ഹിയറിംഗ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒാഫീസ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലത്തേക്ക് ഉപരോധിച്ചു. മെയ് 9 നാണ് നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ഉപരോധ സമരം തുടങ്ങിയത്. ക്വാറി കമ്പനി ജില്ലാ വ്യവസായ വകുപ്പില്‍ നല്‍കിയ ഡി. ആന്റ്.ഒ ലൈസന്‍സ് അപേക്ഷ, ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മെസഞ്ചര്‍ മുഖേന കൊടുത്തയച്ചിരുന്നു. ഇത് തടയുക കൂടിയായിരുന്നു ഉപരോധസമരത്തിന്റെ ലക്ഷ്യം. നേരിട്ട് കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ അപേക്ഷ തപാല്‍ മാര്‍ഗം അയച്ചു. അപേക്ഷ അവിടനല്ലൂര്‍ പോസ്റ്റോഫീസില്‍ എത്തിയതോടെ സമരസമിതി അവിടേയും ഉപരോധമേര്‍പ്പെടുത്തി. പഞ്ചായത്ത് ഒാഫീസ് ഉപരോധസമരത്തിനിടെ നാല് സമരഭടന്‍മാര്‍ മണ്ണെണ്ണയുമായി പഞ്ചായത്ത് ഒാഫീസിനു മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കുകയും ചെയ്തു. ഏഴു ദിവസത്തെ ഉപരോധത്തിനു ശേഷം മെയ് 16ന് ജില്ലാ കലക്ടര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. 17 ന് തിടുക്കപ്പെട്ട് ലൈസന്‍സ് നല്‍കില്ലെന്നും വിദഗ്ദ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ നടത്തിയ എട്ടു ദിവസത്തെ സമരം പ്രദേശത്തെ നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാലത്തു തന്നെ സമരപന്തലിലെത്തും. സമരക്കാര്‍ക്ക് വേണ്ട ചായയും ചോറുമെല്ലാം സമീപത്തു നിന്ന് തന്നെ പാകം ചെയ്ത് വിതരണം നടത്തി. ഓരോ ആളുകളും സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് സമരരംഗത്ത് നിലയുറപ്പിച്ചതോടെ അധികൃതര്‍ക്ക് അതിജീവനത്തിനുള്ള ഈ സമരത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ കാറാങ്ങോട്ടിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയും ഉപരോധസമരത്തിന് പിന്‍തുണ നല്‍കിയിരുന്നു. ഗ്രാമ പഞ്ചായത്തിനെ നോക്കുകുത്തിയാക്കി ഡി.ആന്റ്.ഒ ലൈസന്‍സ് നല്‍കാനുള്ള നീക്കമായിരുന്നു നടന്നിരുന്നത്.

ജില്ലാ കലക്ടറുടെ സന്ദര്‍ശനം
ചെങ്ങോടുമല സന്ദര്‍ശിക്കുമെന്ന ഉറപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവു പാലിച്ചു. ഒരു ഞായറാഴ്ച്ച വൈകീട്ട് 5 മണി കഴിഞ്ഞ് ചെങ്ങോടുമലയിലെത്തിയ കലക്ടര്‍ മലയുടെ മുഴുവന്‍ ഭാഗവും സന്ദര്‍ശിച്ചാണ് മടങ്ങിയത്. ജല സുലഭമായ മലയിലെ കിണര്‍, പ്രകൃതിദത്ത നീരുറവ, ഉരുള്‍പൊട്ടലുണ്ടായ സ്ഥലം, അനധികൃതമായി മരം മുറിച്ച സ്ഥലം… അങ്ങനെ ജനങ്ങള്‍ ആവശ്യപ്പെട്ട സ്ഥലങ്ങളെല്ലാം കലക്ടര്‍ സന്ദര്‍ശിച്ച ശേഷം രാത്രി 7 മണിയോടെയാണ് മലയിറങ്ങിയത്.

ഇതിനു ശേഷമാണ് കലക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ചെങ്ങോടുമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരുവനന്തപുരം എന്‍. സി. ഇ. എസ്. എസ് ശാസ്ത്രജ്ഞന്‍ ഡോ: ഡി. പത്മലാല്‍, കോഴിക്കോട് സി.ഡബ്യൂ.ആര്‍.ഡി. എമ്മിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് പി. ജയകുമാര്‍, കോഴിക്കോട് എന്‍.ഐ.ടി. യിലെ പ്രൊഫസര്‍ ഡോ: സന്തോഷ്. ജി. തമ്പി, പ്രൊഫ: കെ. ശശീന്ദ്രന്‍, കോഴിക്കോട് ഡി. എഫ്. ഒ. ജയപ്രകാശ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ടി. പി. ആയിഷ, ജില്ലാ ജിയോളജിസ്റ്റ് കെ. ഇബ്രാഹിം എന്നിവരാണ് റാപ്പിഡ് എന്‍വയോണ്‍മെന്റ് അസസ്‌മെന്റ് ടീമില്‍ ഉണ്ടായിരുന്നത്. ചെങ്ങോടുമലയിലെ ഖനനം പ്രദേശത്തെ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചെങ്ങോടുമലയിലെ പ്രകൃതിദത്ത നീരുറവ കുറ്റ്യാടി, കോരപ്പുഴ നീര്‍ത്തടങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതാണ്. ഖനനം ഈ നീരുറവകളെ തകര്‍ക്കും. ഖനനം മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാവുമെന്നും സംഘം ചൂണ്ടിക്കാണിക്കുന്നു. ഭൂഗര്‍ ജലത്തിന്റെയും ഉപരിതല ജലത്തിന്റേയും നാശത്തിന് ഖനനം കാരണമാവും. ക്വാറി പ്രവര്‍ത്തനം കൊണ്ട് പാറ ചീളുകള്‍ 650 മീറ്റര്‍ ദൂരത്തില്‍ വരെ തെറിക്കും. ചെങ്ങോടുമലയിലെ 300 മീറ്റര്‍ ദൂരത്തില്‍ ജനവാസമുണ്ട്. മേല്‍ മണ്ണ് നീക്കം ചെയ്യുന്നതോടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും. ഖനനം മൂലം ചെങ്ങോടുമലക്ക് ചുറ്റുമുള്ള കൃഷി വ്യാപകമായി നശിക്കും. പ്രദേശത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കാവുകള്‍ക്കും ക്വാറി പ്രവര്‍ത്തനം നാശം വരുത്തും. മലയിലെ മരങ്ങളും കാടുകളും നശിപ്പിക്കുന്നതോടെ മഴയുടെ ലഭ്യത കുറയും. ഇത് പ്രദേശത്ത് ജലക്ഷാമമുണ്ടാക്കും. മലയിലെ പ്രധാനപ്പെട്ട സസ്യ ജന്തുജാലങ്ങളുടെ ശാസ്ത്രീയ നാമമുള്‍പ്പെടെ റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നുണ്ട്. മുള്ളന്‍പന്നി, കാട്ടുപന്നി, കീരി, ഉടുമ്പ്, കാട്ടുകോഴി, മൂര്‍ഖന്‍, അണലി, പൊന്‍മാന്‍, നിശാശലഭം തുടങ്ങിയ ഒട്ടനവധി ജീവികളുടെ ആവാസ കേന്ദ്രമാണ് ചെങ്ങോടുമല. ചന്ദനം, ഈട്ടി, ഏഴിലം പാല, അരയാല്‍, കണിക്കൊന്ന, കരിമരുത്, താനി, കാഞ്ഞിരം തുടങ്ങിയ മരങ്ങളും നിരവധി ഔഷധസസ്യങ്ങളും മലയില്‍ ധാരാളമുണ്ട്. ചെങ്ങോടുമലയില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ സമീപമലകളിലേക്കും ക്വാറി വ്യാപിക്കാന്‍ സാധ്യതയുണ്ട്. നല്ല പ്രകൃതി ഭംഗി നിലനില്‍ക്കുന്ന ഇവിടെ വിനോദ സഞ്ചാര കേന്ദ്രത്തിന് വലിയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്വാറി കമ്പനിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി വേണ്ടത്ര പഠനം നടത്താതെയുള്ളതാണ്. അതുകൊണ്ട് കൂടുതല്‍ പഠനം നടത്തുന്നതു വരെ ഈ അനുമതി മരവിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി മരവിപ്പിച്ചിരിക്കുകയാണ്.

ചെങ്ങോടുമല സമരത്തിന്റെ ഭാഗമായി നടന്ന മനുഷ്യച്ചങ്ങല

വീണ്ടും പാരിസ്ഥിതികാനുമതിക്ക് അപേക്ഷ
കമ്പനി 2019 ഡിസം: 15 ന് വീണ്ടും സംസ്ഥാന ഏകജാലക ബോര്‍ഡിനെ സമീപിച്ച് EC ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി SEAC നിന്ന് രണ്ട് അംഗങ്ങള്‍ ചെങ്ങോടുമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ചെങ്ങോടുമല മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും എട്ട് കി.മീ. ദൂരത്തിലാണ്. 10 കി.മീ. താഴെയാണെങ്കില്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഡെല്‍റ്റ കമ്പനി ഇതിന് അപേക്ഷ നല്‍കി എന്നു മാത്രമാണ് SEAC സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ അനുമതി ലഥിക്കാതെ ECനല്‍കാന്‍ പാടില്ല. ചെങ്ങോടുമലയില്‍ ക്വാറി കമ്പനി അനധികൃതമായി വ്യാപകമായി മരങ്ങളും കാടുകളും നശിപ്പിച്ചതോടെ പന്നി, മുള്ളന്‍പ്പന്നി, കുരങ്ങ്, മാന്‍, മയില്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് പത്രമാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ട്. പന്നിയും മുള്ളന്‍പന്നിയും വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം ജീവികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മലയിലെ ജൈവസമ്പത്തിന്റെ വിശദ റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ സംഘം ഇത് ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. CWDRDMകോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇവിടെ പ്രകൃതിദത്ത നീരുറവ ഉണ്ടെന്ന് വ്യക്തമാക്കിയതാണ് എന്നാല്‍ ഇതിനെ കുറിച്ചൊന്നും ശാസ്ത്രീയ പഠനം നടത്താന്‍ അറിയാത്ത സംഘം ക്വാറികമ്പനിക്ക് വേണ്ടി നീരുറവയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. DElAA നല്‍കിയ പാരിസ്ഥിതികാനുമതി മരവിപ്പിച്ചത് ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. പാരിസ്ഥിതികാഘാത പഠനം നടത്താതെ ഖനനത്തിന് അനുമതി നല്‍കരുതെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് SEIAA അംഗീകരിച്ചില്ല. പകരം വന്യജീവികളെ കുറിച്ച് പഠനം നടത്തുന്ന ഡോ: ഈസയെ ആണ് ചെങ്ങോടുമല സന്ദര്‍ശിക്കാന്‍ അയച്ചത്. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയൊ സമരസമിതിയുടേയോ വാദം കേള്‍ക്കാതെ ക്വാറി മുതലാളിയുടെ കാറില്‍ വന്ന സംഘം അവര്‍ പറയുന്നത് എഴുതിയെടുക്കുക മാത്രമാണ് ചെയ്തത്. ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം പരാമര്‍ശിക്കാത്ത ഈ റിപ്പോര്‍ട്ട് ക്വാറി കമ്പനിക്ക് അനുകൂലമായാണ് തയ്യാറാക്കിയിരിക്കുന്നത്. കലക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ദ്ധ സമിതി തുടങ്ങിയ നിരവധി ഏജന്‍സികള്‍ ചെങ്ങോടുമലയില്‍ ക്വാറി വന്നാല്‍ വലിയ ഭവിഷ്യത്തുകളുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ത്ത് ആ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് കമ്പനി മൈനിംഗ് പ്ലാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിക്ക് നല്‍കിയ Letter of Intent (താല്‍പര്യ പത്രം) മൈനിംഗ് പ്ലാനും നിലനില്‍ക്കുന്നതല്ല. E C കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ടും സമരസമിതി പ്രവര്‍ത്തകരും തടസ്സ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് മറികടക്കാന്‍ വേണ്ടി ഡെല്‍റ്റ കമ്പനി, ജയ്പൂര്‍ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയെക്കൊണ്ട് പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് തയ്യാറാക്കി SEIAAക്ക് സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനിയുടെ ചെലവില്‍ നടത്തിയ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ വൃക്ഷത്തൈ നടുന്നു.

ജൈവ വൈവിധ്യത്തിന്റെ കലവറയായ ചെങ്ങോടുമലയില്‍ ഒരു പ്രത്യേകതരം പല്ലിയെ കണ്ടെത്തിയതായി പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇവിടെ നിരവധി വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളുണ്ട്. ഈ മല തകര്‍ന്നാല്‍ ആദിവാസികള്‍ ഉള്‍പ്പെടെ 3000 ത്തോളം കുടുംബങ്ങളുടെ ജീവിതം തകരും.

സമരം തകര്‍ക്കാന്‍ സിനിമയെ വെല്ലുന്ന കളികള്‍
ചെങ്ങോടിന്റെ താഴ്‌വാരത്തുള്ളവര്‍ ഐക്യത്തോടെ സമാധാന ജീവിതം നയിക്കുന്നവരായിരുന്നു. ക്വാറി മാഫിയ ഉദയം ചെയ്തതോടെ നാട്ടിലെ സമാധാനാന്തരീക്ഷം ഇല്ലാതായി. നാട്ടുകാരെ ഭിന്നിപ്പിച്ച് അവരുടെ ലക്ഷ്യം നിറവേറ്റാനാണ് ആദ്യം ശ്രമിച്ചത്. സമരക്കാരെ പണം കൊടുത്ത് വിലക്ക് വാങ്ങാനും ശ്രമം നടന്നു. ക്വാറിക്കെതിരെ പ്രതികരിച്ച എഴുത്തുകാരന്‍ ടി. പി. രാജീവനെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. വഴങ്ങുന്നില്ലെന്ന് കണ്ട് പരോക്ഷ ഭീഷണിയും അദ്ദേഹത്തിനു നേരെ ഉണ്ടായി. ആക്ഷന്‍ കമ്മറ്റി കോ-ഓര്‍ഡിനേഷന്‍ വൈ: ചെയര്‍മാനും നാടകപ്രവര്‍ത്തകനുമായ ലിനീഷ് നരയംകുളത്തെയും പ്രലോഭിപ്പിച്ച് സമരത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ നടത്തിയ ശ്രമവും വിഫലമായി. സിനിമയിലേക്ക് ആദിവാസികളെ അഭിനയിപ്പിക്കുന്നതിന് അവര്‍ക്ക് പരിശീലനം നല്‍കാനാണെന്ന് പറഞ്ഞാണ് ചില സുഹൃത്തുകള്‍ ലിനീഷിനെ സമീപിക്കുന്നത്. ഒളിയജണ്ട അറിയാതെ അദ്ദേഹം വര്‍ക്ക് ഏറ്റെടുത്തു. പരിശീലനം നടന്നുകൊണ്ടിരിക്കെ നമ്മുടെ നിലവിലുള്ള പ്രൊഡ്യൂസര്‍ക്ക് സാമ്പത്തിക പ്രയാസമുണ്ടെന്നും അതുകൊണ്ട് പുതിയ പ്രൊഡ്യൂസറെ തേടണമെന്നും സിനിമയുടെ പ്രവര്‍ത്തകര്‍ ലിനീഷിനെ അറിയിച്ചു. പുതിയ പ്രൊഡ്യൂസറുമായി കൂടിക്കാഴ്ച നടത്താന്‍ തിരുവനന്തപുരത്തേക്ക് ലിനീഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ കൂടെ വന്ന പ്രൊഡ്യൂസര്‍ ചെങ്ങോടുമല തുരക്കാന്‍ വന്ന ക്വാറി മുതലാളിയായിരുന്നു. ഇതോടെ തന്റെ ജോലി ഉപേക്ഷിച്ച് ലിനീഷ് നാട്ടിലേക്ക് തിരിച്ചു. പിന്നീട് ആ സിനിമയെ കുറിച്ച് ഒന്നും കേട്ടിട്ടില്ല. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ലിനീഷിനെ സമരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ വേണ്ടി മാത്രം സിനിമയെടുക്കാന്‍ തയ്യാറായതാണത്രെ. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍.

ഇല്ലാത്ത ക്വാറിക്ക് തൊഴിലാളി സംഘടന
ചെങ്ങോടുമലയിലെ തൊഴിലാളികളെ കൊണ്ട് സമരത്തെ നേരിടാന്‍ മുതലാളി തന്ത്രമാവിഷ്‌ക്കരിച്ചു. കൃഷി പണിക്കാണെന്നും പറഞ്ഞ് ചെങ്ങോടുമലയിലേക്ക് കൊണ്ടുപോയ തൊഴിലാളികളെകൊണ്ട് സംഘടന രൂപീകരിപ്പിച്ചു. അങ്ങനെ ചെങ്ങോടുമല ക്വാറി സി.ഐ.ടി. യു യൂണിയനും ഐ.എന്‍.ടി.യു.സി യൂണിയനും ഉടലെടുത്തു. സമരത്തിന് പിന്‍തുണക്കുന്ന സി.പി.എമ്മിനെ സി.ഐ.ടി. യുവിനെക്കൊണ്ടും കോണ്‍ഗ്രസിനെ ഐ.എന്‍.ടി. യു.സിയെ കൊണ്ടും പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. ആക്ഷന്‍ കൗണ്‍സില്‍ നരയംകുളത്ത് സമരപ്പന്തല്‍ നിര്‍മ്മിച്ചപ്പോള്‍ സമീപത്തു തന്നെ തൊഴിലാളികളെ ഉപയോഗിച്ച് മുതലാളി തൊഴില്‍ സംരക്ഷണ പന്തലും ഒരുക്കി. ആദ്യകാലത്ത് കൊടുത്ത കൂലി സമരം ശക്തമാവുന്നതിനനുസരിച്ച് കുറച്ചു. തൊഴിലാളികള്‍ക്ക് ഓണക്കിറ്റും, സ്‌കൂള്‍ തുറക്കുന്ന സമയത്ത് പഠനോപകരണ കിറ്റുമെല്ലാം കൊടുത്ത കമ്പനി. ഈ വര്‍ഷം ആ വക സാഹസത്തിനൊന്നും മുതിര്‍ന്നില്ല. ആജീവനാന്തം പണി കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ പാരിസ്ഥിതികാനുമതി കലക്ടര്‍ മരവിപ്പിച്ചതോടെ പണിയും നിര്‍ത്തിവെച്ചു. പണി നിര്‍ത്തിയതോടെ തന്നെ തൊഴിലാളികളില്‍ ഭൂരിഭാഗമാളുകള്‍ക്കും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

എല്ലാ മലകളും ക്വാറി മാഫിയയുടെ കൈവശം
കേരളത്തിലെ തെക്കന്‍ ജില്ലകളിലെ മലകള്‍ ഭൂരിഭാഗവും തുരന്നശേഷം ക്വാറി മാഫിയ മലബാറിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലേത് ഉള്‍പ്പെടെ ഭൂരിഭാഗം മലകളും ക്വാറി മാഫിയയുടെ കൈവശമാണ്. കാട്ടുമൃഗശല്യവും റോഡ് സൗകര്യവും ഇല്ലാത്തതു കാരണം ആളുകള്‍ മല കിട്ടുന്ന തുകക്ക് വിറ്റ് പോകുന്നതാണ് രീതി. അവര്‍ പ്രതീക്ഷിക്കാത്ത പണം ലഭിക്കുന്നതോടെ വാങ്ങുന്നവരെ കുറിച്ച് കൂടുതലൊന്നും മനസ്സിലാക്കാതെ മലയിറങ്ങും. ചെങ്ങോടുമലയില്‍ 110 ഏക്കറോളം ഭൂമി ക്വാറി കമ്പനി വിവിധ ആളുകളുടെ പേരില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സിനിമാ നടന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇവിടെ സ്ഥലമുണ്ട്. കോട്ടൂര്‍ പഞ്ചായത്തിലെ തന്നെ പാത്തിപ്പാറമല, തുരുത്തമല തുടങ്ങിയ മലകള്‍ ക്വാറി- ഭൂ മാഫിയകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ചെങ്ങോടുമല ഇവരുടെ പൈലറ്റ് പ്രൊജക്ട് ആണ്. ഇത് പൊട്ടി തുടങ്ങിയാല്‍ മറ്റ് മലകള്‍ക്കും ചരമഗീതമെഴുതേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ക്വാറിക്കെതിരെ ശബ്ദിക്കുന്നവരെ വികസന വിരോധികളും പരിസ്ഥിതി മൗലികവാദികളുമാക്കി മുദ്രകുത്താനുള്ള ശ്രമവും ബോധപൂര്‍വ്വം നടത്തുന്നുണ്ട്. പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്നവര്‍ക്കെതിരെ ചെങ്ങോടുമല മാതൃകയിലുള്ള ചെറുത്ത് നില്‍പ്പ് നടത്തിയില്ലെങ്കില്‍ കേരളത്തില്‍ ഒരു മലയും അവശേഷിക്കില്ലെന്ന് തീര്‍ച്ചയാണ്.

കോടതി വിധിയുണ്ടായിട്ടും ടാങ്ക് നിര്‍മാണവും ഭൂമി ഏറ്റെടുക്കലും പൂര്‍ത്തീകരിച്ചില്ല
ക്വാറി മാഫിയ തകര്‍ത്ത ടാങ്ക് പുനഃസ്ഥാപിക്കാനുള്ള നടപടി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ സ്വീകരിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സമരസമിതി ഹൈക്കോടതിയില്‍ പോവുകയും ടാങ്ക് തല്‍സ്ഥാനത്ത് നിര്‍മ്മിക്കണമെന്ന ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമ പഞ്ചായത്ത്, വിധി വന്ന് ആറു മാസമാവാറായിട്ടും ടാങ്ക് നിര്‍മിക്കാതെ കമ്പനിക്ക് സ്റ്റേ നേടിയെടുക്കാനുള്ള അവസരമൊരുക്കി. ടാങ്ക് നിര്‍മ്മിക്കാനുള്ള സ്ഥലം രണ്ട് സ്വകാര്യ വ്യക്തികള്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകൊടുത്തതാണ്. എന്നാല്‍ ഇതിന്റെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ഇതുവരെ ബ്ലോക്ക് പഞ്ചായത്ത് ശ്രമിച്ചില്ല. ടാങ്ക് അവിടെ നിലനിന്നിരുന്നെങ്കില്‍ ക്വാറിയുടെ ഭീഷണി ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഭരണകൂടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടി സ്വീകരിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാതെ ജനങ്ങളെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്.

 

Share11TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies