കേരളത്തില്‍ കൊറോണരോഗികളുടെ എണ്ണം വാണം പോലെ കുതിക്കുകയാണെങ്കിലും വിജയന്‍ സഖാവിന്റെ സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും കണ്ട് ലോകം തന്നെ അന്തംവിട്ടു നില്‍ക്കുകയാണ്. മതവിവേചനമില്ലായ്മയിലും ന്യൂനപക്ഷപരിഗണനയുടെ കാര്യത്തിലും എന്തൊരു കരുതലാണ് ഈ സര്‍ക്കാരിന് എന്നു കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് രാഷ്ട്രീയനിരീക്ഷകര്‍. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് കണ്ണുരുട്ടി അഞ്ചുകോടി രൂപ വാങ്ങിയപ്പോള്‍ ന്യൂനപക്ഷമാണെന്ന പരിഗണനവെച്ച് വഖഫ് ബോര്‍ഡിന്റെ കീശയില്‍ കയ്യിട്ട് ഒരു കോടി പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബജറ്റില്‍ വഖഫ് ബോര്‍ഡിന് പ്രഖ്യാപിച്ച മൂന്നുകോടി രൂപ ധനമന്ത്രി ഇതുവരെ നല്‍കിയിട്ടില്ലത്രെ! ദേവസ്വം ബോര്‍ഡിന് 40 കോടിരൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അവര്‍ക്കും ഒരു ചില്ലിക്കാശും നല്‍കിയിട്ടില്ല. എന്നിട്ടും ദേവസ്വത്തിന് 40 കോടി നല്‍കി എന്നാണ് മുഖ്യന്‍ സഖാവ് പത്രസമ്മേളനത്തില്‍ കള്ളം പറഞ്ഞത്.
വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ 260 രോഗികള്‍ക്ക് ചികിത്സാ സഹായവും യത്തീം മക്കളുടെ വിവാഹസഹായവും നല്‍കാനായി മൂന്നുകോടിരൂപ വഖഫ് ഫണ്ടില്‍ നിന്നു വകയിരുത്തിയിരുന്നു. അതൊക്കെ തടഞ്ഞുവെച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാനുളള തീരുമാനം ഉണ്ടായത്. കഴിഞ്ഞ പ്രളയകാലത്ത് പള്ളികളിലൂടെ ആഹ്വാനം ചെയ്തു ശേഖരിച്ച ഫണ്ടാണ് വഖഫ് ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഈ കീഴ്‌വഴക്കം തെറ്റിച്ച് വഖഫ് ബോര്‍ഡിന്റെ വരുമാനം മതേതര സര്‍ക്കാരിന്റെ ഫണ്ടിലേക്ക് ചോര്‍ത്തിയെടുക്കുന്നതിനെതിരെ ചില മുസ്ലീം സംഘടനകള്‍ രംഗത്തു വന്നിരിക്കുകയാണ്. അമ്പലമായാലും പള്ളിയായാലും ശരി, മുഖ്യന്റെ ഫണ്ടിലേയ്ക്ക് പണം വരട്ടെ എന്നതാണ് ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ നിലപാട്. അത് നടപ്പാക്കലാണ് ദേവസ്വം മന്ത്രിയുടെയും വഖഫ് മന്ത്രിയുടെയും ഡ്യൂട്ടി.