ഭാഗ്യം! ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, എന്ന് ശ്രീനാരായണ ഗുരുദേവന്‍ അരുളി ച്ചെയ്തപ്പോള്‍ അസറുദ്ധീന്‍ ഒവൈസിയും വൃന്ദാ കാരാട്ടും ഇല്ലായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷപദവിയില്‍ സോണിയയുമായിരുന്നില്ല. അന്ന് കോണ്‍ഗ്രസ്സിനെ നയിച്ചിരുന്ന മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിക്ക് ഗുരുദേവന്റെ വിശ്വദര്‍ശനത്തിന്റെ അര്‍ത്ഥമറിയാനും ഉള്‍ക്കൊള്ളുവാനും ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. പ്രകാശ് കാരാട്ടിന്റെ കൈ പിടിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രം കമ്യൂണിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ കയറിക്കൂടാന്‍ കഴിഞ്ഞ വൃന്ദാ കാരാട്ടിനെക്കാള്‍ പ്രത്യയശാസ്ത്രവും ഇന്ത്യന്‍ ഭരണഘടനയും പഠിച്ചിട്ടുണ്ടായിരുന്ന ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും ശ്രീ നാരായണന്‍ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നു പറഞ്ഞത് ഭരണഘടനാ വിരുദ്ധമെന്ന് വിളിച്ചു പറയുവാന്‍ തയ്യാറായിട്ടില്ല. ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുവാന്‍ പലപ്പോഴും തയ്യാറായിട്ടുണ്ടെങ്കിലും ഇ.എം.എസ്സ് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതായി കേട്ടിട്ടുമില്ല.
ആ ഭാഗ്യം സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവതിനില്ലാതെ പോയി! ഒരു ശതാബ്ദത്തിനു മുമ്പ് ഗുരുദേവന്‍ കണ്ട ദര്‍ശനം തന്നെയാണ്, ഭാരതത്തിന്റെ പരിപ്രേക്ഷ്യത്തില്‍, ഹൈദരാബാദിലെ വിജയ സങ്കല്പ ശിബിരത്തിന്റെ വേദിയില്‍ (2019 ഡിസംബര്‍ 25) ഡോ.മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. ഭാരതത്തിലെ 130 കോടി ജനങ്ങളില്‍ ആരെയും അകറ്റി നിര്‍ത്താതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല സങ്കല്പമാണ് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ കാതല്‍ എന്നാണ് അദ്ദേഹം അവിടെ ആവര്‍ത്തിച്ചത്. നേര്‍വഴിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അത് വിശാലവും സകാരാത്മകവുമായ സമീപനമാണ്. അതില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടമേയില്ല. മറ്റുള്ളവരില്‍ ചിലര്‍ നാനാത്വത്തിലേകത്വം ഭാരതത്തിന്റെ സവിശേഷതയായി കാണുന്നുവെന്നൂ പറയുമ്പോള്‍ സംഘം വൈവിധ്യത്തെ ആഘോഷിക്കുന്നുവെന്നതാണ് സത്യം. ഹൈദരാബാദ് പ്രഭാഷണത്തിലൂടെ സര്‍സംഘചാലക് ഹൈന്ദവദേശീയതയുടെ വീക്ഷണം ഒന്നുകൂടി വ്യക്തമാക്കി. മറ്റുള്ളവര്‍ പലതിനെ ഒന്നായി കാണുന്നതിനുള്ള ഔദാര്യം കാട്ടി മേനി നടിക്കുവാന്‍ പണിപ്പെടുമ്പോള്‍ സംഘം അടിസ്ഥാനപരമായി ഒന്നെന്നുറപ്പുള്ളതിനെ പല വര്‍ണ്ണങ്ങളില്‍ കാണുമ്പോള്‍ മനം നിറഞ്ഞ് ആഹഌദിക്കുകയാണ് ചെയ്യുന്നതെന്ന വസ്തുതയാണ് പ്രൗഢോജ്ജ്വലമായ ആ പ്രഭാഷണം വെളിപ്പെടുത്തിയത്.
അത് കേട്ട ഹിന്ദുവിരുദ്ധ വര്‍ഗീയവാദികളുടെയും ദേശവിരുദ്ധ രാഷ്ട്രീയ ശക്തികളുടെയും അവിശുദ്ധ കൂട്ടു കെട്ടിന്റെ ഉറക്കം കെടുന്നത് മനസ്സിലാക്കാം. പക്ഷേ സര്‍സംഘചാലകിന്റെ വാക്കുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ അവരുടെ വിഷം പുരണ്ട ചിന്ത തന്നെയാണ് മറ നീക്കി പുറത്തുവരുന്നത്. അവര്‍ക്ക് അറിവില്ലായ്മയാണെന്നൊരു പരിഗണനല്‍കി അവഗണിക്കുവാനും കഴിയില്ല. ഒരു പക്ഷേ ഏതെങ്കിലും പപ്പുമോനോ കിങ്ങിണിക്കുട്ടനോ ആണ് അങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അറിവില്ലാപൈതങ്ങളാണെന്നൂ കരുതി അവഗണിക്കാമായിരുന്നു. ഏറെ അറിവുള്ളവര്‍ക്കും വക്രബുദ്ധി വലിയ അളവിലുണ്ടായിപ്പോയാല്‍ അറിഞ്ഞതു വളച്ചൊടിച്ച് നേര്‍വഴി ചിന്തിക്കുന്നവരെ പോലും വഴിതെറ്റിക്കുവാന്‍ വഴിതേടുമെന്നുള്ളതുകൊണ്ട് അവരെ തുറന്നു കാണിക്കേണ്ടിയിരിക്കുന്നു.
ഒവൈസി ജിഹാദ് നടത്തി ഇസ്ലാമല്ലാത്തവരെ ഇല്ലാതാക്കി ലോകം ഇസ്ലാം വിശ്വാസികള്‍ക്കു മാത്രമാക്കി മാറ്റുവാന്‍ മതവെറിയുമായി ആയുധമെടുത്ത് പോര്‍വിളി നടത്തുന്നവരുടെ മുന്നണിപ്പോരാളിയാണ്. പതിനഞ്ച് മിനിട്ട് പോലീസും പട്ടാളവും മാറി നിന്നാല്‍ 85 ശതമാനം വരുന്ന ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ കേവലം 15 ശതമാനം മാത്രമുള്ള മുസ്ലീങ്ങള്‍ക്ക് കെല്പുണ്ടെന്ന് വീമ്പിളക്കി മതവെറിയുടെ വെല്ലുവിളിയുമായി പൊതുവേദിയില്‍ പ്രസംഗിച്ച അക്ബറുദ്ദീന്‍ ഒവൈസിയുടെ ജ്യേഷ്ഠനാണിദ്ദേഹം.
തങ്ങള്‍ വര്‍ഗശത്രുക്കളെന്ന് കരുതി വെറുക്കുന്നവര്‍ക്കെതിരെ രക്തരൂഷിത വര്‍ഗസമരമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്തിന്റെ കാതല്‍. തങ്ങളുടെ പോര്‍വഴികളില്‍ കൂടെനില്‍ക്കാത്തവരെ കൊന്നൊടൂക്കി സാമ്രാജ്യം വെട്ടിപ്പിടിച്ചൂ കഴിഞ്ഞാല്‍ പോര്‍ക്കളത്തില്‍ ഒപ്പം നിന്നവരാണെങ്കിലും നേരും നെറിയും കുറച്ചെങ്കിലും ബാക്കിയുള്ള സമരസഖാക്കളെത്തന്നെ കൊന്നൊടുക്കി നേതൃനിരയിലെ വെല്ലുവിളികളുടെ സാദ്ധ്യതകള്‍ ഇല്ലാതാക്കുകയാണ് അടുത്ത പടി. അന്നവും നീതിയും നേടിത്തരുമെന്ന് തെറ്റിദ്ധരിച്ച് പോരാട്ട പാതയില്‍ ചോരയും ജീവനും ബലികഴിച്ചു പോരാട്ടത്തിന് കൂട്ടു നിന്ന അടിസ്ഥാനവര്‍ഗത്തെ തന്നെ കൊന്നൊടൂക്കി എണ്ണം കുറയ്ക്കലാണ് അടുത്ത ഘട്ടം. സോവിയറ്റ് യൂണിയനിലും ചൈനയിലും ഉത്തരകൊറിയയിലും ചരിത്രം സാക്ഷ്യം വഹിച്ച കമ്യൂണിസ്റ്റ് കൊലപാതകങ്ങളുടെ കൊടും ക്രൂരത പ്രകടമാക്കുന്നത് കമ്യൂണിസം മാനവികതയ്ക്ക് എതിരാണെന്നതു തന്നെയാണ്.
തന്നെ പോലെ തന്റെ അയല്‍ക്കാരെ സ്‌നേഹിച്ച് ത്യാഗത്തിന്റെ പരിശുദ്ധ കുരിശിന്റെ വഴി സ്വീകരിച്ചവരെ പിന്നാക്കം തള്ളി കുരിശ് യുദ്ധത്തിനുള്ള ആയുധമാക്കി മാറ്റിയവരുടെ രീതിയും മനുഷ്യനെ തരം തിരിച്ചു കാണുന്ന തരമാണ്. തങ്ങളൊഴിച്ചു ബാക്കിയുള്ളവരെ പാപികളെന്ന് പേര്‍വിളിച്ച് കുരിശുയുദ്ധങ്ങള്‍ നടത്തി സ്വന്തം സാമ്രാജ്യത്വത്തിന്റെ മോഹങ്ങള്‍ക്ക് ക്രിസ്തുമതത്തെ ഉപയോഗിക്കുന്നതായിരുന്നു അവരുടെ രണതന്ത്രം.
അതുകൊണ്ടുതന്നെ മനുഷ്യനെ ഒന്നായി കാണാന്‍ പറഞ്ഞ ശ്രീനാരായണ ഗുരുദേവനും ഭാരതീയരെ ഒന്നായിക്കാണാന്‍ പറഞ്ഞ ഡോ.മോഹന്‍ജി ഭാഗവതും കമ്യൂണിസ്റ്റ് പരിമിതവീക്ഷണത്തിനപ്പുറം ഒരു ലോകമുണ്ടെന്ന വിശാല ഹൈന്ദവദര്‍ശനത്തിന്റെ കാതല്‍ അറിഞ്ഞവരാണ്. ആദിശങ്കരന്റെ ദര്‍ശനങ്ങളിലൂടെ ലോകം തിരിച്ചറിഞ്ഞ അദ്വൈതദര്‍ശനത്തിന്റെ പൊരുളറിഞ്ഞ ഗുരുദേവന്‍ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നു പറഞ്ഞതും 130 കോടി ജനങ്ങളെയും ഒരേ ഹൈന്ദവ സാംസ്‌കാരികതയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഒരു പോലെ കാണുന്നുവെന്ന് സര്‍സംഘചാലക് പറഞ്ഞതും വൈവിധ്യത്തെ നിരാകരിക്കാനല്ല, വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന ഏകത്വത്തെ എടുത്തു കാണിക്കുവാനാണ്. അങ്ങനെ ചെയ്യുന്നത് ഭാരതത്തിന്റെ ഭരണഘടനയുടെ നിഷേധമാണെന്നൊക്കെ പറയുന്നത് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ ശക്തികള്‍ പരാജയം മുന്നില്‍ കണ്ട് പരാക്രമത്തിന് തുടങ്ങുകയാണെന്നതിന്റെ പകല്‍ പോലെ തെളിവുള്ള പരമാര്‍ത്ഥമാണ്.
കാലത്തിന്റെ ഗതി നിര്‍ണ്ണയിക്കുവാനുള്ള നിയതിയൂടെ നിയോഗം നിര്‍വ്വഹിച്ചുകൊണ്ട് യുഗപ്രഭാവന്റെ തലത്തിലേക്ക് ഉയരുകയാണ് ഡോ.മോഹന്‍ ഭാഗവത് ഹൈദരാബാദ് പ്രഭാഷണത്തിലൂടെ ചെയ്തത്. ഭാരത ദേശീയതയുടെ ജൈത്രയാത്ര വിജയലക്ഷ്യങ്ങള്‍ കയ്യെത്തും ദൂരം വരെ കടന്നെത്തിക്കഴിഞ്ഞപ്പോള്‍ സംഘചാലകന്‍ സമൂഹത്തിന്റെ സകാരാത്മക മുന്നേറ്റത്തിന്റെ അവസാനഘട്ട പിഴ സാദ്ധ്യതകളുടെ പഴുതടയ്ക്കാന്‍ നടത്തിയ അര്‍ത്ഥപൂര്‍ണ്ണമായ ബൗദ്ധിക ഇടപെടലായിരുന്നു ആ പ്രഭാഷണം. ഒപ്പം തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലോക വീക്ഷണം പൊതുസമൂഹത്തിനുമുമ്പില്‍ വ്യക്തമാക്കുന്നതിന് അനുസ്യൂതം നടത്തിക്കൊണ്ടിരിക്കൂന്ന യത്‌നത്തിന്റെ തുടര്‍ച്ചയും.
അങ്ങനെയൊരു പ്രഭാഷണത്തിന് തിരഞ്ഞെടുത്ത സന്ദര്‍ഭവും ശ്രദ്ധ അര്‍ഹിക്കുന്നു. ഭാരതം ഹൈന്ദവദേശീയതയുടെ ധാര്‍മ്മിക വിജയത്തിന് അരങ്ങൊരുക്കുന്നു. ജനാധിപത്യ രീതിയിലൂടെ രാഷ്ട്രീയ അധികാരം ജനം ദേശീയതയുടെ പക്ഷത്തിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. പുതിയ ഭരണകൂടം അവസരത്തിനൊത്തുയരുന്നു. സാമൂഹിക സമരസതയും അവസരസമത്വവും ഉറപ്പാക്കി അഞ്ച് ട്രില്ല്യണ്‍ യു.എസ്സ് ഡോളര്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി രാഷ്ട്രം പുതിയ കുതിപ്പിന് തയ്യാറെടുക്കുന്നു. മഴ വന്നു വെള്ളം നിറയുന്നതിനുമുമ്പ് കിണര്‍ തേകി വൃത്തിയാക്കി മാലിന്യമുക്തമാക്കുമ്പോളുണ്ടാകാവുന്ന താത്കാലിക ജലദൗര്‍ലഭ്യം പോലെ രാജ്യത്തിന്റെ സാമ്പത്തികമേഖലയിലും ചില താത്കാലിക പ്രവണതകള്‍ നിലവിലുള്ളപ്പോള്‍ തന്നെ വലിയ ഒരു കുതിച്ചു ചാട്ടത്തിന് ഭാരതം ഒരുങ്ങുകയാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
സര്‍വ്വധര്‍മ്മ സമഭാവന മുഖമുദ്രയായ ഹൈന്ദവ വീക്ഷണത്തിന്റെ സകാരാത്മക തലത്തിലേക്ക് സമാജത്തെ നയിക്കുവാന്‍ പുതിയ ഭാരതത്തിന്റെ നേതൃത്വം മുന്നില്‍ നില്‍ക്കുന്നു. ആ മുന്നേറ്റത്തിന് വിജയ പാതയൊരുക്കുവാന്‍ ഹിന്ദുവിനെ അവഗണിക്കുകയും മറ്റുള്ളവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയം നാട് തിരസ്‌കരിക്കുന്നു. എണ്ണത്തില്‍ കുറവുള്ളവരുടെ ദുശ്ശാഠ്യങ്ങള്‍ക്കു മുമ്പില്‍ ഹിന്ദുവിനെ പിടിച്ചു നിര്‍ത്തി പിടലിയറക്കുവാന്‍ കൊടുത്താലും കുറ്റമില്ലെന്ന തരത്തില്‍ മതേതരത്വത്തിന് ഹിന്ദുവിരുദ്ധ വര്‍ഗീയവാദികളും ദേശവിരുദ്ധ രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് ചമച്ച നിര്‍വചനം ഇനി ഇവിടെ നടപ്പില്ലായെന്ന് നാടാകെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
സുന്നത്ത് നടത്തി ജിഹാദികള്‍ക്ക് കീഴ്‌പ്പെടുത്തി ലോകം വെട്ടിപ്പിടിക്കുവാനും ബാക്കിയുള്ളവരുടെ മൊത്തം തല അരിയുവാനും ഒരുങ്ങി പുറപ്പെട്ടവര്‍ പരാജയം തൊട്ടു മുന്നില്‍ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. മാമോദീസ മുങ്ങാന്‍ തയാറാകാത്തവരെ മൊത്തം കുരിശില്‍ തറച്ചിട്ടാണെങ്കിലൂം ലോകം സുവിശേഷവത്കരിക്കാന്‍ വഴിയന്വേഷിക്കുന്നവര്‍ക്കൊപ്പം സാമ്രാജ്യത്വ ശക്തികളും പടചേര്‍ന്നു കൂടെയുണ്ടെങ്കിലും വഴി അടഞ്ഞു കഴിഞ്ഞുവെന്ന് അവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തലവെട്ടി താലപ്പൊലി നടത്തി തങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക് അതിരുകളില്ലാത്ത അധികാരത്തിലെത്തിലേക്ക് വഴിയൊരുക്കുവാന്‍ പടയ്ക്കിറങ്ങിയ അരാജക വാദികളുടെ കമ്യൂണിസത്തോടും പൊതുസമൂഹം കടക്കൂ പുറത്തെന്ന് പറഞ്ഞു കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെയും മറ്റും പേരില്‍ ഇപ്പോള്‍ നടക്കുന്ന ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ കാല്‍ക്കീഴിലെ മണ്ണു നഷ്ടപ്പെട്ട മൂന്നു കൂട്ടരും കൈകള്‍ കോര്‍ത്ത് പിടഞ്ഞു വീഴാതെ പിടിച്ചു നില്‍ക്കുവാന്‍ നടത്തുന്ന പാഴ്ശ്രമങ്ങളാണ്.
കമ്യൂണിസ്റ്റു കോണ്‍ഗ്രസ്സ് ജിഹാദി കൂട്ടുകെട്ടിന്റെ ആ മരണപ്പാച്ചിലിനെ പരാമര്‍ശിക്കുക പോലും ചെയ്യാതെയായിരുന്നു, സര്‍സംഘ് ചാലക് ധര്‍മ്മ വിജയത്തിന് കുരുക്ഷേത്രത്തിലെത്തുന്നവരുടെ കാഴ്ച വ്യക്തമാക്കൂവാനും കരുത്തു വര്‍ദ്ധിപ്പിക്കുവാനും വാക്കുകള്‍ ആയുധമാക്കിയത്. ദ്വാപര യുഗത്തില്‍ ‘ചമ്മട്ടി പൂണ്ട് കടിഞ്ഞാണും പിടിച്ച് ഇന്ദ്രാത്മജന്ന് തേര്‍ പൂട്ടി നിന്ന’ പാര്‍ത്ഥസാരഥി കലിയുഗത്തില്‍ സംഘടനാരൂപത്തില്‍ അവതരിച്ചതാണ് രാഷ്ട്രീയ സ്വയംസേവക സംഘം. പുതിയ കാലത്ത് ധര്‍മ്മവിജയം തേടി കുരുക്ഷേത്രത്തിലെത്തുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് സര്‍സംഘചാലക് നല്‍കിയ സംഘത്തിന്റെ സന്ദേശം സ്പഷ്ടമാക്കിയത് ഹിന്ദുവാകാം, മുസ്ലീമാകാം, ക്രിസ്ത്യനോ മറ്റാരെങ്കിലോ ആകാം, പക്ഷേ അടിസ്ഥാനപരമായി ഭാരതീയനാകണം, മനുഷ്യനാകണം എന്ന ഉദാത്ത സങ്കല്പമാണ്. അല്ലാതെ അവരെല്ലാം അവരുടെ പ്രത്യേക വിശ്വാസങ്ങള്‍ വെടിഞ്ഞ് ഒരേ ഉടുപ്പിടണമെന്നല്ല, ഒരേ ഭാഷ പറയണമെന്നല്ല, ഒരേ വിശ്വാസത്തിന് അടിപ്പെടണമെന്നുമല്ല. അത്തരത്തില്‍ തന്നെയല്ലേ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്’ എന്ന് ഗുരുദേവന്‍ നൂറ്റാണ്ടു മുന്‍പ് പറഞ്ഞതും ? അത്രയും തരിച്ചറിയാനായില്ലെങ്കില്‍ അക്ഷരം പഠിച്ചതിനര്‍ത്ഥമുണ്ടോ?
(2019 ഡിസംബര്‍ 25 ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരമ പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് ഹൈദരാബാദ് വിജയ സങ്കല്പ ശിബിരത്ത അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിന്റെ സന്ദേശം ശരിക്കറിയാതെ പടയ്ക്കിറങ്ങിയവരോടുള്ള പ്രതികരണമാണീ ലേഖനം.)
(ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍ )