1975 ജൂണ്‍ 26നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം മിക്കവാറും എല്ലാ പത്രങ്ങളും രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാണ് അച്ചടിച്ചു പുറത്തിറങ്ങിയത്. 1975 ജൂണ്‍ 28 ന് ഇറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ് പേപ്പറിന്റെ ആദ്യത്തെ പേജില്‍ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ദേശീയ നേതാക്കളെ തടവിലാക്കി എന്ന വാര്‍ത്തയ്‌ക്കൊപ്പം പ്രതിഷേധ സൂചകമെന്നോണം എഡിറ്റോറിയല്‍ കോളം കറുത്ത നിറത്തില്‍ ശൂന്യമായി ഇട്ടിരിക്കുന്നതും കണ്ടു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അപ്രമാദിത്യം സാമാന്യ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാക്കിയിരുന്ന കാലത്താണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലുള്ളപ്പോള്‍ സെല്‍ ഭരണവും പ്രതിപക്ഷത്താവുമ്പോള്‍ അക്രമ സമരങ്ങളും; കേരളമെന്നും ഒരു പ്രശ്‌ന സംസ്ഥാനമായിരുന്നു. അതുവരെ അനീതിക്കെതിരെ, നീതി നിഷേധങ്ങള്‍ക്കെതിരെ, ശക്തമായി പ്രതിഷേധിച്ചു എന്നവകാശപ്പെട്ടിരുന്ന സിപിഎം, സിഐടിയു, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ശാസ്ത്രസാഹിത്യ പരിഷത് വിപ്ലവ സംഘങ്ങളെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മാളങ്ങളിലൊളിച്ചു. ഏതാണ്ടൊരാഴ്ച്ചത്തെ വിമര്‍ശനങ്ങള്‍ക്കുശേഷം കേരളത്തിലെ മിക്കവാറും എല്ലാ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും സാഹിത്യ-സാംസ്‌ക്കാരിക നായകന്മാരും നല്ല കുട്ടികളായി, മര്യാദക്കാരായി പ്രത്യക്ഷപ്പെട്ടു. ട്രയിന്‍ കൃത്യസമയത്തോടുന്ന, അവകാശ സമരങ്ങളില്ലാത്ത, തൊഴില്‍ സമരങ്ങളില്ലാത്ത, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്ലാത്ത, നാവടക്കി തൊഴിലെടുക്കുന്ന ഗുമസ്തന്മാരുള്ള അടിയന്തരവസ്ഥയെ ഇവരില്‍ പലരും അനുശാസനപര്‍വ്വമായി പ്രകീര്‍ത്തിച്ചു. ഭരണത്തില്‍ പങ്കാളികളായ സൈദ്ധാന്തിക സഖാക്കള്‍ (സിപിഐ) കരുണാകരന്റെ പോലീസ്‌രാജിന്റെ കീഴില്‍ നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളെയും കൊലപാതകങ്ങളെയും നിര്‍ല്ലജ്ജം ന്യായികരിച്ചു. പാര്‍ട്ടി അനുഭാവിയായിരുന്ന പ്രൊഫ. ഈച്ചരവാര്യരുടെ മകന്‍ എല്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജനെ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു (നക്‌സലൈറ്റ്) എന്നാരോപിച്ച് കോളേജില്‍ നിന്നു കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടെ കക്കയം പോലീസ് ക്യാമ്പില്‍ കൊണ്ടുപോയി അതിക്രൂരമായ മര്‍ദ്ദനമുറകള്‍ക്കു വിധേയനാക്കി കൊലചെയ്തു. ശവശരീരം പോലും വെളിയില്‍ കാണിക്കാതെ നശിപ്പിച്ചു. പ്രതിപക്ഷ നേതാക്കളെ മിസ തടവുകാരാക്കി ജയിലിലടച്ചു. ഭാരതീയ ജനസംഘത്തിന്റെയും ആര്‍എസ്എസ് (കിട്ടിയവരെ) സംസ്ഥാന നേതാക്കളെയും മിസ, ഡിഐആര്‍ ചുമത്തി ജയിലിലടച്ചു. കിട്ടാത്തവരുടെ ലിസ്റ്റുണ്ടാക്കി അവര്‍ക്കായി ജയിലില്‍ പ്രത്യേക സെല്ലുകള്‍ ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ പിടിച്ച നിരവധി കാര്യകര്‍ത്താക്കളെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി ദിവസങ്ങളോളം കോടതിയില്‍ പോലും ഹാജരാക്കാതെ മര്‍ദ്ദിച്ചതിനുശേഷമാണ് ജിയിലിലടച്ചത്. ആലപ്പുഴയില്‍ നിന്നും അറസ്റ്റു ചെയ്ത പ്രചാരകന്മാരായിരുന്ന വൈക്കം ഗോപകുമാറിനും ശിവദാസനും ഇതില്‍ വിവരിക്കുന്ന എല്ലാ മര്‍ദ്ദനമുറകളും ഏകാന്ത തടവില്‍ അനുഭവിക്കേണ്ടി വന്നവരാണ്.
1975 നവംബര്‍ ആയപ്പോഴേക്കും അടിയന്തരാവസ്ഥ നിലവില്‍ വന്നിട്ട് ഏകദേശം അഞ്ച് മാസമായിരുന്നു. രാഷ്ട്രീയ അറസ്റ്റുകളുടെ പ്രാരംഭ തരംഗം പൗരാവകാശങ്ങളെ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തുന്ന ഒരു ഘട്ടമായി പരിണമിച്ചു. ഈ അവസരത്തില്‍ ഇന്ദിരയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14-ാം തീയതി മുതല്‍ ജനുവരി 26 വരെ ദേശവ്യാപകമായി ഭാരതത്തിലുടനീളം സത്യഗ്രഹ സമരം സംഘടിപ്പിക്കുവാന്‍ ലോക സംഘര്‍ഷസമതി തീരുമാനിച്ചു. കേരളത്തില്‍ സംഘര്‍ഷസമതിയുടെ ആഹ്വാനമനുസരിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും നവംബര്‍ പതിനാലാം തീയതി മുതല്‍ ജനുവരി 26 വരെ സത്യഗ്രഹ സമരം നടത്തി. പതിനൊന്നു പേരടങ്ങുന്ന സത്യഗ്രഹ സംഘം നിത്യേന ഓരോ ബാച്ചായി സത്യഗ്രഹത്തില്‍ പങ്കെടുത്തു. അന്നത്തെ യുഡിഎഫ്-കോണ്‍ഗ്രസ്, സിപിഐ, മുസ്ലീംലീഗ്-ഗവണ്‍മെന്റ് സത്യഗ്രഹത്തെ തകര്‍ക്കാന്‍ സ്വീകരിച്ച നടപടികള്‍ അങ്ങേയറ്റും ജനാധിപത്യവിരുദ്ധവും പ്രാകൃതവും ജൂഗുപ്‌സാവഹവുമായിരുന്നു.
കണ്ണൂരിലെ പോലീസ്, സത്യഗ്രഹികളെ നേരിട്ടത് സത്യഗ്രഹസ്ഥലത്തിട്ട് അവരെ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയാണ്. അതിനു നേതൃത്വം കൊടുത്ത പോലീസ് ഓഫീസര്‍ തന്റെ കയ്യിലെ ലാത്തിയൊടിയുന്നതു വരെ മര്‍ദ്ദിച്ചു. നിര്‍ത്താതെയുള്ള ലാത്തിയടിയേറ്റ് മാംസം ചതഞ്ഞരഞ്ഞ് എല്ലുപൊട്ടി ചോരവാര്‍ന്നവശരായിട്ടും കെട്ടിപ്പിടിച്ച് ബോധരഹിതരായി അവിടെ തന്നെ കിടന്നു. ആദര്‍ശധീരരായ ആ യുവാക്കളുടെ ആത്മാര്‍പ്പണം മനുഷ്യപ്പറ്റ് ലവലേശമില്ലാതിരുന്ന ആ മനുഷ്യാധമനെപ്പോലും പശ്ചാത്താപ വിവശനാക്കി. അയാള്‍ ശിഷ്ടകാലം ഒരു മനുഷ്യസ്‌നേഹിയും ആത്മീയവാദിയുമായി ജീവിച്ചു. പല സ്ഥലങ്ങളിലും സത്യഗ്രഹികളോടു പല വിധത്തിലുള്ള മര്‍ദ്ദനമുറകളാണ് കോണ്‍ഗ്രസ് യജമാനന്മാരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് മേധാവികള്‍ സ്വീകരിച്ചത്. ശാസ്ത്രീയമായ അന്വേഷണമെന്ന രീതിയില്‍ ഈ മൂന്നാംമുറ പ്രയോഗങ്ങള്‍ക്കു പല പേരുകള്‍ നല്കി പോലീസുകാര്‍ ഭരണ കക്ഷി നേതാക്കളുടെ പ്രീതി സമ്പാദിച്ചു. ഉരുട്ടല്‍: സ്റ്റേഷനിലെ റൈട്ടര്‍ പേപ്പറില്‍ വരയിടുവാനുപയോഗിക്കുന്ന ഏകദേശം ഒരു മീറ്റര്‍ നീളമുള്ള ഉരുണ്ട മിനുസമുള്ള ഭാരമേറിയ തടിക്കഷണം (റൂള്‍ത്തടി /റോളര്‍) പാദം മുതല്‍ തുടയറ്റം വരെ ശക്തിയായി അമര്‍ത്തി ഉരുട്ടുക. വിമാനം പറപ്പിക്കല്‍: രണ്ടുകയ്യും പുറകില്‍ കെട്ടി സീലിംഗില്‍ കെട്ടിത്തൂക്കിയിട്ടു കറക്കുക, മലര്‍ത്തി കിടത്തി തള്ളവിരല്‍ കൂട്ടികെട്ടി കാല്‍ വെള്ളയില്‍ ചൂരല്‍ പ്രയോഗം, നഖം പിഴുതെടുക്കുക, ലിംഗത്തിലൂടെ ഈര്‍ക്കിലുകയറ്റുക ഇങ്ങനെ പറഞ്ഞാലറക്കുന്നതും കൊടും ക്രൂരതയുടെ പര്യായങ്ങളായ നിരവധി മര്‍ദ്ദന മുറകള്‍. വേദന കൊണ്ടു പുളയുമ്പോള്‍ ചോദ്യം ചെയ്യല്‍ എന്ന രീതിയില്‍ കേട്ടാലറക്കുന്ന തെറി വിളിച്ചും അടിയന്തരാവസ്ഥയുടെ അപദാനങ്ങള്‍ പറഞ്ഞും ആക്ഷേപിക്കുക. വീട്ടിലിരിക്കുന്ന അമ്മ പെങ്ങന്മാരെ അറസ്റ്റു ചെയ്തു പീഡിപ്പിച്ചു കായലില്‍ കെട്ടിത്താഴ്ത്തിയാല്‍ പോലും ആരും ചോദിക്കാന്‍ വരില്ലെന്ന ഭീഷണി. രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ സമരചെയ്ത സ്വയംസേവകര്‍ മാത്രം നേരിട്ട ദുരന്താനുഭവങ്ങളായിരുന്നു ഇതെല്ലാം. ലോകസംഘര്‍ഷ സമതി മുന്‍കൂട്ടി നിശ്ചയിച്ച ലഘുലേഖയടിച്ചു വിതരണം ചെയ്തറിയിച്ച് 56 ദിവസം നീണ്ടുനിന്ന സത്യഗ്രഹം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു പരിസമാപ്തിയിലെത്തി. കേരളത്തില്‍ ഈ ഐതിഹാസിക സമരത്തില്‍ 8000 പേര്‍ പങ്കെടുത്തു, 4645 പേര്‍ അറസറ്റു ചെയ്യപ്പെട്ടു, 1270 പേര്‍ മിസാ തടവുകാരായി, ഇരുപതിലധികം പേര്‍ ബലിദാനികളായി. ഈ രണ്ടാം സ്വാതന്ത്ര്യ സമരം വരാനിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ മണിമുഴക്കമായിരുന്നു.

ആലപ്പുഴ മാതൃകാ പൊലീസ് സ്റ്റേഷന്‍: അടിയന്തരാവസ്ഥയിലെ പരീക്ഷണശാല
കേരളത്തില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പോലീസിന്റെ നിരവധി പ്രത്യേക തരം അതിക്രമങ്ങളും മര്‍ദ്ദന മുറകളും പ്രയോഗിച്ച് എങ്ങനെ നേരിടണമെന്ന വ്യക്തമായ രൂപരേഖ തയ്യാറാക്കി, അതു വിജയകരമായി കേരളം മുഴുവന്‍ നടപ്പിലാക്കി. ആര്‍എസ്എസ്സിന്റെ സംഘടനാ ശേഷിയെ വെല്ലുവിളിച്ച് സമരം പരാജയപ്പെടുത്താനുള്ള പദ്ധതിയുടെ അരങ്ങേറ്റമായിരുന്നു ആലപ്പുഴ മാതൃക പോലീസ് സ്റ്റേഷനില്‍ നവംബര്‍ മാസം 19 നു നടമാടിയെന്നത് ചരിത്രപരമായി വളരെ പ്രധാന്യമുള്ളതാണ്.
നവംബര്‍ മാസം 19-ാം തീയതി ലോക സംഘര്‍ഷ സമിതിയുടെ പേരില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ സത്യഗ്രഹ സമരം നടത്താന്‍ ആലപ്പുഴ ജില്ലയിലെ പതിനൊന്നു സ്വയംസേവകരെ നിയോഗിച്ചു. മോഹന്‍ദാസ് (അമ്പലപ്പുഴ), രാമന്‍ നമ്പൂതിരി (അമ്പലപ്പുഴ), സഹദേവന്‍ (ആലപ്പുഴ, രാധാകൃഷ്ണന്‍ നായര്‍ (മങ്കൊമ്പ്) നീലകണ്ഠന്‍ നായര്‍ (ആലപ്പുഴ) സരസന്‍ (മങ്കൊമ്പ്) മധുസൂദനന്‍ പിള്ള (തോന്നല്ലൂര്‍ പന്തളം) ചന്ദ്രശേഖരന്‍ പിള്ള (പന്തളം) സുകുമാരന്‍ എന്ന അപ്പു (പന്തളം) സി. ശിവദാസന്‍ (പ്രചാരകന്‍) എന്നിവരായിരുന്നു സത്യഗ്രഹികള്‍. നേരത്തേ നിശ്ചയിച്ച പ്രകാരം അവര്‍ ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ എത്തി. ‘മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 -ാം തീയതി മുതല്‍ ജനുവരി 26 വരെ ദേശവ്യാപകമായി ഭാരതത്തിലുടനീളം സത്യഗ്രഹസമരം സംഘടിപ്പിക്കുവാന്‍ ലോക സംഘര്‍ഷസമിതി തീരുമാനിച്ചിരിക്കുന്നു. സമാധാനപരവും പൊതുജീവിതത്തിനു യാതൊരു തടസ്സമോ ബുദ്ധിമുട്ടുണ്ടാകാതെയുമായിരിക്കും സത്യഗ്രഹ സമരം…’ ഇക്കാര്യങ്ങളെല്ലാം വിവരിച്ചുകൊണ്ടു ലോക സംഘര്‍ഷ സമിതിയുടെ പേരിലിറക്കിയ സൈക്ലോസ്റ്റയില്‍ ചെയ്ത ഒരു പ്രസ്താവന അവിടെ കൂടിയിരുന്ന ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യണം. നേരത്തെയുള്ള നിര്‍ദ്ദേശം അനുസരിച്ച് ഈ 11 പേരും സ്റ്റേഷന്റെ പല ഭാഗങ്ങളില്‍ ചിതറി നിന്നുകൊണ്ട് ലഘുലേഖ വിതരണം നടത്തി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, മഹാത്മാഗാന്ധി കീ ജയ്, അടിയന്തരാവസ്ഥ പിന്‍വലിക്കുക, എല്ലാവരും ഒന്നിച്ച് അത്യുച്ഛത്തില്‍ മുദ്രാവാക്യം വിളിച്ചു ബസ്റ്റാന്‍ഡിനു മുന്‍പിലെത്തി. മുദ്രാവാക്യം കേട്ട് സ്റ്റാന്‍ഡില്‍ ഉള്ളവര്‍ അവിടെ തടിച്ചുകൂടി. സത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട്, അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള സമരമാണിത്, പൗരസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പുന:സ്ഥാപിക്കുന്നതിന്നും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനും വേണ്ടി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുളള ലോക സംഘര്‍ഷസമതി ഇന്ത്യയൊട്ടുക്കുനടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാമാണിവിടെ നടക്കുന്ന സമരമെന്ന് സംഘത്തിലെ മധുസൂദനന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ശിവദാസന്‍ ചേട്ടന്‍ അടിയന്തരാവസ്ഥക്കെതിരെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയും കരി നിയമങ്ങള്‍ക്കെതിരെയുമുള്ള പ്രതിഷേധ സമരമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യവും, സ്വാതന്ത്ര്യവും, ജനങ്ങളുടെ സ്വത്തിനും ജീവനും ഉള്ള അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും, വേണ്ടി നടക്കുന്ന ഈ ധര്‍മ്മ സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അധികം താമസിയാതെ ഒരു വണ്ടി നിറയെ പോലീസ് അവിടെയെത്തി, ബസ് സ്റ്റാന്‍ഡ് വളഞ്ഞു. ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ ഏതാനും പോലിസുകാര്‍ വന്ന് മുദ്രാവാക്യം നിര്‍ത്താനും നിലത്തിരിക്കാനും ആക്രോശിച്ചു. പിന്നീടു സത്യഗ്രഹികളെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. കുറച്ചുനേരം ടൗണിലൂടെ കറങ്ങി ഏതാണ്ടു പതിനൊന്നു മണിയോടെ ബസ് സ്റ്റാഡിനുതൊട്ടടുത്തുള്ള ആലപ്പുഴ മാതൃകാ പോലീസ് സ്റ്റേഷന്റെ മുമ്പില്‍ വന്നു നിന്നു. സത്യഗ്രഹികളോരോരുത്തരായി വണ്ടിയില്‍ നിന്നിറങ്ങി നിരനിരയായി സ്റ്റേഷനിലേക്ക് നടക്കാന്‍ പറഞ്ഞു. അവിടെ നീണ്ട വരാന്തയില്‍ രണ്ട് നിരയായി ഇരുപതോളം ചുറുചുറുക്കുള്ള ചെറുപ്പക്കാരായ പോലീസുകാര്‍ (MSP trainees) സത്യഗ്രഹികള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന്‍ എന്നതു പോലെ നിലയുറപ്പിച്ചിട്ടുണ്ട്. നീണ്ട വരാന്തയുടെ അറ്റത്ത് പുറകിലൊരു ചെറിയ മേശയും കസേരയും, കസേരയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (റയിറ്റര്‍) ഇരിക്കുന്നു. മേശപ്പുറത്തു പേനയും പെന്‍സിലും പേപ്പറും വരയിടുന്നതിനുളള ഒരുമീറ്ററോളം നീളം വരുന്ന ഉരുണ്ടു നീണ്ട മിനുസമുള്ള തടിയിലുണ്ടാക്കിയ റൂള്‍തടിയും (roller) അടുക്കി വച്ചിട്ടുണ്ട്. സമര സേനാനികളെ സ്വീകരിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുപോലെ തോന്നി. ഈ ഒരുക്കങ്ങള്‍ക്കുവേണ്ടിയായിരുന്നു സമയമെടുത്തു ടൗണ്‍ചുറ്റി പ്രദിക്ഷണം ചെയ്‌തെതെന്നു പിന്നീടാണ് മനസ്സിലായത്.
മുന്നിലുള്ള ആള്‍ വരാന്തയിലേക്കു കയറുകയും ആദ്യത്തെ പോലീസുകാരന്‍ പടക്കം പൊട്ടുന്ന പോലെ ഒറ്റയടി. കറങ്ങിപ്പോയയാളെ രണ്ടാമന്‍ കുനിച്ചുനിറുത്തി കൈമുട്ടുകൊണ്ടു ഊക്കോടു മുതുകത്തു കുത്തി, ‘അമ്മേ’യെന്നു വിളിച്ചു മൂന്നോട്ടുായുമ്പോഴേക്കും പുറകില്‍ നിന്നു ശക്തമായ ഒരു ചവിട്ടും കിട്ടി, മറ്റെ അറ്റത്തു നില്കുന്ന പൊലീസുകാരന്റെ മുന്നില്‍ ചെന്നു വീണു. പിന്നീടു പെടലിക്കു വീണ അടിയോടൊപ്പം പുറകില്‍ നിന്നുവീണ ചവിട്ടും ഏറ്റുവാങ്ങി, ഓരോത്തരായി കൈമാറി മുഖത്തും നെഞ്ചത്തും വയറ്റത്തും നിരന്തരം ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ക്കൊപ്പം നാഭിക്കും പുറത്തു കിട്ടുന്ന തൊഴിയും ചവിട്ടും ഏറ്റുവാങ്ങി വരാന്തയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എത്താന്‍ വളരെ നേരമെടുത്തു. അടിയും ചവിട്ടും കൊണ്ടുളള വെട്ടും കൊണ്ടു നിലത്തു വീഴുന്ന സ്വയം സേവകരെ കറ്റമെതിക്കുന്നതുപോലെ നിലത്തിട്ടു ചവിട്ടുന്നതും ഇരുട്ടുകയറിയ കണ്ണിലൂടെയാണെങ്കിലും അവര്‍ക്ക് കാണാമായിരുന്നു. മറ്റുള്ളവരുടെ മേല്‍ പതിക്കുന്ന അടിയും ചവിട്ടും അകമ്പടിയായി ഉയരുന്ന നിലവിളിയും ശരണം വിളിയും മൂളലും തേങ്ങലും ചോരപൊടിഞ്ഞൊഴുകുന്ന ചെവിയിലൂടെ അവര്‍ക്ക് മുഴങ്ങിക്കേള്‍ക്കാമായിരുന്നു. മണിക്കൂര്‍ നീണ്ടു നിന്ന പലയാവര്‍ത്തി തുടര്‍ന്ന ട്രയിനി പോലീസുകാരുടെ വൈവിദ്ധ്യമാര്‍ന്ന മര്‍ദ്ദന മുറകളെ ആസ്വദിച്ചു കൊണ്ടിരുന്ന റൈറ്റര്‍ അടികൊണ്ടു നിലതെറ്റി തന്റെ മേശയുടെ സമീപത്തെത്തുന്നരെ റൂള്‍ത്തടിയുപയോഗിച്ച് വിദഗ്ദ്ധമായി കുത്തി നിരയിലെത്തിച്ചു മര്‍ദ്ദനം തുടരാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. മര്‍ദ്ദനത്തിനിടയില്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെട്ട ക്രൈം ബ്രാഞ്ച് എസ്‌ഐ ജയപ്രകാശ് അടികൊണ്ടു വീഴുന്നവരെ തന്റെ ബൂട്ടിട്ടു ചവിട്ടി പിടിച്ചെഴുന്നേല്‍പ്പിച്ച് രണ്ടു കൈകള്‍ കൊണ്ടു ചെവിരണ്ടുമടക്കി കരണത്തടിച്ചു വീഴ്ത്തി, ട്രയിനികളോടു പുതിയ മുറ ആവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്കും. പിന്നെപ്പിന്നെ അതിശക്തമായ ആഘാതം സ്ഥാനത്തും അസ്ഥാനത്തും കിട്ടിയതുകൊണ്ടായിരിക്കാം വേദനയേക്കാള്‍ ഒരു മരവിപ്പാണു തോന്നിയത്. പോലിസുകാരെല്ലാം ക്ഷീണിച്ചപ്പോള്‍ സത്യഗ്രഹികളെയെല്ലാം ചവിട്ടികൂട്ടി ഒരു മൂലയ്‌ക്കൊതുക്കി അവരു പിന്‍വാങ്ങി. ഈ മര്‍ദ്ദനത്തിലെ ഒരു പ്രത്യേകത പോലിസ് സ്റ്റേഷനിലെത്തി അഞ്ചെട്ട് മണിക്കൂര്‍ നിരവധി കൈമാറിയ മര്‍ദ്ദനത്തിനിടയില്‍ പേരു പോലും ചോദിച്ചില്ലെന്നു മാത്രമല്ല, സാധാരണ പോലീസ് മര്‍ദ്ദനത്തിനു മേമ്പടിയായുണ്ടാകുന്ന തെറിവിളി പോയിട്ട് ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു എംഎസ്പി ട്രയിനികളുടെ സത്യഗ്രഹികള്‍ക്കു മേലുള്ള അഭ്യാസ പ്രകടനങ്ങളെല്ലാം. മേലധികാരികളുടെ തൃപ്തിക്കുവേണ്ടി അവരതു ഭംഗിയായി നിറവേറ്റുകയും ചെയ്തു.
വൈകുന്നേരമായപ്പോള്‍ എസ്‌ഐ ജയപ്രകാശ് വന്നു ഹെഡ് കോണ്‍സ്റ്റബിളിനടുത്തൊരു കസേരയിലിരുന്നു. രണ്ട് പോലീസുകാര്‍ വന്ന് ഓരോരുത്തരായി എഴുന്നേല്‍പ്പിച്ച് അടിവസ്ത്രം ഒഴികെ ബാക്കിയെല്ലാം അഴിച്ചു മാറ്റിച്ച് തൊട്ടടുത്തുള്ള ഇടുങ്ങിയതും വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ ലോക്കപ്പ് മുറിയിലേക്ക് തള്ളി. ഡ്രസ്സ് അഴിച്ചു മാറ്റുമ്പോള്‍ ചിലര്‍ രണ്ടു ബനിയനും രണ്ടു ഷര്‍ട്ടും രണ്ടു ഷഡ്ഡിയും ധരിച്ചാണു വന്നിരിക്കുന്നതെന്നു കണ്ടപ്പോള്‍ അവര്‍ക്ക് അതിന് പ്രത്യേകമായ മര്‍ദ്ദനവും കിട്ടി. രാവിലെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ക്രൂരമായ മര്‍ദ്ദനത്തിനു വിധേയമാക്കി, നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ആ സെല്ലിലേക്ക് തള്ളി വിടുമ്പോഴും പേരെന്താണെന്നു പോലും ആരും ചോദിച്ചില്ല. ഒരു ഗ്ലാസ് വെള്ളം പോലും ആര്‍ക്കും നല്‍കിയില്ല. അറസ്റ്റിനു ശേഷം സത്യഗ്രഹികളെ രാഷ്ട്രീയ തടവുകാരായിട്ടല്ല അടിയന്തരാവസ്ഥയിലെ മെയിന്റനന്‍സ് ഓഫ് ഇന്റ്റേണല്‍ സെക്യൂരിറ്റി ആക്ട് (മിസാ), ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് (ഡിഐആര്‍) പ്രകാരം അറസ്റ്റ് ചെയ്ത കുറ്റവാളികളായാണ് കണക്കാക്കിയത്.
(തുടരും)






















