സങ്കടം നിര്‍ത്താതെ പെയ്യുകയാണുഞാന്‍
അമ്മയെ കണ്ടിറങ്ങുമ്പോള്‍….
കൊല്ലൂരിലെന്തുകാര്‍മേഘങ്ങളിങ്ങനെ
തോരാതെ തേങ്ങിയെത്തുന്നു….
ആര്‍ത്തരാവാം ജന്മദുഃഖങ്ങളമ്മതന്‍
കാല്ക്കലര്‍പ്പിയ്ക്കാനണഞ്ഞതാവാം…
ജീവപ്രപഞ്ചത്തിനാകെയത്താണിയായ്
വേറില്ലൊരമ്മയീമണ്ണില്‍….
ആയതറിഞ്ഞുകാര്‍മേഘങ്ങളും വന്ന്
സങ്കടം പെയ്യുകയാവാം…
തങ്കക്കൊടിമരച്ചോട്ടില്‍ നിന്നമ്മയോ-
ടെന്നിനിക്കാണുമെന്നോതി
മെല്ലെത്തിരിഞ്ഞു നടക്കുമ്പോഴെന്‍നിറ
കണ്ണുകളാരെയോതേടി…
ഇല്ലവള്‍ ഗോപുരവാതിലില്‍ പൂചൂടി
ഭക്തരെ കാത്തുനില്പില്ല…
തുമ്പിക്കരം വച്ചനുഗ്രഹിക്കാനവള്‍
നില്‍ക്കുന്നിടം ശൂന്യമല്ലോ…
ചന്തം തികഞ്ഞ പിടിയാനയാണവള്‍…
ഗോപുരം കാത്തു നില്‍ക്കുന്നോള്‍
ഇന്ദിരയെന്നാണവള്‍ക്കു പേര്‍ കുഞ്ഞിലെ
അമ്മയ്ക്കു കാണിയ്ക്കയായോള്‍…
എന്നും പുലര്‍ച്ചയ്ക്കവള്‍ വന്നു ഗോപുര
വാതിലില്‍ നിന്നിരുന്നല്ലോ…
എങ്ങുപോയിന്നവള്‍ എന്നു ഞാന്‍ ഗോപുര
പാലകനോടു ചോദിക്കെ…
‘ഇന്ദിര ജീവന്‍വെടിഞ്ഞു പോയെന്നയാള്‍’…
ഖിന്നതയോടെമൊഴിഞ്ഞു.
അംബാവനത്തിലെങ്ങോ മേഘഗര്‍ജ്ജനം
ചിന്നം വിളിച്ചപോല്‍ പൊങ്ങി….
ഇന്ദിരപോവുകില്ലെങ്ങു പോകാനവ-
ളമ്മയെ വിട്ടുദൂരേയ്ക്ക്…..
ജന്മാന്തരങ്ങള്‍ കടന്നവളമ്മയെ
പൂജിക്കുവാനെത്തിയില്ലേ…
ധന്യജന്മം തന്നെയല്ലായ്കിലീവിധം…
അമ്മയില്‍ ചേരുവാനാമോ…
ഇന്ദിരപോയതില്ലെങ്ങുമെന്നെന്‍മനം
എന്നോടുചൊല്ലിയെന്നാലും..
ഗോപുരം കാത്തവളുണ്ടാവുകില്ലമേല്‍
എന്ന ദുഃഖം ബാക്കിയായി…
എന്താണവള്‍ക്കുപിണഞ്ഞതെന്നെന്‍ മനം
പിന്നെയും തേങ്ങി നില്‍ക്കുമ്പോള്‍
ജ്വരമായിരുന്നു പോലിന്ദിരയ്‌ക്കെന്നൊരാള്‍
വ്യഥയോടെ ചൊല്ലി മറഞ്ഞു….
ജ്വരമല്ലകാരണം മരണത്തിനെന്നുഞാന്‍
അറിയുന്ന സത്യമാണല്ലോ…
ജ്വരമാണു ജീവിതം ജ്വരമുക്തിമരണമെ-
ന്നൊരു പാഠമമ്മമൊഴിഞ്ഞു…
അറിവുകള്‍ക്കപ്പുറത്തൊരുനൊമ്പരം തേങ്ങി
അകമേ നിറഞ്ഞതിതുമാത്രം…
ഇന്ദിരയില്ലിനികൊല്ലൂരിലമ്മതന്‍
ഗോപുരദ്വാരത്തില്‍ നില്‍ക്കാന്‍
അംബാവനത്തിലെങ്ങോ സൂക്ഷ്മരൂപിയായ്
അവള്‍ മേഞ്ഞു നില്പതുണ്ടാവാം…






















