അടുത്തിടെ ജോര്‍ജിയന്‍ സാഹിത്യ വിമര്‍ശകനായ ഇറാക്ലി സുറാബ് കാകാബാദ്‌സേ പറഞ്ഞു, നമ്മുടെ ഈ കാലം ബഹുസ്വരമായ അനേ്വഷണങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുവെന്ന്.
നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരെക്കൂടി അറിയുകയാണ് ഉത്തമം. ലോകം നമ്മെപ്പോലെയുള്ളവരുടെ വര്‍ത്തമാനങ്ങള്‍കൂടി ചേര്‍ന്നതാണ്. ഒരു വ്യക്തി ഏകപക്ഷീയമോ, ഒറ്റയോ ആയി മാറുന്നത് ഒരു അരാഷ്ട്രീയ പ്രവൃത്തിയാണ്. കാരണം, അയാളുടെ ഉള്ളില്‍ സമൂഹമില്ല. അയാള്‍ മാത്രമാകുന്നത് സംത്രാസവും സംഭ്രമവും വിരോധാഭാസവും സങ്കുചിതവുമായിത്തീരും.
റഷ്യന്‍ ചിന്തകനും സൈദ്ധാന്തികനുമായ മിഖായേല്‍ ബക്തിന്‍ (1895- 1975) ബഹുസ്വരത അഥവാ പോളിഫണി polyphony ) എന്ന ആശയം അവതരിപ്പിച്ചു. അദ്ദേഹം മഹാനായ റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയെവ്‌സ്‌കിയുടെ കൃതികളെ ഉദാഹരണമായി ചുണ്ടിക്കാണിച്ചുകൊണ്ടാണ് തന്റെ സിദ്ധാന്തം മുന്നോട്ടുവച്ചത്.
ബക്തിന്‍ ചൂണ്ടിക്കാണിക്കുന്നത്, ദസ്തയെവ്‌സ്‌കി ചരിത്രത്തിലാദ്യമായി വിഭിന്നമായ അസ്തിത്വങ്ങളെ ഒന്നിച്ചവതരിപ്പിച്ച് പ്രപഞ്ച ജീവിതത്തെക്കുറിച്ച് പുതിയൊരു അവബോധം നല്‍കിയെന്നാണ്. വിഘടിച്ചു നില്‍ക്കുന്ന അനേകം ഘടകങ്ങള്‍ മനുഷ്യനിലുണ്ട്. അതുപോലെ മനുഷ്യര്‍ തന്നെ ഒന്നിനൊന്ന് വ്യത്യസ്തരുമാണ്. വ്യത്യസ്തരായവരെ ഒന്നിപ്പിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം തകരാതിരിക്കാനും ദസ്തയെവ്‌സ്‌കി ശ്രദ്ധിക്കുന്നു.
വൈരുദ്ധ്യങ്ങള്‍ പരിഹരിക്കേണ്ടതില്ല. അത് നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കുന്നതു തന്നെ വലിയ കാര്യമാണ്.പലവിതാനങ്ങളിലും(multi leveledness) വിരുദ്ധതകളിലും (contradictoriness) വിഹരിക്കുന്ന കഥാപാത്രങ്ങള്‍ ദസ്തയെവ്‌സ്‌കിയുടെ സാഹിത്യ ലോകത്തുണ്ട്. എന്നാല്‍ അദ്ദേഹം അവരില്‍ ഒരാളാണ് ശരി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. അവരെക്കൂടി ഉദ്ദേശിച്ചാണ് ഈ ലോകം വിഭാവന ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. വിവിധങ്ങളായ സ്വരങ്ങള്‍ കേള്‍ക്കുകയാണ് ചെയ്യേണ്ടത്. കാരണം അത് ലോകത്തിന്റെ സ്വഭാവമാണ്. ഒരു സ്വഭാവമാണ് ശരിയെന്ന ശാഠ്യം കൊണ്ടോ, ഒരേയൊരു ഗുണമാണ് നിലനില്‍ക്കുന്നത് എന്ന ചിന്തകൊണ്ടോ ലോകം നിലനില്‍ക്കില്ല. ലോകം അതിന്റെ ഓരോ ശ്വാസത്തിലും അസംഖ്യം ആശയങ്ങളെയും വസ്തുക്കളെയും കൂട്ടിയിടിപ്പിക്കുന്നു. ഏതെങ്കിലും ആ വലിയ ‘ഒന്നിനെ’ മാത്രമല്ല ലോകം തിരയുന്നത്. ആ ഒന്ന് മതിയായിരുന്നെങ്കില്‍ ലോകത്ത് എന്തിനാണ് എണ്ണമറ്റ അദൃശ്യ കണങ്ങളും മൂലകങ്ങളും ശാസ്ത്ര തത്ത്വങ്ങളും ആവിര്‍ഭവിച്ചത്?
ലോകം ബഹുസ്വരമാണെന്ന് ബക്തിന്‍ വാദിക്കുന്നത് ഇതുകൊണ്ടു കൂടിയാകണം. വൈരുദ്ധ്യത്തെയും വ്യത്യാസത്തെയും വൈവിധ്യത്തെയും ഒന്നിച്ചണിനിരത്തുന്നത്, ഒരു ദര്‍ശനത്തിന്റെ ഭാഗമാകുന്നത് ദസ്തയെവ്‌സ്‌കിയിലാണെന്ന് ബക്തിന്‍ പറയുന്നു. ദാന്തെ, ഷേക്‌സ്പിയര്‍ തുടങ്ങിയവര്‍ പോലും ഇങ്ങനെ സാഹിത്യത്തെ സമീപിച്ചിട്ടില്ലത്രേ.
ഇതില്‍ ഏറ്റവും ശ്രദ്ധാര്‍ഹമായ ഒരു കാര്യമായി ബക്തിന്‍ അവതരിപ്പിക്കുന്നത്, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിലേക്ക് തന്റെ കഥാപാത്രങ്ങളെയോ, കഥാതന്തുവിനെയോ ദസ്തയെവ്‌സ്‌കി ഏകോപിപ്പിക്കുന്നില്ല എന്നുള്ളതാണ്. ബഹുസ്വരതയുടെ, വൈവിധ്യമുള്ള സ്വരങ്ങളുടെ ഒരു ഓര്‍ക്കസ്ട്രയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. അതില്‍ ആരു ജയിക്കുന്നു എന്നതിന് പ്രസക്തിയില്ല.
ദസ്തയെവ്‌സ്‌കി പരീക്ഷണശാല
ദസ്തയെവ്‌സ്‌കി എന്ന മഹാനോവലിസ്റ്റ് തന്റെ സങ്കീര്‍ണവും ബൃഹത്തുമായ രചനകള്‍ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അദ്ദേഹം വര്‍ഷങ്ങളെടുത്താണ് ഓരോ നോവലും എഴുതിയത്. ഒരുപക്ഷേ, ലോകത്തില്‍ മറ്റൊരെഴുത്തുകാരനും പൂര്‍ണതയ്ക്കായി ഇത്രമാത്രം ദുരിതമനുഭവിച്ചിട്ടില്ല എന്നു പറയാം. എഴുതിയത് എത്ര വട്ടം വേണമെങ്കിലും അദ്ദേഹം മാറ്റിയെഴുതും. ചിലത് തൃപ്തിയാകാതെ നശിപ്പിച്ചു കളയും. സാഹിത്യത്തിനു അദ്ദേഹം കൊടുത്ത വില അത്ര വലുതാണ്.
ദസ്തയെവ്‌സ്‌കി സാര്‍ ചക്രവര്‍ത്തിയെ വിമര്‍ശിച്ചെന്ന കുറ്റത്തിനു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും വധം നടപ്പാക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. എന്നിട്ടും ശിക്ഷ ഒഴിഞ്ഞില്ല. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. മുപ്പത്തിനാലാം വയസ്സില്‍ ജയില്‍ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയ ശേഷമാണ് ലോകത്തിനു എന്നും മുതല്‍ക്കൂട്ടായ മഹാകൃതികള്‍ എഴുതിയത്.
ദസ്തയെവ്‌സ്‌കിയുടെ നോവലുകള്‍ വലിയ തയ്യാറെടുപ്പുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് എഴുതപ്പെട്ടത്. ഒരു വലിയ സാഹിത്യദൈവമാണ് അദ്ദേഹം. ആശയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപാരമായ ഒരു യന്ത്രത്തെപ്പോലെ ചിലപ്പോള്‍ ഈ വിചാരജീവി കാണപ്പെടുന്നു. ആശയങ്ങളുടെ തുടര്‍ചലനങ്ങള്‍ ദസ്തയെവ്‌സ്‌കി കൃതികളുടെ പ്രത്യേകതയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആശയങ്ങളെ ഉല്പാദിപ്പിക്കുന്ന ദൈവം എന്ന നിലയില്‍ ആ കൃതികളുടെ വായനക്കാരനെ സാഹസികമായ അനുഭവങ്ങളിലൂടെ നടത്തിക്കുക എന്നത് ഈ എഴുത്തുകാരന്റെ തന്ത്രമാണ്.
അദ്ദേഹം ഈ ലോകം വിട്ടത് 1881 ലാണല്ലോ. അതിനു ശേഷം സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ അദ്ദേഹത്തിന്റെ സ്മൃതികള്‍ സംരക്ഷിക്കുന്നതിനായി ഒരു മ്യൂസിയം സ്ഥാപിതമായി. അവിടെ വര്‍ഷങ്ങളോളം ഒരു ട്രങ്ക് പെട്ടി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്നു. 1929 ലാണ് ആ പെട്ടി തുറന്ന് ക്യൂറേറ്റര്‍ ദസ്തയെവ്‌സ്‌കിയുടെ പരീക്ഷണശാല എന്ന് വിളിക്കാവുന്ന ആ നോട്ടുബുക്കുകള്‍ പുറത്തെടുത്തത്. പിന്നീടങ്ങോട്ട് ആ നോട്ടുബുക്കുകള്‍ എഡിറ്റു ചെയ്യാനും പരിഭാഷപ്പെടുത്താനും ആ സാഹിത്യത്തോട് അഭിനിവേശമുണ്ടായിരുന്ന ധാരാളം പേര്‍ കഠിന പ്രയത്‌നം ചെയ്തു. എന്തായാലും അതിന്റെ ഫലം കണ്ടു.
1932ല്‍ ദസ്തയെവ്‌സ്‌കിയുടെ നോവല്‍ നോട്ടുബുക്കുകള്‍ പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം തന്റെ കൃതികളുടെ പൂര്‍ത്തീകരണത്തിനു വേണ്ടി അനുഭവിച്ച ക്ലേശങ്ങള്‍ ഇവിടെ തെളിയുകയാണ്. ഈ നോട്ടുബുക്കുകള അടിസ്ഥാനപ്പെടുത്തി, വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ എ. ജയകുമാര്‍ എഴുതിയ ‘ഡോസ്റ്റോവ്‌സ്‌കിയുടെ സര്‍ഗസപര്യ’ എന്ന പുസ്തകം (ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്), ഒരു ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് വെളിച്ചം വിശുന്ന പോലെ, സാര്‍ത്ഥകവും ചരിത്രപരവുമായി തീര്‍ന്നിരിക്കുന്നു. ദ് ഇഡിയറ്റ്, ദ് പൊസ്സസ്ഡ്, എ റാ യൂത്ത്, ബ്രദേഴ്‌സ് കരമസോവ് എന്നീ നോവലുകള്‍ക്കു വേണ്ടി എഴുതിയ കുറിപ്പുകളാണ് ഇതിലുള്ളത്.
മലയാളത്തില്‍ ഇങ്ങനെയൊരു പുസ്തകം ഉണ്ടായിട്ടില്ല. ഇതില്‍ ദസ്തയെവ്‌സ്‌കിയുടെ നോട്ടുബുക്കുകളിലെ ചില ഒറിജിനല്‍ പേജുകള്‍ ഫോട്ടോ ഇമേജുകളായി ചേര്‍ത്തിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനമായി നോട്ടുബുക്കുകളിലെ വാക്യങ്ങള്‍ തന്റെ പ്രബന്ധത്തിലുടനീളം ജയകുമാര്‍ ഉദ്ധരിക്കുന്നുണ്ട്.ഇത് ദസ്തയെവ്‌സ്‌കിയുടെ ചിന്താലോകത്തെ അറിയാന്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.
കഥാപാത്രങ്ങളെ, ദസ്തയെവ്‌സ്‌കി കൃത്യമായ പദ്ധതികളോടെ സമീപിക്കുന്നില്ല എന്ന് ഗ്രന്ഥകാരന്‍ തെളിയിക്കുന്നത് ‘ഇഡിയറ്റ്’ എന്ന നോവലിനു വേണ്ടി തയ്യാറാക്കിയ കുറിപ്പുകളിലൂടെയാണ്. ജയകുമാര്‍ ഇങ്ങനെ എഴുതുന്നു: ‘ഒരു കഥാപാത്രത്തിനും ജീവിതത്തില്‍ ഒരു നിശ്ചിതസഞ്ചാരപഥം അദ്ദേഹം നല്‍കുന്നില്ല. മാറിമറിയുന്ന മനോനിലയ്ക്കനുസരണമായിരിക്കണം ഓരോ കഥാപാത്രത്തിന്റെയും ഗതിവിഗതികള്‍’.
ദസ്തയെവ്‌സ്‌കിയുടെ ചിന്തകള്‍
ജയകുമാറിന്റെ പുസ്തകത്തില്‍ ദസ്തയെവ്‌സ്‌കി എഴുതിയ കുറെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ നിന്ന് തിരഞ്ഞെടുത്ത ഏതാനും വാക്യങ്ങള്‍ ചുവടെ:
ജീവിതപ്രക്രിയയുടെ ഓരോ സ്പന്ദനവും ശരീരത്തിലൂടെയും ആത്മാവിലൂടെയും പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് വിശിഷ്ടാനന്ദത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിയും.
യാതന എല്ലാം ശുദ്ധീകരിക്കുന്നു. ജീവിതത്തിലെ സന്തോഷത്തിന്റെ ഓരോ നിമിഷത്തിനും നാം യാതനയിലൂടെയാണ് വില നല്‍കേണ്ടത്.
അവളെ എനിക്ക് സ്‌നേഹിക്കാനാകില്ല. കാരണം ജീവിതം അവളില്‍ നിറഞ്ഞുനില്‍ക്കുന്നു.
മനുഷ്യന്‍ ഒരു നിഗൂഢതയാണ്. ഞാന്‍ ആ നിഗൂഢതയുമായി അഭിരമിക്കുകയാണ്. കാരണം, ഞാന്‍ ഒരു മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നു.ദൈവമില്ലെങ്കില്‍ ദൈവത്തെ നാം കണ്ടുപിടിയ്ക്കണം.
സൗന്ദര്യമാണ് അന്നത്തേക്കാള്‍ പ്രധാനം. മനുഷ്യജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവുമാണ് സൗന്ദര്യം.
റഷ്യക്കാരനെയോ ഇംഗ്ലീഷുകാരനെയോ കൂടാതെ മാനവരാശിക്ക് നിലനില്‍ക്കാം. എന്നാല്‍ ഷേക്‌സ്പിയറില്ലാത്ത ഒരു ലോകത്ത് മനുഷ്യന് അസ്തിത്വമില്ല.
ഒരാളെ സ്‌നേഹിക്കുകയെന്നാല്‍ ദൈവം അത് ഉദ്ദേശിക്കുന്നുവെന്നാണര്‍ത്ഥം.
സത്യം പറയുകയെന്നതിനെക്കാള്‍ കഠിനമായതൊന്നും ജീവിതത്തിലില്ല, സ്തുതിക്കുക വളരെ എളുപ്പവും.
ഒരു പുതിയ ചുവടുവയ്പ്, ഒരു പുതിയ വാക്ക് അതാണ് മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടുന്നത്.
വായന
കഥാകൃത്ത് മേഘനാദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് കണ്ടു, എഴുത്തുകാര്‍ക്കെല്ലാം സ്മാരകങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നാല്‍ ഇവിടെ ഒന്നിനും സ്ഥലമില്ലാതാവുമെന്ന്. മഹത്തായ ഒരു കണ്ടുപിടിത്തം നടത്തി എന്നതില്‍ കഥാകാരനു അഭിമാനിക്കാം.
കൊള്ളക്കാര്‍ക്കും വെള്ളാനകള്‍ക്കും ധാരാളം സ്മാരകങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. അത് തുടര്‍ന്നാല്‍ മതിയെന്നാകും ഈ കഥാകാരന്റെ ചിന്ത. ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എഴുത്തുകാരെ ഉള്ളില്‍ ആദരിക്കുന്ന കുറച്ചു പേരുണ്ട്. അവരാണ് സ്മാരകങ്ങള്‍ ഉണ്ടാക്കുന്നത്. അത് എന്നും നിലനില്‍ക്കണമെന്നില്ല. പക്ഷേ, അത് ഒരു സംസ്‌കാരമാണെന്നറിയുക. അതിനു മേഘനാദന്‍ എന്തിനാണ് അസ്വസ്ഥനാവുന്നത്? സര്‍ക്കാര്‍ സ്ഥലമോ കെട്ടിടമോ കൊടുക്കാറില്ല. എഴുത്തുകാരുടെ വീടുകളാണ് സ്മാരകമാക്കുന്നത്. ഇതില്‍ ആര്‍ക്കാണ് ചേതം? കുമാരനാശാന്‍, തകഴി, അഴീക്കോട്, മാധവിക്കുട്ടി തുടങ്ങിയവരുടെ വീടുകളാണ് സ്മാരകമായത്. എന്നാല്‍ നിഷേധികളായിരുന്ന കേശവദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല.
ഉണ്ണി.ആര്‍ എഴുതിയ ‘കഥ തീര്‍ക്കാനാവുമോ? ഇല്ല… ഇല്ല’ എന്ന കഥ (മനോരമ ഞായറാഴ്ച്ച) പരമ ബോറായി എന്ന് അറിയിക്കട്ടെ. സൂക്ഷ്മദര്‍ശിനി വച്ച് നോക്കിയാല്‍ പോലും ഇതില്‍ ഒരു കഥ കണ്ടെത്താനാവില്ല. എന്തിനാണ് ഇത് എഴുതിയത്? ഈ ചെറുപ്പക്കാരന്റെ മനസ്സില്‍ കഥയേയില്ല. വെറും അഭിനയം മാത്രം. ഒരാള്‍ ഭിത്തിയിലെ എട്ടുകാലിയെ ചൂലുകൊണ്ട് അടിച്ചു കൊന്നുവത്രേ. അയാളുടെ ചൂലില്‍ പറ്റിപ്പിടിച്ചിരുന്ന വലയില്‍ നിന്ന് അതുവഴി പോയ ഒരു ഗൗളി ഒരു കഥ വായിച്ചെടുക്കുകയാണ്! എന്നാല്‍ ഈ വല എന്താണെന്നറിയണ്ടേ? അത് ആ മുറിയില്‍ താമസിച്ചിരുന്ന ചെറുപ്പക്കാരന്‍ തൂക്കിലേറ്റപ്പെടും മുമ്പ് പറഞ്ഞ കഥ ആയിരുന്നു പോലും. ആ എട്ടുകാലി, വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട്, അത് വലയായി നെയ്യുകയായിരുന്നുവെന്ന്! ഇതിനേക്കാള്‍ അപക്വമായി, അവിദഗ്ദ്ധമായി, ബോറായി ശുദ്ധ അസംബന്ധം എന്ന് പറയാവുന്ന തരത്തില്‍ ഒരു കഥ വേറെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് വായനക്കാരനെ വിഡ്ഢി എന്ന് വിളിച്ചതുപോലുണ്ട്. ഇതില്‍ ഒരു കഥയില്ല. ഉണ്ണി.ആര്‍ കഥാകൃത്തല്ല എന്ന് നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്.
മലയാളകവിതയില്‍ പദ്യവും ഗദ്യവും ഇടകലര്‍ത്തി ഉപയോഗിക്കുന്ന സംസ്‌കാരമാണ് നൂറ്റാണ്ടുകള്‍ മുമ്പേ നിലനിന്നതെന്ന് ഡോ.ബിനു സചിവോത്തമപുരം എഴുതിയ ലേഖനത്തില്‍ വാദിക്കുന്നു. (ക(ഥ) വിതയുടെ സൗന്ദര്യശാസ്ത്രം, ഭാഷാപോഷിണി). പതിനൊന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച സംസ്‌കൃത ചമ്പുവിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ മലയാളത്തില്‍ ചാക്യാര്‍ കൂത്ത്, പാഠകം തുടങ്ങിയ കലാരൂപങ്ങളിലൂടെ ഗദ്യവും പദ്യവും ഇടകലര്‍ത്തി ഉപയോഗിച്ചിരുന്നു എന്നാണ് ലേഖകന്‍ ചിന്തിക്കുന്നത്. പക്ഷ, ആ പാരമ്പര്യമല്ല നവീന കവിതയില്‍ പ്രാമുഖ്യം നേടുന്നതെന്ന് പറയട്ടെ. ചമ്പുക്കളിലെ ഗദ്യ- പദ്യ വിവേചനം ഒരു വ്യാഖ്യാനത്തിന്റെയും ഉപഹാസത്തിന്റെയും തലത്തിലാണ് പ്രവര്‍ത്തിച്ചത്. കൂത്തിലെ ഗദ്യത്തില്‍ നിന്നാണ് നവീന കവിത ഉണ്ടായതെന്ന് വാദിക്കുന്നത് ഭോഷ്‌ക്കാണ്.
കവിതയില്‍ പദ്യം പോലും അപ്രസക്തമായത് ദൈവം മരിച്ചു എന്നു പറയുന്ന പോലെ വിഭ്രാമകമായ ഒരവസ്ഥയാണ്. ദൈവത്തെ നഷ്ടപ്പെട്ടവന്റെ ഉല്‍ഭ്രാന്തവും ചമല്‍ക്കര രഹിതവുമായ ഒരു ആന്തരികവ്യഥയാണത്. ഭൂതകാലം വേരോടെ പിഴുതുമാറ്റപ്പെട്ടവന്റെ പിന്നീടുള്ള യാത്രയാണത്.
ഇന്നത്തെ ചില കവികള്‍ ഗദ്യത്തെ ദുരുപയോഗം ചെയ്യുകയാണ്. എഴുതുമ്പോള്‍ എന്തെങ്കിലും സംഭവിക്കണം. എഴുതുന്നതും എഴുതാതിരിക്കുന്നതും ഒരുപോലെയാകരുത്. വെറുമൊരു ഭാഷണമല്ല കവിതയെന്ന് തിരിച്ചറിയാത്തവരുണ്ട്. തീയേറ്റര്‍വിജയം നേടിയ ഒരു സിനിമയിലെ ഡയലോഗ് അതു പോലെ പകര്‍ത്തി വച്ചാല്‍ പോരല്ലോ.
ചില കവിതകള്‍, വര്‍ഷങ്ങളായി മഴ പെയ്യാതെ കിടന്ന് വിണ്ടുകീറിയ നിലം പോലെയാണ്. ജലാംശത്തിനായി വായനക്കാരന്‍ അലഞ്ഞുകൊണ്ടേയിരിക്കണം.
ദ്വേഷം
സുനില്‍ പി. ഇളയിടം എഴുതിയ ലേഖനത്തില്‍ (ശ്രീനാരായണ ഗുരുവിന്റെ മതദര്‍ശനം, ഗുരുദേവന്‍ മാസിക) ഗുരുവിനെ ഹിന്ദുമതത്തില്‍ നിന്ന് അകറ്റാനാണ് കഷ്ടപ്പെടുന്നത്. അദ്വൈതം ഹിന്ദുമതവുമായി ബന്ധമുള്ള സംജ്ഞയല്ലെന്നും ഗുരു ആചാരങ്ങളില്‍ നിന്ന് മതാനുഭവത്തെ വേര്‍പെടുത്തിയെന്നും ഇളയിടം തട്ടിവിടുകയാണ്. ഒരു മതത്തിനും പ്രത്യേക പ്രാധാന്യം വേണ്ട എന്നാണ് ഗുരു പറഞ്ഞതെന്ന് ലേഖകന്‍ പറയുന്നത് കളവാണ്. ഗുരു പറഞ്ഞത് മതങ്ങള്‍ തമ്മില്‍ ദ്വേഷം കൊണ്ടു നടക്കുന്നത് അര്‍ത്ഥശൂന്യമാണ് എന്നാണ്. ഗുരു മതങ്ങളെ നിന്ദിച്ചിട്ടില്ല. അതുകൊണ്ടാണ് ക്രിസ്തുവിനെയും നബിയെയും ഗുരു പ്രകീര്‍ത്തിച്ചത്. ഇളയിടത്തേപ്പോലുള്ളവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഗുരു ഹിന്ദുമതത്തെ തള്ളിയെങ്കില്‍ എന്തുകൊണ്ടാണ് ശിവശതകവും ഭദ്രകാളി സ്തുതിയും എഴുതിയത്? ഹിന്ദുദേവതകളെ പ്രതിഷ്ഠിച്ചത്? ശാരദാദേവിയെ പ്രതിഷ്ഠിച്ചത്? ഗുരു ഹിന്ദു ദൈവങ്ങളെ മാത്രമാണ് ആരാധിച്ചിട്ടുള്ളതെന്ന് ഇക്കൂട്ടര്‍ എന്ന് മനസ്സിലാക്കും? ഗുരു അനാചാരങ്ങളെയും അന്ധതയെയുമാണ് എതിര്‍ത്തത്; മതങ്ങളെയല്ല. ഗുരു ഹിന്ദു അല്ലെങ്കില്‍, ഒരു പൊതു സന്യാസിയാണെങ്കില്‍ കേരളത്തിലെ മറ്റ് മതസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഗുരുവിന്റെ ഒരു ചെറിയ ഫോട്ടോയെങ്കിലും കാണുമായിരുന്നല്ലോ.
നുറുങ്ങുകള്‍
-
വള്ളത്തോള്‍ കഥകളിയുടെയും കവിതയുടെയും വിശേഷങ്ങളുമായി ആലുവ യു.സി. കോളജില്‍ ചെന്ന് കുറ്റിപ്പുഴയെ സന്ദര്‍ശിച്ചിരുന്നു. കുറ്റിപ്പുഴയിലെ എഴുത്തുകാരനെ അദ്ദേഹമാണ് കണ്ടെത്തിയത്.
-
ലോകത്ത് ഒരൊറ്റ മതം മാത്രമേയുള്ളുവെന്നും അത് പ്രേമമാണെന്നും മഹാകവി ഉള്ളൂര്‍ പറഞ്ഞതിനു നാളിതുവരെ ഒരു ഇളക്കവും തട്ടിയിട്ടില്ല.
-
ഡച്ച് തത്ത്വജ്ഞാനിയായ സ്പിനോസ പറഞ്ഞു, മനസ്സ് സമസ്ത പ്രകൃതിയുമായി രമ്യതയിലെത്തുന്നതിനേക്കാള്‍ വലിയ ജ്ഞാനമില്ലെന്ന്.
-
ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയ കൃതികള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ മിക്ക രചനകളും ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്കാണ്.
-
ആനന്ദ് വലിയ ബൗദ്ധിക ചര്‍ച്ചകളാണ് നടത്തുന്നതെന്ന വ്യാജേന, ഭാവിയെ തിരസ്‌കരിച്ച്, ഭൂതകാലത്തിലേക്ക്, മധ്യകാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ആനന്ദ് നാട്ടിലെ ഒരു പ്രധാന നിരാശാവാദിയാണ്.
-
ഉത്തര – ഉത്തരാധുനികത നമ്മുടെ നാട്ടില്‍ പറയേണ്ടെന്നും ഇവിടെ ഇപ്പോഴും ക്ലാസിക്കല്‍ ചിത്രകലയുടെ കാലമാണുള്ളതെന്നും കുറച്ചു നാള്‍ മുമ്പ് ഒരു അദ്ധ്യാപകന്‍ എന്നോടു പറഞ്ഞു. എനിക്കു പറയാനുണ്ടായിരുന്നത് ഇതാണ്: താങ്കളുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഉത്തര- ഉത്തരാധുനികതയുടെ പ്രകടഭാവം. സ്ഥലകാലങ്ങളോ, ഓര്‍മ്മയോ, സ്‌നേഹമോ ഒന്നും പ്രധാനമല്ലാത്ത സോഷ്യല്‍ മീഡിയയും യു ട്യൂബും അതില്‍ പ്രവര്‍ത്തിക്കുന്നു. ഒരാള്‍ അത് ഉപയോഗിക്കാതിരുന്നതുകൊണ്ട് ആ അനുഭവം ഇല്ലാതാകുന്നില്ല.