മലയാളത്തിലെ ആധുനികത തേടി പതിറ്റാണ്ടുകള്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നിരിക്കുകയാണ്. അറുപതുകളിലും എഴുപതുകളിലുമാണ് ആധുനികത ഉണ്ടായതെന്ന വാദം തെറ്റാണ്. കാരണം, എഴുപതുകളിലെ ആധുനികരെല്ലാം എഴുത്തച്ഛന്‍ പുരസ്‌കാരവും അക്കാദമി ഭാരവാഹികളുമായി നിശ്ചലമായിക്കഴിഞ്ഞു. അവര്‍ സ്വയം വിഗ്രഹങ്ങളാവുകയാണ്. ഷോകേസില്‍ വയ്ക്കാവുന്ന ശില്പങ്ങളായി എഴുത്തുകാര്‍ മാറുകയാണ്. വിമര്‍ശനങ്ങളല്ല, പുരസ്‌കാരങ്ങള്‍ സ്വീകരിക്കുകയാണ് തങ്ങളുടെ കടമയെന്ന് തിരിച്ചറിയുന്ന ഒരു തലമുറ ശൂന്യതയെയാണ് അഭിമുഖീകരിക്കുന്നത്.
എനിക്ക് തോന്നുന്നത് കുറേക്കൂടി ഒറിജിനല്‍ ആധുനികരെ തേടി പിന്നോട്ടു പോകണമെന്നാണ്. കുഞ്ചന്‍ നമ്പ്യാര്‍, എഴുത്തച്ഛന്‍, കുമാരനാശാന്‍, എ.ആര്‍ തുടങ്ങിയവരിലൂടെ ആധുനികതയെ വീണ്ടും തേടേണ്ടി വരും. അവര്‍ സമ്പൂര്‍ണമായി ഭാവുകത്വപരിണാമത്തിനും ആശയപരമായ പരിവര്‍ത്തനത്തിനുമായി നിലകൊണ്ടു. അവര്‍ സ്വയമൊരു വിമര്‍ശവസ്തുവായി രൂപാന്തരം പ്രാപിച്ചു. അവര്‍ എഴുതിക്കൊണ്ട് എതിര്‍പ്പിനെ നേരിട്ടു. കുഞ്ചന്‍നമ്പ്യാര്‍ സമൂലമായ കലാപമായി സ്വയം അവരോധിച്ചു. എഴുത്തച്ഛന്‍ ആത്മീയവിപ്ലവത്തിനും ജീവിതത്തെക്കുറിച്ചുള്ള ബോധ്യത്തിനുമായി ദാര്‍ശനികതയെ സമീപിച്ചു. കുമാരനാശാനാകട്ടെ മനുഷ്യഭാവനയെ നവീകരിക്കുകയും തത്വചിന്താപരമായി എല്ലാറ്റിനെയും ഇളക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. അവര്‍ വിഗ്രഹമാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എപ്പോഴും അവര്‍ എതിര്‍പ്പുകള്‍ നേരിട്ടു. രചനകളുമായി വന്നപ്പോഴെല്ലാം സമൂഹത്തിലെ ഒരു വിഭാഗം അവരുടെ ഉല്പതിഷ്ണുത്വത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു. എന്നാല്‍ അവര്‍ എങ്ങനെ അതിജീവിച്ചു? സ്വന്തം പ്രതിഭയില്‍ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ജാതിമതാന്ധതയുടെ ഭീകരമായ ഇരുട്ട് പരന്ന ഘട്ടത്തില്‍ ആശാന്‍ ബൗദ്ധദര്‍ശനത്തെ ഊന്നുവടിയാക്കി മനുഷ്യഭാവനയെ വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഉപഗുപ്തന്മാര്‍ ആശാന്റെ കൃതികളിലേക്ക് വരാനിടയായത്. ഉപഗുപ്തന്മാര്‍ സ്വാതന്ത്ര്യത്തെയും വിധിയെയും അഹിംസയെയും നിശിതമായി വിശകലനം ചെയ്തു. അത് പുതിയ കണ്ടെത്തലായിരുന്നു.
സാഹിത്യം വായിക്കാത്ത ഏജന്‍സികള്‍
എന്നാല്‍ ഇന്ന് എഴുത്തുകാര്‍ തുക്കടാ ഏജന്‍സികളുടെ പ്രിയങ്കരരായി മാറാന്‍ വേണ്ടി തങ്ങള്‍ എഴുതിയ പുസ്തകങ്ങളുമായി സാഹിത്യബോധമില്ലാത്ത അവാര്‍ഡ് കമ്മിറ്റിക്കാരുടെ മുന്‍പില്‍ യാചിച്ചു നില്ക്കുകയാണ്. സാഹിത്യത്തെ വിധിക്കുന്നത്, അതിന്റെ ഭാവിപ്രസക്തിയെ പ്രവചിക്കുന്നത് പുസ്തകം വായിക്കാത്തവരും സൗന്ദര്യവിരോധികളും ആയിരിക്കുകയാണ്. നല്ലൊരു കൃതിയെഴുതിയ ഒരാളുണ്ടെങ്കില്‍, അയാള്‍ സാഹിത്യബോധമില്ലാത്ത മുതലാളിക്കമ്മിറ്റിയുടെ ആശിര്‍വാദത്തിനായി കാത്തുനില്‍ക്കുകയാണെന്ന് വരുന്നത് എത്ര ദു:ഖകരമാണ്.
സാഹിത്യരംഗത്തെ നിയന്ത്രിക്കാനും അവിടെ അധികാരം സ്ഥാപിക്കാനും എഴുത്തുകാരെ നിശ്ശബ്ദരാക്കാനും ആഗ്രഹിക്കുന്ന സാഹിത്യബോധമില്ലാത്തവര്‍ക്ക് നൂറ് നൂറ് അവസരങ്ങളാണുള്ളത്. അവര്‍ക്ക് അവാര്‍ഡ് തുടങ്ങാവുന്നതാണ്. അവര്‍ ആലോചിച്ചു തുടങ്ങുമ്പോള്‍ തന്നെ പ്രഥമ അവാര്‍ഡ് വാങ്ങാന്‍, വേറെ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ള പരിചയ സമ്പന്നര്‍ വലിയ വലയുമായി അങ്ങ് എത്തിക്കൊള്ളും. ഇക്കൂട്ടരെ കാണുമ്പോഴാണ് എം.ഗോവിന്ദന്‍, ഉറൂബ്, ബഷീര്‍ തുടങ്ങിയവരെ ഓര്‍ക്കുന്നത്. അവാര്‍ഡ് നീരാളികള്‍ പിടിമുറുക്കാത്ത ഒരു കാലത്ത് ജീവിച്ചതുകൊണ്ട് അവര്‍ക്ക് സംശുദ്ധമായി തങ്ങളെ പരിരക്ഷിക്കാന്‍ സാധിച്ചു. ഇവര്‍ സ്വതന്ത്രതയിലും നിശ്ശബ്ദതയിലും മനുഷ്യന്റെ ഏറ്റവും നൈസര്‍ഗികമായ സ്‌നേഹം ഉള്ളില്‍ നിന്ന് നഷ്ടപ്പെടാതെ പരിപാലിച്ചു.
എന്തിനു ബഷീര്‍ മരച്ചുവട്ടില്‍?
ബഷീര്‍ ഒരു മരച്ചുവട്ടിലിരുന്ന് ഉറുദു ഗസലുകള്‍ കേള്‍ക്കുകയായിരുന്നു, ഒടുവില്‍. എന്തുകൊണ്ടാണ് അദ്ദേഹം നിശ്ശബ്ദതയിലെ സംഗീതത്തിനായി നിശ്ശബ്ദനായിരുന്നത്? അദ്ദേഹത്തിന്റെ വീട്ടില്‍ പോലും ഇരിക്കാന്‍ തോന്നാത്തവിധം ആ നിശ്ശബ്ദത പ്രക്ഷുബ്ധമായിരുന്നു. മൗനിയാകുന്നവര്‍ക്ക് പിന്നിലെല്ലാം തണുത്തുറഞ്ഞ ഒരു കാലം ഉണ്ടാകാം; അല്ലെങ്കില്‍ കുറെ പൊള്ളുന്ന ഓര്‍മ്മകള്‍ ഉണ്ടാകും. അവര്‍ സ്വയം പഠിക്കാനെടുക്കുന്ന സമയമാണത്. ഓര്‍മ്മകളാണ് ആ പാഠങ്ങള്‍. ഓര്‍മ്മകള്‍ വീണ്ടും ജനിക്കുകയാണ്. പഴയ കാലത്തിന്റെ ത്രസിക്കുന്നതും സങ്കോചപ്പെടുത്തുന്നതുമായ ഓര്‍മ്മകള്‍ പിന്നീട് ചികഞ്ഞെടുക്കുമ്പോള്‍ അതിന് രൂപമാറ്റം വന്നിട്ടുണ്ടാകും. അത് പരിശോധിക്കാന്‍ നിശ്ശബ്ദതയാണ് നല്ലത്. എഴുത്ത് ആ സമയത്ത് ഗുണം ചെയ്‌തെന്നു വരില്ല. എഴുതിയതിന്റെയും എഴുതാത്തതിന്റെയും ലോകത്തിനു സമാന്തരമായി ഒരാള്‍ ജീവിതവുമായി നടത്തുന്ന മുഖാമുഖങ്ങളുണ്ട്; അനുഭവങ്ങളുടെ അടിയിലെ മനസ്സ് എന്ന ലായനി അവിടെയുണ്ട്. അതാണ് ബഷീര്‍ വെറുതെയിരുന്ന് തിരിച്ചും മറിച്ചും പരിശോധിച്ചത്. ബഷീറിന്റെ കഥകളില്‍ സാധാരണക്കാരായ മനുഷ്യര്‍ കഥാപാത്രങ്ങളായത് എന്തുകൊണ്ടാണ്? അത് റിയലിസ്റ്റ് സങ്കേതമാണെന്ന് പറയുന്നുണ്ടെങ്കിലും തെറ്റാണത്. യഥാതഥ ആധുനികതയെന്ന് വിളിക്കാവുന്ന ഒരു സങ്കേതമായി കാണുന്നതാണ് ഉചിതം. ഏറ്റവും ദരിദ്രനായ ഒരാള്‍ നേരിടുന്ന അനുഭവങ്ങള്‍ വിശ്വസനീയമാകുമ്പോഴും, അതില്‍ അയാഥാര്‍ത്ഥ്യത്തിന്റെയും സ്വപ്‌നത്തിന്റെയും തലങ്ങള്‍ പ്രത്യക്ഷപ്പെടുകയാണ്.
എഴുപതുകളിലെ ആധുനികര്‍ ഇപ്പോള്‍ സാഹിത്യത്തിലെ ജീര്‍ണമൂല്യങ്ങളുടെ സംരക്ഷകരാണ്. അവര്‍ സ്വയം പ്രതിമകളായിക്കഴിഞ്ഞു. അവര്‍ക്കിപ്പോള്‍ ശബ്ദമില്ല. ഈ വിഗ്രഹങ്ങളല്ല തങ്ങളുടെ പൂര്‍വഗാമികള്‍ എന്ന് പറയുന്നിടത്താണ് പുതിയതലമുറ എന്തെങ്കിലും നേടുന്നത്.
സചേതനമാക്കൂ, എല്ലാറ്റിനെയും
കൊറോണയെ തുടര്‍ന്ന് മാസ്‌ക് ധരിച്ചു നടക്കുന്നത് ശീലമായല്ലോ. ഇപ്പോള്‍ അതൊരു ആശ്വാസമായി കാണുന്നവരുമുണ്ട്. മുഖത്തെ വിഷാദഭാവവും ചാഞ്ചല്യങ്ങളും മറ്റാരും അറിയാതിരിക്കാന്‍ മാസ്‌ക് വച്ചാല്‍ മതിയാവും.
മേതില്‍ രാധാകൃഷ്ണന്‍ മാസ്‌കിനു ഒരു മലയാള പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്: വാമൂടി (കോവിഡ് 19 ഒരു തീയതിയാകുമ്പോള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 24).
‘കവിതയില്‍ പാര്‍ക്കുന്ന നേരങ്ങള്‍’ എന്ന ലേഖനത്തില്‍ യുവകവി എം.പി. പ്രതീഷ് (എഴുത്ത്, ജനുവരി) സ്വന്തം രചനകളുടെ ആന്തരികഘടന പരിശോധിക്കുന്നു:
‘ഒരു കല്ലിനും ഒരു പുഴുവിനും തമ്മില്‍ വ്യത്യാസമെന്താണ്? ഞാന്‍ നോക്കുമ്പോള്‍ കല്ല് മിടിക്കുന്നുണ്ട്. വളരുന്നു. സമയത്തോട് പ്രതികരിക്കുന്നു. ഓരോ ദിവസവും വിഭിന്നമാണ്. പുഴു വേഗത്തില്‍ നീങ്ങുന്നു. ഇലനീരു കുടിക്കുന്നു. മുട്ട വിരിയിക്കുന്നു. ഉറങ്ങുന്നു. പൂമ്പാറ്റയാവുന്നു. പറന്നുപോകുന്നു. ഞാന്‍ പിന്നെയും പിന്നെയും കല്ലിനെ തൊട്ടു നോക്കുകയാണ്. തിരിച്ചറിയുന്നു, അതിന്റെ ഉടലിനുള്ളിനുള്ളില്‍ പ്രാണന്റെ ചൂടുണ്ടെന്ന് തിരിച്ചറിയുന്നു.”
സകല വസ്തുക്കളെയും സചേതനമാക്കുന്നിടത്താണ് സാഹിത്യത്തിന്റെ വിജയം. ഏതൊരു വസ്തുവും ഒരാത്മ സംവാദത്തിനായി ഒരുങ്ങുന്നു എന്നറിയുന്നവനാണ് എഴുത്തുകാരന്‍.
സുഗതകുമാരിയുടെ കവിതകള്‍
മനസ്സില്‍ തൊട്ട്, ഐന്ദ്രിയമായി അനുഭവിച്ച്, മനുഷ്യവ്യക്തിയായി ജീവിച്ച സുഗതകുമാരി എഴുതിയ കവിതകളില്‍ നിന്ന് ചില വരികള്‍ ഇവിടെ എഴുതട്ടെ:
1)വീണു വാടിയ പ്രേമപ്പൂമണം.
2)മണങ്ങള്‍, വാര്‍ദ്ധക്യത്തിനസ്വസ്ഥ വിശ്രാന്തിയില്‍
കടന്നുകയറുന്നൂ, കുലുക്കി വിളിക്കുന്നു.
3) മര്‍ത്ത്യഭാഷയ്ക്ക് വാക്കില്ല കടലിനെക്കാടിനെപ്പാടി വാഴ്ത്താന്‍
4)എന്റെ ഉള്‍ക്കാട്ടിലെ മുറിവ് നീറിടും
വ്യാഘ്രിതന്‍ ഗര്‍ജ്ജനം? അകിടുവിങ്ങിയോരമ്മ വാരിക്കുഴിയ്ക്കടിയില്‍ നിന്നും വിളിക്കും നെടുംവിളി?
5) ഒരുകോടി മിന്നാമിനുങ്ങുകള്‍
മഴ പോലെയൊഴുകുന്ന….
6)ഇത് നമ്മുടേതല്ലയവരുടേതാണിതു വനമല്ലയേതോ നിഗൂഢനാകം
7)ഏതോ കിളി ചിലയ്ക്കുന്നു!
പൊടുന്നനെ കാട് നിശ്ശബ്ദമാവുന്നു
8 )മഴയുമിടിവെട്ടലും മിന്നലും താളത്തി-
ലുലയും മഹാവൃക്ഷജാലവും ജലപാളി
ഞൊറിയും തിരശ്ശീല പിന്നില്‍ പ്രസന്നനാം
നഗരാജ നടരാജ നൃത്തഘോഷം!
9)അറിയുവിന്‍, മുറിവേറ്റ ശൈലങ്ങള്‍ നമ്മള്‍ക്ക്
വറുതിയും മൃതിയും വിധിക്കുമല്ലോ!
10)ആരെന്റെ കൈയിലൊരു മണ്‍ വീണയേകി, മമ
ചേതസ്സിലാരൊരഴല്‍ പാകീ?
സര്‍ക്കാര്‍ സാഹിത്യം
വി.ജെ. ജയിംസ് എഴുതിയ ‘പാതാളക്കരണ്ടി’ (മാത്യഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 24) ഉദ്ദേശിച്ച വായനാനുഭവം നല്കിയില്ല. തീര്‍ത്തും നിരുപദ്രവമായ ഒരു പാതാളക്കരണ്ടിയെ വച്ച് ആഴമുള്ള ഒരു കാഴ്ചയും കഥാകൃത്ത് ഒരുക്കുന്നില്ല. സര്‍ക്കാര്‍ സാഹിത്യകാരന്മാരുടെ അവസ്ഥയിലായിരിക്കുന്നു വി.ജെ.ജയിംസ്. അതായത്, ഈ ലോകത്ത് നടക്കുന്ന യാതൊന്നിനോടും ബന്ധപ്പെടാതെ, ഒന്നുമറിയില്ലെന്ന് നടിച്ച്, തന്റെ സുരക്ഷയെ മാത്രം ലാക്കാക്കി, മൗനം പാലിച്ച്, ദീനരോടും പതിതരോടും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിശ്ശബ്ദമായി പറഞ്ഞ് സാഹിത്യത്തിലൂടെ ഒരു ഒളിസഞ്ചാരം നടത്തുകയെന്നത് ഇവിടെ അംഗീകരിക്കപ്പെട്ട അടവാണല്ലോ.
പ്രമുഖ ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരിയുടെ ‘ആര്യ -ദ്രാവിഡ സംഘര്‍ഷം ഒരു മിഥ്യ (കേസരി, ജനുവരി 29) എന്ന ലേഖനം പുതിയ ചില വാദങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആര്യ- ദ്രാവിഡ സംഘര്‍ഷമില്ലെന്നും ഭാരതം ഒരു പൊതുസംസ്‌കാരത്തില്‍ എല്ലാറ്റിനെയും പരസ്പരപൂരകമായി ഉള്‍ക്കൊള്ളുകയാണ് ചെയ്തതെന്നും ലേഖകന്‍ പറയുന്നു. ഇറാനിലേക്ക് ഭാരതത്തില്‍ നിന്ന് വളരെ പണ്ടേതന്നെ കുടിയേറ്റം നടന്നിട്ടുണ്ടെന്നും കുരുക്ഷേത്രയുദ്ധത്തില്‍ ചൈനക്കാരും കംബോജക്കാരും മറ്റ് വിദേശികളും പങ്കെടുത്തിരുന്നുവെന്നും പണിക്കശ്ശേരി എഴുതുന്നത് പ്രചോദനം തരുകയാണ്.
നുറുങ്ങുകള്‍
$അതിഥി, ആകാശഗോപുരം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത കെ.പി.കുമാരന്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ കുമാരനാശാന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങളിലെ സംഭവങ്ങളെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന മനോഹരമായ പേരാണ് അതിനിട്ടിരിക്കുന്നത്. അത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തന്റെ സിനിമയെക്കുറിച്ച് കെ.പി ഇങ്ങനെ പറഞ്ഞു: ഈ സിനിമ എന്റെ സാമൂഹിക വീക്ഷണത്തില്‍ നിന്നുണ്ടായതാണ്. നമുക്കിപ്പോള്‍ നഷ്ടപ്പെട്ടത് എന്താണോ അത് തേടുകയാണ് ഞാനിവിടെ.
$വി.കെ.ശ്രീരാമന്‍, റഫീഖ് അഹമ്മദ്, പി.എന്‍.ഗോപീകൃഷ്ണന്‍, ഇ.പി. രാജഗോപാലന്‍, പി.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കഥാചര്‍ച്ച (ഭാഷാപോഷിണി, ഫെബ്രുവരി) വായിച്ചു. മലയാളത്തിലെ ഒരു ഡസന്‍ കഥകളുടെ പേരുകള്‍ പോലും ഈ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് പറയാന്‍ കഴിയുന്നില്ല. പലരെയും ഇവര്‍ക്ക് അറിയില്ലെന്ന് തോന്നി. കഥയെക്കുറിച്ച് പറയുന്നതിനു പകരം കഥാബാഹ്യമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
$കേരളത്തിലെ എഴുത്തുകാര്‍ക്ക് പ്രത്യേക രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുക പ്രയാസമായിരിക്കും. ഭരണാധികാരികളുടെ അവാര്‍ഡ് വാങ്ങിക്കാന്‍ അത് തടസ്സമായിരിക്കുകയേയുള്ളൂ. പിന്നെ ചെയ്യാനുള്ളത്, ഏത് മലക്കംമറിച്ചിലിനെയും തത്വചിന്താപരമായി ന്യായീകരിക്കുകയാണ്. ഏറ്റവും വലിയ ആദര്‍ശം പറഞ്ഞുകൊണ്ട് അവസരവാദപരമായി ഒരവാര്‍ഡ് വാങ്ങുന്നത് കാണാന്‍ എന്ത് രസമാണെന്നോ?
$ഫേസ്ബുക്കില്‍ ശരീരമില്ലാതെ ജീവിക്കുന്നതിന്റെ അഭ്യാസങ്ങള്‍ ഒരാളുടെ ഓര്‍മ്മയുടെയും അനുതാപത്തിന്റെയും ശരീരകോശങ്ങള്‍ ഇല്ലാതാക്കുകയില്ലെന്ന് ആര്‍ക്കും പറയാനാവില്ല.
$തോപ്പില്‍ഭാസിയുടെ സാമൂഹികവിമര്‍ശനനാടകങ്ങളേ നമുക്കുള്ളൂ. ഒരു പാരമ്പര്യമായി അത് നില്ക്കുകയാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. താനൊരു സമൂഹമനുഷ്യനാണെന്നും മനുഷ്യവക്തിയാണെന്നും അദ്ദേഹം തെളിയിച്ചു.
$പി.ആര്‍. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത ‘ഗുരുവും ജാതിയും’ എന്ന പുസ്തകം (പ്രണത ബുക്‌സ്, കൊച്ചി) ശ്രദ്ധേയമാവുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ജാതി ഇപ്പോഴും ചര്‍ച്ചയാകുന്നുണ്ടെങ്കിലും അതിന്റെ കാലികപ്രസക്തി വളരെ വലുതാണെന്ന് ഈ ഗ്രന്ഥം ഓര്‍മിപ്പിക്കുന്നു. ഡോ. ഗോപിമണി, മുനി നാരായണപ്രസാദ്, ഡോ.എന്‍.മുകുന്ദന്‍, കെ.പി.എ.റഹീം, ഡോ. എസ്. പൈനാടത്ത് എസ്.ജെ, പ്രൊഫ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ എഴുതിയിരിക്കുന്നു.