പദാനുപദം പൂര്‍ണ്ണമാകുന്നു
നേരത്തെ തീരുമാനിച്ചതനുസരിച്ച്, കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ‘കേസരി’യില്‍ എഴുതി വരുന്ന പദാനുപദം ഈ ലക്കത്തോടെ പൂര്‍ണമാവുകയാണ്. കേസരി എനിക്ക് അമ്മയെപ്പോലെയാണ്. സ്‌നേഹം മാത്രമാണ് തന്നത്. ഒരു കോളമിസ്റ്റ് എന്ന നിലയില്‍ എന്നെ നന്നായി പിന്തുണച്ചു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
– എം.കെ. ഹരികുമാര്‍
ഇന്ന് എഴുത്തിലേക്ക് പ്രവേശിക്കുന്നതോടെ ഓര്‍മ്മയെഴുത്തും തുടങ്ങുകയായി. ആദ്യകഥാസമാഹാരം ഇറങ്ങിക്കഴിഞ്ഞാലുടനെ ആത്മകഥയും പിറക്കുകയാണ്. എന്താണ് ഓര്‍മ്മകളിലേക്ക് തിരിയാന്‍ കാരണം? പ്രധാനമായും രണ്ടു കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഒന്ന്, പുതിയതൊന്നും എഴുതാനില്ല. ചിന്താപരമായി അനക്കമറ്റു പോകുമ്പോള്‍ പിന്നെ പിന്തിരിയാനേ തരമുള്ളു. ബാല്യകാലം ഒരു സുരക്ഷിത സങ്കേതമായിത്തീരുന്നു. രണ്ട്, സമകാല ജീവിതത്തില്‍ സംവാദവും സമ്പര്‍ക്കവും ഇല്ലാതാവുമ്പോള്‍, ഭൂതകാലത്തിലേക്ക് ഓടിരക്ഷപ്പെടാന്‍ നോക്കും. പുസ്തകവായന ഇല്ലാത്തവര്‍ എഴുതുമ്പോള്‍ ഇത് സംഭവിക്കും. അവര്‍ക്ക് ഏതാനും രചനകളോടെ മനസ്സ് ശൂന്യമാകും. പിന്നെ ഓര്‍മ്മകളെ അണിയിച്ചൊരുക്കുകയേ വഴിയുള്ളു. ചിലര്‍ ചിന്താശൂന്യത മറച്ചു പിടിക്കാന്‍ അതിഭാവുകത്വവും കൃത്രിമമായ ഭാഷയും സൃഷ്ടിക്കും. അത് കുറെ കഴിയുമ്പോള്‍ തനിയേ നിലയ്ക്കും. അതോടെ ഓര്‍മ്മകള്‍ തലപൊക്കുകയായി.
സമകാലജീവിതത്തില്‍ പ്രാചീനമായ സൗഹൃദം അന്യംനിന്നുപോയിരിക്കുകയാണ്. തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൂടെയാണ് അല്പമെങ്കിലും സൗഹൃദം നിലനില്ക്കുന്നത്. ഇതാകട്ടെ, ഓര്‍മ്മകളെ കൃത്രിമമായാണ് ഉല്പാദിപ്പിക്കുന്നത്. സ്വാഭാവികത നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. മനസ്സിനെ സന്തോഷിപ്പിക്കുന്നതൊന്നും കാണില്ല. ആരോടും നേരിട്ട് ഒന്നും സംവദിക്കാന്‍ ഇല്ലാത്തവര്‍ ഏറുകയാണ്. ഒരു സായാഹ്നസവാരി പോലും അസാധ്യമാവുകയാണ്. പരിചയമുള്ള മുഖങ്ങള്‍ പോലും കാണാനുണ്ടാവില്ല. പട്ടണങ്ങള്‍ സായംസന്ധ്യകളില്‍ വിജനമാകുകയാണ്. നിശ്ശൂന്യത ഏകാന്തതയില്‍ കട്ടപിടിക്കുന്നത് കാണാം. മനസ്സിലുള്ളത് പറയാനോ, സ്‌നേഹത്തോടെ സംസാരിക്കാനോ ആരെയും കിട്ടാതെ വരുമ്പോള്‍ എഴുത്തുകാര്‍ ഓര്‍മ്മകളെ ആശ്രയിക്കും. അതിനെ അന്ധമായി വിശ്വസിക്കും. അത് പക്ഷെ, ചതിക്കുഴിയാണെന്ന് പിന്നീടാണ് മനസ്സിലാവുക. ഓര്‍മ്മകള്‍ ഓര്‍ക്കുന്തോറും മാറാനുള്ളതാണെന്ന ദാര്‍ശനിക സമീപനം പലര്‍ക്കുമില്ല. മിക്കവരും ജീവിതയാഥാര്‍ത്ഥ്യങ്ങളെ അതേപടി പകര്‍ത്തി പരാജയപ്പെടുന്നു. യഥാതഥമെന്ന് വിവരിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണ്. അതാരായുന്നവനാണ് എഴുത്തുകാരന്‍.
ജീവിതാനുഭവങ്ങളെക്കുറിച്ച് പക്വതയോടെ ചിന്തിക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പായപ്പോഴാണ് പി.കുഞ്ഞിരാമന്‍നായരും കേശവദേവും ആത്മകഥ എഴുതിയത്. അവര്‍ അതില്‍ ജീവിതമല്ല അന്വേഷിച്ചത്, സൗന്ദര്യമാണ്.
ഇന്നത്തെ ഓര്‍മ്മയെഴുത്ത് വിരസവും വിമുഖവുമാണ്. സത്യസന്ധമായി സ്വന്തം അസ്തിത്വത്തിലേക്ക് പറ്റിച്ചേരാന്‍ കഴിയാത്തവരുടെ ഓര്‍മ്മകള്‍ വികാരരഹിതവും അര്‍ത്ഥശൂന്യവുമായിരിക്കും.
ടോള്‍സ്റ്റോയിയുടെ കഥ
ഇരുപതാം നൂറ്റാണ്ടിലെ എല്ലാ മഹാവിമര്‍ശകരെയും ആകര്‍ഷിച്ച എഴുത്തുകാരനാണ് ലിയോ ടോള്‍സ്റ്റോയ്. അദ്ദേഹം ആധുനികനൊന്നുമല്ല; എന്നാല്‍ ടോള്‍സ്റ്റോയിയെ അവഗണിക്കാനാവില്ല. രണ്ട് കാരണങ്ങളാണ് പ്രധാനമായും തോന്നുന്നത്. ഒന്ന്, അദ്ദേഹത്തിന്റെ നിശിതവും സൂക്ഷ്മവും ആഴത്തിലേക്ക് ചെല്ലുന്നതുമായ യാഥാര്‍ത്ഥ്യബോധമാണ്. മറ്റൊന്ന്, സാമൂഹ്യബോധവും സാമൂഹ്യഘടനാബോധവും ചേരുമ്പോള്‍ ഉണ്ടാകുന്ന ധാര്‍മ്മികതയാണ്. ഇതു രണ്ടുമാണ് അദ്ദേഹത്തെ എല്ലാ കാലത്തും വായിക്കപ്പെടാന്‍ ഇടയാക്കിയത്. സത്യങ്ങള്‍ കാണാനുള്ള കഴിവുണ്ടെങ്കിലേ അത് പറയാനൊക്കൂ. ചിലര്‍ റിയലിസ്റ്റാണെന്ന് പറയും; പുരോഗമനക്കാരനാണെന്ന് അവകാശപ്പെടും; ലളിതമായാണ് എഴുതുന്നതെന്ന് വാദിക്കും. പക്ഷേ, ഫലമുണ്ടാകില്ല. അതില്‍നിന്ന് സമകാല മനുഷ്യര്‍ക്കോ ഭാവിതലമുറക്കോ ഗ്രഹിക്കാനൊന്നുമുണ്ടാകില്ല. റിയലിസം വെറും പൊങ്ങുതടിയല്ല; അതിന് അടിത്തട്ടുണ്ടാകണം. റിയലിസം ആഴത്തിലേക്ക് നോക്കാനുള്ളതാണ്. അതില്‍ മന:ശാസ്ത്രവും തത്ത്വചിന്തയും ചരിത്രവും കലരണം. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ല.
മനുഷ്യാസ്തിത്വത്തെ സമീപിക്കേണ്ടത് രഹസ്യങ്ങളുടെ കൂട് എന്ന നിലയിലായിരിക്കണം. അതാണ് നമ്മെ സാഹിത്യത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നത്. റിയലിസം കേവല വസ്തുസ്ഥിതിവിവരണമാകരുത്; അതില്‍ സമാന്തരമായ ഒരര്‍ത്ഥ നിര്‍മ്മിതിയുണ്ടാകണം. മനുഷ്യാസ്തിത്വത്തിന്റെ അറിയപ്പെടാത്ത അടരുകളിലേക്ക് ഒരു വായനക്കാരനെ കബളിപ്പിച്ചു കൊണ്ടുപോയി കെണിയിലാക്കുന്നിടത്താണ് റിയലിസം വിജയിക്കുന്നത്.
ടോള്‍സ്റ്റോയിയുടെ Family happiness എന്ന കഥയില്‍ അതാണ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ War and Peace, Anna karenina തുടങ്ങിയ കൃതികളെക്കുറിച്ചെല്ലാം ധാരാളം ചര്‍ച്ച നടന്നതാണ്. എന്നാല്‍ ‘ഫാമിലി ഹാപ്പിനെസ്സ് ‘ പ്രത്യേകം ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതുമാണ്.
പ്രണയത്തിന്റെ സമസ്യ
പതിനേഴ് വയസ്സുള്ള മാഷയാണ് ഇതില്‍ കഥ പറയുന്നത്. അവള്‍ക്ക് നേരത്തെ അച്ഛന്‍ നഷ്ടപ്പെട്ടതാണ്. പിന്നീട് അമ്മയും മരിച്ചു. അമ്മയുടെ മരണശേഷം അച്ഛന്റെ സുഹൃത്തായിരുന്ന സെര്‍ജി മിഖായിലിച്ച് എന്ന മുപ്പത്തിയാറുകാരനുമായുണ്ടാകുന്ന ബന്ധവും തുടര്‍ന്നുള്ള വിവാഹജീവിതവുമാണ് വിവരിക്കുന്നത്. അവരുടെ ജീവിതം സ്വാഭാവികമായിത്തന്നെ പ്രണയത്തിലും ഭാവനകളിലും കൂടി നീങ്ങുന്നു. എന്നാല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം അവര്‍ക്ക് പരസ്പരം മാനസികമായി നഷ്ടപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടാകുന്നു. വീടുമാറി പട്ടണത്തില്‍ താമസിക്കുന്നതോടെ മാഷയുടെ മനസ്സിനെ ഉപരിവര്‍ഗ്ഗ സാമൂഹിക ജീവിതശൈലി സ്വാധീനിക്കുന്നു. ആ കൊച്ചു കുടുംബത്തില്‍ മൂല്യങ്ങളുടെ സംഘട്ടനമാണ് നടക്കുന്നത്.
ഒരാളെ നമ്മള്‍ സ്‌നേഹിക്കാന്‍ വേണ്ടി, കൂടുതല്‍ സ്‌നേഹിക്കാന്‍ വേണ്ടി സ്വയം അറിയേണ്ടതുണ്ട്. അതിനു ബോധപൂര്‍വ്വമായ യാതന അനുഭവിക്കണം. എന്നാല്‍ ആ യാതനകള്‍ പിന്നീട് ഓര്‍മ്മകളായി തുടരുകയാണ്. കുറേ കഴിയുമ്പോള്‍ ആ സ്‌നേഹത്തിനു പകിട്ട് കുറയുകയാണെങ്കില്‍ നേരത്തേ അനുഭവിച്ച യാതനകള്‍ മനസ്സിനെ ഛിന്നഭിന്നമാക്കുന്നു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ജീവിതം മാഷയ്ക്ക് കുറെ ഉപരിവര്‍ഗ കൂട്ടുകാരെ നല്കുന്നു. എന്നാല്‍ ഇതെല്ലാം അവളുടെ ഭര്‍ത്താവിനു പ്രയാസമുണ്ടാക്കി. അയാള്‍ അപമാനിതനാകുന്നു. മുമ്പുണ്ടായിരുന്ന ശാന്തതയും സ്‌നേഹവും ക്രമേണ ഇല്ലാതാവുന്നു. ഇതിനിടയ്ക്ക് അവര്‍ക്ക് രണ്ടു കുട്ടികളുണ്ടാവുന്നു.അതോടെ അന്തരീക്ഷത്തിനു അല്പം അയവുണ്ടാവുകയാണ്. ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടുപോകുന്നതിനെ ഇറക്കിവയ്ക്കാന്‍ ഒരിടമായി കുട്ടികള്‍ രൂപാന്തരപ്പെട്ടു. അവള്‍ തിരിച്ചറിയുന്നുണ്ട്, തനിക്ക് നഷ്ടപ്പെട്ട സ്‌നേഹം, ആദ്യകാലത്തുണ്ടായിരുന്ന പ്രേമം ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന്.
സന്തോഷം എവിടെ ?
പ്രണയമൊക്കെ കാലാന്തരത്തില്‍, മറ്റു വികാരങ്ങള്‍ക്ക് വഴിമാറും. നഷ്ടപ്പെടുന്നതാണ് പരമാര്‍ത്ഥമായിട്ടുള്ളത്. അവര്‍ക്കിരുവര്‍ക്കും അത് ബോധ്യമായിരുന്നു. അവര്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. അവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടില്ലെങ്കിലും സന്തുഷ്ടിയില്‍ എത്താനാവാതെ വിഷമിക്കുന്നു. പഴയതുപോലെ ഊഷ്മളമായി പ്രേമിക്കാന്‍ കഴിയുന്നില്ലല്ലോ. ഇത് വളരെ സൂക്ഷ്മമായ തിരിച്ചറിവാണ്. സെര്‍ജി പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം:
‘കഴിഞ്ഞുപോയ കാര്യങ്ങളില്‍ ഞാന്‍ ദുഃഖിക്കുന്നു. ഇനി ഉണ്ടാവാനിടയില്ലാത്ത ആ പഴയ പ്രേമത്തെക്കുറിച്ചോര്‍ക്കുകയാണ് ഞാന്‍. എന്റെ പ്രേമം എന്റെ മനസ്സില്‍ തന്നെയുണ്ട്. പക്ഷേ അതിന് മാറ്റം വന്നിട്ടുണ്ട്. മനസ്സില്‍ പഴയ പ്രേമത്തിനുള്ള ഒരു സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. എന്നാല്‍ അതിനും മാറ്റമുണ്ട്. അത് രോഗബാധിതമായിരിക്കുന്നു. അതിന് ഉന്മേഷവും ഉണര്‍വ്വും നഷ്ടപ്പെട്ടിരിക്കുന്നു. പഴയ ഓര്‍മ്മകളാണ് എന്നെ ഇപ്പോഴും ചിന്തിപ്പിക്കുന്നത്.’
മനുഷ്യന്റെ പരാജയത്തെക്കുറിച്ചുള്ള വീണ്ടുവിചാരമാണ് ഇവിടെ തെളിയുന്നത്. ജീവിതാവസ്ഥകളുടെ ഗതിമാറ്റത്തിനനുസരിച്ച് അവര്‍ കുറേ മാറി. മൂല്യങ്ങളുടെ സംഘര്‍ഷത്തിലും ചേരികളിലും പെട്ട് അവര്‍ അറിയാതെ സഞ്ചരിച്ചു. ജീവിതം കൂടുതല്‍ യഥാര്‍ത്ഥമാകുന്തോറും അത് നമ്മില്‍ നിന്ന് തന്നെ അന്യമായിക്കൊണ്ടിരിക്കുന്നപോലെ തോന്നുകയാണ്. അതിനെ പിടിക്കാന്‍ ഓടുന്തോറും നമുക്ക് സ്വയം അപരിചിതരാകേണ്ടിവരും. യുക്തി യുണ്ടെങ്കിലും, മനസ്സ് ഉണ്ടെന്ന് വരില്ല. ജീവിതത്തില്‍ യുക്തിയും വിജയവും മാത്രം മതിയോ? മനസ്സിനുള്ളില്‍ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ദിനങ്ങള്‍ കൂടി വേണ്ടേ?
ഉള്ളില്‍ സംഭവിക്കുന്നത്
പരസ്പരമൊന്നു നോക്കിയാല്‍പ്പോലും സന്തോഷിക്കുമായിരുന്ന കാലം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ പരസ്പരം നോക്കാനാവാതെ വന്നത് മാഷ ഓര്‍ക്കുന്നുണ്ട്. ഓരോ മനുഷ്യനും ഓരോ ലോകമാകുന്നത് അവിചാരിതമായാണ്. എന്നാല്‍ പല കാരണങ്ങളില്‍ പ്രണയം ഹൃദയത്തില്‍ മരിക്കുകയാണ്. അവള്‍ എത്ര ശ്രമിച്ചിട്ടും അത് വീണ്ടെടുക്കാനായില്ല. സെര്‍ജിയെ ആശ്ലേഷിച്ചശേഷം അത് പെട്ടെന്ന് മറന്നുപോകുന്നതിനെപ്പറ്റി മാഷ പറയുന്നുണ്ട്. ഉള്ളില്‍ സാവധാനം സംഭവിക്കുന്ന മരണമാണത്. എന്നാല്‍ കുടുംബജീവിതത്തില്‍ പ്രണയം തന്നെ വേണമെന്നില്ല. മക്കളും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആകെയുള്ള രാഗം സ്‌നേഹത്തിന്റെ മറ്റൊരു തലമാണ്.
വായന
മലയാളകഥയുടെ വരള്‍ച്ചയെ ബോധ്യപ്പെടുത്താനും വലിയ ലോകങ്ങളെക്കുറിച്ച് അറിവു പകരാനും ഉപകരിക്കുന്ന രണ്ടു പരിഭാഷാ സംരംഭങ്ങളെക്കുറിച്ച് പറയട്ടെ. ബ്രസീലിലെ വലിയ എഴുത്തുകാരിയായ ക്‌ളാരിസ് ലിസ്‌പെക്ടര്‍ (1920-1977) ദാര്‍ശനികമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അവര്‍ ജീവിതത്തില്‍ നേരിടുന്ന യാഥാര്‍ത്ഥ്യ ങ്ങള്‍ക്കപ്പുറമുള്ള അര്‍ത്ഥങ്ങള്‍ക്കായി ഉത്ക്കണ്ഠപ്പെട്ടു. അവരുടെ ‘ആദ്യത്തെ ചുംബനം’ എന്ന കഥ (എഴുത്ത്, ജനുവരി) വൈക്കം മുരളി പരിഭാഷപ്പെടുത്തിയത്, ഈ പ്രത്യേക സന്ദര്‍ഭത്തില്‍, ഉചിതമായി. കാമുകീകാമുകന്മാര്‍ ഒരു ബസ്സില്‍ സാവധാനം യാത്ര ചെയ്യുകയാണ്. അവരുടെ ഉള്ളില്‍ പ്രേമമുണ്ടെങ്കിലും അതിലൊന്നും അവര്‍ക്ക് സമാധാനം തേടാനാവുന്നില്ല. മനുഷ്യരുടെ അസൂയ തന്നെ കാരണം. എന്നാല്‍ ബസ് നിര്‍ത്തിയപ്പോള്‍ കാമുകന്‍ ഒരു ശിലാജലധാര കണ്ട് അതിനടുത്ത് ചെല്ലുന്നു. അവന്‍ അതില്‍ നിന്ന് വെള്ളം കുടിക്കുന്നതായി സങ്കല്പിക്കുന്നു. ചിരകാലമായി ഉണ്ടായിരുന്ന ദാഹം തീര്‍ക്കാന്‍ ശ്രമിക്കുന്നു. ശാന്തിക്കായി മനുഷ്യന്‍ ശിലയില്‍ നിന്ന് പോലും വെള്ളം അല്ലെങ്കില്‍ പ്രേമം സ്വീകരിക്കുന്നു; പ്രേമം ഒഴുകി വരേണ്ട മനുഷ്യമനസ്സ് വരണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും.
യാദൃച്ഛികത
പോളണ്ടിലെ പ്രമുഖ കഥാകൃത്ത് ആന്ദ്രേ ബുര്‍സ(Andrezj Bursa,1932-1957) യുടെ ‘യക്ഷിക്കഥ’യാണ് വി.രവികുമാര്‍ (പ്രഭാതരശ്മി, ഡിസംബര്‍) പരിഭാഷ ചെയ്തിരിക്കുന്നത്. നിസ്സാര കുറ്റത്തിന് രാജാവ് തല വെട്ടാന്‍ ഉത്തരവിട്ട ഒരു പൗരന് മരണം യാദൃച്ഛികമായി നീട്ടിവയ്ക്കപ്പെടുന്നു. തിരക്കുള്ള രാജാവിനെ ഈ പൗരന്‍ ഓരോ മണിക്കൂറും കൊട്ടാരത്തില്‍ ചെന്ന് തന്റെ തല വെട്ടാന്‍ ഉത്തരവിട്ട കാര്യം ഓര്‍മ്മിപ്പിക്കണമെന്നാണ് വ്യവസ്ഥ. അവന്‍ അതിനുവേണ്ടി കൊട്ടാരത്തില്‍ ചെല്ലുന്നുണ്ടെങ്കിലും രാജാവിനെ കാണാനൊക്കുന്നില്ല. അങ്ങനെ ഇരുപത് വര്‍ഷം കടന്നു പോകുന്നു. ഒടുവില്‍ ഒരു ദിവസം അയാള്‍ കൊട്ടാരത്തിലെത്തുമ്പോള്‍ രാജാവിനെ കാണാനിടവരുന്നു. അയാള്‍ തന്റെ വിധിയെക്കുറിച്ച് പറഞ്ഞു. രാജാവ് ഉടനെ തന്നെ തല വെട്ടാനുള്ള വിധി നടപ്പാക്കി കൊടുക്കുന്നു. മനുഷ്യന്റെ അസ്തിത്വം ഇത്തരം യാദൃച്ഛികതകളുടേതാണെന്ന് ഈ കഥ സംവേദനം ചെയ്യുന്നു. തന്റെ തല വെട്ടുന്ന കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കുക എന്ന ശിക്ഷയാണ് അയാള്‍ ഏറ്റെടുത്തത്. വിധിയെയും മരണത്തെയും അഗാധമാക്കി കാണിക്കുന്ന രചനയാണിത്.
ദേവദാസ് വി.എം. എഴുതിയ ‘മുയലുറക്കം’ (ഗ്രന്ഥാലോകം, ജനുവരി) ഒരു മനുഷ്യന്റെ അസ്തിത്വപരമായ വ്യഥയെ വിശകലനം ചെയ്യുകയാണ്. സ്ഥലത്തിന്റെ കേസ് നടത്താന്‍ നാട്ടില്‍ പോയവന് അതില്‍ വിജയം കാണാതെ പോരേണ്ടി വരുന്നു. തിരിച്ചു വാടകവീട്ടില്‍ വന്നപ്പോഴാകട്ടെ അവിടെ പ്രളയവും. രണ്ടിടത്തും തോല്‍വി. എന്നാല്‍ അയാള്‍ തന്റെ തോല്‍വിയെ താത്ത്വികമായി അപഗ്രഥിച്ച് ഒരു സാധൂകരണത്തിലെത്തുന്നു. മുയലിനെപ്പോലെ അവനവനു തോന്നുമ്പോള്‍ മാത്രം കുതിച്ചോടുക; അല്ലാത്തപ്പോള്‍ വിശ്രമിക്കുക. വെറുതെ പന്തയം വച്ചിട്ട് കാര്യമില്ല.
നിത്യചൈതന്യയതിയുടെ ചിന്തകള്‍
മഹാചിന്തകനും ഗ്രന്ഥകാരനും വേദാന്തിയുമായിരുന്ന നിത്യചൈതന്യയതിയുടെ ചില ചിന്തകള്‍:
1) ഉപനിഷത്തിനേക്കാള്‍ വലിയ പുസ്തകം ലോകത്തിലില്ല.
2) ഛാന്ദോഗ്യോപനിഷത്തിനെപ്പറ്റി എഴുതണമെങ്കില്‍ സാമവേദം പഠിക്കണം.
3) ഛാന്ദോഗ്യോപനിഷത്തിനെക്കുറിച്ച് പറഞ്ഞുതരാന്‍ ഇന്ത്യയില്‍ ആരുമില്ല.
4) തമിഴില്‍ എഴുതപ്പെട്ട, സായണന്റെ സാമവേദഭാഷ്യം പഠിച്ചിട്ടാണ് ഞാന്‍ ഛാന്ദോഗ്യോപനിഷത്തിനെക്കുറിച്ച് എഴുതിയത്.
5) ബൃഹദാരണ്യകോപനിഷത്തില്‍ ശൂദ്രന്റെ അദ്വിതീയമായ സ്ഥാനം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
6) ഞാന്‍ യാതൊന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല; ദൈവം എന്നെ പ്രതിനിധാനം ചെയ്യുന്നു.
7) ധ്യാനം എന്നാല്‍ നിശ്ശബ്ദമായി ഇരിക്കുകയല്ല; തന്ത്രികളില്‍ വിരലോടിക്കുന്നതും ധ്യാനമാണ്.
8) ഈ ലോകത്തിന്റെ ബോധത്തെ നിറയ്ക്കുന്നത് പരമാത്മാവാണ്.
9) ധ്യാനിക്കാനുള്ളത് പുറത്തു ലോകമായിരിക്കുന്നു; അകത്തു അറിവായിരിക്കുന്നു.
10) അഞ്ച് ഇന്ദ്രിയങ്ങളുള്ളതുകൊണ്ട് അഞ്ചുതരത്തിലുള്ള ലോകങ്ങള്‍ ഉണര്‍ന്നുവരുന്നു. എല്ലാ ലോകങ്ങളും ഒരിടത്താണ് അനുഭവിക്കുന്നത്.
നുറുങ്ങുകള്‍
$ ലോകത്ത് എവിടെയെങ്കിലും മനുഷ്യന്, അവന്റെ മൂല്യങ്ങള്‍ക്ക് ധ്വംസനം നേരിട്ടാല്‍ ഉടനെ കവിതയെഴുതുന്നവരുണ്ട്. കമ്പോഡിയയിലെയും മ്യാന്‍മറിലെയും പ്രശ്‌നങ്ങളെക്കുറിച്ച് ഏത് ഉറക്കത്തില്‍ വിളിച്ചുപറഞ്ഞാലും കവിതയെഴുതി തരുന്നവരെ കാണാം. ഇവര്‍ക്ക് കവിത ഒരു ഉല്പന്നമാണ്. ആഴ്ചയില്‍ പത്ത് കവിത ഒരു കണക്കാണ്. എന്നാല്‍ ഇത് വായിക്കുന്നവന്റെ കാര്യമോ? അവന് ഒരു രക്ഷയുമില്ല.
$സംസ്‌കൃത കാവ്യശാസ്ത്രജ്ഞനായ മമ്മടന്‍, ‘മേഘസന്ദേശം’ വായിച്ചാല്‍ എന്താണ് പ്രയോജനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടാചാരങ്ങള്‍, ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍, ശൃംഗാരത്തിലുള്ള ജ്ഞാനം, സ്ത്രീയെക്കുറിച്ചുള്ള അറിവ്, കാവ്യാസ്വാദനത്തിലൂടെ ലഭിക്കുന്ന വിശിഷ്ടമായ അറിവ്, അമിതമായ രതിവാഞ്ഛ ജീവിതത്തെ നശിപ്പിക്കുമെന്ന മുന്നറിയിപ്പ് തുടങ്ങിയവയെല്ലാം പ്രയോജനങ്ങളാണ്.
$Bohemianism എന്ന വാക്ക് പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പ്രചാരത്തില്‍ വന്നത്. പരമ്പരാഗതമായ വിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിച്ച് ജീവിച്ച കലാകാരന്മാരെയും എഴുത്തുകാരെയും ഈ പദമുപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നത്; ചെക്ക് റിപ്പബ്ലിക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബൊഹീമിയ വഴി പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ എത്തിയവരെക്കൂടി ഈ പേരു സൂചിപ്പിക്കുന്നുണ്ടെങ്കിലും. അമേരിക്കന്‍ എഴുത്തുകാരന്‍ ലാറന്‍ സ്റ്റോവര്‍ (Lauren Stover) Bohemian Manifesto A Field Guide to Living on the Edge (2004) എന്ന പുസ്തകത്തിലൂടെ ഈ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നുണ്ട്.
$ഫ്രഞ്ച് ചിത്രകാരന്‍ പിയറി ഓഗസ്റ്റെ റെന്വേ(1841- 1919) ഇങ്ങനെ പറഞ്ഞു: ‘കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടയില്‍ ഞാനൊരു സത്യം കണ്ടുപിടിച്ചു: എല്ലാ നിറങ്ങളുടെയും രാജ്ഞി കറുപ്പാണ്.’
$പ്രമുഖ റഷ്യന്‍ സിനിമാസംവിധായകനായ ആന്ദ്രേ തര്‍ക്കോവ്‌സ്‌കി (1932-1986) ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാപ്രതിഭയായി കണക്കാക്കപ്പെടുന്നു. അദ്ദേഹം തന്റെ കലാവിഷ്‌കാര ശ്രമങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു: ‘നിങ്ങള്‍ ഒരിക്കലും ഒരാശയം പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ ശ്രമിക്കരുത്; അത് നന്ദികെട്ടതും വിവരമില്ലാത്തതുമായ പ്രവൃത്തിയാണ്. അവരെ ജീവിതം എന്താണെന്ന് കാണിച്ചുകൊടുക്കുക. അതെങ്ങനെ ഉള്‍ക്കൊള്ളണമെന്നും വിലയിരുത്തണമെന്നും അവര്‍ തീരുമാനിക്കുന്നതായിരിക്കും.’
$പാണ്ഡിത്യമല്ല കലയില്‍ സഹായിക്കുന്നത്. കലയില്‍ അന്ത:കരണവും ഹൃദയജ്ഞാനവും അനുതാപവും ആത്മത്യാഗവും ആത്മീയതയുമാണ് പ്രധാനമാകുന്നത്. ഉദ്യോഗസ്ഥരായ കവികളേക്കാള്‍ തൊഴില്‍ രഹിതരും ദരിദ്രരുമായ കവികളായിരിക്കും ജീവിതാനുഭവങ്ങളെ മുഖാമുഖം കണ്ട് എഴുതുന്നത്. എ.അയ്യപ്പന്‍ വിജയിക്കുന്നത് അവിടെയാണ്.
$പ്രകൃതിയില്‍ അനശ്വരതയില്ല; ഓര്‍മ്മയുമില്ല. പ്രകൃതി ആരെയും ഓര്‍ത്തുവയ്ക്കുന്നില്ല . അനന്തമായ വിസ്മൃതിയാണത്.