ഡച്ച് ചിത്രകാരനായ റെമ്പ്രാന്ത് (Rembrandt, 1606-1669) കുറെ വയസ്സന്മാരെ വരച്ചിട്ടുണ്ട്. താടിവച്ച ആ മനുഷ്യര്‍ ആകര്‍ഷക വ്യക്തിത്വമുള്ളവരാണ്. എന്നാല്‍ അവരില്‍ ചിലര്‍ ജീവിതത്തിന്റെ ചിന്താപരമായ ഭാരം വാര്‍ദ്ധക്യത്തില്‍ ഏറ്റെടുത്തവരാണെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ കണ്ണുകള്‍. അവരുടെ മുഖങ്ങള്‍ ദീപ്തമാണ്. അവരിലേക്ക് നോക്കിക്കൊണ്ടിരിക്കാന്‍ ഏതൊരു കാണിയും ഉത്സാഹിക്കും. വിസ്മൃതിയില്‍നിന്ന് റെമ്പ്രാന്ത് ഉയര്‍ത്തിക്കൊണ്ടുവന്ന വെളിച്ചത്തിന്റെ തുണ്ടുകളാണവര്‍. ജീവിത സായന്തനത്തില്‍ ശാരീരികമായ അവസ്ഥകള്‍ക്കപ്പുറത്ത് ഒരാള്‍ നേടുന്ന മാനുഷികമായ അറിവും പ്രജ്ഞയുടെ മൗലികമായ ശ്രേയസ്സും കണ്ടെടുക്കപ്പെടുകയാണ്. ശാരീരിക ജീവിതത്തിനു നിയോഗിക്കപ്പെട്ട ശരീരം പര്യാപ്തമാണെന്ന് അറിയുന്ന വ്യക്തി അതിനെ നിര്‍വ്വികാരമായി കണ്ട് ആത്മാവില്‍ സ്വാസ്ഥ്യം നേടുകയാണ്. മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മയും ചൈതന്യവും വരകളിലൂടെ തിരിച്ചു വരുന്നതാണ് നാം കാണുന്നത്. റെമ്പ്രാന്ത് വെളിച്ചത്തിന്റെ ദൂതനാണല്ലോ. നിരാശയുടെയും അധ:പതനത്തിന്റെയും ഇരുട്ടുകറ്റകളില്‍ നിന്ന് പ്രകാശത്തിന്റെ ജീവിതത്തെ ഉയര്‍ത്തിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ കലാതന്ത്രമാണ്.
സൗന്ദര്യമെന്ന അപാരത
ചെറുപ്പക്കാര്‍ക്ക് മാത്രമല്ല സൗന്ദര്യമെന്ന് അമേരിക്കന്‍ എഴുത്തുകാരി ഉര്‍സുല കെ.ലെഗ്വിനിന്റെ (Ursula k LeGuin) നിരീക്ഷണം പ്രസക്തമാണ്. ഒരു വ്യക്തിയെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നുവെന്നതോ, മറ്റുള്ളവരുടെ മുന്നില്‍ ഒരാള്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നതോ സൗന്ദര്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളല്ലെന്നാണ് ലെഗ്വിന്‍ പറയുന്നത്. അതിനുമപ്പുറത്തേക്ക് നോക്കേണ്ടതുണ്ട്. ഇത് റെമ്പ്രാന്തിന്റെ ചിത്രങ്ങളില്‍ ആലേഖനം ചെയ്തതായി കാണാം. ശരീരത്തിലില്ലാത്ത സൗന്ദര്യം ശരീരത്തിലൂടെ കണ്ടെത്താമെന്നാണ് റെമ്പ്രാന്തിന്റെ ചിന്തയെന്ന് ആ ഛായാചിത്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ലെഗ്വിന്‍ സ്വാനുഭവം പറയുന്നതിനിടയില്‍, ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്; വയസ്സാകുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മാറാത്ത എന്തോ ഒന്നുണ്ടായിരുന്നു. അത് മറ്റുള്ളവര്‍ കണ്ട ശരീരമല്ല; അതില്‍ നിന്ന് വ്യത്യസ്തമായ, സൗന്ദര്യമെന്ന അപാരതയായിരുന്നു. അതാകട്ടെ ശരീരത്തിന്റെയും ചൈതന്യത്തിന്റെയും സംഗമമായിരുന്നു. Portrait of an old man with a beard എന്ന ചിത്രം റെമ്പ്രാന്ത് എന്തിന് വരച്ചു? കൂടുതല്‍ ‘സൗന്ദര്യം’ വേണ്ടിയിരുന്നെങ്കില്‍, ഒരു സുന്ദരിയെ വരയ്ക്കാമായിരുന്നു. റെമ്പ്രാന്തിനു വേണ്ടത് യൗവ്വനത്തിന്റെ തിണര്‍പ്പോ, തിളക്കമോ അല്ല; അറ്റുപോകാത്ത ദീപ്തിയായിരുന്നു. ആ ദീപ്തി നോട്ടത്തിലാണുള്ളത്. അത് ഓരോ വ്യക്തിയിലുമുണ്ട്. വ്യക്തിയെ ലോകമായി കാണുമ്പോഴാണ് അത് സംഭവിക്കുന്നത്.
വാര്‍ദ്ധക്യത്തിന്റെ ജീവിതസൗന്ദര്യത്തെ വരയ്ക്കുമ്പോള്‍ റെമ്പ്രാന്ത് കാണിയെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഭയപ്പെടുത്തുന്നില്ല. സൗന്ദര്യത്തിലേക്ക് ആഴ്ന്ന് ലയിക്കുന്നതിന് മറ്റൊന്നും തടസ്സമാകരുതെന്ന് ആ ചിത്രകാരന് അറിയാമായിരുന്നു.
ഇസയ്യ ബെര്‍ലിന്റെ വാക്കുകള്‍
ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനും സൈദ്ധാന്തികനുമായ ഇസയ്യ ബെര്‍ലിന്‍ (1909-1997)വലതുപക്ഷ തീവ്രവാദത്തെ എതിര്‍ക്കുകയും സ്വാതന്ത്ര്യത്തെ തന്റെ ആശയകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ Two Concepts of Liberty വളരെ ചര്‍ച്ച ചെയ്യപ്പെട്ടു.
ബെര്‍ലിന്റെ ചില ചിന്തകള്‍:
1)കാല്പനികത, മനുഷ്യന്‍ മറന്ന ജീവിത പ്രഭവങ്ങളിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. നിര്‍വചിക്കാനാവാത്തതും അതിര്‍ത്തികള്‍ ഇല്ലാത്തതുമായ ഒന്നിനു വേണ്ടിയുള്ള ആഗ്രഹമായിരുന്നു അത്.
2)പതിനെട്ടാം നൂറ്റാണ്ടിലെ മഹാചിന്തകന്മാരുടെ ധൈര്യവും സത്യസന്ധതയും ധൈഷണിക ശക്തിയും സത്യത്തോടുള്ള സ്‌നേഹവും, മറ്റൊന്നിനോടും തുലനം ചെയ്യാവുന്നതല്ല. മാനവരാശിയുടെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ കാലഘട്ടമായിരുന്നു അവരുടേത്.
3) എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് ഞാന്‍ ടോള്‍സ്റ്റോയിയുടെ War and Peace വായിച്ചത്. കാര്യമായി ഒന്നും മനസ്സിലായില്ല.
4) മനുഷ്യന്‍ അവന്റെ വീക്ഷണത്തെ, ആഗ്രഹങ്ങളെ മാറ്റിമറിച്ചതിന്റെ ചരിത്രമാണ് സാമൂഹ്യചരിത്രം.
5) ചെന്നായ്ക്കള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ ആടുകളുടെ മരണം ഉറപ്പാവും.
6) സ്വാതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യമാണ്; അത് തുല്യതയോ മര്യാദയോ നീതിയോ മാനുഷികമായ സന്തോഷമോ മന:സാക്ഷിയോ അല്ല.
7) ശാസ്ത്രത്തിന് സ്വാതന്ത്ര്യബോധത്തെ നശിപ്പിക്കാനാവില്ല; സ്വാതന്ത്ര്യമില്ലാതെ ധാര്‍മ്മികതയോ കലയോ ഇല്ല.
മേഘസന്ദേശം പരിഭാഷ
കാളിദാസന്റെ ‘മേഘസന്ദേശം’ ലോക കവിതയില്‍ തന്നെ ഒരത്ഭുതമാണ്. ഒരു പക്ഷേ, ഭാരതത്തിലെ മഹത്തായ ഒരു കാവ്യം എന്ന നിലയില്‍ പാശ്ചാത്യ അനുവാചകന്‍ സ്വീകരിക്കുക ‘മേഘസന്ദേശ’മായിരിക്കും. ഒരു കവി തന്റെ സിദ്ധികളുടെ സമ്പൂര്‍ണമായ വിനിയോഗം നിര്‍വ്വഹിച്ചിരിക്കുകയാണിവിടെ. സൃഷ്ടിയുടെ എല്ലാ ഘടകങ്ങളും പര്യവേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നു. മേഘസന്ദേശം മലയാളത്തിലെ പല പ്രമുഖരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പ്, തിരുനെല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവരുടെ പരിഭാഷകള്‍ ഓര്‍ക്കുകയാണ്. എന്നാല്‍ ഇതാ, ഒരു നല്ല പരിഭാഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കെ.കെ.ഗണപതി നമ്പൂതിരിപ്പാട് എന്ന സംസ്‌കൃത പണ്ഡിതനാണ് പരിഭാഷകന്‍. കാളിദാസന്റെ മന്താക്രാന്ത എന്ന വൃത്തത്തില്‍ തന്നെയാണ് ഈ പരിഭാഷ (കറന്റ് ബുക്‌സ്) ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സ്വദേശിയായ പരിഭാഷകന്‍ ഈ കൃതി പ്രസിദ്ധീകരിക്കാതെയാണ് 2012ല്‍ വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മകന്‍ പുരുഷോത്തമന്‍ പിതാവിന്റെ രേഖകളില്‍ നിന്ന് ഇത് കണ്ടെടുത്ത് വിദഗ്ധരെ കാണിച്ചശേഷം പ്രസിദ്ധീകരിക്കുകയായിരുന്നു.
ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് രാമഗിരിയില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്ന യക്ഷന്‍ തന്റെ ഭാര്യയ്ക്ക് ഒരു സന്ദേശമയയ്ക്കുകയാണ്. മേഘമാണ് ആ സന്ദേശം എത്തിക്കുന്നത്. മേഘം കടന്നുപോകുന്ന സ്ഥലങ്ങള്‍ കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഒരു പക്ഷേ, ആരും കാണാത്ത ഭാരതമായിരിക്കുമിത്. മലയാളഭാഷയുടെ സൗന്ദര്യം ഗണപതി നമ്പൂതിരിപ്പാട് സംരക്ഷിക്കുന്നത് ഇങ്ങനെയാണ്:
‘കൈയ്യില്‍ ക്രീഡാകമല, മളക
ത്തിങ്കല്‍ മുല്ലപ്രസൂനം;
പാച്ചോറ്റിപ്പൂമ്പൊടിയതുമുഖ-
ശ്രീമിനുക്കിത്തെളിഞ്ഞും
കാതില്‍ വാകക്കുസുമമണിവൂ,
കൂന്തലില്‍ച്ചെങ്കുറിഞ്ഞി –
പ്പൂ, സീമന്തം തവ വരവിനാല്‍
നീപമങ്ങാ വധുക്കള്‍’
കവി പുഴയില്‍ കുളിക്കുന്നു
ചെറുകാടിന്റെ അറുപതാം പിറന്നാളിന്റെ ഭാഗമായി വൈലോപ്പിള്ളി ചെയ്ത പ്രസംഗം വി.പി.വാസുദേവന്‍ ‘കടലില്‍ കുളിക്കുന്നവര്‍’ എന്ന ലേഖനത്തില്‍ (സാഹിത്യചക്രവാളം, ഫെബ്രുവരി) ഉദ്ധരിക്കുന്നുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ് : ‘ഞങ്ങള്‍ കവികളുടെ, സാഹിത്യകാരന്മാരുടെയൊക്കെ കുളി പലതരത്തിലാണ്. ചിലര്‍ കുളത്തില്‍ കുളിക്കും. ചിലര്‍ പുഴയില്‍, കുഞ്ഞിരാമന്‍നായരൊക്കെ പുഴയിലാണ് കുളിക്കുക. സ്ഥിരം യാത്രക്കാരനായതിനാല്‍ പുഴകളില്‍ എന്ന് പറയണം. ഭാരതപ്പുഴയില്‍, തേജസ്വിനിയില്‍ എല്ലാം. തെളിഞ്ഞൊഴുകുന്ന പുഴവെള്ളത്തിന്റെ തെളിമ അങ്ങോരുടെ കവിതകളിലും കാണാം. കൈരളിയുടെ കവിള്‍ത്തടങ്ങളില്‍ നിഴലിട്ട് ആടുന്ന ലോലാക്കുകളാണ് കുഞ്ഞിരാമന്‍നായരുടെ കവിതകള്‍ എന്നു പറയാം. അങ്ങനെ പറയുന്നത് അങ്ങോര്‍ക്കിഷ്ടപ്പെടും. സുന്ദരിയുടെ കവിള്‍ത്തടത്തേപ്പറ്റിയല്ലേ പറയുന്നത്.’
ഒരു കവിയുടെ സ്വഭാവവും സഹൃദയത്വവും അയാളുടെ കുളിയില്‍ കണ്ടെത്താനാണ് വൈലോപ്പിള്ളി വളരെ ലളിതമായ ഒരു രൂപകം ഉപയോഗിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ചെറുകാട് കടലില്‍ കുളിച്ചവനാണെന്ന് പറയുന്നുണ്ട്.
വക്രബുദ്ധി
എം.ഗോവിന്ദനെ ഒരു സ്വതന്ത്ര ചിന്തകനായാണ് പൊതുവേ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ ‘സര്‍പ്പം’ എന്ന നോവലിനെ മുന്‍നിര്‍ത്തി ചില ചിന്തകള്‍ അവതരിപ്പിക്കുകയാണ് ടി.ടി. ശ്രീകുമാര്‍ (എം.ഗോവിന്ദന്‍ എന്ന നവോത്ഥാനാനന്തര കവി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 13). എന്നാല്‍ പ്രത്യേക കണ്ടുപിടുത്തമോ ആലോചനയോ ലേഖനത്തിലില്ല. കേരളീയ നവോത്ഥാനം പരാജയപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള തന്റെ ജന്മവാസന ഇതിലും ലേഖകന്‍ പ്രകടമാക്കിയിട്ടുണ്ട്. നവോത്ഥാനാനന്തര സാംസ്‌കാരിക വിമര്‍ശനമാണ് ഗോവിന്ദന്‍ കൊണ്ടുനടന്നത് എന്ന് പറയുന്ന ലേഖകന്‍ അതെല്ലാം ചരിത്രപരമായും വിമര്‍ശനപരമായുമുള്ള പരിമിതികളെ അതിലംഘിച്ചിട്ടില്ല എന്ന് എഴുതി തന്റെ വക്രബുദ്ധി പ്രയോഗിക്കാന്‍ മറന്നിട്ടില്ല. സിവില്‍ സമൂഹത്തിന്റെ കവിത പ്രതിസന്ധികളില്‍ ആടിയുലയുകയാണത്രെ. അത് സ്വന്തമായി തീര്‍പ്പു കല്‍പ്പിക്കുന്നില്ലെന്നും തുടര്‍ന്ന് എഴുതുന്നു. എത്ര അര്‍ത്ഥശൂന്യമായാണ് ലേഖകന്‍ എഴുതുന്നത്. എവിടെയെങ്കിലും കവിതയ്ക്ക് തീര്‍പ്പുകല്‍പ്പിക്കാനാവുമോ? കാവ്യപരമായ യാതൊരു അനുഭൂതിയും ഇല്ലാത്ത ഒരാള്‍ക്ക് മാത്രമേ ഇതുപോലെ എഴുതാനൊക്കൂ.
സുറാബ് എഴുതിയ ‘ദൂരം’ (ഗ്രന്ഥാലോകം, ജനുവരി) എന്ന കവിതയിലെ വരികള്‍ ഇങ്ങനെ:
‘സഞ്ചരിച്ച ദൂരം
ചെരിപ്പിനെന്തറിയാം?
എന്റെ രഹസ്യയാത്രയും.’
ഊരിവച്ച ഷൂസിന്റെ ചിത്രം വാന്‍ഗോഗ് വരച്ചിട്ടുണ്ട്. കാലം അതില്‍ കളിക്കുന്ന പോലെ തോന്നും.
വരണ്ട കവിത
യുക്തികൊണ്ട് ചിന്തിച്ച് കവിത എഴുതിയിരിക്കുകയാണ് വീരാന്‍കുട്ടി (അമാന്തക്കാരന്‍, പ്രസാധകന്‍, ഫെബ്രുവരി). ഒരു പാവം സ്ത്രീ ദൈവത്തെ വിളിച്ച് കരഞ്ഞുകൊണ്ട് വേശ്യാവൃത്തിക്ക് പോകുന്നു. ദൈവത്തെ വിളിച്ചതിനെ പുച്ഛിക്കുന്ന കവി അവള്‍ക്ക് വേശ്യാവൃത്തിയില്‍ വിജയിക്കാനായി ശാരീരിക ക്ഷമതയുണ്ടാവാന്‍ ആശംസകള്‍ നേരുകയാണ്. ഇത്രയും ഹൃദയശൂന്യത ഒരു കവിക്ക് പാടുണ്ടോ? മനുഷ്യത്വമോ അനുതാപമോ ഇല്ലാത്തവര്‍ ഇപ്പോള്‍ കവികളായി വരുകയാണ്. കവിയാകാന്‍ വേണ്ടി മനുഷ്യന്‍ യുക്തിയെ ആശ്രയിച്ച് വാക്കുകളെ ചരല്‍ക്കല്ലു പോലെ വരട്ടിയെടുക്കുന്നു. അനുവാചകനാകട്ടെ കവിത വായിച്ച് നിരാശനാകുന്നു.
പുസ്തകം
‘പുഴയ്ക്ക് ഒരു പൂവും നീരും’ എന്ന പേരില്‍ എം.ടി.രവീന്ദ്രന്‍ എഴുതിയ പുസ്തകത്തെക്കുറിച്ച് (റെഡ് ചെറി ബുക്‌സ്) മേഘനാഥന്‍ (മുംബൈ) എഴുതിയ ലേഖനം (ഒരു പുസ്തകത്തോടൊപ്പം എം.ടിയുടെ കൂടല്ലൂരിലേക്ക്, എഴുത്ത്, ജനുവരി) സാഹിത്യകാരന്മാരുടെ ജീവിതത്തിലെ പ്രകൃതിയും സഹോദര്യവും എന്ന ആശയത്തെ സ്പര്‍ശിക്കുന്നു. കൂടല്ലൂര്‍ ഗ്രാമത്തിന്റെ ഒരു ചിത്രം ഈ കൃതിയില്‍ നിന്ന് ലഭിക്കുന്നതായി ലേഖകന്‍ അറിയിക്കുന്നു.
ഡോ. ലയ ശേഖര്‍ എഴുതിയ ‘മുഖപുസ്തകത്തിലെ വായന’ (എഴുത്ത്, ജനുവരി) എന്ന കവിത അമൂര്‍ത്തമായി ശേഷിക്കുകയാണ്. കാമുകി, ഭാര്യ, വീട്, ഫേസ്ബുക്ക് എന്നിങ്ങനെ ഒരു ലോകത്തെ കവി പരിചയപ്പെടുത്തുന്നുണ്ട്. പക്ഷേ കവിതയുടെ തീവണ്ടി പാളത്തില്‍ നിന്ന് തെന്നി മുന്നോട്ടു നീങ്ങുകയാണ്.
നുറുങ്ങുകള്‍
$ ഏഴാച്ചേരി രാമചന്ദ്രന്‍ എസ്.പി.സി.എസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു. നല്ലൊരു വായനക്കാരനും ആസ്വാദകനുമായ പി.കെ.ഹരികുമാര്‍ ചുമതലയേറ്റു. ഏഴാച്ചേരി എസ്.പി.സി.എസിന്റെ പ്രതാപം നഷ്ടപ്പെടുത്തുകയും ആ പ്രസ്ഥാനത്തെ സങ്കോചപ്പെടുത്തുകയുമാണ് ചെയ്തത്. അദ്ദേഹത്തിന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പാരമ്പര്യമോ സംസ്‌കാരമോ അറിയില്ലായിരുന്നു.
$രാമായണത്തില്‍, വനയാത്രയ്‌ക്കൊരുങ്ങുന്ന ലക്ഷ്മണന് അമ്മ സുമിത്ര നല്കുന്ന ഉപദേശത്തെ ആലുവ സുദര്‍ശന്‍ (ഹംസധ്വനി, ഡിസംബര്‍) വ്യാഖ്യാനിക്കുന്നു. രാമനെ എന്നും ദശരഥനായി കാണണമെന്നും സീതയെ രാജമാതാവായാണ് കരുതേണ്ടതെന്നും ധ്വനിപ്പിക്കുന്നതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. വീട് ഗാര്‍ഹസ്ഥ്യവും വനം സന്യാസവുമാണെന്ന് സൂചിതമാവുന്നു.
$ ആകാശം ഇടിഞ്ഞു വീണാലും മനുഷ്യന്‍ തന്റെ ധര്‍മ്മത്തെ നിറവേറ്റണമെന്നാണ് ടോള്‍സ്റ്റോയി എല്ലാ രചനകളിലും ഉദ്‌ബോധിപ്പിക്കുന്നതെന്ന്, ടോള്‍സ്റ്റോയിയുടെ കഥകള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പരിഭാഷപ്പെടുത്തിയ അമ്പാടി ഇക്കാവമ്മ എഴുതിയത് ഓര്‍ക്കുന്നു. ടോള്‍സ്റ്റോയി ധാരാളം പേര്‍ക്ക് മന:സമാധാനം നല്കിയെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
$ ‘ഒന്നാമത്തെ പൂജ വിരാട്പൂജയാണ്-നമ്മുടെ ചുറ്റുമുള്ളവരെ പൂജിക്കല്‍.’ സ്വാമി വിവേകാനന്ദന്റെ ഈ വാക്യം ഡോ. വി.എസ്.ശര്‍മ്മ (ഗുരുപ്രഭ, ഫെബ്രുവരി ) ഒരു ലേഖനത്തില്‍ ഉദ്ധരിച്ചത് പ്രസക്തമായി. സ്വാമി ഭാരതത്തെ നവമായി കണ്ടെത്തുകയാണല്ലോ ചെയ്തത്.
$ തീര്‍ച്ചയായും, നിരന്തരം വായിക്കുന്ന പക്ഷം എഴുത്തുകാരെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിക്കൊണ്ടിരിക്കേണ്ടിവരും. ഒരേയൊരു സ്ഥിരവായന ഇല്ല; പല വായനകളുണ്ട്. വായിക്കുമ്പോള്‍ നാം പുതിയ ലോകം കാണുന്നു. പുതിയ മനുഷ്യരാവുന്നു.
$ലോകസിനിമയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ അഞ്ജലീന ജോളി ലോകത്തിലെതന്നെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധേയയാവുകയാണ്. വിവിധ രാജ്യങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സഹായം നല്കുന്നതിനായി ഒരു ഫൗണ്ടേഷന്‍ തന്നെ അവര്‍ സ്ഥാപിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഭീകരവിരുദ്ധ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോളി രണ്ടുലക്ഷം ഡോളറാണ് സംഭാവന ചെയ്തത്.
$എല്ലാവരും യൂട്യൂബ് ഉണ്ടാക്കുകയാണ്. അതുകൊണ്ട് മറ്റൊരാളുടെ യൂ ട്യൂബ് കാണാന്‍ സമയം ഉണ്ടാവില്ല. അവനവനെക്കുറിച്ച് തയ്യാറാക്കുന്ന യൂ ട്യൂബ് ദൃശ്യങ്ങളാണ് ഇന്ന് ഒരുവന്റെ ജീവിതം.
$കേരള സാഹിത്യ അക്കാദമിയേക്കാള്‍ കഷ്ടമാണ് കേരള സംഗീതനാടക അക്കാദമിയുടെ അവസ്ഥ. ഒരു ദളിത് യുവാവിന് നൃത്തം അവതരിപ്പിക്കാന്‍ അനുവാദം കൊടുക്കാതിരുന്ന അക്കാദമി, യാതൊരു സംഭാവനയും ചെയ്യാത്തവര്‍ക്ക് പോലും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ വലിയ പുരസ്‌കാരങ്ങള്‍ നല്‍കി സമൂഹമധ്യത്തില്‍ നാണംകെട്ട് നില്ക്കുകയാണിന്ന്.