Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

എം.കെ. ഹരികുമാര്‍

Print Edition: 5 February 2021

സാഹിത്യവിമര്‍ശനം ഇല്ലാതായി, രൂക്ഷമായ വിമര്‍ശനം ഉണ്ടാകുന്നില്ല എന്നെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്.. എന്തുകൊണ്ടാണ് വിമര്‍ശനം കുറയുന്നത്? അസഹിഷ്ണുതയാണ് വിമര്‍ശനത്തെ ഇല്ലാതാക്കുന്നത്. പ്രധാന വാരികകളില്‍ കാരാഴ്മ നേടിയിട്ടുള്ള ചില എഴുത്തുകാര്‍ ഗൂഢാലോചന നടത്തി വിമര്‍ശകരെ പൊതുവെ പടിയടച്ച് പിണ്ഡം വച്ചിരിക്കയാണ്. പലരും തങ്ങളുടെ സാഹിത്യകൃതികളെ സ്വകാര്യ വസ്തുക്കളായ ഭൂമി, കാര്‍, വീട് എന്നിവ പോലെ കാണുകയാണ്. കാറിനു കുറുകെ മറ്റൊരു വണ്ടിയിടുകയോ സൈഡ് കൊടുക്കാതിരിക്കുകയോ ചെയ്താല്‍ സ്വാഭാവികമായും വഴക്കുണ്ടാകും; കേസും പ്രതീക്ഷിക്കാം. ഏതാണ്ട് അതുപോലെയാണ് സാഹിത്യകൃതികളുടെ കാര്യവും. സ്വന്തം കൃതിയെ സ്വകാര്യസ്വത്തായി കാണുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കൂട്ടര്‍ മനുഷ്യച്ചങ്ങല പിടിച്ചു നില്ക്കുകയാണ്. ആര്‍ക്കും ആ കൃതികളെ തൊടാന്‍ പാടില്ല. തൊട്ടാല്‍ സംഘടിച്ച്, വിമര്‍ശിച്ചവനെ ഒറ്റപ്പെടുത്തും. വിമര്‍ശിച്ച വ്യക്തിയെ പിന്നെ വെറുക്കാന്‍ തുടങ്ങുകയായി. അയാളെ ഒരിടത്തും പ്രവേശിപ്പിക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലി തല്പരകക്ഷികളും സുഹൃത്തുക്കളും അടങ്ങുന്ന ഒരു സംഘം അണിനിരക്കുകയാണ്. എന്തൊരു യാഥാസ്ഥിതിക വ്യവസ്ഥിതിയാണിത്. ഒരു സാഹിത്യകൃതി പ്രസിദ്ധീകരിച്ചാല്‍ അത് വായനക്കാരുടേതാണ്. അവരാണ് അതിനെ വിലയിരുത്തുന്നത്. അക്കൂട്ടത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നവരും കണ്ടേക്കാം. വിമര്‍ശിക്കുന്നവരെയെല്ലാം ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സദാചാരവിരുദ്ധമാണ്; ഭീരുത്വമാണത്.

ആനന്ദന്‍പിള്ളയുടെ ഇടപെടലുകള്‍
ഇവിടെയാണ് സി.കെ ആനന്ദന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ‘സാഹിത്യവിമര്‍ശം’ മാസികയുടെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണേണ്ടത്. അദ്ദേഹത്തിന്റെ മാഗസിനിലൂടെ പല എഴുത്തുകാരെയും വിമര്‍ശിക്കാറുണ്ട്. വിമര്‍ശിക്കപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ പാടില്ല. അതാണ് ലോകനീതി. മഹാനായ സഹസ്രാബ്ദകവി വില്യം ഷേക്‌സ്പിയറെ നാടകാചാര്യനായ ബര്‍നാഡ് ഷായും സാഹിത്യ വിചക്ഷണനായ ടോള്‍സ്റ്റോയിയും അതിഭയാനകമായി വിമര്‍ശിച്ചിട്ടുണ്ട്. ഷേക്സ്പിയറിനു യാതൊരു മൗലികതയുമില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്താ പറയാന്‍ പാടില്ലേ? നമ്മളെല്ലാം ഗുരുവായി കാണുന്ന ദസ്തയെവ്‌സ്‌കിയെക്കുറിച്ച് ടോള്‍സ്റ്റോയിക്ക് മതിപ്പില്ലായിരുന്നു. സ്വന്തമായി ഒരു ചിന്തയുമില്ലാത്ത വ്യക്തിയാണത്രേ ദസ്തയെവ്‌സ്‌കി. ഈ എഴുത്തുകാരനില്‍ പ്രതീക്ഷ വേണ്ടെന്നാണ് ടോള്‍സ്റ്റോയ് പറഞ്ഞത്. ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച് സുകുമാര്‍ അഴീക്കോട് ഒരു പുസ്തകമെഴുതിയല്ലോ. അയ്യപ്പപ്പണിക്കരുടെ കവിതകളെ വിമര്‍ശിച്ച് തായാട്ട് ശങ്കരനും പുസ്തകമെഴുതി. ഇതൊക്കെ സാഹിത്യലോകത്ത് വേണ്ടതു തന്നെയാണ്. എങ്കിലേ സ്വതന്ത്രചിന്തയും വിമര്‍ശനവുമുണ്ടാകുകയുള്ളു.

ആനന്ദന്‍പിള്ളയുടെ വിമര്‍ശനത്വര ഒരു സത്യാന്വേഷണ വ്യഗ്രതയാണ്. അത് ചിലരെ മുറിപ്പെടുത്തിയേക്കാം. സാഹിത്യരചനയില്‍ ഏര്‍പ്പെടുന്നത് തന്നെ ഒരു മുറിപ്പെടലാണ്. അപ്പോള്‍ അതിന്റെ പേരില്‍ തുടര്‍ന്ന് മുറിപ്പാടുകള്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യേണ്ടതാണ്. അദ്ദേഹം മുഖം നോക്കാതെ എഴുതുന്നു; പലരും പറയാന്‍ മടിക്കുന്നത് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. താന്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാന്‍ അദ്ദേഹം ഇത് ചെയ്യുകയാണ്. മഹാനായ ഫ്രഞ്ച് എഴുത്തുകാരന്‍ ഷാങ് പോള്‍ സാര്‍ത്ര് പറഞ്ഞത്, ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുമെന്നാണ്. അത്രയും ചെയ്യാന്‍ ആനന്ദന്‍പിള്ളയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ അസ്തിത്വപരമായ സമസ്യയാണിത്. അദ്ദേഹം സ്വയമൊരു വിഗ്രഹമാകാന്‍ ശ്രമിക്കുന്നില്ല. ആരുടെയും പൂച്ചെണ്ടുകള്‍ക്കായി ഒളിസേവ ചെയ്യുന്നില്ല; അടുക്കളയില്‍ കയറുന്നില്ല. അധികാരികളുടെ പിന്നാലെ രഹസ്യമായി നടന്ന് സ്ഥാനങ്ങള്‍ നേടിയ ശേഷം, ഞാനൊന്നുമറിഞ്ഞില്ലേ എന്ന് നടിക്കുന്നില്ല. അദ്ദേഹം സ്വന്തം അവാര്‍ഡുകള്‍ ഉറപ്പാക്കുന്നതിനായി രാപ്പകല്‍ കഷ്ടപ്പെടുന്നില്ല. അദ്ദേഹം ഒരു മുഖ്യധാരാ പ്രസിദ്ധീകരണവുമായി കാരാഴ്മ ഏറ്റെടുത്തിട്ടില്ല; ഗൂഢാലോചന നടത്തുന്നില്ല. ഇതൊക്കെ തന്നെ എത്രയോ നല്ല കാര്യമാണ്.

‘സാഹിത്യവിമര്‍ശ’ത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ഞാന്‍. എന്നെ എത്രയോവട്ടം (ഒരു തവണ കവര്‍‌സ്റ്റോറി ആയിരുന്നു) വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. എനിക്ക് അതിന്റെ പേരില്‍ ഒരു പരാതിയുമില്ല; വിദ്വേഷവുമില്ല. വിമര്‍ശിക്കപ്പെടുമ്പോഴാണ് ഒരു എഴുത്തുകാരന്റെ ആശയങ്ങള്‍ക്ക് നേരെ ഒരാള്‍ നടന്നുവരുന്നതായി നമുക്ക് തോന്നുന്നത്. വിമര്‍ശിക്കപ്പെട്ടില്ലെങ്കില്‍, മേശപ്പുറത്തു പൂക്കള്‍ നിറച്ചു വച്ചിരിക്കുന്ന പാത്രം പോലെയാവും നമ്മള്‍. വെറും അലങ്കാരവസ്തു. ഉപയോഗം കഴിയുമ്പോള്‍ ആളുകള്‍ അത് വലിച്ചെറിയും. ഒരു മാസം എട്ടും പത്തും അവാര്‍ഡുകള്‍ കിട്ടുന്നത് അംഗീകാരമായി ആരും തെറ്റിദ്ധരിക്കരുത്. കഴിവുള്ളവര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനാണ് ചില കമ്മിറ്റികള്‍ പൂക്കള്‍ അലങ്കരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് നിരന്തരം അവാര്‍ഡ് ചൊരിഞ്ഞുകൊടുക്കുന്നത്. അവര്‍ക്കറിയാം ഈ പൂപ്പാത്രങ്ങള്‍ക്ക് കൊടുത്തിട്ട് ഒരു കാര്യവുമില്ലെന്ന്; അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താല്‍ അത് അവര്‍ക്ക് പ്രയോജനപ്പെട്ടാലോ? അത് സഹിക്കാന്‍ പറ്റില്ലല്ലോ? അവാര്‍ഡ് എഴുത്തുനിര്‍ത്തിയവര്‍ക്കുള്ളതല്ല; അത് ഒരു കണ്ടുപിടിത്തമാകണം. എങ്കിലേ അതിനു വിലയുള്ളു.

അയിത്തം
മലയാളസാഹിത്യത്തിലെ മുഖ്യധാര പത്രപ്രവര്‍ത്തനത്തില്‍ അസ്പൃശ്യതയും അയിത്തവുമാണ് ആധിപത്യം ചെലുത്തുന്നത്. ഒരേപോലെ ചിന്തിക്കുന്നവര്‍ അധാര്‍മ്മികമായി കൂട്ടുചേര്‍ന്നിരിക്കുന്നു. എസ്. ജയചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച സ്വജനപക്ഷപാതവും സാംസ്‌കാരിക പൊങ്ങച്ച അഭ്യാസപ്രകടനങ്ങളും ‘മലയാളം’വാരിക ഇപ്പോഴും അര്‍ത്ഥശൂന്യമായി പിന്തുടരുകയാണ്. യുക്തിയില്ലാത്ത വര്‍ഗീകരണവും അയിത്തവുമാണ് കാണുന്നത്. കൊള്ളാവുന്ന ഒരാളെ വാശിയോടെ തമസ്‌കരിക്കുന്നതെന്തിനാണ്? ഏതാനും എഴുത്തുകാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ പത്രാധിപന്മാര്‍ ഏറ്റെടുക്കുന്നതെന്തിനാണ്?
മുഖ്യധാരയില്‍ നിന്ന് അകന്നും അതിനോട് ഇടഞ്ഞും നീങ്ങുന്ന കുറെ എഴുത്തുകാരുണ്ട്. അവരെ കേള്‍ക്കാനും ഒരു പത്രാധിപര്‍ വേണം. ആനന്ദന്‍പിള്ള ഈ രംഗത്ത് കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പുതിയ ‘സാഹിത്യവിമര്‍ശ’ ത്തില്‍ പ്രസിദ്ധീകരിച്ച കൊച്ചിന്‍ കവിതാനിര്‍മ്മാണ യൂണിറ്റിനെക്കുറിച്ചും (ഡോ.പി.ശിവപ്രസാദ്), എന്‍.സന്തോഷ്‌കുമാറിന്റെ ലേഖനം മോഷ്ടിച്ച് സജയ് കെ.വി. മറ്റൊരു ലേഖനം എഴുതിയെന്ന് സ്ഥാപിക്കുന്ന വിവരണം (എസ്.പ്രസാദ്) എന്നിവ ഉദാഹരണം. ഇതുപോലുള്ള കൊള്ളരുതായ്മകളും നടക്കുന്നുണ്ട്; അതെഴുതാന്‍ ആളുണ്ടാവുന്നതാണ് ആനന്ദന്‍പിള്ളയുടെ വിജയം. വിദ്യാഭ്യാസമുള്ളവര്‍ ചെയ്യുന്ന അനീതികള്‍ സാഹിത്യമേഖലയില്‍ തന്നെ ചോദ്യം ചെയ്യപ്പെടട്ടെ.

15 പുസ്തകങ്ങള്‍ (2020)
കോവിഡ് കാലത്തിന്റെ അരക്ഷിതാവസ്ഥയില്‍ സാഹിത്യവും പുസ്തകവ്യവസായവും വിറങ്ങലിച്ചു നില്ക്കുകയായിരുന്നു. സാഹിത്യകാരന്മാര്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് വെബിനാറിലും യു ട്യൂബിലും സമൂഹ മാധ്യമങ്ങളിലും അഭയം തേടി. പലരും മൗനത്തില്‍ പ്രവേശിച്ചു. മാഗസിനുകള്‍ പലതും നിലച്ചു. ചില മാഗസിനുകള്‍ പി.ഡി.എഫുകള്‍ തയ്യാറാക്കി വാട്‌സാപ്പ് വഴി അയയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോയ വര്‍ഷത്തെ സാഹിത്യത്തെ സമീപിക്കേണ്ടത്. താരതമ്യേന കായ്ഫലമില്ലാത്ത ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. സീനിയറായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ തന്നെ കുറഞ്ഞു. അതേസമയം ചില ബൃഹത് പുസ്തകങ്ങള്‍, വലിയ പദ്ധതികളായി വില്പനയ്ക്ക് വരികയും ചെയ്തു. പുസ്തകശാലകളുടെ അതിജീവനത്തിനു അത് സഹായകമായി. ശാലകളിലൂടെ പുസ്തകവില്പന തീരെ കുറഞ്ഞു. ചില പ്രമുഖ പ്രസാധകര്‍ ശാഖകള്‍ അടച്ചിടുക മാത്രമല്ല, പുസ്തക പ്രസിദ്ധീകരണം തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വായനക്കാര്‍ക്ക് നേരിട്ട് പുസ്തകമെത്തിക്കാനാണ് ചില പ്രസാധകര്‍ ശ്രമിച്ചത്. എങ്കിലും, സമൂഹമാധ്യമങ്ങളില്‍ ഉത്സാഹത്തോടെ ചര്‍ച്ചകള്‍ നടന്നു. ആശയപരമായ ഉള്ളടക്കങ്ങളുടെ കാലമായിരുന്നു 2020. നൈരാശ്യത്തില്‍ നിന്ന് ചടുലമായി പിടഞ്ഞെഴുന്നേല്‍ക്കുന്ന സംവാദങ്ങളും കുറവല്ലായിരുന്നു. ജീവിതത്തില്‍ കരകയറാനുള്ള കുറുക്കുവഴികള്‍ വ്യാപകമായി പ്രചരിച്ചു.

വൈവിധ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പോയവര്‍ഷത്തെ പതിനഞ്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുകയാണ്.

1)പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങള്‍ – കേരള സാഹിത്യഅക്കാദമി
(അന്തരിച്ച വിമര്‍ശകന്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ സാഹിത്യ ലേഖനങ്ങളുടെ ബൃഹത് സമാഹാരം)
2) അടയാളങ്ങളുടെ അത്ഭുതലോകം -ഇടയാളം.
വൈക്കം മധു
( ഭാഷാചിഹ്നങ്ങളുടെ അസാധാരണ ചരിത്രം)
(മനോരമ ബുക്‌സ് )
3) എ.അയ്യപ്പന്റെ കവിത സമ്പൂര്‍ണം.
മാതൃഭൂമി ബുക്‌സ്
4) റേച്ചല്‍ കഴ്സണ്‍ – പരിസ്ഥിതി എഴുതിയ ജീവിതം -രാജന്‍ തുവ്വാര
(‘ദ് സൈലന്റ് സ്പ്രിംഗി’ന്റെ പരിഭാഷ)
എച്ച് ആന്‍ഡ് സി
5) പരാഗണങ്ങള്‍ ( കവിതകള്‍)
ജോര്‍ജ്
(നാല് പതിറ്റാണ്ടായി എഴുതുന്ന ജോര്‍ജിന്റെ ബൃഹത് സമാഹാരം)
നിയോഗം ബുക്‌സ്
6) മുറിനാവ് –
(നോവല്‍) മനോജ് കുറൂര്‍
( ഡി.സി.ബുക്‌സ് )
7) മകന്റെ കുറിപ്പുകള്‍.
അനന്തപത്മനാഭന്‍
(ചലച്ചിത്രകാരന്‍ പി.പത്മരാജന്റെ ജീവിതകഥ )
(ഡി.സി)
8) നൂറ് ക്ലാസിക് സിനിമകള്‍
(സാജന്‍ തെരുവാപ്പുഴ)
മാതൃഭൂമി ബുക്‌സ് )
9) ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍
പരിഭാഷ: കെ.പി.ബാലചന്ദ്രന്‍
(മാതൃഭൂമി ബുക്‌സ് )
10) സാഹിത്യത്തിന്റെ താത്ത്വികാഖ്യാനം
ഡോ. പോള്‍ തേലക്കാട്
(മാളുബന്‍ ബുക്‌സ് )
11) കിളിമഞ്ചാരോ ബുക്ക്സ്റ്റാള്‍
(നോവല്‍ )
രാജേന്ദ്രന്‍ എടത്തുംകര
(ഡി.സി.)
12) മായാസമുദ്രത്തിനക്കരെ
(നോവല്‍)
പെരുമ്പടവം ശ്രീധരന്‍
(ഡി.സി)
13) പാക്കനാര്‍ തോറ്റം
(കവിതകള്‍)
മധു മീനച്ചില്‍
(വേദ ബുക്‌സ് )
14) മാവ് പൂക്കാത്ത കാലം
രാജന്‍ കൈലാസ്
(ഡി.സി)
15) നാടകം വിതച്ചു നടന്ന ഒരാള്‍
(നാടകകാരന്‍ ജോസ് ചിറമ്മലിന്റെ ജീവിതം )
എം.വിനോദ്, രേണു രാമനാഥ് ,എം.ആര്‍.ബാലചന്ദ്രന്‍
(ചിറമ്മല്‍ സ്മാരക സമിതി)

അരുണ്‍ ഷൂരി, സദ്ഗുരു
‘ദ് പയനിയര്‍’ ലേഖകന്‍ കുമാര്‍ ചെല്ലപ്പന്‍ എഴുതിയ ലേഖനം (പയനിയര്‍ ഡോട്ട് കോം, ജനുവരി 17) ചിന്തിപ്പിക്കുക മാത്രമല്ല, അഗാധമായ തലങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരി എഴുതിയ Preparing for death,, സദ്ഗുരുവിന്റെ ഉലമവേ: Death: An inside story എന്നീ പുസ്തകങ്ങളെ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ലേഖകന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഘട്ടത്തിലാണ് ഈ പുസ്തകങ്ങളിലൂടെ കടന്നു പോയതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. അമ്മയുടെ മരണം ഒരു വശത്തും കോവിഡ് മൂലമുള്ള മരണങ്ങള്‍ മറുവശത്തും നില്‍ക്കുമ്പോള്‍ രോഗബാധിതനായി കിടപ്പിലായതും മരണത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും സ്വാഭാവികമാണ്.

ഈ പുസ്തകങ്ങള്‍ ഒരാളുടെ അന്തിമനിമിഷങ്ങളെ ഫോക്കസ് ചെയ്യുകയാണ്. സദ്ഗുരു പറയുന്നു: ‘നിങ്ങള്‍ ഭൗതിക ശരീരത്തിന്റെ പരിമിതികളെ മറികടക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ്.’ സദ്ഗുരുവിന്റെ പുസ്തകം വായിച്ചശേഷം കുമാര്‍ പറയുന്നത് മരണം രസകരമായ ഒരു പ്രതിഭാസമെന്നാണ്. ആസ്വദിക്കാവുന്ന ഒരു ഘടകം മരണത്തിലുണ്ടത്രേ.

മറാട്ടി കഥകള്‍
സുരേഷ് എം.ജി.എഴുതിയ മറാഠി ദളിത് സാഹിത്യത്തെക്കുറിച്ചുള്ള ലേഖനം (പ്രവാസി ശബ്ദം, ജനുവരി) സമകാല പ്രസക്തി നേടുകയാണ്. ലക്ഷ്മണ്‍ ഗെയ്ക്ക്വാദിന്റെ ‘ഉചല്യ’ എന്ന നോവലിനെക്കുറിച്ച് എഴുതുന്നുണ്ട്. ആ ഭാഗം ഇതാണ്: ‘മോഷണമാണ് മുഖ്യതൊഴില്‍ അഥവാ ഉപജീവനമാര്‍ഗ്ഗം. തണുപ്പുകാലത്ത് കന്നുകാലികളുടെ മൂത്രം താന്‍ കിടക്കുന്ന തുണിയിലേക്ക് ഒലിച്ചു വരുമ്പോള്‍ ലഭിക്കുന്ന ചൂട് സ്വര്‍ഗ്ഗമായി കണ്ടുവളര്‍ന്നവനാണ് ഇതിലെ നായകന്‍. അതല്ലാതെ തണുപ്പകറ്റാന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു അവര്‍ക്ക്.’

ബാബുറാവ് ബാഗുല്‍, ഊര്‍മ്മിള പവാര്‍, ശരണ്‍കുമാര്‍ ലിംബാലെ, യോഗിരാജ് വാഗ്മറെ, ബന്ധുമാധവ് എന്നീ ദളിത് എഴുത്തുകാരുടെ രചനകളെയും സുരേഷ് പരിശോധിക്കുന്നുണ്ട്. തീര്‍ച്ചയായും, ദളിത് സാമൂഹികാവസ്ഥയെ അഗാധമായി സ്പര്‍ശിക്കുന്ന രചനകള്‍ ഉണ്ടാകണം. ഏറ്റവും താഴ്ന്ന ജാതിയിലുള്ള വ്യക്തിക്ക് ഒരുപക്ഷേ, ഏറ്റവും വലിയ യാതനകളെക്കുറിച്ച് അറിയാനാകും. കാരണം, ഏറ്റവും അടിയിലാണല്ലോ കിടക്കുന്നത്.

മൂലഭദ്രം ഭാഷ
സി വി രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ നോവലില്‍ പരാമര്‍ശിക്കുന്ന മൂലഭദ്രം ഭാഷ സംസാരിക്കാനും പഠിക്കാനും മുന്‍കൈ എടുക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. തിരുവിതാംകൂറില്‍ പ്രചരിച്ച മൂലഭദ്രത്തെ ഇന്നത്തെ മലയാളവുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ. പുതിയ വാക്കുകള്‍ ഉണ്ടാകട്ടെ. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ എട്ടുദിവസത്തെ പഠനക്ലാസിനാണ് തീരുമാനം. ഡോ. പ്രമോദ് ഇരുമ്പുഴി ഗ്രൂപ്പിനു നേതൃത്വം നല്‍കുന്നു.

കഥാവിമര്‍ശം
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫൈസല്‍ ബാവ മലയാളകഥകളെ വിമര്‍ശനാത്മകമായി പഠിക്കുന്ന പരമ്പര തൊണ്ണൂറ്റിയാറ് ലക്കം പിന്നിട്ടിരിക്കുന്നു. അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് വായനക്കാര്‍ക്ക് നല്കുന്നത്. എഴുത്തുകാരന്‍ ഇന്ന് സ്വയം ഒരു മാധ്യമമാണല്ലോ. കഥായുവത്വം എന്നാണ് പരമ്പരയുടെ പേര്. മലയാറ്റൂര്‍ രാമകൃഷ്ണന്‍, കെ. സരസ്വതിയമ്മ, എം.ഗോവിന്ദന്‍, ജോണ്‍ എബ്രഹാം, വി.പി.ശിവകുമാര്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍ തുടങ്ങിയവരുടെ കഥകള്‍ ഇതുവരെ ചെയ്ത പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നു.

നുറുങ്ങുകള്‍
$സാഹിത്യകാരന്മാരില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്ന് കെ.പി.അപ്പന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. മക്കളെ എഴുത്തുകാരാക്കി അവര്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കാന്‍ രഹസ്യ നീക്കം നടത്തുന്ന പിതാ സാഹിത്യകാരന്മാരുണ്ട്. മക്കളെയും അവര്‍ തങ്ങളുടെ തിന്മകളില്‍ മുക്കിയെടുക്കുകയാണ്. ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തില്‍ എ എന്ന എഴുത്തുകാരന്‍ ഒരു കോളം എഴുതുകയാണെന്ന് സങ്കല്പിക്കുക. തക്കം പാര്‍ത്തിരിക്കുന്ന ബി എന്ന എഴുത്തുകാരന്‍ ദുര മൂത്ത് ഒരു പ്രത്യേക നിമിഷത്തില്‍ ഉണരുകയാണ്. അയാള്‍ പൊറുതിമുട്ടി പത്രാധിപരെ വിളിച്ച് അപേക്ഷിക്കുകയാണ്: എ എഴുതുന്ന കോളം താന്‍ എഴുതിയാലോ!
ആവേശം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാനൊക്കുമോ?

$അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് റഷ്യന്‍ കലാകാരനായ ആന്ദ്രേ മോളോഡ്കിന്‍ ആവിഷ്‌കരിച്ച ഇലസ്‌ട്രേഷനെക്കുറിച്ച് ആര്‍ട്ടിസ്റ്റ് ഗായത്രി (സുപ്രഭാതം, ജനുവരി 17) എഴുതിയിരിക്കുന്നു. വൈറ്റ് ഹൗസ് മാതൃക സൃഷ്ടിച്ച് , അതിനെ ഫ്രാന്‍സില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ നല്കിയ രക്തത്തില്‍ നിമജ്ജനം ചെയ്തിരിക്കുന്ന ഇന്‍സ്റ്റലേഷനാണ് അദ്ദേഹമൊരുക്കിയത്. ഇത് വളരെ ചര്‍ച്ചചെയ്യപ്പെട്ടു.

$കോവിഡ് ഭീതിയുടെ കാര്‍മേഘം മാറിത്തുടങ്ങി. വാക്‌സിന്‍ വന്നതിനൊപ്പം സിനിമ തിയേറ്ററും തുറന്നിരിക്കുന്നു. തിയേറ്റര്‍ ഇല്ലാതെ മലയാളിയുടെ ജീവിതം പൂര്‍ണമാകില്ല. വാസ്തവത്തില്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഒരു വിനോദമല്ല; അനിവാര്യതയാണ്. സിനിമയ്ക്ക് പോകുന്നത്, ഒരാളെ നിസ്സാരതയില്‍ നിന്നും അമിതമായ അഹന്തയില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും മാറ്റി നിര്‍ത്തും.കാരണം അയാള്‍ തനിച്ചോ, കുടുംബസമേതമോ ഒരു വലിയ ഹാളില്‍ വന്നിരിക്കുകയാണ്. അവിടെ ആര്‍ക്കും വലിയ പദവിയോ ചെറിയ പദവിയോ ഇല്ല. മണിക്കൂറുകള്‍ മിണ്ടാതെ, അനുസരണയോടെ, ഒരു ദിശയിലേക്ക് തന്നെ നോക്കി അവനവന്റെ ഭാവനയില്‍ അമരുമ്പോള്‍ ഒരു വലിയ സാമൂഹികപ്രസ്ഥാനം ഉണ്ടാവുകയാണ്. ഇരുട്ടിലാണെങ്കിലും അതില്‍ നിറയെ സാഹോദര്യമാണ്.

$റഷ്യന്‍ കവി യെവ്തുഷെന്‍കോ പറഞ്ഞു: സ്വന്തം മുഖം കാണാനിഷ്ടപ്പെടാത്ത അപൂര്‍വ്വ വനിതയാണ് ചരിത്രം.

Share28TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

വിമര്‍ശനകലയില്‍ ജ്ഞാനമായി പരിണമിക്കുന്നത്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies