ഇടതുപക്ഷ എഴുത്തുകാര്‍, പ്രത്യേകിച്ച് പുരോഗമന സാഹിത്യകാരന്മാര്‍ രണ്ട് ചേരികളിലായിക്കഴിഞ്ഞു. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയവരുടെ സാഹിത്യപരമായ വീക്ഷണത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാര്‍ ഇല്ലാതായി. കാരണം ഇവരുടെ പ്രത്യയശാസ്ത്ര സമീപനങ്ങള്‍ ആധുനികകാല സാഹചര്യത്തിനു ഇണങ്ങുന്നതല്ലാതായി. വരണ്ടതും ഭാവനാരഹിതവും, ഭാഷാപരമായ നവീകരണമില്ലാത്തതുമായ രചനകള്‍ക്ക് നിലനില്പില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ആധുനികത മാര്‍ക്‌സിസത്തെയാണ് പ്രതിരോധിച്ചത്. കാരണം മാര്‍ക്‌സിസത്തിനു പ്രകൃതി വീക്ഷണമില്ല. നവീനമായ സാഹിത്യ സങ്കല്പത്തെ ഉള്‍ക്കൊള്ളാനുള്ള ഉപകരണങ്ങളില്ല.
ഇടതുപക്ഷ മലയാളസാഹിത്യകാരന്മാര്‍ ഇക്കാരണം കൊണ്ട് വലിയൊരു പ്രതിസന്ധിയിലായിരിക്കുകയാണ്. അവരുടെ ഒരു ചേരി ശുദ്ധ കാല്പനികതയും പുരാണ കഥകളുടെ പുനരന്വേഷണവുമാണ്. രണ്ടാമത്തെ ചേരി, പുരോഗമന വീക്ഷണമെന്ന പുറംമോടിയില്‍ വര്‍ഗ്ഗീയ ചുവയുള്ള രചനകളില്‍ ഏര്‍പ്പെടുന്നതാണ്. ഹിന്ദു വിമര്‍ശനത്തെ ബലപ്പെടുത്തുന്നതിനായി അനാവശ്യ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നു. എന്‍.എസ്. മാധവനും അശോകന്‍ ചരുവിലും സമീപകാലത്തെഴുതിയ ചില കഥകളില്‍ അപകടകരമായ ഈ പ്രവണതയുണ്ടായിരുന്നു.
കാല്പനികത വീണ്ടും
ഇടതുപക്ഷ എഴുത്തുകാര്‍ പൊതുവെ ഇപ്പോള്‍ പുരോഗമന സ്വഭാവം കൈവിട്ടിരിക്കുകയാണ്. അവര്‍ക്ക് തനത് മാര്‍ക്‌സിസം വേണ്ട. കെ.പി.ജിയെ പോലെ ഇപ്പോള്‍ ആരും എഴുതില്ലല്ലോ. രാഷ്ട്രീയ വീക്ഷണം നഷ്ടപ്പെട്ടു എന്ന് പറയാം. അതുകൊണ്ട് വലിയൊരു വിഭാഗം ഇടതുപക്ഷ എഴുത്തുകാരും കാല്പനിക വിഷയങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. അവര്‍ പുരോഗമനക്കാരല്ല.
ഏതാനും പേര്‍ പ്രസംഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് മനോഭാവത്തോടെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവരുടെ രചനകളില്‍ മാര്‍ക്‌സ് ഇല്ല; പുരോഗമന കാഴ്ചപ്പാടുമില്ല. ഏഴാച്ചേരി രാമചന്ദ്രന്റെ കവിതകള്‍ കാല്പനികമാണ്. അശോകന്‍ ചരുവിലിന്റെ കഥകള്‍ക്ക് മാര്‍ക്‌സിസ്റ്റ് വീക്ഷണവുമായി യാതൊരു ബന്ധവുമില്ല. സമീപകാലത്ത് മാര്‍ക്‌സിസ്റ്റ് എന്ന വ്യാജേന ആവേശത്തോടെ കടന്നുവന്ന സുനില്‍ പി. ഇളയിടവും മറ്റും മാര്‍ക്‌സിസ്റ്റ് ദര്‍ശനം ഉപേക്ഷിച്ച് ചരിത്രത്തെ വിലയിരുത്തുകയാണ്. സുനില്‍ മാര്‍ക്‌സിസ്റ്റ് ആണെങ്കില്‍, അത് തെളിയിക്കുന്നതിനു പര്യാപ്തമായ ഒന്നും അദ്ദേഹം എഴുതിയിട്ടില്ല. ഇതു കാണിക്കുന്നത് പുരോഗമന സാഹിത്യസംസ്‌കാരം തിരോഭവിക്കുകയോ അപ്രസക്തമാവുകയോ ചെയ്തുവെന്നാണ്. വൈശാഖനെ നോക്കൂ, അദ്ദേഹം പുരോഗമനക്കാരനാണെന്ന് നടിക്കുന്നു. അദ്ദേഹം ഇടതുപക്ഷ സഹയാത്രികനാണത്രേ. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ സാഹിത്യ അക്കാദമിയുടെ ഭാരവാഹിത്വത്തില്‍ ഏതെങ്കിലുമൊരു റോളില്‍ അദ്ദേഹമുണ്ടാകും. ഇപ്പോള്‍ പ്രസിഡന്റാണ്. പ്രസിഡന്റ് എന്ന നിലയില്‍ ഒന്നും ചെയ്യാനായില്ല. ഈ കാലയളവില്‍, അദ്ദേഹം എഴുതിയ കഥകളെല്ലാം റൊമാന്റിക് സങ്കല്പത്തിലുള്ളതാണ്; വര്‍ഗ്ഗബോധമോ പോരാട്ടമോ അല്ല. കെ.പി. മോഹനന്റെ ലേഖനങ്ങളിലും ഇടതുപക്ഷമില്ല. ഈ എഴുത്തുകാര്‍ എങ്ങനെ മാറി ? പുരോഗമന സാഹിത്യ സംഘത്തിന്റെ അദ്ധ്യക്ഷത വഹിച്ച യു.എ. ഖാദര്‍, വൈശാഖന്‍, ഷാജി. എന്‍. കരുണ്‍ തുടങ്ങിയവര്‍ തങ്ങളുടെ സൃഷ്ടികളില്‍ നിന്ന് എന്തുകൊണ്ടോ പുരോഗമന വീക്ഷണത്തെ ഒഴിവാക്കി.
മുന്‍പ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പല പ്രമുഖരും ഇപ്പോള്‍ ജീവല്‍സാഹിത്യത്തെ ഉപേക്ഷിച്ച് കാല്പനിക സ്വപ്‌നങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെക്കുറിച്ച് എഴുതിയതു കൊണ്ടു മാത്രം പുരോഗമനമാകില്ല.
ആ പ്രസ്ഥാനം ഇപ്പോഴില്ല
ലോകത്തൊരിടത്തും ഇപ്പോള്‍ പുരോഗമനസാഹിത്യമില്ല. റഷ്യയില്‍ ഉണ്ടായിരുന്നു. റഷ്യന്‍ സാഹിത്യകാരന്മാര്‍ കലാപരവും ഉത്തരാധുനികവുമായ രൂപങ്ങളാണ് പരീക്ഷിക്കുന്നത്.തൊഴിലാളികള്‍ക്ക് വേണ്ടി റഷ്യയില്‍ പോലും സാഹിത്യം രചിക്കുന്നില്ല. തൊഴിലാളികള്‍ ലോകത്ത് വലിയ ശക്തിയാണ്. പക്ഷേ, പുതിയ ഹൈടെക് തൊഴിലാളികള്‍ വന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാങ്കേതിക വിദഗ്ധരാണ്. അവരെ തൊഴിലാളികളായി കാണാനാകില്ല. സാങ്കേതിക വൈദഗ്ധ്യം തൊഴിലിടങ്ങളില്‍ മാറ്റം വരുത്തി. കോര്‍പ്പറേറ്റ് ലോകം മനുഷ്യന്റെ മനോനിലയില്‍ പോലും പരിവര്‍ത്തനം ഉണ്ടാക്കി. കലാകാരന്മാര്‍ അവരുടെ കലാഉല്പന്നത്തില്‍ പോലും അധികാരമില്ലാത്തവരായി. ടെലിവിഷന്‍ സീരിയല്‍ അഭിനേതാക്കള്‍ക്ക് അവരുടെ റോള്‍ ചെയ്യുന്നതിനപ്പുറം മറ്റ് അധികാരമില്ല. അവര്‍ ദിവസവേതനക്കാരാണിപ്പോള്‍ . ലോകത്ത് തൊഴിലാളികളുടെ അധികാര വാഴ്ചയ്ക്ക് വേണ്ടിപ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യ പ്രസ്ഥാനം ഇപ്പോഴില്ല. ഇതെല്ലാമാണ് നമ്മുടെ നാട്ടിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ ഇല്ലാതാക്കിയത്.
ഭൂതകാലം നിശ്ചലമാണെന്ന് കരുതിയെങ്കില്‍ തെറ്റി. അതും പരിവര്‍ത്തനക്ഷമമാണ്.നമ്മളാണ് പരിവര്‍ത്തിപ്പിക്കേണ്ടത്. റഷ്യന്‍ സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കി അതാണ് പറഞ്ഞത്: ‘ഭൂതകാലത്തിന്റെ വാഹനങ്ങളില്‍ നിങ്ങള്‍ക്ക് ഒരിടത്തും പോകാനാവില്ല’.
തെറ്റ് പറ്റി
ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു വലിയ സ്വീകാര്യത ലഭിച്ച അവസരത്തില്‍ അതിനോടുള്ള പുരോഗമനസാഹിത്യസംഘത്തിന്റെ സമീപനം ബാലിശവും അസംബന്ധ പൂര്‍ണ്ണവുമായിരുന്നു. കലയെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്ന് അന്നത്തെ അവരുടെ പ്രസ്താവനകള്‍ നോക്കിയാല്‍ ബോധ്യപ്പെടും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് തസ്രാക്കില്‍ ചേര്‍ന്ന വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ എം.എ.ബേബി മുന്‍പ് സ്വീകരിച്ച നിലപാടിന്റെ പേരില്‍ കുറ്റസമ്മതം നടത്തിയത് ഓര്‍ക്കുന്നു. താന്‍ ഖസാക്കിനെ വിമര്‍ശിച്ച് ചെയ്ത പ്രസംഗങ്ങള്‍ തെറ്റായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന്റെയര്‍ത്ഥം വ്യക്തമാണ്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് അല്ലെങ്കില്‍ പ്രവണതയ്ക്ക് ഇനി പ്രസക്തിയില്ല. കേസരി ബാലകൃഷ്ണപിള്ളയ്‌ക്കോ കെടാമംഗലം പപ്പുക്കുട്ടിക്കോ പുരോഗമനക്കാരുടെ ഭവനങ്ങളില്‍ ഇടമില്ലാതായത് വെറുതെയല്ല.
മലയാളനോവലിനെതിരെ ഗൂഢനീക്കം
മലയാളത്തിലും ചില കഥകള്‍ എഴുതിയിട്ടുള്ള ജയമോഹന്‍ ബഡായി പറഞ്ഞ് മഹാന്മാരായ മലയാളം എഴുത്തുകാരെയും മലയാളഭാഷയെ തന്നെയും അപമാനിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 10) വിചിത്രമാണ്. ജയമോഹന്‍ മലയാളത്തിലെഴുതിയെങ്കിലും അതിനൊന്നും സാഹിത്യപരമായ അതിശയഗുണം ഇല്ലാത്തതുകൊണ്ട് വേണ്ടപോലെ ആരും ശ്രദ്ധിച്ചില്ല. ഇതിന്റെ നിരാശയില്‍, മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനെന്നപോലെ, എന്തൊക്കെയോ വിളിച്ചു പറയുന്നു. ഭാരതത്തിലെ മികച്ച അമ്പത് നോവല്‍ എടുത്താല്‍ അതില്‍ ഒരു മലയാളം നോവല്‍പോലുമുണ്ടാകില്ലെന്നാണ് കണ്ടുപിടുത്തം! ഇത് ബുദ്ധിപരമായ പാപ്പരത്തമാണ്. ജയമോഹന് നോവലിന്റെ കലയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നോവല്‍ സ്ഥൂലമായ ഒരു കഥയാണ്. കച്ചവടസിനിമയുടെ കാഴ്ചപ്പാടനുസരിച്ചുള്ള സാഹിത്യചിന്തകളാണ് അദ്ദേഹത്തിന്റേത്. ഭാരതത്തിലെ മഹത്തായ ഏത് നോവലിനോടും ഒപ്പം പരിഗണിക്കാവുന്ന പത്ത് മലയാള നോവലുകള്‍ ഇതാ. 1) കയര്‍ 2) ഖസാക്കിന്റെ ഇതിഹാസം,3) ധര്‍മ്മപുരാണം, 4) മഞ്ഞ്, 5) ആള്‍ക്കൂട്ടം, 6) മാന്ത്രികപൂച്ച, 7) അവകാശികള്‍, 8) തട്ടകം, 9) സുന്ദരികളും സുന്ദരന്മാരും, 10)രണ്ടിടങ്ങഴി.
ഇവിടുത്തെ മലയാളനോവലിസ്റ്റുകള്‍ കലയ്ക്ക് പ്രാധാന്യം കൊടുത്തു. ദീര്‍ഘമായി കഥ പറയുക മാത്രമല്ലല്ലോ നോവലിസ്റ്റിന്റെ ജോലി; കല ഉണ്ടാകണം. ഭാഷയോടുള്ള മൗലികവാദപരമായ സമീപനമാണ് ജയമോഹനുള്ളത്. ഭാഷയില്‍നിന്ന് സംസ്‌കൃതപദങ്ങള്‍ എടുത്തുകളയണമത്രേ! അന്യഭാഷാ പദങ്ങള്‍ മാറ്റിയാല്‍ പിന്നെ ഇംഗ്ലീഷ് ഉണ്ടാകുമോ? പ്രക്ഷേപണം എന്ന വാക്ക് നാട്ടിന്‍പുറത്തെ ഒരു അമ്മ പറയുന്നത് വലിയ കുഴപ്പമാണത്രേ. ലോകത്തിന്റെ വളര്‍ച്ച എങ്ങോട്ടാണെന്ന് മനസ്സിലാക്കാത്ത ഇത്തരം അഭിമുഖങ്ങള്‍ കൊണ്ട് സ്പര്‍ദ്ധയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. കുശുമ്പു പറയാതെ, ഉത്തര- ഉത്തരാധുനിക കാലത്തെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് ചിന്തിക്കുക.
25 സമകാലിക കഥകള്‍
പോയ വര്‍ഷത്തെ വായനയില്‍ നിന്ന് താരതമ്യേന ശ്രദ്ധേയമെന്ന് തോന്നിയ ഇരുപത്തിയഞ്ച് കഥകള്‍ തിരഞ്ഞെടുക്കുകയാണിവിടെ.
1) സത്രം – ടി.പത്മനാഭന്‍ (മാതൃഭൂമി ഓണപ്പതിപ്പ് )
2) വാക്കുകളുടെ ആകാശം – സിതാര എസ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 8)
3) ശരീരശാസ്ത്രപരം -ജോണ്‍ സാമുവല്‍ (മെട്രൊവാര്‍ത്ത വാര്‍ഷികപ്പതിപ്പ്)
4) ദിവാകരന്‍മാഷ് – മുണ്ടൂര്‍ സേതുമാധവന്‍ (ജന്മഭൂമി ഓണപ്പതിപ്പ്, 2020)
5) യാക്കോബിന്റെ മകന്‍ – അനന്ത പത്മനാഭന്‍ ( ഭാഷാപോഷിണി, മാര്‍ച്ച് 2020)
6) പോസ്റ്റ്‌മോര്‍ട്ടം – കെ.ജി.രഘുനാഥ്, കേസരി വാര്‍ഷികപ്പതിപ്പ് )
7) ശ്വാനജീവിതങ്ങള്‍ – ഗോപകുമാര്‍ മൂവാറ്റുപുഴ (നവനീതം )
8) മണ്ണെഴുത്ത് – മധു തൃപ്പെരുന്തുറ, (ദേശാഭിമാനി വാരിക, ഒക്ടോബര്‍ 10)
9)കുറ്റവും ശിക്ഷയും -അനൂപ് അന്നൂര്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്, ജൂലൈ 18 )
10) യഥാതഥം – പ്രദീപ് പേരശ്ശന്നൂര്‍ (ജനശക്തി, നവംബര്‍ )
11) ആയുധപ്രസക്തി – കൃഷ്ണമൂര്‍ത്തി (കേരള സര്‍വീസസ്, നവംബര്‍ )
12) സരോജാ ടാക്കീസില്‍ നീലക്കുയില്‍ – ഇരവി (കലാകൗമുദി )
13) കദ്രു അമ്മായി കണ്ടതും കാണാത്തതും – സോക്രട്ടീസ് വാലത്ത്, (എഴുത്ത്, ഒക്ടോബര്‍ )
14)ക്വസ്റ്റ്യന്‍ ബാങ്ക് – കെ.എസ്.രതീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബര്‍ 4)
15) ദൈവത്തിന്റെ ചാരന്‍ -സണ്ണി തായങ്കരി ( ഭാഷാപോഷിണി, ജൂലൈ)
16) സുരേഷ്‌കുമാര്‍.വി – അറുപത് തോറ്റവര്‍ഷങ്ങളുടെ അവസാന അര ഫര്‍ലോംഗ് (കലാകൗമുദി, ആഗസ്റ്റ് 30)
17) അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും – രേഖ കെ.(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂണ്‍ 27)
18 സമ്മര്‍ദ്ദഗോലി-ആനിഷ് ഒബ്രിന്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 9)
19) ദേവതാരു പൂക്കുമ്പോള്‍-ഷാജി തലോറ (കേസരി, ഏപ്രില്‍ 17)
20) നഗരങ്ങളുടെ മരണം-ബീന സജീവ് (ഗ്രന്ഥാലോകം, ഫെബ്രുവരി)
21) ഗോള്‍ഡന്‍ ഡ്രോപ്പ്-ഉണ്ണികൃഷ്ണന്‍ അത്താപ്പൂര് (കൈയ്യൊപ്പ്, ഒക്ടോബര്‍ )
22) മാലതി -ശ്രീജിത്ത് മൂത്തേടത്ത് (നവനീതം, ഡിസംബര്‍ 2019)
23)മാവിന്റെ ചില്ല -പി.രഘുനാഥ് (കലാപൂര്‍ണ ഓണപ്പതിപ്പ്).
24)തൂങ്കാസാമി -ജേക്കബ് എബ്രഹാം (ദീപിക വാര്‍ഷികപ്പതിപ്പ്).
25)ബന്ദി-സലിന്‍ മങ്കുഴി (കലാകൗമുദി, ഡിസംബര്‍ 6).
വായന
സുഗതകുമാരിയെയും അവരുടെ കവിതകളെയും പില്‍ക്കാല കവികള്‍ വേണ്ടപോലെ ഉള്‍ക്കൊണ്ടിരുന്നോ എന്നു സംശയമാണ്. വികാരരഹിതമായ, ബൗദ്ധിക വ്യായാമം പോലെ കവിതകളെഴുതുന്ന ചിലരുടെ ശിഷ്യരാകാന്‍ തിരക്കിട്ടോടുകയായിരുന്നല്ലോ ഇവിടുത്തെ നവകവികളില്‍ ഭൂരിപക്ഷവും. സുഗതകുമാരിയെ പോലെ അന്തര്യാമിയായ കാവ്യാനുഭൂതിയുള്ള ഒരാളെപ്പോലും പുതിയ തലമുറയില്‍ കാണാത്തതെന്താണ്? പി.എന്‍. ഗോപീകൃഷ്ണന്‍ ‘അനുരാഗവും ആശുപത്രിയും’ എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജനുവരി 9 ) ഇങ്ങനെ എഴുതുന്നു: ‘മലയാള കവിതയില്‍ സുഗതകുമാരി ഒരു പടിക്കെട്ടായിരുന്നു. അതിലൂടെ ചവിട്ടിക്കടന്നാണ് നാം ആധുനികതയിലും അതിനപ്പുറവും എത്തിയത്.’ ‘പാതിരാപ്പൂക്കളു’ടെ തുടര്‍ച്ചയായി അനിതാതമ്പി ‘പാതിരിപ്പൂക്കള്‍’ എഴുതി. എത്ര നിസ്സാരമായാണ് ഗോപീകൃഷ്ണന്‍ സുഗതകുമാരിയില്‍ നിന്ന് ബാറ്റണ്‍ അനിതാതമ്പിയിലേക്ക് കൈമാറുന്നത്! അനീതിയല്ലേ ഇത്? ഇതുപോലുള്ള ലേഖനമെഴുതുമ്പോള്‍ പാലിക്കേണ്ട ധാര്‍മ്മികതയും മര്യാദയും ഗോപീകൃഷ്ണനില്ലാതെ പോയല്ലോ. സ്വന്തം പരിചയക്കാര്‍ക്ക് അനര്‍ഹമായ സ്ഥാനക്കയറ്റം നല്കാനുള്ള അവസരമായി സുഗതകുമാരിയുടെ നിര്യാണത്തെ ഉപയോഗിക്കരുതായിരുന്നു. അനിതാ തമ്പിയുടെ കവിതകള്‍ ഇനിയും ഒരു മനുഷ്യവ്യക്തിയില്‍ നിന്ന് പുറപ്പെടുന്നതായി അനുഭവപ്പെട്ടിട്ടില്ല. ആ കവിതകളെ സുഗതകുമാരിയുമായി ബന്ധിപ്പിക്കുന്നത് അനൗചിത്യമാണ്.
സ്‌നേഹസൗഹൃദം
സ്‌നേഹമര്യാദകളും സംവാദവുമാണ് മനുഷ്യരാശിക്ക് അതിജീവിക്കാനുള്ള ഉപാധിയെന്ന് ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളിലൂടെ സമര്‍ത്ഥിക്കുകയാണ് ബാബു ജോസഫ് (സൗഹൃദത്തിലൂടെ അതിജീവനം, എഴുത്ത്, ഡിസംബര്‍). ‘ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തില്‍പ്പെട്ട നാല്ക്കാലിയില്‍ നിന്ന് ഇരുകാലികളായ ഹോമോ ഇറക്ടെസ്, ഹോമോ നിയാണ്ടര്‍ത്താലെന്‍സീസ് തുടങ്ങിയ സ്പീഷിസിലൂടെ പരിണമിച്ച്, ഹോമോസാപിയന്‍സിലെത്തിയത് സൗഹൃദം പ്രചരിച്ചത് മൂലമാണ്’ – അദ്ദേഹം എഴുതുന്നു. ചിമ്പാന്‍സിയുടെ ജീവിതത്തെ അനാവരണം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: ‘ഒരു ചിമ്പാന്‍സിക്ക് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയാല്‍, കുഞ്ഞിന്റെ അമ്മയെയല്ല, കുഞ്ഞിനെയാവും ആണ്‍ ചിമ്പാന്‍സി വധിക്കുക.’
കൂടല്‍ ഷാജി എഴുതിയ ‘വെന്തിങ്ങയ്ക്ക് പനിക്കുന്നു’ (കലാകൗമുദി ,ജനുവരി 17 ) എന്ന കവിത നാട്ടുവഴക്കങ്ങളുടെ ഭാഷക്കൂറ് പരിചയപ്പെടുത്തി.” ഉരവീണ മുറിവുകളില്‍ ഉറചോരയിറ്റിച്ച് ചുടു നീരു തൂവുമ്പോള്‍’ എന്ന് എഴുതിയിരിക്കുന്നു.
ഇടക്കുളങ്ങര ഗോപന്‍ എഴുതിയ പരിഭ്രാന്തം (ദേശാഭിമാനി ,ജനുവരി 10)എന്ന കവിതയില്‍ നാഗരികമായ ഭയങ്ങള്‍ ഇഴപിരിക്കുന്നു : ‘ഞാന്‍ നരകത്തിന്‍ കിളിവാതില്‍ തുറക്കാന്‍ കാവല്‍ നില്ക്കും രോഗി.’
പ്രദീപ്.എസ്.എസ് എഴുതിയ ‘അമ്മ തനിച്ചല്ല’ (കേസരി, ഡിസംബര്‍ 25) അമ്മ മനസ്സിന്റെ ഏകാന്തതയിലേക്കുള്ള സഞ്ചാരമാണ്.
‘അമ്മ തനിച്ചല്ലയാകില്ല
കൈ പിടി –
ച്ചെന്നും നടത്തുമൊരാളുണ്ട്
നിശ്ചയം.’
നുറുങ്ങുകള്‍
$സമീപകാലത്ത് ചാക്കിട്ടു പിടിച്ച് അവാര്‍ഡ് നേടിയ പല കൃതികളും ചരിത്രത്തില്‍ ഒരു സ്ഥാനവും ലഭിക്കാതെ പിന്തള്ളപ്പെടും. കലാബോധമില്ലാത്തവര്‍, മാനുഷികതയില്ലാത്തവര്‍ നോവല്‍ എഴുതുന്നതിലൂടെ വിശേഷിച്ച് ഒന്നും സംഭവിക്കില്ല. മനുഷ്യത്വം മാത്രം പോരാ; ചുറ്റുപാടുകളോടുള്ള നിസ്സീമമായ സഹൃദയത്വം കൂടി ആവശ്യമാണ്.
$തകഴിയുടെ ‘ചെമ്മീനും’ ഹെമിംഗ്‌വേയുടെ ‘കിഴവനും കടലും’ തമ്മില്‍ ചില സമാനതകളുണ്ടെന്ന് ശ്രദ്ധാലുവായ ഒരു വായനക്കാര്‍ പറഞ്ഞു. എന്നാല്‍ ഞാനതിനോട് വിയോജിച്ചു. ഹെമിംഗ്‌വേയുടെ നോവലിലെ കിഴവന്‍ കൂറ്റന്‍ മത്സ്യത്തെ പിടിക്കാന്‍ പോയതാണ്. എന്നാല്‍ കരയ്‌ക്കെത്തിച്ചപ്പോള്‍ മീനിന്റെ അസ്ഥികൂടം മാത്രമാണുണ്ടായിരുന്നത്; ബാക്കിയെല്ലാം മറ്റു മത്സ്യങ്ങള്‍ തിന്നു തീര്‍ത്തിരുന്നു. തകഴിയുടെ നോവല്‍ നല്ലൊരു പ്രണയകഥയാണ്. കഥാപാത്രങ്ങളെ കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്ന ഈ കൃതിയില്‍ ഒരു മലയാളരചനയില്‍ വേണ്ട ഘടകങ്ങളെല്ലാം ഉചിതമായി സമ്മേളിച്ചിരിക്കുന്നു.
$ഉറുമ്പുകളുടെ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഘോരയുദ്ധം നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രകൃതിസ്‌നേഹിയായ ഹെന്റി ഡേവിഡ് തോറോ ‘വാള്‍ഡന്‍’ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം രണ്ടുവര്‍ഷക്കാലം ഒരു കാട്ടില്‍ താമസിച്ചപ്പോള്‍ നേരിട്ട് കണ്ട കാഴ്ചയാണ് വിവരിച്ചിട്ടുള്ളത്.
$മലയാളത്തിലെ മികച്ച നൂറ് നോവല്‍ എടുക്കുമ്പോള്‍ അതില്‍ ഇടം കിട്ടാതെ പോകുന്ന ചിലര്‍ അരിശം മൂത്ത് വിമര്‍ശനത്തെയും പൂര്‍വ്വകാല നോവലുകളെയും തെറി പറഞ്ഞിട്ട് കാര്യമില്ല; കൂലിത്തല്ലുകാരെ ഇറക്കുന്നത് ആളുകള്‍ തിരിച്ചറിയും. നല്ല മനുഷ്യരായാല്‍ മതി , ബാക്കിയെല്ലാം ശരിയായിക്കൊള്ളും.
$മാധവിക്കുട്ടി (കമലാദാസ്) യുടെ ഒരു ഇംഗ്ലീഷ് കവിതയില്‍ ഇങ്ങനെ വായിക്കാം:
ഞാന്‍ പാപിയാണ്,
പുണ്യാളത്തിയുമാണ്
ഞാന്‍ പ്രേമിക്കപ്പെട്ടവളും
വഞ്ചകയുമാണ്.
………
നമുക്ക് തങ്ങാന്‍ ഒരിടമില്ല
എന്നാല്‍ സായംസന്ധ്യകളിലെ സൂര്യന്മാരുടെ
പ്രഭ കാണുമ്പോള്‍
നമുക്ക് മനസ്സിലാകുന്നത്
ഇതാണ്: ഒട്ടും ദയയില്ലാത്ത
ഒരു ഗൃഹത്തിലേക്ക്
വഴിതെറ്റിവന്ന
ദൈവങ്ങളായിരുന്നു നമ്മള്‍.