ജീവിതത്തില്‍ സന്തോഷത്തിനാണല്ലോ പ്രാധാന്യം. രാജ്യങ്ങള്‍ പോലും ഇന്ന് പ്രജയുടെ ആളോഹരി ആനന്ദമാണ് പരിശോധിക്കുന്നത്. ലൗകികമായ അര്‍ത്ഥത്തിലല്ലെങ്കില്‍ പോലും പ്രപഞ്ചസാരം തേടിയ ഋഷികളും ആനന്ദത്തെക്കുറിച്ച് പറയുന്നുണ്ട്. സകല ജീവികളും ആനന്ദത്തിനായി ഉത്സുകരാവുന്നു. നേരിട്ട് ആനന്ദം സാക്ഷാത്കരിക്കാന്‍ പ്രകൃതിയില്‍ തന്നെ പരിമിതികള്‍ ഉള്ളതുകൊണ്ട് മനുഷ്യര്‍ അവലംബിത മാര്‍ഗ്ഗങ്ങള്‍ തേടുന്നു. കലാരൂപങ്ങളില്‍ നിന്ന് കിട്ടുന്നത് ഈ ആനന്ദമാണ്. പരോക്ഷമായി ആനന്ദത്തിന്റെ സാധ്യമായ ഒരിടമാണത്. അതിന്റെയര്‍ത്ഥം ജൈവലോകത്തിനു ആനന്ദം നിഷിദ്ധമല്ലെന്നാണ്.
ഒരു ശലഭം വെറുതെ പറക്കുന്നു; എത്രയോ ആനന്ദകരമായ കാഴ്ചയാണത്. പ്രപഞ്ചലീലയുടെ സരളമായ ആനന്ദാനുഭവമാണത്. ശലഭവും ഇതുതന്നെ നേടുന്നു. യാതൊന്നിന്റെയും ബൗദ്ധികമോ സദാചാരപരമോ സാമൂഹ്യമോ ആയിട്ടുള്ള പദാവലിയുടെ ഭാരമില്ലാതെ തന്നെ അവയ്ക്ക് പറക്കാനാവുന്നു. ഭൂമിയിലെ ജീവികളുടെ സഹജമായ ആത്മീയതയാണിത്.
അതേസമയം, ഈ ആനന്ദം പലപ്പോഴും കൈയ്യെത്തുംദൂരത്തിനും അപ്പുറമാണ്. ആനന്ദം എങ്ങനെയാണ് നഷ്ടമാകുന്നത്? നമ്മുടെ കൈയില്‍ സുലഭമായ ആനന്ദമുണ്ട്. എന്നാല്‍ അത് നമുക്ക് നഷ്ടപ്പെടുന്നു. ഇതല്ലേ സത്യം? നഷ്ടപ്പെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം എപ്പോഴും ഉയരുന്നു. പല ചിന്തകന്മാരും മഃശാസ്ത്രജ്ഞന്മാരും എപ്പോഴും ഇതേക്കുറിച്ചുള്ള പ്രമാണങ്ങളും കണ്ടെത്തലുകളും ആവിഷ്‌കരിക്കുകയാണ്.
വിയന്നീസ് നാഡീരോഗ ശാസ്ത്രജ്ഞനും ചിന്തകനും നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ തടവുകാരനുമായിരുന്ന വിക്ടര്‍ ഫ്രാങ്ക്(Victor Frankl) മനുഷ്യജീവിതത്തെ എങ്ങനെ പ്രകാശം അണഞ്ഞു പോകാതെ സംരക്ഷിക്കാമെന്ന് സാഹചര്യങ്ങളിലൂടെ അന്വേഷിക്കുന്നുണ്ട്. Man’s search for meaning, Yes to life എന്നീ കൃതികള്‍ ഈ വിചാരങ്ങളിലേക്ക് നമ്മെ നയിക്കുകയാണ്.
ജീവിതത്തെ ജീവിക്കാന്‍ കൊള്ളാതാക്കുന്നതിനെതിരായി ചിലത് ചെയ്യേണ്ടതുണ്ട്. തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവര്‍ പൊതുവേ നിരാശയില്‍ മുങ്ങിത്താഴുകയാണ് പതിവ്. അവിടെനിന്ന് ക്ഷതമേല്‍ക്കാതെ, ജീവിതത്തിന്റെ വിഹായസ്സിലേക്ക് തിരിച്ചെത്താന്‍ പ്രയാസമാണ്. വിക്ടര്‍ അതിന്റെ നല്ല ഉദാഹരണമാണ്. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം, നമ്മുടെ ഭാവിയെ സര്‍ഗ്ഗാത്മകമായി നവീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തില്‍ വിശ്വാസത്തിന് അടിമപ്പെടരുതെന്നാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് പോലെ എഴുന്നേല്‍ക്കൂ, ജാഗ്രതയോടെ ഇരിക്കൂ എന്ന ആശയം നമുക്ക് ഓര്‍മ്മിക്കാവുന്നതാണ്. ഉണര്‍ന്നില്ലെങ്കില്‍ നാം സ്വന്തം നരകത്തിലേക്ക് ചെന്ന് വീഴും.
പുനര്‍ഭാവന
ജീവിതത്തില്‍ കുറെയൊക്കെ പുരോഗതി നേടിയെന്ന് വിചാരിക്കുക. എന്നാല്‍ അതുകൊണ്ട് വിജയം നിലനില്‍ക്കില്ല. അതിനെ പുനര്‍ഭാവനകളിലൂടെ മുന്നോട്ട് നയിക്കണം. അദ്ദേഹം എഴുതുന്നു: നമ്മള്‍ നേരിട്ട യാതനകളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മഹാനായ ദസ്തയേവ്‌സ്‌കി ഇത് പറഞ്ഞിട്ടുണ്ട്. നമ്മുടെ യാതനകളെ ഉള്ളില്‍ താങ്ങാന്‍ കഴിയുകയാണെങ്കില്‍ അത് വലിയൊരു പുരോഗതിയാണ്. ഇത് ആത്മീയമായ സ്വാതന്ത്ര്യമാണ്. ഇത് എങ്ങോട്ടും എടുത്തുമാറ്റാനാവാത്തതാണ്. ഇത് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നു.’
വിക്ടര്‍ പറയുന്നത്, നമ്മള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നമ്മളെ തേടി വരുന്നതിനു ചില കാരണങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ്. അതുകൊണ്ട് അതിന് മൂല്യമുണ്ട്. ആ മൂല്യത്തെ നമ്മള്‍ ഉള്‍ക്കൊള്ളണം. ആ അനുഭവങ്ങള്‍ ഒരാളെ ആത്മീയമായി സ്വതന്ത്രമാക്കാനുള്ളതാണ്. മനുഷ്യന്‍ സ്വന്തം പരിതഃസ്ഥിതികളില്‍ വെറുതെ അമരേണ്ടവനല്ല; അവന് നിശ്ചയങ്ങളെടുക്കാനുള്ള സിദ്ധിയുണ്ട്. അങ്ങനെയാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്ന് ചിന്തിച്ചുകൊണ്ടാണ് മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ മാറ്റിത്തീര്‍ക്കുന്നത്; അതിന്റെ അര്‍ത്ഥത്തെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നത്. ഇതനുസരിച്ച് ഓരോ വ്യക്തിയും സന്ദര്‍ഭോചിതമായി സ്വയം മാറാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു. സ്വന്തം അവസ്ഥയോട് എന്ത് സമീപനമാണ് താനെടുക്കുന്നതെന്ന് ചിന്തിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ പാടില്ല.
അര്‍ത്ഥത്തെ ആരായുമ്പോള്‍
കേവലമായ സന്തോഷമല്ലിത്. അതിനും അപ്പുറമാണ്. വധശിക്ഷ നടപ്പാക്കും മുമ്പ് പ്രതിയോട് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടത് എന്ന് ചോദിക്കുന്നു എന്ന് കരുതുക. അവന്‍ തന്റെ ചിരകാല അഭിലാഷമായിരുന്ന മുന്തിയ ഭക്ഷണം ആവശ്യപ്പെടുന്നു. അതു വാങ്ങി കഴിച്ച ശേഷം മരിക്കുകയാണ്. ഇത് സ്വാതന്ത്ര്യമല്ല. ഈ സ്വാതന്ത്ര്യം ആത്മഹത്യാപരമാണ്. നമ്മെ സര്‍ഗാത്മകമായി പുനര്‍ വിന്യസിക്കുന്നതിനും അര്‍ത്ഥത്തെ കണ്ടെത്തുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് പ്രധാനം.
വിക്ടര്‍ സ്‌നേഹത്തിന്റെ മൂല്യത്തെ വിപുലീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ”നമ്മള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ സ്‌നേഹം അപരനെക്കാള്‍ വ്യാപ്തിയാര്‍ജ്ജിക്കുകയാണ്. അതിന്റെ അഗാധമായ അര്‍ത്ഥം സ്‌നേഹം കൊടുക്കുന്നവന്റെ അല്ലെങ്കില്‍ നമ്മുടെ ആന്തരമനസ്സിലാണ്. നമ്മുടെ മനസ്സ് കുറെക്കൂടി സ്വാസ്ഥ്യവും ആനന്ദവും നേടുന്നു. അപരന്‍ സമീപത്ത് ഇല്ലാത്തപ്പോഴും അതിന്റെ വ്യാപ്തി കുറയുന്നില്ല.”
ലോകം സകല ശക്തിയുമുപയോഗിച്ച് നമ്മെ എതിര്‍ക്കുകയാണ്. കാരണം നെഗറ്റീവ് ശക്തികള്‍ എപ്പോഴും കരുത്താര്‍ജ്ജിക്കുകയാണ്. അതുകൊണ്ടാണല്ലോ ശ്രീകൃഷ്ണനു പോലും യുദ്ധം ചെയ്യേണ്ടി വന്നത്. അങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍, എങ്ങനെയാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കേണ്ടതെന്ന് ചിന്തിക്കുന്നത് നല്ലതാണ്. അതാണ് അതിജീവിക്കുന്നത്.
മനുഷ്യനായിരിക്കുന്നത് മഹത്തായ അനുഭവമാണെന്ന് സ്വാനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട വ്യക്തിയാണ് വിക്ടര്‍ ഫ്രാങ്ക്. അതുകൊണ്ടാണ് അദ്ദേഹം മനുഷ്യന്റെ ഭാവിയെപ്പറ്റി ആലോചിക്കുന്നത്. ഒരു മനുഷ്യനായിരുന്നാല്‍ പോരാ, മനുഷ്യവ്യക്തി (human perosn) ആകണമെന്നാണ് അദ്ദേഹത്തിന്റെ മതം. അപ്പോള്‍ വ്യക്തിഗതമായ തിരഞ്ഞെടുപ്പുകളും സൃഷ്ടിപരമായ ലക്ഷ്യങ്ങളും ഉയര്‍ന്നുവരും. ഇതാണ് നവമാനവികതയിലേക്ക് നമ്മെ നയിക്കുന്നത്. നവമാനവികത പുതിയ ജീവിതവും സര്‍ഗാത്മകമായ അന്വേഷണവുമാണ്.
വായന
ശരീരത്തില്‍ എട്ടു ഒടിവുകളോടെ പിറന്ന ഭാരത ഋഷി അഷ്ടാവക്രന്റെ ജീവിതകഥ സമകാലിക സൂചകങ്ങളും അര്‍ത്ഥങ്ങളും ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ദേശമംഗലം രാമകൃഷ്ണന്‍ ‘അഷ്ടാവക്രന്‍’ (മലയാളം, ഡിസംബര്‍ 28). അഷ്ടാവക്രന്റെ ഗീത (ജനകമഹാരാജാവുമായുള്ള സംഭാഷണം) പ്രസിദ്ധമാണ്.
പിതാവ് വേദമന്ത്രം ഉച്ചരിക്കുന്ന സമയത്ത് ഗര്‍ഭത്തിലായിരുന്ന അഷ്ടാവക്രന്‍ അതില്‍ എട്ട് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു എന്നാണ് പുരാണം. കോപിതനായ പിതാവ് (കഹോദ) അഷ്ടാവക്രനെ എട്ടൊടിവുകളുമായി ജനിക്കട്ടെ എന്ന് ശപിച്ചുവത്രേ.
ദേശമംഗലം തന്റെ കാവ്യജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു സന്ദര്‍ഭമാണ് ഈ കവിതയുടെ രചനയിലൂടെ തൊട്ടുകാണിക്കുന്നത്. അദ്ദേഹം ഓരോ വ്യക്തിയുടെയും വിഷാദഭാണ്ഡത്തെ അഷ്ടാവക്രന്റെ ഏകാന്തതയുമായി സമന്വയിപ്പിക്കുന്നു. തെറ്റുകളും പാപങ്ങളും വന്നു കൂടുമ്പോള്‍ എങ്ങനെ അതില്‍ നിന്ന് ജ്ഞാനത്താല്‍ നീന്തി കടക്കണമെന്ന് കവി ഉദ്‌ബോധിപ്പിക്കുന്നു. ജ്ഞാന സ്പര്‍ശമുള്ള ഇതുപോലുള്ള രചനകള്‍ അപൂര്‍വ്വമാണ്. ഈ വരികളില്‍ ദേശമംഗലത്തിന്റെ മനസ്സ് വ്യാകുലമാകുന്നു:
‘നമുക്ക് ജീവിക്കാനാണോര്‍മ്മകള്‍ തള്ളക്കോഴിക്ക് തന്‍
കുഞ്ഞുങ്ങളെയെന്ന പോല്‍’
‘ചെന്നിനായകമൂട്ടി
എന്നെയുമ്മറപ്പടിയില്‍
നിര്‍ത്തി
കടന്നുപോം കാലങ്ങളേ
കൊണ്ടുപോവുകീ നുണകളെ.’
മലയാളവും ഇംഗ്‌ളീഷും
‘യോഗ: കര്‍മ്മസു കൗശലം’ (കേസരി, ഡിസംബര്‍ 25) എന്ന ലേഖനത്തിലൂടെ സി.പി.നായര്‍ മലയാളഭാഷയുടെ പേരില്‍ നടക്കുന്ന മൗലികവാദത്തെ പൊളിച്ചടുക്കുകയാണ്. ഇംഗ്ലീഷ് ഭാഷ എന്നാല്‍ ഇംഗ്ലണ്ടിലെ ഭാഷ അല്ലെന്നും അത് ഇന്ന് ലോകവിജ്ഞാനത്തിനു യഥേഷ്ടം സഞ്ചരിക്കാനുള്ള ഭാഷയാണെന്നും നാം ഉള്‍ക്കൊള്ളണം. പി.എസ്.സിക്ക് ചോദ്യപേപ്പര്‍ മലയാളത്തിലാക്കിയാല്‍ എല്ലാം ശരിയാകുമോ? മലയാളം പഠിപ്പിച്ചു മിടുക്കരാക്കി കൊണ്ടുവരുന്ന യുവാക്കളുടെ സര്‍ഗാത്മക കൃതികള്‍ മലയാളത്തില്‍ പോലും പ്രസിദ്ധീകരിക്കാന്‍ നിര്‍വ്വാഹമില്ല. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ പണം വേണം. ലാറ്റിനമേരിക്കയിലെ ചെറുരാജ്യങ്ങളിലുള്ള എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വായനക്കാരുടെ മുന്നില്‍ വയ്ക്കാന്‍ ചില പ്രത്യേക പ്രസാധകരുടെ നല്ല പിള്ളയാകേണ്ട. അവിടെ ലിറ്ററി ഏജന്റുമാരുണ്ട്. മലയാളികളുടെ വാശി ഒരു അവാര്‍ഡില്‍ ഒതുങ്ങുകയാണ്. എന്നാല്‍ ബ്രസീലിലും അര്‍ജന്റീനയിലും ചിലിയിലുമുള്ള എഴുത്തുകാര്‍ പണമുണ്ടാക്കുന്നു. ‘സാഹിത്യവും ചരിത്രവും രാഷ്ട്രമീമാംസയും തത്വശാസ്ത്രവും മുതല്‍ ശാസ്ത്രങ്ങളും ഏറ്റവും അധുനാതനമായ ഉപജ്ഞാനങ്ങള്‍ വരെ നമുക്ക് നേടിയെടുക്കാനുള്ള ഒരേയൊരു ഉപാധി ഇംഗ്ലീഷ് ഭാഷയാണെന്നതത്രേ അനിഷേധ്യമായ ഈ യാഥാര്‍ത്ഥ്യം’ എന്ന് സി.പി.നായര്‍ എഴുതുന്നതില്‍ പരമാര്‍ത്ഥമുണ്ട്.
സുഗത പ്രമോദ് ‘ദര്‍ശനം’ (കലാകൗമുദി, ജനുവരി 10)എന്ന കവിതയില്‍ ഭൂമിയില്‍ നടക്കുന്ന മഹത്തായ പല സംഗതികളും നിശ്ശബ്ദമാണെന്ന് ധ്വനിപ്പിക്കുന്നു. ഒരു വിത്ത് പൊട്ടി വളര്‍ന്ന് ഒരു വലിയ വൃക്ഷമാകുന്ന പ്രക്രിയ എത്ര നിശ്ശബ്ദമാണ്!
‘വിത്തിനുള്ളിലാ
ണുള്ളതെങ്കിലും
മഴ ശ്രവിച്ചെന്റെ
നിശ്ശബ്ദരോദനം’
ഉണ്ണീരന്‍ മുതലാളിയെയും ഉപേന്ദ്രനെയും സമകാലിക മിത്താക്കി മാറ്റുന്ന കഥയാണ് പ്രമോദ് കൂവേരി എഴുതിയ ‘അച്ഛന്‍ തെയ്യം’ (മലയാളം, ഡിസംബര്‍ 31). ഇപ്പോഴത്തെ കഥാകൃത്തുക്കള്‍ പ്രയോഗിക്കുന്ന ആവര്‍ത്തനവിരസമായ ഒരു ശൈലിയായി തീര്‍ന്നിട്ടുണ്ട് ഇത് . താന്‍ കഥപറയാന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ ഒരു ഐതിഹ്യമായി മാറ്റാന്‍ കഷ്ടപ്പെടുകയാണ്. അതിനുള്ളില്‍ അനാവശ്യമായ ഒരു നര്‍മ്മവും കൊണ്ടുവരും. ഇത് യഥാര്‍ത്ഥ്യത്തെ സമീപിച്ച് പൊരുള്‍ ഗ്രഹിക്കാനുള്ള കഴിവില്ലായ്മ കാണിക്കുന്നു.
പ്രേംജി
‘പ്രേംജി എന്ന മഹാനടന്‍ മഹാ മനുഷ്യന്‍ തന്നെയായിരുന്നു എന്ന് ഇ.ഡി ഡേവിസ് (ഗ്രന്ഥാലോകം, ഡിസംബര്‍) എഴുതുന്നത് വളരെ ശരിയാണ്. പ്രേംജി തനിക്ക് ചേരാത്തതിനെയൊന്നും സ്വീകരിച്ചിട്ടില്ല. ആ ശരീരഭാഷയില്‍ എല്ലാമുണ്ടായിരുന്നു. പ്രേംജിക്ക് അരങ്ങ് ജീവിതമായിരുന്നു. മനുഷ്യത്വത്തെ ആധാരമാക്കിയ ആ പ്രതിഭയെ പില്ക്കാല അവസരവാദികള്‍ മറന്നതില്‍ അതിശയിക്കാനില്ല.
കവി എ.അയ്യപ്പനെ അനുസ്മരിച്ചുകൊണ്ട് പവിത്രന്‍ തീക്കുനി എഴുതിയ ‘പ്രണാമം’ (പ്രഭാതരശ്മി, നവംബര്‍) ഉചിതമായി.
‘കല്‍ക്കരിയുടെ
നിറമുള്ള
കവിതകളുടെ
ഖനികളില്‍നിന്ന്
മൃത്യുവിനെ’
ഇറുത്തെടുക്കുകയായിരുന്നു അയ്യപ്പനെന്ന് കവി കുറിക്കുന്നു.
‘ഒരുത്തിയെ നോക്കുമ്പോള്‍’ എന്ന കവിതയില്‍ കൃപ അമ്പാടി (പ്രസാധകന്‍, ഡിസംബര്‍) പെണ്ണിന്റെ അമര്‍ഷവും വിഷാദവും മൂര്‍ച്ചയുള്ള വാക്കുകളില്‍ പകരുന്നു.
‘ഇരുന്നാട്ടിയരച്ച് ഊറിച്ച്
പരത്തിച്ചുട്ട് തീറ്റിച്ചവര്‍
തിരിച്ചും മറിച്ചും കൈതുടച്ച
കരിപ്പാട് കാണാം.’
നീലമ്പേരൂര്‍
അന്തരിച്ച നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ ഏകാകിയായ കവിയായിരുന്നു. അദ്ദേഹം സ്വന്തം കവിതകള്‍ക്ക് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ ഒട്ടും പ്രവര്‍ത്തിച്ചില്ല. വ്യക്തിപരമായ പബ്‌ളിക് റിലേഷന്‍സിനെ അദ്ദേഹം അശ്ലീലമായാണ് കണ്ടത്. ഇന്നത്തെ ചില എഴുത്തുകാരെപ്പോലെ, രാത്രിയില്‍ കിടന്ന ശേഷം ‘എന്റെ അവാര്‍ഡ്’ എന്ന് പറഞ്ഞ് അദ്ദേഹം ഞെട്ടിയുണര്‍ന്നില്ല. ആരംഭിക്കാന്‍ പോകുന്ന അവാര്‍ഡ് തട്ടിയെടുക്കേണ്ടത് എങ്ങനെയാണെന്ന് ചിന്തിച്ച് കുതന്ത്രങ്ങള്‍ മെനഞ്ഞ് ഒരു ചീത്ത മനുഷ്യനാകാന്‍ നീലമ്പേരൂര്‍ തയ്യാറായില്ല. അതുകൊണ്ട് ഈ കവി ജീവിതത്തില്‍ സഹൃദയത്വം നഷ്ടപ്പെടുത്തിയില്ല; വലിയ സ്വാസ്ഥ്യം അനുഭവിക്കുകയും ചെയ്തു.
നുറുങ്ങുകള്‍
$പരിഭാഷയ്ക്ക് ലോകസാഹിത്യത്തില്‍ സമുന്നതമായ സ്ഥാനമാണുള്ളത്. നല്ല പരിഭാഷയില്ലെങ്കില്‍ ലോകസാഹിത്യമില്ല. കൊളമ്പിയന്‍ നോവലിസ്റ്റ് ഗാര്‍സിയ മാര്‍കേസ് മികച്ച നോവല്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ലോകം ഇതെങ്ങനെ അറിയും? അത് ഗ്രിഗറി റബ്ബേസ എന്ന സ്പാനീഷ് പണ്ഡിതന്‍ പരിഭാഷപ്പെടുത്തിയപ്പോഴാണ് ലോകത്ത് ആവശ്യക്കാരുണ്ടായത്. നാല്പത് ഭാഷകളില്‍, അദ്ദേഹത്തിന്റെ ‘ഏകാന്തതയുടെ ഒരു നൂറ് വര്‍ഷങ്ങള്‍’ പ്രസിദ്ധീകരിച്ചതിന്റെ കാരണം ഇതാണ്.
$മലയാളിക്ക് അഭിമാനിക്കാവുന്ന പരിഭാഷകനാണ് കെ.രവിവര്‍മ്മ. അദ്ദേഹം ബംഗാളി നോവലിസ്റ്റ് താരാശങ്കര്‍ ബാനര്‍ജിയുടെ ‘ധാത്രീദേവത’എന്ന നോവല്‍ പരിഭാഷ ചെയ്തത് വായിക്കണം. ഒരു മഹാക്ഷേത്രത്തിനു മുന്‍പില്‍ നില്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടും. നമ്മള്‍ കൈകൂപ്പി പ്രാര്‍ത്ഥനാനിരതരാകും. രവിവര്‍മ്മയുടെ സമീപനം അതാണ്. താരാശങ്കര്‍ ബാനര്‍ജി എന്ന മഹാഹൃദയജ്ഞാനിക്ക് ഒത്ത പരിഭാഷകന്‍. ഒരാള്‍ ഒരു സാഹിത്യസൃഷ്ടി മറ്റൊരു ഭാഷയിലേക്ക് മാറ്റുമ്പോള്‍ അതിന്റെ രചയിതാവ് പരിഭാഷകനാണ്.
$ജീവിതകാലമത്രയും നാടകത്തിനുവേണ്ടി പ്രവര്‍ത്തിച്ച ജോസ് ചിറമ്മലിന്റെ സ്മരണയ്ക്ക് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് പ്രശംസനീയമാണ്. ‘നാടകം വിതച്ചു നടന്ന ഒരാള്‍ ‘ എന്നാണ് പേര്. എം.വിനോദ്, രേണു രാമനാഥ്, എം.ആര്‍.ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.
$കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖമാസികയായ ‘ഗ്രന്ഥാലോകം’ ആ പേര് കൊണ്ടു തന്നെ പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് സൂചിതമാകുന്നു. ഇതില്‍ നല്ല ലേഖനങ്ങളും അഭിമുഖങ്ങളും വരാറുണ്ട്. നൂറു പേജുള്ള ഗ്രന്ഥാലോകത്തില്‍ പക്ഷേ, ഗ്രന്ഥ നിരൂപണത്തിന് ഇടം തീരെ കുറവാണ്. ആകെ ആറു പുസ്തകങ്ങളാണ് നിരൂപണം ചെയ്യുന്നത്. ഒരു കവര്‍സ്റ്റോറിയും മറ്റിനങ്ങളും കഴിഞ്ഞ്, എണ്‍പത് പേജെങ്കിലും ഗൗരവതരമായ പുസ്തകനിരൂപണത്തിനു മാറ്റിവയ്ക്കണം. പുസ്തകമാണ് ചര്‍ച്ച ചെയ്യേണ്ടത്; നമ്മുടെ നാട്ടില്‍ അത് ഇല്ലാതായല്ലോ. വ്യക്തികളെ ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല.
$’യുളിസസ്’ എന്ന നോവലും മറ്റു കഥകളും എഴുതിയ ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്‌സിനെ ഏറ്റവും ഭയപ്പെടുത്തിയത് ഇടിവെട്ടും ഇടിമിന്നലുമായിരുന്നു. ഇടിവെട്ട് ദൈവകോപമാണെന്ന് ചില കത്തോലിക്കാ അധ്യാപകര്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പറഞ്ഞു പേടിപ്പിച്ചതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
$താന്‍സാനിയയിലെ ഗോംബെ സ്ട്രീം ചിമ്പാന്‍സി റിസേര്‍വ്വില്‍ ക്യാമ്പ് ചെയ്താണ് ഇംഗ്ലീഷ് പരിസ്ഥിതിപ്രേമി ഡോ.ജെയ്ന്‍ ഗുഡാള്‍(Dr.Jane goodall) In the shadow of man എന്ന പുസ്തകമെഴുതിയത്. ചിമ്പാന്‍സികളുടെ അസാധാരണമായ ജീവിതം (കുടുംബജീവിതം, സഹവര്‍ത്തിത്വം, പിന്തുടര്‍ച്ച) അവര്‍ മാസങ്ങളെടുത്താണ് നിരീക്ഷിച്ചു മനസ്സിലാക്കിയത്. ചിമ്പാന്‍സികള്‍ വ്യക്തിത്വമുള്ളവരാണെന്ന് ഡോ.ജെയ്ന്‍ അടിവരയിടുന്നു.