ഭാരതത്തിന്റെ സൗന്ദര്യദര്‍ശനം സംക്ഷിപ്തമായി പറഞ്ഞാല്‍ മായാദര്‍ശനമാണ്. നാം യഥാര്‍ത്ഥമെന്ന് കരുതുന്നത് പ്രാപഞ്ചികമായി നോക്കിയാല്‍ അങ്ങനെയല്ല. അത് നമുക്ക് തോന്നുന്നതാണ്. ഇത് ശാശ്വതപ്രകൃതിയുടെ ഒരു കളിയാണ്. ജീവിതം ഉണ്ടെന്ന് മനുഷ്യനു തോന്നുന്നതാണ് എന്ന് മഹാവിഷ്ണു ഒരിക്കല്‍ നാരദനോട് പറഞ്ഞതില്‍ മായാദര്‍ശനമാണുള്ളത്.
ജീവിതം യഥാര്‍ത്ഥത്തില്‍ എന്താണോ അതല്ല സത്യമെന്ന് വരുന്നു. എപ്പോഴും ഈ സമസ്യ നിലനില്‍ക്കുന്നു. മായ എന്താണെന്ന് മനസ്സിലാക്കാന്‍ കാലത്തില്‍ നോക്കിയാല്‍ മതി. ഇന്നലെകള്‍ തന്നെ ഒരു നിഴല്‍ പോലെ ചുരുങ്ങിപ്പോയിരിക്കുന്നു. ഗതകാലം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് പറയാന്‍ കഴിയില്ല. അത് യഥാര്‍ത്ഥമാണെന്നത് ഒരു ധാരണയാണ്. എന്നാല്‍ അത് പ്രതീതിയുമാണ്. ഇന്നലെകള്‍ പല മാനങ്ങളിലാണ് ഒരാളിലുള്ളത്. കാലം കഴിയുന്തോറും ഗതകാലം പല അര്‍ത്ഥങ്ങളായി വിന്യസിക്കപ്പെടുന്നു.
ഒരാള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചതല്ല ഭൂതകാലമായി പിന്നീട് കണ്ടെത്തപ്പെടുന്നത്. അത് അയാള്‍ കണ്ടുപിടിക്കുന്നതാണ്. ഒരു സംഭവം പിന്നീട് ഓര്‍ക്കപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ നടന്നതു പോലെയാകില്ല എന്ന് ഫ്രഞ്ച് എഴുത്തുകാരന്‍ മാര്‍സല്‍ പ്രൂസ്ത് പറഞ്ഞതിന്റെ കാരണം ഇതാണ്. കാലമാണ് മായയെ നമുക്ക് കാണിച്ചുതരുന്നത്.
മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ട് നമ്മുടെ അനുഭവങ്ങള്‍ക്കും പരിമിതിയുണ്ട്. എന്തൊക്കെയോ നമ്മുടെ ദൃശ്യമേഖലയില്‍ നിന്ന് മറച്ചുവച്ചിരിക്കുന്നു. രാഗദ്വേഷങ്ങള്‍ യഥാര്‍ത്ഥമാണെന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നതാണ് മായയുടെ ലീലയ്ക്ക് തെളിവു നല്‍കുന്നത്.
മായ ജീവിതത്തിനു ഗഹനത നല്‍കുന്നു. അത് അറിയപ്പെടാത്തതിനെക്കുറിച്ചുള്ള ഉത്കണ്ഠ മനുഷ്യനില്‍ നിറയ്ക്കുന്നു. ജീവിതം നമ്മുടെ കൈയില്‍ പൂര്‍ണമല്ല എന്ന സത്യമാണത്. നമ്മള്‍ ഏതോ പ്രേരണയാല്‍ അര്‍ത്ഥരഹിതമായി നീങ്ങുകയാണ്. അതുകൊണ്ടാണ് ഒന്നിനോടും ഒരു ബന്ധവും വേണ്ട എന്ന് രമണ മഹര്‍ഷി പറഞ്ഞത്.
കലയിലും സാഹിത്യത്തിലും മായാദര്‍ശനത്തിന്റെ വലിയ സാധ്യതയുണ്ട്. അജ്ഞാതത്വത്തിന്റെ ലോകവുമായി ഏറ്റുമുട്ടേണ്ടിവരുന്ന പ്രതിഭയ്ക്ക് മായയുടെ സൗന്ദര്യശാസ്ത്രത്തെയാണ് അന്വേഷിക്കാനുള്ളത്.
യുറോപ്യന്‍ സാഹിത്യത്തിന്റെ മഹാവ്യതിയാനം എന്ന് കണക്കാക്കപ്പെടുന്ന ഫ്രാന്‍സ് കാഫ്ക(1883-1924)യുടെ കഥകളില്‍ മായാദര്‍ശനമാണുള്ളത്. അദ്ദേഹത്തിന്റെ ദ് കാസില്‍, ദ് ട്രയല്‍ എന്നീ നോവലുകളില്‍ പൊരുളറിയാതെ പീഡനമേല്‍ക്കേണ്ടി വരുന്ന യുവാവിനെ കാണാം. കാഫ്കയുടെ കെ എന്ന കഥാപാത്രം മറ്റാരുമല്ല. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഏടുകളാണ് ആ സാഹിത്യം.
കാഫ്ക ഇങ്ങനെ പറഞ്ഞു: ‘ഒരിടത്തേക്ക് പോകാനുണ്ട്; എന്നാല്‍ അതിനുള്ള വഴിയില്ല. വഴിയായി നമ്മുടെ മുമ്പിലുള്ളത് മടിയാണ്.’ ഒരു വഴി കണ്ടെത്താനാവാതെ, പൊരുള്‍ അറിയാതെ നട്ടം തിരിയുന്ന കഥാപാത്രത്തെ അദ്ദേഹം എന്തിനു സൃഷ്ടിച്ചു?
പ്രമുഖ റുമേനിയന്‍ നാടകകൃത്ത് അയനെസ്‌കോ അത് ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍: ‘ഒരു വഴികാട്ടിയില്ലാതെ ഊരാക്കുരുക്കില്‍പ്പെടുന്ന മനഷ്യനാണ് കാഫ്കയുടെ അടിസ്ഥാന പ്രമേയം. എന്നാല്‍ മനഷ്യന് അങ്ങനെയൊരു വഴികാട്ടിയില്ലെങ്കില്‍, അവന് അങ്ങനെയൊരു ആവശ്യം ഇല്ലാത്തതുകൊണ്ടാണെന്ന് അറിയണം. അതുകൊണ്ടാണ് അവന്‍ കുറ്റബോധത്തിനും ഉത്ക്കണ്ഠയ്ക്കും അസംബന്ധത്തിനും ഇരയാകുന്നത്’. കാഫ്കയുടെ കൃതികളില്‍ ജീവിതത്തിന്റെ മായയില്‍പ്പെട്ട് ഉഴലുന്ന കഥാപാത്രമാണുള്ളത്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് അറിയില്ല.എന്നാല്‍ എന്തൊക്കെയോ സംഭവിക്കുന്നു. അതിന്റെ പൊരുള്‍ വ്യക്തമല്ലാത്തതു കൊണ്ട് കഷ്ടപ്പെടേണ്ടി വരുന്നു. ഇതാണ് മായയുടെ സ്വഭാവം. സത്യം കണ്ടെത്താനാവുന്നില്ല. അതിനായി വാതിലുകളില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഫലമില്ലെന്ന് മാത്രം.
വിനിമയങ്ങളില്ല
ജീവിതത്തില്‍ ഒന്നും അവശേഷിക്കില്ല, അത്യന്തിക നോട്ടത്തില്‍.വിനിമയങ്ങള്‍ ഉണ്ടാകുന്നില്ല. കാഫ്കയുടെ ‘ചക്രവര്‍ത്തിയുടെ സന്ദേശം’ എന്ന കഥയില്‍ ചക്രവര്‍ത്തി മരണാസന്ന നായിരിക്കുമ്പോള്‍ തന്റെ ഒരു പ്രജയ്ക്ക് ഒരു കത്ത് ഒരു ദൂതന്‍ വശം കൊടുത്തയയ്ക്കുകയാണ്. എന്നാല്‍ ആ കത്തുമായി പോകുന്ന ദൂതന് ഒരിക്കലും ആ പ്രജയെ കണ്ടെത്താനാവുന്നില്ല. അതില്‍ നിറയെ അനിശ്ചിതത്വമാണുള്ളത്. ചക്രവര്‍ത്തി മരിച്ചു കഴിഞ്ഞു എന്നും സന്ദേശം അയച്ചു എന്നുമുള്ള കാര്യങ്ങളില്‍ കഥയില്‍ തന്നെ വ്യക്തതയില്ല. ഇതും മായയുടെ പ്രത്യേകതയാണ്. മായ ഒരു ദുരൂഹതയെ ബൃഹത്തായി മനുഷ്യനിലേക്ക് സന്നിവേശിപ്പിക്കുകയാണ്. മറഞ്ഞിരിക്കുന്ന ലോകം നിരാശ്രയനായ വ്യക്തിയെ പീഡിപ്പിക്കുകയാണ്.
കാഫ്കയുടെ ‘ദ് ട്രയല്‍’ എന്ന നോവലില്‍ ഭാരതീയ കാഴ്ചപ്പാടിലുള്ള സംസാരദു:ഖമാണുളളതെന്ന് വിലയിരുത്താവുന്നതാണ്. അതിലെ ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് കെ.നമ്മള്‍ ഓരോരുത്തരുമാണ്. ഒരു തെറ്റും ചെയ്യാത്ത കെ യെ രണ്ട് വാര്‍ഡന്മാര്‍ പിടിച്ചുകൊണ്ടുപോകുന്നു. കുറ്റമെന്താണെന്ന് ആ യുവാവിന് അറിയില്ല. പിന്നീട് കോടതിയിലേക്ക് വിളിപ്പിക്കുന്നു. കോടതി കണ്ടെത്താന്‍ തന്നെ കഷ്ടപ്പെട്ടു. എന്നാല്‍ കോടതിയിലെത്തുമ്പോള്‍ താനൊരു കുറ്റവാളി ആണെന്ന് അയാള്‍ക്ക് ബോധ്യപ്പെടാനാവുന്നില്ല. കോടതി അന്വേഷിച്ചത് വേറെ ആരെയെങ്കിലുമായിരിക്കുമെന്ന് അയാള്‍ ചിന്തിക്കുന്നു. ഇതിനിടയില്‍ ജഡ്ജിയെ സ്വാധീനിച്ചു കുറ്റവിമുക്തനാക്കാമെന്ന് ചിലര്‍ കെ യെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ബാങ്കിലെ ജോലിയുടെ ഭാഗമായി ഒരു പള്ളിയിലെത്തിയ കെയോട് അയാളെ കോടതി കുറ്റക്കാരനായി വിധിച്ചതായി അറിയിക്കുന്നത് ഒരു വൈദികനാണ്.
കാര്യകാരണ ബന്ധമില്ലാതെ നീണ്ടു പോയ വിചാരണയല്ലാതെ, എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് ഒരു ഘട്ടത്തിലും അയാള്‍ക്ക് മനസ്സിലാവുന്നില്ല. പല സംഭവങ്ങള്‍ക്കും യുക്തിയില്ല. കുറേപ്പേര്‍ ഏതോ നിയമം നടപ്പാക്കുന്നു. ഒടുവില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കെ എന്ന വ്യക്തിയുടെ മേല്‍ വധശിക്ഷ നടപ്പാക്കുകയാണ്. ആരാണ് തന്നെ വധിക്കാനായി വന്നിരിക്കുന്നതെന്ന് ആ യുവാവിനു അറിയില്ല.കെ യെ കത്തി കൊണ്ട് കുത്തി കൊല്ലുകയാണ്. ആ സമയം അടുത്ത വീട്ടിലെ ജനാല തുറന്ന് ഒരാള്‍ നോക്കുന്നത് കെ. കാണുന്നുണ്ട്. അത് എഴുതിച്ചേര്‍ത്ത കാഫ്ക അപാരമായ ഉള്‍ക്കാഴ്ചയാണ് പകരുന്നത്. ഒരു സാക്ഷി എപ്പോഴുമുണ്ട്. പക്ഷേ, ആ സാക്ഷി നിസ്സംഗനും നിസ്സഹായനുമാണ്.
ഇങ്ങനെയാണ് കാഫ്ക മായാദര്‍ശനം അവതരിപ്പിക്കുന്നത്. സംസാരസാഗരവും അതിലെ നിയമങ്ങളും നമുക്ക് അജ്ഞാതമാണ്.
സരമാഗോയുടെ മതം
പോര്‍ച്ചുഗീസ് എഴുത്തുകാരനായ ഹോസേ സരമാഗോ(19222010) ഏറ്റവും മുഖ്യമായി കണ്ടത് തന്റെ രചന എന്ന ചുമതലയെയാണ്. എഴുത്ത് തന്റെ തൊഴിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് ഒരിക്കലും കാല്പനികമല്ല. എഴുതുക എന്ന ജോലിയുടെ ഭാഗമായ ഒരു ഉത്കണ്ഠയും സരമാഗോക്കില്ല. അദ്ദേഹം എല്ലാ ദിവസവും പുതിയ നോവലിന്റെ രണ്ട് പേജ് എഴുതും. അതിനു മുടക്കമില്ല. ഇതിനു പുറമേ കത്തുകള്‍ക്ക് മറുപടി, അഭിമുഖങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ദിവസം രണ്ട് പേജ് വീതം എഴുതിയാല്‍ വര്‍ഷത്തില്‍ എണ്ണൂറിനടുത്ത് പേജുകള്‍ റെഡി; ഇതാണ് സരമാഗോയുടെ തിയറി.
വായന
പ്രശസ്ത ചിത്രകാരനായ സി.കെ.രായെക്കുറിച്ച് ജഗദാനന്ദന്‍ എഴുതിയ ‘സഫലമായ നിറക്കൂട്ട്’ (പുസ്തക പ്രസാധക സംഘം) എന്ന പുസ്തകം ചര്‍ച്ച ചെയ്യേണ്ടതാണ്. സി.കെ. രായുടെ ശാന്തിനികേതന്‍ ദിനങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ജഗദാനന്ദന്റെ പുസ്തകത്തിലെ ഒരു ഭാഗം കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ ‘പ്രഭാവം’ മാസികയില്‍ ചേര്‍ത്തത് ഉചിതമായി.
മാനസിയുടെ ‘രാജകുമാരിയുടെ വാള്‍’ എന്ന കഥ (പൂര്‍ണശ്രീ) നല്ലൊരു വായനാനുഭവം തന്നു.സമകാലിക കഥയില്‍ ഈ രചന തീവ്രമായ ഒരു മനുഷ്യാവസ്ഥയിലേക്ക് കടന്നു പോകന്നുണ്ട്. അവരുടെ പതിറ്റാണ്ടുകളായുള്ള സാഹിത്യജീവിതം ഇതിനു സഹായകമായിട്ടുണ്ട്. അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് പോകുന്ന ഒരു സ്ത്രീമനസ്സ് ഇവിടെ മിഴിവ് നേടുകയാണ്. സ്വപ്‌നത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ച് പുതിയ യാഥാര്‍ത്ഥ്യമുണ്ടാക്കുകയാണ് കഥാകാരി. ഈ രചനയില്‍ അവതരിപ്പിക്കുന്ന സ്ത്രീ നമ്മുടെയിടയില്‍ നേരത്തേ തന്നെ ഉണ്ടായിരുന്നതാണ്. എന്നാല്‍ അത് വാക്കുകളില്‍ സന്നിവേശിപ്പിച്ചത് മനസിയാണെന്ന് മാത്രം.
ഗോപന്‍ ആയക്കാടിന്റെ ‘വളപ്പൊട്ടുകള്‍’ എന്ന കഥയെക്കുറിച്ച് ഞാന്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു.
ആ കഥ എഴുത്ത് മാസികയില്‍ വന്നതായിരുന്നു. ഞാന്‍ എഴുതിയ ആ ഭാഗം എടുത്ത് ഒരു കത്തായി പുതിയ ലക്കം എഴുത്ത് മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. രാജീവ് ഇരിങ്ങാലക്കുടയുടെ രണ്ട് പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചുവയ്ക്കുന്നില്ല. ‘ഭഗിനി നിവേദിത – സമര്‍പ്പണവും സാക്ഷാത്കാരവും’ (ബുദ്ധ ബുക്‌സ്), ‘സ്വാമി വിവേകാനന്ദനും കേരളവും’ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നിവയാണ് ആ പുസ്തകങ്ങള്‍. ഇതും രണ്ടും മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ നിത്യതയെ തേടുന്ന കൃതികളാണ്. അയര്‍ലണ്ടുകാരിയായ മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എങ്ങനെ ഭഗിനി നിവേദിതയായി എന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റി നിവേദിത പറഞ്ഞത് ഉദ്ധരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ‘ബുദ്ധി വികസിക്കുന്നതോടൊപ്പം നമ്രതയും ശാലീനതയും നഷ്ടപ്പെട്ടു പോവുകയാണെങ്കില്‍ ആ വിദ്യാഭ്യാസം ഒരിക്കലും നമുക്ക് ഉപയുക്തമായതല്ല.’
കുരുക്ഷേത്രം
അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’ എന്ന കവിത സഹൃദയരെ അകറ്റിയെന്നും അതിനു ജൈവഘടനയില്ലെന്നും അത് പലതും ‘വെല്‍ഡ്’ ചെയ്തുണ്ടാക്കിയ കൃതിയാണെന്നും അതിലെ വരികള്‍ വിദ്യാര്‍ത്ഥികള്‍ പദ്യപരായണ മത്സരത്തില്‍ ഉപയോഗിച്ചില്ലെന്നും പറയുകയാണ് ഡോ. ഡി.ബഞ്ചമിന്‍ – കവിത-സൃഷ്ടിയും നിര്‍മ്മിതിയും (ഒരുമ) എന്ന ലേഖനത്തില്‍. എന്നാല്‍ എനിക്ക് കുരുക്ഷേത്രം ആസ്വദിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. അത് കൃത്രിമമായി തോന്നുന്നത് ലേഖകന്റെ അഭിരുചി വളരെ പഴയതായതുകൊണ്ടാണ്. ഒരാള്‍ക്ക് ഉന്നത വിദ്യാഭ്യാസം കിട്ടിയതുകൊണ്ട് സൗന്ദര്യബോധം ഉണ്ടാകണമെന്നില്ല എന്ന തത്ത്വം ഏറ്റവും ഇണങ്ങുക ബഞ്ചമിനാണ്. അദ്ദേഹം വളരെ രേഖീയമായ, തുറന്ന, ഒറ്റ വായനയ്ക്ക് അവസാനിപ്പിക്കേണ്ട കൃതികള്‍ മാത്രം പരിചയിച്ചു പോന്ന ആളാണ്. ഒരു ലോക നിലവാരം മനസ്സിലാക്കിയാല്‍ ഈ പ്രശ്‌നം തീരും. എന്നാല്‍ കുരുക്ഷേത്രം എഴുതിയതു കൊണ്ട് അയ്യപ്പപ്പണിക്കരോട് അദ്ദേഹത്തിനു പകയുള്ളതുപോലെ തോന്നുന്നു. ആശുപത്രിയില്‍ മരണത്തിനു മുഖാമുഖം കിടന്നപ്പോള്‍ അയ്യപ്പപ്പണിക്കര്‍ തന്റെ കാല്പനിക സത്തയിലേക്ക് മടങ്ങിയെന്നും അപ്പോള്‍ സര്‍ഗാത്മകതയുടെ മേല്‍ കുതിരകയറിയില്ലെന്നും ബഞ്ചമിന്‍ എഴുതിയത് പകയ്ക്കും ക്രൂരതയ്ക്കും തെളിവാണ്. ഒരാള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കുരുക്ഷേത്രം എഴുതണമെന്ന് നിയമമുണ്ടോ? അറിയില്ല. ഒരു കവിത പദ്യപാരായണത്തിനു തിരഞ്ഞെടുക്കുന്നതാണോ മാനദണ്ഡം? ബാലിശമാവരുത് വിമര്‍ശനം.
മഹാനായ കഥാകൃത്ത് ജയനാരായണന്‍ കഥകളെഴുതിയത് എം.മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയവര്‍ പിന്തുടര്‍ന്ന അസ്തിത്വവാദ സമ്പ്രദായങ്ങളുടെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടായിരുന്നു എന്ന് പ്രദീപ് പനങ്ങാട് എഴുതിയത് തെറ്റാണ്. വന്ദിക്കാനാണെന്ന് ഭാവിച്ച് തൊഴിക്കാനാണ് ലേഖകന്റെ ശ്രമം. ഈ വാചകം കണ്ടാല്‍ ജയനാരായണന്‍ മൃതലോകത്തു നിന്ന് തിരിച്ചു വന്ന് ചീത്ത പറയും. ജയനാരായണനെ മുകുന്ദന്റെ അസ്തിത്വവാദത്തില്‍ കൊണ്ടുപോയി കെട്ടണ്ട. മുകുന്ദന്റെ അസ്തിത്വവാദം എന്തായിരുന്നുവെന്ന് ഇപ്പോള്‍ പലര്‍ക്കും വ്യക്തമായിട്ടുണ്ട്. മാത്രമല്ല, മുകുന്ദന്റെ അസ്തിത്വദു:ഖത്തോട് തീരെ മതിപ്പില്ലാത്ത ആളായിരുന്നു ജയനാരായണന്‍. ജയനാരായണന്‍ എന്റെ സുഹൃത്തായിരുന്നുവല്ലോ. തേവരയിലെ ദീപാ ലോഡ്ജില്‍ ഞങ്ങള്‍ എത്ര തവണ കൂടി കണ്ടിട്ടുണ്ട്.
ഒരു മനശ്ശാസ്ത്രം പോലും ഇന്ന് നാം ഒരു സ്ഥലത്ത് മാത്രം ജീവിക്കുന്നു എന്നു പറയുന്നത് സാങ്കേതികമായി ശരിയായിരിക്കും. എന്നാല്‍ ഫലത്തില്‍ അത് അങ്ങനെയല്ല. നമ്മള്‍ രാജ്യത്തിന്റെ അതിര്‍ത്തിയെ നോക്കുകുത്തിയാക്കികൊണ്ട്, ഫോണ്‍, ഇ-മയില്‍, ടി വി, ഇന്റര്‍നെറ്റ് തുടങ്ങിയവയിലൂടെ ഒരു അന്താരാഷ്ട്ര വ്യക്തിത്വം എപ്പോഴും നിലനിര്‍ത്തുന്നു.
ആയിരം പേര്‍ക്കു വിദേശത്തേക്കു മെയില്‍ അയക്കുകയും ഫേസ്ബുക്കില്‍ വിദേശിയുമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഉടല്‍ ഇവിടെയാണെങ്കിലും അസ്തിത്വം രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്താണ്.
ഒരു സ്വത്വം മാത്രമായി ഇന്നു ആരെങ്കിലും ജീവിക്കുമോ? ക്ലാസിക്കല്‍ പത്രാധിപന്മാരും എഴുത്തുകാരും മാത്രമാണ് ഈ അന്ധവിശ്വാസത്തില്‍ കഴിയുന്നത്. സമ്പൂര്‍ണ വ്യക്തിത്വം എന്ന ആശയം ക്ലാസിക്കലാണ്. അങ്ങനെയൊന്ന് ഇപ്പോഴില്ല. സ്വത്വം ആധുനികതയ്ക്കും മുന്‍പുള്ള (ുൃല ാീറലൃി) ഒരു സങ്കല്പമാണ്.ഇന്ന് ഒരു വ്യക്തി ഒരേസമയം തന്നെ പലരാണ്. പാര്‍ട്ടിയും മതവും തൊഴിലും, ലൈംഗികതയും അപരലിംഗവും, സ്വകാര്യ ഇലക്ട്രോണിക് ഉപയോഗവും അയാളെ പലതാക്കുന്നു. വിദ്യാഭ്യാസമുള്ള ഏതൊരു വ്യക്തിക്കും ഇന്നു വളരെ സ്വകാര്യമായ ഇലക്ട്രോണിക് ലോകമുണ്ട്.
ഇവിടെ ഏത് സ്വത്വമാണ് അയാള്‍ നിലനിര്‍ത്തേണ്ടതെന്ന് ക്ലാസിക്കല്‍ എഴുത്തുകാര്‍ പറഞ്ഞുതരണം. വ്യക്തി എന്ന സങ്കല്പം പോലും ക്ലാസിസത്തില്‍ അധിഷ്ഠിതമാണ്. അതിനൊന്നും ഇനി ഭാവിയില്ല. ഒരാള്‍ ജീവിതത്തില്‍ മുഴുവനും ഒരു മനശ്ശാസ്ത്രം പോലും കൊണ്ടുനടക്കുന്നില്ല. ഓരോ സമയവും അയാള്‍ പലതാണ്. ഇതാണ് ഉത്തര – ഉത്തരാധുനിക കാലത്തിന്റെ പ്രത്യേകത. തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ തന്റെ സഹപ്രവര്‍ത്തകയെ അപമാനിച്ചതായ വാര്‍ത്ത വന്നപ്പോള്‍ ചിലര്‍ പറഞ്ഞത്, എല്ലാവരെയും വേട്ടയാടിയ തേജ്പാലിന്റെ തനിനിറം പുറത്തു വന്നു എന്നാണ്. അതായത് തേജ്പാലിനെ ഒരു സമ്പൂര്‍ണ വ്യക്തിത്വമായി പലരും കണ്ടു. അയാള്‍ പത്രത്തില്‍ എന്തു എഴുതിയോ അതു തന്നെയാണ് അയാളുടെ വ്യക്തിത്വം എന്നു ധരിക്കുന്നു.
വാര്‍ത്തയോടു പ്രതികരിക്കുന്ന തേജ്പാല്‍ ചിന്താജീവിയാണ്. ജീവിതത്തില്‍ ഒരേസമയം പല തേജ്പാല്‍മാരുണ്ടാകാം. ആര്‍ക്കും ആദര്‍ശം ചാര്‍ത്തികൊടുക്കരുത്. ഒരാളും അയാളുടെ വീക്ഷണത്തിന്റെ ഇരയായി ജീവിക്കുന്നില്ല. എല്ലാം ഓരോ സമയത്തേക്ക് മാത്രമാണ്.
നുറുങ്ങുകള്‍
-
കെ.പി. ബ്രഹ്മാനന്ദന്റെ പാട്ടുകള്‍ മലയാള ഗാനശാഖയില്‍ വേറിട്ട് നില്‍ക്കുകയാണ്. ഒരു വല്ലാത്ത ഗൃഹാതുരസ്മൃതിയിലൂടെ നമ്മെ കൊണ്ടുപോകുന്ന ശബ്ദമാണത്. നീലനിശീഥിനി, മാനത്തെ കായലില്‍ തുടങ്ങിയ പാട്ടുകള്‍ മാനുഷികമാണ്. ഒരു മനുഷ്യന്‍ പാട്ടിനു വേണ്ടിയല്ല, തനിക്കു വേണ്ടിയോ താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയോ ആണ് പാടുന്നതെന്ന് തോന്നിപ്പിക്കാന്‍ ബ്രഹ്മാനന്ദനു കഴിവുണ്ട്.
-
പി.പരമേശ്വര്‍ജി ഒരിക്കല്‍ എറണാകുളത്ത് ശ്രീകൃഷ്ണദര്‍ശനത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി. ശ്രീകൃഷ്ണന്റെ അഗാധമായ നീല നിറം മാത്രമല്ല ആ ദര്‍ശനത്തിന്റെ സര്‍വ്വാതിശായിയായ ഭാവവും അദ്ദേഹം വ്യക്തമാക്കിയതോര്‍ക്കുന്നു. അതിനു മുന്‍പ് അതുപോലൊരു പ്രസംഗം കേട്ടതായി ഓര്‍ക്കുന്നില്ല.
-
മലയാള സാഹിത്യത്തെ സമ്പന്നമായ കുറെ പ്രസ്ഥാനങ്ങളും എഴുത്തുകാരും ചേര്‍ന്ന് മിഥ്യകളുടെ ഒരു അരക്കില്ലത്തിലെത്തിച്ചിരിക്കുന്നു. പണമുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ പുസ്തകം അച്ചടിപ്പിക്കാനാവൂ.
-
സാഹിത്യ ഫെസ്റ്റിവലുകളില്‍ നാലാംകിട പുസ്തകങ്ങളുടെ കൂട്ട പ്രകാശനങ്ങളാണ് നടക്കുന്നത്. പത്രങ്ങള്‍ വാര്‍ത്ത കൊടുക്കണമെങ്കില്‍ അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം! എന്തൊരു പക്ഷപാതം! മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല. പത്രങ്ങള്‍ക്ക് അതിന്റെ വരിക്കാരായ എഴുത്തുകാരോട് യാതൊരു പ്രതിബദ്ധതയുമില്ലേ?പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളാണെങ്കില്‍ നല്ല ‘കവറേജ്’ കൊടുക്കും. ഇതിനെല്ലാം കീ ജേയ് വിളിക്കുന്ന മുതിര്‍ന്ന എഴുത്തുകാരെയാണ് ഇന്ന് കാണാനുള്ളത്.
-
തിരുവനന്തപുരം മാതൃഭൂമി ഫെസ്റ്റിവല്‍ , കോഴിക്കോട് ഫെസ്റ്റിവല്‍, കൊച്ചി കൃതി സാഹിത്യോല്‍സവം തുടങ്ങിയവയെല്ലാം ഒരേ സംഘം നിയന്ത്രിക്കുന്ന അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. സാഹിത്യരംഗം ഒരു കുത്തകയ്ക്ക് കീഴിലായിരിക്കുന്നു. അവരുമായി ചേരാത്ത, വ്യത്യസ്ത അഭിപ്രായമുള്ളവരെ തമസ്‌കരിക്കുന്ന പ്രവണതയാണ് കാണുന്നത്. പണം കൊടുക്കുന്ന സര്‍ക്കാര്‍ ഈ അനീതി കണ്ടില്ലെന്ന് നടിക്കരുത്. ഒരു ബദല്‍ പ്രസ്ഥാനം ഇവിടെ വളരാന്‍ അനുവദിക്കാത്ത വിധം സാമ്പത്തിക കുത്തകകള്‍ രൂപപ്പെട്ടിരിക്കുന്നു.