കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വ സമര്‍പ്പണവേദി. അക്കാദമിയുടെ മുന്‍പ്രസിഡന്റ് എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയും സാംസ്‌കാരിക വകുപ്പു മന്ത്രിയില്‍ നിന്നും വിശിഷ്ടാംഗത്വം ഏറ്റുവാങ്ങുന്നു. സ്വാഗതപ്രസംഗം മുതല്‍ നന്ദിപ്രകാശനം വരെ അടിമുടി പൗരത്വബില്ലും കക്ഷിരാഷ്ട്രീയ വിധേയത്വ പ്രകടനങ്ങളുമാണ്. എല്‍.പി.സ്‌കൂള്‍ വാര്‍ഷികത്തിന് പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വര്‍ണ്ണിച്ച് അരങ്ങ് മുഷിപ്പിക്കുന്ന ഔചിത്യലോപത്തിന്റെ തനിയാവര്‍ത്തനങ്ങള്‍.
സദസ്സില്‍ മുന്‍നിരയില്‍ എം.ആര്‍.ചന്ദ്രശേഖരന്‍. കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റു വിരുദ്ധനുമായി എഴുത്തിലും ചിന്തയിലും വാര്‍ദ്ധക്യം ബാധിക്കാത്ത ശൂരന്‍. സദസ്സില്‍ പലരും മയക്കത്തിലേക്ക് തെന്നിവീഴുന്നു. ചെറുപ്പക്കാരും കുട്ടികളും മൊബൈലില്‍ രമിക്കുന്നു. സദസ്സിന്റെ മര്യാദയെ ഗൗനിക്കാതെ, അവനവന്‍ കടമ്പയില്‍ കാല്‍തെറ്റി വീഴുന്ന പ്രഭാഷകര്‍.
വിശിഷ്ടാംഗത്വം ഏറ്റുവാങ്ങിക്കൊണ്ട് വിനീതവിധേയനായി മുകുന്ദന്‍ കത്തിക്കയറുകയാണ്.
അപ്പുണ്യേട്ടന്റെ മനസ്സ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേവേദിയില്‍ അരങ്ങേറിയ മറ്റൊരു വിശിഷ്ടാംഗത്വ സമര്‍പ്പണത്തിലേക്ക് പാളിപ്പോയി.
ജീവിതകാലം മുഴുവന്‍ അക്കാദമി പ്രസിഡന്റുസ്ഥാനം മോഹിച്ചു കഴിഞ്ഞ സാഗരഗര്‍ജ്ജനത്തിന് അതുക്കും മേലെയുള്ള വിശിഷ്ടാംഗത്വം ചാര്‍ത്തുന്നു. പതിറ്റാണ്ടുകളായി പരസ്പരം പകയോടെ കുത്തുവാക്കുകള്‍ ചൊരിയുന്ന പഴയ ലവ-കുശന്മാരാണ് വേദിയില്‍. ഷാള്‍ പുതപ്പിച്ച് മൂന്നുപവന്‍ പതക്കമണിയിച്ച് അദ്ധ്യക്ഷന്‍ തന്റെ ഗൂഢാഭിലാഷം നിറവേറ്റി. നിന്ദാസ്തുതിയുടെ മട്ടിലൊരാദരണം! വേദിയിലുള്ളവരും സദസ്സിലുള്ളവരും ആഹ്ലാദിച്ചു. പിണക്കമെല്ലാം മാറി ലവ-കുശന്മാര്‍ ഒരുമിച്ചുവല്ലോ?
ഇനിയൊരിക്കലും അക്കാദമി അദ്ധ്യക്ഷനാവാന്‍ തന്റെ പഴയമിത്രത്തിനു കഴിയാതെ പോകട്ടെ എന്നൊരു കൗശലവും ആ ആദരണത്തില്‍ പതിയിരിപ്പുണ്ടെന്ന് പാവം സാഗര ഗര്‍ജ്ജനം അറിഞ്ഞതേയില്ല. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അക്കാദമി പ്രസിഡന്റാവാന്‍ നിയമം അനുവദിക്കുന്നില്ല.
എന്തായാലും മറ്റൊരു പ്രതിഷേധച്ചൂടില്‍ ഈ പൊന്നാടയും സ്വര്‍ണ്ണപ്പതക്കവും തിരിച്ചേല്പിക്കാന്‍ ആളും ആരവുമായി അക്കാദമിയിലേക്ക് കയറിവരുന്ന സാഗര ഗര്‍ജ്ജനത്തെ അപ്പുണ്യേട്ടന്‍ ഓര്‍ത്തു. സ്വര്‍ണ്ണമെഡല്‍ തട്ടാനെ വിളിച്ചു ഉരച്ചു നോക്കി ലോക്കറില്‍ വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ച അന്നത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ ദീര്‍ഘദര്‍ശനവും ഓര്‍മ്മയില്‍ തെളിഞ്ഞു.
വിധിവൈപരീത്യം കൊണ്ടാവാം, ആ വിശിഷ്ടാംഗത്വം വീണ്ടും ഏറ്റുവാങ്ങാനിടയായി എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
വിശിഷ്ടാംഗത്വ സമര്‍പ്പണത്തിലും ചില പാരകള്‍ ഒളിഞ്ഞിരുപ്പുണ്ടാവാം. സൂക്ഷിക്കണം.





















