സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1930-ല്‍ ഗാന്ധിശിഷ്യന്മാര്‍ ഉപ്പുകുറുക്കിയ കോഴിക്കോട് കടപ്പുറത്ത് ഇപ്പോള്‍ ആസാദിവാദക്കാര്‍ രാജ്യദ്രോഹത്തിന്റെ വെടിയുപ്പു കുറുക്കുകയാണ്. ഇതിന് വേദിയൊരുക്കിയത് മുസ്ലീംലീഗിന്റെ യൂത്തന്മാരാണ്. സ്വന്തമായി ഒരു സമരപരിപാടി ആവിഷ്‌കരിക്കാന്‍ കഴിവില്ലാത്ത യൂത്ത്‌ലീഗുകാര്‍ക്ക് മറ്റുള്ളവരെ അനുകരിച്ചേ ശീലമുള്ളൂ. ഏറ്റവും അവസാനം അവര്‍ കോപ്പിയടിച്ചത് ദല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരത്തെയാണ്. സമരം മാത്രമല്ല സമരത്തില്‍ പങ്കെടുത്തു പ്രസംഗിക്കുന്നവരെയും ഇറക്കുമതി ചെയ്യുന്ന രീതിയില്‍ ദരിദ്രമായിരുന്നു യൂത്ത്‌ലീഗ്. ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഫലത്തില്‍ പാര്‍ട്ടി അണികള്‍ക്ക് വൈകുന്നേരം കടല്‍ക്കാറ്റുകൊള്ളാനുള്ള ഒരു പരിപാടിയായിരുന്നു. കൂട്ടത്തില്‍ ജെ.എന്‍.യുവില്‍ നിന്നും ജാമിയയില്‍ നിന്നും ഇറക്കുമതി ചെയ്തവര്‍ക്ക് ആസാദിമുദ്രാവാക്യം കൊട്ടിപ്പാടാനുള്ള വേദിയും. ജെ.എന്‍.യുവിലെ ഡോളന്‍ സാമന്തയും ജാമിയയിലെ ഹസന്‍ഷിഹാബുമൊക്കെയാണ് ഇവിടെ തകര്‍ത്താടിയ ആസാദിവാദക്കാര്‍. അവര്‍ ആസാദി മുദ്രവാക്യം വിളിച്ച് രാജ്യദ്രോഹത്തിന്റെ വെടിമരുന്നു യൂത്തുലീഗുകാരുടെ മനസ്സിലേക്ക് നിറച്ചപ്പോള്‍ ലീഗുനേതാക്കള്‍ കോള്‍മയിരണിഞ്ഞു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മുസ്ലീം വോട്ട് ബാങ്ക് കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ ഇത്തരം സര്‍ക്കസ്സുകള്‍ നടത്താതെ വയ്യല്ലോ ഈ നേതാക്കള്‍ക്ക്.
ആര്‍.എസ്.എസ്സിനെ രാജ്യത്തിനു പുറത്താക്കണമെന്നും വിജയം വരെ സമരം ചെയ്യണമെന്നുമാണ് സാമന്ത യൂത്തുലീഗുകാരെ ഉപദേശിച്ചത്. കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസ്സിലെ പ്രതികള്‍ക്കു ഒളിവില്‍ താമസിക്കാന്‍ ഫറോക്കില്‍ സൗകര്യം ചെയ്തയാളാണ് സമരവേദിയില്‍ ഭരണഘടനാസംരക്ഷണത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയത്. ഹിന്ദുത്വവിരുദ്ധ മാര്‍ക്കറ്റിലെ ഏറ്റവും വിലകൂടിയ ഇനങ്ങളെ കടപ്പുറത്തെത്തിച്ച ലീഗുകാരന്‍ മീന്‍മാര്‍ക്കറ്റില്‍ കാണിക്കുന്ന കച്ചവടക്കണ്ണ് ഇവിടെയും കാണിച്ചു. ഹിന്ദുത്വവിരുദ്ധരുടെ ഹീറോയായ ചന്ദ്രശേഖര ആസാദിനെ ഇറക്കുമതി ചെയ്തത് അതിന്റെ തെളിവാണ്. പിന്നീട് മലപ്പുറം ജില്ലയായ പഴയ ഏറനാട് പ്രദേശം പാകിസ്ഥാനില്‍ ഉള്‍പ്പെടുത്തണമെന്ന് 1947ല്‍ പ്രമേയം പാസാക്കിയ മുസ്ലീംലീഗുനേതൃത്വത്തിന്റെ ചോര തന്നെയാണ് തങ്ങളുടെതും എന്നു യൂത്തുലീഗന്മാര്‍ തെളിയിച്ചുകൊണ്ടിരിക്കയാണ്.