അക്കാദമിക പ്രവര്‍ത്തനരീതികളെ രൂപപ്പെടുത്തുന്നതില്‍ പ്രോത്സാഹന സംവിധാനങ്ങളുടെ സ്വാധീനത്തെയും എംഐടി ചട്ടക്കൂട് പ്രത്യേകം എടുത്തുകാണിക്കുന്നു. പ്രത്യേകിച്ച് ജേര്‍ണലിന്റെ പ്രശസ്തി, സ്വാധീന സൂചികകള്‍ (impact metrics), ജേര്‍ണല്‍ ശ്രേണീവ്യവസ്ഥകള്‍ (journal hierarchies) എന്നിവയെ അടിസ്ഥാനമാക്കിയുള്ള അക്കാദമിക വിലയിരുത്തല്‍ സമ്പ്രദായങ്ങള്‍ ഗവേഷകരെ തുറന്ന പ്രവേശനമുള്ള പ്രസിദ്ധീകരണവേദികള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍, അവ തുറന്ന വിജ്ഞാനത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു (Brand and Sharp, 2023). വിവിധ അളവുകോലുകളെ (metrics) അമിതമായി ആശ്രയിക്കുന്ന സമകാലീന അക്കാദമിക സംസ്‌കാരത്തെ വിമര്‍ശിക്കുന്ന വിശാലമായ ചര്‍ച്ചകളുമായി ഈ നിരീക്ഷണം യോജിച്ചുനില്‍ക്കുന്നു. അക്കാദമിക മികവ് എങ്ങനെ നിര്‍വചിക്കപ്പെടണം, എങ്ങനെ അംഗീകരിക്കപ്പെടണം എന്നീ കാര്യങ്ങള്‍ സ്ഥാപനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യാതെ തുറന്ന വിജ്ഞാനസംവിധാനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ഈ സമീപനം വ്യക്തമാക്കുന്നു.
എംഐടി ധവളപത്രം പ്രധാനമായും പ്രസിദ്ധീകരണത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ മാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, അതിനപ്പുറം വിശാലമായ ഒരു ധാര്‍മ്മിക ദര്‍ശനത്തെയും അത് സൂചിപ്പിക്കുന്നു. പൊതുനന്മ, കൂട്ടുത്തരവാദിത്തം, സ്ഥാപനപരമായ സംരക്ഷണച്ചുമതല (institutional stewardship) എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍, വിജ്ഞാനത്തെ സ്വകാര്യസ്വത്തായി കാണാതെ സമൂഹത്തിന്റെ പൊതു സ്വത്തായി കാണുന്ന ഒരു സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് (Brand and Sharp, 2023). വിജ്ഞാന പൊതുസമ്പത്ത് (knowledge commons) എന്ന ആശയം വ്യക്തമായി ഉപയോഗിച്ചിട്ടില്ലെങ്കിലും, പങ്കിട്ട ഭരണസംവിധാനങ്ങള്‍, ലാഭേച്ഛയില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍, പൊതു ഉത്തരവാദിത്തം എന്നിവയ്ക്കായി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളെ പൊതുസമ്പത്തിന്റെ ആശയവുമായി ദൃഢമായി ബന്ധിപ്പിക്കുന്നു.
അതേസമയം, സമകാലീന സ്ഥാപനകേന്ദ്രിതമായ തുറന്ന വിജ്ഞാന സമീപനങ്ങളുടെ (ഓപ്പണ്‍ സയന്‍സ്) ചില പരിമിതികളും എംഐടി ചട്ടക്കൂട് വെളിപ്പെടുത്തുന്നു. ഗവേഷണസ്ഥാപനങ്ങളുടെ ഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള അക്കാദമിക സമൂഹത്തെ മുന്‍കൂട്ടി സങ്കല്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ട്, ഭാഷ, പഠനരീതി (pedagogy), സമൂഹകേന്ദ്രിതമായ വിജ്ഞാനപ്രചരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് താരതമ്യേന വളരെ കുറച്ച് പ്രാധാന്യമേ നല്‍കുന്നുള്ളൂ. ഈ അഭാവം യാദൃശ്ചികമല്ല; മറിച്ച് ഉന്നത ഗവേഷണസ്ഥാപനങ്ങളുടെ നയരേഖകളുടെ സ്വാഭാവികമായ ഘടനാപരമായ പരിമിതിയുടെ പ്രതിഫലനമാണ്. യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ശുപാര്‍ശയുടെയും ചട്ടമ്പി സ്വാമികളുടെ മാതൃഭാഷാ-അധിഷ്ഠിത വിജ്ഞാന ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിനെ വായിക്കുമ്പോള്‍, ഈ മൗനങ്ങള്‍ വിശകലനപരമായി കൂടുതല്‍ പ്രസക്തമാകുന്നു. സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം സാമൂഹികമായി വേരൂന്നിയ ഉള്‍ക്കൊള്ളല്‍ നയങ്ങളും അനിവാര്യമാണെന്ന് അവ സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, എംഐടി ധവളപത്രത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം തുറന്ന വിജ്ഞാനത്തെ സാങ്കേതികവിദ്യയുടെ അനിവാര്യ പരിണാമമായി കാണുന്നതിലല്ല; മറിച്ച് സ്ഥാപനങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി പുനര്‍വിചിന്തനം ചെയ്യേണ്ട വിഷയമായി അവതരിപ്പിക്കുന്നതിലാണ്. ഗവേഷണ പ്രസിദ്ധീകരണത്തിന്റെ ഭാവിയെ ധാര്‍മ്മികതയുടെയും ഭരണസംവിധാനത്തിന്റെയും ചോദ്യങ്ങളായി അവതരിപ്പിച്ചുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന ആഗോള അസമത്വങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ വിജ്ഞാനത്തിന്റെ സംരക്ഷകരെന്ന നിലയില്‍ തങ്ങളുടെ പങ്ക് പുനര്‍നിര്‍വചിക്കണമെന്ന് ഈ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. ഈ അര്‍ത്ഥത്തില്‍, കൂടുതല്‍ വിശാലവും സാമൂഹികമായി വേരൂന്നിയതുമായ വിജ്ഞാന പൊതുസമ്പത്ത് (knowledge- commons)- എന്ന ആശയത്തിന് ആവശ്യമായ നയപരവും അടിസ്ഥാനസൗകര്യങ്ങളുടെ അടിത്തറയുമാണ് എംഐടി ചട്ടക്കൂട് ഒരുക്കുന്നത്.
എന്നിരിക്കിലും, ആഗോള കാഴ്ചപ്പാടില്‍ നിന്ന് വിലയിരുത്തുമ്പോള്‍, ഭാഷാവൈവിധ്യത്തെയും വിജ്ഞാനാധികാരത്തിലെ (epistemic power) അസന്തുലിതാവസ്ഥകളെയും സംബന്ധിച്ച് എംഐടി ചട്ടക്കൂട് ഏറെക്കുറെ മൗനം പാലിക്കുന്നു എന്ന് കാണാം. പൊതു ഉത്തരവാദിത്തത്തെ അത് അംഗീകരിക്കുന്നുണ്ടെങ്കിലും, മതിയായ വിഭവസൗകര്യങ്ങളുള്ള ഇംഗ്ലീഷ്-കേന്ദ്രിത അക്കാദമിക പരിസരങ്ങളിലെ പങ്കാളിത്തത്തെയാണ് അത് പരോക്ഷമായി മുന്‍കൂട്ടി സങ്കല്‍പ്പിക്കുന്നത്. ഈ പരിമിതി ആകസ്മികമല്ല; ആഗോള വിജ്ഞാനശ്രേണീവ്യവസ്ഥയില്‍ ഉന്നത ഗവേഷണ സര്‍വകലാശാലകള്‍ വഹിക്കുന്ന ഘടനാപരമായ സ്ഥാനത്തിന്റെ സ്വാഭാവിക പ്രതിഫലനമാണത്.
യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും
ലോകത്തെ ഗവേഷണ സര്‍വകലാശാലാ സംവിധാനത്തിനുള്ളില്‍ രൂപപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സ്ഥാപനപരമായ പ്രതികരണങ്ങളിലൊന്നാണ് എംഐടിയുടെ ഓപ്പണ്‍ സ്‌കോളര്‍ഷിപ്പ് ചട്ടക്കൂട്. അതേസമയം, യുനെസ്‌കോയുടെ ‘ഓപ്പണ്‍ സയന്‍സ് സംബന്ധിച്ച ശുപാര്‍ശ’ (Recommendation on Open Science) ആഗോളതലത്തില്‍ ഓപ്പണ്‍ സയന്‍സിനെക്കുറിച്ച് അംഗീകരിക്കപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര മാനദണ്ഡരേഖ എന്ന നിലയില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. തുറന്ന വിജ്ഞാനത്തെ ഗവേഷണ പ്രസിദ്ധീകരണത്തിന്റെ ഒരു സാങ്കേതിക വിഷയമായി മാത്രം കാണാതെ, ആഗോള ഭരണസംവിധാനത്തിന്റെയും വികസനനയങ്ങളുടെയും വിശാലമായ മാനദണ്ഡചട്ടക്കൂടിനുള്ളില്‍ സ്ഥാപിക്കുന്നതാണ് ഈ രേഖയുടെ പ്രത്യേകത.
2021-ലെയും 2023-ലെയും യുനെസ്‌കോ രേഖകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം പുതിയ നയതത്ത്വങ്ങള്‍ അവതരിപ്പിക്കുന്നതിലല്ല. 2021-ല്‍ അംഗീകരിച്ച യുനെസ്‌കോ നല്‍കിയ ശുപാര്‍ശകള്‍ തന്നെയാണ് ഇന്നും ഓപ്പണ്‍ സയന്‍സിന്റെ ഔദ്യോഗിക അന്താരാഷ്ട്ര മാനദണ്ഡരേഖ. ഓപ്പണ്‍ സയന്‍സിന്റെ നിര്‍വചനം, അടിസ്ഥാന മൂല്യങ്ങള്‍, മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ എന്നിവ അതില്‍ സമഗ്രമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2023-ലെ ഇടപെടലുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം ആ ചട്ടക്കൂടിനെ പ്രായോഗികതലത്തില്‍ നടപ്പിലാക്കുന്നതും, അതിന്റെ പുരോഗതി വിലയിരുത്തുന്നതിനും, അംഗരാജ്യങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായിരുന്നു. ഈ സമീപനം പ്രധാനമായും യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് റിപ്പോര്‍ട്ടിലൂടെയാണ് വികസിപ്പിക്കപ്പെട്ടത്.
2023-ലെ യുനെസ്‌കോ റിപ്പോര്‍ട്ട് രാജ്യങ്ങള്‍ ശക്തമായ ദേശീയ ഓപ്പണ്‍ സയന്‍സ് നയങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെയും, സമത്വാധിഷ്ഠിതമായ തുറന്ന വിജ്ഞാന അടിസ്ഥാന സൗകര്യങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തേണ്ടതിന്റെയും, ഡിജിറ്റല്‍ വിടവും (digital divide) വിജ്ഞാന വിടവും (knowledge divide) നികത്തുന്നതിനായി മനുഷ്യവിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെയും അടിയന്തര ആവശ്യകത ഊന്നിപ്പറയുന്നു. 2021-ലെ രേഖയില്‍ താരതമ്യേന കുറച്ച് മാത്രം ചര്‍ച്ച ചെയ്തിരുന്ന ചില വിഷയങ്ങള്‍ 2023-ല്‍ കൂടുതല്‍ വ്യക്തമായി പരിഗണിക്കപ്പെട്ടു. അവയില്‍ അനൈതിക അക്കാദമിക് പ്രസാധനം (predatory publishing) വ്യാപകമാകുന്നത്, വായനക്കാരില്‍ നിന്ന് രചയിതാക്കളിലേക്ക് പ്രസിദ്ധീകരണച്ചെലവ് മാറ്റപ്പെടുന്നത്, ബൗദ്ധികസ്വത്തവകാശവും ഗവേഷണഡാറ്റയുടെ ഉടമസ്ഥാവകാശവും (data ownership) സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടുന്നു. അതോടൊപ്പം, ഓപ്പണ്‍ സയന്‍സ് ശുപാര്‍ശയുടെ പ്രാവര്‍ത്തിക പുരോഗതി അളക്കുന്നതിനായി പൊതുവായ ഒരു ഏകീകൃത നിരീക്ഷണ ചട്ടക്കൂട് (shared monitoring framework) വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രത്യേകം എടുത്തുകാണിക്കുന്നു. 2025 മുതല്‍ അംഗരാജ്യങ്ങള്‍ക്ക് നിര്‍ബന്ധിതമായ റിപ്പോര്‍ട്ടിങ് സംവിധാനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഈ നിരീക്ഷണസംവിധാനം സുപ്രധാനമായ പ്രവര്‍ത്തനപരമായ മുന്നേറ്റമായി മാറി. മാത്രമല്ല, കൃത്രിമബുദ്ധിക്കായുള്ള തുറന്ന ഡാറ്റ (Open Data for Artificial Intelligence) സംബന്ധിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും 2023-ല്‍ രൂപംകൊണ്ടു. ഓപ്പണ്‍ സയന്‍സിന്റെ വിശാലമായ ദൗത്യത്തിനുള്ളില്‍ സാങ്കേതികവിദ്യയുടെ പുതിയ വികാസങ്ങളെ ഉള്‍ക്കൊള്ളാനുള്ള യുനെസ്‌കോയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
2021-ല്‍ അംഗരാജ്യങ്ങളുടെ ഏകകണ്ഠമായ അംഗീകാരത്തോടെ സ്വീകരിക്കപ്പെട്ട ഈ ശുപാര്‍ശ, ആഗോള ഭരണസംവിധാനത്തിന്റെ തലത്തില്‍ ഓപ്പണ്‍ ആക്‌സസിനെ മനസ്സിലാക്കുന്ന രീതിയില്‍ ഒരു അടിസ്ഥാനപരമായ മാറ്റത്തിന് തുടക്കം കുറിച്ചു. ഓപ്പണ്‍ സയന്‍സിനെ ഐച്ഛികമായ ഒരു നവീകരണമെന്നോ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഭരണപരിഷ്‌കാരമെന്നോ കാണുന്നതിനുപകരം, സമൂഹങ്ങളിലുടനീളം സമത്വാധിഷ്ഠിതമായ വിജ്ഞാനസൃഷ്ടിക്കും വിജ്ഞാനവിതരണത്തിനുമുള്ള അടിസ്ഥാന മാര്‍ഗദര്‍ശക തത്ത്വമായാണ് യുനെസ്‌കോ അതിനെ നിര്‍വചിക്കുന്നത് (UNESCO, 2021).
യുനെസ്‌കോയുടെ ഓപ്പണ്‍ സയന്‍സ് ദര്‍ശനത്തിന്റെ അടിസ്ഥാനം എല്ലാവരെയും ഉള്‍ക്കൊളളുന്നതിനോടുള്ള (inclusivity) വ്യക്തമായ പ്രതിബദ്ധതയാണ്. വികസിത വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള ഘടനാപരമായ അസന്തുലിതാവസ്ഥകള്‍, സമൃദ്ധമായ വിഭവസൗകര്യങ്ങളുള്ള സ്ഥാപനങ്ങളും അവഗണിക്കപ്പെട്ട സമൂഹങ്ങളും തമ്മിലുള്ള അന്തരം, അക്കാദമിക ലോകത്ത് മേല്‍ക്കോയ്മയുള്ള ഭാഷകളും പ്രാദേശിക ഭാഷകളും തമ്മിലുള്ള അസമത്വം എന്നിവയെ ഓപ്പണ്‍ സയന്‍സ് അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് ശുപാര്‍ശ വ്യക്തമാക്കുന്നു (UNESCO, 2021). ഈ ചട്ടക്കൂടില്‍ ഓപ്പണ്‍ നോളഡ്ജ് (തുറന്ന വിജ്ഞാനം) എന്ന ആശയം വിജ്ഞാനനീതി (epistemic justice) എന്ന ആശയത്തില്‍ നിന്ന് വേര്‍തിരിച്ചുകാണാനാവില്ല. ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാകുന്നതുകൊണ്ട് മാത്രം ഓപ്പണ്‍ ആക്‌സസ് (അറിവിലേക്കുള്ള പ്രവേശനം) യാഥാര്‍ത്ഥ്യമാകുന്നില്ല; മറിച്ച് വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് ശാസ്ത്രീയ വിജ്ഞാനത്തെ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കാനും വ്യാഖ്യാനിക്കാനും അതിന്റെ സൃഷ്ടിയില്‍ പങ്കാളികളാകാനും കഴിയുന്ന സാഹചര്യമാണ് യഥാര്‍ത്ഥ പ്രാപ്യത. ചെലവും ലൈസന്‍സിംഗും കേന്ദ്രീകരിച്ചിരുന്ന ആദ്യകാല ഓപ്പണ്‍ ആക്‌സസ് ചര്‍ച്ചകളില്‍ നിന്ന് ഈ സമീപനം ഗുണപരമായ ഒരു മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു.
(തുടരും)
(വിവര്‍ത്തനം: ഡോ.ആര്‍.രാമന്‍
നായര്‍, ഡോ. അമൃത്)




















