അക്കാദമിക് പണ്ഡിതന്മാരുടെ ചിന്തകളിലേക്ക് ഗൗരവപൂര്‍വ്വമായി ഏറെയൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരു ഗ്രാമവീരന്റെ ജീവിതരേഖയാണ് മുരിക്കഞ്ചേരി കേളുവിന്റെ ‘പാട്ടുകഥ.’ ഗ്രാമജീവിതത്തിന്റെ ആത്മഗന്ധം പുരണ്ട് വാര്‍ന്നു വീണ ഈ വയല്‍പ്പാട്ട് ഒരു നാടിന്റെ നേര്‍ച്ചിത്രമാണ് വരച്ചു വെക്കുന്നത്. ചരിത്ര പുസ്തകത്താളുകളില്‍ ഇടം കിട്ടാതെ പോയ എത്രയെങ്കിലും വീരപുരുഷന്മാരും വീരാംഗനമാരും നാടന്‍ പാട്ടുകാരികളായ വാങ്മയ ചരിത്രകാരികളുടെ മനസ്സിലും ചുണ്ടുകളിലുമാണ് ഉണരാറുള്ളത്. വീരവ്യക്തികളുടെ ചരിതം ഗ്രാമചരിതമായി പാടി സൂക്ഷിക്കുന്ന വയല്‍പ്പണിക്കാരികളുടെ പരമ്പരകള്‍ കുറ്റിയറ്റു കഴിഞ്ഞു. പഴംപാട്ടിന്റെ പാലാഴി തീര്‍ത്ത ആ തലമുറ കളമൊഴിഞ്ഞു കഴിഞ്ഞു. വയല്‍ ഇല്ലാതായി. വയല്‍പ്പാട്ടിന് മഴത്താളമേയില്ലാതായി. പണ്ടിതായിരുന്നില്ല വയല്‍പ്പാട്ടു മേളം. കളക്കുടയുടെ മേലേ മഴത്താളം മുറുകുമ്പോള്‍ ഓര്‍മ്മച്ചുരമിറങ്ങി ഗ്രാമവീരന്മാരും വീരാംഗനമാരും വരികളില്‍ വരിയായി വരികയായിരുന്നു. എത്രയോ വട്ടം വയല്‍പ്പാട്ടുകളില്‍ നിറം ചേര്‍ക്കാത്ത നേര്‍ക്കഥ വീരപരിവേഷം ചൂടി വന്ന കഥയാണ് മുരിക്കഞ്ചേരി കുഞ്ഞിക്കേളുവിന്റേത്. ധീരതയുടെ മൂര്‍ത്തിയായി, പകയുടെ പര്യായമായി, കേളികേട്ട കേളുനായരുടെ കഥ കേവലമായ ഒരു നാട്ടുവീരന്റെ കഥ മാത്രമല്ല, നാന്നൂറ് വര്‍ഷം മുമ്പത്തെ കോലത്തുനാടിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ സുദീര്‍ഘചരിത്രം കൂടിയാണത്.
ജാതിശ്രേണി കര്‍ശനമായി ദീക്ഷിച്ചിരുന്ന അക്കാലത്താണ് കോവിലകത്തെ ചിറയില്‍ അബദ്ധത്തില്‍ കാല്‍തെന്നി വീണ കൊച്ചു തമ്പ്രാട്ടിയെ മമ്മാലി കയ്യേപ്പിടിച്ച് രക്ഷിച്ച് തന്റെ മേല്‍ മുണ്ടു നല്‍കി കര കയറ്റിയത്. കൈ പിടിച്ച് പുടവ നല്‍കിയ മമ്മാലിക്കു തന്നെ കൊച്ചു തമ്പുരാട്ടിയെ കൊടുക്കയും അറക്കല്‍ എന്ന മുസ്ലീം രാജപരമ്പരക്കു തുടക്കമാകാന്‍ അത് കാരണമാകയും ചെയ്തത് ചരിത്രത്തിലിടം പിടിച്ച കഥയാണ്. കേരളത്തിലെ ആദ്യ മുസ്ലീം രാജ്യ ചരിത്രം അവിടെയാണ് ആരംഭിക്കുന്നത്. നാടുവാഴും തമ്പുരാന്‍ ചാല വയലിന്റെ നടവരമ്പിലൂടെ തന്റെ കണക്കെഴുത്തന്‍ അച്ചുതവാര്യരോടൊപ്പം വരവേയാണ് ആ കാഴ്ച കാണുന്നത്. കൊയ്ത്തു കഴിഞ്ഞ കണ്ടത്തില്‍ ‘കോട്ടാള കോട്ടി’ ഉതിര്‍മണി പെറുക്കുന്ന അതിസുന്ദരനും കണ്ടാലാരും കൊതിക്കും മിടുക്കനുമായ ഒരാണ്‍കുട്ടി. തേജസ്സ് തുളുമ്പുന്ന ആ കുഞ്ഞിനെ നോക്കിക്കൊണ്ട് തമ്പുരാന്‍ ചോദിക്കുന്നു.
”ന്റെച്ചുത, വാര്യാ കണക്കെഴുത്താ
നിച്ചലും പകലോന്‍ കെഴക്കുന്നല്ലേ
ഇതെന്തൊരു ചന്തം പറഞോളണ്ട്
ഇന്നു കതിരോന്‍ പടിഞ്ഞാറുന്നോ?”
അച്ചുതവാര്യര്‍ അവനെ സൂക്ഷിച്ചു നോക്കി….
”ന്റ ടിയന്‍ തലയുടെ തമ്പുരാനേ
കതിരോനുദിവെളിയല്ലല്ലാത്
മുരിക്കാഞ്ചേര്യോമന കുഞ്ഞിക്കേളു
മുണ്ടോനും മൂര്‍ന്ന പയം കളത്തില്
കുത്തലുകോട്ടി നെല്ല് പറക്കയാണ്.”
ആ മിടുക്കുനായ കുഞ്ഞിനോട് ആരെന്നും എന്തെന്നും ചോദിച്ചറിഞ്ഞ തമ്പുരാന്‍ അവന്റെ പെറ്റമ്മയോട് അവനെ കൂടെ കൊണ്ടുപോകാന്‍ അനുവാദം ചോദിക്കുന്നു. പാവം അമ്മ ആദ്യമൊന്നമ്പരന്നു. പിന്നെ തമ്പുരാനോട് തൊഴുതു കൊണ്ട് പറഞ്ഞു
”ന്റെ ടിയന്‍ തലയുടെ തമ്പുരാനെ
ആറും നീങ്ങേഴി വയസ്സവന്ന്
കാക്കിട്ടകാല്‍വള ഊരീറ്റില്ല
അരക്കിട്ടരമണി ഊരീറ്റില്ല
ഒന്നും തിരിയാത്ത കുഞ്ഞിക്കേളു
ഓനപ്പിരിയാന്‍ വെനയെനക്ക്”
പക്ഷേ തമ്പുരാന്‍ തന്റെ തീരുമാനം അറിയിച്ചു. മറുത്ത് ഒന്നും നീ പറയേണ്ട.
”ഏതും പറയണ്ട പെറ്റോരമ്മേ
ഞാനിതാ കേളൂനകൊണ്ടുപോന്നു”
– തിരുവായ്‌ക്കെതിര്‍ വായില്ലല്ലോ. അങ്ങനെ അവന്‍ തമ്പുരാന് പ്രിയപ്പെട്ടവനായി. അവന്‍ കോവിലകത്താണ് വളര്‍ന്നത്. ആ കാഴ്ച കാണാന്‍ അമ്മയുണ്ടായില്ല.
കുഞ്ഞിക്കേളു ……
”പാക്കെടുക്കും കാലം പാക്കെടുത്തു
തോക്കെടുക്കും കാലം തോക്കെടുത്തു
ഒക്കെ നടക്കുമ്പ കൂടെ നടന്നു
പിന്നെ നികുതി പിരിവുമായി
അപ്പഴേ തമ്പുരാനരുളപ്പാട്
മുരിക്കാഞ്ചേര്യോമന കുഞ്ഞിക്കേളു
മാടായിക്കോട്ടയെന്ന കോട്ടയില്
കോട്ടക്കൊറപ്പായി നിക്കണം നീയേ:
നായിയും താക്കോലും തൊഴുതു വാങ്ങി
കേളുവാക്കോട്ട ഭരിച്ചോളൂന്ന്.”
മാടായിക്കോട്ടയുടെ നാഥനായി അന്നാട്ടിലെ (തെണ്ടക്കാരന്‍) കരം പിരിവുകാരനായി രാജപ്രതാപത്തോടെ ഒരഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ അധികാരക്കൊതി മുഴുത്ത ചേറ്റുവാരിക്കരിമ്പന കുഞ്ഞി ക്കോരന്‍ തിരുമുല്‍ക്കാഴ്ചകളുമായി കോവിലകത്തെത്തി. ചെറക്കല്‍ തമ്പുരാന്‍ അയാളെ സൂക്ഷിച്ചു നോക്കി. എന്താണീ വരവിന് കാരണം? പറഞ്ഞോളുക.
ചേറ്റുവാക്കരിമ്പന കുഞ്ഞിക്കോരന്‍ ഉടനെ തന്റെ വലിയ കിഴി അഴിച്ചു. പിന്നെ….
ഏഴു ചെറു ചെമ്പ് പൊന്നളന്നു
തമ്പുരാന കാര്യമുണര്‍ത്തുന്നല്ലോ
”മാടായിക്കോട്ടയും കരം പിരിവും
മാടായിക്കോട്ടയെന്ന കോട്ട വാഴ്ച
ഞാനൊരു കൊതിയും കൊതിച്ചു പോയി.”
അതെങ്ങനെ? മുരിക്കാഞ്ചേരി വാഴുന്ന കോട്ട ഒഴിപ്പിക്കാനോ? ധീര വീര പരാക്രമിയാ… കോരാ നാലു നാള്‍ കഴിഞ്ഞു വാ… അപ്പഴേക്കും നോക്കട്ടെ….വഴിയുണ്ടാക്കാം. പിറ്റേന്നു തന്നെ ഓലയെഴുത്തുമായി അരമന വാല്യക്കാരന്‍ പയ്യാടക്കന്‍ അമ്പുവച്ചന്‍ മാടായിക്കോട്ടയ്ക്കു തോണി കേറി. ഉച്ചയ്ക്കു മുമ്പേ അദ്ദേഹം മാടായി കോട്ട കേറി. ചൊവ്വരചിണ്ടനുമായി ചതുരംഗം കളിക്കുന്ന മുരിക്കഞ്ചേരി അമ്പുവച്ചനെ തല ഉയര്‍ത്താതെ ഒന്നു നോക്കി. പയ്യാടക്കന്‍ തിരുവെഴുത്തോല കേളുവിന് വച്ചു നീട്ടി. ഓല വായിച്ച മുരിക്കഞ്ചേരി കേളുനായരുടെ കണ്ണുകള്‍ ചുവന്നു. അമ്പു വച്ചാ.
”നിങ്ങൊയിച്ചു വേറിട്ടൊരാളെങ്കില്‍
ഇന്നൊയിച്ച് വേറിട്ടനാളാണെങ്കില്‍
ചാണോക്കലം കൊണ്ടും മാച്ചി കൊണ്ടും
വെറ്റിലസല്‍ക്കാരം ചെയ്യട്ടീ ഞാന്‍.
ആരിക്ക് താക്കോല് വെച്ചു വെന്നാലും
കോലാനി താക്കോലു വെക്കൂല ഞാന്‍”
ഭയപ്പാടോടെ അമ്പുവച്ചന്‍ വേഗം തിരിച്ചു നടന്നു. അക്ഷരം ഉരിയാടാന്‍ ധൈര്യമുണ്ടായില്ല. വാര്‍ത്ത കേള്‍ക്കാന്‍ കാത്തുനിന്ന തമ്പുരാന്‍ കാര്യം കേട്ട് മനം പുകഞ്ഞു. പിന്നെ തെല്ലിട മൗനം പൂണ്ടു.
മുരിക്കാഞ്ചേരിയുടെ പക പടരുന്ന മനസ്സറിയുന്ന തമ്പുരാന്‍ അമൃതേത്ത് ഒരുക്കുന്ന കുട്ടിപ്പട്ടരേയും പിന്നീട് കണക്കെഴുത്തന്‍ അച്ചുതവാര്യനേയും കടും വാക്ക് ചൊല്ലി അങ്ങോട്ടയച്ചു. പിന്നെ അക്ഷമനായി ആന വാതില്‍ക്കല്‍ തന്നെ കത്തുകാത്തിരുന്നു.
”വാര്യരുടെ വരവ് കണ്ടപ്പോഴേ കേളു നായര്‍ പക വീണ പ്രതികാരവുമായി ഈറ്റപ്പുലി പോലെ ചാടി എണീറ്റു. ”ഇതാരാ കണക്കെഴുത്തനാ…. നിന്റെ കണക്ക് ഇന്ന് തെറ്റി… പിന്നെ പഴി നൂറും പറഞ്ഞു. തെല്ലു ഭയത്തോടെ അവര്‍ കേളുനായരെ നോക്കി. ആ തീക്കണ്ണുകള്‍ ജ്വലിച്ചു. കേളു ഇടി മുഴക്കം പോലെ അലറി.
”വാര്യര് കേട്ടോളിന്‍. ചെന്നു പറ നിന്റെ
തമ്പ്രാനോട്
”തമ്പുരാന്‍ തൃക്കയ്യാല്‍ തന്ന താക്കോല്
തമ്പുരാന്‍ തൃക്കയ്യാല്‍ വാങ്ങവേണം.” കാര്യം കേട്ടറിഞ്ഞ തമ്പുരാന്‍ തനിക്കു നേരിട്ട അപമാനത്തില്‍ അകം നീറി.
”നന്ദികെട്ട ആ നായ നമ്മുടെ ഉപ്പും ചോറും തിന്നിട്ട് കുരക്കുന്നു. ഇനി സഹിക്കില്ല നാം” തമ്പുരാന്‍ ചാടിയെണീറ്റു. കടും കല്പനകള്‍ കല്ലേപ്പിളര്‍ന്നു.” നേരം ഒന്നു കറുത്തോട്ടെ അച്ചുതവാര്യ…… പകല്‍ നേരത്ത് നാം അവനെക്കാണാന്‍ പോകുന്നത് നാലാള് കണ്ടാല്‍ നമുക്ക് നാണക്കേടല്ലേ?
പളളിത്തേരും കടവത്ത് തിരുതോണിയും തയ്യാറായി നില്‍ക്കട്ടെ” തമ്പുരാന്റെ മനസ്സില്‍ വീണ കനല്‍ എരിഞ്ഞു കത്തി. നേരം വൈകുന്തോറും അരചന്റെ കോപം പെരുകി. തമ്പുരാന്‍ രണ്ടും കല്‍പിച്ചിറങ്ങി
”തുപ്പിയ തുപ്പലു വറ്റും മുമ്പെ
കാമലുറുമ്പു കയറും മുമ്പെ
മാടായിക്കോട്ടീല് മഞ്ചല്കീഞ്ഞു
ചെറക്കകൂലോം വാണ തമ്പുരാനും
തൃക്കണ്ണു ചോന്നു വരിശം തുപ്പി”
തമ്പുരാന്‍ തീ വിരല്‍ ചൂണ്ടി നിന്നു.
”മാടായിക്കോട്ടേരെ തൃപ്പടിമ്മ
താര്‍ക്കാലും കൂട്ടം നീ വെക്കുകയ്യാ…”
അരിശം ചൊടിക്കുന്നു കുഞ്ഞിക്കേളു
താക്കോലും കൂട്ടം വലിച്ചെറിഞ്ഞു
മുരിക്കാഞ്ചേര്യോമന കുഞ്ഞിക്കേളു
വാളും പലിശ തൊടുതെടുത്തു
മാടായി പാറെന്ന പാറമ്മേല്
പലിശയും മേലോട്ടെറിഞ്ഞു കേളു
പറയുന്നു കണ്ണു ചുവന്ന കേളു
പലിശ കമിഞ്ഞിറ്റ് വീണ പോലെ
നാടും കമിച്ചിറ്റ് വെക്കും ഞാനേ
ചെറക്കക്കൂലോം വാണതമ്പാമ്മാറ
പായും കലും കെട്ടി കാടുകേറ്റും
ചിറക്കകൂലോത്തെ പടിഞ്ഞാറ്റീല്
ചെഞ്ചീര വാളി മുളപ്പിക്കും ഞാന്‍
കണ്ണൂരറക്കലെ ബീയാത്തുമ്മ
ഉമ്മേനച്ചീരയും കൂട്ടിക്കും ഞാന്‍”
ആ വെല്ലുവിളി മുരിക്കഞ്ചേരി പ്രാവര്‍ത്തികമാക്കി.

അറക്കല്‍ ബീവിയുടെ പക്ഷം ചേര്‍ന്ന് ചിറക്കലിന്നെതിരെ ആ ധീരന്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ പിടിച്ചെടുത്ത് ഏതു സാഹസത്തിനും തയ്യാറായി. അറക്കല്‍ ബീവിയെ പ്രലോഭിപ്പിച്ച് മുരിക്കഞ്ചേരി മുസ്ലീം പടയാളികളെ സംഘടിപ്പിച്ച് കൊണ്ട് പടനയിച്ചു.
രണ്ടു നാള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ പ്രാണഭയത്തോടെ ഓടുന്ന കേളുവിനെ ചെറക്കലിന്റെ പടനായകന്‍ കുഞ്ഞിക്കണ്ണന്‍ ഉന്നം പിടിച്ചു
”കല്യാട്ടിടവാരി കുഞ്ഞിക്കണ്ണന്‍
കണ്ണനരിശം ചൊടിക്കുന്നുണ്ട്
വെടിയൂറ്റം ചൂണ്ടുന്ന കുഞ്ഞിക്കണ്ണന്‍
വെടിയുന്നം കാട്ടിപ്പിടിച്ചോളുന്നു
നെറ്റിത്തടം കണ്ടും നെറ്റി കണ്ടും
വെടിയുണ്ട രണ്ടല്ലേ വെച്ചോള്ന്ന്
അന്നേരം തമ്പുരാനരുളപ്പാട്”
തമ്പുരാന്‍ മുന്നോട്ടോടിയെത്തി. ഗര്‍ജിച്ചു… ”നില്‍ക്കു നില്‍ക്കു….”
ചോര ചോരുന്ന കേളു തമ്പുരാനെ ദയനീയമായി ഒന്നു നോക്കി. നെറ്റിത്തടം. നോക്കി കാഞ്ചിവലിക്കുന്നത് കണ്ട തമ്പുരാന്‍ പറഞ്ഞു
”കൊല്ലല്ല കൊല്ലല്ല കേളുവിന
ഓനോടൊരു വാക്ക് ചോദിക്കേണം
കേളുന്റെരികത്തു ചെന്നു നിന്നു
ചോദിക്കുന്നന്നേരം തമ്പുരാനും
തുളുവന്നൂരമ്പലം പൊളിപ്പിച്ചതും
പാതാള ബിമ്മം കെളപ്പിച്ചതും
നീ പോലും കയ്യാ മുരിക്കഞ്ചേരി
ഒന്നു നീ കേട്ടോളിന്‍ കുഞ്ഞിക്കണ്ണാ
നേര്‍ക്കത്തറിക്കേണം കേളു വിന
നെയ്യില്‍പ്പൊരിക്കണം കേളു വിന
ഒരു കണ്ടതില് കടിക്കണെനക്ക്”
അപ്പൊഴും കേളു നിന്ദയോടെ കവിള്‍ കൊണ്ട ചോര നീട്ടിത്തുപ്പി. പറയാനേറെയെങ്കിലും ഒരക്ഷരം പുറത്തുവന്നില്ല.
നന്ദികെട്ട കേളൂ ‘നിന്റെ ഗതി ഇതാണ്’
”അറക്കക്ക് വേണ്ടി മരിച്ച കയ്യ
ചെറക്കക്ക് വേണ്ടി നടന്നില്ല നീ
പെട്ടിയെടുത്തോളിന്‍ ചോനകരേ
ഓത്ത് ചൊല്ലിയോന’യെടുത്തൊളിന്‍”
മകനെപ്പോലെ സ്‌നേഹിച്ച കേളു മുഖ്യ ശത്രുവായി ചാല കടപ്പുറത്ത് മരിച്ചുവീണ കഥയില്‍ തമ്പുരാന്റെ പക കനലില്‍ നീറിപ്പുകയുന്നതായിരുന്നു. അധികാരം ആരെയും മദിപ്പിക്കുമെന്നും സ്‌നേഹബന്ധങ്ങള്‍ തീരെ മനുഷ്യനെ ദുഷിപ്പിക്കുമെന്നുമുള്ള സത്യം ആദ്യം വിനീത ദാസനും വിശ്വസ്തനുമായിരുന്ന കേളുനായര്‍ പിന്നെ ദുശ്ശാഠ്യക്കാരനും കുലശത്രുവുമായതില്‍ നിന്ന് തിരിച്ചറിയാം.
തമ്പുരാനെ ദുര്‍ബ്ബലനാക്കാന്‍ പുത്തൂര്‍ ശിവക്ഷേത്രം, തായിനേരി തുളുവന്നൂര്‍ ക്ഷേത്രം എന്നിവ കേളു നായര്‍ കൊള്ളയടിച്ചതായി നാടന്‍ പാട്ടു തെളിവു നല്‍കുന്നുണ്ട്. പുത്തുര്‍ അമ്പലത്തിലേക്ക് തൊടുത്ത പീരങ്കിയുണ്ടകള്‍ കാണികള്‍ക്ക് ഇന്നും കൗതുകമായുണ്ട് അവിടെ. വെടിയേറ്റു പിടയുമ്പോഴും പഴയ പട്ടിണി നാളുകളും ഇന്നത്തെ ദയനീയമായ ഈ അന്ത്യവും ആ മനസ്സിലൂടെ കടന്നു പോയിരിക്കാം.
നാടന്‍ പാട്ടു ചരിത്രം വഴിമാറി ഒഴുകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ കളങ്കമൊട്ടുമേശാത്ത, ആലങ്കാരികതയോ അതിശയോക്തിയോ ഒട്ടുംതന്നെ തൊട്ടുതീണ്ടാത്ത തനി വടക്കന്‍ നാടന്‍ ഭാഷയില്‍ ദശാബ്ദങ്ങളായി ഈ വയലേലകളില്‍ പാടി പതിഞ്ഞതാണ്. എന്നാല്‍ ഗവേഷകര്‍ ചിലര്‍ പോര്‍ച്ചുഗീസുമായി കോലത്തിരിയുടെ ബന്ധത്തിന് കേളു വിലങ്ങു തടിയായിരുന്നുവെന്നും തന്മൂലം വാസ്‌ക്കോഡഗാമ കേളുവിന്റെ മുഖ്യശത്രുവായി മാറിയെന്നും കരുതുന്നു. കേളു നായര്‍ കോലത്തിരിയുടെ മുഖ്യ പടനായകനും മാടായിക്കോട്ട എന്ന തമ്പുരാന്റെ തന്നെ മാടത്തില്‍ താമസിച്ചു, അരമനയിലേക്ക് കിട്ടേണ്ട നികുതികള്‍ പിരിച്ചെടുക്കുന്ന തെണ്ടക്കാരനും- (നികുതി പിരിവുകാരന്‍) കൂടിയായിരുന്നു. ഒരു മുന്നറിയിപ്പും കൊടുക്കാതെ കോട്ട കയ്യൊഴിയണമെന്ന തമ്പുരാന്റെ തിട്ടൂരം അവജ്ഞയോടെ തള്ളിക്കളയാന്‍ ആ ‘ധിക്കാരി’ തയ്യാറായതില്‍ ശരികേടു കാണാനും വയ്യ.
കോപതാപപരവശനായ കേളുനായര്‍ തമ്പുരാന്റെ കയ്യില്‍ ആ താക്കോല്‍ക്കൂട്ടം ഭവ്യതയോടെ കൊടുക്കാതെ മുറ്റത്തേക്ക് വലിച്ചെറിയാനും ചിറക്കല്‍ കോവിലകം ആനയെക്കൊണ്ട് തകര്‍ത്ത് അവിടെ ചെഞ്ചീര വിതച്ച് ആ ചീര ചിറക്കലിന്റെ ബദ്ധശത്രുവായ അറക്കല്‍ ബീവിക്ക് കറിയാക്കിക്കൊടുക്കുമെന്നും കേളു നായര്‍ സധൈര്യം പ്രഖ്യാപിക്കുന്നു.
മാടായിപാറപ്പുറത്ത് പരിച കമിഴ്ത്തി വീഴ്ത്തി നടത്തിയ ആ വെല്ലുവിളിയില്‍ തമ്പുരാനും ഒരു വേള നടുങ്ങിയിരിക്കണം. 16-ാം നൂറ്റാണ്ടില്‍ നടന്ന ആ സംഘര്‍ഷത്തില്‍ കേളുനായരെ, കോലത്തിരിയുടെ കൂടെച്ചേര്‍ന്ന് പോര്‍ച്ചുഗീസുകാരാണ് തന്ത്രത്തില്‍, വധിച്ചതെന്ന് ചിലര്‍ കുറിച്ചിടുന്നു.
പോര്‍ച്ചുഗീസുകാരല്ല ബ്രിട്ടീഷുകാരാണ് 1669 ല്‍ കേളുനായരുടെ അന്ത്യംകുറിച്ചതെന്നും മറ്റു ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ചിറക്കല്‍ തമ്പുരാന്‍ ബ്രിട്ടീഷുകാര്‍ക്ക് വളപട്ടണത്ത് പാണ്ടികശാല കെട്ടാന്‍ അനുവാദം നല്‍കിയതില്‍ ധീരനായ കേളു നായരാണ് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതത്രെ. അത് ബ്രിട്ടന്റെയും ചിറക്കല്‍ത്തമ്പുരാന്റെയു ശത്രുത വിളിച്ചു വരുത്തുകയും കൂറുമാറിയതിനാല്‍ അറക്കല്‍ ആലി രാജ സമ്മാനമായി നല്‍കിയ കുതിരപ്പുറത്ത് കുതിക്കുമ്പോള്‍ വെള്ളക്കാരനാണ് ആ ധീരനായദേശാഭിമാനിയെ വധിച്ചതെന്നും പറയുന്നു. ചരിത്ര പണ്ഡിതന്മാര്‍ നാട്ടിന്റെ നേര് മായമേതുമില്ലാതെ പാടിയ നാടന്‍ പാട്ടിനെ പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുന്നില്ല. ആ ധീരര്‍ പിടഞ്ഞു വീണത് പയ്യാമ്പലം കടല്‍ക്കരയിലാണെന്നതില്‍ രണ്ടു പക്ഷമില്ല. അഭിമാനിയായ കേളു നായരുടെ ശവശരീരം ഏഴടി നീളമുള്ള കല്ലറയിലാണ് അടക്കം ചെയ്തത്.
കിളിരം കൂടിയ ആറടിയോളം നീളമുള്ള മുരിക്കഞ്ചേരി കേളുനായര്‍ ഒരടി നീളമുള്ള തന്റെ ഉടവാളുമായാണ് കല്ലറയില്‍ കിടക്കുന്നത്. ആ ഗ്രാമ വീരനെ വര്‍ഷം തോറും അനുസ്മരിക്കാന്‍ മുരിക്കഞ്ചേരി തറവാട്ടുകാവില്‍ കേളുവിന്റെ തെയ്യക്കോലം ഇന്നും കെട്ടിയാടിവരുന്നുണ്ട്. നാട്ടുപാട്ടിലെ നായകന്റെ സ്മരണ നിലനിര്‍ത്താന്‍ കേരള പുരാവസ്തു വകുപ്പ് ആ കാടുമൂടിയ കല്ലറ ഒരു നല്ല സ്മാരകമാക്കി സംരക്ഷിക്കാന്‍ തുടക്കമിട്ടിട്ടുണ്ട്. നാടന്‍ പാട്ടിലെ കഥ കേവലം ഒരു കെട്ടുകഥ അല്ല, മറിച്ച് അതൊരു സത്യകഥ കൂടിയാണ്. തെളിവുകള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.





















