ഈ ഭൂമിയില്‍ ആത്മീയതയ്ക്ക് പരമപ്രാധാന്യം കൊടുക്കുന്ന ജനങ്ങള്‍ ഭാരതത്തിലേത് പോലെ മറ്റെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആത്മീയതയുടെ മേമ്പൊടി കൂടാതെ ഭാരതീയര്‍ ഒന്നും ഉള്‍ക്കൊള്ളില്ലെന്ന സ്വാമി വിവേകാനന്ദന്റെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ഈശ്വര ചിന്തയുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഭാരതീയ സമൂഹങ്ങള്‍ക്ക് ആത്മീയത പരലോക സുഖവാസത്തിനുള്ള എന്തെങ്കിലും ഉപാധിയല്ല. ഈശ്വരന്‍ ആനന്ദ സ്വരൂപനാണെന്നും ആ ആനന്ദ മഹാസാഗരത്തിന്റെ ഒരു കണം മാത്രമാണ് താനെന്നുമുള്ള ചിന്തയാണ് ഭാരതീയന് ആത്മീയത. അതായത് ഈശ്വരനും താനും അഥവാ പരമാത്മാവും ജീവാത്മാവും രണ്ടല്ലെന്നുള്ള ബോധം ഉള്ളവരെല്ലാം ഭാരതത്തില്‍ ആത്മീയ ജീവിയാണ്. ഈശ്വരാനുഭൂതി ഒരുവനില്‍ നിരന്തരമുണ്ടാക്കുവാനുതകുന്ന കര്‍മ്മങ്ങളെ ആത്മീയ സാധന എന്നാണ് ഭാരതീയര്‍ കണക്കാക്കി പോരുന്നത്. വൈവിദ്ധ്യ പൂര്‍ണ്ണമായ നിരവധി സാധനാ സമ്പ്രദായങ്ങള്‍ ഭാരതീയ ഗുരുപരമ്പരകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ശാരീരിക മാനസിക ശേഷിയും അഭിരുചിയുമനുസരിച്ച് അവനുതകുന്ന സാധനാ സമ്പ്രദായങ്ങള്‍ സ്വയം വരിക്കാവുന്നതാണ്. തന്റെ ഉള്ളില്‍ അജ്ഞാനം കൊണ്ട് മറഞ്ഞിരിക്കുന്ന ആത്മബോധത്തെ അഥവാ ഈശ്വര അവബോധത്തെ ഉണര്‍ത്തി സ്ഥിരപ്പെടുത്തുക എന്നതാണ് ഏത് ആത്മീയ സാധനയുടെയും ഉദ്ദേശ്യം. ഭഗവദ്ഗീത പോലുള്ള ഗ്രന്ഥങ്ങളില്‍ ഈശ്വരസാക്ഷാത്കാരത്തിനായി പ്രധാനമായും നാല് സാധനാ വഴികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം എന്നിവയാണ് ആ വഴികള്‍. ഇവയെ ഭഗവദ്ഗീത വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തത്വചിന്തയിലൂടെയും യുക്തിചിന്തയിലൂടെയും ഈശ്വരനെ അറിയാന്‍ ശ്രമിക്കുന്നതാണ് ജ്ഞാനയോഗമെന്ന് ലളിതമായി പറയാം. സര്‍വ്വ ചരാചരങ്ങളും ഈശ്വരന്റെ പ്രത്യക്ഷ രൂപമാണെന്ന ചിന്തയോടെ നിസ്വാര്‍ത്ഥ സേവാഭാവത്തോടെ കര്‍മ്മം ചെയ്യുന്നതാണ് കര്‍മ്മയോഗം. കര്‍മ്മത്തിലൂടെ താന്‍ ഈശ്വരപൂജ ചെയ്യുന്നു എന്ന ഭാവനയിലൂടെ സാക്ഷാത്ക്കാരം നേടുന്ന സമ്പ്രദായമാണിത്. രാജയോഗമാവട്ടെ ശാരീരിക വ്യായാമത്തിലൂടെയും പ്രാണായാമത്തിലൂടെയും ഒരുവന്റെ ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ഉണര്‍ത്തി അനുഭൂതി നേടുന്ന സമ്പ്രദായമാണ്. ഭക്തി യോഗം ഈശ്വരനെ മകനായും മകളായും ഭര്‍ത്താവായും ഭാര്യയായും കാമുകനായും യജമാനനായും സുഹൃത്തായുമൊക്കെ കണ്ടുകൊണ്ട് നടത്തുന്ന കീര്‍ത്തന ഭജന പൂജനങ്ങളിലൂടെ ആത്മസാക്ഷാല്‍ക്കാരം നേടുന്ന വഴിയാണ്. ജ്ഞാന യോഗം വൈചാരികമാണെങ്കില്‍ ഭക്തിയോഗം വൈകാരികമാണ്. ഭക്തി യോഗത്തില്‍ കാല്‍പ്പനികതയുടെ അംശം കൂടുതലാണ്. സാധാരണക്കാര്‍ക്ക് എപ്പോഴും സ്വീകാര്യമായ വഴി ഭക്തിയോഗമാണ് എന്നതിനാലാണ് സത്സംഗ ഭജനകളില്‍ ഭാരതത്തിലെമ്പാടും പതിനായിരങ്ങള്‍ തടിച്ചുകൂടുന്നത്. ഗീതാജ്ഞാനയജ്ഞത്തെക്കാള്‍ ഭാഗവത സപ്താഹത്തിന് ആളുകൂടുന്നതിന്റെ കാരണമിതാണ്.
ഭക്തിമാര്‍ഗ്ഗത്തിലെ വിവിധ പന്ഥാവുകള്‍
ഒമ്പത് വിധ ഭക്തിമാര്‍ഗ്ഗങ്ങളെക്കുറിച്ച് ആചാര്യന്മാര്‍ പറയുന്നുണ്ട്. ‘ശ്രവണം കീര്‍ത്തനം വിഷ്ണുസ്മരണം പാദസേവനം അര്‍ച്ചനം വന്ദനംദാസ്യം സഖ്യമാത്മനിവേദനം’ എന്നിവയാണവ. ഈശ്വരന്റെ വിവിധ നാമങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതും ഈശ്വരകീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും പാടുന്നതും നിരന്തരം ഈശ്വരസ്മരണ ചെയ്യുന്നതും ഈശ്വരന്റെ പാദസേവ ചെയ്യുന്നതും ഈശ്വരാര്‍ച്ചന ചെയ്യുന്നതും ഈശ്വരനെ വന്ദിക്കുന്നതും ഈശ്വരന്‍ തന്റെ യജമാനനാണ്, പ്രഭുവാണ് താന്‍ കേവല ദാസനാണെന്ന ഭാവത്തോടെ ജീവിക്കുന്നതും ഈശ്വന്‍ തന്റെ ഏക സുഹൃത്താണ് എന്ന ഭാവന വളര്‍ത്തുന്നതും തന്നെ ഈശ്വരനായി സമര്‍പ്പിക്കുന്നതുമെല്ലാം ഭക്തിയോഗത്തിന്റെ വഴികളാണ്. ഭക്തിയോഗിയുടെ ഈശ്വരന്‍ മിക്കവാറും സാകാര മൂര്‍ത്തിയാണ്. അതുകൊണ്ടു തന്നെ അവന്റെ സാധനാ വഴിയില്‍ കാല്‍പ്പനികതയുടെയും വൈകാരികതയുടെയും തലം ഏറിയിരിക്കും എന്നു കാണാം. ഈശ്വരനാമം ഇടവിടാതെ കേള്‍ക്കുന്നതും കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും സംഗീതാത്മകമായി പാടുന്നതുമാണ് ശ്രവണം, കീര്‍ത്തനം തുടങ്ങിയ ഭക്തിമാര്‍ഗ്ഗങ്ങളില്‍ പെടുന്നവ. ഇന്നു കാണുന്ന ഭജനമണ്ഡലികളും ഭജന സങ്കീര്‍ത്തന സഭകളുമൊക്കെ ഭക്തിയോഗത്തില്‍ ആധാരമുറപ്പിച്ചിരിക്കുന്നവയാണ്. ഭക്തിയോഗത്തിന്റെ പൗരാണിക മാതൃക ബ്രഹ്മര്‍ഷി നാരദരും ഹനുമാനുമൊക്കെയാണ്. സദാ തന്റെ വീണയും കൈത്താളവുമായി ഈശ്വരനാമം ജപിച്ച് ത്രിലോകങ്ങളിലും സഞ്ചരിക്കുന്ന നാരദര്‍ പുരാണസാഹിത്യങ്ങളില്‍ ഭക്തിയോഗത്തിന്റെ അംബാസിഡറാണ്. ചിരംജീവിയായ ഹനുമാന്‍ കദളീവനത്തില്‍ ഇന്നും രാമനാമം പാടി ഏകാന്ത സാധന ചെയ്യുന്നു എന്നാണ് ഭക്തരുടെ വിശ്വാസം.

ഭജനപാരമ്പര്യത്തിന്റെ ചരിത്രം
ഈ അടുത്തകാലത്തായി ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും ഭജനസംഘങ്ങള്‍ വന്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. റാപ്പ് ഗാനസംഘങ്ങളെ ഒക്കെ കടത്തിവെട്ടി ഭജന സംഘങ്ങള്‍ മുന്നേറുന്നത് ഭാരതത്തില്‍ വലിയ വാര്‍ത്ത അല്ലെങ്കിലും കേരളത്തില്‍ അതൊരു വാര്‍ത്ത തന്നെയാണ്. ഭക്തി എന്നൊക്കെ പറയുന്നത് പഴഞ്ചനും പിന്‍തിരിപ്പനും പ്രായമായവര്‍ക്കുള്ളതുമാണെന്ന ധാരണ തിരുത്തിക്കൊണ്ടാണ് കേരളത്തില്‍ ആബാലവൃദ്ധം ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ട് ഭജന സംഘങ്ങള്‍ തരംഗമാകുന്നത്. ഇക്കാര്യത്തില്‍ നന്ദഗോവിന്ദം എന്ന ഭജനസംഘം മുന്‍പേ പറന്ന പക്ഷിയാണെങ്കിലും പക്ഷബലത്തോടെ നിരവധി സംഘങ്ങള്‍ പിമ്പേ പറന്നെത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തിനേയും വിവാദമാക്കി ആനന്ദിക്കുന്ന മലയാളികള്‍ ഭജന സംഘങ്ങളുടെ വരവിനേയും തെല്ലൊരു അസഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. നന്ദഗോവിന്ദം ഭജനസംഘം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രച്ഛന്ന മുഖമാണെന്ന് വിമര്‍ശിച്ചിരുന്നവരൊക്കെ ഇരുട്ടിവെളുത്തതോടെ നന്ദഗോവിന്ദത്തിന്റെ വക്താക്കളായി മാറുന്ന കാഴ്ചയും കാണാനായി. അവര്‍ ഒരു ക്ഷേത്രപരിപാടിക്കിടെ ഒരു ക്രിസ്തീയ ഭക്തിഗാനം പാടിയതിനെ ചിലര്‍ വിമര്‍ശിച്ചതോടെയാണ് മതേതര മന്യന്മാര്‍ക്ക് നന്ദഗോവിന്ദം സ്വീകാര്യരായി തുടങ്ങിയത്. ഇതിന്റെ ഒക്കെ പിന്നിലുള്ള മലയാളിയുടെ സങ്കുചിത രാഷ്ട്രീയ ബോധം വിഗണിച്ചുകൊണ്ട് ഭാരതത്തിന്റെ ഭജനസംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഇപ്പോള്‍ വേദി നിറഞ്ഞാടുന്നവരും മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്നവരുമായ ഭജന സംഘങ്ങള്‍ മനസ്സിലാക്കേണ്ട ചില സംഗതികള്‍ ഉണ്ട്. ആധുനിക സാങ്കേതികവിദ്യകളും സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളുമൊന്നുമില്ലാതിരുന്ന കാലത്ത് ജനമനസ്സുകളില്‍ ഭക്തിയും വിശ്വാസവും സംസ്‌കാരവും സാന്ത്വനവും പകര്‍ന്നുകൊണ്ട് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഭജന സംഘങ്ങള്‍ ഈ നാട്ടിലുണ്ടായിരുന്നു. അവരൊന്നും പേരിനും പെരുമയ്ക്കും പണത്തിനും വേണ്ടിയായിരുന്നില്ല കീര്‍ത്തനങ്ങള്‍ ചമച്ച് പാടിയിരുന്നത്. ഭക്തിയോഗത്തിന്റെ സാന്ത്വന സംഗീതമാകാന്‍ നിയോഗം ലഭിച്ച അനേകം നിസ്വാര്‍ത്ഥ ജന്മങ്ങളുടെ ഋഷി തുല്യമായ ജീവിതങ്ങളെ സ്മരിച്ചു കൊണ്ടാവണം ഇന്നിന്റെ ഭജന സംഘങ്ങളും ഭജനമണ്ഡലികളും പ്രവര്‍ത്തിക്കാന്‍. ഭഗവല്‍ ഭക്തി ഒന്നു മാത്രമാവണം അവരുടെ പ്രവര്‍ത്തന മൂലധനം. അഹങ്കാര രഹിതമായ കീര്‍ത്തന പാരമ്പര്യം പാടുന്നവനിലും കേള്‍ക്കുന്നവനിലും ഈശ്വരാനുഭൂതി പകര്‍ന്നു നല്‍കും. അവിടെ പി.ആര്‍. വര്‍ക്കിന്റെ ഒന്നും ആവശ്യമുണ്ടാവില്ല. ആയിരത്താണ്ടുകളായി ഈ ഋഷി ഭൂമിയില്‍ നിലനില്‍ക്കുന്ന ഭജന പാരമ്പര്യത്തിന്റെ വര്‍ത്തമാനകാല മുഖമാണ് തങ്ങളെന്ന് വളര്‍ന്നു വരുന്ന ഓരോ ഭജന സംഘങ്ങളും ചിന്തിക്കേണ്ടതാണ്. ഭജനയെ ഉപജീവന മാര്‍ഗ്ഗമായി കാണാതെ ഒരു സാംസ്‌കാരിക ദേശീയ പ്രവര്‍ത്തനമായി കാണേണ്ടതുണ്ട്.
ഭാരതത്തിലുണ്ടായ വൈദേശിക അധിനിവേശവും തുടര്‍ന്നുണ്ടായ സാംസ്‌കാരിക അധ:പതനവും ഭാരതീയ മനസ്സിലുണ്ടാക്കിയ ആഘാതത്തില്‍ നിന്നാണ് രാജ്യവ്യാപകമായ ഭക്തി പ്രസ്ഥാനമെന്ന നവതരംഗമുണ്ടാവുന്നത്. ഭക്തിഗാനങ്ങള്‍ക്ക് മാനസികമായ സാന്ത്വനവും സാംസ്‌കാരികമായ ഉണര്‍വും പകര്‍ന്നു നല്‍കാനായി. നിരവധി ആചാര്യന്മാര്‍ ഇക്കാലത്ത് ഉദയം കൊണ്ടു. വൈഷ്ണവ ഭക്തി പ്രസ്ഥാനമായിരുന്നു രാജ്യവ്യാപകമായി പടര്‍ന്നു മുന്നേറിയത്. അവരുടെ സ്തുതി കീര്‍ത്തനങ്ങളില്‍ മര്യാദാപുരുഷോത്തമനായ രാമനും മഹാപരാക്രമി എങ്കിലും പ്രേമസ്വരൂപനായ കൃഷ്ണനും നിറഞ്ഞുനിന്നു. സീതയും രാധയും മാതൃകാ സ്ത്രീ ദേവതകളായി ഭജനകളില്‍ നിറഞ്ഞത് മൂല്യങ്ങളുടെ വീണ്ടെടുപ്പിനുള്ള ഔഷധക്കൂട്ടു പോലെ പ്രവര്‍ത്തിച്ചു. ഭജന സാഹിത്യം വിരചിച്ചവരില്‍ പലരും ഹിന്ദു സമൂഹത്തില്‍ ഒരു കാലത്ത് പിന്നാക്ക വിഭാഗക്കാരായി പരിഗണിച്ചവരായിരുന്നു. കബീര്‍ദാസ്, മീരാഭായ്, സന്ത് തുക്കാറാം തുടങ്ങിയവരൊക്കെ ഉത്തര ഭാരതത്തില്‍ ഗ്രാമ-നഗര ഭേദമില്ലാതെ സഞ്ചരിച്ച് ഭഗവത്കീര്‍ത്തനങ്ങള്‍ പാടിയവരാണ്.
ഹിന്ദിയിലും സംസ്‌കൃതത്തിലും മാത്രമല്ല ഭാരതത്തിലെ എല്ലാ പ്രാദേശിക ഭാഷകളിലും ഭജനകള്‍ ഉണ്ടായിട്ടുണ്ട്. പ്രാദേശിക ഭേദവും സങ്കല്‍പ്പ വൈവിദ്ധ്യവും കൊണ്ട് നിരവധി ഭജന രീതികള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. കബീര്‍ദാസ്, ഗുരുനാനാക്ക് തുടങ്ങിയ ആചാര്യന്മാര്‍ നിര്‍ഗുണവും നിരാകാരവുമായ ഈശ്വരചൈതന്യത്തെ അഥവാ ബ്രഹ്മത്തെയാണ് അവരുടെ ഭജന കീര്‍ത്തനങ്ങളിലൂടെ സ്തുതിച്ചിരുന്നത്. ഇതിന്റെ ഭാഷ ലളിതമാണെങ്കിലും ഉള്ളടക്കം തത്ത്വചിന്താ പ്രധാനമായിരുന്നു. ഗുരുദ്വാരകളിലും മറ്റും അവിരതം മുഴങ്ങുന്ന ഭജനകള്‍ ഈ സമ്പ്രദായത്തിനുദാഹരണമാണ്. ഈശ്വരനെ സഗുണ സാകാര ഭാവത്തില്‍ സ്തുതിക്കുന്ന സമ്പ്രദായത്തിനാണ് ഭാരതത്തില്‍ സ്വീകാര്യത കൂടുതല്‍. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശിവന്‍, ഗണപതി തുടങ്ങിയ ദേവതകളെക്കുറിച്ചുള്ള പാട്ടുകളാണ് ഈ സമ്പ്രദായത്തില്‍ പെട്ടവര്‍ പാടുന്നത്. സന്ത് തുളസീദാസന്‍ രാമ ഭജനകളില്‍ അഭയം കണ്ടപ്പോള്‍ മീരാഭായിയും സന്ത് സൂര്‍ദാസുമൊക്കെ കൃഷ്ണഭക്തി ഗീതങ്ങളിലാണ് അഭിരമിച്ചത്.
സാമ്പ്രദായിക ഭജന
ദക്ഷിണ ഭാരതത്തിലെ ഭജന പാരമ്പര്യം സാമ്പ്രദായിക ഭജനം എന്ന് അറിയപ്പെട്ടിരുന്നു. കര്‍ണ്ണാടക സംഗീതത്തിന്റെ അടിസ്ഥാനത്തില്‍ രാഗബദ്ധവും ശാസ്ത്രീയവുമായി കീര്‍ത്തനങ്ങളും നാമാവലികളും ഒരു പ്രത്യേക ക്രമത്തില്‍ ആലപിക്കുന്ന രീതിയാണ് സാമ്പ്രദായിക ഭജന്‍. പ്രധാനമായും ശ്രീ മരുതനല്ലൂര്‍ സദ്ഗുരുസ്വാമികള്‍, ശ്രീ പുതുക്കോട്ടൈ ഗോപാലകൃഷ്ണ ഭാഗവതര്‍ എന്നിവരാണ് ഈ ക്രമം വികസിപ്പിച്ചെടുത്തത്. സാമ്പ്രദായിക ഭജനയിലെ ഗുരു ത്രയങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍ ബോധേന്ദ്രസ്വാമികള്‍, ശ്രീധര അയ്യാ വാള്‍, മരുതനല്ലൂര്‍ സദ്ഗുരുസ്വാമികള്‍ എന്നിവരാണ്. ഇന്നത്തെ സമ്പ്രദായ ഭജന രൂപപ്പെടുന്നതില്‍ മരുതനല്ലൂര്‍ സദ്ഗുരുസ്വാമികളുടെ സംഭാവന വലുതാണ്. സമ്പ്രദായ ഭജനകളുടെ സാമാന്യക്രമം, ഗുരുധ്യാനം, ഗുരു അഭംഗുകള്‍, സാധുക്കളെയും സന്യാസിമാരെയും കുറിച്ചുള്ള കീര്‍ത്തനങ്ങള്‍, ജയദേവരുടെ അഷ്ടപദി, ദേവതാ കീര്‍ത്തനങ്ങള്‍, മംഗളാചരണം തുടങ്ങിയവയൊക്കെയാണ്.
സമത്വവാദികളായ മഹാചാര്യന്മാര്‍
പുരന്ദരദാസന്‍, സദാശിവ ബ്രഹ്മേന്ദ്രന്‍ ത്യാഗരാജ സ്വാമികള്‍ എന്നിവരൊക്കെ ദക്ഷിണ ഭാരതത്തിലെ ഭജന ഗാന ശാഖയ്ക്ക് വലിയ സംഭാവനകള്‍ ചെയ്തവരാണ്. എഡി 1767 ല്‍ ജനിച്ച് എഡി 1847 ല്‍ സമാധിയായ ത്യാഗരാജ സ്വാമികള്‍ വൈഷ്ണവ ഭക്തിഗാന ശാഖയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ അവധൂത സമാനനായ മഹാത്മാവായിരുന്നു. ഭഗവാന്‍ ശ്രീരാമനായിരുന്നു ഇദ്ദേഹത്തിന്റെ സര്‍വ്വസ്വവും. രാമനാമവും കീര്‍ത്തനവും അദ്ദേഹത്തിന് പ്രാണശ്വാസമായിരുന്നു. ആഹാര ജലപാനങ്ങളില്ലാതെ വേണമെങ്കില്‍ അദ്ദേഹം എത്ര ദിവസം വേണമെങ്കിലും കഴിയുമായിരുന്നു. എന്നാല്‍ രാമനാമമില്ലാതെ അദ്ദേഹത്തിന് മാത്രപോലും ജീവിക്കാനാവുമായിരുന്നില്ല. ഇരുപത്തിനാലായിരത്തില്‍പരം കൃതികള്‍ ഇദ്ദേഹം രചിച്ചെങ്കിലും ഇതില്‍ എഴുന്നൂറെണ്ണം മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ‘പരമാത്മു ഡു വേലിഗേ’ എന്ന കൃതിയിലൂടെ ഈശ്വരചൈതന്യം എല്ലാവരിലും കുടികൊള്ളുന്നു എന്ന് സംശയലേശെമന്യേ പ്രഖ്യാപിച്ച ത്യാഗരാജ സ്വാമികള്‍ എല്ലാത്തരം ഉച്ചനീചത്വ ചിന്തകളെയും നിരാകരിച്ചു. എഡി 1484 ല്‍ ജനിച്ച് എഡി 1564 ല്‍ സമാധിയായ പുരന്ദരദാസനും മനുഷ്യത്വത്തിന്റെ മഹാഗായകനായിരുന്നു. ‘ആ വകുലവാദരേനു ആവനദരേനു ആത്മ ഭാവവരിയദ മേലെ’ എന്ന കൃതിയിലൂടെ അദ്ദേഹം മനുഷ്യത്വത്തിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാത്തവന്റെ ജാതിക്കും പദവിക്കും എന്തര്‍ത്ഥമാണുള്ളത് എന്ന് ചോദിക്കുന്നു. കൃഷ്ണനെ സര്‍വ്വസ്വവുമായി കണ്ട പുരന്ദരദാസന്‍ ‘ജഗദോദ്ധാരണ അദിസിദലേശോദാ’ എന്ന വരികളിലൂടെ ജഗദോദ്ധാരകനോട് നിനക്കെങ്ങനെ കളിക്കാന്‍ സാധിച്ചു യശോദേ എന്ന് അല്‍ഭുതം കൂറുന്നു. തെലുങ്കു കവിയും സന്യാസിയുമായിരുന്ന അന്നമാചാര്യ എന്ന അന്നമയ്യ എഡി 1408 ല്‍ ജനിച്ച് എഡി 1503 ല്‍ സമാധിയാകുമ്പോഴേയ്ക്ക് 32000 കീര്‍ത്തനങ്ങള്‍ രചിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റേതായി 14,904 കീര്‍ത്തനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഒരിക്കലും ഉച്ചനീചത്വങ്ങള്‍ അംഗീകരിക്കാതിരുന്ന അന്നമയ്യ ‘ബ്രഹ്മമോകടെ’ എന്ന തന്റെ കൃതിയിലൂടെ ആരും ഉന്നതനോ താഴ്ന്നവനോ അല്ലെന്നും എല്ലാവരുടെയും അന്തരാത്മാവ് ഒന്നാണെന്നും സമര്‍ത്ഥിച്ചു. കേവലം ഭക്തിക്കുമപ്പുറം സാമൂഹ്യ സമത്വം സ്ഥാപിക്കുക എന്ന ലക്ഷ്യം കൂടി ഈ ഭജന സംഗീത ഗുരുക്കന്മാര്‍ക്കുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
ഭജനപഥത്തിലെ ഉഞ്ഛവൃത്തി
ദക്ഷിണ ഭാരതത്തിലെ ചില ഭജനശൈലിയില്‍ ഉഞ്ഛവൃത്തി എന്നൊരു സമ്പ്രദായം നിലനിന്നിരുന്നു. ഉഞ്ഛവൃത്തി എന്നാല്‍ ഒരിനം ഭിക്ഷാടനമാണ്. ഭഗവാന്റെ കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടു നടത്തുന്ന ഭിക്ഷാടനം. ഉഞ്ഛം എന്നാല്‍ കൊയ്ത്തും മെതിയും കഴിഞ്ഞ പാടത്ത് കൊഴിഞ്ഞു വീണു കിടക്കുന്ന ധാന്യമണികള്‍ എന്നാണ് അര്‍ത്ഥം. സാധാരണ കിളികള്‍ ഈ ധാന്യം കൊത്തിപ്പെറുക്കിയാണ് വിശപ്പടക്കുന്നത്. കിളികള്‍ ഒന്നും നാളേയ്ക്ക് സമ്പാദിച്ചു വയ്ക്കാതെ ഈശ്വരകൃപകൊണ്ട് ലഭിക്കുന്ന ധാന്യമണികളില്‍ വിശപ്പകറ്റി സംതൃപ്തരാകുന്നു. ഉഞ്ഛവൃത്തിയിലൂടെ അവധൂത പരമാത്മാക്കള്‍ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ മഹാ സന്ദേശമാണ്. പരമ പ്രഭുവായ ഈശ്വരന്റെ തിരുനാമങ്ങള്‍ പാടുന്ന മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാവാം ഉഞ്ഛവൃത്തി അനുഷ്ഠിക്കുന്നത്. എളിമയും ആത്മസമര്‍പ്പണവും വളര്‍ത്താന്‍, ഒന്നും സ്വന്തമായി കരുതി വയ്ക്കാതെ ഈശ്വരാശ്രിതനായി കഴിയുന്ന ജീവിത ശൈലി അഥവാ അപരിഗ്രഹം എന്ന വ്രതം പാലിക്കാന്‍ ഉഞ്ഛവൃത്തി പഠിപ്പിക്കുന്നു. ഭജന അഹങ്കാര രഹിതമായി പാടേണ്ട ഒന്നാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഉഞ്ഛവൃത്തി. ഇതില്‍ കീര്‍ത്തനം പാടുന്ന ഭാഗവതര്‍ പരമ്പരാഗത വസ്ത്രങ്ങളോടെ ഭസ്മ ചന്ദനാദികള്‍ ധരിച്ച് തോളില്‍ അക്ഷയപാത്രം എന്നറിയപ്പെടുന്ന ചെമ്പു പാത്രവുമായി ഗ്രാമ നഗരവീഥികളില്‍ കീര്‍ത്തനം പാടി നീങ്ങുന്നു. കീര്‍ത്തനം പാടുമ്പോള്‍ ഇവര്‍ കൈവിരലുകളാല്‍ താളം പിടിക്കാന്‍ ചിപ്ല അഥവാ ചപ്ലാം കട്ടയും തംബുരുവും ഉപയോഗിക്കുന്നു. ഭജന പാടി തെരുവിലൂടെ പോകുമ്പോള്‍ ഒരാളോടുപോലും ഭിക്ഷ യാചിക്കില്ല. എന്നാല്‍ ഉഞ്ഛവൃത്തി അനുഷ്ഠിക്കുന്ന പുണ്യാത്മാവിന്റെ ഭജനനാദം കേള്‍ക്കുന്ന മാത്രയില്‍ ഗൃഹസ്ഥര്‍ അക്ഷയപാത്രത്തില്‍ ഫലമൂലാദികളോ ധാന്യമോ സമര്‍പ്പിക്കുന്നു. വിശ്വവിഖ്യാതനായിരുന്ന ത്യാഗരാജ സ്വാമികള്‍ രാമനാമം പാടി ഉഞ്ഛവൃത്തി അനുഷ്ഠിച്ചാണ് ജീവിച്ചിരുന്നത്. തഞ്ചാവൂര്‍ മഹാരാജാവ് നല്‍കിയ സമ്പത്ത് നിരസിച്ച അദ്ദേഹം തിരുവയ്യാറിലെ തെരുവുകളില്‍ ശ്രീരാമകീര്‍ത്തനങ്ങള്‍ പാടി ഉഞ്ഛവൃത്തി നടത്തി ജീവിച്ചു.

ത്യാഗരാജ സ്വാമികളുടെ ഉഞ്ഛവൃത്തിയെ അനുസ്മരിച്ചു കൊണ്ട് ഇന്നും ഭജന പാടി ഉഞ്ഛവൃത്തി ചെയ്യുന്നവരുണ്ട്. ഉഞ്ഛവൃത്തിയിലൂടെ ലഭിക്കുന്ന ധാന്യങ്ങള്‍ ഭക്തര്‍ ഭാഗവത സപ്താഹങ്ങളിലോ സമൂഹസദ്യക്കോ ഉപയോഗിച്ചു പോരുന്നു. ഉച്ചനീചത്വഭേദഭാവങ്ങള്‍ ഭജനയിലൂടെ എപ്രകാരം ദൂരീകരിക്കാന്‍ കഴിയുമെന്നതിന്റെ മധുരോദാഹരണമാണ് ഉഞ്ഛവൃത്തി. ഇന്നത്തെ കാലത്തെ പഞ്ചനക്ഷത്ര ഭജന സംഘങ്ങള്‍ക്കും അഹങ്കാരം വളരാതിരിക്കാന്‍ ഉഞ്ഛവൃത്തി പരിശീലിക്കാവുന്നതാണ്. പാലക്കാടും തിരുവനന്തപുരത്തും മറ്റും ചില ഗ്രാമങ്ങളിലും അഗ്രഹാരങ്ങളിലും ഇന്നും ഉഞ്ഛവൃത്തി നടത്തുന്ന സംഗീത ഭജനമണ്ഡലി സംഘങ്ങളുണ്ട്. ഇവര്‍ ലഭിക്കുന്ന അരി ഉപയോഗിച്ച് ഗ്രാമക്ഷേത്രോത്സവത്തിന്റെ സമാപന ദിവസം പ്രസാദം തയ്യാറാക്കി വിതരണം ചെയ്യുന്നു. ഭജന എങ്ങിനെയൊക്കെയാണ് മനുഷ്യ മനസ്സുകളെ സംസ്‌കരിച്ചിരുന്നത് എന്നതിന്റെ ലളിത ഉദാഹരണമാണ് ഉഞ്ഛവൃത്തി.
വാര്‍കരീ സമ്പ്രദായം
ഭാരതത്തില്‍ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുവം കൊണ്ട ഭജന സംസ്‌കാരം രാജ്യത്തെങ്ങും വ്യത്യസ്ത സമ്പ്രദായങ്ങളിലുള്ള ഭജന രീതികള്‍ക്ക് തുടക്കം കുറിച്ചു. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് മഹാരാഷ്ട്രയിലെ വൈഷ്ണവ ഭക്തര്‍ നടത്തുന്ന വാര്‍കരീ സമ്പ്രദായം. ലളിതമായ സാഹിത്യവും താളവുമുള്ള അഭംഗുകള്‍ എന്നറിയപ്പെടുന്ന ഭജനകളാണ് വാര്‍കരി സമ്പ്രദായത്തില്‍ പാടുന്നത്. സന്ത് തുക്കാറാം, സന്ത് ജ്ഞാനേശ്വര്‍, സന്ത് നായക് ദേവ് എന്നിവരൊക്കെ മറാത്തി അഭംഗുകളുടെ പ്രധാന കര്‍ത്താക്കളാണ്. പണ്ഡര്‍പൂരിലെ വിഠോബ അഥവാ വിഠലന്‍ ആണ് അവരുടെ ആരാധ്യ ദേവത. വിഠോബ ഭഗവാന്‍ കൃഷ്ണന്‍ തന്നെയാണ്. ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയിലും കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയിലും പണ്ഡര്‍പൂര്‍ ഭക്തജന സാഗരമായി മാറും. എവിടെയും ഭജനസംഘങ്ങള്‍ കൈമണി കൊട്ടി വിഠോബയുടെ കീര്‍ത്തനങ്ങള്‍ പാടി നീങ്ങുന്ന കാഴ്ചയായിരിക്കും കാണാന്‍ കഴിയുക. ഏകാദശി നാളില്‍ അവര്‍ വ്രതവിശുദ്ധിയോടെ പണ്ഡരിപ്പൂരില്‍ അഖണ്ഡ ഭജന്‍ നടത്തുന്നു. ഈ പുണ്യതിഥികളില്‍ മഹാരാഷ്ട്രയിലും പരിസര പ്രദേശങ്ങളിലും നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പാല്‍ക്കി എന്നറിയപ്പെടുന്ന പല്ലക്കുമേന്തി ഭജന കീര്‍ത്തനങ്ങള്‍ പാടി പണ്ഡരിപ്പൂരിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നു. ഈ പല്ലക്കില്‍ പുണ്യ ഗ്രന്ഥങ്ങളായിരിക്കും ഉണ്ടാവുക. ദിണ്ഡി എന്നറിയപ്പെടുന്ന ഈ യാത്രയില്‍ ജാതിഭേദമേതുമില്ലാതെ ഏവരും പങ്കെടുക്കുന്നു. ഇതിലെ ഭക്തജനങ്ങള്‍ പാടുന്ന അഭംഗുകള്‍ പലതും എഴുതിയത് സമൂഹത്തില്‍ ഒരു കാലത്ത് പിന്നാക്കക്കാരായി കണക്കാക്കിയിരുന്നവരായിരുന്നു. അവരുടെ ആത്മീയാനുഭൂതികളാണ് അഭംഗുകളായി പുറത്തുവന്നത്. പ്രസിദ്ധങ്ങളായ അഭംഗുകളുടെ കര്‍ത്താവായിരുന്ന സന്ത് സാവത തോട്ടക്കാരനായിരുന്നു. സന്ത് ചോഖമേള മഹാര്‍ ദളിതവിഭാഗത്തില്‍ ജനിച്ച മഹാത്മാവായിരുന്നു. സന്ത് നരഹരിദാസ് വിശ്വകര്‍മ്മജവിഭാഗത്തില്‍ ജനിച്ച സ്വര്‍ണ്ണ പണിക്കാരനായിരുന്നു. സന്ത് ഗോറ കുംഭാരന്മാര്‍ അഥവാ കൊശവ സമൂഹത്തില്‍ ജനിച്ച പുണ്യാത്മാവായിരുന്നു. ലതീസ് ഷാ, ഷൈഖ് മുഹമ്മദ് തുടങ്ങിയ മുസ്ലീം മഹാത്മാക്കളും വിഠോബയുടെ ഭക്തരായിരുന്നു. ഭജന സംസ്‌ക്കാരം രാജ്യത്തു നിലനിന്നിരുന്ന ജാതി വിഭാഗീയതകളെ ഉന്മൂലനം ചെയ്ത് സാമൂഹ്യ സമരസത ഉണ്ടാക്കുന്നതിന്റെ ഉത്തമ മാതൃകയാണ് വാര്‍കരി സമ്പ്രദായത്തില്‍ കാണാന്‍ കഴിയുന്നത്.

ബാവുള്‍ സംഗീതം
അവധൂത സ്വഭാവമുള്ള ബംഗാളിലെ നാടോടികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന ഭജന സമ്പ്രദായമാണ് ഇത്. ഇതിന്റെ സാഹിത്യം ലളിതമാണെങ്കിലും തത്വചിന്താപരമാണ്. ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചും ഈശ്വരപ്രേമത്തെക്കുറിച്ചുമൊക്കെയാണ് ബാവുള്‍ ഗായകര്‍ അധികവും പാടാറ്. ഇവര്‍ ഒരു പ്രത്യേക വിഭാഗം സന്യാസിമാരാണ്. ഒരു കൈയില്‍ ലളിതമായ ഒരു തന്ത്രി വാദ്യം അവര്‍ പാട്ടിനകമ്പടിയായി ഉപയോഗിക്കുന്നു. ഇന്നും ബംഗാള്‍ ഗ്രാമങ്ങളില്‍ ബാവുള്‍ ഗായകര്‍ അനവരതം ഏകതാരയില്‍ ശ്രുതി മീട്ടി പാടിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഭജന സമ്പ്രദായങ്ങള്‍
കേരളത്തിനും സമൃദ്ധമായ ഒരു ഭജന സമ്പ്രദായം ഉണ്ട് എന്ന് കാണാന്‍ കഴിയും. ഒരു പക്ഷെ പുള്ളുവന്‍ പാട്ടിലായിരിക്കും കേരളത്തിന്റെ ഭജന സമ്പ്രദായത്തിന്റെ പ്രാരംഭം കാണാന്‍ കഴിയുക. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലൂടെ ഉദയം ചെയ്ത ഭക്തി പ്രസ്ഥാനം സര്‍വ്വസാധാരണക്കാരന്റെ ഉപാസനാ വഴികളെ കുളിരണിയിച്ചു കൊണ്ട് നൂറ്റാണ്ടുകളായി ഒഴുകി കൊണ്ടിരിക്കുകയാണ്. ഭഗവല്‍ നാമ പര്യായങ്ങള്‍ താളബദ്ധമായി നിബന്ധിക്കുന്ന എഴുത്തച്ഛന്റെ രചനാശൈലിയില്‍ തന്നെ കീര്‍ത്തന സംസ്‌കാരം തിരനോട്ടം നടത്തുന്നുണ്ട്. ഹരിനാമകീര്‍ത്തനത്തിലൂടെ ഋതുവായ പെണ്ണിനും ശ്മശാന ജോലിക്കാരനും ഏത് പിന്നാക്കക്കാരനും യാഗമനുഷ്ഠിക്കുന്ന ബ്രാഹ്മണനുമെല്ലാം ഈശ്വര കീര്‍ത്തനാലാപത്തില്‍ വിലക്കുകളേതുമില്ലാതെ സമത്വ ഭാവനയോടെ പങ്കെടുക്കാമെന്നു പ്രഖ്യാപിക്കുന്നതില്‍ ഭജന സംസ്‌കാരത്തിന്റെ സന്ദേശമുണ്ട്. വേദാന്തദര്‍ശനങ്ങളും മൂര്‍ത്തീപൂജയുമെല്ലാം ലളിതഭാഷയില്‍ ജ്ഞാനപ്പാനപോലുള്ള കീര്‍ത്തന കൃതികളിലൂടെ അവതരിപ്പിച്ച പൂന്താനവും ഭക്തിസാഹിത്യത്തിന് നല്‍കിയ സംഭാവന വളരെ വലുതാണ്. ചിന്തുപാട്ടും ശാസ്താംപാട്ടുമൊക്കെ കേരളത്തിലെ ഭജന സമ്പ്രദായത്തിന്റെ പ്രാരംഭ രൂപങ്ങളായി കണക്കാക്കാം.
പണ്ടുമുതലേ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ ഏകാദശി ഭജന നടന്നിരുന്നു. ചിലപ്പോഴൊക്കെ സാമുദായിക സംഘടനകള്‍ ഇതിന് നേതൃത്വം കൊടുത്തിരുന്നു. ശബരിമല തീര്‍ത്ഥാടന കാലമായ മണ്ഡല മകരവിളക്കു കാലത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മണ്ഡലം ചിറപ്പെന്ന പേരില്‍ സാമൂഹ്യ ഭജന സര്‍വ്വസാധാരണമായിരുന്നു. വടക്കന്‍ കേരളത്തില്‍ ഇത് അയ്യപ്പന്‍മഠങ്ങള്‍ എന്ന പേരിലുള്ള സങ്കേതങ്ങളിലായിരുന്നു നടന്നിരുന്നത്. പലപ്പോഴും ഇത്തരം ഭജനകളിലെ ഗായകര്‍ സാധാരണക്കാരായിരിക്കും. വലിയ സംഗീതജ്ഞരൊന്നുമായിരിക്കില്ല അവര്‍. പാടുന്ന പല പാട്ടുകളും അവര്‍ തന്നെ എഴുതിയവയോ അജ്ഞാത കര്‍തൃകങ്ങളോ ആയിരിക്കും. നാലമ്പലത്തിനു പുറത്തോ ആനക്കൊട്ടിലിലോ ഒക്കെയാവും ഭജന സംഘങ്ങളുടെ സ്ഥാനം. മണ്ഡലം ചിറപ്പിനുള്ള ചിലവുകള്‍ ഏതെങ്കിലും ഭക്തന്റെ വഴിപാടായിരിക്കും. ഭജനയ്ക്ക് മുന്നോടിയായി ഗണപതി ഒരുക്ക് നിര്‍ബന്ധമാണ്. തെക്കന്‍ കേരളത്തില്‍ ഇതിന് പടുക്കവയ്ക്കുക എന്നാണ് പറയാറ്. ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന ഭജന സരസ്വതി, ഗുരു, ശിവന്‍, കൃഷ്ണന്‍, രാമന്‍, ഹനുമാന്‍, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ തുടങ്ങിയ എല്ലാ ഇഷ്ടദേവതകളേയും ദേശദേവതയേയും കുറിച്ച് പാടി മംഗളം ചൊല്ലി അവസാനിപ്പിക്കുന്നതാണ് സാധാരണ ഭജന സമ്പ്രദായം. മണ്ഡല മകരവിളക്കു കാലത്ത് മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന അഖണ്ഡനാമജപം ഏറെ ഭക്തിനിര്‍ഭരമായ ചടങ്ങാണ്. ശബരിമലയ്ക്ക് പോകാന്‍ മുദ്ര ധരിച്ച് വ്രതമെടുത്തവര്‍ കത്തിച്ച് വച്ച നിലവിളക്കിനു ചുറ്റുമോ, ആഴിക്ക് ചുറ്റുമോ ”ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമ:” എന്നുരുവിട്ടുകൊണ്ട് അഹോരാത്രജപയജ്ഞം നടത്തുന്നു. ശേഷമാണ് ഇവര്‍ കെട്ട് നിറച്ച് മല യാത്ര ചെയ്യുന്നത്.

കേരളത്തിലെ ഗൗഢ സാരസ്വത സമൂഹത്തിനിടയില്‍ ശക്തമായ ഒരു ഭജന സംസ്‌ക്കാരം നിലനില്‍ക്കുന്നുണ്ട്. സങ്കീര്‍ത്തന സപ്താഹമെന്ന പേരില്‍ ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ഭജനയില്‍ സമൂഹമൊന്നാകെ ഭാഗഭാക്കാകുന്നു. വിഠ്‌ലയെയും രുക്മായിയേയും (ശ്രീകൃഷ്ണനേയും രുക്മിണിയേയും) പ്രതിഷ്ഠിച്ച് അതിനു ചുറ്റിലുമാണ് ഭജന നടക്കാറ്. പറയ സമുദായത്തില്‍ നിന്നും കേരള സാമൂഹ്യനവോത്ഥാന ചരിത്രത്തിലേക്ക് കടന്നു വന്ന കുമാര ഗുരുദേവനും ധാരാളം കീര്‍ത്തനങ്ങളും ഗീതങ്ങളും രചിച്ച് സമുദായാംഗങ്ങളെ കൊണ്ട് പാടിച്ചിരുന്നു. ശ്രീനാരായണുരുദേവനും ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളും നിരവധി കീര്‍ത്തനങ്ങള്‍ രചിക്കുകയും മധുരമായി പാടുകയും ചെയ്തിരുന്നു. അദ്ദേഹം അഗസ്ത്യന്‍ എന്ന് പേരിട്ട് വിളിച്ചിരുന്ന മൃദംഗവും ഗഞ്ചിറയുമൊക്കെ എപ്പോഴും കൂടെ കരുതുമായിരുന്നു. സര്‍വ്വകലാനിധിയായ സ്വാമികള്‍ മധുരമായി ഭജനകള്‍ ആലപിച്ചിരുന്നതായി ഭക്തര്‍ അനുസ്മരിക്കാറുണ്ട്.
തിരുവനന്തപുരത്ത് അഭേദാനന്ദ സ്വാമികള്‍ ഈശ്വരനാമമാഹാത്മ്യം പ്രഘോഷിച്ചു കൊണ്ട് ആരംഭിച്ച നാമസങ്കീര്‍ത്തനം ഇന്നും ശ്രീപത്മനാഭ ക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ത്ഥക്കുളക്കരയിലുള്ള അഭേദാനന്ദാശ്രമത്തില്‍ അഖണ്ഡമായി നടന്നു കൊണ്ടിരിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ രാമദാസ സ്വാമികള്‍ തുടക്കം കുറിച്ച അഖണ്ഡനാമജപം ഇന്ന് അദ്ദേഹത്തിന്റെ സമാധിക്കു ചുറ്റും ശ്രീരാമ മന്ത്രം ജപിച്ചുകൊണ്ട് അഹോരാത്രം നടക്കുകയാണ്.

ഭജന സംസ്‌കാരത്തിന്റെ ആധുനിക രൂപാന്തരങ്ങള്‍
രാജ്യവ്യാപകമായി ഭജന ഇന്നൊരു ജനപ്രിയ കലാരൂപം കൂടി ആയി മാറിയിരിക്കുന്നു. നവ മാധ്യമങ്ങളുടെ വരവോടെ ഉണ്ടായ വിവരവിനിമയ വിപ്ലവത്തില്‍ ഏത് പ്രതിഭയ്ക്കും മറ്റാരുടേയും സഹായമില്ലാതെ ആസ്വാദകരെ കണ്ടെത്താനും പ്രശസ്തരാകാനും കഴിയും എന്ന നില വന്നിരിക്കുകയാണ്. കോവിഡ് കാലത്തെ ലോക്ഡൗണില്‍ തന്റെ അനുജനോടൊപ്പം ഹാര്‍മോണിയം മീട്ടി ഭജനകള്‍ പാടി രാജ്യാന്തര പ്രശസ്തയായി മാറിയ ബീഹാറിലെ മൈഥിലി ഠാക്കൂര്‍ എന്ന കൊച്ചു പെണ്‍കുട്ടി ബീഹാര്‍ നിയമസഭയിലേയ്ക്ക് അനായാസം വിജയിച്ചു കയറിയത് കേവലം അവള്‍ പാടിയ ഭജന ഗാനങ്ങളുടെ പരിവേഷത്തിലാണ്.
കേരളത്തില്‍ പരമ്പരാഗത ഭജനശൈലിയെ ആധുനീകരിക്കുന്നതില്‍ അമൃതാനന്ദമയീമഠവും അവരുടെ ഭജനശൈലിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയിയെ മാത്രമല്ല ഹൈന്ദവ ദേവീദേവന്മാരെ സ്തുതിച്ചു കൊണ്ടും കാല്‍പ്പനികതയുടെ സ്പര്‍ശമുള്ള നിരവധി ഭക്തിഗാനങ്ങള്‍ ഉണ്ടായി. തബലയും കീബോര്‍ഡും ഹാര്‍മോണിയവും എല്ലാം ചേരുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ പുറത്തിറങ്ങിയ ഭജന ഗാനങ്ങള്‍ മനുഷ്യമനസ്സുകളെ ഭക്തിരസം കൊണ്ട് ആറാടിച്ചു. അവരുടെ ഭജനശൈലിയെ അനുകരിച്ച് നാട്ടില്‍ നിരവധി ഭജന സംഘങ്ങള്‍ ഉടലെടുത്തു. അതുപോലെ സായിബാബയുടെ ഭക്തരും ഭജനശൈലിയെ കൂടുതല്‍ ഹൃദയാവര്‍ജ്ജകമായി അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. ഭജന കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് സായിഭക്തര്‍ നടത്താറുള്ള നഗര സങ്കീര്‍ത്തനം ആബാലവൃദ്ധം ജനങ്ങളെ ലജ്ജയില്ലാതെ ഭഗവല്‍നാമങ്ങള്‍ പരസ്യമായി പാടാന്‍ പ്രാപ്തരാക്കി. മഹാകവി എസ്. രമേശന്‍ നായര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ തൂലികയില്‍ പിറന്ന നിരവധി ഭക്തിഗാനങ്ങള്‍ മലയാള ഭജന സാഹിത്യത്തെ ഏറെ സമ്പന്നമാക്കി. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും അപ്പാടെ കോപ്പിയടിക്കുന്നതില്‍ വിദഗ്ദ്ധരായ ക്രൈസ്തവ പാതിരിമാര്‍ പാശ്ചാത്യ ശൈലിയിലായിരുന്ന അവരുടെ അള്‍ത്താര ഗാനങ്ങളെ വരെ ഹിന്ദു ഭക്തിഗാനത്തിന്റെ രീതിയിലേക്കു മാറ്റിത്തുടങ്ങി. മതവിപണനത്തിന്റെ ഒരു തന്ത്രമെന്ന നിലയിലാണെങ്കില്‍ പോലും കര്‍ണ്ണാടക സംഗീത രീതിയിലുള്ള ക്രൈസ്തവ ഗാനങ്ങള്‍ ചമയ്ക്കുവാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഒരു കണക്കിന് ഹൈന്ദവ ഭജന സംസ്‌കാരത്തിന്റെ ജനപ്രിയതയാണ് ഇത് കാണിക്കുന്നത്.
ഈ അടുത്ത കാലത്ത് പ്രശസ്തരായ നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങള്‍ ഭക്തിയും കലയും സാങ്കേതികവിദ്യയും പ്രചാരണ തന്ത്രങ്ങളും ഒരുപോലെ പ്രയോഗിച്ച് ഒരു ഭജന തരംഗം തന്നെ മലയാളികളുടെ ഇടയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭജനയുടെ ലാളിത്യം പടുകൂറ്റന്‍ രംഗവേദിക്കും എല്‍ ഇഡി വാളിനും പ്രകാശ വിന്യാസത്തിനുമൊക്കെ വഴിമാറിയെങ്കിലും സിന്തറ്റിക് ലഹരിക്കൊപ്പം ചുവടുവച്ച് റാപ്പ് പാടി കുഴഞ്ഞു നിന്ന യൗവനത്തെ ഒരു പരിധി വരെ ഭജന കീര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ നന്ദഗോവിന്ദത്തിന്റെ ഭജനകള്‍ക്കായി. ഇതില്‍ അസഹിഷ്ണുത പൂണ്ടു നിന്ന കേരളക്കരയിലെ ഒരു വിഭാഗം മതേതര പുരോഗമന നാട്യക്കാര്‍ നന്ദഗോവിന്ദം പ്രച്ഛന്ന സംഘികളാണെന്നു പ്രചരിപ്പിച്ചു കൊണ്ടിരുന്നു.

എന്നാല്‍ പെട്ടെന്നാണ് ഇക്കൂട്ടര്‍ നന്ദഗോവിന്ദത്തിന്റെ രക്ഷാകര്‍ത്താക്കളായി രംഗത്തുവന്നത്. അത് കോട്ടയത്ത് നന്ദഗോവിന്ദം ഭജന കലാകാരന്മാരുടെ ജന്മനാട്ടില്‍ ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് നടത്തിയ ഭജന പരിപാടിക്കിടെ ഒരു ക്രൈസ്തവ ഗാനം പാടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയപ്പോഴാണ്. ധാരാളം ക്രൈസ്തവ ശ്രോതാക്കളും സുഹൃത്തുക്കളും സദസ്സിലുണ്ടായിരുന്നതുകൊണ്ടും അമ്പല കമ്മറ്റിയും പള്ളിക്കമ്മറ്റിയും ഒക്കെ വലിയ സൗഹാര്‍ദ്ദത്തില്‍ കഴിയുന്നതു കൊണ്ടുമൊക്കെയാണ് പാടിയതെങ്കിലും ക്ഷേത്ര ചൈതന്യത്തിനും ഭജന സംസ്‌കാരത്തിനുമൊക്കെ ഹാനിയുണ്ടാക്കുന്നതായിപ്പോയി ആ നടപടിയെന്ന് വിമര്‍ശനമുണ്ടായി. വിഷുവിന് ഉണ്ണിക്കണ്ണന്‍ കുഴിമന്തി കണി കാണുന്ന ചിത്രം കേരളത്തില്‍ മുഴുവന്‍ പ്രചരിപ്പിച്ചത് അറിയാത്ത മതേതരക്കാര്‍ മുഴുവന്‍ എന്തായാലും നന്ദഗോവിന്ദത്തിന്റെ സംരക്ഷകരായി വരുന്ന രസകരമായ കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ആധുനിക കേരള രാഷ്ട്രീയ നിലപാടുകളില്‍ വരെ ഭജന സ്വാധീനം കടന്നു വരുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ മര്യാദാ സീമക്കു പുറത്ത് ഒരു ക്രൈസ്തവ ഭക്തിഗാനം പാടിയാല്‍ ഒലിച്ചുപോകുന്നതല്ല ഹിന്ദുവിന്റെ വിശ്വാസങ്ങള്‍. കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠത്തിലും ശ്രീരാമകൃഷ്ണ മഠങ്ങളിലുമൊക്കെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂടൊരുക്കുകയും കേക്ക് മുറിക്കുകയുമൊക്കെ ചെയ്യാറുള്ള കാര്യം പ്രബുദ്ധ മലയാളികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സെമിറ്റിക്ക് എബ്രഹാമിക് മതങ്ങളുടെ സഹവാസം കൊണ്ട് സോഷ്യല്‍ മീഡിയ ഹിന്ദുക്കളും ഇക്കാലത്ത് ഒരു സെമിറ്റിക്ക് ഹിന്ദുവായി മാറിത്തുടങ്ങിയിരിക്കുന്നു. നിരന്തരം നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ പ്രതിഷേധവും ആക്രാമികഭാവവും മനസ്സിലാകുമെങ്കിലും നാം സനാതനധര്‍മ്മത്തിലെ ഋഷിപരമ്പരയില്‍ നിന്നും ഉരുവം കൊണ്ട ദര്‍ശനങ്ങളെ പിന്‍തുടരുന്നവരാണെന്ന് മറക്കാന്‍ പാടില്ല.

താന്ത്രിക വിധാനത്തില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്ന ഒരു ക്ഷേത്രത്തിന്റെ മര്യാദാ സീമക്കുള്ളില്‍ ഇതര ദേവതാ സ്തുതികള്‍ പാടുന്നത് ചൈതന്യ ലോപമുണ്ടാക്കുമെന്നാണ് ആചാര്യ മതം. അതുകൊണ്ടാണ് ഉത്സവങ്ങള്‍ക്ക് ക്ഷേത്ര കലകള്‍ മതിലിനുള്ളിലും മറ്റ് കലാപരിപാടികള്‍ മതിലിനു പുറത്തും നടത്തുന്നത്. ഒരു ഭജന പരിപാടി ഇത്രയേെറ ചര്‍ച്ചയും കോളിളക്കവും ഉണ്ടാക്കുന്നതു തന്നെ മാറിയ പരിതഃസ്ഥിതിയുടെ സൂചനയാണ്. ഭാരതത്തിന്റെ ഭജനസംസ്‌കാരം ഗൃഹാന്തരീക്ഷത്തിലേക്കും കടന്നു വരുമ്പോഴെ സാമാജിക പരിവര്‍ത്തനം പൂര്‍ണ്ണമാകൂ. ഭാരതത്തിലും കേരളത്തിലും നടക്കുന്ന ദേശീയോന്മുഖവും സംസ്‌കാരോന്മുഖവുമായ വലിയ പരിവര്‍ത്തനങ്ങളുടെ ചെറിയ അനുരണനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഭജനയ്ക്കും ഭജന സംഘങ്ങള്‍ക്കും ലഭിക്കുന്ന വലിയ സ്വീകാര്യത.






















